The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നെച്ചു നസ്രിൻ
4 ദിവസത്തിന് ശേഷം ഇന്നാണ് രേഷ്മ തിരികെ കോളേജിലേക്ക് വരുന്നത്. അല്പം വൈകിയാണ് അവൾ വന്നത്. മുൻപ് നേരത്തെ വരുന്നത് അത്രയും നേരം കൂടി ആനന്ദിനോട് സംസാരിക്കാം എന്നോർത്താണ്. എന്നാലിപ്പോൾ അവൾക്ക് കോളേജിലേക്ക് വരാൻ പോലും തോന്നാറില്ല. പിന്നെ താൻ കൂടി വന്നില്ലേൽ പീലി ഒറ്റക്കായി പോകുമെന്നോർത്താണ്.തന്നെയും കാത്തു വാകചുവട്ടിൽ അവളിരിപ്പുണ്ട്.
രേഷ്മയെ കണ്ടതും പീലി അടുത്തേക്ക് നടന്നു വന്നു. രേഷ്മയുടെ ദുഃഖം തളം കെട്ടിയ കണ്ണുകൾ കണ്ട് പീലിയുടെ ഹൃദയം അതിയായി വേദനിച്ചു.
” രേഷു എന്ത് കോലമാണിത് . എനിക്കിത് കണ്ടിട്ട് സഹിക്കാൻ ആകുന്നില്ല. നീ അല്ലെ എന്നോട് പറയാറ് ബോൾഡ് ആകണം എന്നൊക്കെ. ആ നീയാണോ ഇങ്ങനെ. എനിക്കറിയാം നിന്റെ സാഹചര്യം. പക്ഷേ ഇങ്ങനെ തകർന്നു പോകുന്നത് ഇതിനുള്ള പരിഹാരമല്ല. ആ സാധികയ്ക്ക് കാണേണ്ടത് ഇതാണ്. അതിനു നീ അനുവദിക്കരുത്”.
സാധികയുടെ പേര് കേട്ടതും രേഷ്മയുടെ കണ്ണിൽ ആ ദിവസത്തെ ചിത്രം തെളിഞ്ഞു. ആ വേദനയിൽ അവൾ തീരെ തെളിച്ചമില്ലാത്തൊരു ചിരി പീലിക്ക് നൽകി.
ക്ലാസ്സിലേക്ക് ചെന്നു കുറച്ച് കഴിഞ്ഞതും ആനന്ദ് വന്നു. രേഷ്മയുടെ നോട്ടം അറിയാതെ പോലും അവനിലേക്ക് ചെന്നില്ല. ഇന്റർവെൽ ടൈമിലാണ് രേഷ്മയോട് സംസാരിക്കാനായി ആനന്ദ് വന്നത്.
” രേഷ്മ എനിക്ക് നിന്നോട് സംസാരിക്കണം. നീ ഒന്ന് വന്നേ”.
“എനിക്കൊന്നും സംസാരിക്കാനില്ല ആനന്ദേ. നീ പൊയ്ക്കോ”.
“ടീ , അത് പറഞ്ഞാൽ പറ്റില്ല എനിക്ക് സംസാരിച്ചേ തീരൂ. നീ വരണം”.
” നീ എന്തിനാ എന്നെ ടീസ് ചെയ്യുന്നത്?. സംസാരിക്കാൻ താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞില്ലേ. നീ വെറുതെ പോ ആനന്ദ്”.
“നീ വന്നേ ഒക്കൂ”.
അവനവളുടെ കൈ ബലമായി പിടിച്ച് വലിച്ചു കോളേജിന്റെ ഒഴിഞ്ഞ മൂലയിൽ കൊണ്ട് നിർത്തി. അവൾ ഒട്ടും താല്പര്യമില്ലാതെ വേറെങ്ങോട്ടോ നോക്കി നിന്നു .
“രേഷ്മ , നിന്നോടൊരു സോറി പറഞ്ഞാൽ തീരുന്ന തെറ്റല്ല ഞാൻ ചെയ്തത് എന്നെനിക്കറിയാം “.
“അതിന് ഞാൻ നിന്റെ സോറി ആവശ്യപ്പെട്ടില്ലല്ലോ ആനന്ദ്. ശെരിക്കും നിന്നോട് സോറി പറയേണ്ടത് ഞാനാണ്. നീ നല്ലവനാണെന്നും ഫ്രണ്ട്ഷിപ്പിന് വാല്യൂ ചെയ്യുന്ന ഒരാൾ ആണെന്നും തെറ്റിദ്ധരിച്ചതിനു നിന്നോട് സോറി പറയാതെ പറ്റില്ല “.
“രേഷു നീ ഞാൻ പറയുന്നതൊന്നു കേൾക്കു”.
” വേണ്ടെടാ അതിന്റെ ആവശ്യം ഇനിയില്ല. ഒരു ക്ലാസ്സ്‌മേറ്റ് എന്നതിലുപരി നമ്മൾ തമ്മിൽ ഇനി ഒന്നും ഉണ്ടാകില്ല “.
“എടി നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ. എനിക്ക് പറയാനൊരു അവസരം താ”.
” ശെരി നിനക്കെന്താ പറയാനുള്ളത്”?.
“അന്ന് എന്റെ മിസ്റ്റേക്ക് ആണ് , ഞാൻ ഒന്നും അറിയാതെ നിന്നെ തെറ്റ് പറയാൻ പാടില്ലായിരുന്നു. നിന്നെ അന്ന് തൊട്ട് എത്ര തവണ ഞാൻ വിളിച്ചു നീ എടുത്തില്ലല്ലോ”.
“അതെന്താണെന്നറിയുമോ , അപ്പോളും ഇപ്പോളും നിന്റെ കുമ്പസാരം കേൾക്കാൻ എനിക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടാണ്. ഭാര്യ ഭർതൃ ബന്ധമാകട്ടെ , ഫ്രെണ്ട്സ് ആകട്ടെ , ലവേർസ് ആകട്ടെ എന്ത് ബന്ധം ആയാലും അതിൽ ഒരിക്കൽ വിശ്വാസം നഷ്ട്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും അത് പഴയത് പോലെ തിരിച്ച് കിട്ടില്ല “.
“നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ ആത്മാവ് നഷ്ടമായി. ഇനി ആര് എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല “.
ആനന്തിനു ദേഷ്യം വരാൻ തുടങ്ങി.
“നീ വേദവാക്യങ്ങളൊന്നും പറയാൻ നിൽക്കണ്ട. എന്നോട് സംസാരിക്കും പോലെ നീ സാധികയോട് സംസാരിച്ചിട്ടല്ലേ അവളത്രയും വലിയ സീൻ ഉണ്ടാക്കിയത്. നിനക്ക് മിണ്ടാതിരുന്നാൽ പോരായിരുന്നോ”?.
വീണ്ടും വീണ്ടും സാധികയുടെ പക്ഷം പിടിച്ച് സംസാരിക്കുന്ന അവനെ കണ്ടതും രേഷ്മക്ക് ദേഷ്യം ഇരച്ചുകയറി.
“അതേടാ എന്റെ മിസ്റ്റേക്ക് തന്നെയാ എല്ലാം. അവൾ വെറും പുണ്യാത്മാവ്. ഇനി നിനക്കെന്താ വേണ്ടേ. എന്നോട് സോറി പറയാൻ ഞാൻ വിളിച്ചതല്ലല്ലോ നിന്നെ. നിന്റെ സോറി കിട്ടിയിട്ട് എനിക്കൊരു ചുക്കും സംഭവിക്കാൻ പോകുന്നും ഇല്ല. ഇനി ഒരു കാര്യം കൂടി കേട്ടോ. കുറച്ച് നാളായി ഇതും മനസിലിട്ട് കൊണ്ട് നടക്കുന്നു. ഇനി അതായിട്ട് മാറ്റിവെയ്ക്കണ്ട. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. ഐ ലവ് യൂ . ഇത് ഇങ്ങനൊരു സിറ്റുവേഷനിൽ നിന്നോട് പറയേണ്ടി വന്നതിൽ മാത്രമേ എനിക്ക് സങ്കടമുള്ളൂ. പക്ഷേ നിന്നോട് ഉണ്ടായിരുന്ന ഇഷ്ടത്തിന്റെ ഒരു കണിക പോലും ഇപ്പോ എനിക്ക് തോന്നുന്നില്ല. You dont deserve me. അത് മാത്രേ എനിക്ക് പറയാനുള്ളൂ “.
ചുണ്ടുകൾ വിതുമ്പി കണ്ണ് രണ്ടും നിറഞ്ഞൊഴുകിയാണ് രേഷ്മ അത്രയും പറഞ്ഞു തീർത്തത്. ആനന്ദ് അവളുടെ തുറന്ന് പറച്ചിലിൽ തരിച്ചു നിൽക്കുകയായിരുന്നു. തനിക്കൊരിക്കൽ പോലും അവൾക്കൊരു ഇഷ്ടം തന്നോടുണ്ടെന്ന് തോന്നിയിട്ടില്ല. അത് കൊണ്ടാകും സാധികയോട് സംസാരിക്കുന്നതിനു അവൾ ദേഷ്യം കാണിച്ചത്. അവന്റെ കണ്ണ് നിറഞ്ഞു. അവളുടെ ദയനീയമായ രൂപം കണ്ടിട്ട് അവന് അവളോട് അലിവ് തോന്നി.
കൂട്ടുകാരി ആനി വന്ന് പറഞ്ഞത് കേട്ടിട്ടാണ് സാധിക , ആനന്തും രേഷ്മയും നിന്നിടത്തേക്ക് വന്നത്. അവൾ രേഷ്മ പറഞ്ഞതത്രയും വ്യക്തമായി കേട്ടു.
“അപ്പോ ഇവൾക്കിവനെ വേണ്ടേ . രേഷ്മ പറഞ്ഞാൽ പറഞ്ഞതാണ്. എന്നാലും ഇവനെ ഞാൻ വിട്ട് കൊടുക്കില്ല “.
മനസ്സിൽ അതും പറഞ്ഞ് കൊണ്ടാണ് സാധിക അവർക്കരികിലേക്ക് ചെന്നത്. അവൾ ഉടനെ ആനന്ദിന്റെ കയ്യിൽ കൈ ചേർത്ത് പിടിച്ച് അവനോട് ഒട്ടി നിന്നു . ആ കാഴ്ച കാണാൻ ശക്തി ഇല്ലാതെ രേഷ്മ മുഖം തിരിച്ചു.
“നീ ആള് കൊള്ളാല്ലോ. ഇത്രേം നാളും കൂട്ടുകാരി എന്ന് പറഞ്ഞു നടക്കുമ്പോളും മനസിലിരുപ്പ് ഇതായിരുന്നല്ലേ . എന്നാ നീ കേട്ടോ ആനന്ദേട്ടൻ എന്റെയാ. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഇനി നീ ഈ പേരും പറഞ്ഞു ആനന്ദേട്ടന്റെ പിറകെ നടന്നാലുണ്ടല്ലോ ഈ സാധിക ആരാണെന്ന് നീ അറിയും”.
രേഷ്മ വെട്ടിതിരിഞ്ഞു സാധികയെ നോക്കി. അവളുടെ കണ്ണുകളുടെ തീവ്രത നേരിടാൻ അകാതെ സാധിക തലവെട്ടിച്ചു.
“ഹ്മ്മ് നീ പൊതിഞ്ഞു പിടിച്ചോണ്ട് നടന്നോ. അല്ലേലും നിന്നെപ്പോലെ നേറിയില്ലാത്തവൾക്കെ ഇവൻ ചേരൂ. എനിക്ക് ചേരില്ല. ഇനി നീ ഇവനെ വേണ്ടന്ന് പറഞ്ഞാലും രേഷ്മക്ക് ആനന്ദിനെ വേണ്ട. ഇവന്റെ പിറകെ നടക്കുന്നതിലും ഭേദം ഞാൻ എന്നെ തന്നെ കത്തിക്കുന്നതാണ് “.
അതും പറഞ്ഞു രേഷ്മ പോയതും സാധികയുടെ മുഖത്ത് വിജയീ ഭാവം ആയിരുന്നു. ആനന്ദ് രേഷ്മയുടെ വാക്കുകളിൽ കുരുങ്ങി കിടക്കുകയായിരുന്നു. അവൻ ബൈക്ക് എടുത്തു ബീച്ച്ലേക്ക് വന്നു. മണൽത്തരിയിൽ കിടക്കുമ്പോൾ അവനോർത്തത് രേഷ്മയെ കുറിച്ചായിരുന്നു.
കോളേജിലെ തന്റെ ആദ്യ സുഹൃത്ത്. ക്ലാസിലേക്ക് വന്നപ്പോൾ ചാടി കേറി ചങ്ങാത്തം കൂടിയത് അവളായിരുന്നു. പിന്നീട് അവളെ ഒഴിച്ചൊരു ദിവസവും തനിക്കില്ലായിരുന്നു. തന്നെ കാണുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങിയത് തന്നോടുള്ള പ്രണയം കൊണ്ടാണെന്നു അറിഞ്ഞിരുന്നില്ല. ഒരിക്കലും താൻ അവളെ മോഹിപ്പിച്ചിട്ടില്ല. പക്ഷേ ഇന്നവൾ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവളുടെ ചങ്ക് പറിഞ്ഞു പോകുന്ന പോലുള്ള വേദന താൻ തൊട്ടറിഞ്ഞതാണ്. ഇത്ര മാത്രം തന്നെയവൾ സ്നേഹിച്ചിരുന്നോ. അതെ സമയം , തന്നെയവൾക്ക് വേണ്ടെന്ന് പറഞ്ഞതും അവന്റെ മനസിലേക്ക് ഓടിയെത്തി. ഞാൻ അവളെ അർഹിക്കുന്നില്ലെന്നു പറഞ്ഞത്…
അവന്റെ ഉള്ളിൽ എന്തിനോ വേണ്ടി വേദന നിറഞ്ഞു. അതെന്തിനാണെന്ന് അവന് മനസ്സിലായില്ല. തന്നെ അവൾ പ്രണയിച്ചതിനാണോ, അതോ അത് തുറന്ന് പറയാതിരുന്നതിനാണോ, അതോ തന്നെ അവൾക്ക് വേണ്ടെന്ന് പറഞ്ഞതിനാണോ. അവനൊന്നുമറിയില്ല. ഒടുവിൽ തന്റെ സൗഹൃദത്തെ പ്രണയമായി കണ്ടതിനാണ് താൻ വേദനിക്കുന്നത് എന്നവൻ സ്വയം പറഞ്ഞ് പഠിപ്പിച്ചു. അവളോട് അവന് അതിയായ ദേഷ്യം തോന്നി.
ഇതേ സമയം ലൈബ്രറിയിലെ ഡെസ്കിൽ തലച്ചേർത്തു നെഞ്ച് പൊട്ടി കരയുകയായിരുന്നു രേഷ്മ. പീലി അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എത്ര തടഞ്ഞിട്ടും ഉള്ളിലെ സങ്കടം പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു. അപ്പോളും ആനന്ദിനോട് ചേർന്ന് നിന്ന് പരിഹാസത്തിൽ തന്നെ നോക്കുന്ന സാധികയുടെ രൂപമായിരുന്നു അവളുടെ കണ്ണിൽ. അവരെയൊർത്ത് ഇനി കരയില്ലെന് അവളുറപ്പിച്ചു. വാശിയോടെ ഒഴുകി വന്ന കണ്ണീരിനെ തുടച്ചു മാറ്റി.
കുറെ നേരം കഴിഞ്ഞതും അവളുടെ മനസിന് ഒരു സമാദാനം തോന്നി. ഭാരം ഇറക്കി വെച്ച മനസ്സുമായി അവൾ പീലിയെ നോക്കി ചിരിച്ചു. പീലി അവളെ ഇറുക്കെ പുണർന്നു കരഞ്ഞു. അവളെ തന്നിൽ നിന്നടർത്തി മാറ്റി അവളുടെ കവിളിൽ വലിച്ചു നുള്ളി . വേദനയെടുത്ത പീലിയുടെ മുഖം അവൾ അലിവോടെ നോക്കി.
“സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായിവിടുക ,
തിരിച്ചു വന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ്”
(കടപ്പാട് : മാധവികുട്ടി )
പീലിയത് രേഷ്മയുടെ കണ്ണുകളിലേക്ക് നോക്കിയാണ് പറഞ്ഞത്. രേഷ്മക്ക് പീലിയോട് ഹൃദയം നിറഞ്ഞ സ്നേഹം തോന്നി. ആരൊക്കെ ഇല്ലെങ്കിലും തന്നെ മനസിലാക്കാൻ ഇത് പോലെ ഒരാൾ , ഒരേ ഒരാൾ മാത്രം മതിയെന്ന് തോന്നിയവൾക്ക്.7 ആ ദിവസവും കടന്നു പോയി.
പിറ്റേന്ന് ക്ലാസ്സിലേക്ക് വരാൻ രേഷ്മയ്ക്ക് എന്തോ ഒരു ഉത്സാഹമായിരുന്നു. ബ്ലാക്ക് ക്രോപ് ടോപ്പും ബ്ലൂ ജീൻസും ഇട്ടു മുടി അലസമായി അഴിച്ചിട്ടു അവൾ കോളേജിലേക്ക് വന്നു. രേഷ്മയുടെ ആ രൂപത്തിൽ നിന്ന് തന്നെ പീലിക്ക് അവളുടെ മാറ്റം തിരിച്ചറിയാൻ സാധിച്ചു. സാധിക അവളാൽ കഴിയും വിധം രേഷ്മയെ കാണിക്കാൻ വേണ്ടി ആനന്ദിനൊപ്പമുള്ള പ്രഹസനങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. രേഷ്മ അതൊന്നും കണ്ട ഭാവം പോലും നടിച്ചില്ല.ആനന്തിനു എല്ലാത്തിനോടും വിരക്തി തോന്നി. സാധികയുടെ മധുരമൂറും വാക്കുകൾ അവനിൽ ഒന്നും സൃഷ്ടിച്ചില്ല.
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് പീലി വീട്ടിലേക്ക് വന്നപ്പോളാണ് ഹാളിലെ മേശമേൽ ആഭരണങ്ങങ്ങൾ ഇരിക്കുന്നത് കണ്ടത്. രുക്‌മിണിയും വീണയും ഓരോന്ന് അണിഞ്ഞു ഭംഗി നോക്കുന്നുണ്ട്. കല്യാണത്തിനുള്ളതാകാം എന്ന് പീലി ഊഹിച്ചു.
“30 പവൻ തീരെ കുറഞ്ഞു പോയി അമ്മേ.40 എങ്കിലും ആകാമായിരുന്നു”.
“40 അല്ല നിന്റച്ഛൻ 50 തികച്ചു തരും നോക്കിയിരുന്നോ. ഇത് തന്നെ ഞാൻ വഴക്ക് കൂടി വാങ്ങിയതാ. ഇത്രെയുമെങ്കിലും ഇല്ലാതെ നാണക്കേടാണെന്ന് പറഞ്ഞിട്ടാ , അല്ലേൽ കാണാമായിരുന്നു”.
” എന്നെക്കൂടി കൊണ്ട് പോയിരുന്നേൽ ഞാൻ ലേറ്റസ്റ്റ് ഡിസൈൻ എക്കെ എടുത്തേനേ. ഇത് മിക്കതും പഴയ ഡിസൈൻ ആണ്”.
“പഴയതായാലും പുതിയതായാലും സ്വർണ്ണം എന്നും സ്വർണ്ണം തന്നെയാ. ഇനിയിപ്പോ അങ്ങോട്ട് ചെന്ന് കഴിയുമ്പോൾ പുതിയ പുതിയ ഡിസൈൻ കിട്ടുമല്ലോ , അപ്പോ നീ ഇതൊക്കെ അമ്മക്ക് തന്നാ മതി”.
“ആദ്യം അവർ തരുമോന്നു നോക്കട്ടെ എന്നിട്ടല്ലേ ബാക്കി”.
“നീ എന്ത് നോക്കികൊണ്ട് നിൽക്കുവാ പോയി ചായ ഇട്ടോണ്ട് വാ. കഴിക്കാനും എന്തേലും ഉണ്ടാക്കു ,വിശന്നിട്ടു വയ്യ”.
പീലി അത് കേട്ട് വേഗം വേഷം മാറ്റി അടുക്കളയിലേക്ക് ചെന്നു. അടുപ്പിലെ പാൽ തിളയ്ക്കുന്നത് നോക്കി നിന്ന പീലി അപ്പോളാലോചിച്ചത് വീണയ്ക്കുള്ള സ്വർണം എടുത്തതിനെ പറ്റിയായിരുന്നു. ഈ വീട്ടിലെ ഒരു കാര്യങ്ങളും താൻ അറിയുന്നില്ലല്ലോ എന്നോർത്തതും അവൾക് സ്വയം പുച്ഛമാണ് തോന്നിയത്.30 പവനാത്രെ.പണ്ട് മുതലേ തനിക്ക് മൂക്ക് കുത്തിയിടാൻ വലിയ ആഗ്രഹമാണ്. നീലക്കല്ലിന്റെ കുഞ്ഞു മൂക്കുത്തി ഒരെണ്ണം വേണമെന്ന് ചെറിയമ്മയോട് പറഞ്ഞത് മാത്രമേ അവൾക്കോർമ്മയുള്ളൂ. തന്നെ എന്തെല്ലാമോ പറഞ്ഞു . അതിന് ശേഷം അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിലും പറയാനുള്ള ധൈര്യം ഉണ്ടായിട്ടില്ല.
ഒരു വിധം എല്ലാവരെയും കല്യാണം ക്ഷണിച്ചു കഴിഞ്ഞു. കല്യാണത്തിനുള്ള ഡ്രെസ്സും കാര്യങ്ങളുമെല്ലാം എടുക്കുന്ന തിരക്കിലാണ് സൂരജിന്റെ വീട്ടുകാർ. വീണയ്ക്ക് ചേരുന്ന നിറത്തിലെ പുടവ സുഭദ്ര സെലക്ട് ചെയ്തെങ്കിലും . സൂരജ് വീണയെ വിളിച്ചു ഇഷ്ടപെട്ട കളർ ചോദിച്ചതിന് ശേഷമാണു സാരീ വാങ്ങിയത്. തീർത്ഥക്ക് കല്യാണത്തിന് രണ്ട് ദിവസം മുന്നെ വരാൻ ലീവ് കിട്ടുവോള്. ഡ്രസ്സ് എല്ലാം അമ്മ തന്നെ എടുത്താൽ മതിയെന്നായിരുന്നു അവളുടെ അഭിപ്രായം.
രാഹുലിനൊപ്പം വർക്ക് ചെയ്യുന്ന തൃലോകിനെ ബൈക്കിൽ നിന്ന് വീണു ചെറിയ പരിക്കുകളോടെ ഹോസ്പിറ്റലിൽ കൊണ്ട് വന്നതാണ് അവൻ. ഡോക്ടറെ കണ്ട് മുറിവ് ഡ്രസ്സ് ചെയ്യാനായി ഇരിക്കുമ്പോളാണ് എവിടോ കണ്ട് മറന്ന മുഖവുമായി ഒരു പെൺകുട്ടി അവിടേക്ക് വന്നത്.രാഹുൽ കുറച്ചധിക നേരം അവളുടെ മുഖം അവന്റെ ഓർമകളിൽ പരതി.പെട്ടെന്നെന്തോ ഓർമ വന്ന പോലെ തലയുയർത്തി അവളെ നോക്കി. എന്നാലവൾ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അന്ന് സ്റ്റേഷനിൽ വെച്ച് കടിച് കീറാൻ വന്ന ഭാവമല്ല അവൾക്കിപ്പോ. ഓരോ രോഗികളോടും വളരെ സ്നേഹത്തോടെ ചിരിച്ച മുഖവുമായി സംസാരിക്കുകയാണവൾ.
“ഹലോ എന്നെ മനസിലായില്ലേ”?.
ആരോ മലയാളം സംസാരിക്കുന്നത് കേട്ട് തീർത്ഥ തിരിഞ്ഞു നോക്കി. ഒരു ചെറുപ്പക്കാരൻ. അവൾ പിരികം ചുളുക്കി അവനെ നോക്കി.
“ഇല്ല ആരാ”?.
“ആഹ് ഞാൻ അന്ന് തന്നെ റെയിൽവേ സ്റ്റേഷനിൽ ഇടിച്ചിട്ടത്”.
“ഓഹ്. അയിന്”.
“ഏയ് അയിനൊന്നുല്ല ചുമ്മാ കണ്ടപ്പോ. ഡോക്ടർ ആണോ”?.
“ആയിട്ടില്ല. പഠിച്ചോണ്ടിരിക്കുവാ”.
“നാട്ടിലെവിടെയാ സ്ഥലം”?.
“മിസ്റ്റർ , നിങ്ങൾക്കെന്തൊക്കെ അറിയണം”?.
“അയ്യേ ഞാൻ വെറുതെ ചോദിച്ചതാണ്. മലയാളി ആകുമ്പോ അങ്ങനാണല്ലോ”.
“അങ്ങനെയാവണ്ട. നിങ്ങൾ പോകാൻ നോക്ക്”.
ഹോ തനി മലയാളി തന്നെ. എന്താ അവളുടെയൊരു അഹങ്കാരം. ഡോക്ടർ ആകാതെ തന്നെ ഇത്ര ജാടയാണേൽ ഡോക്ടർ ആയാൽ എന്തായിരിക്കും.
അതും മനസിലോർത്തു രാഹുൽ നടന്നു പോയി.
രാത്രി വളരെ ക്ഷീണിതനായാണ് സൂരജ് വീട്ടിൽ വന്നത്.ഗോൾഡ് എടുക്കാനും ഡ്രസ്സ് എടുക്കാനുമൊക്കെ രാവിലെ ഇറങ്ങിയതാണ് . റൂമിൽ വന്ന് കുളിച് ആഹാരം കഴിക്കാനായി താഴേക്ക് പോയി. ഫോൺ ബെഡിൽ ഇട്ടിട്ടാണ് അവൻ പോയത്. ആഹാരം കഴിച്ചു കുറച്ച് നേരം അമ്മയോടൊപ്പം ഇരുന്നതിന് ശേഷമാണു സൂരജ് റൂമിലേക്ക് വന്നത്. സമയം പത്തു കഴിഞ്ഞിരുന്നു.
കട്ടിലിലേക്ക് വീണു കൊണ്ട് ഫോൺ കയ്യിലെടുത്തു നോക്കിയതും വീണയുടെ 4 മിസ്സ്ഡ് കാൾസ്.തിരികെ അവളുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയിലേക്ക് ചേർത്ത് വെച്ചു.
“എന്താ സൂരജേട്ടാ ഞാൻ വിളിച്ചപ്പോ എടുക്കാഞ്ഞേ”?.
“ഫോൺ റൂമിലായിരുന്നു. ഞാൻ താഴെ അമ്മയ്ക്കൊപ്പമായിരുന്നു. നി എന്താ വിളിച്ചത്”?.
” ഇല്ല ഞാൻ വെറുതെ വിളിച്ചതാ.എന്തായി ഷോപ്പിംഗ് എക്കെ കഴിഞ്ഞോ”?.
“ആഹ് എല്ലാം ഇന്ന് കൊണ്ട് തീർത്തു. രാവിലെ തൊട്ട് അലയുവായിരുന്നു. നല്ല ക്ഷീണം”.
ഓരോന്ന് സംസാരിച്ചിരിക്കുന്നതിനിടയിലാണ് വീണയുടെ സംസാര രീതിയിൽ വ്യത്യാസം വരുന്നതവൻ തിരിച്ചറിഞ്ഞത്. അടക്കിപിടിച്ചുള്ള അവളുടെ സംസാരം അവനിൽ വല്ലായ്മ സൃഷ്ടിച്ചു. വികാരത്തള്ളിച്ചയിൽ അവളെന്തൊക്കെയോ പറയാൻ തുടങ്ങി. അവൻ വേഗം ഫോൺ കട്ട് ആക്കി. വീണ്ടും വീണയുടെ നമ്പറിൽ നിന്ന് കാൾ വന്നെങ്കിലും അവൻ ഫോൺ ഓഫാക്കി വെച്ചു കിടന്നു. അവന്റെ ചെവിയിലപ്പോളും വീണയുടെ ശ്വാസനിശ്വാസങ്ങളായിരുന്നു. അവൻ കണ്ണുകൾ ഇറുക്കെയടച്ചു.
വീണയുടെ മുഖത്ത് നിരാശയും ദേഷ്യവും നിറഞ്ഞു. ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയ അവളുടെ കണ്ണുകൾ തിളങ്ങി. പയ്യെ അത് ആലസ്യത്തിൽ കൂമ്പിയടഞ്ഞു..
തുടരും