രചന – നെച്ചു നസ്രിൻ
“ഭാമേ..വിശ്വനാഥൻ വിളിച്ചിരുന്നു അവർ ജാതകപൊരുത്തം നോക്കിയത്രേ.നമുക്ക് വേണമെങ്കിൽ ഒന്നൂടി നോക്കാം . പത്തിൽ എട്ടു പൊരുത്തമുണ്ടെന്നാണ് പറഞ്ഞത്. ഞാൻ അവരോട് നിശ്ചയത്തിന് മുഹൂർത്തം നോക്കാൻ പറഞ്ഞു”.
“ആഹ് അത് നന്നായി. ഒരുപാട് വെച്ച് താമസിപ്പിക്കണ്ടല്ലോ. അവർ ജ്യോത്സ്യരെ കൊണ്ട് നോക്കിയ സ്ഥിതിക്ക് ഇനിയിപ്പോ നമ്മൾ വേറെ നോക്കണ്ടല്ലോ. പിന്നെ ഏട്ടന് നിർബന്ധച്ചാൽ നോക്കാം”.
” ആഹ് താൻ എന്തായാലും ഇവിടുത്തെ നമ്മുടെ ജ്യോത്സ്യരെ കൂടി ഒന്ന് കണ്ടേക്ക്. എന്തിനും രണ്ട് അഭിപ്രായം ചോദിക്കുന്നത് എന്ത് കൊണ്ടും നല്ലതല്ലേ”.
രുക്‌മിണി നിലത്തും മാനത്തുമല്ല എന്ന അവസ്ഥയിലാണ്. ഇതിൽപരം സന്തോഷം അവർക്ക് വേറെയില്ല. എത്രയും പെട്ടെന്ന് ഈ കല്യാണമൊന്ന് നടന്ന് കിട്ടിയാൽ മതിയെന്നാണ് രുക്‌മിണിക്ക്.
മാണിക്യശേരി കുടുംബക്ഷേത്രത്തിലെ പ്രശസ്തനായ ജ്യോൽസ്യനാണ് മഹാദേവൻ നമ്പൂതിരി.ജ്യോതിഷവിധികളിൽ ആഗ്രകണ്യൻ.സൂരജിന്റെയും വീണയുടെയും ജാതകം ഒത്തുനോക്കി അദ്ദേഹം.
“എന്താ തിരുമേനി എന്തേലും പ്രശ്നം കാണുന്നുണ്ടോ”?.
ആശങ്കനിറഞ്ഞ അദ്ദേഹത്തിന്റെ മുഖം കണ്ടിട്ടാണ് സുഭദ്ര അമ്മ അത് ചോദിച്ചത്.
“കുഴപ്പം എന്ന് പറയാനില്ല പക്ഷേ എന്തൊക്കെയോ മറഞ്ഞിരിക്കുന്നത് പോലെ”!.
“ഈശ്വരാ. എന്റെ കുഞ്ഞിന്റെ ജീവിതം”!!!!!
“പേടിക്കാനായിട്ട് ഒന്നുമില്ല സുഭദ്രേ. പൊരുത്തമൊക്കെ പറഞ്ഞത് പോലെ തന്നെയാണ്.മനുഷ്യർക്ക് ഗണിക്കാൻ കഴിയുന്നതിനപ്പുറമല്ലേ ഈശ്വരന്റെ ചില തീരുമാനങ്ങൾ”.
” എന്തെങ്കിലും പ്രതിവിധിയുണ്ടോ തിരുമേനി”?.
“ആഹ് ഞാൻ കുറച്ച് വഴിപാടുകൾ പറയാം. അതൊക്കെ കൃത്യമായി ചെയ്താൽ ഈശ്വരാദീനം കൊണ്ട് എല്ലാം മംഗളമായി നടക്കും”.
രാവിലത്തെ സെക്കന്റ് ഹവർ ഫ്രീ ആയതിനാൽ രേഷ്മ ഡെസ്കിൽ തലചായ്ച്ചു വെച്ചു കിടന്നു. പീലി ഒരു ദീർഘനിശ്വാസത്തോടെ രേഷ്മയെ നോക്കി.
“രേഷു ഞാൻ ഒരു കാര്യം ചോദിക്കട്ടോ”?
“എന്താ പീലി”?.
“ശെരിക്കും നിന്റെ പ്രശ്നം എന്താണ്.എനിക്കൊരു പ്രശ്നവും ഇല്ല എന്നാണേൽ നീ പറയണം എന്നില്ല. എനിക്ക് കൃത്യമായൊരു മറുപടി വേണം”.
രേഷ്മ തലകുമ്പിട്ടിരുന്നു.
“രേഷു നിനക്കറിയാമല്ലോ എനിക്ക് നിങ്ങളൊക്കെ മാത്രമാണ് ഏക ആശ്വാസം. കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിന്നെ. നിന്നെ ഞാൻ നിർബന്ധിക്കില്ല. നിനക്ക് എന്നോട് പറയാൻ തോന്നുന്നേൽ മാത്രം മതി”.
അതും പറഞ്ഞ് പീലി ക്ലാസിനു വെളിയിലേക്ക് നടന്ന്. രേഷ്മ പീലി പറഞ്ഞതിനെ കുറിച്ച് ആലോചിക്കുവായിരുന്നു.
ബി “താനിപ്പോൾ തന്റെ കാര്യം മാത്രമേ ചിന്തിക്കുന്നോളൂ. അവൾ പറഞ്ഞതു പോലെ അവൾക്കിപ്പോ ഞങ്ങൾ മാത്രമല്ലെ ഒള്ളു”.
ശ്വാസം ഉള്ളിലേക്ക് നീട്ടി വലിച്ചു രേഷ്മ പീലിക്കരികിലേക്ക് ചെന്നു. സിമന്റ് ബെഞ്ചിലിരുന്ന പീലിയെ രേഷ്മ പിറകിലൂടെ ഇറുക്കെ പുണർന്നു. പീലിയുടെ ഇരുകണ്ണും നിറഞ്ഞു.അവളൊരു ചിരിയോടെ തിരിഞ്ഞ് രേഷ്മയെ നോക്കി.
“എന്താടി നോക്കുന്നെ. നേരത്തെ വെല്യ ഡയലോഗ് അടിക്കുന്നത് കേട്ടല്ലോ. നീ എപ്പോളാ കൗൺസിലിങ് ക്ലാസ്സ് ഒക്കെ എടുക്കാൻ തുടങ്ങിയത്?. ഞാനറിഞ്ഞില്ലല്ലോ”.
“നീ രണ്ട് ദിവസമായി ഇവിടെങ്ങുമല്ലല്ലോ. അപ്പൊ നിനക്ക് അറിയാൻ വഴിയില്ല”.
“ഹോ അവിടേം എനിക്കിട്ട് താങ്ങുവാ”.
” ഇനി നീ വാ തുറന്ന് എന്താ കാര്യമെന്ന് പറഞ്ഞെ”.
“പ്രത്യേകിച്ച് ഒന്നുമില്ലെടി. ആ ആനന്ദ് തെണ്ടി കാണിച്ച പണിയാ”.
“ആനന്ദോ അവനെന്തു കാണിച്ച്”?.
രേഷ്മ അന്ന് നടന്ന കാര്യമൊക്കെ പറഞ്ഞു. എല്ലാം കേട്ട ശേഷം പീലിയുടെ മുഖത്ത് ഒരു കുസൃതിച്ചിരി മിന്നി.
“രേഷുവേ നിനക്ക് ഒരു മണം വരുന്നുണ്ടോ”?.
” ഇല്ലാലോ എന്ത് മണം “?.
“അതോ ഒരു പ്രേമത്തിന്റെ വല്ലാത്ത മണം.”
രേഷ്മ പിരികം ചുളുക്കി പീലിയെ നോക്കി.
“ഈ പൂച്ചേടെ കാര്യം നിനക്കറിയുമോ”?.
“പൂച്ചയോ നീ എന്തൊക്കെയാ പീലി ഈ പറയുന്നെ”?.
“ആന്നെ ഈ പൂച്ച കണ്ണടച്ചു പാലുകുടികുമ്പോൾ പൂച്ചയോർക്കും ആരും കാണുന്നില്ലെന്ന്. പക്ഷേ അതെല്ലാവരും കാണുന്നുണ്ടാകും”.
” നീ എന്ത് തേങ്ങയാ ഈ പറയുന്നെ”?.
“എന്റെ രേഷു കുട്ടിക്ക് ആനന്ദിനോടുള്ളത് നല്ല അസ്സൽ മൂത്ത പ്രണയം ആണ്. അപ്പോ ഈ പൂച്ച ഇനി കണ്ണടച്ചു പാലുകുടിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്”.
അത് കേട്ടതും കള്ളം കണ്ടുപിടിച്ച കുട്ടിയെ പോലെ അവിടേം ഇവിടേം നോക്കിയിരുന്നു രേഷ്മ. പീലി അവളുടെ മുഖം അവൾക്ക് നേരെ പിടിച്ചുയർത്തി.
“സത്യമല്ലേ ഞാൻ പറഞ്ഞത്”?.
“എടി എനിക്കറിയില്ല എപ്പോളോ അവനോട് ഒരിഷ്ട്ടം തോന്നി. ഇപ്പോ അവനില്ലാണ്ട് പറ്റില്ലെന്ന് ആയി”.
“ആഹാ അതെനിക്ക് നേരത്തെ തോന്നിയതാണ്”.
” ഈ പൊട്ടിക്ക് മനസിലായിട്ടും ആ മണ്ടന് മനസിലായില്ലല്ലോ”.
“ഉവ്വ് അതിന് നീയൊക്കെ എപ്പോളാ നല്ലപോലെ സംസാരിക്കാറ് ഏത് നേരവും കടിക്കൂട്ടം അല്ലെ”.
“എനിക്കങ്ങനെ അറിയൂ”.
“ആഹ് ദേണ്ടേ വരുന്നു മണ്ടൻ. അതെ നീ മിണ്ടാണ്ടിരിക്കണ്ട കേട്ടല്ലോ. അവന് നിന്റെ ഇഷ്ടം മനസിലായിട്ടില്ല. കമ്മ്യൂണിക്കേഷൻ ഗ്യാപ് അതാണ് നിങ്ങൾക്കിടയിലെ പ്രശ്നം . അത് മാറാനുള്ള സമയം നീ കൊടുക്ക്”.
“എന്റെ മാതാവേ ഇതൊക്കെ ആരാ ഈ പറയുന്നെ”?.
” നിങ്ങളിവിടെ ഇരിക്കുവായിരുന്നോ. ഞാൻ ക്ലാസ്സിൽ നോക്കിയപ്പോൾ കണ്ടില്ല.”
“ഇവിടേം അവിടേം ഒരുമിച്ച് കാണാൻ ഞങ്ങളെന്താ കുമ്പിടി ആണോ”?.
“ഓഹോ തമ്പുരാട്ടീടെ വായിലപ്പോൾ നാക്കുണ്ട് അല്ലയോ”?.
“നാക്കു മാത്രമല്ലടാ പല്ലുമുണ്ട് കാണണോ”?.
“ആഹാ ഐശ്വര്യത്തിന്റെ സൈറൺ അടിക്കും പോലെ തന്നെയുണ്ട്. എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിനക്ക് രണ്ടിനും ഇതല്ലാണ്ട് ഒന്നും അറിയില്ലേ”.
ഓഹ് അവൾ രണ്ട് ദിവസം സമാധാനമായി ഇരുന്നങ്ങു സുഗിച്ചു പോയി. ആയ്യടി മോളെ ഞങ്ങൾ അടികൂടുന്നതിനു നിനക്കെന്താ
അത് കൊള്ളാം ഇപ്പോ വാദി പ്രതിയായോ. രണ്ടും ഒന്നിച്ചപ്പോൾ ഞാൻ ഔട്ടല്ലേ. ആയിക്കോട്ടെ
അച്ചോടാ നീ ഞങ്ങടെ ചക്കര പീലിയല്ലേ.
അതും പറഞ്ഞ് ആനന്തും രേഷ്മയും ഒരുമിച്ച് പീലിയെ കെട്ടിപ്പിടിച്ചു.
ജ്യോൽസ്യര് കുറിച്ച് കൊടുത്ത മുഹൂർത്തം പ്രഭാകരൻ തന്റെ കണ്ണട എടുത്ത് വെച്ച് വ്യക്തമായി നോക്കി. 3 ആഴ്ചയുണ്ട് നിശ്ചയത്തിന്. സുഭദ്ര അടുത്ത് തന്നെ ഇരിപ്പുണ്ട്.
“വിശ്വനെ വിളിച്ചു മുഹൂർത്തത്തെ കുറിച്ച് പറയണം. അവർക്കല്ലേ കൂടുതൽ ഒരുക്കങ്ങൾ നടത്താനുള്ളത്. നിശ്ചയം ചെറിയ രീതിയിൽ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു നടത്താം.എന്താ അമ്മേ അങ്ങനെ പോരെ”?.
“മതി. കല്യാണം എല്ലാവരെയും കൂട്ടി ആർഭാടം ആയി തന്നെ നടത്തണം. മംഗലശ്ശേരിയിലെ കുട്ടിയുടെ കല്യാണമാണ്. കുടുംബത്തിലെ ആദ്യത്തെ വിശേഷമല്ലേ അപ്പൊ അങ്ങനെ വേണം”.
സൂരജ് അവർക്കിടയിലേക്ക് വന്നത് അപ്പോളായിരുന്നു. അവൻ മുത്തശ്ശിയുടെ ചുക്കിച്ചുളിഞ്ഞ കവിളിൽ കളിയായി ഒന്ന് പിച്ചി.
“നിശ്ചയത്തിനുള്ള മുഹൂർത്തം കുറിച്ച് കിട്ടി.3 ആഴ്ച കൂടിയുണ്ട്. നിനക്ക് ബുദ്ധിമുട്ടില്ലല്ലോ മോനെ”.
“അവനെന്തു ബുദ്ധിമുട്ടാണ്. നമ്മളൊക്കെ അവന് വേണ്ടി നല്ലത് മാത്രേ തിരഞ്ഞെടുക്കൂന്ന് അവനറിയാല്ലോ”.
മനസ് നിറയെ ആശങ്കയാണെങ്കിലും വീട്ടുകാരുടെ സന്തോഷം തല്ലിക്കെടുത്താൻ സൂരജിന് തോന്നിയില്ല.
വിശ്വൻ , സൂരജിന്റെ അച്ഛൻ വിളിച്ചു പറഞ്ഞ കാര്യങ്ങൾ രുക്‌മിണിയോട് പറഞ്ഞു .
“ശോ മൂന്നു ആഴ്ച കുറച്ച് കൂടുതലല്ലേ. അത്രേം വൈകിക്കണ്ടായിരുന്നു”.
“മുഹൂർത്തം അനുസരിച്ചല്ലേ ഇതൊക്കെ നടത്തുന്നത്.ദൃതി വേണ്ടല്ലോ. ആറു മാസത്തിനുള്ളിൽ നടത്തണമെന്നല്ലേ ഒള്ളു.”
“നിങ്ങൾക്ക് അതൊക്കെ പറയാം. എനിക്കീ കല്യാണം എത്രേം വേഗം നടന്നാൽ മതിയെന്നാ.എന്തായാലും ഒരുക്കങ്ങൾ ഒക്കെ ഇപ്പോളേ തുടങ്ങണം. ഒന്നിനും ഒരു കുറവും വരരുത്. അവരൊക്കെ വലിയ ആളുകളാണ്. നിങ്ങളെന്താ ഈ ആലോചിച്ചു കൂട്ടുന്നെ. ഞാൻ പറയുന്നെ കേൾക്കുന്നില്ലേ”?.
“അല്ല നിശ്ചയത്തിനും കല്യാണത്തിനുമൊക്കെ നല്ലൊരു തുക വരില്ലേ ഞാനതിനെ കുറിച്ച് ചിന്തിക്കുവായിരുന്നു.ഇത്ര പെട്ടെന്ന് ഒരു കല്യാണമൊന്നും പ്രതീക്ഷിച്ചതല്ലല്ലോ.”
” ഇതിലിപ്പോ എന്താ കൂടുതൽ ചിന്തിക്കാൻ. വീടിന്റെ ആധാരം ബാങ്കിൽ വെച്ച് ലോൺ എടുക്കണം. അല്ലാണ്ട് എവിടുന്ന് പൈസ കിട്ടാനാണു “.
“പക്ഷേ അതൊക്കെ”……….
“എന്ത് പക്ഷെ അതല്ലാതെ വേറെ വഴിയൊന്നുമില്ല. പെണ്ണിനെ വെറും കയ്യോടെ ആ വീട്ടിലേക്ക് പറഞ്ഞു വിടാൻ ഒക്കില്ല.അത് അവൾടെ അവിടുത്തെ ജീവിതത്തെ ബാധിക്കും”.
രുക്‌മിണി വീടിനുള്ളിലേക്ക് നടന്നു പോയി.അവരപ്പോളും തന്റെ മകൾക്ക് കൈവരുന്ന സൗഭാഗ്യങ്ങളിൽ മതിമറന്ന് ഒരു മായാലോകത്തായിരുന്നു.
സുഭദ്ര കുടുംബക്ഷേത്രത്തിലെ ജ്യോൽസ്യര് പറഞ്ഞ പ്രകാരമുള്ള വഴിപാടുകളും പൂജകളും നടത്താൻ വേണ്ടി വന്നതാണ്. നിശ്ചയത്തിന് ഇനി അധിക നാളില്ല. തന്റെ ഭാഗത്തെ പിഴവ് കൊണ്ട് സൂരജിന്റെ ജീവിതത്തിൽ ഒരു കുഴപ്പവും വരാൻ പാടില്ലെന്ന് അവർക്ക് ആഗ്രഹം ഉണ്ടായിരുന്നു.
സൂരജ് കുന്നിൻചെരുവിൽ കാർ ഒതുക്കി ഇട്ടു ആ കുന്നിൻ മുകളിലേക്ക് നടന്ന് കയറി.അഭിലാഷും ഒപ്പമുണ്ട്.
“നീ ഇപ്പോളും ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കുവാണോ. എടാ ആദ്യമായി കല്യാണം കഴിക്കാൻ പോകുന്നതിന്റെ ടെൻഷൻ ആണ് നിനക്ക്. അത് മാറിക്കോളും”.
“ഓഹ് നീ നേരം കേട്ട നേരത്ത് ഇങ്ങനെ പുളിച്ച ചളിയടിക്കാതെ പോയെ”..
” അത്രക്ക് പുളിച്ചിട്ടൊന്നുമില്ല. നീ കാര്യങ്ങൾ പ്രാക്ടിക്കൽ ആയി കാണാൻ ശ്രമിക്കു. എന്നായാലും കല്യാണം കഴിക്കണ്ടേ. അതിപ്പോളാണെന്ന് ഓർത്താൽ മതി. അല്ലേലും ദൈവം നമുക്ക് സന്തോഷം മാത്രം അല്ലോ പറഞ്ഞിട്ടുള്ളത് ഇടക്ക് സങ്കടവും വേണമല്ലോ”.
” എന്റെ കയ്യിൽ ഒന്നും കിട്ടുന്നില്ലടാ അല്ലേൽ നിന്റെ തലക്കിട്ടെറിഞ്ഞേനെ ഞാൻ”.
“അല്ല പെണ്ണ് കാണാൻ ഒക്കെ എങ്ങനാ എന്നെ പോലെ സൗന്ദര്യമൊക്കെ ഉണ്ടോ”?.
സൂരജ് അവനെ ദഹിപ്പിച്ചൊരു നോട്ടം നോക്കി.
“ആഹ് , എന്നാൽ കാണാൻ കൊള്ളാമോ”?.
“ആഹ് ഞാൻ ശ്രദ്ധിച്ചില്ല”.
“ഏഹ് , പിന്നെ നീ എന്താ ശ്രദ്ധിച്ചേ”?.
” ടാ ടാ മതി കേട്ടോ ”
“അല്ല പെണ്ണിനെ കാണാൻ പോയിട്ടു അത് ശ്രദ്ധിക്കാതെ മിച്ചറും ചായയും കേറ്റിയിട്ട് വന്നേക്കുവാ , ഊള”.
സൂരജ് അവന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ല
“ആഹ് ഇനിയിപ്പോ നിശ്ചയത്തിന് കാണാമല്ലോ പെണ്ണിനെ.ഞാൻ നോക്കട്ടെ. പിന്നെ നി ആയത് കൊണ്ട് വലിയ സൗന്ദര്യമുള്ള പെണ്ണൊന്നും വേണമെന്നില്ല. എനിക്കൊക്കെ ആണേൽ കുറച്ചു കഷ്ട്ടപ്പെടേണ്ടി വരും”.
മുതുക് പൊളിയും പോലെ ഒരിടിയായിരുന്നു അഭിലാഷിന് കിട്ടിയത്.
തുടരും

by