രചന – നെച്ചു നസ്രിൻ
സാധിക പീലിയെ ഒട്ടും പ്രതീക്ഷിക്കാതെ അവിടെ കണ്ടതിൽ തരിച്ചു നിൽക്കുകയായിരുന്നു. പീലിയുടെ മനസ്സിൽ ആശങ്ക നിറഞ്ഞു. അവരിരുവരും പരസ്പരം നോക്കി നിൽക്കുന്നത് കണ്ടതും മേരി സാധികയെ പീലിയ്ക്ക് പരിചയപ്പെടുത്തി. സാധിക ചിരിച്ചെന്നു വരുത്തി. മേരി അരികിൽ നിന്ന് മാറിയതും സാധിക പീലിയ്‌ക്കരികിലേക്ക് വന്നു. പീലി അവൾക്ക് മുഖം കൊടുത്തില്ല.
“പീലി നീയെന്താ ഇവിടെ. അത് നിന്റെ ആരാണ്”?.
“എന്തായാലും നിനക്കെന്താ?. എന്നെ എന്റെ വഴിക്ക് വിട്ടേക്ക്”.
“പറ്റില്ല നീ പറഞ്ഞില്ലേൽ ഞാനവരോട് തന്നെ ചോദിക്കും. നിന്നെ എനിക്കറിയാമെന്ന് അവരോട് ഞാൻ പറയും. ഞാൻ മൂന്നാല് മാസം കൊണ്ട് ഇവിടെയാണുള്ളത്. മേരിയമ്മയെ പലതവണ കണ്ടിട്ടുമുണ്ട്. നിങ്ങൾ തമ്മിൽ എങ്ങനെയാ പരിജയം”?.
പീലിയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.
“രേഷ്മ എവിടെയാണുള്ളത്. അവളിപ്പോൾ ഹാപ്പി അല്ലെ”?.
സാധിക അവളെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല. എല്ലാം ഇവളോട് പറഞ്ഞില്ലെങ്കിൽ ഒരു പക്ഷേ ഇവൾ മറ്റാരെയെങ്കിലും താനിവിടുള്ള കാര്യം അറിയിക്കുമോ എന്നവൾ ഭയപ്പെട്ടു. മരബെഞ്ചിലിരുന്നു അവൾ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെല്ലാം സാധികയോട് തുറന്നു പറഞ്ഞു. മുഴുവൻ കേട്ടതും സാധിക അവളെ ഒരുപാട് വഴക് പറഞ്ഞു. എല്ലാത്തിലും നിന്ന് ഒളിച്ചോടി നടന്നത് കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകില്ലെന്നവൾ ആവർത്തിച്ചു പറഞ്ഞു.
രേഷ്മ പറഞ്ഞ് സാധികയുടെ കാര്യം പീലിയ്ക്കറിയാമായിരുന്നു. ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായി സ്വന്തം ജീവിതം ഇവിടുള്ളവർക്ക് വേണ്ടിയവൾ ഉഴിഞ്ഞു വെച്ചു എന്നറിഞ്ഞതിൽ അത്ര നാൾ വരെ സാധികയോട് തോന്നിയ വെറുപ്പൊക്കെ അലിഞ്ഞു പോയിരുന്നു.
“പീലി നിന്നെ അത്രയും സ്നേഹിക്കുന്നവരെ നീ ഇങ്ങനെ സങ്കടപ്പെടുത്തമോ. അവരൊക്കെ നീ എവിടാണെന്ന് അറിയാതെ വിഷമിക്കുന്നുണ്ടാകും”.
“സാധിക അതൊക്കെ എനിക്കറിയാം. ഞാൻ തിരികെ ചെന്നാൽ അവർ എന്നെ ഇരുകയ്യും നീട്ടി സ്വീകരിക്കും. പക്ഷേ നമ്മുടെ അതേ പ്രായമുള്ള മറ്റൊരു പെൺകുട്ടിയുടെ ജീവിതം വെച്ച് ഞാൻ കളിക്കില്ല. അയാളവളെ എന്തും ചെയ്യാൻ മടിക്കില്ല.ഞാൻ അവരിൽ നിന്നൊക്കെ മാറി നിൽക്കുന്നതാണ് ഇപ്പോൾ നല്ലത്. നീ എനിക്ക് വാക്ക് തരണം ഞാനിവിടുണ്ടെന്ന സത്യം നീ മറ്റാരോടും പറയില്ലെന്ന്”.
“പീലി അത്…നീ ഒന്ന് കൂടി ആലോചിച്ചു നോക്കു . നിന്റെ ജീവിതമാണ്.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നിനക്കൊരുപാട് പേരുണ്ട് “.
“ഇല്ല സാധിക അതിനെനിക്കാവില്ല.എന്നെ സ്നേഹിക്കുന്നത് കൊണ്ട് അവർക്കെല്ലാം ദോഷം മാത്രമേ വരൂ.നിനക്കെന്നോട് ദയവ് തോന്നണം. ആരും അറിയാൻ പാടില്ല ഞാനിവിടുണ്ടെന്ന്. പ്ലീസ്”.
മനസ്സില്ലാ മനസോടെ സാധിക പീലിയ്ക്ക് വാക്ക് കൊടുത്തു. പീലി തിരികെ പോയിട്ടും സാധികയ്ക്ക് മനസമാധാനം കിട്ടിയില്ല. അവൾ മുറിയിൽ എന്തൊക്കെയോ ആലോചിച്ചു കൂട്ടി. അമ്മമാരിൽ ആരോ അവളെ വിളിച്ചതും ചിന്തകൾക്ക് വിരാമമിട്ട് അവൾ തിരക്കുകളിലേക്ക് ഊളിയിട്ടു.
ഐദൻ റൂമിലെ ബാൽക്കണിയിൽ വെറുതെയിരുന്നു. അന്ന എന്ന ഒറ്റബിന്ദുവിൽ ചുറ്റിതിരിയുകയായിരുന്നു അവനപ്പോൾ. അന്ന അവസാനമായി തന്നോട് സംസാരിച്ചത് പോലും സൂരജിനെ കുറിച്ചായിരുന്നു. തനിക്ക് നഷ്ടപെടാനുള്ളതെല്ലാം നഷ്ടമായി. അന്നയായിരുന്നു തന്റെ ലോകം. എന്നാലിപ്പോൾ വഴിയറിയാതെ പകച്ചു നിൽക്കുന്ന ഒരു കൊച്ചു കുട്ടിയാണ് താൻ. സൂരജിനെ കുറിച്ചോർത്തതും അവന്റെ പകയടങ്ങിയിരുന്നില്ല. വീണ്ടും അവനിലെ പകയെ അവൻ ആളി കത്തിച്ചു.
“സൂരജ് നിനക്കൊരിക്കലും പീലിയോടൊപ്പം ജീവിക്കാനാകുമെന്ന് കരുതണ്ട. അവളിനി നിന്നിലേക്ക് വരാൻ ഞാൻ സമ്മതിക്കില്ല. അവസാന നിമിഷത്തിൽ എന്റെ അന്ന പറഞ്ഞത് നിന്നെക്കുറിച്ചു മാത്രമാണ്. എനിക്കുണ്ടായ നഷ്ടം , അതൊരിക്കലും നികത്താൻ കഴിയില്ല. നിന്റെ സന്തോഷം അത് ഞാനാഗ്രഹിക്കുന്നില്ല. അന്നയ്ക്ക് സ്വന്തമാകാത്ത ഒന്നും മാറ്റർക്കും സ്വന്തമാക്കാൻ ഞാനനുവദിക്കില്ല.നീയൊന്നു മനസ് വെച്ചെങ്കിൽ ഇപ്പോളെന്റെ അന്ന സന്തോഷത്തോടെ ഞങ്ങടെ കൂടെ ഉണ്ടായേനെ. മരണം വരെയും നീയെന്റെ മുന്നിൽ തെറ്റകാരനാണ്. മാപ്പർഹിക്കാത്ത തെറ്റാണു നീ ചെയ്തത്. എന്റെ അന്ന “.
അവന്റെ കണ്ണ് നീറി പുകഞ്ഞു.ഐദന്റെ പകയുടെ ചിതയെരിയുന്നത് അറിയാതെ സൂരജ് പീലിയെ അന്വേഷിച്ചു കൊണ്ടേയിരുന്നു. ഒപ്പം ജീവനും ആനന്തും ഉണ്ടായിരുന്നു. ഭദ്രയിൽ ജീവനുണ്ടോ എന്ന് പോലും സംശയം തോന്നിക്കും വിധമായിരുന്നു അവസ്ഥ. പീലിയുടെ അസാനിധ്യം പല ജീവിതങ്ങളെയും സാരമായി തന്നെ ബാധിച്ചിരുന്നു.
“പീലി നീ എവിടെയാണ്. നീയില്ലായ്മയിൽ ഞാൻ സ്വയം എരിഞ്ഞടങ്ങുന്നത് നിയറിയുന്നുണ്ടോ. നിന്നെ മാത്രം സ്നേഹിക്കുന്ന കുറച്ച് ജന്മങ്ങൾ മരിക്കാനാകാതെ കഴിയുന്നത് നീ തിരിച്ചറിയുന്നുണ്ടോ. എങ്ങനെ കഴിയുന്നു പീലി ഇങ്ങനെ വിട്ട് നിൽക്കാൻ. തിരികെ മടങ്ങി വരൂ. നിന്നെ ഞാൻ പ്രണയിച്ചു പോയതല്ലല്ലോ നീ എന്റെ പ്രാണനായി പോയതല്ലേ “.
സൂരജ് മൗനമായി തേങ്ങി. എല്ലാവരും എല്ലായിടത്തും പീലിയെ തിരഞ്ഞു.സൂരജിന്റെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിനോട് ചേർന്നൊരു ചെറിയ ചായക്കടയുണ്ട്. പ്രായമുള്ള ഒരാളുടെ വരുമാനമാർഗം.അന്നത്തെ ദിവസത്തെ അലച്ചിലിനൊടുവിൽ സൂരജ് തളർന്നവശനായി ആ കടയുടെ മുന്നിലേക്കിരുന്നു. സൂരജിന്റെ മുഖം കണ്ട ആ വൃദ്ധൻ ഒരു ഗ്ലാസ്സിലേക്ക് കടുപ്പത്തിലൊരു ചായ പകർന്ന് സൂരജിന് നീട്ടി. സൂരജ് അയാളുടെ കണ്ണിലേക്കു നോക്കി. എന്തോ മറുത്തു പറയാൻ തോന്നിയില്ല അവന്.
ചായയുടെ ചൂട് തൊണ്ടകുഴിയിൽ നിന്ന് നെഞ്ചിലേക്കിറങ്ങി. ആ ചൂട് വയറിലെത്തിയതും അവനൊരു വെപ്രാളം തോന്നി. ആഹാരം പോലും മറന്ന് അവളെയന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കണക്കില്ലാത്ത ദിവസങ്ങളായിരിക്കുന്നു.
“എന്താ കുഞ്ഞേ മുഖം വല്ലാതെയിരിക്കുന്നെ. എന്തെങ്കിലും പ്രശ്‌നമുണ്ടോ”?.
അവനയാളെ നോക്കി ഇല്ലെന്നർത്ഥത്തിൽ തലയാട്ടി.അവന്റെ മനസ് കലങ്ങി മറിഞ്ഞിരിക്കുന്നത് എന്ത് കൊണ്ടോ അവന്റെ കണ്ണിലൂടെ ആ വൃദ്ധൻ കണ്ടു. അലിവോടെ അയാൾ കുറച്ച് നേരം നോക്കി നിന്ന ശേഷം അയാളുടെ ജോലിയിലേക്ക് തിരിഞ്ഞു.ദൂരേക്ക് നോക്കി സങ്കടത്തിലിരിക്കുന്ന സൂരജിനെ അയാളിടക്കിടക്ക് നോക്കി. ഗ്ലാസ് തിരികെ കൊടുത്ത് പോക്കറ്റിൽ നിന്ന് പൈസ എടുക്കുമ്പോളും സൂരജിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു.
“മോനെ നീ എന്തിനാണ് ഇങ്ങനെ സങ്കടപെടുന്നത്. കുഞ്ഞിന്റെ മനസിലെന്തോ വേദനയുണ്ടെന്ന് ഈ മുഖം കണ്ടാൽ അറിയാമല്ലോ”.
അയാളുടെ വാക്കുകൾ കേൾക്കെ സൂരജിൽ ദുഃഖം നിറഞ്ഞു. വേദനയോടെ അവനൊന്നു ചിരിച്ചു.
“വിഷമങ്ങളും പ്രയാസങ്ങളും എല്ലാവർക്കും ഉണ്ടാകും. നമ്മളതിനെ തരണം ചെയ്യുമ്പോളല്ലേ ജീവിതം അതിന്റെ ഒഴുക്കിൽ ഒഴുകൂ “.
“എന്റെ ജീവനും ജീവിതവുമൊക്കെ ഇപ്പോ എങ്ങോട്ടെന്നില്ലാതെ അലഞ്ഞു പോകുകയാണ്”.
“അങ്ങനെ ഒന്നും ചിന്തിക്കരുത് മോനെ. മറ്റൊരാളുടെ സങ്കടത്തിൽ അയാളോട് വിഷമിക്കരുതെന്ന് പറയാൻ ആർക്കും കഴിയും പക്ഷേ എല്ലാത്തിനെയും നേരിടാൻ കഴിവ് വേണമെന്ന് ആരും പറയില്ല. കുഞ്ഞിന്റെ പ്രശ്നം എന്താണ്”?.
“അത്, ഞാൻ പ്രാണനെക്കാളേറെ സ്നേഹിച്ച എന്റെ ഭാര്യ എന്നെ വിട്ട് പോയി. കുറച്ച് ദിവസങ്ങളായി എവിടെ പോയെന്ന് അറിവില്ല. എല്ലായിടത്തും ഞാൻ അന്വേഷിച്ചു. ഇനി എന്ത് ചെയ്യുമെന്നറിയില്ല”.
“നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ മോനെ”?.
“ഇല്ല. എനിക്കവളെയും അവൾക്കെന്നെയും ജീവനായിരുന്നു. ക്ഷണിക്കാതെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയ കുറച്ച് പേര് കാരണമാണ് ഞങ്ങൾക്കീ വിരഹം അനുഭവിക്കേണ്ടി വന്നത്”.
കുറേ നേരം അവരിരുവരും സംസാരിച്ചു. ഒരുപാട് വർഷങ്ങളുടെ ജീവിതാനുഭവമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ സൂരജിൽ ഒരു തരിമ്പ് ആശ്വാസം നിറച്ചു.മടങ്ങി പോരാൻ ഇറങ്ങും വഴിയാണ് സൂരജ് ഫോണിലെ പീലിയുടെ ഫോട്ടോ അദ്ദേഹത്തിന് കാണിച്ചു കൊടുത്തത്. ആ മനുഷ്യൻ ഫോട്ടോയിലേക്ക് കുറച്ചധികനേരം നോക്കി നിന്നു
“ഞാനൊരു കാര്യം മോനോട് പറയാം. അതെത്രത്തോളം ശെരിയാണ് എന്നറിയില്ല. ഞാനീ മോളെ കണ്ടിട്ടുണ്ട്. ഈ ബസ് സ്റ്റോപ്പിൽ വെച്ച് രാവിലെ പല ദിവസങ്ങളിലും ഞാൻ ഈ കുട്ടിയെ കാണാറുണ്ട്. എന്നെയൊന്നു നോക്കി ചിരിക്കാറുണ്ട് പതിവായി. പക്ഷേ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഞാനീ കുട്ടിയെ കണ്ടതായി ഓർക്കുന്നുണ്ട്”.
“എപ്പോഴാണ് എന്ന് കൃത്യം ഓർമ്മയുണ്ടോ”?.
“ഞാനെന്നും വെളുപ്പിനെയാണ് കട തുറക്കുന്നത്. പണ്ട് മുതലുള്ള പരിചയക്കാർ രാവിലെ ചായക്ക് വരാറുണ്ട്. അന്ന് ഒരു 5 അല്ല ഒരു 4 മണിയായിട്ടുണ്ടാകും. ഞാൻ കട തുറക്കാനായി വരുമ്പോളാണ് ബസ് സ്റ്റോപ്പിൽ ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടത്. ഞാനാദ്യം ശ്രദ്ധിച്ചില്ല. കട തുറന്ന് വെള്ളം അടുപ്പിൽ വെയ്ക്കുന്ന നേരത്താണ് ഞാൻ മുഖം ശ്രദ്ധിച്ചത്. ഒറ്റക്കായിരുന്നു .പരിചയം വെച്ച് കാര്യം തിരക്കാനായി ചെന്നതും ഒരു ബസ് വന്നു അതിൽ കയറി ആ മോൾ പോയി”.
“ബസിലോ”?.
“അതേ. ഒരുപക്ഷെ അങ്ങനെ തന്നെ ആകണമെന്നില്ല. ഞാൻ ചിലപ്പോൾ കണ്ടതിന്റെ പ്രശ്നമായിരിക്കും. എന്നാലും മോനോട് അത് പറയണമെന്ന് തോന്നി പറഞ്ഞതാ. ആ നേരത്ത് ഒറ്റയ്ക്കൊരു പെൺകുട്ടിയെ കണ്ടപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു”.
“ആ ബസ് എങ്ങിട്ടേക്കുള്ളതായിരുന്നു എന്നറിയാമോ”.
“വെളുപ്പിനെ 4:05 നുള്ള ഫാസ്റ്റ് ഊട്ടിയ്ക്കാണ്. അതിലാണ് ആ കൊച്ചു കയറി പോകുന്നത് കണ്ടത്”.
സൂരജ് അദ്ദേഹത്തെ നന്ദിയോടെ നോക്കി. അവൻ വേഗം വീട്ടിലേക്ക് തിരിച്ചു. അവന്റെ മനസിൽ പീലി തന്നെ ആയിരിക്കുമോ അതെന്ന് സംശയമുണ്ടായിരുന്നു. ഒരു പക്ഷേ വീട്ടിൽ അമ്മ ഉണരും മുൻപ് പോകാനായിരിക്കും അവൾ തീരുമാനിച്ചത്. പീലി തന്നെയായിരിക്കും അതെന്ന് അവൻ ഉറപ്പിച്ചു. പക്ഷെ ഊട്ടിയിലേക്ക്???. അവനപ്പോൾ തന്നെ ജീവനെയും ആനന്ദിനെയും വിവരമറിയിച്ചു. ഊട്ടിയിലേക്ക് പോയി അന്വേഷിക്കാമെന്ന് മൂവരും തീരുമാനിച്ചു.
പീലിയുടെ മനസ് അസ്വസ്ഥമായിരുന്നു. സാധിക ആരോടെങ്കിലും തന്നെ കുറിച്ച് പറയുമോ എന്നവൾ ഭയപ്പെട്ടു. മേരി അറിയാതെ അവിടെ നിന്ന് പുറത്ത് കടക്കാനും അവൾക്കാകില്ലായിരുന്നു. പീലിയുടെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി.
രേഷ്മ മുറിയിൽ വെറുതെ കിടന്നു. പീലിയെ കുറിച്ച് ഒരു വിവരവും ഇത് വരെ അറിയാൻ കഴിഞ്ഞില്ല. അവൾക് പീലിയോട് നീരസം തോന്നി. തന്നോട് പോലും ഒരു വാക്ക് പറയാതെ ഇങ്ങനെ ഓടി മറയണമായിരുന്നോ. ഒളിച്ച് കളിയൊക്കെ കഴിഞ്ഞ് വരുമല്ലോ എന്റടുത്തു രേഷൂന്ന് വിളിച്ച്.അപ്പൊ ഞാനവൾക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. രേഷ്മ പരിഭവത്തിൽ ചുണ്ട് കോട്ടി. ഫോണിലേക്ക് പരിചയമില്ലാത്തൊരു നമ്പറിൽ നിന്ന് കാൾ വന്നതും ഒന്ന് സംശയിച്ചു നിന്നിട്ട് ആ കാൾ അവൾ അറ്റൻഡ് ചെയ്തു.
“രേഷ്മ ഇത് ഞാനാ സാധിക”.
സാധിക എന്ന പേര് കേട്ടതും എവിടെ നിന്നോ ഒരു ദേഷ്യം രേഷ്മയിൽ നിറഞ്ഞു. ശ്വാസം നീട്ടി വലിച്ചു അവളാ ദേഷ്യത്തെ നിയന്ത്രിച്ചു. അവളുടെ മനസിൽ അന്ന് കോളേജിൽ തന്നെ കാണാൻ വന്ന സാധികയുടെ മുഖമായിരുന്നു.
“ആഹ് എന്താ സാധിക. പറഞ്ഞോളൂ”.
“അത് എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. ഞാൻ കഴിഞ്ഞ ദിവസം പീലിയെ കണ്ടിരുന്നു”.
പീലി എന്ന വാക്ക് സാധികയുടെ വായിൽ നിന്ന് കേട്ടതും രേഷ്മ കിടന്നിടത്ത് നിന്ന് ചാടിയെണീറ്റു.
“പീലിയെ നീ കണ്ടെന്നോ?. എവിടെ വെച്ചാണ് നീയവളെ കണ്ടത്.?എപ്പോളാ കണ്ടത്?. പറയ്”.
“പറയാം രേഷ്മ നീ സമാധാനത്തിലൊന്ന് കേൾക്ക്. ഞാനിപ്പോൾ ഊട്ടിയിലാണ് താമസം. ഇവിടൊരു ഓർഫനേജുണ്ട്. കഴിഞ്ഞ ദിവസം പീലി ഇവിടെ വന്നിരുന്നു. ആകസ്മികമായാണ് ഞങ്ങൾ കണ്ടു മുട്ടിയത്. ആദ്യം ഞാൻ ചോദിച്ചിട്ട് അവളൊന്നും പറഞ്ഞില്ല. മുഖത്തെ പരിഭ്രമം മനസിലാക്കിയാണ് ഞാനവളോട് കൂടുതൽ സംസാരിച്ചത്. അപ്പോളാണ് എന്നോടവളെല്ലാം പറഞ്ഞത്”.
“എന്നിട്ട് പീലിയിപ്പോൾ എവിടെയുണ്ട്”?.
“അവളിവിടൊരു അമ്മയുടെ വീട്ടിലാണ് താമസം.മേരി. പീലി എല്ലാ കാര്യങ്ങളും അവരോടും പറഞ്ഞിട്ടുണ്ട്. എന്നോട് അവളിവിടെയുള്ള കാര്യം ആരോടും പറയരുതെന്ന് നിർബന്ധം പറഞ്ഞതാണ്. പക്ഷേ എനിക്കെന്തോ ഇത് പറയാതിരിക്കാൻ കഴിഞ്ഞില്ല. ഞാനേറ്റവും കൂടുതൽ ദ്രോഹിച്ചിട്ടുള്ള നിന്നെയല്ലേ, അപ്പൊ ഇങ്ങനെ എങ്കിലും ഒരു പ്രായശ്ചിത്തം ചെയ്യാമെന്ന് കരുതി. നിങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഇങ്ങോട്ടേക്ക് വരണം. ചിലപ്പോൾ എന്നെ ഭയന്നവൾ അവിടെ നിന്ന് പോയെന്ന് വരാം”.
“ആഹ് ശെരി സാധിക. ഒരുപാട് നന്ദിയുണ്ട്. ഞങ്ങളെല്ലാവരും അവളെ കാണാതെ ഒരുപാട് വിഷമിച്ചിരിക്കുവാണ്. സൂരജേട്ടനും ആനന്തും ജീവൻ സാറുമൊക്കെ കുറേ ദിവസങ്ങളായി അവളെയന്വേഷിച്ചു നടക്കുകയാണ്”.
“നന്ദി പറച്ചിലിന്റെ ആവശ്യമില്ല രേഷ്മ. നിന്റെ നമ്പർ കിട്ടാൻ ഞാൻ കുറച്ച് കഷ്ട്ടപെട്ടു. എത്രയും പെട്ടെന്ന് ഈ വിവരം നിങ്ങളെ അറിയിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഇവിടേക്ക് വന്നിട്ട് ഈ നമ്പറിൽ വിളിച്ചാൽ മതി. ഇത് പള്ളിയിലെ ഫോൺ ആണ്”.
രേഷ്മയിൽ സന്തോഷവും സങ്കടവും കൂടിക്കലർന്നൊരു വികാരമായിരുന്നു. അവൾ ആനന്ദിനെ അപ്പോൾ തന്നെ വിളിച്ചു കാര്യം പറഞ്ഞു. അറിഞ്ഞ വിവരത്തിലെ സന്തോഷം കാരണം അവൾക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല. സൂരജിനൊപ്പം ആനന്തും ജീവനും ഊട്ടിയിലെ വഴികളിൽ പീലിയെ തേടി അലയുകയായിരുന്നു. അപ്പോളാണ് ആനന്ദിന്റെ ഫോണിലേക്ക് രേഷ്മയുടെ കാൾ വന്നത്. ആനന്ദിന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു.
“സൂരജേട്ടാ പീലി ,അവളെവിടെയുണ്ടെന്ന് അറിഞ്ഞു. രേഷ്മയാണിപ്പോൾ വിളിച്ചത്. അവൾ പറഞ്ഞ് സൂരജേട്ടാ”.
സൂരജിന് ഒരു നിമിഷമെന്ത് ചെയ്യണമെന്ന് അറിയാൻ കഴിഞ്ഞില്ല. അവന്റെ കൈ കാലുകൾ തളർന്ന് പോയി. ശക്തി സംഭരിച്ചു അവൻ ആനന്ദിന്റെ അടുക്കലേക്ക് പോയി. പീലി എവിടെയാണ് എന്നറിഞ്ഞതും അവൻ കരച്ചിലോടെ കാറിന്റെ ബോണറ്റിലേക്ക് മുഖം പൊത്തി. ജീവൻ അവനെ ആശ്വസിപ്പിച്ചു. സാധിക വിളിച്ച നമ്പറിലേക്ക് തിരികെ വിളിച്ച ജീവൻ,അവർ പറഞ്ഞ ആ പള്ളിയിലേക്ക് പോകാനായി തയ്യാറെടുത്തു. അവർ നിൽക്കുന്നിടത്ത് നിന്നും കഷ്ടി 5 കിലോമീറ്റർ മാത്രം. സൂരജ് കാർ വേഗത്തിൽ ഓടിച്ചു.
കാറിന്റെ വേഗത ഞാനങ്ങ് കുറച്ചു. നാളെ വരെ ആ കാർ ഓടട്ടെ. അപ്പൊ നാളെ ❤️❤️

by