രചന – നെച്ചു നസ്രിൻ
അവൾ പവനെ ദേഷ്യത്തിൽ നോക്കി. അവന്റെ കൂടെയുള്ളവന്മാരെല്ലാം രേഷ്മയെ പരിഹാസത്തോടെ നോക്കി പൊട്ടിച്ചിരിച്ചു. പവൻ അവൾക്ക് മുൻപിൽ മുട്ട് കുത്തിയിരുന്നു . അവളുടെ മുടിക്കുത്തിൽ പിടിച്ച് മുഖമുയർത്തി. രേഷ്മക്ക് തലയിൽ നിന്നെന്തോ പറിഞ്ഞു പോകുന്ന പോലെ തോന്നി. ചുടു കണ്ണീർ അവളുടെ കവിളിലൂടെ ഒഴുകി.
“അയ്യോ നീ കരയുവാണോ ?.മോശം മോശം ഇത്ര പെട്ടെന്ന് നീ തോൽവി സമ്മതിച്ചാൽ എങ്ങനെ ശെരിയാകും !. നീ എന്നെ എതിർത്താലല്ലേ എനിക്ക് നിന്നെ നോവിക്കാനൊരു ഹരം തോന്നൂ. ദേ ഇവന്മാരൊക്കെ കാത്തിരുന്നത് ഈ ഒരു നിമിഷത്തിന് വേണ്ടിയാണ് . ഞാൻ ഇത്രയും ദിവസം ഒതുങ്ങി നടന്നപ്പോൾ നീ എന്താ ഓർത്തത് ഞാൻ നന്നായെന്നോ അതോ നിന്നെ പേടിയായിട്ടെന്നോ “?.
“എങ്കിൽ നിനക്ക് തെറ്റി. പറ്റിയൊരു അവസരം കാത്തു ഞാൻ നിൽക്കുകയായിരുന്നു. അത് കൊണ്ടല്ലേ നിന്നെ എനിക്കെന്റെ കണ്മുന്നിൽ ഇത് പോലെ കിട്ടിയത്”.
അവൻ ആർത്തട്ടഹസിച്ചു.
“പിന്നെ ഞാൻ ഒറ്റക്ക് വിചാരിച്ചത് കൊണ്ടല്ല ഇങ്ങനൊക്കെ നടന്നത്. എനിക്കൊരു സഹായിയെ കൂടി കിട്ടിയിരുന്നു. അപ്പോൾ കാര്യങ്ങളൊക്കെ എളുപ്പമായി കിട്ടി. പറഞ്ഞാൽ നീയറിയും. “സാധിക”. അവൾക്കും നിന്നെ കൊന്ന് കാണണം. ഇങ്ങോട്ട് വന്ന് സഹായം ചോദിച്ചാൽ പറ്റില്ലെന്ന് പറയാൻ ഒക്കില്ലല്ലോ”.
“സാധികയ്ക്ക് തന്നോട് ഇത്ര പകയോ. താൻ ഇഷ്ടപെട്ട പുരുഷനെ പോലും ഞാൻ വിട്ട് കൊടുത്തില്ലേ അവൾക്ക് , എന്നിട്ടും എന്തിനാണ് ഇങ്ങനൊരു ദ്രോഹമവൾ ചെയ്തത്. ശെരിയാണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ശത്രു പെണ്ണ് തന്നെയാണ് “. രേഷ്മ മുഖമുയർത്തി പവനെ നോക്കി. അവന്റെ കൂട്ടാളികളിൽ ഒരുവൻ ഒരു ബിയർ കുപ്പി വായിലേക്ക് കമഴ്ത്തി രേഷ്മയെ നോക്കി. അവൾ അറപ്പോടെ മുഖം തിരിച്ചു.
“ഇവന്മാരൊക്കെ കുടിച്ചിട്ട് നിക്കുവാന്ന് കരുതി നീ പേടിക്കണ്ട കേട്ടോ. ഇവനൊന്നും നിന്നെ തൊടില്ല. ഞാൻ എച്ചിലാക്കിയതിനു ശേഷം മാത്രമേ അവനൊക്കെ നിന്നെ ഞാൻ കൊടുക്കൂ. പിന്നെ ഞാൻ കുടിച്ചിട്ടില്ല. അതെന്താണെന്നോ നീ എന്ന ലഹരിയാണ് എനിക്ക് ആസ്വദിക്കേണ്ടത്”.
പവൻ രേഷ്മയെ തോളിൽ പിടിച്ച് വലിച്ചെണീപ്പിച്ചു. അവളുടെ പിൻകഴുത്തിൽ പിടിച്ച് അവന്റെ മുഖത്തിന് അരുകിലേക്ക് മുഖം അടുപ്പിച്ചു. രേഷ്മ കാറി അവന്റെ മുഖത്തേക്ക് തുപ്പി. അവളോടിയതും അവൻ ദേഷ്യത്തിൽ അവളുടെ കയ്യിൽ പിടിച്ചു. പിടുത്തതിന്റെ ശക്തിയിൽ സാരിയുടെ ബ്ലൗസിന്റെ കൈ ഭാഗം കീറി വന്നു. രേഷ്മയുടെ പ്രവർത്തിയിൽ ക്ഷുപിതനായ പവൻ അവളുടെ മുഖമടച്ചൊരു അടി കൊടുത്തു. വായിൽ രക്ത ചുവ അവളറിഞ്ഞു.
അവളുടെ മുടി ഒന്നാകെ അഴിഞ്ഞുലഞ്ഞു. കൈ കെട്ടിയിട്ടിരിക്കുന്നതിനാൽ അവൾക്കവനെ എതിർക്കാൻ കഴിഞ്ഞില്ല. എല്ലാം നഷ്ടപ്പെട്ടവളെ പോലെ അവൾ വെറും നിലത്ത് കിടന്നു.
“നിനക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ കയ്യിലെ കെട്ടഴിച്ചു വിടെടാ”.
“ഹോ ഞാൻ അങ്ങനെ ധീരത കാണിച്ച് നിന്നെ രക്ഷപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. നീ ഇനി എന്ത് പറഞ്ഞാലും നിനക്കിവിടുന്ന് രക്ഷപെടാമെന്ന് കരുതണ്ട”.
രേഷ്മയെ അവൻ മുടിക്ക് പിടിച്ച് വലിച്ചിഴച്ചു. അവൻ കസേരയിലേക്കിരുന്ന് കാലിന്മേൽ കാൽ കയറ്റി വെച്ചു . വിജയീ ഭാവത്തിലുള്ള അവന്റെ നോട്ടം രേഷ്മയെ ഒന്നാകെ തകർത്തു. അവൻ ആഘോഷിക്കുകയാണ്. അവന്റെ കാൽ കീഴിലേക്കാണ് രേഷ്മയെ പിടിച്ചിട്ടത്. അവളുടെ കാലിൽ ഷൂസ് ഇട്ട കാലു കൊണ്ട് ചവിട്ടി. അവളുടെ മൃദുലമായ വിരലുകൾ അവന്റെ ചവിട്ടിൽ ഞെരിഞ്ഞമർന്നു. രേഷ്മ പൊട്ടി കരഞ്ഞു പോയി.അവൻ പോക്കറ്റിൽ നിന്നെന്തോ ഒന്ന് പുറത്തേക്കെടുത്തു. മൂർച്ചയേറിയ ഒരു കത്തിയായിരുന്നു അത്. രേഷ്മയുടെ തൊണ്ടയിൽ നിന്നൊരു ഗദ് ഗദം പുറത്തേക്ക് വന്നു. അവൻ അവളുടെ കഴുത്തിലേക്ക് ആ കത്തി വെച്ചു. അത് കഴുത്തിലേക്ക് കുത്തി ഇറക്കിയെങ്കിൽ എന്ന് രേഷ്മ ആഗ്രഹിച്ചു പോയി. അവൻ പയ്യെ ആ കത്തി താഴേക്ക് താഴേക്ക് കൊണ്ട് വന്ന് അവളുടെ തോളിൽ ചെറുതായൊന്നു അമർത്തി. രേഷ്മയുടെ നെഞ്ചിടിപ്പ് അവന് കേൾക്കാൻ സാധിക്കും വിധം ഉറക്കെയായിരുന്നു. അവനിൽ വല്ലാത്തൊരു ആനന്ദം നിറഞ്ഞു. ഒരൊറ്റ വലിയായിരുന്നു ആ കത്തി. തോൾ മുറിഞ്ഞു രക്തം അവളുടെ സാരിയിലേക്ക് ഒഴുകി.
രേഷ്മ വേദന കൊണ്ട് പുളഞ്ഞു പോയി. എത്ര പിടിച്ച് വെച്ചിട്ടും കരച്ചിലിന്റെ ചീളുകൾ അവളിൽ നിന്നുയർന്നു കേട്ടു. എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത വിധം അവൾ തളർന്നു പോയി. മരവിച്ച മനസുമായി ചോരയൊലിച്ചു രേഷ്മ പിടഞ്ഞു കിടന്നു. എന്നിട്ടും മതിയാകാതെ പവൻ അവന്റെ പകയുടെ മുഴുവൻ രൗദ്ര ഭാവങ്ങളും പുറത്തേക്കെടുത്തു. അവളെ മുറിവ് പറ്റിയ കയ്യിൽ പിടിച്ചെണീപ്പിച്ചു. അവൾ പല തവണ വീഴാനാഞ്ഞു. അവൻ അവളുടെ മുഖത്തിന് നേരെ തന്റെ മുഖം അടുപ്പിച്ചു.
“നിനക്ക് കാണണ്ടേ ഇതിലും കൂടുതൽ എനിക്ക് എന്ത് ചെയ്യാനാകുമെന്ന്”?.
അവന്റെ പല്ല് ഞെരിയുന്ന ശബ്ദം രേഷ്മ വ്യക്തമായി കേട്ടു.അവന്റെ ഒറ്റ പിടുത്തതിൽ സാരിയുടെ മുൻവശം മുഴുവൻ അഴിഞ്ഞു താഴേക്ക് വീണു. രേഷ്മ പിടഞ്ഞു പോയി. എല്ലാവരുടെയും മുന്നിൽ നഗ്നയായി നിൽക്കേണ്ടി വന്ന സ്വന്തം അവസ്ഥയോർത്ത് അവൾക്കത്യധികം വേദന തോന്നി. പവന്റെ കണ്ണുകൾ രേഷ്മയുടെ മാറിടത്തിലും വയറിലും അലഞ്ഞു നടന്നു. അവൻ കീഴ്ച്ചുണ്ട് കടിച് കൊണ്ട് രേഷ്മക്കരികിലേക്ക് വന്നു . അവൻ വരുന്നതനുസരിച് രേഷ്മ വേച്ചു വേച്ചു പിന്നിലേക്ക് നടന്നു. ചുവരിൽ തട്ടി നിന്ന അവളെ അവൻ താഴേക്ക് പിടിച്ചിട്ടു. അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്നവൾ ഊഹിച്ചു. എല്ലാം അവസാനിച്ചു. രേഷ്മ എന്ന അദ്ധ്യായം ഇവിടെ കഴിയുകയാണെന്ന് അവൾ മനസാൽ ഉറപ്പിച്ചു. കണ്ണുകൾ ഇറുക്കെ പൂട്ടി അവൾ കിടന്നു.
പെട്ടെന്നാണ് മുറിയുടെ വാതിലിൽ ശക്തമായ എന്തോ ഒന്ന് വന്നിടിച്ചത്. പവൻ ഞെട്ടി മുഖമുയർത്തി നോക്കി. ഒന്ന് രണ്ട് തവണ ഇടിച്ചതും ആ വാതിൽ പൊളിഞ്ഞു കഷ്ണങ്ങളായി താഴെ വീണു. പവന്റെ കണ്ണുകൾ കൂർത്തു. രൗദ്ര ഭാവത്തിൽ മുറിയിലേക്ക് വന്നവനെ പവൻ പരിഹാസത്തിൽ നോക്കി. പാതിയടഞ്ഞ പ്രതീക്ഷ നഷ്ടമായ കണ്ണുകൾ തുറന്നവൾ നോക്കിയത് അവന്റെ കണ്ണുകളിലേക്കാണ്. “ആനന്ദ് “. ആ വേദനയിലും അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി.
“ആഹാ നീ വന്നോ. ഇതൊക്കെ നേരിട്ട് കാണാൻ വന്നതാണോ. എങ്കിൽ കണ്ടിട്ട് പൊക്കോണം. നിനക്കിവളോട് ഇപ്പോ ഒന്നുമില്ലല്ലോ. നീ ഇപ്പോ പോകാൻ നോക്ക്”.
“ഈ ആനന്ദിന്റെ കൊക്കിനു ജീവനുണ്ടേ നീയൊന്നും ജീവനോടെ ഈ മുറിവിട്ട് പുറത്ത് പോകില്ല. ആനന്ദിന്റെ പെണ്ണിനെയാണെടാ നീയൊക്കെ തൊട്ടത്”.
ആനന്ദിന്റെ കണ്ണിൽ തീ പാറി. അവൻ പവനെ പകയോടെ നോക്കി. അവന്റെ ഷർട്ടിന്റെ കുടുക്കുകൾ പകുതിയും തുറന്ന് കിടന്നിരുന്നു. അവന്റെ നോട്ടം രേഷ്മയിലെത്തിയതും അവന്റെ കണ്ണിൽ വേദനയും കോപവും ഇരച്ചു കയറി. ചോരയിൽ കുളിച്ച് ശരീരമാകെ മുറിവുകളുമായി വസ്ത്രം പോലും നഷ്ടമായി കിടക്കുന്ന അവളെ ഒന്നേ നോക്കിയുള്ളൂ . അവൻ കുതിച്ചു പവന്റെ നെഞ്ചിനിട്ടൊരു ചവിട്ട് കൊടുത്തു. അപ്രതീക്ഷിതമായതിനാൽ പവൻ പിറകിലേക്ക് മറിഞ്ഞു വീണു. ഒന്ന് ചുമച്ചു അവൻ വീണ്ടും എണീറ്റു. വലം കൈ വീശി ആനന്ദിന്റെ മുഖത്തിനിട്ട് ഇടിക്കാൻ വന്നെങ്കിലും അവൻ അത് രണ്ട് കൈ കൊണ്ടും തടഞ്ഞു പവന്റെ കൈ പിടിച്ചു തിരിച്ചു.
നട്ടെല്ലിൽ മുട്ടുകാൽ മടക്കി ഒരു ചവിട്ട് കൊടുത്തു. പവൻ ഉറക്കെ വാ വെച്ചു പോയി. എന്നിട്ടും കലി തീരാതെ പവനെ കമഴ്ത്തിയിട്ട് അവന്റെ കാൽ പിറകിലേക്ക് പിടിച്ചു തിരിച്ചു. അവന്റെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു , പല തവണ. പവന്റെ വായിൽ നിന്ന് രക്തം വന്നു . എണീറ്റു നിൽക്കാൻ പോലും പറ്റാതെ പവൻ പിടഞ്ഞു. അപ്പോളും അവന്റെ കണ്ണുകളിൽ പകയായിരുന്നു.
ആനന്തിനു രേഷ്മയെ കാണുന്തോറും പവനോടുള്ള രോക്ഷം വർധിച്ചു കൊണ്ടിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും പവന് വീണ്ടും വീണ്ടും പ്രഹരം ഏറ്റു കൊണ്ടേ ഇരുന്നു. അപ്പോളാണ് പീലിയും ജീവനും സൂരജും അവിടേക്ക് ഓടി വന്നത്. പീലി മുറിയിലാകെ രേഷ്മയെ തിരഞ്ഞപ്പോളാണ് ഒരു മൂലയിൽ ജീവനുണ്ടോ എന്ന് പോലും മനസിലാകാത്ത വിധം കിടന്നവളെ കണ്ടത്. അവൾക്കവളുടെ ദേഹം തളരുന്നത് പോലെ തോന്നി. പീലി വിറയ്ക്കുന്ന കാലടികളോടെ അവൾക്കരികിലേക്ക് ചെന്നു. ജീവനും സൂരജും ആനന്ദിനെ ഒരുവിധം പിടിച്ച് മാറ്റി.
അപ്പോളാണ് ആനന്ദ് രേഷ്മയെ കുറിച്ചോർത്തത്. അവനോടി അവൾക്കരികിൽ ചെന്നു. അവളെ എടുത്ത് മടിയിലേക്ക് കിടത്തി. വേഗം തന്നെ ഇട്ടിരുന്ന ഷർട്ട് ഊരി അവളെ പുതപ്പിച്ചു. മുഖത്ത് തട്ടി പലതവണ അവനവളെ വിളിച്ചു. ഒന്ന് കണ്ണ് തുറന്നവനെ നോക്കിയതല്ലാതെ മറ്റൊരു പ്രതികരണവുമില്ലായിരുന്നു.അവനവളെ മാറോടണക്കി പൊട്ടിക്കരഞ്ഞു. പീലി കരഞ്ഞു കൊണ്ട് ആനന്തിന്റ തോളിലേക്ക് ചാഞ്ഞു. സൂരജ് ഓടി വന്നു.
“ആനന്ദ് ഷീ ഈസ് ബ്ലീഡിങ് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം. ഞാൻ കാർ എടുക്കാം. വെച്ചോണ്ടിരിക്കാൻ ടൈം ഇല്ല വേഗം”.
അവൻ കാറിനടുത്തേക്ക് പാഞ്ഞു. ആനന്ദ് രേഷ്മയെ കയ്യിൽ കോരിയെടുത്തു. വാടിയ താമരത്തണ്ട് പോലെയവൾ വീണിരുന്നു. പീലിയും അവർക്കൊപ്പം ഓടി. പിൻസീറ്റിൽ അവളെ ആനന്ദ് മടിയിലേക്ക് കിടത്തി. പീലി സൂരജിനൊപ്പം മുന്നിൽ കയറി. സൂരജ് കാർ ശരവേഗത്തിൽ കുതിപ്പിച്ചു. ജീവൻ തൊട്ട് മുന്നിൽ തന്നെ ബൈക്കിൽ പോയി. ആനന്ദ് ഒരു ഭ്രാന്തനെ പോലെ അവളെ തട്ടി വിളിച്ചു കൊണ്ടിരുന്നു.
ഓഡിറ്റോറിയത്തിൽ പ്രോഗ്രാമിനിടയിൽ പെട്ടെന്ന് രേഷ്മയെയും പീലിയെയും കാണാതായതിനെ തുടർന്നാണ് അവനവരെ തിരക്കി ഇറങ്ങിയത്. ക്യാന്റീനിൽ ചെന്നപ്പോ കുറച്ച് മുന്നെ വന്നിട്ട് പോയെന്ന് പറഞ്ഞു. അവൻ ക്ലാസ്സിൽ ചെന്ന് നോക്കിയതും അവരുടെ ബാഗ് മാത്രമേ കണ്ടുള്ളൂ . അവൻ ദൃതിയിൽ എല്ലായിടത്തും പരതി നടന്നു. എന്തിനെന്നറിയാതൊരു ഭയം അവന്റെ മനസിലേക്ക് ഓടി വന്നു .
പലരോടും അവരെ കുറിച്ച് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവന് എന്ത് ചെയ്യണമെന്നറിയാതെ തിരികെ ഓഡിറ്റോറിയത്തിൽ തന്നെ ചെന്നു. അവരവിടെയും എത്തിയില്ലെന്നറിഞ്ഞതും അവൻ ഓടി പാഞ്ഞു പല ക്ലാസ്സ് മുറികളിലും കയറി ഇറങ്ങി. രേഷ്മ ഉണ്ടായിരുന്ന ക്ലാസ്സിന്റെ മുന്നിൽ കൂടി അവൻ ഒന്ന് രണ്ട് തവണ പോയെങ്കിലും സംശയമൊന്നും തോന്നിയില്ല. ഇടക്കവൻ വീണ്ടും അതിന് മുന്നിലെത്തിയപ്പോളാണ് ഒരു പെണ്ണിന്റെ കരച്ചിലും ഞെരങ്ങലും അവന്റെ കാതിൽ പതിഞ്ഞത്. പിന്നീട് നടന്നതൊക്കെ അവന്റെ കണ്മുന്നിൽ മിന്നി.
“രേഷു ഒന്ന് നോക്കെടി. എല്ലാമെന്റെ തെറ്റാ. ഞാൻ കൂടെ ഉണ്ടായിരുന്നേൽ ഇങ്ങനൊന്നും നിനക്ക് വരില്ലായിരുന്നു. മോളെ എന്നെ ഒന്ന് കണ്ണ് തുറന്ന് നോക്കെടി എന്നെ രണ്ട് ചീത്ത എങ്കിലും പറയെടി”.
പീലി ചങ്കു പൊട്ടി കരഞ്ഞു. സൂരജിന് അവളെ ഒന്ന് ആശ്വസിപ്പിക്കാൻ തോന്നി. അവളുടെ ആത്മ മിത്രമാണ് രേഷ്മ. അമ്മയോട് രേഷ്മയെ കുറിച്ച് നൂറു തവണ പറയുന്നത് കേൾക്കാറുണ്ട്. രേഷ്മക്കെന്തെങ്കിലും പറ്റിയാൽ പീലിക്കത് താങ്ങാൻ ആകില്ല. ആ ഓർമയിൽ അവന്റെ കാൽ ആക്സിലേറ്ററിൽ അമർന്നു. സ്‌ട്രെച്ചർ കൊണ്ട് വരാൻ കാത്തു നിൽക്കാതെ ആനന്ദ് രേഷ്മയെ വാരിയെടുത്തു കാശ്വാലിറ്റിയിലേക്ക് പോയി.
രേഷ്മയുടെ അവസ്ഥ വളരെ മോശമായിരുന്നു. ഒരുപാട് ബ്ലഡ് ലോസ് ആയതിനാൽ അവളെ ഉടനെ തന്നെ ഐ സി യു വിലേക്കു മാറ്റി. ആനന്ദ് ഒരു കസേരയിലേക്ക് എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഇരുന്നു . കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു.അവളുടെ ചിരിക്കുന്ന , തന്നെ കളിയാക്കുന്ന , ദേഷ്യം പിടിപ്പിക്കുന്ന, ആ കുസൃതിക്കാരി രേഷ്മയിലേക്ക് അവന്റെ ഓർമ എത്തി നിന്നു. തന്റെ മടിയിൽ തളർന്നു കിടന്ന രേഷ്മ അതിൽ നിന്നൊക്കെ ഒരുപാട് ദൂരെയാണ് എന്നവൻ വേദനയോടെ തിരിച്ചറിഞ്ഞു. പീലി അവനരികിലേക്ക് വന്നു .
“ഞാൻ കാരണമല്ലേ പീലി എന്റെ രേഷു ഈ അവസ്ഥയിലായത്. അവളെന്നെ സ്നേഹിച്ചപ്പോളൊക്കെ ഞാൻ മനസിലാക്കാതെ ക്രൂരമായി പെരുമാറി. അവൾക്കെപ്പോളും ഞാൻ വേദന മാത്രമല്ലെ കൊടുത്തിട്ടുള്ളൂ. അവൾക്കെന്തെങ്കിലും പറ്റിയാൽ ഞാൻ എങ്ങനാ പീലി പിന്നെ ജീവിച്ചിരിക്കുന്നെ. എനിക്കവളില്ലാതെ പറ്റില്ല പീലി”.
ഒരു കൊച്ചു കുഞ്ഞിനെ പോലെ അവളെ കെട്ടിപിടിച്ചാണ് ആനന്ദ് ആർത്തു കരഞ്ഞത് . പീലിക്കെങ്ങനെ അവനെ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു.
” അവൾക്കൊന്നും വരില്ല ആനന്ദേ. അവന്റെ ക്രൂരതകൾ അത്രയും, അവൾ സഹിച് പിടിച്ച് നിന്നില്ലേ ഇനിയും ഒന്നും സംഭവിക്കില്ല. നമ്മുടെ കൂടെയവൾ ഉണ്ടാകും. നിന്റെ സ്നേഹം അനുഭവിക്കാതെ അവൾക്കെങ്ങും പോകാൻ ആകില്ല”.
സൂരജ് അവരെ നോക്കി നിന്നു. ജീവൻ തൊട്ടരികിൽ അവനൊപ്പം വന്നു നിന്നു . ജീവനും സൂരജും പീലിയെ അടച്ചിട്ടിരുന്ന ക്ലാസ്സ് മുറിയുടെ മുന്നിലൂടെ നടന്ന് വന്നപ്പോളാണ് അകത്തു നിന്നും കതകിൽ മുട്ടുന്ന ശബ്ദം കേട്ടത്. തുറന്നതും തളർന്നു വീഴാനാഞ്ഞ പീലിയെ ജീവൻ ചേർത്തു പിടിച്ചു. അപ്പോളാണ് ഇത്രയും നേരം പീലിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്ന കാര്യം അവരറിയുന്നത്. ഉടൻ തന്നെ രേഷ്മയെ തിരക്കി അവർ നടന്നിരുന്നു. എന്നാൽ അവളുടെ അടുത്തെത്തിയപ്പോളേക്കും ഒരുപാട് വൈകിയിരുന്നു.എത്ര സന്തോഷത്തോടെയായിരുന്നു അവർ രണ്ടാളും. എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് അവസാനിച്ചത് പോലെ.
ജീവൻ വിളിച്ചു പറഞ്ഞതനുസരിച് രേഷ്മയുടെ അച്ഛനും അമ്മയും രാഹുലും അവിടെ എത്തിയിരുന്നു. രാഹുൽ വന്നയുടൻ നോക്കിയത് ആനന്ദിനെയും പീലിയെയുമാണ്. ദേഹത്തു പലയിടത്തും പരിക്കുകളോടെ എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഇരിക്കുകയായിരുന്നു ആനന്ദ്. ജീവനിൽ നിന്നുമറിഞ്ഞ വിവരങ്ങൾ രാഹുലിന്റെ ചോര തിളപ്പിച്ചു. എന്നാൽ എണീറ്റു നിൽക്കാൻ കഴിയാത്ത വണ്ണം പവൻ ശക്തിഹീനനായ കാര്യം ജീവൻ അവനെ അറിയിച്ചു.
സാധിക അവളുടെ മുറിയിലെ സാധനങ്ങളെല്ലാം വലിച്ചു താഴെയിട്ടു. അവൾക്കവളുടെ ദേഷ്യം നിയന്ത്രിക്കാനായില്ല. ആനന്താണ് രേഷ്മയെ പവന്റെ കയ്യിൽ നിന്നും രക്ഷിച്ചത് എന്ന് കൂടിയറിഞ്ഞതും അവൾക്ക് സർവ്വം തച്ചുടയ്ക്കാനാണ് തോന്നിയത്. ഒരു പിഴവും കൂടാതെ എല്ലാം ഒരുക്കിയിട്ടും അവൾ വീണ്ടും രക്ഷപെട്ടിരിക്കുന്നു. അവൾ ഭ്രാന്തിയെ പോലെ അലറി വിളിച്ചു. പവൻ ഇനി തന്റെ പേര് അവരോട് പറഞ്ഞു കാണുമോ എന്നുമവൾ ഭയപ്പെട്ടു.
രേഷ്മയ്ക്ക് ബ്ലഡ് ആവശ്യമുണ്ടെന്ന് സിസ്റ്റർ വന്ന് അറിയിച്ച പ്രകാരം ജീവനാണ് ബ്ലഡ് കൊടുത്തത്. അവരുടെ രണ്ട് പേരുടെയും ഗ്രൂപ്പ് സെയിം ആയിരുന്നു. രാത്രി ആയിട്ടും ആശ്വാസമേകുന്ന വിവരമൊന്നും തന്നെ ലഭിച്ചിരുന്നില്ല. തന്റെ കുഞ്ഞി പെങ്ങളുടെ അവസ്ഥയിൽ രാഹുലിന്റെ കണ്ണുകൾ നീറിപുകഞ്ഞു കൊണ്ടിരുന്നു. പകയും പ്രതികാരവും ആ കണ്ണുകളിൽ അലയടിച്ചു. പീലിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. തുള്ളി വെള്ളം പോലും കുടിക്കാൻ പീലിയോ ആനന്ദോ കൂട്ടാക്കിയില്ല.
സൂരജ് വീട്ടിൽ വിളിച്ചു വിവരം പറഞ്ഞിരുന്നു. രാത്രി ആയിട്ടും രേഷ്മക്ക് ബോധം വന്നിട്ടില്ല. എല്ലാവരിലും ആശങ്ക നിറഞ്ഞു നിന്നിരുന്നു. എല്ലാവരും കൂടി ഹോസ്പിറ്റലിൽ നിക്കണ്ടെന്ന് പറഞ്ഞത് രാഹുലാണ്.അവനവിടെ നിന്നോളാമെന്ന് പറഞ്ഞു. പീലിക്ക് ഹോസ്പിറ്റലിൽ നിൽക്കണമെന്ന് നിർബന്ധം പിടിച്ചെങ്കിലും അതിന് ആരും സമ്മതിച്ചില്ല. ആനന്ദിനോട് വീട്ടിൽ പോകാൻ പറയാൻ പോലും ആർക്കും കഴിഞ്ഞില്ല. അവൻ മറ്റൊരു ലോകത്തായിരുന്നു. പീലിയെ ജീവൻ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞതും പീലിയും സൂരജും പരസ്പരം നോക്കി. സൂരജിന് മറുത്തൊന്നും പറയാൻ കഴിയാതെയായി.സൂരജിന്റെ മുഖത്തെ പിരിമുറുക്കം രാഹുലിന് മനസിലായി കഴിഞ്ഞിരുന്നു. കോളേജിൽ ആർക്കും പീലിയുടെയും സൂരജിന്റെയും കല്യാണം കഴിഞ്ഞ വിവരം അറിയില്ലെന്ന് രേഷ്മ പറഞ്ഞിട്ടുള്ളത് അവനപ്പോളാണ് ഓർമ വന്നത്.
“ജീവൻ , തനിക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ അച്ഛനെയും അമ്മയെയും ഒന്ന് വീട്ടിലോട്ട് ആക്കാമോ. എനിക്കിവിടുന്ന് മാറി നിൽക്കാൻ ആകില്ല”.
“അല്ല അപ്പൊ പീലിയെ വീട്ടിൽ ആര് കൊണ്ടാകും”?.
“പീലിയെ ഞാൻ ഡ്രോപ്പ് ചെയ്യാം രാഹുൽ. കുഴപ്പില്ല താൻ പോയിട്ടു വരൂ”.
” ഓക്കേ”.
താല്പര്യമില്ലാതെ പീലിക്കരികിൽ ചെന്ന് അവളുടെ കവിളിലൊന്നു തലോടി ജീവൻ പോയി. സൂരജും രാഹുലും അവന്റെ പ്രവർത്തിയിൽ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു. രാഹുൽ ആനന്ദിനെ അലിവോടെ നോക്കി. അവന്റെ കവിളിലും ദേഹത്തും ചോര പറ്റിപ്പിടിച്ചിരിക്കുന്നു. കണ്ണ് തുറന്നിരിക്കുന്നുണ്ടെങ്കിലും അവൻ ഇവിടെയൊന്നുമല്ല. ചുറ്റും നടക്കുന്നതൊന്നും അവനറിയുന്നേയില്ല. രാഹുൽ ആനന്ദിന്റെ തോളിൽ കൈ ചേർത്തു. അവൻ മുഖമുയർത്തി രാഹുലിനെ നോക്കി.
“രാഹുലേട്ടാ ഞാനാ കാരണം. കൂടെയുണ്ടാവുമെന്ന് ഉറപ്പ് കൊടുത്തിട്ട് എനിക്കവളെ സംരക്ഷിക്കാനായില്ല”.
അവൻ വിതുമ്പലടക്കാൻ പാട് പെട്ടു.ഒരു വിധം അവനെ സമാദാനപ്പെടുത്തി ഒരു കോഫീ കുടിക്കാനായി കാന്റീനിലേക്ക് കൂട്ടികൊണ്ട് വന്നു. രാഹുലിന് ഒരേസമയം വേദനയും സന്തോഷവും തോന്നി. അവന്റെ കണ്ണിലിപ്പോൾ രേഷ്മയോട് പ്രണയമുണ്ട്. അവനിലിപ്പോ രേഷ്മ മാത്രമേയുള്ളൂ എന്ന് രാഹുലിന് മനസിലായി.
കാറിലിരിക്കുമ്പോളും പീലി മൗനിയായിരുന്നു. ഇടക്കിടക്ക് സൂരജ് പീലിയെ നോക്കി. ഒരു ചെറിയ കട കണ്ടതും അവൻ കാർ ഒതുക്കി നിർത്തി. വണ്ടിയിൽ നിന്നുമിറങ്ങി കടയിൽ നിന്നൊരു ബോട്ടിൽ തണുത്ത വെള്ളം വാങ്ങി വന്നു. പീലി ഇരുന്ന ഭാഗത്തെ ഡോർ തുറന്ന് അവൻ പീലിയെ നോക്കി.വെള്ളം അവൾക്ക് നേരെ നീട്ടി അവൾ വേണ്ടെന്ന് തലയാട്ടി.
“പീലി താനിങ്ങോട് ഇറങ്ങു. മുഖമൊക്കെ കഴുകി ഒന്ന് ഫ്രഷ് ആകൂ. ഈ കോലത്തിൽ തന്നെ കണ്ടാൽ അവിടെ അമ്മയെ ആകും ഹോസ്പിറ്റലിൽ ആക്കേണ്ടത്”.
അവൾ പതിയെ ഇറങ്ങി തണുത്ത വെള്ളത്തിൽ മുഖം കഴുകി. വല്ലാത്തൊരു ആശ്വാസം തോന്നിയവൾക്ക്. മുടിയാകെ പാറി പറന്നു ആകെ കോലം കെട്ടു പോയിരുന്നു അവൾ.ഒരു ഗ്ലാസ് ചായ ചൂടോടെ അവളുടെ കയ്യിൽ കൊടുത്തു.മനസിനും അതെ ചൂടാണെന്ന് അവൾക്ക് തോന്നി.
തുടരും

by