18/04/2026

മയിൽപ്പീലി : ഭാഗം 01

രചന – നെച്ചു നസ്രിൻ

ടീ…. ഓ ഇവളിത് എവിടെപ്പോയി കിടക്കുവാ വിളിച്ചാലും കേൾക്കില്ല നാശം”. രുക്‌മിണി രാവിലെ തന്നെ ബഹളം തുടങ്ങി. നിങ്ങളിപ്പോ ഓർക്കും ആരെയാണ് ഇവരീ വിളിക്കുന്നതെന്നു അത് നമ്മുടെ പീലിപ്പെണ്ണിനെയാണ്. നമ്മുടെ കഥാനായിക😍😍

തൊഴുത്തിലെ പശുക്കൾക്ക് വെള്ളം കൊടുത്തിട്ട് ഓടി വന്ന പീലി കാൽവഴുതി വീണത് അപ്പോളാണ്.വീഴ്ചയിലെ വേദന വകവെക്കാതെ അവൾ ശ്രമപ്പെട്ടു എണീറ്റു ഓടി അടുക്കളയിലേക്ക് വന്ന് നിന്നു കിതച്ചു. “നി എവിടാരുന്നെടീ ഒരുമ്പെട്ടവളെ?” രുക്‌മിണി പീലിയെ അടിച്ചത് പെട്ടെന്നായിരുന്നു.പ്രതീക്ഷിക്കാതെ ആയതിനാൽ ആവാം അവളൊന്നു ഞെട്ടിപ്പിടഞ്ഞു.കണ്ണു നിറഞ്ഞൊഴുകി. “ഞാൻ പയ്ക്കൾക്ക് വെള്ളം കൊടുക്കുവാരുന്നു ചെറിയമ്മേ”

“നിന്നോട് എത്രതവണ ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് കാലത്തെ തന്നെ ചായ കിട്ടണം എന്ന്??”.”ഞാൻ എടുത്തു വെച്ചിട്ടാ ചെറിയമ്മേ പോയത്. ദാ അവിടിരിപ്പുണ്ടല്ലോ”.ഗ്ലാസിൽ പകർന്നു വെച്ചിരുന്ന ചായയിലേക്ക് ചൂണ്ടി പീലി അത് പറഞ്ഞതും രുക്‌മിണി വീണ്ടും കലിതുള്ളി. “ഈ തണുത്താറിയ ചായ ആണോടി ഞാൻ കുടിക്കേണ്ടത്. ചൂടാക്കി വേഗം ഇറയത്തേക്ക് കൊണ്ട് വരണം”.രുക്‌മിണി ചവിട്ടിതുള്ളി പോയതും പീലി ഒരു ദീർഘനിശ്വാസത്തോടെ ചായ ചൂടാക്കാനായി തിരിഞ്ഞു.

ഇത് മേലേടത്ത് വിശ്വനാഥൻ -സാവിത്രി മകൾ പീലി വിശ്വനാഥൻ. പീലിയെ പ്രസവത്തോടെ സാവിത്രി മരിച്ചു. അതോടെ പീലിയുടെ ഉത്തരവാദിത്തം വിശ്വനാഥൻ ഒറ്റക്ക് ഏറ്റെടുത്തു. എന്നാൽ തീരെ കുഞ്ഞായ പീലിയെ പരിചരിക്കുന്നത് ശ്രമപ്പെട്ട കാര്യമായി തീർന്നു.

അമ്മയുടെ ചൂടേൽക്കാൻ കുഞ്ഞിപീലി കരഞ്ഞുകൊണ്ടേയിരുന്നു.ഒടുവിൽ കുഞ്ഞിനെ നോക്കാനായി ഒരു വിവാഹം കൂടി വിശ്വനാഥൻ കഴിച്ചു. സാവിത്രിയെ അളവിൽ കവിഞ്ഞു സ്നേഹിച്ച വിശ്വൻ രുക്‌മിണിയെ സ്വീകരിച്ചത് തന്റെ കുഞ്ഞിന്റെ സുരക്ഷ ഒന്നോർത്തു മാത്രമാണ്.

എന്നാൽ രുക്‌മിണി ആദ്യകാലങ്ങളിൽ പീലിയെ നന്നായി ശ്രദ്ധിച്ചു പോരുന്നു.രുക്‌മിണി പിന്നീട് രണ്ട് കുട്ടികൾക്ക് ജന്മം നൽകി. അതോടെ എല്ലാം തകിടം മറിഞ്ഞു. സ്വന്തം മകളല്ല എന്ന വ്യത്യാസം രുക്‌മിണി എല്ലാ രീതിയിലും കാണിച്ചു തുടങ്ങി. അതോടെ പീലിയുടെ കഷ്ടകാലവും ആരംഭിച്ചു.വിശ്വൻ ആകട്ടെ മക്കളെ ഓർത്തു രുക്‌മിണിയെ എതിർത്തു പറയാൻ കഴിയാതെ നിന്നു.

പീലിക്ക് ഒരു അനിയത്തിയും അനിയനും ഉണ്ട്. വീണയും വിസ്മയും. വീണ ഇപ്പോ ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്. വിസ്മയ് പത്താം ക്ലാസ്സിലും.വീണ അമ്മയുടെ തനിപ്പകർപ്പാണ്. തന്നെക്കാൾ സൗന്ദര്യവും പഠിക്കാൻ മിടുക്കിയുമായ പീലിയെ കണ്ണിനു നേരെ കണ്ടൂടാ.വിസ്മയ്ക് ചേച്ചിപെണ്ണിനെ ജീവനാണ്. അതിനു കണക്കിന് അമ്മേടെ കയ്യിന്നു കിട്ടാറുമുണ്ട്.

പീലി അടുത്ത കോളേജിൽ എം എ മലയാളം ഫസ്റ്റ് ഇയർ പഠിക്കുകയാണ്.രുക്‌മിണിയുടെ കാലുപിടിച്ച് പറഞ്ഞിട്ടാണ് അവളെ കോളേജിൽ പോകാൻ സമ്മതിച്ചത് തന്നെ അതും വീട്ടിലെ എല്ലാ ജോലിയും ചെയ്ത് തീർത്തിട്ട് പോകാം എന്ന ധാരണയിൽ.പഠിക്കാനുള്ള ആഗ്രഹം കൊണ്ടും കുഞ്ഞിലേ തൊട്ട് എല്ലാ ജോലികളും ചെയ്ത് ശീലമുള്ളത് കൊണ്ടും പീലിക്കതൊരു പ്രശ്നമേ അല്ലായിരുന്നു.

അമ്മ സാവിത്രിയുടെ സൗന്ദര്യം ആണ് പീലിപ്പെണ്ണിന്.നിറയെ പീലിയുള്ള നീലക്കണ്ണും കറുത്ത കട്ടിപിരികവും നീണ്ട നാസിക തുമ്പും ചെഞ്ചുണ്ടും അവളുടെ സൗന്ദര്യത്തെ എടുത്തു കാട്ടും.

രാവിലെ എല്ലാവർക്കുമുള്ള ആഹാരമുണ്ടാക്കി വെച്ച് വീണക്കും വിസ്മയ്ക്കും കൊണ്ട് പോകാനുളള ആഹാരവും മേശപ്പുറത്തു എടുത്തു വെച്ച് പീലി കുളിക്കാനായി കുളപ്പുരയിലേക്ക് ഇറങ്ങി.ചുറ്റുമതിൽ പൊളിഞ്ഞു വീഴാനായ അവസ്ഥയിലാണ് കുളം. എന്നാലും പീലിയുടെ പ്രിയപ്പെട്ട സ്ഥലമാണീ കുളം. സങ്കടം വരുമ്പോ ആരും കാണാതെ അവൾ കുളപ്പടവിൽ വന്നിരിക്കും. തെളിഞ്ഞ വെള്ളത്തിന്റെ തണുപ്പാണ് ചുറ്റിനും. ഇവിടെ വന്നിരിക്കുമ്പോ ചുട്ടുപഴുത്ത മനസിന്‌ ഒരു കുളിർമയാണ്.

കുളി കഴിഞ്ഞ് കോളേജിലേക്ക് പോകാനായി പീലി ഒരുങ്ങി.വീണ ഇട്ടുപഴകിയ ഒരു മഞ്ഞചുരിദാർ ആയിരുന്നു അവളുടെ വേഷം.”പണ്ടേ ചെറിയമ്മ അങ്ങനെയാ വീണ ഇട്ടു മടുക്കുമ്പോ മാത്രേ എനിക്ക് ഉടുപ്പ് തരാറുള്ളു”.കണ്ണാടിയിലേക്ക് നോക്കിയ അവളുടെ മനസ് പറഞ്ഞു.

മുട്ടോളം നീണ്ട കറുത്ത ഇടതൂർന്ന മുടി മെടഞ്ഞിട്ട് നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും തൊട്ടപ്പോ അവളുടെ ഒരുക്കം കഴിഞ്ഞു.ഉമ്മറത്തേക്ക് ഇറങ്ങിയതും വിശ്വൻ പാടത്തുന്നു വന്നു. കൃഷി ആണ്.”അച്ഛാ ഞാൻ ഇറങ്ങട്ടെ”. “പോയിട്ടു വാ മോളെ”.പീലി ഇറങ്ങിയതും ആ ഹൃദയം അവൾക്കു വേണ്ടി തുടിച്ചു. കഷ്ടപ്പാട് അറിയാഞ്ഞിട്ടല്ല പക്ഷെ നിന്നെ ചേർത്ത് നിർത്താൻ കഴിയാത്ത ഒരു ഭാഗ്യംകെട്ടവനായി പോയി മോളെ നിന്റെ അച്ഛൻ!!

കുഞ്ഞരിപ്പല്ല് കാട്ടി നിറഞ്ഞു ചിരിക്കുന്ന ഒരു രണ്ട് വയസുകാരിയുടെ മുഖമാണ് അപ്പോ വിശ്വനു ഓർമ വന്നത്. അച്ചേന്ന് വിളിച്ചു തന്റെ പിറകിന്ന് മാറാത്ത തന്റെ കുഞ്ഞിപീലിയെ. ആ ഓർമയിൽ വിശ്വന്റെ ഇരു കണ്ണുകളും നിറഞ്ഞു തൂവി

.ഇരുവശവും പാടം നിറഞ്ഞ ആ വഴിയിലൂടെ പീലി ഓടിപ്പാഞ്ഞു ബസ് സ്റ്റോപ്പിൽ എത്തിയപ്പോളേക്കും ബസ് പോയിരുന്നു. അടുത്ത ബസിനായി കാത്തുനിൽക്കുമ്പോളാണ് തനിക്കെതിരെ നിൽക്കുന്ന അജീഷിൽ കണ്ണുടക്കിയത്.

അച്ഛന്റെ കൂട്ടുകാരൻ മാധവൻ മാമന്റെ മകൻ.കുറച്ചു നാളായി ഇങ്ങനെ ബസ് സ്റ്റോപ്പിലും അമ്പലത്തിലും വന്നു നില്കുന്നു.ടൗണിലെ ബാങ്കിൽ ആണ് അജീഷേട്ടന് ജോലി.എന്തിനാണെന്ന് അറിയാമെങ്കിലും പീലിക്ക് അങ്ങനൊരു ആഗ്രഹവും ഇല്ല. പഠിച്ചു നല്ലൊരു ജോലി അത് മാത്രമാണ് അവളുടെ ലക്ഷ്യം.അടുത്ത് വന്ന ബസിൽകേറി ഒഴിഞ്ഞ ഒരു വിൻഡോ സീറ്റിൽ ഇരിക്കുമ്പോളും ഓർമകളുടെ വേലിയേറ്റത്തിൽ ഉഴറുകയായിരുന്നു പീലിയുടെ മനസ്.

അവളുടെ മനസ്സിൽ അവളുടെ കുട്ടിക്കാലം തൊട്ട് ഇന്ന് വരെയുള്ള ഒരു ദിവസങ്ങളും മിന്നിമാഞ്ഞു പോയി. അച്ഛനൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ആത്മാർഥമായി അവളാഗ്രഹിച്ചിരുന്നു. ചെറിയമ്മ ഉപദ്രവിക്കുന്നത് പേടിച് അച്ഛനടുത്തേക്ക് പോലും അന്ന് പോയിട്ടില്ല. വീണയ്ക്കും വിസ്മയ്ക്കും ചെറിയമ്മ ചോറ് വാരികൊടുക്കുന്ന കാണുമ്പോ താനും ഒരുപാട് കൊതിച്ചിട്ടുണ്ട് അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന്. ആ ഓർമ്മയിൽ ഒരു തുള്ളി കണ്ണുനീർ ആ നീലക്കണ്ണിൽ നിന്നടർന്നു വീണു.നിസംഗമായ ഭാവത്തോടെ അവൾ കോളേജിലേക്ക് പോയി.

കോളേജിലെ വകമരച്ചുവട്ടിലെ സിമന്റ്‌ ബെഞ്ചിലിരുന്നു കത്തിയടിക്കുവാണ് ആനന്തും രേഷ്മയും.പീലി ഗേറ്റ് കടന്ന് നടന്നുവരുന്നത് കണ്ടതും
ഒരു ചിരിയോടെ നടന്നു ചെന്നു.”ഇന്ന് എന്തൊക്കെ പുകിലാടീ നിന്റെ ചെറിയമ്മ അവിടെ ഉണ്ടാക്കിയെ?”. “ഏയ്‌ എന്നതേം പോലെ ഒക്കെ തന്നെ”. “നിന്നെകൊളളാഞ്ഞിട്ട ഞാനാരുന്നേൽ തള്ളയെ ഞാൻ വല്ലോ കിണറ്റിലും എറിഞ്ഞേനെ”. ഒരു പുഞ്ചിരിയോടെ പീലി രേഷ്മയുടെ കവിളിലൊരു നുള്ള്കൊടുത്തു നടന്നു നീങ്ങി. “അഹ് അതല്ലേലും നി അങ്ങനല്ലേ ചെയ്യൂ ഈ പാവം എന്നെത്തന്നെ എന്തൊക്കെ ചെയ്യുന്നു”. ആനന്ദ് ചുണ്ട് മലർത്തി പറഞ്ഞതും അവന്റെ കവിളിലൊരു കുത്തുകൊടുത്തു രേഷ്മ. തിരിച്ചൊരു ഉന്തു കൊടുക്കാൻ അവനും മറന്നില്ല

രണ്ടിന്റേം തല്ലുപിടി കണ്ടു ചിരിയോടെ പീലി അവരെ വലിച്ചു ക്ലാസ്സിലേക്ക് നടന്നു. വീട്ടിലെ എല്ലാ പ്രശ്നങ്ങൾക്കിടയിലും അവളുടെ ഏക ആശ്വാസം ഇവർ രണ്ടാളും ആണ്. കോളേജിലെ പീലിയുടെ ആത്മാർത്ഥ സുഹൃത്തുക്കൾ 😍😍😍😍😍

ഫസ്റ്റ് പീരിയഡ് സെബിൻ സർ ആയിരുന്നു. വെല്യ താല്പര്യം ഇല്ലേലും ക്ലാസ്സിൽ ശ്രദ്ധിച്ചില്ലേൽ ഇന്റെർണൽ മാർക്ക്‌ കുറച്ചു കളയും എന്നുള്ളത് കൊണ്ട് മാത്രം കഷ്ടപ്പെട്ട് ഇരിക്കുവാണ് രേഷ്മ. പീലി പിന്നെ ക്ലാസ്സ്‌ തുടങ്ങിയാൽ വേറെ എവിടേം നോക്കില്ല. അവൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ട് തന്നെയാണ് ലിറ്ററേച്ചർ തിരഞ്ഞെടുത്തതും.

ഉച്ചക്ക് ആഹാരം കഴിച്ചു കഴിഞ്ഞ് മൂന്നാളും നേരെ ലൈബ്രറിയിലേക്ക് പോയി. പീലിയുടെ നിർബന്ധം ആണ് അതൊക്കെ.പ്രശസ്ത എഴുത്തുകാരി കെ. ആർ. മീരയുടെ “ആരാച്ചാർ ” ആണ് പീലി വായിക്കാനായി എടുത്തത്. എന്തോ വല്ലാത്ത ഇഷ്ടമാണ് ആ നോവൽ. “ചേതന ഗൃദ്ധാ മല്ലിക്ക് ” തീരുമാനമെടുക്കാനും അത് നടപ്പാക്കാനും ഇച്ഛാശക്തിയുള്ള സ്ത്രീ!!!!

ക്ലാസ്സ്‌ കഴിഞ്ഞ് കോളേജിൽ നിന്ന് പുറത്തിറങ്ങിയാൽ പീലിയുടെ ബസ് വന്നു അവളതിൽ കേറി പോയാൽ മാത്രേ രേഷ്മയും ആനന്തും വീട്ടിലേക്ക് പോകാറുള്ളു. ഡിഗ്രി തൊട്ടുള്ള കൂട്ടാണ് മൂന്നാളും. അന്ന് മുതലുള്ള ശീലമാണ് ഇത് എത്ര വേണ്ടന്ന് പീലി പറഞ്ഞാലും അവരത് കേൾക്കില്ല. ആരെയും പരിചയമില്ലാതെ ആ കോളേജിലേക്ക് ആദ്യമായി വരുമ്പോ പീലിയുടെ മനസ്സിൽ നിറയെ ആശങ്കയായിരുന്നു. ഇടിച്ചു കേറി വന്നു സംസാരിച്ച രേഷ്മ അവൾക്കൊരു അത്ഭുതമായിരുന്നു.

പിന്നീട് ആനന്തും അവരിലേക്ക് വന്നു. അവിടുന്ന് തുടങ്ങിയതാണ് അവരുടെ ആത്മാർത്ഥ സൗഹൃദം. ഒരുപക്ഷെ ഇവർ രണ്ടാളും തന്റെ ജീവിതത്തിൽ വന്നില്ലായിരുന്നേൽ എന്തായേനെ എന്നോർക്കുമ്പോ എന്തിനെന്നറിയാതെ ഒരു ഭയം പീലിയെ പിടികൂടും.

തുടരും

ആദ്യ എഴുത്താണ്. ഒരു കുഞ്ഞു ശ്രമം. അഭിപ്രായങ്ങൾ അറിയിക്കണേ.