രചന – നെച്ചു നസ്രിൻ
ഇരുട്ടടഞ്ഞ ഒരിടത്തായിരുന്നു പീലി. പഴയ ഒരു ഗോഡൗൺ പോലെ തോന്നിച്ചു. അവൾക്കെതിരെ കണ്ടാൽ ഭയം തോന്നിക്കും രൂപമുള്ള കുറച്ചു പേര് മദ്യപിച്ചു കൊണ്ടിരുന്നു. ഒരു കസേരയോട് ചേർത്ത് ഇരുകൈകളും പിറകിലേക്ക് കെട്ടിയിട്ട വിധത്തിലാണ് പീലി. അവളിൽ മണിക്കൂറുകൾ മുൻപ് തനിക്കുണ്ടായ കാര്യങ്ങൾ ഓർക്കവേ ഭയം നിറഞ്ഞു. ബസിറങ്ങി വീട്ടിലേക്കുള്ള വഴി നടന്നു വരികയായിരുന്നവൾ. ചെറുതായി ഇരുട്ട് വ്യാപിച്ചിരുന്നു. പെട്ടെന്നാണ് ഒരു ബൊലേറോ അവൾക്ക് മുൻപിൽ വന്നു നിന്നത്. അവൾക്കൊന്നു ചിന്തിക്കാൻ കഴിയും മുൻപേ അവളെ ആരൊക്കെയോ ചേർന്ന് പിടിച്ചു വലിച്ചു വണ്ടിക്കുള്ളിലാക്കി വേഗത്തിൽ വണ്ടി സ്റ്റാർട്ട് ചെയ്തു പോയി. അവളെ കൊണ്ട് കഴിയും വിധം അവൾ പ്രതിഷേധിച്ചുവെങ്കിലും അതെല്ലാം വിഭലമായിരുന്നു.
സമയം ഒരുപാട് മുൻപോട്ട് പോയി എന്ന ബോധ്യം പീലിക്കുണ്ടായിരുന്നു. സൂരജും വീട്ടുകാരും തന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും എന്നവൾ ആധിയോടെ ഓർത്തു. സമാധാനം നഷ്ടപ്പെട്ടു തന്നെ അന്വേഷിച്ചവർ ഓടി നടക്കുന്നുണ്ടാകും എന്നവൾക്ക് ഉറപ്പുണ്ടായിരുന്നു. അവൾക്കവളുടെ സൂരജേട്ടനെ കാണാൻ ആഗ്രഹം തോന്നി. ആ ഇടനെഞ്ചിൽ പറ്റിച്ചേർന്ന് തന്റെ സങ്കടങ്ങൾ എണ്ണിപ്പറയാൻ അവളുടെ ഹൃദയം തുടിച്ചു. ആരോ തനിക്കരികിലേക്ക് നടന്നടുക്കുന്നത് തിരിച്ചറിഞ്ഞ പീലി മുഖമുയർത്തി നോക്കി. ഇരുട്ടായതിനാൽ അവൾക്ക് മുഖം വ്യക്തമായില്ല. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ആ രൂപം കടന്നു വന്നു. പീലിയുടെ കണ്ണുകളിൽ സംശയം നിറഞ്ഞു. ആറടിയോളം പൊക്കം. ആരോഗ്യ ദൃഡഗാഥനായ ഒരു പുരുഷൻ. ബ്ലൂ കളർ സ്യൂട്ട് ആണ് അയാൾ അണിഞ്ഞിരിക്കുന്നത്.കണ്ണുകളിൽ വല്ലാത്ത വന്യത. “ഐദൻ”. പീലിയുടെ പുരികം ചുളിഞ്ഞു.ഇതിനു മുൻപ് താനിയാളെ കണ്ടതായി ഓർക്കുന്നില്ല.
ആരാണിയാൾ !. അവൾക്ക് ഉള്ളിലെ സംശയങ്ങൾ മറച്ചു വെയ്ക്കാനായില്ല. ” ആരാണ് സർ നിങ്ങൾ?. എന്തിനാണ് എന്നെയിവിടെ പിടിച്ചു വെച്ചിരിക്കുന്നത്?. ദയവായി എന്നെ പോകാൻ അനുവദിക്കണം പ്ലീസ്. എന്നെ വീട്ടിലിപ്പോൾ അന്വേഷിക്കുന്നുണ്ടാകും. ” അവനവളെ നോക്കിയിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അവൾക്ക് മുന്നിലേക്ക് മറ്റൊരു കസേരയിട്ട് അവനതിൽ നിവർന്നിരുന്നു. ” അങ്ങനങ്ങു പറഞ്ഞു വിടാനല്ലല്ലോ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്”. ” പ്ലീസ് സർ നമ്മൾ ഇതിനു മുൻപ് കണ്ടിട്ട് പോലുമില്ല. എന്നെ ഇങ്ങനെ പിടിച്ചു വെച്ചിരിക്കുന്നത് കൊണ്ട് നിങ്ങൾക്കെന്താണ് നേട്ടം”?. ” ഹ ഹ ഹ. നീ പറഞ്ഞത് ശെരിയാണ്. നമ്മൾ മുൻപ് കണ്ടിട്ടില്ല. പിന്നെ നീ ചോദിച്ചില്ലേ നിന്നെ പിടിച്ചു വെച്ചിരിക്കുന്നത് കൊണ്ട് എനിക്കുള്ള നേട്ടം എന്താണെന്ന്. ഇപ്പൊ ഇതിനെ കൊണ്ട് എനിക്ക് നേട്ടം മാത്രമേയുള്ളൂ”. ” നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്. എന്നെകൊണ്ട് നിങ്ങൾക്കെന്ത് നേട്ടമുണ്ടെന്നാണ് പറഞ്ഞു വരുന്നത് “. ” നിനക്കത് പറഞ്ഞാൽ മനസിലായെന്ന് വരില്ല. പിന്നെ നിന്നോടത് പറയേണ്ട ആവശ്യവുമെനിക്കില്ല.
എനിക്കവനെയാണ് വേണ്ടത്. സൂരജ്. അവനെ എന്റെ മുൻപിൽ വരുത്തും ഞാൻ “. ” സൂരജേട്ടനോട് നിങ്ങൾക്കെന്താണ് ദേഷ്യം .എന്നെയെന്ത് വേണമെങ്കിലും ചെയ്തോളൂ. പക്ഷെ അദ്ദേഹത്തെ വെറുതെ വിടണം. ഞാൻ നിങ്ങളുടെ കാലു പിടിക്കാം”. ” നീ പേടിക്കണ്ട അവനെ മാത്രമായി ഞാനൊന്നും ചെയ്യില്ല. നിനക്കുള്ളതും വഴിയേ തരുന്നുണ്ട് ഞാൻ. എന്റെ പെങ്ങളുടെ കണ്ണീരിനു അവൻ എന്റെ മുന്നിൽ കണക്ക് പറയണം “. ” പെങ്ങളോ നിങ്ങളാരുടെ കാര്യമാണ് പറയുന്നത് “?. ” അന്ന എന്റെ അനിയത്തികുട്ടിയാണവൾ. അവനെ സ്നേഹിച്ചു പോയി എന്ന തെറ്റിന് അവളനുഭവിക്കുന്നത് വലിയ ശിക്ഷയാണ്. അവളെ ശിക്ഷിച്ചതിനു അവനെ ഞാൻ വെറുതെ വിടാൻ പോകുന്നില്ല “. ” സൂരജേട്ടൻ അന്നയെ ഒന്നും ചെയ്തിട്ടില്ല. അന്നയാണ് ദേഷ്യത്തിൽ ഞങ്ങളെ ഉപദ്രവിക്കാൻ വന്നത്”.
” നിനക്ക് അന്നയെ അറിയുമോ “?. ” ഞാനും അന്നയും ഒരേ കോളേജിലാണ്. കോളേജിൽ വെച്ച് ഞങ്ങൾ കണ്ടിട്ടില്ല. സൂരജേട്ടനോടൊപ്പം കഴിഞ്ഞ ദിവസം അന്നയെ കണ്ടിരുന്നു. സൂരജേട്ടൻ പലതവണ ആ കുട്ടിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു. അതല്ലാതെ ഒന്നും ചെയ്തിട്ടില്ല ‘. ” അപ്പൊ അന്ന അറിഞ്ഞിരുന്നോ നീയാണ് അവന്റെ ഭാര്യയെന്നു? “. ” മ്മ്മ് “. മുഖമടച്ചൊരടിയായിരുന്നു.പീലി കസേരയോടെ നിലത്തേക്ക് മറിഞ്ഞു വീണു. അടികൊണ്ട ഭാഗം മരവിച്ചു പോയിരുന്നു. അവൾക്ക് തലകറങ്ങുന്ന പോലെ തോന്നി. അവൾ കണ്ണടച്ചിരുന്നു. കണ്ണ് തുറന്നതും തനിക്കരികിലേക്ക് പാഞ്ഞടുക്കുന്ന ഐദനെ അവൾ പേടിയോടെ നോക്കി. അവനവളുടെ മുടിയിൽ പിടിച്ച് വലിച്ചെണീപ്പിച്ചു.അവളുടെ തല പറിഞ്ഞു പോകുന്ന വേദനയിൽ കണ്ണിൽ നിന്ന് കണ്ണുനീരൊഴുകി.ഐദന്റെ ചുണ്ടും കവിളുകളും വിറച്ചു.ഐദൻ പീലിയുടെ കവിളിൽ കുത്തിപിടിച്ചു. വായിൽ ചോര ചുവ പടർന്നു.
“അപ്പൊ നീയും കൂടി ചേർന്നാണ് എന്റെ കൊച്ചിനെ വേദനിപ്പിച്ചത്. നിന്നെയൊന്നും ഞാൻ വെറുതെ വിടില്ല. ജീവിക്കുന്നത് പോലും എന്തിനാണെന്ന് നീയൊക്കെ ചിന്തിക്കുന്ന ഒരു സമയം വരുത്തും ഞാൻ”. അവനവളെ ദൂരേക്ക് വലിച്ചെറിഞ്ഞു. കസേരയിൽ കെട്ടിയിരുന്ന കയറഴിഞ്ഞു പീലി നിലത്തേക്ക് ചിതറി വീണു. ഐദന് അവന്റെ ദേഷ്യമടക്കാനായില്ല. അവൻ കസേരയിലേക്കിരുന്നു ഗൂഢമായി ചിരിച്ചു. പീലിക്ക് ശരീരമാസകലം വേദന തോന്നി. അവൾ കാൽമുട്ടിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു. ജീവന്റെ അടുത്ത സുഹൃത്താണ് അവിടുത്തെ പോലീസ് സ്റ്റേഷനിലെ സി ഐ വിനോദ്. ” ജീവൻ താൻ തന്ന നമ്പർ നമ്മൾ ട്രേസ് ചെയ്തു. ലൊക്കേഷൻ ഞാൻ നിനക്ക് വാട്സപ്പ് ചെയ്തിട്ടുണ്ട്. പക്ഷെ അത് കുന്നുമ്മേൽക്കാരുടെ പഴയൊരു ഗോഡൗൺ ആണ് . അവിടേക്ക് ചെന്നാൽ തന്നെയും നമുക്കവരെ ഒന്നും ചെയ്യാനാകില്ല. മന്ത്രിമാരെ പോലും പോക്കറ്റിൽ കൊണ്ട് നടക്കുന്ന ഒരു അപ്പനും മോനുമാണ് അതിന്റെ തലപ്പത്ത്.
വർഗീസ് കുറച്ചു മനസലിവുള്ള കൂട്ടത്തിലാണ്. പക്ഷെ അയാളുടെ മകൻ ഒരു വെട്ടുപോത്താണ്. കുന്നുമ്മൽ ഗ്രൂപ്പ്സിന്റെ കിരീടം വെയ്ക്കാത്ത രാജാവ്. അവനെ ഒന്നും ചെയ്യാൻ എന്റെ ഈ യൂണിഫോമിനാകില്ല ജീവൻ. ആ കുട്ടിയിപ്പോ എവിടെയുണ്ടെന്ന് മാത്രമേ കണ്ട് പിടിക്കാൻ കഴിഞ്ഞുള്ളൂ”. ” ഓക്കേ വിനോദ് തന്നെക്കൊണ്ട് കഴിയും പോലെ സഹായിച്ചില്ലേ. ഒരുപാട് നന്ദിയുണ്ട്. ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കോളാം”. വിനോദിൽ നിന്നറിഞ്ഞ വിവരങ്ങളെ പിന്തുടർന്ന് ജീവനും ആനന്തും സൂരജും ആ ഗോഡൗണിനു മുന്നിലെത്തി. ഒറ്റപ്പെട്ട ഒരു കെട്ടിടമായിരുന്നു അത്. അകത്തു ആരുടെയൊക്കെയോ സംസാരം കേൾക്കുന്നുണ്ട്. സൂരജിന്റെ നെഞ്ച് തുടിച്ചു. ഉള്ളിലെവിടെയോ തന്റെ പ്രിയപ്പെട്ടവളുണ്ടെന്ന ബോധ്യം അവനിൽ പ്രത്യേക ഊർജം നിറച്ചു. മൂന്ന് പേരും വളരെ സൂക്ഷ്മതയോടെ കാലടി ശബ്ദം പോലും കേൾപ്പിക്കാതെ ഉള്ളിലേക്ക് പ്രവേശിച്ചു.
ഒരു ഭാഗത്തു പാതിബോധത്തിൽ ഇരിക്കുന്ന തടിയന്മാരെ മൂവരും കണ്ടു.അവരെ കണ്ടതും ഉരുന്നിടത്ത് നിന്നെണീറ്റ് ആ മല്ലന്മാർ അരികിലേക്ക് നടന്നടുത്തു. ജീവന്റെ നെഞ്ചിനേറ്റ ചവിട്ടിൽ അവൻ ദൂരേക്ക് വീണു. ആനന്ദിന്റെ മുഖത്തിന് നേരെ വന്ന പ്രഹരത്തെ അവൻ കുനിഞ്ഞു ഒഴിഞ്ഞു മാറി തിരികെ കൈ കൊണ്ട് അവന്റെ വയറിനിട്ടൊരു ഇടി കൊടുത്തു. കൂട്ടത്തിലൊരുവൻ സൂരജിന്റെ മുഖത്ത് കൈ മുഷ്ടി ചുരുട്ടിയിടിച്ചു. അവന്റെ ചുണ്ട് പൊട്ടി ചോരയൊലിച്ചു.വേദനകൾ മറന്ന് സൂരജ് അവന്റെ കൈ പിറകിലേക്ക് പിടിച്ചു തിരിച്ചു.അവൻ വേദന കൊണ്ടലറി.സൂരജിന്റെ മനസ്സിൽ പീലി മാത്രമായിരുന്നു അപ്പോൾ.കയ്യിൽ കിട്ടിയ തടി കഷ്ണം കൊണ്ട് സൂരജ് രണ്ട് പേരെ തലങ്ങും വിലങ്ങും തല്ലി. അടി കൊണ്ട് അവശരായ അവരെ സൂരജ് കലി തീരുവോളം ചവിട്ടിയരച്ചു.മുന്നിൽ തടസ്സം സൃഷ്ടിച്ചവരെയെല്ലാം ആനന്തും സൂരജും ജീവനും ചേർന്ന് തല്ലിച്ചതച്ചു. അപ്പോളാണ് ഒരു മൂലയിൽ ബോധരഹിതയായി കിടക്കുന്ന പീലിയിൽ സൂരജിന്റെ കണ്ണുകളുടക്കിയത്. സൂരജിന്റെ ഹൃദയത്തിൽ വേദന നിറഞ്ഞു. അവൻ അവളെ മടിയിലേക്ക് എടുത്ത് കിടത്തി. പതിയെ കവിളിൽ തട്ടി വിളിച്ചു.അവളുടെ കവിളിൽ പതിഞ്ഞു കിടന്ന വിരലടയാളത്തിലേക്ക് സൂരജ് നോക്കി.
” പീലി മോളെ കണ്ണ് തുറക്ക്.എന്നെയൊന്നു നോക്ക് പീലി”. അവന്റെ സ്വരം കരച്ചിലിന്റെ വക്കിലെത്തി. പീലിയുടെ നിറയെ പീലിയുള്ള കൺപോളകൾ പതിയെ ചിമ്മി.അവ വളരെ പതിയെ തുറന്നു. പീലി കണ്ണ് തുറന്നതും തനിക്ക് മുന്നിൽ കണ്ണ് നിറച്ച് തന്നെ അലിവോടെ നോക്കിയിരിക്കുന്ന സൂരജിനെയാണ് കണ്ടത്. അവൾക്ക് ഒരേ സമയം വേദനയും സന്തോഷവും തോന്നി. അവൾ സൂരജിന്റെ കവിളിൽ കൈ ചേർത്തു. സൂരജ് ആ കയ്യിൽ ചുംബിച്ചു. ശേഷമവളെ ഇറുക്കെ പുണർന്നു. ഇരുവരും കരയുകയായിരുന്നു.ജീവനും ആനന്തും പരസ്പരം നോക്കി ചിരിച്ചു. ” സൂരജേട്ടൻ എനിക്ക് വേണ്ടി വരുമെന്നെനിക്കറിയാമായിരുന്നു .എല്ലാ വേദനയും ഞാൻ മറന്നത് ആ ഒരു ചിന്ത എന്നിലുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് “. ” പീലി നീ ഇല്ലാതെ പിന്നെ ഈ സൂരജ് ഉണ്ടാകുമോ. നീ എങ്ങനെയാണു ഇവിടെ എത്തിയത്. നിന്നെ ആരാ തല്ലിയത് “?. പീലി അത് വരെ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു.
സൂരജിന്റെ രക്തം തിളച്ചു .ആ മുറിയിലേക്ക് മറ്റാരോ നടന്നു വരുന്നത് തിരിച്ചറിഞ്ഞ അവർ ആരാണെന്നറിയാനായി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.സൂരജ് പ്രതീക്ഷിച്ചത് പോലെ ഐദനായിരുന്നു അത്.അവന്റെ മുഖത്ത് താൻ വിരിച്ച വലയിൽ കുടുങ്ങിയ ഇരയെ കണ്ട വേട്ടക്കാരന്റെ ആനന്ദമായിരുന്നു. ഒരു കയ്യകലത്തിൽ തനിക്ക് ഞെരിച്ചമർത്താൻ പാകത്തിൽ താൻ ആഗ്രഹിച്ച ഇര.അവൻ കൗശലത്തിലൊന്നു ചിരിച്ചു. സൂരജ് അവനരികിലേക്ക് കുതിച്ചു. അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു. ” നിനക്കെന്ത് ധൈര്യമുണ്ടായിട്ടാണ് എന്റെ പെണ്ണിനെ പിടിച്ച് കൊണ്ട് വന്നത്. അവളുടെ ദേഹത്തു കൈ വെയ്ക്കാൻ നീയാരാടാ? പറയെടാ “. സൂരജ് അവന്റെ മുഖത്തോട് മുഖം ചേർത്ത് അമറി. ഐദൻ അതേ കുടിലത നിറഞ്ഞ ചിരിയോടെ സൂരജിന്റെ കൈ കുടഞ്ഞെറിഞ്ഞു. അവന്റെ നെഞ്ചിൽ പിടിച്ച് പിറകിലേക്ക് തള്ളി. ” എന്റെ ധൈര്യം എന്താണെന്ന് നിന്നെ അറിയിക്കാൻ തന്നെയാണ് എന്റെ ഉദ്ദേശം.
എനിക്കവളെ വേണ്ട സൂരജ് , നിന്നെയാണ് എനിക്കാവശ്യം “. “ഐദൻ നിന്നോടൊക്കെ പല തവണ ഞാൻ കാര്യങ്ങൾ മനസിലാകും വിധം പറഞ്ഞതല്ലേ. ഭ്രാന്തരെ പോലെ വീണ്ടും ഓരോന്ന് കാണിച്ചു കൂട്ടുന്നതെന്തിനാണ്. പക്ഷെ നീ ഇപ്പൊ കളിച്ചത് നല്ലതിനല്ല. നീ കൈ വെച്ചത് എന്റെ പെണ്ണിന്റെ ദേഹത്താണ് “. ” ഹ ഹ ഹ ഭ്രാന്തരോ. ശെരിയാണ് ഞങ്ങൾ ഭ്രാന്തരാണ്. ആ ഭ്രാന്തിനെ ഇല്ലാതാക്കാനല്ലേ നീ ശ്രമിച്ചത്. ആ ഭ്രാന്തിനൊപ്പം ഭ്രാന്തിയെ കൂടി നീ നോവിച്ചില്ലെടാ “. സൂരജിന് അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ല. ഐദനെ വകവെയ്ക്കാതെ സൂരജ് പീലിയെ പിടിച്ചെണീപ്പിക്കാൻ ശ്രമിച്ചു. അപ്പോഴും ഐദന്റെ മുഖത്ത് അതേ ചിരിയുണ്ടായിരുന്നു. ” സൂരജ് നിങ്ങളെ ഇവിടെയെത്തിച്ചത് ഞാനാണെങ്കിൽ എന്റെ അനുവാദമില്ലാതെ നിങ്ങൾക്കിവിടുന്ന് പോകാനാകില്ല “.
” മതിയാക്ക് ഐദൻ.ഞങ്ങൾക്കിവിടുന്ന് പോയേ പറ്റൂ. അതിനു നിന്റെ സമ്മതം ആവശ്യമില്ല”. ” പറ്റില്ലല്ലോ സൂരജ്. നിനക്കിപ്പോളും ഈ ഞാൻ എന്താണെന്നും ആരാണെന്നും മനസിലായിട്ടില്ല. നീ ചെയ്ത തെറ്റിനുള്ള ശിക്ഷ നീ അനുഭവിക്കണം. ഓരോ നിമിഷവും എന്റെ പകയിൽ നീ നീറിയൊടുങ്ങും. നീ ഒരുപാട് സ്നേഹിക്കുന്നത് ഇവളെയല്ലേ. ഇവൾക്ക് വേണ്ടിയല്ലേ നീ എന്റെ അന്നയെ തള്ളി പറഞ്ഞത്. ഇവളെയങ്ങു തീർത്താൽ പിന്നെ നിനക്ക് മറ്റൊന്നും ചിന്തിക്കണ്ടല്ലോ അല്ലെ “. ” ടാ “. സൂരജ് ദേഷ്യത്തിൽ ഐദന്റെ മുഖത്തിന് നേരെ ഇടിച്ചു. ഇടി കൊണ്ട് ഒരു വശത്തേക്കവൻ വീണെങ്കിലും ആവേശത്തോടെ അവൻ വീണ്ടും എണീറ്റു. ” എന്താടാ നീ പറഞ്ഞത്. ഈ ഞാൻ ജീവനോടിരിക്കുമ്പോൾ നിനക്കെന്റെ പീലിയെ തൊടാനാകില്ല “.
അമർഷത്തോടെ അത്രയും പറഞ്ഞതും സൂരജ് ദൂരേക്ക് തെറിച്ചു വീണു. പീലി അലറി വിളിച്ചു കരഞ്ഞു. ജീവൻ ഐദന്റെ മുതുകത്തു ചവിട്ടി നിലത്തിട്ടു. ഐദൻ മലർന്ന് കിടന്ന് ജീവനെ നോക്കി ചിരിച്ചു. ജീവൻ കാലു കൊണ്ട് ഐദന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടാനായതും ഐദൻ വേഗത്തിൽ നീങ്ങി മാറി ജീവന്റെ കാലിൽ കൈ മുട്ട് മടക്കിയിടിച്ചു. ജീവൻ നിലത്തേക്ക് വീണു. ഐദൻ ജീവന്റെ ദേഹത്തു കയറിയിരുന്നു അവന്റെ നെഞ്ചിൽ പലയാവർത്തി ശക്തമായി പ്രഹരിച്ചു. ജീവന് ശ്വാസം എടുക്കാനായില്ല. ആനന്ദ് പിറകിലൂടെ ഐദനെ ചവിട്ടിയിട്ട് മുഖത്തേക്ക് ഇടിച്ചു. പ്രഹരങ്ങൾ ഏൽക്കുന്നതനുസരിച്ചു ഐദന്റെ ദേഷ്യവും പകയും കൂടി കൊണ്ടിരുന്നു. ശരീരത്തിൽ നിന്ന് ചോര തെറിക്കുമ്പോളും വീറും വാശിയോടെ ഐദൻ സൂരജിനെയും ആനന്ദിനെയും ജീവനെയും തല്ലിച്ചതച്ചു. ഐദൻ എന്ന അസുര രാക്ഷസന്റെ മുഴുവൻ ശക്തിയും അവനാ മൂന്ന് പേർക്ക് നേരെയും കാട്ടി.
ജീവന്റെയും ആനന്ദിന്റെയും അവസ്ഥ വളരെ മോശമായിരുന്നു. അവർക്ക് തലയ്ക്കും കൈ കാലുകൾക്കും സാരമായി പരിക്കേറ്റിരുന്നു. സൂരജിന്റെ എല്ലാ ആക്രമണങ്ങളും ഐദൻ പുഷ്പം പോലെ തകർത്തെറിഞ്ഞു. ഹോസ്പിറ്റലിൽ ചോരയൊലിച്ചു ശ്വാസം മാത്രമുള്ള അന്നയുടെ രൂപമായിരുന്നു ഐദന്റെ മനസ്സിൽ നിറയെ.അവൻ മുന്നിലുള്ള സർവ്വവും തച്ചു തകർക്കാൻ പ്രാപ്തനായിരുന്നു. ആനന്ദിനും ജീവനും ഒന്നെണീറ്റു നിൽക്കാൻ പോലുമായില്ല.നിലത്തു വീണുകിടന്ന സൂരജിന്റെ കാലിൽ ചവിട്ടി കൊണ്ട് ഐദൻ ക്രൂരമായ ആനന്ദത്തോടെ പീലിയ്‌ക്കരികിലേക്ക് നടന്നു .
അവൾ മുന്നിൽ നടക്കുന്ന കാര്യങ്ങളിൽ കരയാൻ മറന്നിരിക്കുകയായിരുന്നു.ഐദൻ പീലിയെ മുടിക്കുത്തിൽ പിടിച്ച് വലിച്ചെണീപ്പിച്ചു. സൂരജിന് അവനെതിരെ ഒന്നും ചെയ്യാൻ കഴിയാത്തത്തിൽ സ്വയം വെറുപ്പ് തോന്നി. അവൻ ചവിട്ടേറ്റ കാൽ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയം സമ്മതിച്ചു താഴെ കിടന്നു. സൂരജിന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ഐദൻ പോക്കറ്റിൽ നിന്നെന്തോ എടുക്കാൻ ശ്രമിച്ചു. മൂർച്ചയേറിയ ഒരു കത്തിയായിരുന്നു അത്. ആ കത്തിയുടെ തിളക്കം സൂരജിന്റെ കണ്ണുകളിൽ തെറിച്ചു. സൂരജിന്റെ ഉള്ള് ഒന്നാകെ വിറച്ചു പോയി.
ഐദൻ ആ കത്തി പീലിയുടെ നെറ്റിയിലൂടെ ഇഴച്ച് ഒടുവിൽ കഴുത്തിലേക്ക് അമർത്തി വെച്ചു. പീലി ഉമിനീരിറക്കി . അവളുടെ ശരീരം ആലില പോലെ വിറയ്ക്കുന്നത് ഐദൻ തിരിച്ചറിഞ്ഞു.ഐദൻ സൂരജിന്റെ കണ്ണുകളിലേക്ക് നോക്കി ആ കത്തി കുറച്ചു കൂടി പീലിയുടെ കഴുത്തിലേക് മുറുക്കി. പീലിയുടെ കഴുത്ത് മുറിഞ്ഞു ചെറുതായി ചോര പൊടിഞ്ഞു. അവൾക്ക് ജീവിതം അവസാനിക്കാൻ പോകുന്നുവെന്ന് തോന്നി. അതേ വേദനയോടെ അവൾ സൂരജിനെ നോക്കി.സൂരജിന് അവളുടെ ആ നോട്ടം സഹിക്കാനായില്ല.പ്രതീക്ഷയുടെ ഒരു തരിമ്പ് അവനാ കണ്ണുകളിൽ കണ്ടിരുന്നുവോ?. അവൻ നിലത്തേക്ക് തന്റെ തലയിടിച്ചു.
തുടരും

by