The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നെച്ചു നസ്രിൻ
നിശ്ചയം കഴിഞ്ഞ് കൃത്യം ഇരുപത്തഞ്ചാം ദിവസം രാവിലെ പതിനൊന്നിനും പതിനൊന്നരക്കുമുള്ള മുഹൂർത്തത്തിൽ വിവാഹം തീരുമാനിച്ചു. ഇരുവീട്ടുകാരും കല്യാണത്തിന്റെ തിരക്കുകളിലേക്ക് കടന്നു. ക്ഷണക്കത്തെല്ലാം അടിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ തുടങ്ങി.
പീലിക്ക് ഫസ്റ്റ് ഇയർ എക്സാം അടുത്ത് വരികയാണ്. സെമിനാർ പ്രസന്റേഷനും , അസ്സയിന്മെന്റ് സബ്‌മിഷനും ഒക്കെയായി അവൾ തിരക്കിലായിരുന്നു. വീട്ടിലെ ജോലികൾക്കൊപ്പം ഉറക്കമുളച്ചുള്ള പഠനവുമായപ്പോൾ പീലി തികച്ചും ക്ഷീണിതയായി.
ക്യാന്റീനിൽ പീലിയും രേഷ്മയും ഒന്നിച്ചിരിക്കുകയാണ്. ആനന്ദ് എന്തോ അവശ്യത്തിനായി പുറത്ത് പോയിരുന്നു. സാധിക ആനന്ദിനെ തിരക്കി അവർക്കരികിലേക്ക് വന്നത് അപ്പോളാണ്. ഒന്ന് മടിച്ചിട്ടാണേലും അവരോട് തിരക്കാമെന്ന് സാധിക ഉറപ്പിച്ചു.
“ആനന്ദേട്ടൻ എവിടെ പോയതാണെന്നറിയുമോ”?.
പീലിയെ നോക്കിയാണ് സാധിക ചോദിച്ചത്. എന്നാൽ മറുപടി കൊടുത്തത് രേഷ്മയായിരുന്നു.
“ശോ എന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു. ഇപ്പോ ഒരു ചായ കുടിക്കാൻ പോയേക്കുവാ. അല്ലെടീ”?.
മറ്റെവിടേക്കോ നോക്കി , ലോഡ് കണക്കിന് പുച്ഛത്തോടെയാണ് രേഷ്മയത് പറഞ്ഞത്.
“ദേ അധികം ശോ ഇറക്കാണ്ട് നീ നിന്റെ കാര്യം നോക്കിക്കേ”.
“ശോ ഇറക്കിയാൽ നീ എന്നെ മൂക്കിൽ കേറ്റുമോ. എന്റെ ശോ കാണാൻ നിന്നെ ഞാൻ ഇങ്ങോട്ട് വിളിച്ചില്ലല്ലോ”.
“പീലി , ആനന്ദേട്ടൻ എവിടെയാണെന്ന് ഒന്ന് പറഞ്ഞെ ഞാൻ വിളിച്ചിട്ട് കിട്ടുന്നില്ല”.
“എനിക്കറിയില്ല സാധിക എന്നോടൊന്നും പറഞ്ഞില്ല”.
പീലിയത് പറഞ്ഞതും സാധികയുടെ മുഖത്ത് നിരാശ നിഴലിച്ചു. അത് കണ്ടിട്ട് രേഷ്മ അവളെ നോക്കിയൊന്ന് കളിയാക്കി ചിരിച്ചു.
“നിനക്കെന്താടി ഇത്ര ചിരി”?.
“ദേ പെണ്ണെ എടി പോടീന്നൊക്കെ നീ വേറെ ആരെലേം പോയി വിളിച്ചാ മതി”.
വഴക്കിനു നിൽക്കാൻ താല്പര്യമില്ലാതെ രേഷ്മ എഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നെങ്കിലും സാധിക അവളുടെ പിറകിൽ വന്ന് കയ്യിൽ പിടിച്ച് വലിച്ചു നിർത്തി.
“ഡീ നീ വലിയ ആളാവല്ലേ . നീ ആരാണെന്ന നിന്റെ വിചാരം?. കണ്ട അവന്മാരെ എക്കെ ഇടിച്ചതിന്റെ ജാടയൊന്നും എന്നോട് ഇറക്കേണ്ട കേട്ടല്ലോ. ആനന്ദേട്ടനെ കാണാനാണ് ഞാൻ വന്നതെങ്കിൽ ഞാൻ കണ്ടിട്ടേ പോകൂ”.
“ഉവ്വ നി കൊണ്ടിട്ടെ പോകൂ. ചുമ്മാ പോ കൊച്ചേ”.
“നീ എന്നെ എന്ത് ചെയ്യുമെന്നാ. അതോ ഞാൻ നിന്നെ പേടിക്കണമെന്നാണോ”?.
“എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. നിനക്ക് പ്രാന്ത് ആണോ. ഞാൻ എന്റെ കാര്യം നോക്കി പോകുമ്പോ മെക്കിട്ട് കേറാൻ വരുന്നതെന്തിനാ”?.
സാധികയ്ക്ക് രേഷ്മ ആനന്ദിനോട് അടുത്തിടപഴകുന്നതിൽ താല്പര്യമില്ല. അതവൾ ഇടക്ക് ആനന്ദിനോട് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ആനന്ദ് അതിനെ ശക്തമായി എതിർത്തിട്ടുമുണ്ട്.അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് കുട്ടികൾ പലരും അവർക്ക് ചുറ്റിനും കൂടി. അത് കണ്ടിട്ടാണ് ആനന്ദ് അവിടേക്ക് വന്നത്.
അവൻ വരുന്നത് കണ്ടതും സാധിക ഉടനെ നിലവിളിക്കാൻ തുടങ്ങി. രേഷ്മ കാര്യം എന്താണെന്നറിയാതെ പീലിയെ നോക്കി. ആനന്ദ് അവർക്കരികിലേക്ക് വന്നതും സാധിക അവന്റെ കയ്യിൽ പിടിച്ച് തേങ്ങി കരയാൻ തുടങ്ങി.
“എന്താ ഇവിടെ പ്രശ്നം. നിങ്ങളൊക്കെ എന്ത് കാണാൻ നിൽക്കുവാ പൊയ്ക്കേ എല്ലാവരും”.
അവിടെ കൂടിനിന്ന എല്ലാവരെയും അവൻ അവിടുന്ന് പറഞ്ഞ് വിടാൻ ശ്രമിച്ചു
“ഞാൻ ഇവരിവിടെ ഇരിക്കുന്നത് കണ്ട് ആനന്ദേട്ടൻ എവിടെയെന്നു തിരക്കിയതിന് ഈ ചേച്ചി എന്നെ എന്തൊക്കെയോ പറഞ്ഞു” .
ആനന്ദ് രേഷ്മയെ രൂക്ഷമായി നോക്കി. ആ നോക്കിൽ രേഷ്മ തളർന്നു പോയി. പീലിയും തറഞ്ഞു നിൽക്കുകയായിരുന്നു. സാധിക അങ്ങനെ പറയുമെന്നും അവനത് വിശ്വസിക്കുമെന്നും അവൾ കരുതിയില്ല. പീലി അങ്ങനല്ല എന്ന് പറയാൻ വന്നതും രേഷ്മ അത് തടഞ്ഞു. കണ്ണ് കൊണ്ട് വേണ്ട എന്ന് കാണിച്ചു . തന്നെ വിശ്വസിക്കാൻ അവന് ഒരു മൂന്നാമന്റെ ആവശ്യം ഉണ്ടെന്ന തിരിച്ചറിവ് അവളെ നോവിച്ചു.
“നിനക്ക് നാണമില്ലേ രേഷ്മ ഇങ്ങനെ എല്ലാവരെയും മുന്നിൽ കിടന്ന് അടി കൂടാൻ. നിന്റെ നാവെന്താ ഇറങ്ങി പോയോ. അല്ലേൽ നാലര അടി നീളം കാണുമല്ലോ”?.
അവളൊന്നും മിണ്ടാതെ ആ നിൽപ്പ് തുടർന്നു. പീലിയുടെ കയ്യിൽ അവൾ മുറുക്കെ പിടിച്ചിരുന്നു.
“ഇവളപ്പഴേ പറഞ്ഞതാ നിന്നെ ഇങ്ങനെ തലയിൽ കേറ്റി വെയ്ക്കരുതെന്ന്. എന്നിട്ടും ഞാൻ അത് കേട്ടില്ല. ഇതിപ്പോ ചവർ പെണ്ണുങ്ങളെ പോലെ. ശേ!!”
അവന്റെ ആ വാക്കുകളിൽ തകർന്നടിഞ്ഞു പോയി രേഷ്മ. അവളുടെ കണ്ണ് നിറഞ്ഞൊഴുകി. ആരുടെ മുന്നിലും തോൽക്കാത്ത ആരുടെ മുന്നിലും കണ്ണ് നിറഞ്ഞു നിൽക്കാത്ത രേഷ്മ ആദ്യമായി അന്ന് എല്ലാവരുടെയും മുന്നിൽ നിന്ന് കരഞ്ഞു , നിശബ്ദമായി. അവൻ പറയുന്നത് ബാക്കി കേൾക്കാൻ നിൽക്കാതെ അവൾ ക്ലാസ്സിലേക്ക് നടന്നു . പീലി അവളുടെ പിറകിൽ ഓടി ചെന്നു.
“എന്താ പീലി ഞാൻ ചെയ്ത തെറ്റ്. അവനെ സ്നേഹിച്ചതാണോ?. അതോ?… എനിക്കറിയില്ല പീലി. നീയും കണ്ടതല്ലേ ഞാനായിട്ട് ഒഴിഞ്ഞ് മാറിയിട്ടും വഴക്കിനു വന്നത് അവളല്ലേ. എന്നിട്ടും അവളെന്തൊക്കെയാ അവിടെ കിടന്ന് കാണിച്ചത്”?.
“രേഷു നീ കരയാതെ. നമുക്ക് ആനന്ദിനെ പറഞ്ഞു മനസിലാക്കാം”.
“എന്തിനാ പീലി. ഞാൻ ഒന്നാകെ തകർന്നു പോയത് ആനന്ദിന്റെ സംസാരത്തിലാണ്. നീ കേട്ടില്ലേ അവൻ പറഞ്ഞത്. അവൾ പറഞ്ഞത്രേ എന്നോട് മിണ്ടരുതെന്നൊക്കെ. അത് അവൻ കേട്ടില്ലെന്ന്. അപ്പൊ അവൾ പറഞ്ഞത് കേൾക്കുന്നതായിരുന്നു നല്ലത് , എന്നല്ലേ അവൻ ഉദേശിച്ചത്.അവളാണ് അവനിപ്പോൾ ശെരി. ഞാൻ തെറ്റും. ഇന്നലെ കണ്ട അവൾക്ക് വേണ്ടി അവൻ എന്നെ തള്ളിപ്പറഞ്ഞില്ലേ. എനിക്കൊരുപാട് സന്തോഷമായി”.
രേഷ്മ വിങ്ങിപൊട്ടുകയായിരുന്നു. അവൻ ഇഷ്ടമല്ല എന്ന് പറഞ്ഞിരുന്നേൽ കൂടി അവൾക്കത്രയും സങ്കടം വരില്ലായിരുന്നു. പീലിക്ക് അവളുടെ അവസ്ഥ കണ്ട് നെഞ്ച് പൊടിഞ്ഞു. അവൾ രേഷ്മയെ ചേർത്ത് പിടിച്ചു .
“രേഷു നീ ഇങ്ങനെ കരയരുതേ. എനിക്കത് സഹിക്കാൻ കഴിയുന്നില്ല. ഒരിക്കൽ അവൻ നിന്നെ മനസിലാക്കും മോളെ”.
“ഇല്ല പീലി. അവനിനി എന്തൊക്കെ പറഞ്ഞാലും അതൊന്നും എന്റെ മനസിന് ആശ്വാസം ആകില്ല. ഞാൻ ക്ലാസ്സിൽ കേറുന്നില്ല പീലി. എനിക്ക് വയ്യ. ഞാൻ വീട്ടിൽ പോകുവാ. ഞാൻ തോറ്റ് പോയി. എന്റെ പ്രണയവും”.
അതും പറഞ്ഞു രേഷ്മ ക്ലാസ്സിലേക്ക് വന്നു ബാഗ് എടുത്തു വീട്ടിലേക്ക് തിരിച്ചു പോയി. പീലിക്കും പിന്നീട് ക്ലാസ്സിലിരിക്കാൻ തോന്നിയില്ല. അവളും വീട്ടിലേക്ക് പോയി.
രേഷ്മക്ക് അന്ന് ഉറങ്ങാൻ സാധിച്ചില്ല. അവൻ ഒരിക്കൽ തന്റെ സ്‌നേഹം തിരിച്ചറിയും എന്ന വിശ്വാസം അവൾക്ക് നഷ്ട്ടപെട്ടു കഴിഞ്ഞു. ആ ഓർമ്മയിൽ അവളുടെ മിഴികളിൽ നിന്ന് കണ്ണീർ ഒഴുകി. പാറിപറന്ന മുടിയിഴകളും തിളക്കം നഷ്ട്ടപെട്ട കണ്ണുകളുമായി ആ രാത്രി അവൾ തള്ളി നീക്കി.
പിറ്റേ ദിവസം പീലി രേഷ്മയെ കോളേജിലേക്ക് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇന്നലത്തെ സംഭവങ്ങൾ അവളിൽ അത്രത്തോളം വേദന നിറച്ചുവെന്ന് പീലിക്ക് മനസിലായി. ക്ലാസ്സിലേക്ക് ചെന്നപ്പോളാണ് ആനന്ദ് അവിടിരിക്കുന്നത് പീലി കണ്ടത്. അവൾക്കവനോട് ദേഷ്യം തോന്നി. അവനെ നോക്കാതെ അവൾ ബെഞ്ചിൽ വന്നിരുന്നു.
“പീലി”.
“എന്താ ആനന്ദേ “?.
“എടീ രേഷ്മ”..
“ഏത് രേഷ്മ നിനക്കങ്ങനെ ആളുകളെ ഒക്കെ അറിയുമോ”?.
“നീയും അവളെ ന്യായീകരിക്കുവാണോ”?.
“ഒരിക്കലുമല്ല. ന്യായീകരിക്കാൻ അവളൊരു തെറ്റും ചെയ്തിട്ടില്ലല്ലോ ആനന്ദ്. നിനക്കല്ലേ കണ്ണിന്റെ കാഴ്ച നഷ്ടമായത്”.
“പീലി നീ ഇതെന്തൊക്കെയാ പറയുന്നത്?. എനിക്ക് മനസിലാകുന്നില്ല”.
“ആഹ് നിനക്ക് പലതും മനസിലാക്കാനുള്ള കഴിവും നഷ്ടമായല്ലോ അല്ലെ “?.
“പീലി എനിക്ക് ദേഷ്യം വരുന്നുണ്ട് നീ എന്നെ കളിയാക്കാതെ എന്തേലും പറയാനുണ്ടേൽ പറയ്”.
” നിനക്കല്ല , എനിക്കാണ് ദേഷ്യം വരുന്നത്. നിന്റെ പ്രവർത്തികളൊക്കെ കണ്ട് എനിക്കിപ്പോ നിന്നോട് വല്ലാത്ത മതിപ്പാണ്”.
കണ്ണ് ചുവന്നു ചുണ്ടുകൾ വിറച്ചു , പീലി അത്ര ദേഷ്യത്തിൽ അത് പറഞ്ഞതും ആനന്ദ് അവളെ തന്നെ നോക്കിയിരുന്നു. പീലിയെ ആദ്യമായാണ് അവൻ ഇത്രയും ദേഷ്യത്തിൽ കാണുന്നത്.
“ഇന്നലെ എന്താണ് നടന്നതെന്ന് നീ തിരക്കിയിരുന്നോ ഞങ്ങളോട്?. ഇല്ലല്ലോ. നിനക്ക് മറ്റുള്ളവരുടെ വാക്കുകൾ ആയിരുന്നല്ലോ വിശ്വാസം. അവിടെ എല്ലാവരുടെ മുന്നിലും നാണംകെട്ട് ഇല്ലാതായത് നിന്റെ കൂട്ടുകാർ എന്നും പറഞ്ഞ് നടക്കുന്ന ഞങ്ങളാണ് “.
ആനന്തിനു മറുപടി ഉണ്ടായിരുന്നില്ല
” ഇന്നലെ അവളാണ് ഞങ്ങളോട് വന്ന് സംസാരിച്ചത്. ആദ്യം അവളെ ദേഷ്യം പിടിപ്പിക്കാൻ രേഷു വെറുതെ കളിയാക്കിയെങ്കിലും അവൾ മാറി പോയിട്ടും പിറകെ വന്ന് അത്രയും സീൻ ഉണ്ടാക്കിയത് സാധികയാണ്. രേഷ്മയല്ല. നിന്നെ കണ്ടപ്പോ അവൾ കരഞ്ഞ് നിലവിളിച്ചതാണ്. എന്നിട്ടും കാര്യമെന്താണെന്ന് തിരക്കാതെ നീ രേഷ്മയെ അല്ലെ കുറ്റക്കാരി ആക്കിയത് “.
” ഇത്രയും നാൾ എല്ലാ കാര്യത്തിനും കൂടെ നടന്നിട്ട് ആ ഒരൊറ്റ പ്രശ്നം വന്നപ്പോൾ നീ എല്ലാം മറന്നു രേഷ്മയെ തള്ളിപ്പറഞ്ഞില്ലേ. നിനക്കിപ്പോൾ വലുത് മറ്റു പലതുമായിരിക്കും. അതൊക്കെ നിന്റെ മാത്രം കാര്യങ്ങളാണ്. അതിലൊന്നും കൈ കടത്താൻ ഞങ്ങൾ വരുന്നില്ല. പക്ഷേ ഫ്രണ്ട്സിനോട് ഉണ്ടാവേണ്ട ഒരു കമ്മിറ്റ്മെന്റ് നീ ആയിട്ട് ഇന്നലെ ഇല്ലാതാക്കി “.
” ഇതൊക്കെ ഇന്നലെ തന്നെ നിന്നോട് പറയാൻ വന്നതാണ് ഞാൻ , പക്ഷേ അത് തടഞ്ഞത് രേഷ്മയാണ്. അവളെ മനസിലാക്കാൻ നിനക്ക് എന്റെ സഹായം വേണ്ടി വന്നല്ലോ എന്നോർക്കുമ്പോളാണ് എനിക്ക് സങ്കടം. ഇത്രയുമെങ്കിലും നിന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് ഇന്ന് സമാദാനമായി കിടന്നുറങ്ങാൻ പറ്റില്ല. ഒരു കാര്യം മാത്രം ഞാൻ പറയാം കയ്യിലുള്ള മാണിക്യത്തെ ഉപേക്ഷിച്ചു കുപ്പയിലെ കരിക്കട്ട തിരക്കി നീ പോകാൻ ശ്രമിക്കരുത്. വിഡ്ഢിയായി പോകരുത് നീ “.
അത്രയും പറഞ്ഞു പീലി പുറത്തേക്ക് പോയി. പീലി അവസാനം പറഞ്ഞത് ആനന്തിനു ശെരിക്കും മനസിലായില്ല. അവന് തന്റെ എടുത്ത് ചാട്ടത്തിൽ സംഭവിച്ചു പോയ കാര്യത്തിൽ കുറ്റബോധം തോന്നി. അവന്റെ മുന്നിൽ കണ്ണ് നിറച്ചു തല കുമ്പിട്ടു നിൽക്കുന്ന രേഷ്മയുടെ മുഖമായിരുന്നു.
അവൻ നേരെ പോയത് സാധികയുടെ അടുത്തേക്കാണ് കൂട്ടുകാരികൾക്കൊപ്പം എന്തോ തമാശ പറഞ്ഞ് ചിരിക്കുന്നതിനിടയിലാണ് ദേഷ്യത്തോടെ നടന്ന് വരുന്ന ആനന്ദിനെ അവൾ കണ്ടത്. കൂടെയുള്ളവരോട് പൊക്കോളാൻ പറഞ്ഞ് അവൾ ആനന്ദിനെ നോക്കി.
“നീ ഇന്നലെ പറഞ്ഞത് രേഷ്മ നിന്നോട് വഴക്കിനു വന്നെന്നല്ലേ. അതല്ലല്ലോ സത്യം. നീ അല്ലെ പ്രശ്നം ഉണ്ടാക്കാൻ ചെന്നത്”?.
” അത് ആനന്ദേട്ടനോട് ആരാ പറഞ്ഞത്”?.
“പറഞ്ഞത് ആരേലും ആയിക്കോട്ടെ നീ ഞാൻ ചോദിച്ചതിന് മറുപടി പറയ് “.
“അതേട്ടാ രേഷ്മ എന്നെ കളിയാക്കിയപ്പോ എനിക്ക് ദേഷ്യം വന്നു അപ്പോള ഞാൻ “….
ആനന്ദിന്റെ മുഖം കോപത്താൽ ചുവന്നു തുടുത്തു. സാധിക ഭയത്തോടെ അവനെ നോക്കി .ഉടൻ അവളോടിവന്ന് അവനെ കെട്ടിപിടിച്ചു നെഞ്ചോരം ചേർന്നു നിന്നു.അവളുടെ ആ പ്രവർത്തിയിൽ ആനന്ദ് പതറി പോയി. അവളിൽ നിന്ന് അങ്ങനൊരു നീക്കം അവൻ പ്രതീക്ഷിച്ചില്ല
“സോറി ആനന്ദേട്ടാ. എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. ചേട്ടനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. അത് കൊണ്ടാ ഞാൻ അങ്ങനൊക്കെ”.
സാധികയുടെ മുഖത്ത് പക നിറഞ്ഞൊരു ചിരി വിടർന്നു.ആനന്ദ് എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു.രണ്ട് ദിവസം രേഷ്മയുടെ അസാന്നിധ്യം പീലിയെ വല്ലാതെ ബാധിച്ചു. ആനന്തും ഇപ്പോ അവൾക്കരികിലേക്ക് വരാറില്ല. കണ്ടാലൊന്ന് ചിരിക്കും എന്നല്ലാതെ അവനിപ്പോൾ ഏത് നേരവും സാധികയുടെ കൂടെയാണ്. അവർ തമ്മിൾ ഇഷ്ടമാണെന്ന വാർത്ത ക്യാമ്പസ് മൊത്തത്തിൽ പരന്നു. സാധികയുടെ മനസ്സിൽ രേഷ്മയോടുള്ള വാശിയും പകയുമാണ്. എല്ലാവരുടെ മുന്നിലും അവളെ നാണംകെടുത്തണം എന്നാണ് അവളുടെ ആവശ്യം.
കോളേജിലേക്ക് വന്നപ്പോൾ തൊട്ട് കേൾക്കുന്നതാണ് രേഷ്മ – ആനന്ദ് എന്ന ഉറ്റ കൂട്ടുകാരെ കുറിച്ചുള്ള സംസാരം. രേഷ്മയുടെ സ്മാർട്നെസ്സ് അവൾക്ക് ഇഷ്ടക്കേടുണ്ടാക്കി. ആനന്ദിന്റെ തോളോട് ചേർന്ന് നടക്കുന്ന രേഷ്മയെ കാണുമ്പോളൊക്കെ അവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ അവളുദേശിച്ചു.. ആനന്തിനു തന്നോടൊരു ചായവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ അവൾ , അത് മുതലെടുക്കാൻ തുടങ്ങി. എന്തോ രേഷ്മയോട് വല്ലാത്ത വെറുപ്പാണ് അവൾക്ക്.എല്ലാ രീതിയിലും ആനന്തിനു മേൽ സാധിക ആധിപത്യം സ്ഥാപിച്ചെടുത്തു. ലീവ് കഴിഞ്ഞ് കോളേജിലേക്ക് വരുമ്പോൾ രേഷ്മക്കുള്ള സമ്മാനമായി അവൾ അവർ തമ്മിലുള്ള പ്രേമത്തെ മാറ്റിയെടുത്തു.
വീണ ഇപ്പോൾ ഏത് നേരവും ഫോൺ വിളിയാണ്. മുറിയിലെ കട്ടിലിൽ ഇരുന്ന് സൂരജുമായി സംസാരിക്കുന്നതിനിടയിലാണ് കഴുകാനുള്ള തുണി എടുക്കാൻ പീലി റൂമിലേക്ക് വന്നത്. ഓരോ ജോലികൾ ചെയ്യാൻ പീലിയോട് ആഞ്യാപിക്കുന്നത് കേട്ടിട്ടാണ് സൂരജ് കാര്യം തിരക്കിയത്.
“ഏയ് ഒന്നുമില്ല സൂരജേട്ടാ ഇവിടെ ജോലി എക്കെ ചെയ്യാൻ ഒരു ജോലിക്കാരി ഉണ്ട്. അവളോട് ഞാൻ ചെയ്യാനുള്ള ജോലികൾ പറയുകയായിരുന്നു”.
പീലി കേൾക്കാനായി കുറച്ചുറക്കെയാണ് വീണയത് പറഞ്ഞത്. പീലിക്കത് കേട്ടിട്ടും സങ്കടമൊന്നും തോന്നിയില്ല. അവൾ ജോലികൾ തുടർന്നു. വൈകിട്ട് അമ്പലത്തിലെ ദീപാരാധന തൊഴാനായി ഇറങ്ങിയതാണ് പീലി. പക്ഷികൾ കൂടണയാൻ വെമ്പൽ കൊണ്ട് വേഗത്തിൽ കൂട്ടമായി പറന്നകലുന്നു. ഭഗവാനെ തൊഴുതു നിൽക്കുമ്പോൾ അവൾ പ്രാർത്ഥിച്ചത് രേഷ്മക്ക് വേണ്ടിയായിരുന്നു.
“ഒരുപാട് സ്നേഹിക്കുന്നുണ്ട് അവൾ ആനന്ദിനെ. അത് തനിക്ക് നന്നായറിയാം. അവൾക്കീ വേദന സഹിക്കാനുള്ള ശക്തി നീ കൊടുക്കണേ ഭഗവാനെ”.
ഇലച്ചീന്തിൽ നിന്ന് ചന്ദനം നെറ്റിയിൽ തൊട്ട് അവൾ മെല്ലെ അമ്പലത്തിന്റെ പടികളിറങ്ങി. നടന്നു നേരെ നോക്കിയതും കണ്ടത് അജീഷിനെയാണ്. കൂടെ അവന്റെ സഹോദരി അഞ്‌ജലിയും ഉണ്ട്. തന്റെ പ്രായമാണ് അഞ്‌ജലിക്ക്.സ്കൂളിൽ ഒന്നിച്ച് പഠിച്ചവരാണ്.അവൾ ഇപ്പോൾ തമിഴ്നാട്ടിൽ എഞ്ചിനീയറിംഗ് പഠിക്കുകയാണ്.
“ആഹാ ഇതാരാ പീലിയോ കുറെ നാളായല്ലോ കണ്ടിട്ട്”.
“ആഹ് അഞ്ചു നീ എപ്പോളാ വന്നത്”?.
“ഞാൻ ഇന്ന് രാവിലെ വന്നു. എങ്ങനെ പോകുന്നു ക്ലാസ്സ് ഒക്കെ. വീണേടെ കല്യാണമാണെന്ന് അച്ഛൻ പറഞ്ഞിരുന്നു”.
“ആഹ് രണ്ടാഴ്ച കഴിഞ്ഞാൽ കല്യാണമാണ്. നീ ഉണ്ടാവില്ലേ കല്യാണത്തിന്”?.
“ഇല്ലെടി എനിക്കതിനു മുന്നെ പോകണം. സ്റ്റഡി ലീവ് ആണ്”.
അവർ ഓരോ വിശേഷങ്ങൾ പറഞ്ഞു നിൽക്കുന്നതിനിടയിലാണ് തന്നെ നോക്കി നിൽക്കുന്ന അജീഷിനെ പീലി കാണുന്നത്. അവളുടനെ നോട്ടം മാറ്റി. അജീഷിന്റെ ചുണ്ടിലൊരു ചിരി മിന്നി.
“ആഹ് എങ്കിൽ ഞാൻ ചെല്ലട്ടെ. നേരം ഇരുട്ടി. സംസാരിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല”.
“വേണേൽ ഏട്ടൻ നിന്നെ വീട് വരെ കൊണ്ടാക്കി തരും. ഇരുട്ടായല്ലോ”.
“ഇല്ലെടി വേണ്ട ഞാൻ തനിയെ പൊക്കോളാം”.
“നീ ഒന്നും പറയേണ്ട വഴിയിലൊക്കെ ഇഴജന്തുക്കളുള്ളതാ. നീ ഒറ്റക്ക് പോകണ്ട. ഏട്ടനൊന്ന് കൊണ്ടാക്കി വായോ”.
അവളത് പറയേണ്ട താമസം അജീഷ് പീലിക്ക് മുന്നിൽ നടക്കാൻ തുടങ്ങി. മടിച്ചു മടിച്ചു പീലി പിറകിലും.
“ഇങ്ങനെ ഒരുമിച്ച് തനിക്കൊപ്പം ഒരുപാട് കാലം നടക്കാനാണ് എനിക്കാഗ്രഹം”.
അത് കേട്ടതും പീലിയുടെ മുഖം വല്ലാതെയായി. അവൾക്കവനെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് തോന്നി. വീടിന്റെ പടിക്കലെത്തിയതും അവളവനോട് ഒന്നും പറയാതെ ഓടി പോയി. അജീഷ് അതെ പുഞ്ചിരിയോടെ അവൾ പോയ വഴിയേ നോക്കി നിന്ന് പിന്നെ തിരിഞ്ഞു നടന്നു.
തുടരും