02/05/2026

മയിൽപ്പീലി : ഭാഗം 07

രചന – നെച്ചു നസ്രിൻ

മാണിക്യശേരി വീടിന്റെ ഉമ്മറത്തു എന്തോ പരസ്പരം സംസാരിച്ചിരിക്കുകയാണ് പ്രഭാകരനും ഭാര്യ സുഭദ്രയും. പ്രായം 55 കഴിഞ്ഞു. റിട്ടയർഡ് ഹെഡ് മാസ്റ്റർ ആണ് അദ്ദേഹം. ഭാര്യ സുഭദ്ര വീട്ടമ്മയാണ്. രണ്ട് മക്കളാണവർക്ക്. മൂത്തയാൾ സൂരജ്. കോളേജ് പ്രൊഫസ്സർ ആണ്. രണ്ടാമത്തെയാൾ തീർത്ഥ.ബാംഗ്ലൂരിൽ എം ബി ബി എസ് തേർഡ് ഇയർ പഠിക്കുന്നു. പ്രഭാകരന്റെ അമ്മ ലക്ഷ്മിദേവിയും അടങ്ങിയതാണ് സൂരജിന്റെ കുടുംബം.

മുകളിലെ തന്റെ മുറിയിൽ നിന്നും സൂരജ് താഴേക്ക് ഇറങ്ങി വന്നു. ദൃഢമായ ശരീരവും നെറ്റിയിലേക്ക് ഇടയ്ക്കിടെ വീഴുന്ന മുടിയിഴകളും നന്നായി വെട്ടി ഒതുക്കിയ താടി യും അവനൊരു പ്രത്യേക ഭംഗി നൽകി. നേരെ അച്ഛന്റേം അമ്മേടേം അടുത്തേക്ക് വന്നു. സുഭദ്ര അവനെ നോക്കിയൊന്ന് ചിരിച്ചു.

“മോനെ നാളെയാ നമ്മളാ കുട്ടിയെ കാണാൻ ചെല്ലാമെന്ന് അവരോട് പറഞ്ഞത്”

“ഓർമയുണ്ട് അമ്മേ. പക്ഷേ , ആ കുട്ടി പഠിക്കുവാണെന്നല്ലേ പറഞ്ഞത്. നമുക്കിത് നോക്കണോ. ഒന്നുമില്ലേലും ഞാനുമൊരു അദ്ധ്യാപകനല്ലേ. വിദ്യാഭ്യാസം കളഞ്ഞിട്ട് ഇങ്ങനൊരു ആലോചന വേണോ”?.

” അതിന് നമ്മളൊന്ന് പോയി കാണുന്നെ അല്ലെ ഒള്ളു. പിന്നെ കല്യാണം കഴിഞ്ഞെന്ന് വെച്ച് ആ കുട്ടി പഠിക്കുന്നതിൽ ഇവിടാർക്ക വിരോധം”?.

അവൻ താല്പര്യമില്ലാതെ ഒന്ന് മൂളുക മാത്രം ചെയ്തു. അമ്മയുടെ നിർബന്ധം ആണ് ഇപ്പോളൊരു വിവാഹം.

“തീർത്ഥ വിളിച്ചിരുന്നോ നിന്നെ”?.

“രാവിലെ വിളിച്ചിരുന്നു”.

“ആഹ് അവൾക് ഇങ്ങോട്ട് വരാൻ പറ്റാത്തതിന്റെ സങ്കടം ഉണ്ട്”.

” അതിനിപ്പോ അത്രടം വരെയൊന്നു പോകുന്നതല്ലേ. ഇനിയുള്ള കാര്യങ്ങൾക്കു അവൾക്കിവിടെ ഉണ്ടാകാമല്ലോ”.

അച്ഛനാണത് പറഞ്ഞത്. തീർത്ഥക്ക് പെണ്ണുകാണൽ ചടങ്ങിന് കൂടാൻ ലീവ് കിട്ടിയില്ല.

“അച്ഛാ അമ്മേ ഞാനൊന്ന് പുറത്ത് പോയി വരാം”.

“ആഹ് . പോയിട്ടു വാ. ഒരുപാട് വൈകാൻ നിൽക്കണ്ട”.

അവന്റെ കാർ ഗേറ്റ് കടന്നു പോകുന്നത് നോക്കി സുഭദ്ര ഉമ്മറത്തിരുന്നു.

“സൂരജ് എങ്ങോട്ടാ ഭദ്രേ പോയത്”?.

“അവൻ ടൗണിലോ മറ്റൊ പോയതാ അമ്മേ”.

സൂരജിന്റെ കാർ ചെന്ന് നിന്നത് കുന്നിൻചരുവിന് താഴെയാണ്. ആ കുന്നിൻ മുകളിലൊരു ചെറിയ അമ്പലം ഉണ്ട്. അവിടെ ചെന്നിരിക്കാൻ സൂരജിന് ഒരുപാട് ഇഷ്ടമാണ്. മിക്ക ദിവസങ്ങളിലും സൂരജിന്റെ സായാഹ്നം ആ കുന്നിൻ മുകളിലായിരിക്കും. അസ്തമയ സൂര്യന്റെ ചെഞ്ചുവപ്പ് ആകാശത്തിൽ പടർന്നു തുടങ്ങിയിരുന്നു. കൂട്ടത്തോടെ പക്ഷികൾ അവയുടെ കൂട്ടിലേക്ക് ചേക്കേറാൻ ദൃതിപ്പെട്ടു പറന്നു പോകുന്നു.

തൊട്ടരികിൽ ആരുടെയോ സാമീപ്യം തിരിച്ചറിഞ്ഞ സൂരജ് തല ചരിച്ചു നോക്കിയതും കാണുന്നത് കുറച്ച് മാറിയിരിക്കുന്ന അഭിലാഷി നെയാണ്. സൂരജിന്റെ അച്ഛൻ പെങ്ങൾ ശ്രീലതയുടെ മകൻ. സൂരജിന്റെ കളിക്കൂട്ടുകാരനും മനസാക്ഷി സൂക്ഷിപ്പുകാരനും.

പണ്ട് തൊട്ട് സൂരജും അഭിലാഷും ഒന്നിച്ചാണ് ഇവിടെ വന്നിരിക്കാറ്.

“എന്ത് പറ്റിയെടാ”?.

“എനിക്ക് നാളെ ആ പെണ്ണിനെ കാണാൻ പോകുന്നതിൽ
ഒട്ടും താല്പര്യമില്ല അഭി”.

“അതിനിപ്പോ എന്താ. നല്ല കുട്ടിയൊക്കെ ആണേൽ നടക്കുന്നതല്ലേ ബെറ്റർ”.

” നിനക്കറിയാല്ലോ ഞാൻ ഒരു കല്യാണത്തിന് പ്രിപേർഡ് അല്ലടാ”.

” ഹ നീ എന്തായാലും ഒന്ന് പോയി കണ്ടിട്ട് വാ ബാക്കി ഒക്കെ പിന്നെ അല്ലേ”.

മനസില്ലാമനസോടെ സൂരജ് വീട്ടിലേക്ക് മടങ്ങി.

നേരം വെളുത്തപ്പോൾ തന്നെ പീലിയുടെ ജോലി തുടങ്ങി.ഓരോരോ ജോലികൾ ചിട്ടയോടെ ചെയ്ത് പീലി ശെരിക്കും ക്ഷീണിച്ചു.പലഹാരങ്ങൾ തന്റെ കൈകൊണ്ട് ഉണ്ടാക്കണമെന്ന് ചെറിയമ്മ ഓർഡർ ഇട്ടേക്കുന്നത് കൊണ്ട് തന്നെ അവളുടെ ജോലികൾ ഇരട്ടിയായി.

 

നെയ്യിന്റെയും ഏലക്കയുടെയും കൊതിയൂറും ഗന്ധം ആ വീടാകെ നിറഞ്ഞു നിന്നു.വിസ്മയ് അടുക്കളയിലേക്ക് അപ്പോളാണ് വന്നത്.

“ചേച്ചി ഇന്ന് കാര്യമായ പണിയിലാണല്ലോ. നല്ല അടിപൊളി മണവും വരുന്നുണ്ട്”.

“ആഹ് ഇന്ന് വൈകിട്ട് ആരോ വരുന്നുണ്ടെന്ന് ചെറിയമ്മ പറഞ്ഞിരുന്നു. അവർക്കുള്ള പലഹാരങ്ങളൊക്കെയാ”

“എന്തൊക്കെയാ ചേച്ചി സ്പെഷ്യൽ”.

” കുറച്ച് ഉണ്ണിയപ്പം ഉണ്ടാക്കി. പിന്നെ ജിലേബി. ഇന്നലെ അച്ഛൻ നമ്മുടെ പറമ്പിൽ പിടിച്ച ഏത്തൻ കായ കൊണ്ട് വന്നല്ലോ. അത് കൊണ്ട് കുറച്ച് ചിപ്സ് പിന്നെ…….”

“ഇതിപ്പോ തന്നെ കുറെ ആയല്ലോ”.

“ഒന്നിനും കുറവ് വരരുതെന്ന ചെറിയമ്മ പറഞ്ഞത്”.

“എങ്കിൽ അമ്മയോട് വന്നു ചെയ്യാൻ പറയരുതോ”

“ഒന്ന് പയ്യെ പറയ്‌ വിച്ചു. ചെറിയമ്മ എങ്ങാനും കേട്ട് വന്നാൽ പിന്നത് മതി”.

“ഇങ്ങനൊരു പേടിത്തൊണ്ടി”.

അതും പറഞ്ഞു വിസ്മയ് അവിടുന്ന് മുറിയിലേക്ക് പോയി.3 മണിയോടെ എല്ലാ ജോലികളും പീലി ചെയ്തു കഴിഞ്ഞു. അവൾക്ക് നന്നായി ദേഹം വേദനിക്കാൻ തുടങ്ങി. മുഴുവൻ വിയർത്തിരുന്നു. ഫ്ലാസ്കിലേക്ക് ചൂടോടെ ചായ ഒഴിച്ച് വെച്ച ശേഷം അവൾ മുറിയിലേക്ക് പോയി.

കട്ടിലിൽ വന്നു കിടന്ന് നടുനിവർത്തിയത് അപ്പോളാണ്. താഴെ ഒരു കാർ വന്നു നിന്ന സൗണ്ട് കേട്ടതും അവൾ പയ്യെ ജനലരികിൽ നിന്ന് നോക്കി. ആദ്യമവൾ കണ്ടത് ഐശ്വര്യം തുളുമ്പുന്ന മുഖമുള്ള ഒരു സ്ത്രീയെ ആണ്. സുഭദ്രയായിരുന്നു അത്.

അതിഥികളെ സ്വീകരിക്കാൻ വിശ്വനും രുക്‌മിണിയും ഉമ്മറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.സൂരജിനെയും വീട്ടുകാരെയും രുക്‌മിണിക്ക്‌ ശെരിക്കും പിടിച്ച മട്ടാണ്.

അകത്തേക്ക് ക്ഷണിച്ചിരുത്തി പ്രഭാകരനോട് ഓരോന്ന് വളരെ വിനയത്തോടെ സംസാരിച്ചു വിശ്വനാഥൻ.

“എന്നാൽ കുട്ടിയെ കണ്ടിട്ടാകാം ബാക്കി സംസാരം”.

” ആയിക്കോട്ടെ”.

“രുക്‌മിണി മോളോട് വരാൻ പറയ്‌”.

വീണ പതിവിൽ കൂടുതൽ അണിഞ്ഞൊരുങ്ങി നിൽക്കുകയായിരുന്നു.ഹെവി എംബ്രോയ്‌ഡറി ചെയ്ത ഒരു ദാവണിയായിരുന്നു അവളുടെ വേഷം. എല്ലാർക്കും മുന്നിൽ വന്നു നിന്ന് അവളൊന്നു ചിരിച്ചു.

സുഭദ്ര വീണയെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

“ചായ കുടിചാട്ടെ”.

ചായയോടൊപ്പം ഒരു ഉണ്ണിയപ്പം എടുത്തു കഴിച്ച സുഭദ്രയുടെ മനസ്സ് നിറഞ്ഞു.

“ഇതൊക്കെ മോളാണോ ഉണ്ടാക്കിയത്”?.

അതേയെന്നു പറയാൻ വീണ വാ തുറക്കും മുന്നേ വിശ്വൻ അതിനുള്ള മറുപടി കൊടുത്തിരുന്നു.

“എന്റെ മൂത്ത മോളാണ്. അവളാ ഇതൊക്കെ ഉണ്ടാക്കിയത്”.

അത് പറയുമ്പോൾ വിശ്വന്റെ കണ്ണിൽ പീലിയോടുള്ള സ്നേഹം നിറഞ്ഞിരുന്നു.

“ആഹാ മൂത്തകുട്ടിയുണ്ടോ. ഇങ്ങോട്ട് കണ്ടില്ലല്ലോ”?.

പീലിയുടെ പേര് കേട്ടതും രുക്‌മിണിയുടെയും വീണയുടെയും മുഖമിരുണ്ടു.

“അവൾക്ക് നല്ല തലവേദന കിടക്കുവാ”.

രുക്‌മിണി അൽപ്പം കടുപ്പത്തിൽ തന്നെ മറുപടി പറഞ്ഞു.

“അല്ല ആ കുട്ടിയുടെ കല്യാണം”………..

” അല്ല അവൾക്കിപ്പോ ജാതകത്തിൽ സമയദോഷമാണ്.അത് കൊണ്ട് വീണമോൾടെ ആദ്യം നടത്താമെന്ന് കരുതി “.

രുക്‌മിണിയുടെ മറുപടി കേട്ടതും വിശ്വന്റെ മുഖത്ത് ദുഃഖം നിഴലിച്ചു.

” ആഹ് എന്തായാലും കുട്ടികൾ എന്തേലും സംസാരിക്കട്ടെ”.

പുറത്തെ മാവിൻ ചുവട്ടിൽ നിൽക്കുന്ന സൂരജിനടുത്തേക്ക് വീണ വന്നു. ഒരു ടീൽ ബ്ലൂ ഷർട്ടും ഗ്രേ പാന്റ്സും ആണ് സൂരജിന്റെ വേഷം. വീണയെ കണ്ടതും സൂരജ് ചിരിച്ചെന്നു വരുത്തി.

” വീണയെന്നല്ലേ പേര് പറഞ്ഞത്”.

” അതെ”.

“മ്മ്മ്. അമ്മയുടെ നിർബന്ധമാണ് ഈ വിവാഹാലോചന. തന്റെ ജാതകത്തിലെ കാര്യം അമ്മ പറഞ്ഞിരുന്നു”.

“ഹ. എനിക്കും പഠിക്കണമെന്നാണ്. പിന്നെ അമ്മയുടെയും അച്ഛന്റേം ഇഷ്ടമാണ് എനിക്ക് വലുത്”.

“ഇപ്പോ സെക്കന്റ്‌ ഇയറല്ലേ”.

“അതെ”

സംസാരം നീട്ടിക്കൊണ്ടുപോകാൻ താല്പര്യമില്ലാത്തവണ്ണം അവൻ വീടിനുള്ളിലേക്ക് തിരികെ കയറി.

“ഞങ്ങൾ എന്നാൽ ഇറങ്ങുവാ. ആലോചിച്ചൊരു തീരുമാനം എടുത്തിട്ട് വിളിച്ചറിയിക്കാം ഞങ്ങൾ”.

” എന്നാൽ അങ്ങനെ ആയിക്കോട്ടെ”.

തിരികെ കാറിലേക്ക് കയറുമ്പോളും പീലിയെ കാണാൻ പറ്റാത്തതിന്റെ ഒരു സങ്കടം സുഭദ്രക്കുണ്ടായിരുന്നു.അവളുണ്ടാക്കിയ പലഹാരങ്ങളുടെ സ്വാദ് സുഭദ്രയുടെ വായിൽ അപ്പോളും നിറഞ്ഞു നിന്നിരുന്നു.

ഉച്ചക്ക് രാഹുൽ വന്നത് പ്രമാണിച്ച്അമ്മ സീത നല്ലൊരു ഊണ് തന്നെയൊരുക്കി. ആഹാരമൊക്കെ കഴിച്ച് റൂമിലിരുന്ന് ഫോണിൽ വെറുതെ ഓരോന്ന് നോക്കിയിരിക്കുമ്പോളാണ് പമ്മി പമ്മി രേഷ്മ അവന്റെ റൂമിലേക്ക് വന്നത്

“അതെ ഇന്നലത്തോടെ നിന്റെ കോട്ട കഴിഞ്ഞതാ. ഇനിയൊന്നും പറഞ്ഞോണ്ട് വന്നേക്കരുത്”.

” ശോ ഇതാ പറയുന്നെ മനപ്പൊരുത്തമെന്നു. എന്റെ മനസിലുള്ളത് തന്നെയാ ഏട്ടൻ പറഞ്ഞത്”.

” പതപ്പിക്കാണ്ട് പൊയ്ക്കെ നീ”.

“ഏട്ടാ പ്ലീസ് ചക്കരയല്ലേ”?.

“പെണ്ണെ കൊഞ്ചാതെ പോ”.

സങ്കടഭാവം മുഖത്ത് വരുത്തി രേഷ്മ കട്ടിലിന്റെ ഒരറ്റത്ത് ഇരുന്നു. അത് കണ്ടതും രാഹുൽ മുന്നോട്ടേക്കാഞ്ഞു.

“എന്താ കാര്യം”?.

“അത് ഏട്ടാ, പിന്നുണ്ടല്ലോ , എനിക്കെ”…

“കൊത്തിപ്പറക്കാണ്ട് കാര്യം പറ”.

“എനിക്ക് ബുള്ളറ്റ് ഓടിക്കാൻ പഠിക്കണം ഏട്ടൻ പഠിപ്പിക്കണം”.

“ഇനി അതായോ.ഇപ്പോ എന്താ അത്യാവശ്യം”?.

“എനിക്ക് കോളേജിൽ ബുള്ളറ്റിൽ പോണം. അതിനാ ഒന്ന് പഠിപ്പിക്കേട്ട”.

കുറച്ച് നേരത്തെ ആലോചനക്ക് ശേഷം രാഹുലിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അത് പതിയെ രേഷ്മയുടെ ചുണ്ടിലേക്ക് പകർന്നു.

ബീച്ചിലെ തിരക്കൊഴിഞ്ഞ റോഡിൽ രേഷ്മയെ മുന്നിലിരുത്തി രാഹുൽ പിന്നിലിരുന്ന് ബാലൻസ് ചെയ്ത് ബുള്ളറ്റ് ഓടിക്കുവാണ്. ചെറുതായൊക്കെ അവൾ ഓടിക്കാൻ ശ്രമിക്കുന്നുണ്ട്.

കുറച്ച് നേരത്തെ ശ്രമത്തിന് ശേഷം അവൾ രാഹുലിന് പിറകിലേക്കിരുന്നു. പെട്ടെന്നവൾ അയ്യോ എന്ന് നിലവിളിച്ചു.
സഡൻ ബ്രേക്കിട്ട് രാഹുൽ വണ്ടി നിർത്തി തിരിഞ്ഞു നോക്കി.

“എന്താടി”?.

“അയ്യോ ദൈവങ്ങളെ തൊണ്ട വരളുന്നെ , ഒരു ചോക്ലേറ്റ് ഷേക്ക്‌ ആരേലും മേടിച് തരണേ”.

“45 രൂപേടെ ഷേക്ക്നു ഇത്ര ഡ്രാമ വേണോ ഡീ “?.

അവളൊന്നു ചമ്മി ചിരിച്ചു കാണിച്ചു.

ഷേക്ക്‌ കുടിക്കാനായി ജ്യൂസ്‌ ഷോപ്പിൽ കയറിയ അവർ രണ്ട് ഷേക്ക്‌നു ഓർഡർ കൊടുത്തു. അത് കുടിച്ച് കഴിഞ്ഞ് തിരികെ ബൈക്കിൽ കയറാൻ നേരമാണ് രേഷ്മയുടെ കണ്ണുകൾ ആ കാഴ്ച കണ്ടത്. അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.

എന്തോ തമാശ പറഞ്ഞ് ചിരിച്ച ആനന്ദ് അപ്പോളാണ് രേഷ്മയെ കണ്ടത്. അവൻ തന്റെ മുന്നിലെ ചെയറിലിരിക്കുന്ന സാധികയെ നോക്കി.താൻ ഫ്രീയാണോന്ന് ചോദിച്ചായിരുന്നു സാധിക വൈകിട്ട് വിളിച്ചത്. ഒന്ന് കാണണമെന്ന് പറഞ്ഞ് ഇങ്ങോട്ടേക്കു വരാൻ പറഞ്ഞതും അവളാണ്.

രേഷ്മയെ താനൊരിക്കലും ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല. രേഷ്മയാകട്ടെ കണ്ട കാഴ്ച്ചയിൽ തറഞ്ഞു നിൽക്കുകയായിരുന്നു. അവൾ രാഹുലിനോപ്പം ബുള്ളറ്റിൽ കയറി ആനന്ദിനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ പോയി.

ദൈവമേ അഗ്നിപർവതമല്ലേ ആ പുകഞ്ഞ് പോയത്. അതെ അഗ്നിപർവ്വതം തന്നെ. എന്റെ നെഞ്ചത്തോട്ടു പൊട്ടിത്തെറിക്കാനുള്ളതാണല്ലോ എന്നോർക്കുമ്പോളാ….

ആനന്ദിന്റെ ആത്മഗതം അടുത്ത ടേബിളിലെ ആളുകൾ വരെ കേട്ടു……….