21/04/2026

മയിൽപ്പീലി : ഭാഗം 40

രചന  – നെച്ചു നസ്രിൻ

പാർക്കിലെ ബെഞ്ചിൽ രാഹുലിന്റെ നെഞ്ചിൽ പറ്റിച്ചേർന്നാണ് തീർത്ഥ ഇരുന്നത്. അവൻ അവളുടെ കൈ വിരലുകളെ തഴുകി. പാർക്കിൽ ഓടി നടക്കുന്ന കുട്ടികളെ നോക്കിയിരിപ്പാണ് തീർത്ഥ . “എന്താണ് മോളെ പ്ലാൻ. എന്നും ഇങ്ങനെ ഒക്കെ നടക്കാം എന്നാണോ”?. “അല്ലല്ലോ ഇന്റേൺഷിപ് കൂടി കഴിഞ്ഞ് എനിക്ക് പി ജി ചെയ്യണം. സർജറിയിൽ സ്പെഷ്യലൈസേഷൻ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അത് കഴിഞ്ഞാൽ എനിക്ക് പോസ്റ്റിങ്ങ്‌ ആകുമല്ലോ. പിന്നെ ആരുടെയും കുട്ടി ഡോക്ടറെ എന്ന വിളി കേൾക്കണ്ടല്ലോ”. “അയ്യടാ നിന്റെ പ്രൊഫഷണൽ ഫ്യൂചർ അല്ല ഞാൻ ചോദിച്ചത്. നമ്മുടെ കാര്യം എങ്ങനാണെന്ന്”?.

“നമ്മുടെ കാര്യം എന്താ ഇങ്ങനെ അടിച്ചു പൊളിച്ചങ് നടക്കും”. “അതെ എനിക്ക് വയസ് 28 ആയി. അല്ലെങ്കിൽ തന്നെ എപ്പഴാണ് കല്യാണമെന്ന് വീട്ടിൽ ചോദ്യം വന്ന് തുടങ്ങി. അത് കൊണ്ട് കല്യാണം ആയി മുന്പോട്ട് പോകാനാണ് എന്റെ തീരുമാനം”. “വളരെ മികച്ചൊരു തീരുമാനമാണ് അത്.നോക്കുമ്പോൾ നല്ല ഒരു പെൺകുട്ടിയെ തന്നെ കെട്ടണം. മോശം പറയരുതല്ലോ ആരും”. “ഓഹ് നല്ല വളിച്ച ഡയലോഗ്. ദേ പെണ്ണെ കളിക്കല്ലേ. ഞാൻ അച്ഛനും അമ്മയുമായി നിന്റെ വീട്ടിലേക്ക് ഒരു പ്രൊപോസൽ കൊണ്ട് വരട്ടെ”. “അയ്യോ അതൊന്നും വേണ്ട. അതൊക്കെ വലിയ പ്രശ്നമാകും”. “എന്ത് പ്രശ്നം. ഒന്നുമില്ലേലും കാണാൻ സുന്ദരനും സുമുഖനുമായ ഒരു എഞ്ചിനീയർ നിന്നെ കെട്ടുന്നതിൽ നിനക്ക് അഭിമാനിക്കാല്ലോ”.

“എഞ്ചിനീയർ ഓക്കേ പക്ഷേ ആ സുന്ദരൻ അതിത്തിരി ഓവർ അല്ലെ. എനിക്ക് ഇതിലും സൂപ്പർ ആയ ചെക്കന്മാരെ എന്റെ ഏട്ടൻ കണ്ട് പിടിച്ച് കൊണ്ട് വരും. അത് വരെ നമുക്ക് ഇങ്ങനെ പ്രേമിക്കാന്നെ അത് കഴിഞ്ഞ് ഞാൻ നിന്നെ തേച്ചോളാം”. “നീ തേച്ചാൽ നിന്നെ കൊല്ലും എന്നൊന്നും ഞാൻ പറയില്ല. ഇപ്പോളത്തെ ട്രെൻഡ് അതാണല്ലോ വെട്ടി കൊല്ലുന്നു കുത്തി കൊല്ലുന്നു വിഷം കൊടുത്തു കൊല്ലുന്നു. ഫീലിംഗ് പിറ്റി. ഞാൻ നല്ല അന്തസായി വേറെ കെട്ടി സുഖമായി ജീവിക്കും”. “മിടുക്കൻ. അതാകണമെടാ പോലീസ് ശേ എഞ്ചിനീയർ”. അജീഷിന്റെ ക്യാബിന് മുന്നിൽ ഗൗരി വന്ന് നിന്നു. അജീഷ് തലയുയർത്തി അവളെ നോക്കിയതും അവൾ നിറഞ്ഞു ചിരിച്ചു. അവനവളെ മനസിലായില്ല. കുറച്ച് നേരത്തെ ആലോചനക്കൊടുവിൽ അവന് ആളെ പിടി കിട്ടി. ഒട്ടും താല്പര്യമില്ലാതെ അവൻ വീണ്ടും സിസ്റ്റത്തിലേക്ക് മിഴികൾ നട്ടു.

അവൻ ശ്രദ്ധിക്കാത്തത്തിൽ ഗൗരിക്ക് സങ്കടം തോന്നിയെങ്കിലും ലഞ്ച് ടൈം ആകുന്ന വരെ അവളവിടെ അവനെ കാത്തിരുന്നു. അവൻ പുറത്തേക്കിറങ്ങുന്നത് കണ്ട് അവനോടൊപ്പം അവളും നടന്നു. “ചേട്ടാ എന്നെ മനസിലായില്ലേ. അന്ന് നമ്മൾ അമ്പലത്തിൽ വെച്ച് കണ്ടിരുന്നു. മറന്ന് പോയോ”?. “അതിനു ഞാൻ എന്ത് വേണം”?. “ചേട്ടൻ ഒന്നും വേണ്ട ഞാൻ ചുമ്മാ സംസാരിക്കാൻ വന്നതാ. ഇതെന്താ ഫുഡ് ഒന്നും കഴിക്കുന്നില്ലേ ടൈം ആയല്ലോ.വിശന്നിരിക്കാൻ പോകുവാണോ”?. ” എന്തായാലും തനിക്കെന്താ. എന്റെ കാര്യത്തിൽ ആരും ഇടപെടുന്നത് എനിക്ക് ഇഷ്ടമില്ല. അത് കൊണ്ട് ഇവിടുന്ന് പൊയ്ക്കോ.

” അവനത് പറഞ്ഞു വെട്ടിതിരിഞ്ഞു പോയി. ഗൗരി അപ്പോളും ചെറിയ പരിഭവത്തിൽ അവനെ നോക്കി നിന്നു. വൈകിട്ട് മുറ്റത് നിന്ന് അമ്മ ആരോടോ സംസാരിക്കുന്ന സൗണ്ട് കേട്ടിട്ടാണ് അജീഷ് അങ്ങോട്ടേക്ക് ചെന്ന് നോക്കിയത്. അമ്മയോട് എന്തൊക്കെയോ ചിരിച്ച് സംസാരിക്കുന്ന ഗൗരിയെ ആണ് അവനവിടെ കണ്ടത്. അവന്റെ നെറ്റി സംശയത്താൽ ചുളുങ്ങി. അവനെ കണ്ടതും ഗൗരിയുടെ നീണ്ട മിഴികൾ വിടർന്നു. “ആഹ് ചേട്ടൻ അകത്തുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. ഈ വീട് കണ്ട് പിടിക്കാൻ അത്ര പാടൊന്നുമില്ലായിരുന്നു. ഞാൻ അമ്മയോട് ഓരോന്ന് പറഞ്ഞു നിൽക്കുവായിരുന്നു. ചേട്ടനെ പോലല്ല അമ്മ എന്നോട് ഒരുപാട് ‌സംസാരിച്ചു. കേട്ടോ അമ്മേ എന്തേലും ചോദിച്ചാൽ കടിച്ച് കീറാൻ വരും പോലെ രണ്ട് വാക്ക് പറഞ്ഞു പോയിക്കളയും”. “നീ എന്താടാ ഈ കുട്ടിക്ക് ഇങ്ങോട്ടുള്ള വഴി പറഞ്ഞു കൊടുക്കാതിരുന്നത്. പാവം അത് കുറച്ച് കഷ്ട്ടപെട്ടു. കേട്ടോ മോളെ ഇവനിപ്പോ ഈയിടെയായി ആരോടും മിണ്ടാട്ടമില്ല. എന്തെങ്കിലും ചോദിച്ചാൽ മോൾ പറഞ്ഞ പോലെ ഒന്നോ രണ്ടോ വാക്ക്. ആഹ് മോൾ അകത്തേക്ക് വാ അമ്മ കുടിക്കാൻ എടുക്കാം”.

ഗൗരി മുറ്റത്തെ മാവിൽ നോക്കി നിന്നു. അജീഷ് അവൾക്കരികിലേക്ക് വന്ന് അവളെ തുറിച്ച് നോക്കി. “എന്താ നിന്റെ ഉദ്ദേശം. അമ്മയുമായി പരിചയം സ്ഥാപിച്ചിട്ട് എന്താണ് പ്ലാൻ”?. “എന്ത് പ്ലാൻ. എന്തായാലും ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം. ഞാനേ പകൽ വീടും പരിസരവും കണ്ട് വെച്ചിട്ട് രാത്രി വന്ന് മോഷ്ടിക്കുന്ന കൂട്ടത്തിലെ ഒരാളാണ്.ഞങ്ങടെ അടുത്ത ടാർഗറ്റ് ഈ വീടാണ്. സൂക്ഷിച്ചോ ഏട്ടനെയും ചിലപ്പോ ഞാൻ പൊക്കികൊണ്ട് പോയെന്ന് വരും”. വീടിനുള്ളിൽ നിന്ന് അമ്മ അവളെ വിളിച്ചതും അവൾ കാലിലെ നിറയെ മുത്ത് പിടിപ്പിച്ച കൊലുസ് കിലുക്കി അകത്തേക്ക് ഓടി. പല്ല് ഞെറുമ്മി അജീഷ് അവൾ പോകുന്നത് നോക്കിനിന്നു. “അഹങ്കാരി”. പീലി ലൈബ്രറിയിൽ വന്ന് ഒന്ന് രണ്ട് ബുക്ക് റെഫർ ചെയ്യുകയായിരുന്നു.രേഷ്മയും ആനന്തും ഏതോ മാഗസിൻ മറിച് നോക്കിയിരിപ്പുണ്ട്. സൂരജ് അവിടേക്ക് വരുന്നത് കണ്ടതും പീലി ബുക്കിലേക്ക് മിഴി നട്ടു. ഇടം കണ്ണാൽ പീലിയെ കണ്ട സൂരജിൽ ആരും കാണാതൊരു ചിരി വിടർന്നു. തിരികെ വീട്ടിലേക്കുള്ള യാത്രയിൽ പീലിക്ക് വല്ലാത്ത ക്ഷീണവും ശരീര വേദനയും തോന്നി.

അവൾക്ക് എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നായി. വന്ന് കേറിയ പാട് അവൾ കട്ടിലിലേക്ക് കിടന്നു.അവളുടെ കണ്ണുകൾ കലണ്ടറിലെ തീയതിയിലേക്ക് ചെന്നു. വേദനയോടെ അവൾ തലയിണയിൽ മുഖമമർത്തി.കുറച്ചു നേരം കഴിഞ്ഞ് പീലിയെ കാണാതെ ഭദ്ര റൂമിലേക്ക് വന്നതും കട്ടിലിൽ കിടക്കുന്ന പീലിയെയാണ് കണ്ടത്. “എന്താ മോളെ കിടക്കുന്നെ , വയ്യേ. നിന്നെ താഴേക്ക് കണ്ടില്ല അതാ അമ്മ വന്നത്. ഹോസ്പിറ്റലിൽ പോകണോ”?. “ഇല്ലമ്മേ വയർ വേദനയാണ്. അതാ ഞാൻ കിടന്നത്”. “ആഹ് സാരമില്ല അമ്മ ചൂട് വെള്ളം കൊടുത്ത് വിടാം. പിന്നെ വയ്യെങ്കിൽ താഴേക്ക് വരണമെന്നില്ല ഭക്ഷണം അമ്മ സൂരജിന്റെ കയ്യിൽ കൊടുത്ത് വിടാം”. “വേണ്ടമ്മേ. ഞാൻ എവിടെയാ കിടക്കേണ്ടത്?. സാധാരണ വീട്ടിൽ ആണെങ്കിൽ അടുക്കളയോട് ചേർന്ന ചായ്‌പ്പിലാണ് ഞാൻ ഈ ദിവസങ്ങളിൽ കിടക്കുന്നത്”. “എന്തിനു ?. ഇവിടങ്ങനെ ഒന്നുമില്ല. എനിക്കും ഒരു പെൺകുട്ടി ഉള്ളതല്ലേ. മോൾ ഇവിടെ തന്നെ കിടന്നാൽ മതി. മോൾക് വേദന ആയത് കൊണ്ടാണ് ഭക്ഷണം ഇങ്ങോട്ട് കൊടുത്ത് വിടാമെന്ന് പറഞ്ഞത്.

വേദന മാറിക്കഴിയുമ്പോൾ നമ്മളൊക്കെ ഒന്നിച്ചിരുന്നു തന്നെയാണ് ഭക്ഷണം കഴിക്കുന്നതും. അത് കൊണ്ട് അങ്ങനൊന്നും ആലോചിക്കേണ്ട കേട്ടോ. റെസ്റ്റ് എടുത്തോ മോൾ”. സൂരജ് ടി വി കണ്ട് കൊണ്ടിരിക്കുമ്പോളാണ് അമ്മ ചൂട് വെള്ളം നിറച്ചൊരു ഹോട് ബാഗ് അവനു നേരെ നീട്ടിയത്. ഒരു പാത്രത്തിൽ അവൾക്കുള്ള ഭക്ഷണവും ഉണ്ടായിരുന്നു. പീലിയെ താഴേക്ക് കാണാത്തത് അവൻ തിരക്കിയിരുന്നു. “മോനെ ഇത് മോൾക്ക് കൊണ്ട് കൊടുക്ക്. അവൾക്ക് മേലാതെ കിടക്കുവാ”. ” വയ്യെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം അമ്മേ. ഞാൻ പോയി വിളിച്ചു കൊണ്ട് വരാം”. “ഏയ്‌ ഹോസ്‌പിറ്റലിൽ പോകാൻ വേണ്ടി അസുഖമൊന്നുമില്ല ടാ. അവൾക്ക് വയർ വേദനയാണ്. ഈ ചൂട് വെള്ളം കൊടുക്കണം. രണ്ട് ദിവസം കഴിയുമ്പോൾ അത് മാറിക്കോളും”.

സൂരജിന് കാര്യം മനസിലായതും അവനിൽ ആശ്വാസം നിറഞ്ഞു.തീർത്ഥയ്ക്കും അമ്മ ഇത് പോലെ ചൂട് വെള്ളം ഈ സമയത്ത് കൊടുക്കാറുള്ളത് കൊണ്ട് തന്നെ അവനതിനെ കുറിച്ചറിയാം. സൂരജ് ചെല്ലുമ്പോൾ പീലി കട്ടിലിൽ എണീറ്റിരിക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ നല്ല ക്ഷീണം ഉണ്ടായിരുന്നു. “അമ്മ തരാൻ പറഞ്ഞതാ. ഹോട് ബാഗ് വേദനയുള്ളിടത്ത് വെച്ചാൽ മതി ആശ്വാസം കിട്ടും. പിന്നെ ഭക്ഷണം കഴിക്കാനും തന്ന് വിട്ടിട്ടുണ്ട്”. “എനിക്കൊന്നും വേണ്ട സൂരജേട്ടാ”. “അത് പറ്റില്ല പിന്നെ പട്ടിണി കിടക്കാൻ പോകുവാണോ”?. “അല്ല എനിക്ക് വിശപ്പില്ലാത്ത കൊണ്ടാണ്. ഒന്നും കഴിക്കാൻ തോന്നുന്നില്ല”. “എന്തെന്ന് പറഞ്ഞാലും കഴിക്കാതെ കിടക്കാൻ ഞാൻ സമ്മതിക്കില്ല. അല്ലേൽ ഞാൻ അമ്മയോട് പറയാം. താൻ കഴിച്ചില്ലെങ്കിൽ ഞാൻ കേൾക്കണം വഴക്ക്”. “അയ്യോ എനിക്ക് കഴിക്കാൻ തോന്നുന്നില്ലന്നെ”. “തോന്നും ഞാൻ വാരി തരാം അപ്പോ കഴിക്കാൻ പറ്റും”.

അവൾ മറുപടി പറയും മുൻപ് സൂരജ് പ്ലേറ്റുമായി അവൾക്കു മുൻപിലിരുന്നു. ഒരു കഷ്ണം ചപ്പാത്തി കറിയിൽ മുക്കി അവൾക്ക് നേരെ നീട്ടി. പീലി ഒട്ടും താല്പര്യമില്ലാതെ വാ തുറന്നു . അവൾക്ക് പെട്ടെന്ന് വീട്ടിലെ ഈ സമയത്തെ തന്റെ അവസ്ഥ ഓർമയിലേക്ക് വന്നു. ഒറ്റയ്ക്ക് ആ ചായ്‌പ്പിലെ തണുത്ത തറയിലൊരു പായ വിരിച്ചാണ് കിടക്കാറ്. ആഹാരം കഴിക്കാൻ തോന്നാറില്ല. വേദന കടിച്ച് പിടിച്ചു ഉറങ്ങാതെ കിടന്ന് നേരം വെറുപ്പിക്കും. അവളുടെ കണ്ണ് നിറഞ്ഞു. “എന്താടോ എരിവ് കൂടുതലാണോ. കണ്ണ് നിറയുന്നല്ലോ. അതോ ഞാൻ വാരി തരുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടോ”?. “ഇല്ല സൂരജേട്ടാ. കുഴപ്പില്ല”. ഒന്നര ചപ്പാത്തി കഴിച്ചപ്പോളേക്കും അവൾക്ക് മനം പുരട്ടും പോലെ തോന്നി ബാത്‌റൂമിലേക്ക് പോയി. സൂരജ് ചൂടോടെ തന്നെ വെള്ളം കുടിക്കാനായി കൊടുത്തു. തിരികെ കട്ടിലിൽ വന്നിരിക്കുമ്പോൾ നടുവിൽ നിന്ന് പെരുപ്പോടെ ഒരു വേദന അടിവയറ്റിലേക്ക് തുളച്ചു കയറി. പീലി ഞെരിപിരി കൊള്ളുന്നത് കണ്ടതും അവളുടെ വേദനയുടെ ആഴം അവന് മനസിലായി. “വേദനിക്കുന്നേൽ ആ ബാഗ് വയറ്റിലേക്ക് വെയ്ക്ക്. കുറയും. തീർത്ഥയ്ക്ക് അമ്മ ഇത് പോലെ ചെയ്യാറുണ്ട്”. വയറ്റിൽ ചൂട് തട്ടിയതും അവൾക്കൊരു ആശ്വാസം തോന്നി. റൂമിലെ ലൈറ്റ് അണച്ചു സൂരജ് കിടക്കാനായി പോയതും പീലി പതിയെ എണീറ്റു. “അല്ല താനിത് എവിടെ പോകുവാ”?. ” ഞാൻ ആ സോഫയിൽ കിടന്നോളാം”.

“സോഫയുടെ കാര്യം ഇന്നലെ തീർപ്പാക്കിയതല്ലേ പിന്നെന്താണ് ഇന്നിപ്പോ അങ്ങനൊരു ചിന്ത”?. “അല്ല സൂരജേട്ടാ എനിക്ക് വയ്യാത്തതല്ലേ അപ്പോ ഞാൻ ഇവിടെ കിടന്നാൽ അത് ഏട്ടനൊരു ബുദ്ധിമുട്ടാകും. അമ്മ പറഞ്ഞിട്ടാണ് അല്ലെങ്കിൽ ഞാൻ വേറെ എവിടെയെങ്കിലും മാറി കിടന്നേനെ”. “എന്റെ പോന്നു ഭാര്യേ താൻ ഈ കാലത്ത് തന്നെയല്ലേ ജീവിക്കുന്നത്. ഇങ്ങനുള്ള കാര്യങ്ങളൊക്കെ ഇപ്പോളും ഫോളോ ചെയ്യുന്നത് നല്ല കാര്യമല്ല. അമ്മ പറഞ്ഞതിൽ എന്താ തെറ്റ്. ഈ സമയത്ത് പെണ്ണുങ്ങൾക്ക് വേണ്ടത് മാനസികമായുള്ള സുഖമാണ്. ശരീരത്തിന്റെ വേദനയുടെ ഒപ്പം അവൾക്ക് സ്‌ട്രെസ് കൂടി കൊടുത്താൽ എന്താ സംഭവിക്കുക.

ഈ പീരീഡ്സ് എന്നത് ശുദ്ധിയില്ലാത്ത ഒന്നല്ല. നമ്മളൊക്കെ ജനിക്കാൻ കാരണമായ ഒരു കാര്യം മാത്രമാണ്. അമ്മ ആകാനുള്ള ഒരു സ്ത്രീയുടെ ആദ്യത്തെ തയ്യാറെടുപ്പാണ് അത്. നമ്മളതിനെ അത്രത്തോളം റെസ്‌പെക്ട് ചെയ്യണം”. “അല്ലാതെ ഒരു മുറിയിൽ ഇരുട്ടത്തു ഒറ്റയ്ക്ക് പഴയ വസ്ത്രങ്ങളും പാത്രങ്ങളും ഉപയോഗിച്ച് കഴിച്ച് കൂട്ടേണ്ട 7 ദിവസങ്ങളല്ല. അത് കൊണ്ട് എന്റെ കൊച്ചു കണ്ണടച്ചു കിടന്ന് ഉറങ്ങാൻ നോക്ക്. എനിക്കില്ലാത്ത ഒരു കുഴപ്പവും നിനക്കും വേണ്ട”. പീലി കിടന്നു. അവൾക്ക് ശരീരമാകെ വലിഞ്ഞു മുറുകുന്ന വേദന തോന്നി. അവളുടെ വേദന മനസിലാക്കിയ സൂരജ് പതിയെ അവന്റെ കൈ പത്തി അവളുടെ മുഖത്തോട് ചേർത്ത് വെച്ചു. “ഒന്നുമില്ലടോ കണ്ണടച്ചു ഉറങ്ങിക്കോ വേദന ഒക്കെ മാറിക്കോളും”. പീലി അവന്റെ കൈ വെള്ളയിൽ മുഖം ചേർത്ത് കണ്ണടച്ചു. പീലി ഉറങ്ങിയെന്നു ഉറപ്പായതിനു ശേഷമാണു സൂരജ് ഉറങ്ങിയത്. തുടരും