19/04/2026

മയിൽപ്പീലി : ഭാഗം 26

രചന – നെച്ചു നസ്രിൻ

ല പല പ്രോഗ്രാംസ് നടക്കുന്നുണ്ട്. ആൺകുട്ടികളുടെ ഗ്രൂപ്പ് ഡാൻസും ഒപ്പനയും അങ്ങനെ നീളുന്നു.കുറെ നേരം ഇരുന്ന് രേഷ്മക്കും പീലിക്കും മടുപ്പ് തോന്നി തുടങ്ങി. അവർ പതിയെ പുറത്തേക്കിറങ്ങി നടന്നു. ക്യാന്റീനിൽ ചെന്ന് ഓരോ ചായയും പരിപ്പ് വടയും കഴിച്ചു. തിരിച്ചു ഓരോന്ന് സംസാരിച്ച് അവർ വരാന്തയിലൂടെ നടന്നു വരികയായിരുന്നു. പെട്ടെന്നാണ് ഏതോ ഒരു കുട്ടി പേടിച്ച് വിറച്ചു അവർക്കരികിലേക്ക് ഓടി വന്നത്. അവളുടെ ദേഹത്തു അവിടവിടെയായി രക്തം പറ്റിയിരുന്നു. “ഒന്ന് ഹെല്പ് ചെയ്യണേ പ്ലീസ്”. “എന്താടോ കാര്യം പറയ്‌. ഇതെന്താ ബ്ലഡ്”?‌. “എന്റെ കൂട്ടുകാരിയുടെ കൈ മുറിഞ്ഞു. കുറച്ചാഴത്തിലാണ് മുറിവ്. നല്ല ബ്ലീഡിങ് ഉണ്ട്. അവളവിടെ ക്ലാസ്സിൽ കിടക്കുവാ എണീക്കാൻ കൂടി മേല. ഞാൻ ഒരു വണ്ടി നോക്കാൻ വന്നതാ. എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയില്ലെങ്കിൽ അവളെ തിരിച്ച് കിട്ടില്ല”. അവൾ കരയുന്നുണ്ടായിരുന്നു. “പീലി നീ ഇവൾക്കൊപ്പം പോയി ആരോടേലും പറഞ്ഞിട്ട് ഒരു വണ്ടി കൊണ്ട് വാ. ഞാൻ അങ്ങോട്ട് ചെല്ലാം “. പീലി എന്ത് ചെയ്യുമെന്നറിയാതെ നിന്നു. “പെട്ടെന്നാകട്ടെ. ഇവിടെ ഞാൻ നോക്കിക്കോളാം.

നീ പോയി വണ്ടി കൊണ്ട് വാ”. പീലിയുടെ കൈ പിടിച്ച് വലിച്ചു ആ പെൺകുട്ടി ഓടി. രേഷ്മ അവൾ പറഞ്ഞ ക്ലാസിലേക്കും. അവൾ ചെന്നപ്പോൾ ക്ലാസ്സിന്റെ വാതിൽ ചെറുതായി ചാരിയിട്ടിരുന്നു. അവൾ പതിയെ അകത്തേക്ക് കയറി. ആരോ കരയും പോലെ അകത്ത് നിന്നും ശബ്ദം കേട്ടു. അവളകത്തേക്ക് കയറിയതും വാതിൽ പുറത്ത് നിന്നാരോ വലിച്ചടച്ചു. അവൾ കുറെ തട്ടിയെങ്കിലും അത് തുറന്നില്ല. വാതിലിനിപ്പുറം സാധികയായിരുന്നു.ക്രൂരമായ ആനന്ദത്തോടെയാണ് അവൾ നിന്നത്.അവർ വിരിച്ച വലയിൽ പാവം പീലിയും രേഷ്മയും വീണ് പോയിരുന്നു. പീലി നടന്നു വരുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടി അവളെ മറ്റൊരു ക്ലാസ്സിലേക്ക് തള്ളിയിട്ടു വാതിൽ പുറത്ത് നിന്നു കുറ്റിയിട്ടു.പീലിക്ക് കൈകാലുകൾ മരവിച്ച പോലെ തോന്നി. തൊണ്ടയിൽ നിന്ന് ശബ്ദം പുറത്തേക്ക് വന്നില്ല. അവൾ കതകിൽ വലിച്ചടിച്ചു. ആരും വരില്ലെന്നുറപ്പ് വരുത്തിയാണ് അവരെ രണ്ട് പേരെയും മുറിയിലാക്കിയത്. മുറിയിൽ മാറ്റരുടെയൊക്കെയോ സാമീപ്യം രേഷ്മ തിരിച്ചറിഞ്ഞു. ഇരുട്ടായതിനാൽ അവർക്കൊന്നും വ്യക്തമായി കാണാൻ സാധിച്ചില്ല. ആരുടെയോ കാലടി അരികിലേക്ക് വരുന്നവളറിഞ്ഞു.

അവൾ നടന്നു ചുവരിൽ തട്ടി നിന്നു. വെളിച്ചത്തേക്ക് വന്ന ആ മുഖം രേഷ്മയിൽ ഭയമുണർത്തി. “പവൻ”. കൂടെ അവന്റെ കൂട്ടാളികളുമുണ്ട്. ക്ലാസ്സിൽ പലയിടതായി ഒഴിഞ്ഞ മദ്യ കുപ്പികളും മരുന്ന് കുപ്പികളും സിറിഞ്ചും രേഷ്മ ശ്രദ്ധിച്ചു. അവളുടെ നട്ടെല്ലിൽ കൂടി ഒരു മിന്നൽ പിണർ കടന്നു പോയി. “വെൽകം ജാൻസി റാണി. ഇങ്ങനൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു കാണില്ലല്ലേ നീ. അത് നിന്റെ മുഖത്ത് കാണാനുമുണ്ട്. എന്റെ മോൾ പേടിച്ച് പോയോ. ചേട്ടനൊന്ന് കാണാൻ വേണ്ടി അല്ലെ മോളെ കൊണ്ട് വന്നത്. പേടിക്കണ്ട കേട്ടോ”. രേഷ്മ ഭയം പുറത്ത് കാണിക്കാതെ അവനെ പകയിൽ നോക്കി. “നിന്നെ പോലെ ഒരു പരമ നാറിക്ക് ഇതിൽ കൂടുതലൊന്നും ചിന്തിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. ഞാൻ നിന്നിൽ നിന്നും കുറച്ചൂടി പ്രതീക്ഷിച്ചിരുന്നു. കഷ്ടം”. പവന്റെ മുഖത്തെ ചിരി മാഞ്ഞു. പകരം അവന്റെ കണ്ണുകൾ രക്തവർണ്ണമായി. കവിളുകൾ ദേഷ്യത്താൽ വിറയ്ക്കാൻ തുടങ്ങി. രേഷ്മ ഇനിയെന്തെന്ന ഭാവത്തിൽ അവനെ നോക്കി.

“ഛീ നിർത്തെടി #&#&#& മോളെ. ചാകാൻ പോകുമ്പോളും നിന്റെയീ അഹങ്കാരമുണ്ടല്ലോ അതാണ് നിന്നെ കൂടുതൽ വേദനിപ്പിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഇതിൽ കൂടുതൽ എന്നെ കൊണ്ട് കഴിയില്ലെന്നല്ലേ നീ പറഞ്ഞത്. ഇതിൽ കൂടുതൽ ഈ ഭൂമിയിലൊന്നുമില്ലെന്ന് ഞാൻ അറിയിക്കും നിന്നെ. ഓരോ നിമിഷവും നീ ഒന്ന് മരിച്ച് പോകാൻ നീ തന്നെ പ്രാർത്ഥിക്കും. അങ്ങനെ മരണത്തിനു പോലും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല. ഒരിക്കലും പവനെതിരെ ഒരു ചെറു വിരൽ പോലും അനക്കാൻ നിനക്കാകില്ല”. രേഷ്മക്ക് പെട്ടെന്ന് വന്ന ബുദ്ധിയിൽ അവളോടി വന്നൊരു ബിയർ ബോട്ടിൽ കയ്യിലെടുത്തു. അത് ചുവരിൽ വലിച്ചടിച്ചു പൊട്ടിച്ചു. താങ്കൾക്കെതിരെയുള്ള ആയുധമാക്കും എന്ന് പ്രതീക്ഷിച്ച പവന്റെയും കൂട്ടരെയും ഞെട്ടിച്ചു കൊണ്ട് രേഷ്മ അത് സ്വന്തം കഴുത്തിൽ അമർത്തി. “നിന്നെ പോലെ ഒരുത്തന്റെ കൈ എന്റെ ദേഹത്തു പതിയുന്നതിലും ഭേദം ഞാൻ സ്വയം ചാകുന്നതാണ്. നീ ഒന്നും വിചാരിക്കുന്നത് ഒരിക്കലും നടക്കാൻ പോകുന്നില്ലെടാ. നീ വന്ന് പേടിപ്പിക്കുമ്പോൾ ഞാൻ കരഞ്ഞു കാലു പിടിച്ച് നിനക്ക് വഴങ്ങി തരുമെന്ന് നീ കരുതിയെങ്കിൽ നിനക്ക് തെറ്റി”. പവന്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു കൊണ്ടായിരുന്നു രേഷ്മയുടെ ആ നീക്കം.

ക്ലാസ്സിൽ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് സാധിക. അവൾ പ്രതീക്ഷിച്ച പോലെ ഇത് വരെയെല്ലാം നടന്നു. ഇനി എല്ലാം പവന്റെ കയ്യിലാണ്. അവൻ അവളോടുള്ള പക സാധികയ്ക്ക് അറിയാമെന്നിരുന്നാലും രേഷ്മ ചില്ലറക്കാരിയല്ല. അവളെ അത്ര പെട്ടെന്നൊന്നും ആർക്കും തകർക്കാൻ ആകില്ല. അവൾ പവന്റെ ഫോൺ കാളിനായി കാത്തിരുന്നു. തനിക്ക് കാണണം എല്ലാം നഷ്ടമായി സമനില തെറ്റി ഭ്രാന്തിയായി മാറുന്ന രേഷ്മയെ. തനിക്കവളുടെ മുന്നിൽ ചെന്ന് നിന്നു ഉറക്കെ ചിരിക്കണം. പൊട്ടി പൊട്ടി ചിരിക്കണം. ഇങ്ങനൊരു ബുദ്ധി പവന് പറഞ്ഞു കൊടുത്തത് താനാണ്. ഒരു പിഴവും വരാതിരിക്കാൻ എല്ലാ പഴുതുകളും അടച്ചാണ് അവളെ പൂട്ടിയതും. ആഴ്ചകളായി തന്റെ ഉറക്കം നഷ്ടപ്പെട്ടിട്ട്.പിന്നെ പീലിയുടെ കാര്യം രേഷ്മക്ക് സംഭവിക്കേണ്ടത് സംഭവിച്ചു കഴിയുമ്പോൾ അവളെ ഇറക്കി വിടും. ഇനി പവന് അവളെയും വേണമെന്നാണേൽ അങ്ങനെ.

രേഷ്മയുടെ കയ്യിലിരുന്ന പൊട്ടിയ കുപ്പി അവൾ കഴുത്തിലേക്ക് അമർത്താനാഞ്ഞതും പവൻ മറ്റൊരു കുപ്പി എടുത്തു അവളുടെ നേരെ എറിഞ്ഞു. അത് കൊണ്ട് കയ്യിലിരുന്ന പൊട്ടിയ കുപ്പി താഴെ വീണുടഞ്ഞു. പവൻ ഞൊടിയിടയിൽ രേഷ്മയെ പിറകിൽ നിന്ന് വട്ടം പിടിച്ചു. അവൾക്കെതിർക്കാൻ കഴിയാത്ത വിധം അവൻ അവളെ പിടിച്ചു കഴിഞ്ഞിരുന്നു. രേഷ്മക്ക് ഉറക്കെ കരയാൻ തോന്നി. എല്ലാം അവസാനിച്ചെന്ന് തോന്നിയ നിമിഷങ്ങൾ. പവന്റെ കൂടെയുള്ള ഒരുത്തൻ അവളുടെ കൈ പിറകിൽ നിന്നു കെട്ടി. അവൾക്കാനാങ്ങാൻ കഴിയാതെയായി. അവൻ രേഷ്മയെ ദൂരേക്ക് വലിച്ചെറിഞ്ഞു.പൊട്ടിയ കുപ്പി ചില്ലുകളിലേക്കാണ് അവൾ തെറിച്ച് വീണത്. ശരീരത്തിന്റെ പല ഭാഗത്തും ആ ചില്ലുകൾ കുത്തി കേറി. ദേഹമാകെ വേദന. ആ വേദനയിലും അവൾക് വേദനിച്ചത് പവൻ ഇനി ചെയ്യാൻ പോകുന്ന കാര്യങ്ങൾ ചിന്തിച്ചാണ്.