രചന – നെച്ചു നസ്രിൻ
സൂരജ് പീലിയെ വയറിൽ മുറുക്കെ പിടിച്ചു. അവൾക്ക് വല്ലാത്ത വീർപ്പു മുട്ടൽ അനുഭവപ്പെട്ടു.സൂരജ് മുഖമുയർത്തി അവളെ നോക്കി. പീലിക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ആയില്ല. അത് തിരിച്ചറിഞ്ഞ സൂരജ് പതിയെ എണീറ്റു അവൾക്കഭിമുഖമായിരുന്നു.
“പീലി എനിക്ക് തന്നോട് അല്പം സംസാരിക്കാനുണ്ട്.പലതവണയായി പറയാൻ കരുതിയതാണ്”.
“എന്താ സൂരജേട്ടാ പറഞ്ഞോ”.
“താൻ എന്റെ ലൈഫിൽ ഒട്ടും പ്രതീക്ഷിക്കാതെ കടന്ന് വന്നതാണ്. വീണയെ വിവാഹം ആലോചിച്ചെങ്കിലും എനിക്ക് മനസ് കൊണ്ട് അവളെ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മയ്ക്കും അച്ഛനും ഇഷ്ടമായത് കൊണ്ട് ഞാൻ പിന്നെ എതിർത്തൊന്നും പറഞ്ഞില്ല. വീണ്ടും കുറച്ച് ദിവസം കഴിഞ്ഞാണ് മാനസികമായി ഞാൻ ആ വിവാഹത്തിന് തയ്യാറായത്. കല്യാണത്തിന് വീണ അങ്ങനൊരു ചതി ചെയ്തപ്പോൾ ശെരിക്കും എനിക്ക് ദേഷ്യവും നാണക്കെടുമൊക്കെ ആയിരുന്നു”.
“അമ്മയുടെ കണ്ണീരിനു മുൻപിൽ ഞാൻ വീണ്ടും തോറ്റു പോയി. ഒട്ടും താല്പര്യമില്ലാതെയാണ് തന്റെ കഴുത്തിൽ ഞാൻ താലി കെട്ടിയത്. അന്ന് ഭാര്യയായി കാണാൻ കഴിയുമോ എന്നൊന്നും എനിക്കുറപ്പില്ലായിരുന്നു. മാനസികമായി ഒരുപാട് തകർന്ന് പോയിരുന്നു. പക്ഷേ ഞാൻ അറിയാതെ തന്നെ എപ്പോളൊക്കെയോ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങിയിരുന്നു. ജീവൻ നിന്റെ ചേട്ടനാണെന്ന് അറിയാതെ നിങ്ങൾ സംസാരിക്കുമ്പോളൊക്കെ എനിക്ക് വല്ലാത്ത അസ്വസ്ഥത ഫീൽ ചെയ്തിരുന്നു. ഞാൻ പോലും അറിയാതെ താൻ എന്നിൽ വേരുറച്ചത് അപ്പോളാണ് തിരിച്ചറിഞ്ഞത്”.
“അത് പറയാനായി ഞാൻ വന്നുവെങ്കിലും അങ്ങനെ കഴിഞ്ഞില്ല. പക്ഷെ ഇനിയും എനിക്കിതൊന്നും മനസ്സിൽ വെയ്ക്കാൻ കഴിയില്ല പീലി. ഇന്ന് അവിടെ വെച്ച് ഞാൻ ചിന്തിച്ചത് മുഴുവനും നിന്നെയാണ്. ആരൊക്കെ എന്തൊക്കെ കരുതിയാലും എന്നെ അതൊന്നും സ്പർശിക്കില്ല. കുറച്ച് മുൻപ് വരെയും നീ എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാകുമോ എന്നതായിരുന്നു എന്നെ അലട്ടിക്കൊണ്ടിരുന്നത്. ഇപ്പോ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നയാൾ ഞാൻ ആയിരിക്കും പീലി”.
പീലി അവൻ പറഞ്ഞതൊന്നും വിശ്വസിക്കാനാകാതെ കേട്ട് നിൽക്കുകയായിരുന്നു. അവന്റെ കണ്ണിൽ പലപ്പോഴായി തന്നോടുള്ള പ്രണയം നിറയുന്നത് പീലി അറിഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് ഒരു പെണ്ണിനോടൊപ്പം അവനെ കണ്ടപ്പോൾ മനസിലെ ആഗ്രഹങ്ങളെല്ലാം മണ്ണിട്ട് മൂടിയതാണ്. ഇന്നിപ്പോ സൂരജേട്ടൻ ഇതൊക്കെ പറയുമ്പോളും തള്ളണോ കൊള്ളണോ എന്നറിയില്ല.ചിന്തയിൽ മുഴുകി നിൽക്കുന്ന പീലിയെ സൂരജ് സൂക്ഷിച്ചു നോക്കി. അവന്റെയുള്ളിൽ ഒരു ഭയം നിറഞ്ഞു. തന്നെ പീലിക്ക് സ്നേഹിക്കാൻ ആകില്ലേ എന്നും അവളുടെ മനസിൽ വേറെ ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടോ എന്നും അവൻ ആലോചിച്ചു.
“പീലി താൻ എന്താ മിണ്ടാത്തത്. ഞാൻ എന്റെ മനസിലെ ഇഷ്ടം തന്നോട് പറഞ്ഞെന്നേയുള്ളൂ. താൻ ആലോചിച്ചൊരു തീരുമാനം പറഞ്ഞാൽ മതി.തന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടെങ്കിൽ അത് പറഞ്ഞോ”.
“ഏയ് അങ്ങനൊന്നുമില്ല. സത്യം പറഞ്ഞാൽ ഞാൻ മനസറിഞ്ഞു ചിരിക്കാൻ തുടങ്ങിയത് ഈ വീട്ടിൽ വന്നതിനു ശേഷമാണു. എപ്പോളെങ്കിലും ഏട്ടൻ എന്നോട് ഈ വീട്ടീന്ന് പോകാൻ പറഞ്ഞാലും ഞാൻ പോകില്ല. അത്രത്തോളം ഞാൻ അമ്മയേം അച്ഛനേം സ്നേഹിക്കുന്നുണ്ട്”.
“അപ്പൊ തനിക്ക് എന്നോട് ഇഷ്ടമില്ലേ”?.
ഏതോ ചിന്തയിലാണ് സൂരജ് ആ ചോദ്യം അവളോട് ചോദിച്ചത്. പീലി അന്താളിച്ചു അവനെ നോക്കി. സൂരജിന്റെ മുഖത്ത് ചമ്മൽ നിറഞ്ഞു. പീലിക്ക് അവന്റെ മുഖം കണ്ടിട്ട് ചിരി വന്നു.അവന് അത് ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി.
“സൂരജേട്ടാ നാളെ ഇനി കോളേജിൽ എന്തായിരിക്കും. എനിക്കതോർത്തിട്ട് ടെൻഷൻ ഉണ്ട്”.
“താൻ ടെൻഷൻ അടിക്കേണ്ട. അവളവിടെ എന്ത് പറയുമെന്ന് നോക്കാമല്ലോ. ഞാൻ ഉള്ള സത്യം പറയാനുള്ളത് പറയും. ആക്ഷൻ എടുക്കാനാണെങ്കിൽ അങ്ങനെ ചെയ്യട്ടെ. ഞാൻ സന്തോഷമായി തന്നെ അത് സ്വീകരിക്കും. അവൾക്ക് മുൻപിൽ അടിയറവ് പറയാൻ എന്നെ കിട്ടില്ല”.
“അവൾക്ക് ചിലപ്പോ ഏട്ടനോട് അത്രയ്ക്കിഷ്ടം ഉണ്ടായിരിക്കും”.
“അവൾക്കിഷ്ടമല്ല മുഴുത്ത ഭ്രാന്താണ്.അത് എനിക്കവളെ കണ്ടപ്പോളെ തോന്നിയതാണ്. നമ്മുടെ ഇഷ്ട്ടം ആരുടെ മേലും അടിച്ചേൽപ്പിക്കരുത്. പിടിച്ച് വാങ്ങാനുള്ളതല്ലല്ലോ സ്നേഹം.അറിഞ്ഞു തോന്നുന്നതല്ലേ യഥാർത്ഥ സ്നേഹം. അതാണ് മരണം വരെ നില നിൽക്കുന്നതും”.
“അതൊക്കെ ശെരിയാണ്. എല്ലാവർക്കും ഒരേ ചിന്താഗതിയായിരിക്കില്ലല്ലോ. ആ കുട്ടി വളർന്നു വന്ന സാഹചര്യം അതാകാം”.
“ആഗ്രഹിക്കുന്നതൊക്കെ നേടി കൊടുക്കാൻ വീട്ടിൽ ആളുള്ളപ്പോൾ ഇങ്ങനൊക്കെ സംഭവിക്കും. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം നഷ്ടമായിട്ട് പിന്നെന്തുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ലല്ലോ”.
“ആ കുട്ടിയോടൊന്ന് സംസാരിച്ച് മനസിലാക്കി കൊടുത്താൽ മാറുന്ന പ്രശ്നങ്ങളെ ഉണ്ടാകൂ”.
“എന്റെ പീലി ഞാൻ അവളോട് മര്യാദയുടെ ഭാഷയിൽ ആദ്യമേ പറഞ്ഞതാണ്. അവൾക്ക് നല്ല അഹങ്കാരമാണ്. എന്തായാലും അതൊക്കെ അവളുടെ കയ്യിലിരിക്കെ ഒള്ളു”.
“എന്നാലും”?.
“ഒരു എന്നാലുമില്ല. ഇതിപ്പോ പറഞ്ഞു പറഞ്ഞു അവളെ എന്റെ തലേൽ ആക്കാൻ നിനക്കാണല്ലോ ഇത്ര വെപ്രാളം”.
“എനിക്കെന്ത് വെപ്രാളം. ഞാൻ ആ കുട്ടിയുടെ കാര്യമോർത്തപ്പോൾ പാവം തോന്നി. എന്നെ പോലെ അമ്മ മരിച്ചു പോയതല്ലേ”.
“അമ്മ മരിച്ചു പോയതൊക്കെ തന്നെ പക്ഷേ നിന്നെ പോലല്ല അവൾ. അതിലും ഏറ്റവും വലിയ മണ്ടനാണ് അവളുടെ ചേട്ടൻ. എന്റെ കല്യാണം കഴിഞ്ഞതാണ് എന്ന് പറഞ്ഞപ്പോ അവൻ പറയുന്നത് പൈസ കൊണ്ട് എല്ലാം ഒതുക്കാമെന്നാണ് . അടിച്ചവന്റെ അണപ്പല്ല് തെറിപ്പിക്കാനാ തോന്നിയത്.ആ ചേട്ടന്റെ പെങ്ങളല്ലേ അപ്പോ ഇതല്ല ഇതിനപ്പുറം അവൾ കാണിക്കും.എല്ലാവരുടെയും മുന്നിൽ എന്നെ നാണം കെടുത്തി അവളുടെ പൂതി നടത്താനാണ് അവളുടെ ഉദ്ദേശം. നടത്തി കൊടുക്കാം ഞാൻ”.
സൂരജിന് കുട്ടികളുടെയും ടീച്ചേഴ്സിന്റെയും മുന്നിൽ നാണം കെട്ട് തല കുമ്പിട്ട് നിന്നത് ഓർമ വന്നു. അവന്റെ കണ്ണിൽ കോപം തിരയിളകി. പീലി അവന്റെ ദേഷ്യം നിറഞ്ഞ മുഖത്തേക്ക് നോക്കി. അവനെ അത്ര ദേഷ്യത്തിൽ ആദ്യമായാണ് പീലി കാണുന്നത്. തന്നെ അടിച്ച നേരത്ത് പോലും ഇത്ര ദേഷ്യം അവന്റെ മുഖത്ത് വന്നിട്ടില്ലായിരുന്നു. സൂരജിനെ ആ സാഹചര്യത്തിൽ അവിടെ കണ്ടപ്പോൾ പീലിയുടെ സർവ്വ നിയന്ത്രണവും നഷ്ടമായിരുന്നു. സൂരജ് തന്നിൽ നിന്നകന്നു പോകുന്നു എന്ന ചിന്തയായിരുന്നു പീലിയിൽ ആധിപത്യം സ്ഥാപിച്ചത്. സൂരജിന് പീലിയോടുള്ള പെരുമാറ്റത്തിൽ നിന്ന് അവളെ അവൻ സ്നേഹിക്കുന്നുണ്ടെന്ന് അവൾക് തോന്നിയിട്ടുണ്ട്. പക്ഷേ ആ സ്നേഹം നഷ്ടമാകുമോ എന്നവൾ ഭയപ്പെട്ടിരുന്നു.
“എടൊ വെറുതെ അതൊക്കെ ഓർത്താൽ ഉള്ള സമാധാനം കൂടി പോയി കിട്ടും. നാളെ എന്തായാലും വരുന്നിടത്തു വെച്ച് കാണാമെന്നേ ഒള്ളു”.
“മ്മ്മ്”
“ഞാൻ ഒരു കാര്യം ചോദിച്ചാൽ പറ്റില്ലെന്ന് പറയുമോ”?.
“എന്താ കാര്യം”?.
“ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറയൂ”.
” മം പറയില്ല. ഇനി പറയ് എന്താ കാര്യം”.
” നമുക്ക് വെറുതെയൊന്ന് പുറത്തേക്ക് പോയാലോ”?.
“പുറത്തേക്കോ ഈ രാത്രിയിലോ, അതെന്തിനാ”?.
” ഒന്നിനുമില്ല വെറുതെ. അങ്ങനെ പോയാൽ കൊള്ളാമെന്നു തോന്നി. എനിക്ക് വാക്ക് തന്നതാണ് പറ്റില്ലെന്ന് പറയില്ലെന്ന്. ഇനി മാറ്റി പറയരുത്”.
” ശോ. ശെരി അമ്മയോട് ചോദിച്ചിട്ട് അമ്മ സമ്മതിച്ചാൽ പോകാം”.
സൂരജിന്റെ മുഖം സന്തോഷത്താൽ തെളിഞ്ഞു. ഉറങ്ങാനായി കിടന്നപ്പോളാണ് വാതിലിൽ മുട്ട് കേട്ടത്. ഭദ്രയാണ് വാതിൽ തുറന്നത്. മുന്നിൽ സൂരജിനെ കണ്ടതും അവരിൽ സംശയം നിറഞ്ഞു.
“എന്താ മോനെ വയ്യായ്ക വല്ലതുമുണ്ടോ”?.
“ഏയ് ഇല്ല അമ്മേ അത് മാറി”.
“ആഹ് പിന്നെന്താ”?.
“അതമ്മേ ഞാൻ പീലിയുമായി ഒന്ന് പുറത്ത് പൊക്കോട്ടെ”?.
“പുറത്തോ ഇപ്പോളോ”?.
” ആഹ് അമ്മേ”.
“സൂക്ഷിച്ചു പോയിട്ടു വരണം”.
സൂരജും പീലിയും യാത്ര പറഞ്ഞു പോയത് നോക്കി നിന്ന ഭദ്രയിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി. ഒരു അമ്മയെന്ന നിലയിൽ അവരേറ്റവും കൂടുതൽ സന്തോഷം അനുഭവിച്ചു. കാറിലെ വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതിനാൽ തണുത്ത കാറ്റ് കാറിനുള്ളിലേക്ക് വന്നു. ബീച്ചിന്റെ സൈഡിൽ കാർ ഒതുക്കിയിട്ട് മണലിലൂടെ പീലിയും സൂരജും നടന്നു. വല്ലാത്തൊരു ശാന്തത നിറഞ്ഞ അന്തരീക്ഷമായിരുന്നു. സൂരജ് കണ്ണിമ ചിമ്മാതെ പീലിയെ നോക്കിയിരുന്നു. പീലി എന്നാൽ കടലിലേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു.
“താനെന്താ ഈ ആലോചിക്കുന്നെ.എന്നോട് കൂടി പറയൂ”.
“ഏയ്. സത്യം പറഞ്ഞാൽ എനിക്കിതൊക്കെ സത്യമാണോ സ്വപ്നമാണോ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പണ്ട് ഞാൻ ഇങ്ങനൊക്കെ ആലോചിക്കുമായിരുന്നു രാത്രി കടൽ കാണാൻ എങ്ങനെ ആയിരിക്കും എന്നൊക്കെ. രേഷ്മയോടും ആനന്ദിനോടും ഒപ്പമാണ് ഞാൻ ഇവിടേക്ക് വരുന്നത്”.
“ചെറിയമ്മ ഒരുപാട് ഉപദ്രവിക്കുമായിരുന്നോ തന്നെ”.
പീലി പകച്ചു സൂരജിനെ നോക്കി. അവൾ ഒന്നും മിണ്ടിയില്ല.
“ഒരിക്കൽ അമ്മയോട് പറയുന്നത് കേട്ടതാണ്. അതും ഒളിച്ച് നിന്ന് കേട്ടതാണ്”.
“ചെറിയമ്മയുടെ ഉദ്രവമൊക്കെ ആദ്യം എനിക്ക് സഹിക്കാൻ ആകുമായിരുന്നില്ല. വർഷങ്ങൾ കഴിയുന്നതനുസരിച് ഞാൻ അതിനോട് യോജിച്ചു എന്ന് വേണം പറയാൻ”.
സൂരജ് അവളെ അലിവോടെ നോക്കി. വീട്ടിൽ അവളനുഭവിച്ച ഒറ്റപെടലും വേദനയും അവൻ അവളുടെ വാക്കുകളിലൂടെ അറിഞ്ഞു. വിതുമ്പി കരയുന്ന അവളെ അവൻ തോളോട് ചേർത്തു. അവന്റെ ആ പ്രവർത്തിയിൽ പീലി ഞെട്ടിപിടഞ്ഞു അവനെ നോക്കി.
“ഇനിയീ കണ്ണ് നിറയരുത് പീലി. എനിക്ക് തന്നെ അത്രമാത്രം ഇഷ്ടമാണ്. എപ്പോളാണ് നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന് അറിയില്ല. പക്ഷേ ഇനിയൊരിക്കലും നിന്നെ എനിക്ക് അകറ്റി നിർത്താൻ ആകില്ല. നീയില്ലാതെ ഞാൻ പൂർണ്ണമാകില്ല”.
പ്രണയാതുരമായി പീലിയുടെ കണ്ണുകളിലേക്ക് നോക്കിയാണ് സൂരജ് അത് പറഞ്ഞത്. പീലിയുടെ ചുറ്റും ആയിരം വർണ്ണശലഭങ്ങൾ പാറികളിക്കുന്നത് പീലിയറിഞ്ഞു.സൂരജ് അവളെ തന്റെ നെഞ്ചോട് ചേർത്ത് മുറുക്കെ പിടിച്ചു. ഇനിയാർക്കും അവരെ പിരിയ്ക്കാൻ ആകില്ലെന്ന ഉറപ്പോടെ.ആകാശത്തിലെ ആ ഒറ്റനക്ഷത്രം മിന്നി തിളങ്ങി. തിരികെ വീട്ടിലേക്കുള്ള യാത്രയിൽ പീലിയും സൂരജ് സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു.
ബെഡിൽ പീലി ഇരിക്കുമ്പോളാണ് സൂരജ് ഒരു കവർ അവൾക് മുന്നിലേക്ക് വെച്ചത്. അവൾ സൂരജിനെ സംശയത്തിലൊന്നു നോക്കി.
ഇതെന്താ
തുറന്ന് നോക്ക്
കവർ തുറന്ന് നോക്കിയ പീലിയുടെ കണ്ണുകൾ വിടർന്നു. അവൾ അവനെ തന്നെ നോക്കി.
ഒരു സാരിയാണ്. കഴിഞ്ഞ ദിവസം ഷോപ്പിൽ പോയപ്പോ കണ്ട് ഇഷ്ടപ്പെട്ടു വാങ്ങിയതാണ് തനിക്. എങ്ങനുണ്ട് കൊള്ളാമോ.
മ്മ്മ് നന്നായിട്ടുണ്ട്.
ആഹ് എന്നെ സന്തോഷിപ്പിക്കാൻ പറയുന്നതാണ് എന്നെനിക്കറിയാം സാരമില്ല.
അല്ല ശെരിക്കും നല്ലതാ എനിക്കൊരുപാട് ഇഷ്ടമായി.
ആഹ് എങ്കിൽ ഓക്കേ. അപ്പോ ഇതായിരിക്കട്ടെ എന്റെ ആദ്യത്തെ സ്നേഹം സമ്മാനം
ആദ്യത്തേതല്ലല്ലോ. ഇതിപ്പോ രണ്ടാമത്തേത് അല്ലെ.
അതെങ്ങനെ.
ആദ്യം ഈ മൂക്കുത്തി അല്ലെ എനിക്ക് വാങ്ങി തന്നത്.
ആഹ് ഇതിപ്പോ ഞാൻ എന്റെ കൈ കൊണ്ട് എന്റെ ഭാര്യക്ക് നേരിട്ട് വാങ്ങി തരുന്നതല്ലേ.
സൂരജിന്റെ എന്റെ ഭാര്യ എന്ന സംബോധനയിൽ പീലി നിറഞ്ഞാഹ്ലാദിച്ചു.
അടുത്ത ദിവസം വല്ലാത്ത പിരിമുറുക്കത്തോടെയാണ് പീലി കോളേജിലേക്ക് വന്നത്. എന്തായിരിക്കും നടക്കാൻ പോകുന്നതെന്നോർത്ത് അവൾക്ക് വ്യാകുലത നിറഞ്ഞു. പീലിയുടെ ടെൻഷൻ മനസിലായ രേഷ്മ അവളെ കയ്യിൽ പിടിച്ചു.
” നിനക്കെന്താ പീലി”?.
“രേഷു എനിക്ക് വല്ലാത്ത ഒരു വെപ്രാളം.എന്തായി തീരുമെന്ന് എനിക്കൊരു സമാദാനവുമില്ല”.
“പീലി , ചോദിക്കുന്നത് ശെരിയല്ല എന്നാലും ചോദിക്കുവാ നിനക്ക് സൂരജേട്ടനോട് പ്രണയമാണല്ലേ”.
പീലി മറുപടി ഒന്നും പറഞ്ഞില്ല.
“നീ പറഞ്ഞത് വെച്ച് ആ പെണ്ണ് ചീപ്പ് ആയിട്ടാണ് കാണിച്ചു കൂട്ടുന്നതൊക്കെ. സൂരജേട്ടന് അവളോട് നല്ല ദേഷ്യമായിരിക്കും. പക്ഷേ എല്ലാവരുടെയും മുന്നിൽ ഇന്നലെ നടന്നത് അവരൊക്കെ വിശ്വസിച്ച മട്ടാണ്. നടന്നതൊന്നും സത്യമല്ലെന്ന് നമുക്കും പിന്നെ അവൾക്കുമല്ലേ അറിയൂ. അവളതൊന്നും കൊന്നാലും പറയാൻ പോകുന്നില്ല. പിന്നെ എന്ത് ചെയ്യാനാണ്”.
“എനിക്കറിയില്ല”….
തുടരും

by