രചന – നെച്ചു നസ്രിൻ
ഞായറാഴ്ച ദിവസമാണ് നിശ്ചയം. തലേന്നോടെ തന്നെ വീട്ടിൽ പാചകക്കാരും മറ്റും എത്തി. രുക്‌മിണിയുടെ അടുത്ത ബന്ധുക്കളും വന്നു. വിശ്വനാഥനു സുഹൃത്തുക്കൾ മാത്രമേയുള്ളു. വീട്ടിൽ വെച്ചു തന്നെ ചടങ്ങ് നടത്തുന്നതിനാൽ വേണ്ടപ്പെട്ടവരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ.
ഓണം വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന് പറയും പോലെയാണ് പീലിയുടെ കാര്യം. അവൾക് ജോലിയൊഴിഞ്ഞ ദിവസമില്ലല്ലോ. എല്ലാ കാര്യങ്ങൾക്കും അവളാണ് ഓടി നടക്കുന്നത്. രുക്‌മിണിയുടെ ബന്ധുക്കൾക്കും പീലിയോട് ഇഷ്ടക്കേടാണ് .
വീണ രണ്ട് ദിവസം മുന്നെ തുടങ്ങിയ ഒരുക്കമാണ്. ചടങ്ങ് ചെറുതാണെങ്കിലും അവളുടേതായ ആർഭാടങ്ങൾക്ക് കുറവൊന്നുമില്ല താനും. രാത്രി ഒരു മണിയോടടുത്തു പീലി ഒന്ന് കിടന്നപ്പോൾ. അവളുടെ റൂമിലൊക്കെ ആരൊക്കെയോ കിടന്നു കഴിഞ്ഞിരുന്നു. ഒരു പായ എടുത്തു അവൾ ഇറയത്തു വന്നു കിടന്നു. ഒന്ന് മയങ്ങി വന്നപ്പോളേക്കും പുറത്തെ ജോലിക്കാരുടെ ബഹളം തുടങ്ങി.
പാചകം തുടങ്ങിയതിiന്റെ ബഹളമായിരുന്നു. ക്ലോക്കിലേക്ക് നോക്കിയതും 5 മണി. അവൾ മെല്ലെ എണീറ്റു അടുക്കളയിലേക്ക് നടന്നു. മുഖം കഴുകി എല്ലാർക്കുമുള്ള ചായ ഉണ്ടാക്കി വെച്ച് കുളിക്കാനായി പോയി.
വീണയെ ഒരുക്കാനായി 8 മണിക്ക് ബ്യൂട്ടീഷ്യൻ വന്നു. എന്തൊക്കെയോ വാരിത്തേച്ചു സുന്ദരിയാക്കാനുള്ള ശ്രമം തുടങ്ങി. എല്ലാവരും ഓരോ കാര്യങ്ങൾക്കായി ഓടിനടക്കുകയാണ്. വീടിനു മുന്നിലായി ചെറിയൊരു പന്തലിട്ട്ടു . അവിടെ വെച്ചാണ് ചടങ്ങ് നടത്താൻ ഉദേശിച്ചത്.
നീണ്ട കരയുള്ള കസവു മുണ്ടും ഡാർക്ക് പർപ്പിൾ കളർ ലോങ്ങ് കുർത്തിയും ആയിരുന്നു സൂരജിന്റെ വേഷം. അവനൊരു പ്രത്യേക തേജസ് ഉണ്ടായിരുന്നു മുഖത്ത്. മുതിർന്ന എല്ലാവർക്കും ദക്ഷിണ വെച്ച് സൂരജ് അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും തീർത്ഥയ്ക്കും ഒപ്പം കാറിലേക്ക് കയറിയിരുന്നു.അഭിലാഷ് ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ.
മണ്ഡപത്തിൽ എഴുതിരിയിട്ട് വിളക്ക് കത്തിച്ചിട്ടുണ്ടായിരുന്നു. പൂജാരി കാര്യങ്ങളൊക്കെ കൃത്യമായി ഒരുക്കിവെച്ചു. സൂരജും കൂട്ടരും വന്നപ്പോൾ വിശ്വൻ നിറഞ്ഞ പുഞ്ചിരിയാലെ എല്ലാവരെയും സ്വീകരിച്ചിരുത്തി. സൂരജ് ഇരിപ്പിടത്തിലേക്ക് ഇരുന്നു. വീണ ഒരു കൂട്ടം പെൺകുട്ടികളോടൊപ്പം അവനരികിലേക്ക് നടന്ന് വന്നു. തീർത്ഥക്ക് അവളുടെ കോലം കണ്ടിട്ട് ചിരി വന്നു. ആന എഴുന്നള്ളിപ്പിന് വരും പോലെ. അവൾക്കുള്ള ഒരു ഭംഗിയെ ഇല്ലായ്മ ചെയ്യും വിധം ഒരുങ്ങികെട്ടിയാണ് വീണയുടെ വരവ്.
വീണ സൂരജിനരികിലേക്കിരുന്നു. അവൻ തല ചെരിച്ചു അവളെ നോക്കിയ അതെ സമയത്താണ് അവളും അവനെ നോക്കിയത്. രണ്ടും പേരും പരസ്പരം നോക്കി ചിരിച്ചു. ജാതകം കൈമാറുകയാണ് എന്ന് മൂന്നു തവണ വിശ്വനാഥനും ജാതകം വാങ്ങിക്കുന്നു എന്ന് മൂന്നു തവണ പ്രഭാകരനും ഉറക്കെ പറഞ്ഞതിന് ശേഷം ജാതകം കൈമാറി.
തളികയിലെ സൂരജിന്റെ പേര് കൊത്തിയ സ്വർണ്ണമോതിരം സുഭദ്ര സൂരജിന് കൊടുത്തതും അവനത് വീണയുടെ മോതിരവിരലിലേക്ക് ഇട്ടു കൊടുത്തു. രുക്‌മിണി മോതിരം വീണയുടെ കയ്യിൽ കൊടുത്തതും അവളത് സൂരജിന്റെ വിരലിലേക്ക് ഇട്ടു കൊടുത്തു. പൂജാരി പറഞ്ഞ പ്രകാരം രണ്ട് പേരും എല്ലാ മുതിർന്നവരുടെയും കാൽ തൊട്ട് അനുഗ്രഹം വാങ്ങി.
ചടങ്ങുകൾ കഴിഞ്ഞ് ആഹാരം കഴിക്കാൻ പോകും നേരമാണ് സുഭദ്ര പീലിയെ അന്വേഷിക്കുന്നത്. ആരെയോ തിരയുന്ന അമ്മയെ തീർത്ഥ അപ്പോളാണ് ശ്രദ്ധിച്ചത്.
“അമ്മ ഇതാരെയാ ഈ നോക്കുന്നെ “?.
“അല്ല ചിന്നു , ഈ വീട്ടിലെ മൂത്ത കുട്ടി പീലിയെ നോക്കിയതാ. ഞാൻ ഇതുവരെ ആ കുട്ടിയെ കണ്ടിട്ടില്ല”.
” അതിവിടെ എവിടേലും കാണും. അല്ല അമ്മയിപ്പോ എന്തിനാ ആ കുട്ടിയെ തിരക്കുന്നത്”?.
“എന്റെ പെണ്ണെ , എനിക്കാ കൊച്ചിനെ ഒന്ന് കാണണമെന്നുണ്ട്. അത്രേ ഒള്ളു”.
“എങ്കിൽ വാ നമുക്കകത്ത് പോയി നോക്കാം”.
സുഭദ്രയും ചിന്നുവും ഒന്നിച്ചു പീലിയെ അന്വേഷിക്കാൻ തുടങ്ങി. ഒടുവിൽ വിസ്മയോട് ചോദിച്ചു.
“മോനെ പീലി മോൾ എവിടെയാ? അമ്മയ്‌ക്കൊന്ന് കാണാമായിരുന്നു”.
“ചേച്ചി അപ്പുറത്തുണ്ട്.ആന്റി ഇവിടെ നിൽക്കു ഞാൻ പോയി വിളിച്ചിട്ട് വരാം”.
അതും പറഞ്ഞു വീടിനു പുറകുവശത്തേക്ക് വിസ്മയ് പോയതും തൊട്ട് പിറകെ സുഭദ്ര നടന്നു .
“അമ്മ ഇവിടെ നിൽക്കു. ഇങ്ങോട്ട് വിളിച്ചോണ്ട് വരാമെന്നല്ലേ പറഞ്ഞത് “.
“എനിക്കത്ര ക്ഷമ ഇല്ല മോളെ , നീ വാ”.
അവർ രണ്ടാളും ചെല്ലുമ്പോൾ വിസ്മയ് ആരോടോ സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത്. മുഖം വ്യക്തമല്ല. വിസ്മയ് തിരിഞ്ഞതും സുഭദ്ര പീലിയെ കണ്ടു . അലസമായി അഴിഞ്ഞു കിടക്കുന്ന മുടിയിഴകൾ പോലും ആ പെണ്ണിന് വല്ലാത്തൊരു അഴക് നൽകി. രുക്‌മിണി വാങ്ങി നൽകിയ ചുരിദാർ ആണ് വേഷം. നെറ്റിയിൽ നിന്നും വിയർപ്പുത്തുള്ളികൾ അവളുടെ നീണ്ട കഴുത്തിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ആരും നോക്കി നിന്ന് പോകും സൗന്ദര്യമാണ് പീലിക്കെന്ന് തോന്നി സുഭദ്രക്ക്. തീർത്ഥ ശെരിക്കും അത്ഭുതപെട്ടുപോയി. ആ കൂറക്ക് ഇത്ര സുന്ദരിയായ ഒരു ചേച്ചിയോ!!!. പീലി രണ്ട് പേരെയും നോക്കി ചിരിച്ചു. സുഭദ്ര അവൾക്കരികിലേക്ക് നടന്നു.
“മോൾക്ക് അമ്മയെ മനസ്സിലായോ. നമ്മൾ കാണുന്നത് ആദ്യമായിട്ടല്ലേ “.
“എനിക്ക് മനസിലായി അമ്മേ.വിച്ചു പറഞ്ഞ് അമ്മ എന്നെ അന്വേഷിക്കുന്നെന്ന് “.
“എനിക്ക് മോളെയൊന്ന് കാണാൻ തോന്നി. ഇവിടെ വന്നപ്പോളും കാണാൻ പറ്റിയില്ല. പിന്നെ ഡ്രസ്സ് എടുക്കാൻ മോൾ വന്നില്ലല്ലോ ”
സുഭദ്ര പീലിയുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുവായിരുന്നു.
“പീലി എന്നാണല്ലേ പേര്. ഞാൻ തീർത്ഥ. എന്റെ ബ്രദർ ആണ് സൂരജ്. പീലി എന്ത് ചെയ്യുവാ”?.
“ഞാൻ എം എ ഫസ്റ്റ് ഇയർ ആണ്”.
അപ്പോളാണ് തീർത്ഥ പീലിയുടെ വസ്ത്രം ശ്രദ്ധിച്ചത്. തങ്ങൾ വാങ്ങികൊടുത്ത വസ്ത്രമല്ല അത്. അതുമല്ല എല്ലാവരും ചടങ്ങ് നടക്കുന്നിടത്ത് നിൽക്കുമ്പോൾ പീലി മാത്രം പാചകപ്പുരയിൽ. അവൾ സംശയത്താൽ പീലിയെ സൂക്ഷിച്ചു നോക്കി.
സുഭദ്ര പീലിയുടെ കരം കവർന്നു.
“അമ്മക്ക് മോളെ ഒന്ന് കാണണമെന്ന് വല്ലാത്ത ആഗ്രഹമായിരുന്നു. അന്ന് മോൾ ഉണ്ടാക്കിയ പലഹാരമൊക്കെ കഴിച്ചിട്ട് അമ്മക്കൊത്തിരി ഇഷ്ടായി”.
” ആഹ് തന്റെ പലഹാരത്തിന്റെ അഭിപ്രായം അങ്ങ് ബാംഗ്ലൂർ വരെ എത്തി കേട്ടോ.അമ്മ ഇപ്പോ അതിന്റെ വലിയ ഫാൻ ആണ്”.
പീലി ഹൃദ്യമായി ഒന്ന് ചിരിച്ചതേയുള്ളു.കുറച്ചധികം നേരം അവർ സംസാരിച്ചു നിന്നു.
“അല്ല മോളെന്താ അമ്മ കൊടുത്ത് വിട്ട ആ ധാവണി ഇടാതിരുന്നത്.ഇഷ്ടപെട്ടില്ലേ അത്”?.
സുഭദ്രയുടെ മുഖം മങ്ങിയത് കണ്ടതും പീലിയുടെ ഉള്ളൂ പിടഞ്ഞു. അവൾക്ക് പറയണമെന്ന് തോന്നി തന്റെ ജീവിതത്തിൽ ഇത്രയും പ്രിയപ്പെട്ട സമ്മാനം തനിക്കാരും ഇത് വരെ തന്നിട്ടില്ല എന്നുള്ള സത്യം.
“അയ്യോ അമ്മേ എനിക്കതൊരുപാട് ഇഷ്ടമായി. അതിന്റെ ബ്ലൗസ് തയ്ച്ചു കിട്ടിയില്ല അതാ ഇടാതിരുന്നത്”.
“ആഹ് ഞാനോർത്തു മോൾക്കിഷ്ടപ്പെട്ടിട്ടുണ്ടാവില്ലന്ന്”.
“ഏയ് അതൊരുപാട് നല്ലതാണ്”.
“ആഹ് തനിക്കായി അമ്മയുടെ സ്പെഷ്യൽ സെലെക്ഷൻ ആണ് “.
സുഭദ്രയെ ഭക്ഷണം കഴിക്കാൻ വിളിക്കാനായി വന്ന രുക്‌മിണി അപ്പോളാണ് പീലിയുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്ന സുഭദ്രയെയും തീർത്ഥയെയും കാണുന്നത്. അവരുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകി.കഷ്ടപ്പെട്ട് ഒരു ചിരി വരുത്തി അവർക്കരികിലേക്ക് നടന്ന് ചെന്നു.
“ആഹാ നിങ്ങളിവിടെ നിക്കുവാണോ. വന്നേ എല്ലാരും അന്വേഷിക്കുന്നുണ്ട്”.
“ആഹ് ഞങ്ങൾ പീലിമോളുമായി സംസാരിക്കുവായിരുന്നു. അല്ല മോൾ കഴിക്കുന്നില്ലേ വരൂ ഒന്നിച്ചു കഴികാം”.
“വേണ്ട ഞാൻ പിന്നെ കഴിച്ചോളാം”.
“വാ മോളെ നേരം വൈകിയല്ലോ”.
“അത് സാരമില്ല എനിക്ക് വിശപ് ആയിട്ടില്ല ഞാൻ പിന്നെ കഴിച്ചോളാം”.
അത് കേട്ടതും സുഭദ്രയും തീർത്ഥയും രുക്‌മിണിക്കൊപ്പം പോയി. ഇടക്ക് തീർത്ഥ തിരിഞ്ഞു നോക്കിയതും പീലിയുടെ കണ്ണിലെ നിസ്സംഗ ഭാവം അവൾ ശ്രദ്ധിച്ചു.
“നീ ഇവിടെ വായും നോക്കി നിന്നോ അവിടെ ആ പീലി സുഭദ്രയോടൊക്കെ സംസാരിച്ച് നിൽക്കുവാ”.
“അവരെന്തിനാ അവളെ കാണാൻ പോയത്”?.
“എനിക്കെങ്ങനെ അറിയാം നീ പോയി അവരോടൊക്കെ സംസാരിച്ച് നിക്ക്”.
കഴിക്കാൻ സൂരജും വീണയും ഒന്നിച്ചാണ് ഇരുന്നത്. കൈ കഴുകി തിരികെ നടന്ന സൂരജിനെ വീണ പിറകിൽ നിന്ന് വിളിച്ചു.
” സൂരജേട്ടാ. എന്റെ കയ്യിൽ ഏട്ടന്റെ നമ്പർ ഇല്ല. ഒന്ന് തരാമോ”?.
ഒന്ന് മടിച്ചിട്ടാണേലും സൂരജ് നമ്പർ കൊടുത്തു.
“ആഹ് ബെസ്റ്റ് സാധാരണ ആണുങ്ങളാണ് കെട്ടാൻ പോകുന്ന പെണ്ണിന്റെ നമ്പർ ചോദിച്ചു മേടിക്കാറ് , ഇതിപ്പോ അവൾ ഇങ്ങോട്ട് വന്ന് ചോദിക്കുന്നു എന്തോന്നെടെ ഇത്”?.
അഭിലാഷ് അവനെ കളിയാക്കാൻ മറന്നില്ല. ചടങ്ങെല്ലാം കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് തിരികെ കാറിൽ കയറുമ്പോളും സുഭദ്ര തിരഞ്ഞത് പീലിയെ ആയിരുന്നു. എന്നാലവൾ അപ്പോളും പാത്രങ്ങളോട് വഴക്കിടുന്ന തിരക്കിലായിരുന്നു.ജോലികളെല്ലാം കഴിഞ്ഞ് അവളൊന്നു കിടന്നപ്പോൾ നേരം ഒരുപാട് വൈകി. ദേഹം വല്ലാതെ വേദനയെടുക്കാൻ തുടങ്ങി.
രാത്രി പതിവ് പോലെ സുഭദ്രയുടെ മടിയിൽ തലചേർത്ത് കിടക്കുകയായിരുന്നു തീർത്ഥ.അമ്മയുടെ മുഖത്തപ്പോളൊരു പുഞ്ചിരിയുണ്ടായിരുന്നു.
“അമ്മ ഇപ്പൊ എന്താ ചിന്തിച്ചതെന്ന് ഞാൻ പറയട്ടോ”?.
” ആഹ് പറയ്”.
“പീലിയെ കുറിച്ചല്ലേ അമ്മ ചിന്തിച്ചത്”?.
“നിനക്കതെങ്ങനെ അറിയാം ചിന്നു”?.
“എനിക്കറിയാല്ലോ അവളെ കണ്ടപ്പോൾ തൊട്ടുള്ള ഈ മുഖത്തെ നൂറു വാൾട്ട് ചിരി”.
“എന്ത് നല്ല കുട്ടിയാണ് അല്ലേ “?.
“അതെ ,വളരെ നല്ല കുട്ടി തന്നെയാ.സുന്ദരി!!!!”
“നീ കഴിച്ചിട്ടില്ലല്ലോ അവളുണ്ടാക്കുന്ന ആഹാരം. ഒരിക്കൽ നീ ഒന്ന് കഴിച്ച് നോക്കിയാൽ നീയും പറയും വാ തോരാതെ”.
“അമ്മ , ഒരു കാര്യം ചോദിക്കട്ടോ”?.
“എന്താ മോളെ”.
“വീണയ്ക്ക് മുന്നെ പീലിയെ കണ്ടിരുന്നേൽ ഏട്ടന് വേണ്ടി പീലിയെ ആലോചിക്കുമോ അതോ വീണയെ ആലോചിക്കുമോ “?.
“ദേ നീ നിന്റെ നാക്കും കൊണ്ട് പോയെ. ഓരോ കുരുട്ട് ചോദ്യങ്ങളും കൊണ്ടിറങ്ങിയേക്കുവാ”.
മടിയിൽ ഇരുന്ന തലയിലൊരു കുത്തും കൊടുത്ത് സുഭദ്ര റൂമിലേക്ക് പോയി. തീർത്ഥയുടെ മനസ്സിൽ പീലിയുടെ കണ്ണിലെ ദുഖഭാവവും അവളുടെ വേഷവുമായിരുന്നു. എന്നാൽ ബെഡിൽ കിടന്ന സുഭദ്രയുടെ മനസ്സിലപ്പോ തീർത്ഥ ചോദിച്ച ചോദ്യമായിരുന്നു.
പതിവ് പോലെ ബാൽക്കണിയിലിരിക്കവേയാണ് സൂരജിന്റെ ഫോണിലേക്ക് ഒരു അൺ നോൺ നമ്പറിൽ നിന്ന് കാൾ വന്നത്. അവൻ കാൾ എടുത്ത് ചെവിയോട് ചേർത്ത് പിടിച്ചു
“ഹലോ ആരാ “?.
“ഹലോ സൂരജേട്ടാ ഇത് ഞാനാ വീണ”.
“ആഹ് താനോ ?.എന്താ ഈ നേരത്ത്”?.
“ഏയ് ഞാൻ ചുമ്മാ. കിടന്നിട് ഉറക്കം വന്നില്ല. ലൈഫിൽ ഏറ്റവും ഇമ്പോർടന്റ്റ് ആയ ഒരു കാര്യം നടന്ന ദിവസം അല്ലെ. അത് കൊണ്ടായിരിക്കും”.
“ആഹ്”.
“ഏട്ടന്റെ വീട്ടിൽ വന്ന ബന്ധുക്കളൊക്കെ പോയോ”?.
“ആഹ് അവരൊക്കെ വൈകിട്ടോടെ പോയി”.
“ആഹ് പിന്നെ സിസ്റ്റർ എന്നാ തിരിച്ച് പോകുന്നത്”?.
“അവൾ നാളെ വൈകിട്ടത്തെ ട്രെയിനിൽ പോകും”.
വീണ എന്തൊക്കെയോ സംസാരിച്ചു. കുറെ നേരം കഴിഞ്ഞ് ഗുഡ് നൈറ്റ് പറഞ്ഞു കാൾ കട്ട് ചെയ്യുമ്പോൾ സൂരജിന്റെ മനസിലെ ഭാരം കുറഞ്ഞ പോലെ തോന്നി.
പിറ്റേന്ന് കോളേജിലേക്ക് ചെല്ലുമ്പോൾ പീലിയുടെ മുഖത്തെ ഉറക്ക ക്ഷീണം രേഷ്മയും ആനന്തും മനസിലാക്കി ക്ലാസ്സിൽ കയറാതെ അവളെ ലൈബ്രറിയിലേക്ക് പറഞ്ഞ് വിട്ടു . നോട്സ് കൃത്യമായി എഴുതാൻ അനന്ദിനെ ഏല്പിച്ചു രേഷ്മയും പീലിയ്‌ക്കൊപ്പം പോയി. ഡെസ്കിൽ തല ചായ്ച്ചുറങ്ങുന്ന പീലിയുടെ നെറ്റിയിലേക്ക് ഊർന്ന് വീണ മുടിയിഴകളെ മാറ്റി അവളുടെ കവിളിൽ മൃദുവായി തലോടി.
ബാംഗ്ലൂരിലേക്ക് തിരിച്ചു പോകാനുള്ള ബാഗ് പാക്ക് ചെയ്യുന്ന തിരക്കിലാണ് തീർത്ഥ. ഹോസ്റ്റലിലെ ഫ്രണ്ട്സിന് കൊടുക്കാനുള്ള അച്ചാറും ചമ്മന്തി പൊടിയും എക്കെ സുഭദ്ര നേരത്തെ തന്നെ ബാഗിലാക്കി വെച്ച് കൊടുത്തു. റെയിൽവേ സ്റ്റേഷനിൽ സൂരജിനൊപ്പമാണ് തീർത്ഥ വന്നത്.
“ഏട്ടന് ശെരിക്കും ഈ കല്യാണത്തിന് ഇഷ്ടമുണ്ടോ”?.
ട്രെയിൻ കാത്തിരിക്കുന്നതിനിടയിലാണ് തീർത്ഥ സൂരജിനോട് ചോദിച്ചത്.
“എന്ത്”.
“അല്ല ഞാൻ വന്നപ്പോ തൊട്ട് ഏട്ടനെ ഹാപ്പി ആയി കണ്ടില്ല. നോർമലി കല്യാണം ഒക്കെ ആകുമ്പോ എല്ലാർക്കും സന്തോഷമല്ലേ അതാ ചോദിച്ചത്”.
“അമ്മയുടെയും അച്ഛന്റെയും തീരുമാനമാണ് ഈ വിവാഹം . അവർ എനിക്ക് വേണ്ടി നല്ലത് മാത്രമേ തിരഞ്ഞെടുക്കൂന്ന് എനിക്കുറപ്പുണ്ട് .പിന്നെ പെട്ടെന്ന് ഒരു കല്യാണം എന്ന് കേട്ടപ്പോ അക്‌സെപ്റ് ചെയ്യാൻ മനസ്സിനൊരു മടിയായിരുന്നു. ഇപ്പോ ഓക്കേ ആണ്”.
“ശെരിക്കും”?.
“അതേടി ഞാൻ ഹാപ്പി ആണ്. നീ വെറുതെ ഈ കുഞ്ഞി തലയിൽ വെല്യ കാര്യങ്ങൾ കുത്തികേറ്റണ്ട”.
തീർത്ഥയെ തോളോട് ചേർത്ത് നിർത്തി അവനത് പറഞ്ഞതും അവന്റെ ഫോൺ റിങ് ചെയ്തു. വീണ എന്ന് സേവ് ചെയ്തത് തീർത്ഥ കണ്ടു.
“ആഹ് വീണേ”
“തീർത്ഥ പോയോ സൂരജേട്ടാ”?.
“ഇല്ല ട്രെയിൻ വന്നിട്ടില്ല. വരാൻ ആകുന്നെ ഒള്ളു”.
കുറച്ചപ്പുറം മാറി നിന്ന് ഫോണിലൂടെ വീണയോട് എന്തൊക്കെയോ ചിരിച്ച് സംസാരിക്കുന്ന സൂരജിനെ തീർത്ഥ നോക്കി നിന്നു . അവൻ ഹാപ്പി ആണെന്ന് അവൾക്ക് മനസിലായി. ട്രെയിൻ വന്നതും തീർത്ഥയെ അതിനുള്ളിൽ കയറ്റി വിട്ട് സൂരജ് വീട്ടിലേക്ക് തിരിച്ചു.
################################
ഗൂയ്‌സ് എനിക്ക് ഹിന്ദു ആചാരപ്രകാരമുള്ള നിശ്ചയത്തെ ക്കുറിച്ച് വലിയ ധാരണയില്ല. അറിയുന്ന രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെറ്റുണ്ടെൽ ക്ഷമിക്കണം. പിന്നെ നിശ്ചയം മംഗളമായി നടത്തിയിട്ടുണ്ട്

by