17/04/2026

മയിൽപ്പീലി : ഭാഗം 30

രചന – നെച്ചു നസ്രിൻ

സൂരജ് ജീവൻ പറയുന്നതൊക്കെ കേൾക്കുന്നുണ്ടെങ്കിലും അവന്റെ മനസ് മറ്റെവിടോ ആയിരുന്നു.അവന് പീലിയോട് സംസാരിക്കാൻ തോന്നി. കഴിവതും ഒഴിഞ്ഞുമാറിയാണ് പീലി നടന്നത്. “സൂരജ് ശെരിക്കും പറഞ്ഞാൽ എനിക്കിതൊക്കെ വലിയ സർപ്രൈസ് ആണ്. പീലി ആരാണ് എന്ന് മനസിലാക്കിയതും പിന്നീട് ദേ ഇപ്പൊ അറിഞ്ഞതുമൊക്കെ എനിക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യങ്ങളാണ്. എന്തായാലും എന്റെ പീലി സുരക്ഷിതമായ ഒരിടത്തു തന്നെയാണ് എത്തിയത് എന്നെനിക്ക് സമാധാനിക്കാല്ലോ”. ഭദ്ര പീലിയെ ചേർത്തു നിർത്തി.ജീവന്റെ കണ്ണും മനസ്സും നിറഞ്ഞു. “എനിക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ടായിരുന്നു. ശെരിക്കു പറഞ്ഞാൽ അനുവാദം ചോദിക്കാനുണ്ടെന്ന് വേണം പറയാൻ”. ” എന്താ ജീവൻ. പറഞ്ഞോളൂ.” “അത് എനിക്ക് പീലിയെ എന്റൊപ്പം വിടണം. ഞാൻ പറഞ്ഞിരുന്നില്ലേ വീട്ടിൽ എല്ലാവരും ഇയാളെ കാത്തിരിക്കുവാണ്. ഞാൻ ഒഴിവ് പറഞ്ഞു കുഴഞ്ഞു.

ചെറിയച്ഛനെ കണ്ട് സമ്മതം വാങ്ങാനായി വന്നതാണ്. ഇവിടെ വന്നപ്പോളാണ് ഇതൊക്കെ അറിയാൻ സാധിച്ചത്.വീട്ടിൽ പെൺകുട്ടികൾ ആയിട്ട് ആരുമില്ല. അത് കൊണ്ട് തന്നെ പീലിയെ കൂട്ടിക്കൊണ്ട് ചെല്ലണമെന്നാണ് ഓർഡർ. പത്തിരുപതു വർഷത്തെ പരാതിയും പരിഭവവും ഉണ്ടല്ലോ. ഇനി പീലിയുടെ വീട്ടിൽ ചെന്ന് ചെറിയച്ചനെ കൂടി കണ്ട് സംസാരിച്ചു കൂടെ കൂട്ടണം. ചെറിയമ്മ കൂടെയുണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ”… അമ്മയുടെ കാര്യം കേട്ടതും പീലിയുടെ മുഖത്ത് ദുഃഖം തളംകെട്ടി. അത് മനസിലാക്കി ഭദ്ര അവളെ ചേർത്തു പിടിച്ചു. “ഇനിയിപ്പോ നാളെയും മറ്റന്നാളും അവധിയല്ലേ. ഇന്ന് ചെന്നാൽ ഞായറാഴ്ച വൈകിട്ട് തിരിച്ച് കൊണ്ടാക്കിയേക്കാം. രണ്ട് ദിവസത്തേക്ക് ഞങ്ങൾക്ക് വിട്ടു തരാമോ പീലിയെ”?. സങ്കടത്തോടെയാണെങ്കിലും ജീവന്റെ ആവശ്യം അവർ സമ്മതിച്ചു.

പീലിക്കും ജീവനും ഒപ്പം സൂരജും വിശ്വനെ കാണാൻ വന്നിരുന്നു. ആദ്യം വിശ്വൻ ഒന്നും വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഇത്ര നാളുമില്ലാത്ത ബന്ധങ്ങൾ പെട്ടെന്നുണ്ടായതിനെ അയാൾ സ്വീകരിക്കാൻ വിമുഖത പ്രകടിപ്പിച്ചു. ജീവൻ എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കി. വിശ്വനു അറിയാമായിരുന്നു സാവിത്രി ആ കുടുംബത്തിലെ ഓരോരുത്തർക്കും എത്രത്തോളം പ്രിയങ്കരിയായിരുന്നുവെന്ന്. ഒടുവിൽ അവർ ജീവന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. രുക്‌മിണിക്ക് അറിഞ്ഞ കാര്യങ്ങളിൽ വളരെയധികം ദേഷ്യം തോന്നി. വീട്ടിലെ ജോലിക്കാരിയെ പോലെ കഴിഞ്ഞവൾക്ക് ഇപ്പൊ സംബന്ധക്കാരായി ബന്ധുക്കളായി. എന്റെ സ്വന്തം മോൾ ഇപ്പോ എവിടാണെന്ന് പോലും ഒരറിവുമില്ല. അവർക്കുള്ളിൽ ആശങ്കയും ഒപ്പം പീലിയോട് തീർത്താൽ തീരാത്ത വെറുപ്പും തോന്നി.

അവരുടെ മനസ്സിൽ അപ്പോളും മകളുടെ ജീവിതം തട്ടിയെടുത്ത ഒരുവളുടെ സ്ഥാനം മാത്രമായിരുന്നു പീലിക്ക്. കേട്ടിടത്തോളം അവളുടെ തള്ള വലിയ കുടുംബക്കാരിയാണ്. അപ്പോ ആ വകയിൽ ഇനി സ്വത്തും അവകാശവുമൊക്കെ അവളിൽ വന്ന് ചേരും. ജീവന്റെ കാറിൽ കയറി പോകാനായപ്പോളും പീലി സൂരജിനെ നോക്കിയില്ല. അവൻ അവളുടെ ഒരു നോട്ടത്തിനെ പ്രതീക്ഷിച്ചു അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി നിന്നു. ജീവനും വിശ്വനും യാത്ര പറഞ്ഞതും കാർ നീങ്ങി തുടങ്ങി. സൂരജിന്റെ ഹൃദയം ചുട്ടുപൊള്ളിയടർന്നു. അന്ന കണ്ണാടിക്ക് മുന്നിൽ തന്റെ മുഖത്തെ സൂരജിന്റെ അടിയേറ്റ ഇടത്ത് നോക്കി. അവന്റെ വിരലുകളുടെ പാട് തെളിഞ്ഞ് കാണാം. അവളുടെ പനിനീർ ഇതളുകൾ പോൽ മൃദുലമായ കവിളിണകളിൽ സൂരജിന്റെ വിരലുകൾ തീർത്ത പാടിൽ അന്ന മെല്ലെ വിരലോടിച്ചു. ഒന്നെരിവ് വലിച്ചു.

“സൂരജ് ഇന്ന് നിന്നെ ഞാൻ പുണർന്നു. പക്ഷേ നീ എന്നെ വേദനിപ്പിച്ചതിൽ പോലും എനിക്ക് നിന്നോട് തരി ദേഷ്യമോ പകയോ തോന്നുന്നില്ല എന്നതാണ് അത്ഭുതം. നിന്റെ സ്ഥാനത്തു മറ്റാരാണെങ്കിലും അവരിപ്പോ ജീവനോടെ ഈ ഭൂമുഖത്തു ഉണ്ടാകുമായിരുന്നില്ല. പക്ഷേ നിനക്ക് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം. കാരണം ഞാൻ നിനക്കുള്ളതാണ്.നീ എനിക്കും.നീ ഇന്ന് അടിച്ച ഈ കവിളിൽ നിന്നെ കൊണ്ട് തന്നെ ചുംബനങ്ങൾ നൽകിക്കും ഞാൻ”. “എന്നിലേക്കല്ലാതൊരു മടക്കമില്ലൊരിക്കലും നിനക്ക്. നീ എത്ര ശ്രമിപ്പതാലും. എന്നിലോരോ അണുവിലും നിറയുന്നത് നീയത്രേ , നിന്നിലോരോ തുടിപ്പിലും മിടിക്കുന്ന ഞാനത്രെ “. അവളുടെ അധരങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു. സന്ധ്യയോട് അടുത്തിരുന്നു അവർ ജീവന്റെ വീട്ടിലെത്തിയപ്പോൾ. ഉമ്മറത്തു തന്നെ അവരുടെ വരവ് കാത്ത് എല്ലാവരും ഉത്സാഹഭരിതരായി നിലകൊണ്ടിരുന്നു. ജീവനാണ് ആദ്യം ഇറങ്ങിയത്.

കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും വിശ്വൻ ഇറങ്ങി. പതിയെയാണ് പീലി ഇറങ്ങിയത്. എല്ലാവരും അമ്പരന്നു പീലിയെ തന്നെ നോക്കി. അവളുടെ സൗന്ദര്യത്തിന് മുൻപിൽ ആ മൂവന്തി പോലും തോൽവി സമ്മതിച്ച പോൽ തോന്നിച്ചു എല്ലാവർക്കും. വീണ്ടും എല്ലാവരും ആരെയോ പ്രതീക്ഷിച്ചു കാറിലേക്ക് തന്നെ നോക്കി. അത് തിരിച്ചറിഞ്ഞ പീലിയിലും ജീവനിലും വിശ്വനിലും വേദന നിറഞ്ഞു. ജീവന്റെ അമ്മ നിലവിളക്ക് കൊളുത്തിയാണ് അവരെ സ്വീകരിച്ചത്. ” കുഞ്ഞിക്ക് ഞങ്ങളോടൊക്കെ ഇപ്പോളും ദേഷ്യമായിരിക്കും അല്ലെ. അത് കൊണ്ടായിരിക്കും ഞങ്ങളെ കാണാൻ ഇത്രടം വരെ വരാത്തത്”. “ആരും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ഞങ്ങൾ അവളോട് ചെയ്തത്. അതിലിപ്പോഴും നീറി നീറി ജീവിക്കുകയാണ് ഞങ്ങളെല്ലാവരും”. സാവിത്രിയുടെ മൂത്ത ഏട്ടൻ സുദേവനാണ് അത് പറഞ്ഞത്.

ജീവന്റെ അമ്മ ശ്രീദേവി പീലിയെ അടുത്ത് ചേർത്തു പിടിച്ചിട്ടുണ്ട്.ഇനിയും പറഞ്ഞില്ലെങ്കിൽ ശെരിയാകില്ലെന്ന് തോന്നിയ ജീവൻ സത്യം പറയാനായി വന്നതും വിശ്വൻ സംസാരിച്ചു തുടങ്ങി. ” അവൾക്ക് നിങ്ങളോട് ആരോടും ഒരു ദേഷ്യവുമില്ലായിരുന്നു. ശെരിക്കും പറഞാൽ ഞങ്ങളല്ലേ നിങ്ങളോട് തെറ്റ് ചെയ്തത്. സാവിത്രി ഇവിടുള്ളവർക്ക് എത്ര വലുതാണെന്ന് അറിയാമായിരുന്നിട്ട് കൂടി ഞാൻ അവളെ നിങ്ങളിൽ നിന്നൊക്കെ തട്ടിപ്പറിച്ചു കൊണ്ട് പോയതല്ലേ. അവളൊരിക്കലും നിങ്ങളെ ആരെയും തെറ്റ് പറഞ്ഞിട്ടില്ല. എല്ലാവരോടും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ടാ ഈശ്വരൻ എന്റെ സാവിത്രിയെ നേരത്തെ അങ്ങ് വിളിച്ചത്”. ശ്രീദേവി അടക്കം എല്ലാവരും അറിഞ്ഞ വാർത്തയിൽ ഞെട്ടിത്തരിച്ചു പോയി. തങ്ങളുടെ കുഞ്ഞി ഇപ്പോ ജീവനോടെയില്ലെന്ന് അവർക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.

അവർ തേങ്ങി കരഞ്ഞു. ഏതെങ്കിലും നാട്ടിൽ മക്കളോടൊത്ത് സന്തോഷമായി ജീവിക്കുകയാണെന്നാണ് ഇത്രയും നാൾ കരുതിയത്. “അമ്മേ ചെറിയമ്മ നമ്മളെ വിട്ട് പോയിട്ടു 22 വർഷം കഴിഞ്ഞു. ചെറിയമ്മയെ കണ്ട് പിടിച്ച് തരുമെന്ന് അമ്മക്ക് തന്ന വാക്ക് എനിക്ക് പാലിക്കാനായില്ല. പക്ഷേ അത് പോലൊരു മോളെയാണ് ഞാൻ കൊണ്ട് വന്നിരിക്കുന്നത്”. ശ്രീദേവി ഉൾപ്പെടുന്ന സ്ത്രീജനങ്ങൾ പീലിയെ സ്നേഹത്തോടെ തന്നെ ചേർത്തു നിർത്തി. വിശ്വൻ ഉമ്മറത്തു വന്നിരുന്നു. അയാളുടെ മനസിൽ 23 വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രിയായിരുന്നു. സാവിത്രിയുടെ കൈ പിടിച്ച് ഇറങ്ങി നടന്ന വഴികളായിരുന്നു. അവളിപ്പോൾ സന്തോഷിക്കുന്നുണ്ടാകും. എന്റെ പീലി ഇപ്പോ ആരുമില്ലാത്തവളല്ലല്ലോ. അത് ശെരി വയ്ക്കും വിധം ഒരു ചെറിയ ചാറ്റൽ മഴ മണ്ണിനെ നനച്ചു പെയ്തു. അമ്മായിമാരും വലിയമ്മയുമാണ് പീലിയെ ഊട്ടിയത്.

അവർക്ക് പീലിക്ക് വേണ്ടി എല്ലാം ചെയ്ത് കൊടുത്തിട്ടും തൃപ്തി വരുന്നുണ്ടായില്ല. വലിയമ്മയിൽ നിന്ന് തന്റെ അമ്മയുടെ ഓരോ കഥകളും അവൾ കേട്ടു. ഉറങ്ങാനായി റൂമിലേക്ക് വന്നപ്പോളാണ് ഭദ്രയെ ഇത്ര നേരമായും വിളിച്ചില്ലല്ലോ എന്നവൾ ഓർത്തത്. ഒറ്റ ബെല്ലിൽ തന്നെ അറ്റൻഡ് ചെയ്തപ്പോൾ അവൾക്ക് മനസിലായി തന്റെ വിളിയും കാത്തിരിപ്പാണ് കക്ഷി എന്ന്. “കോലോത്തെ തമ്പുരാട്ടി കുട്ടിക്ക് ഈ പാവപെട്ടവളെ ഒക്കെ ഓർമ്മയുണ്ടോ ആവോ”?. “കളിയാക്കല്ലേ അമ്മേ. പിണങ്ങാനും നിൽക്കണ്ട. എന്നെ തിരിയാനും പിരിയാനും ഇവിടെ ആരും സമ്മതിച്ചില്ല. വിശേഷം പറയലും കേൾക്കലുമൊക്കെയായി ബഹളമായിരുന്നു”. “ആഹ് എനിക്കറിയാം എല്ലാവരെയും കിട്ടിയപ്പോ നിനക്കീ അമ്മയെ വേണ്ടതായതല്ലേ”. “ദേ അമ്മേ വേണ്ടാതീനം പറഞ്ഞാലേ ഞാനിപ്പോ അങ്ങോട്ട് വരുമെ. ആരൊക്കെ ഉണ്ടായാലും എന്റെ ഭദ്രമ്മയെ പോലെ വരുമോ”. “മ്മ്മ് സോപ്പിടാനൊക്കെ ഇപ്പോ പഠിച്ചു.

പിന്നെ കേൾക്കട്ടെ വിശേഷങ്ങൾ”. വന്നത് മുതലുള്ള ഓരോ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞു കൊടുത്തു പീലി. ഇടക്ക് സൂരജ് വന്ന് നോക്കുമ്പോൾ അമ്മ ഫോണിൽ സംസാരിക്കുന്നതാണ് കണ്ടത്. പീലിയാകാം എന്നവൻ ഊഹിച്ചു. മുറിയിൽ വന്നെങ്കിലും സൂരജിന് ഉറങ്ങാനായില്ല. അവന്റെ കണ്ണുകൾ ഒഴിഞ്ഞ് കിടന്ന സോഫയിലേക്ക് പൊയ്‌കൊണ്ടിരുന്നു. അവന് തല പെരുക്കും പോലെ തോന്നി. എണീറ്റു ബാൽക്കണിയിലേക്ക് ചെന്നു. ബീൻ ബാഗിലെക്കിരിക്കുമ്പോൾ അന്ന് പീലിയെ കയ്യിലെടുത്തു മുറിയിൽ കൊണ്ട് കിടത്തിയത് ഓർമ വന്നു. മുറിയിൽ , ബാൽക്കണിയിൽ , അങ്ങനെ വീടിന്റെ മുക്കിലും മൂലയിലും അവനെ സ്വീകരിച്ചത് പീലിയുടെ ഓർമ്മകൾ മാത്രമായിരുന്നു. “പണ്ടാരം. മനുഷ്യന് വട്ട് പിടിക്കും. അവൾക്കൊന്നും അറിയണ്ടല്ലോ. ഇപ്പൊ നാല് ഉറക്കം കഴിഞ്ഞിട്ടുണ്ടാകും. എന്റെ അവസ്ഥ വല്ലതും അറിയണോ.ആരേലും വിളിക്കാൻ കാത്തിരിക്കുവാ ഓടി ചാടി പോകാൻ.” അവനിൽ പരിഭവവും നിരാശയും നിറഞ്ഞു.

എന്നാൽ പീലി കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവൾക്ക് കോളേജിൽ വെച്ച് കണ്ട കാഴ്ച എത്ര മറക്കാൻ ശ്രമിച്ചിട്ടും മിഴിവോടെ വീണ്ടും വീണ്ടും തെളിഞ്ഞു വന്ന് കൊണ്ടേയിരുന്നു. താലിയിൽ മുറുക്കെ പിടിച്ചു. താലി കയ്യിലുള്ള സമാധാനത്തിൽ അവൾ കണ്ണുകളടച്ചു. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത് അവൾ ഞെട്ടി എണീറ്റു. സൂരജേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്ന് കാൾ. അവൾ വെപ്രാളത്തിൽ എടുക്കണോ വേണ്ടയോ എന്നാലോചിച്ചു.കാൾ എടുത്തിട്ടും ഇരുവശത്തും മൗനമായിരുന്നു. “ഹലോ” “താൻ ഉറങ്ങിയില്ലേ”?. “ഇല്ല” (ഉറങ്ങാത്ത കൊണ്ടല്ലേ ഫോൺ എടുത്തത്. ഇത് പൊട്ടനാണോ ) “പിന്നെ”?. അവന് എന്ത് പറയണമെന്നറിയില്ലായിരുന്നു. “എന്താ വിളിച്ചത്”. “അത് ഇന്നലെ ഞാൻ പഠിപ്പിച്ചെ സാഹിത്യ സിദ്ധാന്തം എല്ലാ ഭാഗവും തനിക്ക് ക്ലിയർ ആയിരുന്നോ”?. പീലി വേഗം ഫോണിലെ സമയം നോക്കി. ഒരു മണിയോട് അടുക്കുന്നു. “എന്ത്”?. “ഏയ്‌ ഒന്നുമില്ല. വെറുതെ. താൻ എന്നാൽ ഉറങ്ങിക്കോ. ഗുഡ് നൈറ്റ് “. ഫോൺ കട്ട്‌ ആക്കി അവൻ സ്വയം വിരൽ ചൂണ്ടി ഇതിന്റെ എന്തേലും ആവശ്യമുണ്ടായിരുന്നോ എന്ന് തന്നെ ചോദിച്ചു.പീലിക്ക് സൂരജിന്റെ ചോദ്യം ഓർത്തു ചിരി വന്നു.

അതോടെ അവളുടെ കണ്ണിൽ ഉറക്കം പിടിച്ചു. രാവിലെ പീലി എണീറ്റ് വന്നതും സുദേവന്റെ ഭാര്യ ഊർമിള പീലിയുടെ തലയിൽ നല്ല കാച്ചെണ്ണ തേച്ചു കൊടുത്തു. വല്ലാത്ത തണുപ്പായിരുന്നു. കുളത്തിൽ മുങ്ങി കുളിച്ച് വന്നതും അവളെ ഊട്ടാൻ മത്സരമായിരുന്നു. ജീവനും വിശ്വനും മനസറിഞ്ഞു ചിരിച്ചു. മുത്തശ്ശൻ കിടക്കുന്ന മുറിയിലേക്ക് പീലിയെ കൊണ്ട് ചെന്നത് ജീവനാണ്. തീരെ വയ്യാത്ത അവസ്ഥയിലാണ് അദ്ദേഹം. വിളിച്ചു പീലിയെ അടുത്ത് നിർത്തി കാണിച്ചു കൊടുത്തതും ആ കണ്ണുകൾ നിറയുന്നത് ജീവൻ കണ്ടിരുന്നു. തൊലി ചുളിഞ്ഞ മെലിഞ്ഞ ആ കൈകൾ പീലിയുടെ കയ്യിൽ മെല്ലെ തൊട്ടു. ഒരിക്കൽ തള്ളി കളഞ്ഞ മകളെയാണ് നേരിട്ട് കാണുന്നതെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും. ആ രണ്ട് ദിവസവും പീലി ഒരുപാട് സന്തോഷവതിയായിരുന്നു. ഒറ്റക്കിരിക്കുമ്പോൾ അവളിൽ സൂരജിനെ കുറിച്ചുള്ള ആശങ്ക നിറയും. എന്നാൽ സൂരജിന് ആ രണ്ട് ദിവസം രണ്ട് യുഗങ്ങൾ പോലെയാണ് തോന്നിയത്.

അവൻ മുക്കിയും മൂളിയും ഓരോ സെക്കന്റും തള്ളി നീക്കി. സൂരജിന്റെ പ്രവർത്തികൾ സൂക്ഷ്മമായി വീക്ഷിച്ച ഭദ്രയിൽ ചിരി നിറഞ്ഞു.രേഷ്മയും ആനന്തും പരസ്പരം മത്സരിച് സ്നേഹിക്കുകയാണ്. എല്ലാം ശാന്തമായാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. രാഹുലിന്റെ കാൾ വന്നത് പ്രകാരം ടൗണിലെ ഒരു മാളിലെ ഫുഡ്‌ കോർട്ടിൽ അവനെ കാത്തിരിക്കുകയാണ് തീർത്ഥ. ബ്ലാക്ക് ടോപ്പും ആശ് ജീൻസുമാണ് അവളുടെ വേഷം. മുൻപിലെ കസേരയിലേക്ക് രാഹുൽ വന്നിരുന്നതും തീർത്ഥ യുടെ കണ്ണുകൾ തിളങ്ങി. ആ തിളക്കം അവന്റെ കണ്ണിലേക്കും വ്യാപിച്ചു. “എന്താണ് ഡോക്ടർ ഒറ്റക്കിരുന്നു ബോർ അടിച്ചോ”?. “ഇല്ലന്ന് പറഞ്ഞാൽ കള്ളമാകും”. ഇവിടുത്തെ ട്രാഫിക് പറയേണ്ടതില്ലല്ലോ. പെട്ടു പോയി”. “ട്രാഫിക്കിൽ പെട്ടു പോകുന്നതൊക്കെ ഓക്കേ പക്ഷേ അന്നത്തെ പോലെ എവിടേലും വീണാൽ എനിക്കെപ്പോളും വന്ന് രക്ഷപ്പെടുത്താൻ ആകില്ലയെ”. “ആഹ് രക്ഷപ്പെടുത്തിയില്ലെങ്കിലും ഫോണിൽ വിളിച്ചു വിവരം അന്വേഷിക്കുമല്ലോ അത് മതി”. അവളുടെ മുഖത്ത് നാണത്തിന്റെ കണികകൾ വിരിഞ്ഞു.

പീലിയെ യാത്ര പറഞ്ഞു തിരിച്ച് പോകാനിറങ്ങുമ്പോൾ എല്ലാവരുടെ മിഴികളും നിറഞ്ഞിരുന്നു. ആ രണ്ട് ദിവസവും അവർക്കാർക്കും അവളെ സ്നേഹിച്ചു മതിയാകുന്നുണ്ടായിരുന്നില്ല. കോളേജിൽ പോകാനുള്ളത് കൊണ്ട് മാത്രമാണ് തിരികെ വരാൻ അനുവദിച്ചത്.മാണിക്യശേരിയിൽ സൂരജ് ഉമ്മറത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. ഇടക്കിടക്ക് ഗേറ്റിനടുത്തേക്ക് നോക്കുന്നുമുണ്ട്. കാർ വന്ന് നിന്നതും അതിൽ നിന്ന് പീലിയും ജീവനും ഇറങ്ങി.ജീവനോടാണ് സംസാരിക്കുന്നതെങ്കിലും സൂരജിന്റെ കണ്ണ് പീലിയിൽ തറഞ്ഞു നിന്നു. അവൾക്കും വല്ലാത്തൊരു അനുഭൂതിയായിരുന്നു. കുറെ നാളുകൾക്ക് ശേഷം കാണുന്നത് പോലെ തോന്നി. വല്ലാത്ത പതർച്ച അവളുടെ കണ്ണിൽ സൂരജ് കണ്ടു. അവനത് ആസ്വദിക്കുകയായിരുന്നു. തുടരും