17/04/2026

മയിൽപ്പീലി : ഭാഗം 36

രചന – നെച്ചു നസ്രിൻ

സാധിക കോളേജിലെ മരച്ചുവട്ടിൽ ഇരുന്നു. അരികിൽ വലിയ രണ്ട് ബാഗുമുണ്ട്. ആരെയോ കാത്തിരിക്കുകയായിരുന്നു. പ്രതീക്ഷിച്ച ആൾ മുന്നിലെത്തിയതും അവൾ എണീറ്റ് നിന്നു. രേഷ്മയുടെ മുഖമാകെ ചുവന്നു. അവൾക്ക് ദേഷ്യം അടക്കാനായില്ല. രേഷ്മ സാധികയുടെ മുഖത്ത് തന്നെ ഒരടി കൊടുത്തു. എന്നിട്ടും ദേഷ്യം മാറാതെ വീണ്ടും അതേയിടത്ത് തന്നെ അടിച്ചു . സാധികയിൽ നിന്ന് എതിർപ്പോ യാതൊരുവിധ പ്രതിഷേധങ്ങളോ ഉണ്ടായില്ല എന്നത് രേഷ്മയിൽ സംശയം നിറച്ചു. കണ്ണ് നിറച്ച് നിസ്സഹായതയോടെ തന്നെ നോക്കി നിൽക്കുന്ന സാധികയെ രേഷ്മ സൂക്ഷിച്ചു നോക്കി. “എന്താടീ പുതിയ അടവ് വലതുമാണോ. എങ്കിൽ എല്ലാം നിന്റെ കയ്യിലിരിക്കുകയെ ഒള്ളു. ഞാൻ പവന്റെ വായിൽ നിന്ന് നിന്റെ പേര് വീണപ്പോൾ വെറുത്തതാ നിന്നെ. ഒരിക്കലും കാണണമെന്ന് പോലും കരുതിയിട്ടില്ല. അത്രക്ക് അറപ്പാണ് നിന്നോട്. ഒരു പെണ്ണ് എത്രത്തോളം തരം താഴാമോ അത്രത്തോളം നീ ആയി കഴിഞ്ഞു. എന്തിനാടീ ഇങ്ങനെ ജീവിക്കുന്നത്”?. “നീ പറയുന്നതെല്ലാം കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണ്.

തെറ്റ് എന്റേതാണ്. മറ്റൊരു പെണ്ണിനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് തന്നെയാണ് ഞാൻ ചെയ്തതും. മാപ്പ് എന്ന് നിന്നോട് പറയാൻ പോലും എനിക്കർഹതയില്ല. തലക്ക് ഭ്രാന്ത്‌ പിടിച്ച കുറച്ച് ദിവസങ്ങളിൽ ചെയ്ത് കൂട്ടിയ പാപത്തിന്റെ ഫലം എനിക്ക് കിട്ടി കഴിഞ്ഞു രേഷ്മ. ദൈവം ആയിട്ട് അറിഞ്ഞു തന്നൊരു ശിക്ഷ”. “അടുത്ത നമ്പറും കൊണ്ട് വന്നേക്കുവാ. ഒന്ന് പോടീ . നിന്നോട് ഇത്രയും നേരം സംസാരിച്ച് തന്നെ എന്റെ മര്യാദയാണ്. ആനന്ദ് ഇവിടുണ്ട് അവൻ വന്ന് കണ്ടാൽ എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല. നീ പോകാൻ നോക്ക്”. “ഞാൻ പോകുകയാണ് രേഷ്മ. ആനന്ദ് കണ്ടാൽ ചിലപ്പോ അടിക്കുമായിരിക്കും അല്ലേൽ കൊല്ലുമായിരിക്കും അതിലൊന്നും എനിക്കൊരു ഭയവുമില്ല ഇപ്പൊ. നിങ്ങടെ സിംപതി പിടിച്ച് വാങ്ങാൻ വന്നതല്ല ഞാൻ. നിന്നെ ഒന്ന് കാണണമെന്ന് തോന്നി. അത് കൊണ്ട് വന്നതാണ്. ഞാൻ ഇനി ഈ നാട്ടിൽ ഉണ്ടാകില്ല. വേറെ എവിടെയെങ്കിലും പോകണം. അതിനു മുൻപ് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു. അവസാനത്തെ കാര്യമാണ് നിന്നെ ഒന്ന് കാണണമെന്നുള്ളത്”. രേഷ്മ വെറുപ്പോടെ മുഖം തിരിച്ചു.

“ഞാൻ ഇനി പറയുന്ന കാര്യങ്ങൾ കേട്ടാൽ നിനക്കിപ്പോ ഉള്ള വെറുപ്പ് കൂടുകയേ ഒള്ളു. നിന്നെ അവന് കാഴ്ച വെയ്ക്കാൻ ആഗ്രഹിച്ച ഞാൻ സ്വയം അവനൊരു കാഴ്ച വസ്തു ആകേണ്ടി വന്നു. അതിലെനിക്കിപ്പോ ഒരു സങ്കടവുമില്ല. നിന്നോട് ചെയ്തതിനുള്ള കുറ്റബോധം മാത്രമേയുള്ളൂ. പവൻ , അവനെ കൊണ്ട് ഇനിയാർക്കും ഒരു ശല്യവുമുണ്ടാകില്ല. എന്നെന്നേക്കുമായി അവനെ ഞാൻ തളർത്തിയിട്ടുണ്ട്. ഒരുപാട് പെൺകുട്ടികളുടെ കണ്ണീർ വീഴ്ത്തിയത് തിരിച്ചറിയാൻ എനിക്ക് സ്വയം അവന്റെ പാപം ചുമക്കേണ്ടി വന്നു. ഇനി എനിക്ക് സമാധനത്തോടെ ഉറങ്ങാനാകും. നിന്നോട് ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം ചെയ്തെന്നു എനിക്ക് ആശ്വസിക്കാം”. അത് പറഞ്ഞു നടന്നു നീങ്ങുന്ന സാധികയെ രേഷ്മ നോക്കി നിന്നു. ഊട്ടിയിലേക്കുള്ള യാത്രയിലാണ് സാധിക.

ബസിന്റെ വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ അവളുടെ മനസ് വല്ലാത്ത ശാന്തത കൈവരിച്ചു കഴിഞ്ഞിരുന്നു. കോളേജിൽ നിന്ന് ടി സി വാങ്ങിയിട്ടുള്ള വരവാണ്. ഊട്ടിയിൽ തന്നെ ആരാരും ശ്രദ്ധിക്കപ്പെടാത്ത കുറച്ച് അമ്മമാരും കുഞ്ഞുങ്ങളുമുള്ള ഒരു ഓർഫനെജ് ഉണ്ട്. ഇനിയുള്ള ജീവിതം അവിടേക്കുള്ളതാണെന്ന് സാധിക തീരുമാനിച്ചു കഴിഞ്ഞിരുന്നു. അന്ന വല്ലാത്ത പിരിമുറുക്കത്തിൽ ആയിരുന്നു. ആഗ്രഹിച്ചത് നടക്കാനായി അവൾ നെയ്തെടുത്ത പ്ലാൻ ഏത് വിധേനയും നടത്തിയെടുത്തേ ഒക്കൂന്ന് ദൃഢ നിശ്ചയം ചെയ്ത് കഴിഞ്ഞിരുന്നു. കൂട്ടുകാരികളെ ഭീഷണിപ്പെടുത്തിയും പ്രീതിപ്പെടുത്തിയും അവളൊപ്പം കൂട്ടി. സൂരജ് തനിക്കുള്ളതാണെന്ന് പലവുരു മനസിനെ പറഞ്ഞു പഠിപ്പിച്ചു. സൂരജിന് ക്ലാസ്സ്‌ ഇല്ലാതിരുന്നതിനാൽ അവൻ വെറുതെ പുസ്തകങ്ങൾ മറിച്ചു നോക്കി കൊണ്ടിരിക്കുമ്പോളാണ് ഒരു പെൺകുട്ടി ഓടി കിതച്ചു അവന്റെ മുന്നിൽ വന്ന് നിന്നത്. അവൻ കാര്യം തിരക്കിയതും ആഞ്ഞു ശ്വാസം വലിച്ചു ആ പെൺകുട്ടി സംസാരിക്കാൻ തുടങ്ങി. “സർ എന്റെ ക്ലാസ്സിലെ ഒരു കുട്ടി അവിടെ വീണു കിടക്കുന്നു.

വിളിച്ചിട്ട് എണീക്കുന്നില്ല. ഒന്ന് വരാമോ സർ”?. സ്റ്റാഫ്‌ റൂമിൽ മറ്റ് ടീച്ചേർസ് ആരും തന്നെ ഇല്ലാതിരുന്നതിനാൽ അവൻ വേഗം ആ കുട്ടിയ്ക്കൊപ്പം നടന്നു. ഒഴിഞ്ഞ ഒരു ക്ലാസ്സ്‌ മുറി ചൂണ്ടിയാണ് പെൺകുട്ടി അതിനുള്ളിൽ ഉണ്ടെന്ന് പറഞ്ഞത്. അവൻ വേഗം ക്ലാസിലേക്ക് കയറി. അതെ സമയം ഡോർ ആരോ ഉള്ളിൽ നിന്നടച്ചു. സൂരജിന് അപകടം മണത്തു. ക്ലാസിൽ അവനെ കൂടാതെ മറ്റാരോ ഉണ്ടെന്നവൻ തിരിച്ചറിഞ്ഞു.അവന്റെ കണ്ണിൽ ആ രൂപം തെളിഞ്ഞു.”അന്ന”. “എത്ര നേരമായി സൂരജ് , ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്. ഇപ്പോളാണോ വരുന്നത്”?. “അന്ന.എന്താ ഇതൊക്കെ?. എവിടെ സുഖമില്ലാതെ കിടക്കുന്ന കുട്ടി?”. “സൂരജിന് ഒരു കാര്യമറിയോ. ഞാൻ ആഗ്രഹിച്ചതെന്തും ഇത് വരെ നേടിയെടുത്താണ് ശീലം. അപ്പൊ പിന്നെ ഞാൻ ഇത്രമാത്രം സ്നേഹിക്കുന്ന നിങ്ങളെ ഞാൻ അങ്ങ് വിട്ട് കളയുമോ”?. “അന്ന താൻ കളിക്കാതെ മാറി നിൽക്കു.

2എനിക്ക് പുറത്ത് പോകണം”. “പറ്റില്ല. ഇനി ഞാൻ വിചാരിക്കുന്ന നേരത്ത് മാത്രമേ ഈ വാതിൽ നിങ്ങൾക്ക് മുൻപിൽ തുറക്കൂ. വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞോളൂ സൂരജ്”. “ഛീ നിർത്തേടി. അവളുടെ ചീപ് കളി . നീ എന്താടീ വിചാരിച്ചത് നിന്റെ തൊലിവെളുപ്പും പണവും കണ്ട് നീ ഇഷ്ടമാണെന്ന് പറയുമ്പോ ഞാൻ അങ്ങ് മയങ്ങി വീഴുമെന്നോ. നീ ഇനി എന്തൊക്കെ പറഞ്ഞാലും ഈ സൂരജ് നിന്നെ തിരിഞ്ഞ് പോലും നോക്കില്ല”. “ഞാൻ ഒന്നും പറഞ്ഞില്ലലോ സൂരജ്. ഇനിയിപ്പോ സംസാരം ഒന്നുമില്ല. പ്രവർത്തിയിലൂടെ നിനക്ക് എല്ലാം ഞാൻ മനസിലാക്കി തരാം. ഇവിടിപ്പോ എന്താ നടക്കുന്നതെന്ന് നിനക്ക് മനസിലായോ. ഇല്ലല്ലേ. ഓക്കേ നിനക്ക് ഞാൻ ഒരു അവസരം കൂടി തരാം. എന്നെ സ്വീകരിച്ചാൽ നമുക്ക് ഒന്നിച്ച് ഒരുപാട് കാലം സന്തോഷമായി ജീവിക്കാം. എന്ത് പറയുന്നു”?.. “നിന്റെ ആ ഔദാര്യം എനിക്ക് വേണ്ട. എന്ത് ചെയ്യാനാകുമോ അത് നീ ചെയ്യൂ എനിക്കൊരു ചുക്കുമില്ല”. പുറത്ത് ആരുടെയൊക്കെയോ ബഹളം കേൾക്കാൻ കഴിയുന്നുണ്ട്. സൂരജിന്റെ ഉള്ളിൽ നിന്നൊരു ആന്തൽ പുറപ്പെട്ടു. അവൻ അന്നയെ രൂക്ഷമായി നോക്കി.

അന്ന എന്നാൽ അപ്പോളും സൂരജിനെ പ്രണയത്തോടെ നോക്കിനിന്നു. പെട്ടെന്നാണ് അവൾ അവളുടെ മുടി അലങ്കോലമാക്കിയത്. ചുണ്ടിലെ ലിപ്സ്റ്റിക് കൈ കൊണ്ട് തേച്ചു പടർത്തി. സൂരജ് പകച്ചു അന്നയെ നോക്കി. അതിലും വലിയ ഞെട്ടൽ സൂരജിൽ ഉണ്ടായത് അവൾ സ്വന്തം വസ്ത്രങ്ങൾ കീറി പറിച്ചപ്പോളാണ്. ടോപിന്റെ സ്ലീവ്സ് കൈ കൊണ്ട് വലിച്ചു കീറി. അവൾ വേഗത്തിൽ വന്ന് അവന്റെ ഷർട്ട് പിടിച്ച് വലിച്ചു. ബട്ടൻസ് പൊട്ടി ഷർട്ട് ആകെ ചുളുങ്ങി. അന്നയുടെ പ്രവർത്തിയിൽ തരിച്ചു നിന്നിരുന്ന സൂരജിനെ നോക്കി വിജയീ ഭാവത്തിൽ ചിരിച്ചു കൊണ്ട് അവൾ മുറിയുടെ വാതിൽ തുറന്നു. സൂരജ് ഒന്നാകെ ഇല്ലാതെ ആയി പോയി. ക്ലാസിനു മുന്നിൽ കോളേജിലെ ടീച്ചേഴ്സും കുട്ടികളും. എല്ലാവരും അമ്പരപ്പോടെ അന്നയേയും സൂരജിനെയും മാറിയും തിരിഞ്ഞും നോക്കി. അന്ന കരച്ചിലിന്റെ വക്കെത്തി. അവൾ വാ പൊത്തിപിടിച്ചു കൂട്ടുകാരിയുടെ തോളിലേക്ക് ചാഞ്ഞു. ഇടക്ക് കണ്ണ് കൊണ്ട് സൂരജിനെ നോക്കി പരിഹാസത്തിൽ ചിരിച്ചു.

സൂരജ് അപമാനിതനായി തലകുനിച്ചു നിന്നു. എന്നാൽ സൂരജിനെ ഒന്നാകെ ഉലച്ചത് അവന്റെ പ്രിയതമയുടെ നോട്ടമായിരുന്നു. കണ്ണിൽ നിന്ന് ചുടു കണ്ണീർ ഒഴുകി ഇറങ്ങി. അവന്റെ കാഴ്ച മറച്ചു. അവനെ നോക്കി വിതുമ്പി കരയുന്ന പീലിയെ നോക്കാനുള്ള ശക്തി അവനുണ്ടായില്ല. പീലി അവിടെ നിന്നും ക്ലാസിലേക്ക് ഓടി വന്നു. ഡെസ്കിൽ തല ചായ്ച്ചു കിടന്ന് പൊട്ടിക്കരഞ്ഞു. അവളുടെ ഹൃദയത്തിൽ നിന്നെന്തോ ഒന്ന് പറിഞ്ഞു പോകുന്ന വേദന. രേഷ്മ അവളെ ചേർത്തു പിടിച്ചു. ജീവനാണ് സൂരജിനെ പിടിച്ച് കൊണ്ട് പോയത്. ജീവന്റെ മുഖം കോപം കൊണ്ട് വികൃതമായിരുന്നു. പെങ്ങളുടെ ജീവിതം ഈ രീതിയിൽ തകർന്നതിൽ അവൻ അതിയായ ദേഷ്യവും സങ്കടവും തോന്നി. സൂരജിന്റെ കണ്ണിൽ മറ്റൊന്നും അപ്പോളില്ലായിരുന്നു. കരഞ്ഞ് കൊണ്ട് ഓടുന്ന പീലി മാത്രമായിരുന്നു. ഒരിക്കലും അവളെ സന്തോഷിപ്പിക്കാൻ തന്നെ കൊണ്ട് കഴിഞ്ഞിട്ടില്ല. അവന്റെ ഹൃദയം നീറി പുകഞ്ഞു. ആരുടെയും ചോദ്യങ്ങൾ നേരിടാനുള്ള ത്രാണിയില്ലാതെ അവൻ തിരികെ വീട്ടിലേക്ക് മടങ്ങി. കണ്ണീർ വീണു കാർ ഓടിക്കുന്നതിനിടയിൽ കാഴ്ച മറച്ചു. കാറിൽ നിന്നിറങ്ങും മുൻപ് പീലിക്കായി കരുതി വെച്ച ആ സാരീ അവൻ കയ്യിലെടുത്തു. മുറിയിലേക്ക് കയറി ആ സാരീ മാറോടടക്കി പിടിച്ചവൻ പൊട്ടി കരഞ്ഞു.

അന്ന കാണിച്ച പ്രവർത്തിയിലോ , കുട്ടികളുടെയും ടീച്ചേഴ്സിന്റെയും മുന്നിൽ അപമാനിതനായതിലോ അല്ല സൂരജിന്റെ സങ്കടം അത് അവന്റെ പീലിയെ ഓർത്തു മാത്രമായിരുന്നു. പീലിക്ക് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. അവൾക്ക് എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയില്ലായിരുന്നു. രേഷ്മയിലും സൂരജിനോടുള്ള ദേഷ്യവും വെറുപ്പും നിറഞ്ഞു. ഇത്രക്കും പാവമായ ഇവളെ എങ്ങനെ അയാൾക്ക് ചതിക്കാൻ തോന്നി. പാവം അവളെന്തു ആഗ്രഹിച്ചിരുന്നു അയാൾക്കൊപ്പമുള്ള ഒരു ജീവിതം. അവളുടെ മുന്നിൽ തന്നെ ഇങ്ങനൊരു കാഴ്ച. അവളിതെങ്ങനെ സഹിക്കും. ഭാര്യ ആയി കാണാൻ കഴിയില്ലെന്ന് പറഞ്ഞതിന് പിന്നിൽ ഇങ്ങനൊരു കാരണമുണ്ടായിരുന്നോ. “പീലി എനിക്കയാളോട് വെറുപ്പ് തോന്നുന്നു. എങ്ങനെ അയാൾക്കതിനു സാധിച്ചു. ഇത്ര ചീപ് ആയിരുന്നോ?. നീ ഇങ്ങനെ തളർന്നു പോകരുത് പീലി. നിന്റെ തോൽവി അയാൾ ആഘോഷിക്കും”. പീലി കരഞ്ഞതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. രേഷ്മയുടെ വാക്കുകളൊന്നും അവളുടെ ചെവിയിൽ എത്തിയതുമില്ല.പീലി ഇടറുന്ന കാലടികളോടെ കോളേജിൽ നിന്നിറങ്ങി. ഒപ്പം ഇറങ്ങിയ രേഷ്മയെ തടഞ്ഞു അവൾ വീട്ടിലേക്ക് തന്നെ നടന്നു. അന്ന ആനന്ദത്തിന്റെ ഉന്മാദ അവസ്ഥയിലായിരുന്നു.

അവൾക്ക് സൂരജിന്റെ തോൽവി ഏറ്റു വാങ്ങിയ മുഖം ഓർണ വന്നു. അവൾക്ക് അപ്പോളവനോട് പവൻ തോന്നിയിരുന്നു പക്ഷേ ഒന്നിച്ച് ജീവിക്കാൻ വേണ്ടി ചില ത്യാഗങ്ങളൊക്കെ ചെയ്യണം. ഇപ്പോ സങ്കടം നിറഞ്ഞ നിങ്ങളുടെ മുഖമാകെ ഞാൻ ചുംബനം കൊണ്ട് മൂടുന്നൊരു ദിവസം വരും.ഇത്രയും നന്നായി കാര്യങ്ങൾ നടക്കുമെന്നവൾ ഓർത്തിരുന്നില്ല. ഇനി സൂരജ് വിചാരിച്ചാൽ പോലും എന്നെ ഒഴിവാക്കാൻ ആകില്ല. നിങ്ങൾക്ക് എന്നെ സ്വീകരിച്ചേ മതിയാകൂ സൂരജ്. അന്ന ഭ്രാന്തമായ ആവേശത്തോടെ മുരണ്ടു.കൂട്ടുകാരികൾക്ക് , ചെയ്ത് തന്ന സേവനങ്ങൾക്കുള്ള പരിതോഷങ്ങൾ അവൾ കൊടുത്തു. പീലി മനസ് തകർന്നാണ് വീട്ടിലേക്ക് കയറി വന്നത്. പതിവിലും നേരത്തെ പീലി വീട്ടിലെത്തിയത് സുഭദ്ര വിവരം തിരക്കി. “ഇന്നെന്താ മോളെ ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞോ. സൂരജ് വന്നിരുന്നു. ഞാൻ ചോദിച്ചത് കേട്ടത് കൂടിയില്ല. മുറിയിലേക്ക് പോയി. എന്തേലും പ്രശ്നമുണ്ടോ”?. അവൾക്കമ്മയോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ കേട്ട് കഴിഞ്ഞാൽ അതമ്മക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്നവൾക്ക് അറിയാമായിരുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല.

“ഇല്ലമ്മേ പ്രശ്നമൊന്നുമില്ല. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം”. പീലിയുടെ മറുപടിയിൽ അവർ തൃപ്തയായിരുന്നില്ല.എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് ഭദ്രക്ക് മനസിലായി.യാതൊരു കുഴപ്പവുമുണ്ടാകരുതേ എന്നവർ മനസറിഞ്ഞു പ്രാർത്ഥിച്ചു. പീലി മുറിയിലേക്ക് വന്നപ്പോൾ കണ്ടത് കട്ടിലിൽ കമഴ്ന്നു കിടക്കുന്ന സൂരജിനെയാണ്. അവൾ കുറച്ച് നേരം അവനെ തന്നെ നോക്കി നിന്നു.കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് വരാതിരിക്കാൻ അവൾ കഴിവതും ശ്രമിച്ചു. ഫ്രഷ് ആയി അവൾ താഴേക്ക് പോയി. പീലി വന്നതും പോയതുമൊന്നും സൂരജ് അറിഞ്ഞില്ല. പീലി ഭദ്രയുടെ മടിയിൽ തലവെച്ചു കിടന്നു. അവളുടെ മനസ് നീറുന്നത് ആ അമ്മക്ക് അറിയാമായിരുന്നു. പക്ഷേ അവരൊന്നും അവളോട് ചോദിച്ചില്ല. കുറെ നേരം അങ്ങനെ കിടന്നതും അവൾക്ക് വല്ലാത്ത സമാദാനം തോന്നി. ഭദ്ര പീലിയുടെ കവിളിൽ തലോടി. “അമ്മ മോളോട് ഒരു കാര്യം പറയട്ടെ. മോൾക്ക് ഇഷ്ടപ്പെട്ടില്ലേൽ ഇങ്ങനൊരു കാര്യം അമ്മ പറഞ്ഞതായിട്ട് കൂടി മോൾ ഓർക്കേണ്ട”. “അമ്മക്ക് എന്നോട് എന്ത് വേണമെങ്കിലും പറയാമല്ലോ പിന്നെന്തിനാണ് ഇങ്ങനൊരു മുഖവുരയുടെ ആവശ്യം”. “നീയും സൂരjumn ഭാര്യ ഭർത്താക്കന്മാർ ആണ്. മനസ് കൊണ്ട് അങ്ങനാകാൻ നിങ്ങൾക്ക് സമയം എടുക്കുമെന്നും അമ്മയ്ക്കറിയാം.

നിങ്ങളിപ്പോൾ ചെറുപ്പമാണ്. സന്തോഷവും ആഘോഷവും ഒക്കെ ഉണ്ടാകേണ്ട പ്രായം. പരസ്പരം അറിഞ്ഞു സ്നേഹിക്കണം നിങ്ങൾ. നിനക്കൊരു വീഴ്ച വന്നാൽ അവനും അവനോടു വീഴ്ച വന്നാൽ മോളും പരസ്പരം താങ്ങാകണം. എനിക്കുറപ്പാ എന്റെ മോൻ മോളെ സ്നേഹിക്കും. ഒരിക്കലും അവൻ നിന്നെ ചതിക്കില്ല. എന്റെ മോൾടെ മനസിന്റെ നന്മ അവൻ കാണാതിരിക്കില്ല. ഇപ്പോ എന്തേലും പ്രയാസം ഉണ്ടെങ്കിലും നാളത്തെ സന്തോഷത്തിന്റെ തുടക്കമാണ് എന്ന് ചിന്തിച്ചാൽ മതി”. ഭദ്രയുടെ വാക്കുകൾ പീലിയുടെ ചുട്ടുപൊള്ളുന്ന മനസിനെ ശാന്തമാക്കി. അവൾ നിറഞ്ഞ കണ്ണുകളോടെ അമ്മയെ നോക്കി ചിരിച്ചു. ഉള്ളിലെ ദുഃഖം അൽപ നേരത്തേക്കവൾ മറന്നുവെന്ന് വേണം പറയാൻ. സൂരജ് കണ്ണുകൾ വലിച്ചു തുറന്നു. മുറിയിൽ ഇരുട്ട് പരന്നിരിക്കുന്നു. താൻ ഇത്രയും നേരം ഉറങ്ങി പോയോ എന്നവൻ ചിന്തിച്ചു. തലക്ക് വല്ലാത്ത ഭാരവും വേദനയും തോന്നി. അവന് പെട്ടെന്ന് പീലിയെ ഓർമവന്നു. മേശയുടെ മുകളിൽ അവളുടെ ബാഗ് കണ്ടപ്പോൾ അവൾ വന്നുവെന്ന് അവന് മനസിലായി. ഭാരമേറിയ മനസോടെ അവൻ താഴേക്ക് ഇറങ്ങി വന്നു.

ഭദ്ര നാമം ജപിക്കുകയായിരുന്നു. പീലിയെ അവന്റെ കണ്ണുകൾ തിരഞ്ഞു. അവൾ സിറ്റ് ഔട്ടിലെ ഒരു മൂലയിൽ ഇരിക്കുന്നത് കണ്ടു.ഭദ്ര അവൻ വരുന്നത് കണ്ടതും എണീറ്റ് അവനരികിലേക്ക് ചെന്നു. “നിനക്കെന്താ വയ്യേ. പനിയാണോ”?. ” ഇല്ലമ്മേ നല്ല തലവേദന ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്”. “നീ ഇരിക്ക് തൃസന്ധ്യ നേരത്ത് കിടന്നുറങ്ങിയിട്ടല്ലേ. ഭക്ഷണവും വേണ്ട വെള്ളവും വേണ്ട”. അവർ ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി. സൂരജ് വന്നതൊന്നും പീലി അറിഞ്ഞില്ല. ചായ കുടിക്കുന്നതിനിടയിൽ സൂരജ് പലവട്ടം പീലി വരുന്നുണ്ടോ എന്ന് നോക്കി. കുറച്ച് നേരം കഴിഞ്ഞതും പീലി അമ്മയ്‌ക്കരികിൽ വന്നിരുന്നു. അവളവനെ നോക്കിയതേയില്ല. സൂരജിന്റെ ഹൃദയം മുറിഞ്ഞു. അസഹ്യമായ വേദന. അവന്റെ കണ്ണുകൾ നീറി പുകഞ്ഞു . അവ പുറത്തേക്ക് പെയ്യാൻ വെമ്പി. പീലിയുടെ ഒരു നോട്ടം പോലും തന്നിലേക്ക് വീഴുന്നില്ലെന്ന് തിരിച്ചറിഞ്ഞ സൂരജ് തിരികെ മുറിയിലേക്ക് പോയി. ബാൽക്കണിയിലെ ആട്ടുകട്ടിലിൽ അവൻ കിടന്നു. തന്നെ പീലി വെറുത്തിരിക്കുന്നു. അത്ര വലിയ തെറ്റാണല്ലോ താൻ ചെയ്തത്.

അവളുടെ മുൻപിൽ താൻ തെറ്റ് കാരനായി കഴിഞ്ഞിരിക്കുന്നു എന്ന സത്യം ഓരോ നിമിഷവും അവനെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരുന്നു.നെറ്റിയിലൊരു നനുത്ത സ്പർശം തിരിച്ചറിഞ്ഞവൻ കണ്ണുകൾ തുറന്ന് നോക്കി. സൂരജ് വേദനയോടെ എണീറ്റ് പോകുന്നത് പീലി കണ്ടിരുന്നു. അവൾ അവനറിയാതെ അവന്റെ ഓരോ ചലനങ്ങളും വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടവനെ പോലെ തന്നെ നോക്കിയ ആ കണ്ണുകളെ അവൾ അവഗണിച്ചത് അവൾക്കതു കാണാനുള്ള ത്രാണി ഇല്ലാത്തതിനാലാണ്. മുന്നിൽ നിൽക്കുന്ന പീലിയെ സൂരജ് ഒരു നിമിഷം നോക്കി കിടന്നു അവന് സത്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവൻ പിടഞ്ഞെണീറ്റു. അവളെ തന്നെ നോക്കി. അവൻ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് പോലുമറിഞ്ഞില്ല. എന്നാൽ അവനിൽ നിന്നോഴുകുന്ന ഓരോ തുള്ളി കണ്ണീരും തന്റെ നെഞ്ചിലെ ചുടുചോരയാണെന്ന് പീലിക്ക് തോന്നി. “പീലി…ഞാൻ… ഒന്നും .. എനിക്ക്… ഞാനല്ല… തന്നോട് … എനിക്ക്”.. അവൻ ഓരോ വാക്കുകളും പെറുക്കി കൂട്ടി എന്തോ പറയാൻ ശ്രമിച്ചു. പീലി അവന്റെ വാ വിരലുകൾ കൊണ്ട് പൊത്തി.

“എനിക്കൊന്നും കേൾക്കേണ്ട എനിക്കറിയാം അങ്ങനൊന്നും സൂരജേട്ടൻ ചെയ്യില്ലെന്ന്. ഭദ്ര അമ്മയുടെ മകന് ഒരിക്കലും ഒരു പെണ്ണിനോട് അങ്ങനെ ചെയ്യാൻ ആകില്ലെന്ന് എനിക്കറിയാം സൂരജേട്ടാ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സൂരജേട്ടനെ ഞാൻ ആവിശ്വസിക്കില്ല”. സൂരജ് അവളുടെ വയറിൽ വട്ടം പിടിച്ചു പൊട്ടി കരഞ്ഞു. അവനത് മാത്രം മതിയായിരുന്നു. ഇത്രയും നേരം താൻ അനുഭവിച്ച മാനസിക സംഘർഷം പീലിക്ക് എന്നെ മനസ്സിലാകുമോ എന്നോർത്തായിരുന്നു. എന്നാലിപ്പോൾ അതിനുള്ള മറുപടി ലഭിച്ചിരിക്കുന്നു. തന്നെ പറ്റിപ്പിടിച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ തേങ്ങി കരയുന്ന സൂരജിനെ അവൾ ചേർത്തു പിടിച്ചു. പതിയെ ആ മുടിയിഴകളിൽ തലോടി. അല്പസമയത്തിന് ശേഷം പീലിയിൽ നിന്നകന്നു മാറുമ്പോൾ ഇരുവരിലും ഒരു ജാള്യത നിറഞ്ഞിരുന്നു. അവന്റെ മുഖത്ത് നോക്കാൻ പീലിക്ക് മടി തോന്നി.സൂരജ് മുഖം കുനിച്ചിരുന്നു. “തല വേദന കുറഞ്ഞോ”?. “ഇല്ല വേദനിക്കുന്നുണ്ട്”. അവൾ മുറിയിൽ പോയി ബാം എടുത്ത് കൊണ്ട് വന്ന് അവന്റെ നെറ്റിയിൽ പുരട്ടി. അവൻ നിറകണ്ണുകളോടെ ആത്മസംതൃപ്തിയോടെ അവളെ നോക്കി.

“പീലി എനിക്ക് തന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. മുഴുവൻ കേൾക്കാനുള്ള ക്ഷമ വേണം”. “സൂരജേട്ടൻ പറഞ്ഞോ”. അന്നയെ ആദ്യമായി കണ്ടത് മുതൽ ഇന്നിത് വരെ നടന്ന കാര്യങ്ങളെല്ലാം അവൻ പീലിയുടെ മുന്നിൽ തുറന്ന് കാട്ടി. പീലിയിലെ നടുക്കം മാറിയില്ല. “താൻ അന്ന് കണ്ടത് ഇത് പോലെ ഒന്നായിരുന്നു. അവൾ എന്നെ ഇങ്ങോട്ട് വന്ന് കെട്ടിപിടിച്ചതാണ്. അന്നവളുടെ മുഖത്തിനിട്ട് ഒന്ന് കൊടുത്തതാ. കുറച്ചു ദിവസം കാണാഞ്ഞപ്പോ ഞാൻ കരുതി ശല്യം തീർന്നെന്ന്. ഇങ്ങനൊരു ചതി ഞാൻ മുന്നിൽ കണ്ടില്ല”. “മ്മ്മ്”. “പീലി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. തന്നെ ചതിക്കാൻ എനിക്കാവില്ല”. അവളുടെ കൈ കൂട്ടിപിടിച്ചാണ് അവനത് പറഞ്ഞത്. അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി. “അതിനു ഞാൻ ഒന്നും പറഞ്ഞില്ലലോ. പെട്ടെന്ന് അങ്ങനെ കണ്ടപ്പോ എനിക്ക് വല്ലാതെയായി എന്നുള്ളത് സത്യമാണ്. പക്ഷേ പിന്നീട് ഓരോന്ന് ആലോചിച്ചപ്പോൾ സൂരജേട്ടൻ തെറ്റ് ചെയ്യില്ലെന്ന് എനിക്ക് മനസിലായി. അമ്മയും പറഞ്ഞു ഏട്ടനെ പറ്റി. അപ്പോ എനിക്കുറപ്പായി. പേടിക്കേണ്ട അമ്മയോട് ഞാൻ ഇതിനെ പറ്റിയൊന്നും പറഞ്ഞില്ല.

അല്ലാതെ സംസാരിച്ചപ്പോൾ അമ്മ പറഞ്ഞതാണ്”. “അമ്മ പറഞ്ഞത് കൊണ്ട് മാത്രമാണോ. അല്ലാതെ ഞാൻ അങ്ങനെ ചെയ്യില്ലെന്ന് തോന്നിയല്ലേ”?. “അതല്ലേ ഞാൻ ആദ്യമേ പറഞ്ഞത്. എനിക്ക് സൂരജേട്ടനെ വിശ്വാസമാണെന്ന്. ഒന്നുമില്ലെങ്കിലും ഞാൻ ഈ മുറിയിൽ ഇത്രയും ദിവസം കൂടെ ഉണ്ടായിട്ടും തെറ്റായൊരു നോട്ടം പോലും ഏട്ടന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അപ്പൊ പിന്നെ എനിക്ക് ചിന്തിക്കാമല്ലോ”. “പീലി ഞാൻ തന്റെ മടിയിലൊന്ന് കിടന്നോട്ടെ”?. പീലി ഒന്ന് പതറി പോയി അവന്റെ ചോദ്യത്തിൽ. പതർച്ച മറച്ചു വെച്ച് പാതി മനസോടെ സമ്മതം മൂളി. എന്തോ പറ്റില്ലെന്ന് പറയാൻ അവൾക്ക് തോന്നിയില്ല. സൂരജ് അവളുടെ മടിയിൽ തല ചേർത്തു കിടന്നു. അവളുടെ കൈ അവൻ അവന്റെ തലയിലേക്ക് എടുത്ത് വെച്ചു. പീലിയുടെ ശരീരം ചെറുതായി വിറയ്ക്കാൻ തുടങ്ങി. അതവനെ അറിയിക്കാതെ മെല്ലെ ആ മുടിയിഴകളിലൂടെ വിരലോടിച്ചു. പെട്ടെന്നാണ് അവൻ തിരിഞ്ഞു കിടന്ന് അവളെ ചുറ്റി പിടിച്ചത്. അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നി. അടിവയറ്റിൽ നിന്നെന്തോ നെഞ്ചിലേക്ക് തുളച്ചു കയറും പോലെ. തുടരും