രചന – നെച്ചു നസ്രിൻ
അടുത്ത ദിവസം പീലി എഴുനേൽക്കാൻ കുറച്ച് വൈകി. ഇന്നലെ രാത്രി ഒരുപാട് കരഞ്ഞതിനാലാവം കണ്ണൊക്കെ നീര് വന്ന് വീർത്തിരിക്കുന്നു.അടിയേറ്റ കവിളിൽ ശക്തമായ വേദന. അവൾ കട്ടിലിൽ നിന്ന് പിടഞ്ഞെണീറ്റു.
“എങ്ങോട്ടാ ചാടിപ്പിടിച്ചു. കുറച്ച് നേരം കൂടി കിടന്നോ മോളെ”.
” ഇല്ലമ്മേ എനിക്ക് ക്ലാസിനു പോകണം”.
“ഈ വയ്യാത്ത അവസ്ഥയിലോ”?.
“എനിക്ക് കുഴപ്പമൊന്നുമില്ലമേ”.
“മോൾ അമ്മ പറയുന്നത് അനുസരിക്കണം. ഇന്നൊരു ദിവസം റസ്റ്റ് എടുക്കു. എന്റെ മോൻ നിന്നോട് ചെയ്ത തെറ്റിന് ഞാനും ഉത്തരവാദിയാണ്”.
“അമ്മ ഇങ്ങനൊന്നും പറയരുതേ. എനിക്കറിയാല്ലോ. അമ്മ എന്ത് തെറ്റ് ചെയ്തുവെന്ന?. എന്നെ ഇത്രയും സ്നേഹിക്കുന്നില്ലേ അതിൽ കൂടുതൽ എനിക്കെന്ത് വേണം”.
“നിന്നെ ആർക്കാ കുട്ടി സ്നേഹിക്കാതിരിക്കാൻ ഒക്കുക. പക്ഷേ എന്റെ മോന് അതിനെങ്ങനെ കഴിയുന്നുവെന്നാ എനിക്ക് മനസിലാകാത്തത്”.
സാരി തുമ്പിനാൽ അവർ കണ്ണ് നീരൊപ്പി. ആ മുഴുവൻ ദിവസവും പീലിയെ റൂമിനു പുറത്തേക്ക് കടക്കാൻ സുഭദ്ര സമ്മതിച്ചില്ല. കോളേജിലേക്ക് പോകാനായി താഴേക്ക് വന്ന സൂരജ് പീലിയെ എല്ലായിടവും കണ്ണുകൾ കൊണ്ട് അന്വേഷിച്ചു. എപ്പോളെലും മുറിയിലേക്ക് വരുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. അവൻ ആഹാരം കഴിക്കാൻ ഇരിക്കുമ്പോളും പീലിയെ പ്രതീക്ഷിച്ചു. അവൾ വന്നില്ല. അവന് അവളെ കാണാൻ തോന്നി. ക്ഷമ പറഞ്ഞാൽ തീരുന്ന തെറ്റ് അല്ലെങ്കിൽ കൂടിയും അവളെ വേദനിപ്പിച്ചതിൽ അവന് അവളോടൊന്ന് സംസാരിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു. എന്നാൽ സുഭദ്രയുടെ സുരക്ഷാ കവചം ഭേധിച്ചു പീലിയുടെ അടുക്കൽ ചെല്ലാൻ സൂരജ് പ്രാപ്തനായിരുന്നില്ല. ഓരോ നിമിഷവും താൻ ചെയ്ത തെറ്റിന്റെ തീചൂളയിൽ അവൻ സ്വയം ഉരുകി.
അന്നേ ദിവസം രേഷ്മയും ക്ലാസ്സിൽ വന്നില്ല. അവൾ രാഹുലിനെ പരിചരിക്കാനെന്ന രീതിയിൽ അവനൊപ്പം കൂടി. ക്ലാസ്സ് എടുക്കാനായി ജീവൻ വന്നപ്പോളാണ് പീലിയുടെ സീറ്റ് ഒഴിഞ്ഞ് കിടന്നതവൻ അറിഞ്ഞത്. സ്റ്റാഫ് റൂമിലിരിക്കുമ്പോളും അവന്റെ മനസ് ആകെ കലങ്ങി മറിഞ്ഞു കിടന്നു. സൂരജിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അവന് പീലിയെ കാണണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തനിക്കെന്താണ് സംഭവിക്കുന്നതെന്ന് അവൻ സ്വയം ചോദിച്ചു. എന്തിനാണ് ആ പെൺകുട്ടിയുടെ കാര്യത്തിൽ ഇത്ര വ്യാകുലപ്പെടുന്നത്. അവളെ കാണുന്നില്ലെന്നറിഞ്ഞപ്പോളും , ഇപ്പോളും തനിക്കെന്തിനാണ് ഇത്ര ആധിയും വെപ്രാളവും ?. ഒടുവിൽ ആദ്യമായി ഒരു പെൺകുട്ടിയെ കാരണമില്ലാതെ ഉപദ്രവിച്ചതിന്റെ കുറ്റബോധമാണ് എന്നവൻ അവന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു.
ജീവൻ മുത്തച്ഛന്റെ മുറിയിലേക്ക് വന്നതാണ്. മുത്തച്ഛൻ സുഖമില്ലാതെ കിടപ്പിലാണ്. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ ആ മനുഷ്യനെ ബാധിച്ചിരുന്നു. മുത്തശ്ശി മരിച്ചിട്ട് 10 വർഷമായി. അവൻ പഴയ ഡയറി കെട്ടുകൾ എടുത്തു. പണ്ടെങ്ങോ എടുത്ത കുറച്ച് നിറം മങ്ങിയ ഫോട്ടോസ് അവൻ ഭദ്രമായി എടുത്ത് മുറിയിലേക്ക് വന്നു . കട്ടിലിലിരുന്ന് ഓരോ ഫോട്ടോയും സൂക്ഷ്മമായി പരിശോദിച്ചു. അതിലൊരു ഫോട്ടോയിൽ അവന്റെ കണ്ണുടക്കി. ഇടതൂർന്ന മുടി ഒരു സൈഡിലേക്ക് മെടഞ്ഞിട്ടു മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്ന ഒരു സ്ത്രീ.20 വയസ് പ്രായം തോന്നിക്കും. അവർക്കൊപ്പം മുത്തശ്ശനും മുത്തശ്ശിയും തന്റെ അമ്മയും അമ്മാവന്മാരും ഉണ്ട്.അവനാ ഫോട്ടോയുമായി അടുക്കളയിൽ എന്തോ ജോലിയിൽ നിന്നിരുന്ന അമ്മയ്‌ക്കരികിലേക്ക് ചെന്നു.
രാവിലെ പീലി കോളേജിലേക്ക് ചെല്ലുമ്പോൾ രേഷ്മ വാക മരത്തിന്റെ ചുവട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ് കണ്ടത് .
“ഇതെന്താ നീ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ. എന്താ പ്രശ്നം”?.
“ഇന്നാണ് റിസൾട്ട് വരുന്നത്. ഞാൻ ദേ ഇപ്പോളാ അറിഞ്ഞത്. അല്ലാരുന്നേൽ ഞാനിങ്ങോട്ട് വരില്ലായിരുന്നു. പത്തു മണിക്ക് യൂണിവേഴ്സിറ്റി റിസൾട്ട് അനൗൺസ് ചെയ്യും”.
“ദൈവമേ”.
കാണാൻ പാടില്ലാത്ത എന്തോ കണ്ടത് പോലെ രേഷ്മ പകച്ച് പീലിയെ നോക്കി.
“എടീ സാമാദ്രോഹി , ഞാനൊക്കെ ടെൻഷൻ അടിക്കുന്നതിനു ഒരു മര്യാദ ഉണ്ട്. നീയോ. നിനക്ക് നാണമുണ്ടോടി. നിനക്കെന്താ ടെൻഷൻ 100 ൽ ഒരു മാർക്ക് കുറയുമൊന്നായിരിക്കും അല്ലെ. ദുഷ്ടത്തി. ഇവിടെങ്ങനേലും പാസ്സ് ആകണെന്ന് ഇരിക്കുമ്പോളാ അവളുടെ ഒരു ഡ്രാമ”.
സൂരജ് ക്ലാസ്സെടുക്കുമ്പോളാണ് ക്ലാസ്സ് ഇൻചാർജ് ആയ രാഗിണി ടീച്ചർ ക്ലാസിലേക്ക് വന്നത്. കയ്യിലുള്ള പേപ്പർസിൽ എല്ലാവരുടെയും റിസൾട്ട് ഉണ്ടായിരുന്നു. സൂരജിനോട് അനുവാദം ചോദിച്ചിട്ട് ,ഓരോരുത്തരുടെ റിസൾട്ട് പറഞ്ഞു . സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ആശ്വാസത്തിന്റെയും അലയൊലികൾ ക്ലാസ്സിൽ അങ്ങിങ്ങായി മുഴുകി. ഏറ്റവും ഒടുവിലാണ് പീലിയെ ടീച്ചർ വിളിച്ചത്. ചെറിയ ഭയത്തോടെ പീലി എഴുന്നേറ്റ് നിന്നു.
“ആഹ് പീലിയുടെ കാര്യം പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ.യൂണിവേഴ്സിറ്റി ടോപ്പർ പീലിയാണ് കേട്ടോ. കോൺഗ്രാറ്റ്‌സ്”.
പീലി സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു. അവൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. അവൾ നിറകണ്ണുകളോടെ രേഷ്മയെ നോക്കി. അവൾ പരിസരം മറന്നു പീലിയെ കെട്ടിപിടിച്ചു. അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു രേഷ്മക്ക്. സൂരജ് അവളുടെ നേട്ടത്തിൽ കുറച്ചൊന്നുമല്ല അത്ഭുതപെട്ടത്.അവന് അവളോട് വല്ലാത്ത അഭിമാനം തോന്നി.പീലിക്ക് അഭിനന്ദനങ്ങളുടെ പെരുമഴയായിരുന്നു. എല്ലാവരോടും പുഞ്ചിരിയോടെ മാത്രമേ പീലിയെ കാണാൻ കഴിഞ്ഞോളൂ . രേഷ്മക്കും മോശമല്ലാത്ത രീതിയിൽ മാർക്കുണ്ടായിരുന്നു. പീലി ശെരിക്കും അർഹിച്ച വിജയം തന്നെ ആയിരുന്നു.
ഉച്ചക്ക് സ്റ്റാഫ് റൂമിൽ നിന്നു പുറത്തേയ്ക്കിറങ്ങിയ സൂരജ് കണ്ടത് പീലി ജീവനോടൊപ്പം സംസാരിച്ച് നിൽക്കുന്നതാണ്.സൂരജിന്റെ പുരികം ചുളിഞ്ഞു. കുറച്ച് നേരം അവർ ചിരിച്ചു സംസാരിക്കുന്നത് കണ്ടു .ഒരുപക്ഷെ പീലിയുടെ വിജയത്തെ അഭിനന്ദിക്കാനായി സംസാരിച്ചതാകാമെന്ന് അവൻ ഊഹിച്ചു. എന്നാലും അവന് വ്യക്തമായി അറിയാതെ എന്തോ ഒരു വിമ്മിഷ്ടം തോന്നി. കുറച്ച് കഴിഞ്ഞതും പീലിയുടെ തോളിലൊന്ന് തട്ടി ജീവൻ പോയി. അത് കൂടി ആയപ്പോൾ സൂരജിന് അവളോട് ചോദിക്കാതിരിക്കാനായില്ല.
“പീലി. എന്താ ജീവൻ സർ തന്നോട് ഇത്രേം നേരം സംസാരിച്ചത്”?.
” അത് പ്രത്യേകിച്ച് ഒന്നുമില്ല”.
തല കുനിച്ചു നിന്നാണ് പീലി മറുപടി കൊടുത്തത്.
“ഒന്നുമില്ലാതെയാണോ കുറെ നേരം കൊണ്ട് സംസാരിക്കുന്നത് കണ്ടത്”?.
“പഠിപ്പിക്കുന്ന സർ അല്ലെ ചിലപ്പോ ഡൌട്ട് ക്ലിയർ ചെയ്യാം , മിസ്സ് ആയി പോയ പോർഷൻസ് ചോദിക്കാം , പിന്നെ ഇത്രയും മികച്ച വിജയം നേടിയതിനെ കുറിച്ച് സംസാരിക്കാം. അങ്ങനെ ഒരുപാടുണ്ടല്ലോ സർ”.
അവിടേക്ക് നടന്ന് വന്ന രേഷ്മയാണത് പറഞ്ഞത്. സൂരജിന്റെ മുഖം കടന്നൽ കുത്തിയത് പോലെയായി. അവൻ പീലിയെ രൂക്ഷമായി ഒന്ന് നോക്കി തിരിച്ച് നടന്നു പോയി.
“ശോ അങ്ങനെ പറയേണ്ടിയിരുന്നില്ല. സൂരജേട്ടൻ എന്ത് കരുതിയിട്ടുണ്ടാകും”?.
“ഒരു തേങ്ങയും കരുതില്ല. നിന്നോട് ഇത്രയും നാൾ മിണ്ടാൻ വന്നിട്ടില്ലല്ലോ എന്നിട്ട് ജീവൻ സർ നിന്നോട് മിണ്ടിയപ്പോ ഒരു ചോദ്യവും പറച്ചിലും. ഇതെന്താ ഇയാൾ ഓൺലൈൻ കാമുകനാണോ. ടോക്സിക്”?.
രേഷ്മയുടെ പറച്ചിൽ കേട്ട് പീലിക്ക് ചിരി വന്ന്. സൂരജ് അവന്റെ കസേരയിലേക്ക് ഇരുന്നു. അവന്റെ മുഖത്ത് അമർഷം നിറഞ്ഞിരുന്നു.
” പീലിക്കെന്താ എന്നോട് മറുപടി പറഞ്ഞാൽ. ഒന്നുമില്ലേലും ഞാൻ അവളുടെ……. ദൈവമേ ഞാൻ ഇത് എന്തൊക്കെയാണ് ചിന്തിച് കൂട്ടുന്നത് . അവൾ ആരോട് മിണ്ടിയാലും എനിക്കെന്താ”?.
അവൻ സ്വയം തലയിൽ ഇടിച്ചു. കോളേജിന്റെ ആർട്സ് ഡേയോട് അനുബന്ധിച്ചു കുറച്ച് പ്രോഗ്രാംസ് നടത്താൻ തീരുമാനിച്ചു. അതിന്റെ ചാർജ് സൂരജിനും ജീവനും മറ്റു മൂന്നാല് ടീച്ചേഴ്സിനും ആയിരുന്നു. ഓഡിറ്റോറിയത്തിൽ ഓരോ വിഭാഗത്തിന്റെ പ്രാക്റ്റീസ് നടന്നു കൊണ്ടിരിക്കുകയാണ്. ഏതോ ഒരു കവിത ഒരു കുട്ടി പാടുന്നത് കേട്ട് സൂരജ് ചെറുതായൊന്നു മൂളി.രാഗിണി ടീച്ചർ അത് കേട്ട് സൂരജിനോട് മൈക്കിലൂടെ പാടാൻ ആവശ്യപ്പെട്ടു. എല്ലാവരുടെയും നിർബന്ധം കാരണം മടിച്ചു മടിച്ചു സൂരജ് മൈക് കയ്യിൽ വാങ്ങി പാടാൻ തുടങ്ങി. എല്ലാവരും നിശബ്ദമായി. ഹാളിൽ അവന്റെ സംഗീതം മാത്രം.
” മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായാർദ്രമായി പാടീ (2)
അറിയാത്ത കന്യതൻ
നേർക്കെഴും
ഗന്ധർവ പ്രണയത്തിൻ സംഗീതം
പോലെ
പുഴ പാടീ തീരത്തെ
മുള പാടി പൂവള്ളിക്കുടിലിലെ
കുയിലുകൾ പാടീ
(ഒരു നറുപുഷ്പമായി )
ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
വീണുരുകും തൃസന്ധ്യയും മാഞ്ഞു (2)
നിറുകയിൽ നാളങ്ങൾ ചാർത്തും
ചിരാതുകൾ യമുനയിൽ
നീന്തുകയായി
പറയാതെ നീ പോയതറിയാതെ
കേഴുന്നു ശരപഞ്ജരത്തിലെ പക്ഷീ”
( ഒരു നറുപുഷ്പമായി )
(കടപ്പാട് )
നിറഞ്ഞ കയ്യടിയായിരുന്നു സദസിൽ. ആരോ പാടുന്നത് കേട്ടിട്ടാണ് രേഷ്മ പീലിയെ പിടിച്ചു വലിച്ചു ഓഡിറ്ററിയത്തിലേക്ക് കൊണ്ട് വന്നത്. പാട്ടിൽ മുഴുകി എല്ലാം മറന്ന് പാടുന്ന സൂരജിനെയാണ് അവിടെ കണ്ടത്. അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു. പാട്ട് കഴിഞ്ഞ് സ്റ്റേജിൽ നിന്നിറങ്ങിയതും ടീച്ചേഴ്സും കുട്ടികളും സൂരജിനെ അനുമോദിച്ചു. അതിനിടയിലാണ് അവൻ പീലിയെ കണ്ടത്. പരസ്പരം അവർ നോക്കി. പീലി വേഗം നോട്ടം മാറ്റി. ഹാളിന്റെ മറുവശത്തു ആ പാട്ടിൽ മതിമറന്നു നിൽക്കുകയായിരുന്നു അന്ന. അവളുടെ കണ്ണുകൾ സൂരജിനെ കണ്ടതും തിളങ്ങി. അവൾക്ക് അവനോട് ആരാധന തോന്നി അവൻ പാടുന്നത് അവൾക്ക് വേണ്ടി മാത്രമാണെന്ന് തോന്നി.
ഇതൊന്നുമറിയാതെ സൂരജ് തന്റെ തിരക്കുകളിൽ മുഴുകി.ക്ലാസ്സിൽ വന്നിട്ടും അന്ന വേറേതോ ലോകത്തായിരുന്നു. അവിടെ അവനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാരികൾ തട്ടി വിളിച്ചിട്ട് പോലും അവളറിഞ്ഞില്ല.
“അന്ന ഇതെന്ത് ഇരിപ്പാണ്. ആ സാറിന്റെ പാട്ട് കേട്ട് ഇവൾ ഫ്ലാറ്റ് ആയെന്ന തോന്നുന്നത്”.
“പാട്ട് മാത്രമല്ലല്ലോ അങ്ങേരെ കാണാനും ലുക്ക് അല്ലെ. ശോ അയാളുടെ ക്ലാസ്സിലെങ്ങാനും ആയിരുന്നേൽ ഡെയിലി വായിനോക്കായിരുന്നു”.
“എനിക്ക് ഇഷ്ടമാണ്. സൂരജ് അന്നയ്ക്കുള്ളതാണ്”.
“അതെങ്ങനെ പറയാൻ ഒക്കും. അയാൾക് വേറെ ആരെയെങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിലോ?. ഇനി അയാൾ മാരീഡ് ആണെലോ?. ഒന്നും അറിയാതെ നീ ഇങ്ങനെ കടുത്ത തീരുമാനങ്ങൾ എടുക്കാതെ”.
“ഞാൻ പറഞ്ഞതിൽ ഒരു മാറ്റമില്ല. അയാളെ എനിക്ക് വേണം. കല്യാണം കഴിഞ്ഞാലും മറ്റൊരിഷ്ടമുണ്ടെലും അയാൾ എനിക്ക് മാത്രമുള്ളതാണ്”.
ഉറപ്പോടെ അന്ന പറയുന്നത് കേട്ട് കൂട്ടുകാരികൾ പകച്ചു പരസ്പരം നോക്കി.പ്രണയത്തിനോടൊപ്പം അപകടകാരമാം വിധത്തിൽ മറ്റു പലതും അവളിൽ വേരൂന്നിയത് അവൾ പോലും അറിഞ്ഞില്ല.അവൾ അപ്പോഴും സ്വപ്നലോകത്തിലായിരുന്നു. ഇത്രയും നാൾ ആരും ഇത് പോലെ തന്റെ മനസിൽ കയറി കൂടിയിട്ടില്ല. ആ കണ്ണുകൾക്കും ശബ്ദത്തിനും വല്ലാത്ത കാന്തിക ശക്തിയുള്ളത് പോലെ. ഓരോ നിമിഷവും എന്നെ അയാളിലേക്ക് വലിച്ചടുപ്പിക്കുന്നു. എന്നെ മത്ത് പിടിപ്പിക്കുന്നു. വളരെ സന്തോഷത്തോടെയാണ് അന്ന വീട്ടിലേക്ക് വന്നത്. റൂമിൽ അവൾ ലൈറ്റ് തെളിച്ചും അണച്ചും വെറുതെ എന്തൊക്കെയോ കാട്ടിക്കൂട്ടി. ഐദൻ റൂമിലേക്ക് വരുമ്പോൾ മനോഹരമായ പുഞ്ചിരിയോടെ എന്തോ ഓർത്തിരിക്കുന്ന അന്നയെ ആണ് കണ്ടത്. അവൻ വന്നതോ അവളെ നോക്കി നിന്നതോ ഒന്നും അന്ന അറിഞ്ഞില്ല.
“എന്റെ അന്ന കുഞ്ഞെന്താ സ്വപ്നലോകത്തിലാണോ ?. ഇച്ഛനെ മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ”.
“ഇച്ച. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു ഡേ ആണിന്ന്. എന്റെ ജീവിതം തന്നെ മറിക്കാൻ കഴിയുന്നൊരു ഡേ.ഞാനിന്നൊരാളെ കണ്ടു. ആൻഡ് ഐ ഫെൽ ഇൻ ലവ് വിത്ത് ഹിം”.
ഐഡന്റെ കണ്ണുകൾ കൂർത്തു.
“എന്റെ കോളേജിലെ സർ ആണ്. ഇന്നദ്ധേഹമൊരു പാട്ടു പാടി. പക്ഷേ അതെനിക്ക് വേണ്ടി മാത്രമാണ് പാടിയതെന്ന് തോന്നി എനിക്ക്. എനിക്ക് അയാളെ വേണം ഇച്ചാ”.
തന്റെ കുഞ്ഞി പെങ്ങളുടെ കണ്ണുകളിൽ അവൻ പ്രണയം കണ്ടു. അവൾ ഒരുപാട് സന്തോഷവതിയായിരുന്നു.
“ഇച്ഛൻ സംസാരിക്കണോ അവനോട്”.
“നോ. ഞാനെന്റെ ഇഷ്ട്ടം പറഞ്ഞിട്ടില്ല. അവൻ എന്നെയും ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ഞങ്ങൾക്ക് കുറച്ചു നാൾ പ്രണയിച്ചു നടക്കണം. നിങ്ങളാരും അതിനിടയിലേക്ക് വരരുത്. ഞങ്ങളുടെ മാത്രം ലോകം”.
ഐദൻ അവളുടെ മുഖത്തെ പ്രകാശം വളരെയധികം സന്തോഷത്തോടെ നോക്കികൊണ്ട് , അവളെ ചേർത്ത് പിടിച്ച് നെറുകിൽ മുത്തി താഴേക്ക് പോയി.ഒരിക്കലും അവൾ തിരഞ്ഞെടുക്കുന്നയാൾ മോശമായിരിക്കില്ല എന്നുറപ്പ് ഐദനുണ്ടായിരുന്നു.അപ്പോളും അന്ന സൂരജിനോപ്പമുള്ള സന്തോഷ നിമിഷങ്ങളെ സ്വപ്നം കാണുകയായിരുന്നു.
പീലി വീട്ടിലേക്ക് വന്നത് വളരെയധികം സന്തോഷത്തോടെയാണ്. മുറിയിൽ നിന്നിരുന്ന ഭദ്രയെ പിറകിൽ നിന്നവൾ മുറുക്കെ പുണർന്നു.
“ആഹാ ഇന്നെന്താ വലിയ സന്തോഷത്തിലാണല്ലോ. എന്താ കാര്യം”?.
പരീക്ഷയിലെ മികച്ച വിജയത്തെ കുറിച്ചറിഞ്ഞതും ഭദ്ര പീലിയെ സ്നേഹത്തോടെ ചേർത്തു പിടിച്ച് അവളുടെ കവിളിൽ മുത്തി. പീലിയുടെ കണ്ണ് നിറഞ്ഞു പോയി. അവർക്ക് എന്തെല്ലാമോ ചെയ്യണമെന്ന് തോന്നി. വൈകിട്ട് പായസം ഉണ്ടാക്കി എല്ലാവർക്കും മധുരം നൽകി അവർ ആ സന്തോഷത്തെ വരവേറ്റു. പ്രഭാകരനും പീലിയെ അഭിനന്ദിക്കാൻ മറന്നില്ല.
” ഇന്നെന്താടോ പായസത്തിനു വേറൊരു രുചി. ഇതിലെന്താ ചേർത്തത്”?.
“അതൊക്കെ പീലി മോൾക്കെ അറിയൂ. ഇന്നത്തെ പായസം മോൾടെ വകയാണ്”.
“ആഹാ നല്ല രുചിയുണ്ടല്ലോ മോളെ”.
ഒരു കവിൾ പായസം വായിലേക്ക് വെച്ചിട്ട് സൂരജ് പീലിയെ നോക്കി. അവൾ അച്ഛനോടെന്തോ സംസാരിക്കുകയായിരുന്നു. അവന് പീലിയോട് സംസാരിക്കാനുള്ള അവസരം ഇത് വരെ കിട്ടാത്തതിൽ നിരാശയുണ്ടായിരുന്നു. ഇന്ന് എന്തായാലും സംസാരിച്ചേ തീരൂന്ന് അവൻ നിശ്ചയിച്ചുറപ്പിച്ചു. ഏറെ നേരം വൈകിയാണ് പീലി മുറിയിലേക്ക് വന്നത്. അവൾ മുറിയിലേക്ക് പയ്യെ കയറിയതും റൂമിലെ ലൈറ്റ് തെളിഞ്ഞു. അവൻ ഉറങ്ങിയിട്ടുണ്ടാകും എന്നാണ് പീലി ഓർത്തത്. അവളവനെ നോക്കാതെ നിലത്തേക്ക് ദൃഷ്ട്ടിയൂന്നി നിന്നു.
“പീലി”.
“മ്മ്മ്”.
“തനിക്കെന്നോട് ദേഷ്യമായിരിക്കും എന്നറിയാം. ഞാൻ അപ്പോളത്തെ ദേഷ്യത്തിലാ അങ്ങനെ ഒക്കെ. സോറി. താൻ മനസ്സിൽ വെച്ചേക്കരുത്.ഞാൻ ഇത് വരെ ആരെയും അങ്ങനെ ഉപദ്രവിച്ചിട്ടില്ല. തീർത്ഥയെ പോലും. പെട്ടെന്ന് തന്നെ കാണുന്നില്ലെന്നറിഞ്ഞപ്പോൾ എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല “.
“അത് സാരമില്ല”.
“ആഹ് പിന്നെ കോൺഗ്രാറ്സ്. ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചിരുന്നില്ല”.
“താങ്ക്സ്”.
അവളാ സംസാരം അവസാനിപ്പിച്ചു കൊണ്ട് കിടക്കാനായി പോയി. അവനും പിന്നീടൊന്നും ചോദിക്കാൻ തോന്നിയില്ല. ജീവനോട് എന്താണ് സംസാരിച്ചതെന്ന് ചോദിക്കണമെന്ന് അവന്റെ മനസിലുണ്ടായിരുന്നു. അവനത് വേണ്ടെന്ന് വെച്ച് കിടക്കയിലേക്ക് പോയി.
പിറ്റേ ദിവസം പീലിയുടെ മുടിയിൽ അമ്മ എണ്ണ തേച്ചു കൊടുക്കുകയായിരുന്നു.പീലി അമ്മയുടെ വാത്സല്യം ആസ്വദിക്കുകയാണ്.
“അല്ല മോളെ വീട്ടിൽ അറിയിച്ചായിരുന്നോ മോൾക്ക് റാങ്ക് കിട്ടിയതൊക്കെ”?.
പീലി അപ്പോളാണ് അതിനെ പറ്റി ഓർത്തത്. അത് ശീലമില്ലാത്തതിനാൽ അവൾ ശ്രദ്ധിക്കാഞ്ഞതാണ്.
“ഇല്ലമ്മേ”.
“അതെന്താ ഇത്രയും സന്തോഷമുള്ള കാര്യമായിട്ട് അവരെ അറിയിക്കണ്ടേ”.
പീലി മറുപടി ഒന്നും പറഞ്ഞില്ല
“അമ്മ ഒരു കാര്യം ചോദിച്ചാൽ മോൾ സത്യം പറയുമോ”?.
“എന്താ അമ്മേ”.
“മോൾടെ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?. അമ്മ ചോദിച്ചത് വേറെ ഒന്നും കൊണ്ടല്ല. കല്യാണം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും അവിടുന്നാരും ഇങ്ങോട്ട് വന്നില്ലല്ലോ. അത് ചിലപ്പോ വീണയുടെ പ്രശ്നം ഉള്ളത് കൊണ്ടായിരിക്കാം. എന്നാലും മോളെ വിളിക്കുന്നതോന്നും അമ്മ കാണുന്നില്ല അത് കൊണ്ടാ ചോദിച്ചത്”.
പീലി തല കുനിച്ചിരുന്നതല്ലാതെ മറുപടി പറഞ്ഞില്ല. സുഭദ്ര അവളുടെ താടി തുമ്പിൽ പിടിച്ചു മുഖമുയർത്തി.
“അമ്മയോട് പറയാൻ ബുദ്ധിമുട്ടാണെൽ വേണ്ടാട്ടോ”.
” അതമ്മേ. എനിക്ക് അമ്മ ഇല്ല. കുഞ്ഞിലേ മരിച്ചു പോയി”.
“അപ്പോ രുക്‌മിണി”?
“ചെറിയമ്മ ആണ്”.
“അതാണല്ലേ അവർക്ക് മോളോട് ഒരു ഇഷ്ടക്കേട് പോലെ. എല്ലായിടത്തും ഒഴിവാക്കുന്നത് പോലെ. അപ്പൊ വീണയും വിസ്മയും രുക്‌മിണിയുടെ മക്കളാണോ”.
“മം അതെ. ചെറിയമ്മ കുഞ്ഞിലേ തൊട്ട് അങ്ങനെ തന്നെയാ. എനിക്കിതൊക്കെ ശീലമാണ്. സത്യം പറഞ്ഞാൽ എനിക്കമ്മയുടെ സ്നേഹം കിട്ടിയത് ഇവിടെ വന്നതിന് ശേഷമാ. നന്നായുറങ്ങിയത് , ആഹാരം കഴിച്ചത് എല്ലാം”.
അവളുടെ വേദനകൾ അറിഞ്ഞ സുഭദ്രയുടെ മനസ് വിങ്ങുന്നുണ്ടായിരുന്നു. ഇത്ര വേദനക്കിടയിലും പുഞ്ചിരിയോടെ നടന്ന അവളോട് അവർക്ക് ഹൃദയം നിറഞ്ഞ സ്നേഹം തോന്നി. അവളെ കെട്ടിപ്പിടിച്ചു അവർ.
“ഞാൻ തന്നെയാ നിന്റെ അമ്മ. അമ്മക്ക് മോളെ സ്നേഹിക്കാനല്ലാതെ വേറൊന്നും കഴിയില്ല. എന്റെ മരണം വരെയും നീ എന്റെ ഹൃദയത്തിൽ ഉണ്ടാകും. ഒരു മങ്ങലും ഏൽക്കാതെ തന്നെ”.
അവർ രണ്ട് പേരും കരഞ്ഞു പോയിരുന്നു. അമ്മയെ തിരക്കി വന്ന സൂരജ് ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. അവന് പീലിയോട് അലിവ് തോന്നി. അവളെ തല്ലിയതോർത്ത് അവൻ സ്വയം ശപിച്ചു.
പവനോടൊത്ത് ഒരു ഒഴിഞ്ഞ ക്ലാസ്സ് മുറിയിലായിരുന്നു സാധിക . പല പദ്ധതികളും അവർ പ്ലാൻ ചെയ്തു. ഏതാണോ ഏറ്റവും അപകടം നിറഞ്ഞതും , ക്രൂരമായതും അത് തന്നെ ആണ് അവൾക്കുള്ള സമ്മാനം എന്ന് സാധിക ഉറച്ചു പറഞ്ഞു . പവന്റെ കണ്ണുകളിൽ പകയുടെയും ക്രൂരതയുടെയും ഭാവം മാത്രം നിറഞ്ഞു നിന്നിരുന്നു. ദയയുടെയോ അലിവിന്റെയോ ഒരിറ്റ് കണിക പോലും അവശേഷിക്കാത്ത വിധത്തിൽ പവനിലും സാധികയിലും പക നിറഞ്ഞിരുന്നു. ഒടുവിൽ സാധിക പറഞ്ഞ് കൊടുത്ത പ്രകാരം തന്നെ കാര്യങ്ങൾ മുൻപോട്ട് നീക്കാം എന്ന തീരുമാനത്തിൽ പവൻ എത്തി. അവർ സംസാരിക്കുന്നതിനിടയിലെ പവന്റെ വൃത്തികെട്ട നോട്ടത്തെ സാധിക തടഞ്ഞില്ല. അവൾക്ക് അവനെ കൊണ്ട് അവളാഗ്രഹിച്ച കാര്യം നടത്തണം എന്നൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇടയ്ക്കവൻ അവളെ അറിയാത്ത ഭാവത്തിൽ തൊടാനായി വന്നതും സാധിക കണ്ണടച്ചു പിടിച്ച് മൗനമായി നിന്നതേയുള്ളു. അവളുടെ കണ്ണിൽ രേഷ്മയുടെ തോൽവിയും വേദനയും മാത്രമേ കണ്ടിരുന്നുള്ളൂ. പകയാൽ അവളുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം. മറൊരിടത്തു ഇതൊന്നുമറിയാതെ രേഷ്മ സന്തോഷവതിയായിരുന്നു.
തുടരും

by