19/04/2026

മയിൽപ്പീലി : ഭാഗം 28

രചന – നെച്ചു നസ്രിൻ

പീലിയും സൂരജും വരുന്നത് കാത്ത് അക്ഷമരായിരിക്കുകയായിരുന്നു ഭദ്രയും പ്രഭാകരനും. ഫോണിൽ കൂടി വിവരങ്ങൾ അറിഞ്ഞെങ്കിലും സൂരജ് ഒന്നും തെളിച്ചു പറഞ്ഞിട്ടില്ലായിരുന്നു. കാറിൽ നിന്നിറങ്ങിയ പീലിയുടെ കോലം കണ്ടു സുഭദ്രയുടെ നെഞ്ചിൽ നിന്നൊരു ആന്തൽ പുറപ്പെട്ടു. അവരോടി വന്ന് പീലിയെ ചേർത്തു പിടിച്ചു. ഒരു പൊട്ടിക്കരച്ചിലോടെ പീലി അമ്മയിലേക്ക് ചാഞ്ഞു. “എന്റീശ്വരന്മാരെ ആ കുട്ടിയെ കാത്തോളണേ. നല്ലവർക്ക് എന്താ ഭഗവാനെ നീ ഇങ്ങനെ പരീക്ഷണങ്ങൾ മാത്രം കൊടുക്കുന്നത്”?. പീലിയിൽ നിന്നറിഞ്ഞ വിവരങ്ങൾ വിശ്വസിക്കാൻ ആയില്ല അവർക്ക്. ഒരു വിധം അവളെ സമാധാനപ്പെടുത്തി അവർ റൂമിലേക്ക് വിട്ടു. അവൾ നന്നേ ഷീണിച്ചിരുന്നു. ശരീരത്തിലേക്ക് തണുത്ത വെള്ളം വീണപ്പോൾ അവൾക്കൊരാശ്വാസം തോന്നി.കുളിച്ചിറങ്ങി അവൾ വെറുതെ ബെഡിൽ ഇരുന്നു. സൂരജ് മുറിയിലേക്ക് വരുന്നത് കണ്ടതും അവളെണീറ്റ് സോഫയിൽ കിടന്നു.

കണ്ണടക്കുമ്പോൾ രേഷ്മ ചോരയിൽ കുളിച്ച് കിടക്കുന്നതാണ് ഓർമ വരുന്നത്. അവൾ ഞെട്ടി എഴുന്നേറ്റു. കണ്ണ് നിറഞ്ഞൊഴുകി. സൂരജ് നോക്കുമ്പോൾ പീലി സോഫയിൽ ഇരിക്കുന്നതാണ് കണ്ടത്. “താൻ എന്താ കിടക്കാത്തത്”?. ” ഒന്നുമില്ല”. “എന്തെങ്കിലും പ്രശ്നമുണ്ടോ”? അവളിൽ നിന്ന് മറുപടി ഒന്നും കിട്ടാത്തതിനാൽ സൂരജ് അവൾക്കരികിൽ വന്നിരുന്നു. “എന്താടോ.ഇത് വരെ ഉറങ്ങാത്തത് “?. “എനിക്ക് ഉറങ്ങാനാകുന്നില്ല. കണ്ണടയ്ക്കുമ്പോൾ രേഷ്മയുടെ മുഖമാണ്”. കണ്ണ് നിറച്ച് സങ്കടത്തോടെ പറയുന്നവളെ സൂരജ് സ്നേഹത്തോടെ നോക്കി. ” പീലി , രേഷ്മക്ക് സംഭവിച്ചതൊക്കെ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്. അവൾക്ക് പോസിറ്റിവിറ്റി കൊടുക്കേണ്ടത് നിങ്ങളൊക്കെയാണ്. ആ നിങ്ങൾ തന്നെ ഇങ്ങനെ ഡൌൺ ആയാലോ. അവൾക്ക് കുറച്ചധികം മുറിവുകൾ മാത്രമല്ലെ സംഭവിച്ചോളു. ഭയപ്പെട്ടത് പോലെ ഒന്നും നടന്നില്ലല്ലോ. അവളുടെ മനസിനേറ്റ മുറിവാണ് അവളെ തളർത്തി കളയുന്നത്.

അതല്ലാതെ അവൾക്ക് ഒരു കുഴപ്പവുമില്ലെടോ. നാളെ രാവിലെ തന്നെ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം. അപ്പോൾ രേഷ്മക്ക് ബോധം തെളിഞ്ഞെന്നും ഇപ്പോ ഒരു കുഴപ്പവുമില്ലെന്നുമായിരിക്കും നമ്മൾ കേൾക്കാൻ പോകുന്നത്”. “ആണോ”?. “അതേന്നെ. ഇപ്പോ ടെൻഷനടിച്ചു ഉറക്കം കളഞ്ഞാൽ നാളെ ഹോസ്പിറ്റലിലേക്ക് പോകാൻ പറ്റില്ല. അതോണ്ട് സമാധാനമായി ഉറങ്ങാൻ നോക്ക്.താൻ ഉറങ്ങും വരെ ഞാൻ ഇവിടിരിക്കാം. കണ്ണടച്ചു കിടന്നോ”. അവൾ കിടന്നു. പതിയെ ആ കണ്ണുകൾ അടഞ്ഞു. അവളുറങ്ങിയെന്ന് ഉറപ്പായതും പുതപ്പെടുത്തു അവളെ പുതച്ചു ആ മൃദുവായ കവിളിലൊന്ന് തലോടി സൂരജും കിടക്കാനായി ബെഡിലേക്ക് പോയി. രാവിലെ പതിവിലും നേരത്തെ പീലിയുണർന്നു. അവൾക്ക് എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിയാൽ മതിയായിരുന്നു. കാറിലിരിക്കുമ്പോൾ അവൾ ചുരിദാറിന്റെ ഷാൾ തെരുപിടിച്ചു കൊണ്ടിരുന്നു. കാറിൽ നിന്നിറങ്ങി ഐ സി യു വിനു മുന്നിലേക്ക് നടക്കുമ്പോൾ രേഷ്മയെ കുറിച്ചുള്ള നല്ല വാർത്ത മാത്രമേ കേൾക്കാവൂ എന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

സൂരജ് അവളെ നോക്കി മെല്ലെ കണ്ണടച്ചു കാണിച്ചു. ആനന്ദ് അതേയിരിപ്പിലായിരുന്നു. രാഹുൽ പീലിയെയും സൂരജിനെയും നോക്കി വേദനയിലൊന്ന് ചിരിച്ചു. അവൾ ആനന്ദിനെ കയ്യിൽ കൈ കോർത്ത് പിടിച്ചു. അതെ സമയത്താണ് ഡോക്ടർ ഐ സി യു വിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നത്. പീലിയുടെയും രാഹുലിന്റെയും ആനന്ദിന്റെയും മുഖത്ത് പ്രതീക്ഷയുടെ തിരി നാളം തെളിഞ്ഞു. ” ഡോക്ടർ രേഷ്മയ്ക്ക് ഇപ്പോളെങ്ങനുണ്ട്”?. “സീ mr????” “രാഹുൽ” “ഓക്കേ രാഹുൽ , ഇന്നലെ ഇവിടെ കൊണ്ട് വരുമ്പോൾ ആ കുട്ടിയുടെ കണ്ടീഷൻ വളരെ ക്രിട്ടിക്കൽ ആയിരുന്നു.ബ്ലഡ്‌ ലോസ് കൂടുതലായിരുന്നു. ആൻഡ് ഹെർ ബിപി വാസ് ഷൂട്ടിംഗ്. ഞങ്ങൾക്ക് ഒരു ഹോപ്പ് പറയാൻ ആകാത്ത വിധമായിരുന്നു അവസ്ഥ. ഇന്നലെ രാത്രി വരെയും മെഡിസിനോട് ആ കുട്ടി റിയാക്ട് ചെയ്യുന്നുണ്ടായില്ല. ആൻഡ് ഫോർ ഗോഡ്സ് ഗ്രേസ് ഒരു ചെറിയ മാറ്റം , വളരെ ചെറിയ മാറ്റം ഇപ്പോ സംഭവിച്ചിട്ടുണ്ട്”.

എല്ലാവരിലും ആ വാർത്ത ആശ്വാസം നിറച്ചു. ” ബട്ട്‌ ആ കുട്ടി മെന്റലി ഒരുപാട് ടോർചർഡ് ആയിട്ടുണ്ട്. എന്ത് വലിയ രോഗമാണെങ്കിലും നമ്മുടെ മനസിന്റെ ബലമാണല്ലോ വലുത്. അതൊന്നു കൊണ്ട് മാത്രമാണ് ഇത് വരെ ഒരു ബാഡ് ന്യൂസ്‌ നമുക് കേൾക്കേണ്ടി വരാതിരുന്നത്.എന്തായാലും നമുക്ക് നോക്കാം. അൺ എക്സ്പെക്റ്റഡ് ആയ ഷോക്ക് കാരണം ഇത് വരെ ബോധം വന്നിട്ടില്ല. എന്തായാലും ഞങ്ങൾ മാക്സിമം നോക്കുന്നുണ്ട്. പ്രാർത്ഥിക്കൂ”. പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും നേർത്ത കണിക മാത്രമേ അവിടെ കൂടി നിന്നവരിൽ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു ഹോസ്പിറ്റലിലെ ശീതീകരിച്ച മുറിയിൽ പവൻ കിടന്നിരുന്നു. എത്ര അടി ഏറ്റാലും വാലിൽ നിന്ന് വീണ്ടും ജീവൻ കിട്ടുന്ന പാമ്പിനെ പോലെ അവൻ കിടന്നിരുന്നു. കയ്യും കാലും ഒടിഞ്ഞിട്ടുണ്ട്. നട്ടെലിൽ പൊട്ടലുണ്ട്. ദേഹത്തു മുഴുവൻ ചതവുകളും. മുഷ്ടി ചുരുട്ടി ആനന്ദ് മുഖത്തിനിട്ട് ഇടിച്ച ഇടി പവന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടമാക്കി.എക്സ്റെ പരിശോധിച്ച ഡോക്ടർ നട്ടെലിന്റെ പരിക്ക് സാരമാണെന്ന് ചൂണ്ടി കാണിച്ചു.വാരിയെല്ലിനും ക്ഷതം ഏറ്റിട്ടുണ്ട്.

മൊത്തത്തിൽ അവനിപ്പോ ഒരു പഴം തുണി കെട്ടു പോലെയായി. എങ്കിലും അവന്റെ പക ഒടുങ്ങിയിരുന്നില്ല. ഹോസ്പിറ്റലിൽ കിടന്നിട്ടും കാര്യമില്ലെന്നറിഞ്ഞ പവനെ വയനാട്ടിലെ പ്രമുഖ സിദ്ധ വൈദ്യന്റെ കീഴിൽ ചികിത്സക്കായി കൊണ്ട് പോയിരുന്നു. രേഷ്മയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായെങ്കിലും ബോധം തെളിഞ്ഞില്ല എന്നത് എല്ലാവരെയും ആശങ്കയിലാക്കി. രാഹുലിന്റെ നിർബന്ധത്തിന് വഴങ്ങി ആനന്ദ് വീട്ടിൽ ചെന്ന് വസ്ത്രമൊക്കെ മാറി ഒന്ന് ഫ്രഷ് ആയി വന്നു. ഹോസ്പിറ്റലിൽ അവന്റെ കാത്തിരിപ്പ് തുടങ്ങിയിട്ട് ഇന്നേക്ക് നാല് ദിവസം.ഓരോ തവണയും ഡോക്ടർ പുറത്തേക്കിറങ്ങുമ്പോൾ തങ്ങൾ ആഗ്രഹിച്ച കാര്യം കേൾക്കാനായി വെമ്പൽ കൊണ്ട് രാഹുലും ആനന്ദും അടുത്തേക്ക് ചെല്ലും. പീലി അന്ന് ഉച്ചക്കുള്ള ആഹാരവുമായി ഹോസ്പിറ്റലിലേക്ക് പോകാനായി നിന്നപ്പോളാണ് രാഹുലിന്റെ കാൾ അവളുടെ ഫോണിലേക്ക് വന്നത്. കേട്ട വാർത്തയിൽ അവൾ സന്തോഷവതിയായി സൂരജിനരികിലേക്ക് ചെന്നു.ആ സംഭവത്തിന്‌ ശേഷം പീലിയും സൂരജും കോളേജിലേക്ക് പോയില്ല. “സൂരജേട്ടാ നമുക്ക് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് പോകണം”. ” എന്താ ,എന്താ കാര്യം “?. “രേഷ്മ കണ്ണ് തുറന്നു.ഒന്ന് വേഗം എന്നെ അങ്ങോട്ട് കൊണ്ട് പോ”. കാറിൽ നിന്നിറങ്ങി പീലി ഓടുകയായിരുന്നു.

രാഹുലും ആനന്തും അവളെ സന്തോഷത്തോടെ നോക്കി. ബോധം തെളിഞ്ഞെങ്കിലും ആരെയും കാണാൻ അനുവദിച്ചിട്ടില്ല. “ആരെങ്കിലും ഒരാൾക്കു കേറി കാണാം. ഒരാൾക്ക് മാത്രം. വൈകിട്ട് റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യും. അപ്പോളെല്ലാവർക്കും കാണാം”. ആനന്ദ് പീലിയോട് അകത്തു കേറാൻ പറഞ്ഞത് പ്രകാരം അവൾ അകത്തേക്ക് കയറാൻ ചെന്നു. ഒന്ന് നിന്നിട്ട് അവൾ തിരിഞ്ഞ് ആനന്ദിനെ നോക്കി. ” ആനന്ദ് നീ കയറി കാണൂ. നീയല്ലേ ഇത്രയും ദിവസം ഊണും ഉറക്കും കളഞ്ഞു അവൾക്ക് വേണ്ടിയിരുന്നത്. ചെല്ലൂ”. “വേണ്ട പീലി എനിക്കവളെ കാണാൻ ആകില്ല. അവളുടെ ചോദ്യങ്ങൾക്ക് എന്റെ പക്കൽ മറുപടിയില്ല. മാപ്പ് എന്ന വാക്കൊഴികെ. ഇപ്പോ വേണ്ട നീ പോയിട്ടു വാ” പീലി ചെല്ലുമ്പോൾ ദേഹത്തു മുഴുവൻ മുറിവുകളും വെച്ച് കെട്ടി കണ്ണ് തുറന്ന് കിടക്കുകയായിരുന്നു രേഷ്മ. പീലി പുറത്തേക്ക് വന്ന കരച്ചിലിനെ ഷാൾ കൊണ്ട് വായ പൊത്തി അടക്കി. കണ്ണുകൾക്ക് ചുറ്റും കറുപ്പ് വ്യാപിച്ചിരുന്നു. ചുണ്ടുകൾ വിളറി വെളുത്തു. മറ്റാരെയോ പോലെ തോന്നിച്ചു രേഷ്മയെ. പീലി വിറയ്ക്കുന്ന കൈകൾ അവളുടെ കൈക്ക് മേലെ വെച്ചു. രേഷ്മ അവളെ നോക്കി ചിരിച്ചു.

“രേഷു”. പീലി കരഞ്ഞു പോയിരുന്നു. “എന്താടീ ഞാൻ ചാകാൻ കിടക്കുവാണോ ഇങ്ങനെ മോങ്ങാൻ”. “ഞാൻ..ഞാൻ.. എനിക്ക് അറിയില്ല രേഷു. ഇന്നിങ്ങനെ നിൽക്കുന്നത് എങ്ങനാണെന്ന് പോലും. നീ ഇല്ലാണ്ട് ഞാൻ ആരുമില്ലാതെ ആയിപോയെടി”. “പീലി. എനിക്ക് നിങ്ങളെ വിട്ടിട്ട് പോകാനൊക്കുമോ.. എനിക്കൊന്നും ഓർമയില്ല പീലി എന്താ നടന്നതെന്ന്. നിന്നെ അവരൊന്നും ചെയ്തില്ലല്ലോ”. വാക്കുകൾ മുറിഞ്ഞു പൊയ്‌കൊണ്ടിരുന്നു. “വേണ്ട ഒന്നും പറയണ്ട. ഇനി പുറത്ത് എനിക്ക് സമാധാനമായി ഇരിക്കാല്ലോ. ഇത്രയും മതിയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസം അനുഭവിച്ചത് ഈ ഒരൊറ്റ നിമിഷത്തെ സന്തോഷത്തിനു വേണ്ടിയായിരുന്നു”. മൂന്നു ദിവസം എന്നത് രേഷ്മയിൽ അത്ഭുതം നിറച്ചു. അവളുടെ കണ്ണുകൾ മയക്കത്തിൽ തന്നെ അടഞ്ഞു. അവളുടെ നെറ്റിയിലൊരുമ്മ കൊടുത്ത് പീലി പുറത്തേക്കിറങ്ങി. ആനന്ദിലും രാഹുലിലും ഒരു ദീർഘ നിശ്വാസം പുറത്തേക്ക് വന്നു. വൈകിട്ടോടെ രേഷ്മയെ മുറിയിലേക്ക് മാറ്റി.

ഒരുപാട് സ്ട്രൈൻ ചെയ്യിക്കരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു തളർച്ചയേറിയ കണ്ണുകളുമായി ബെഡിൽ കിടക്കുന്നത് പഴയ രേഷ്മയുമായി ഒരു ബന്ധവുമില്ലാത്ത ആരോ ഒരാൾ ആണെന്ന് തോന്നി. ആനന്ദ് രേഷ്മയറിയാതെ അവളുറങ്ങിയ നേരത്ത് അവൾക്കരികിൽ ചെന്നു. പയ്യെ അവളുടെ കവിളിലൊന്നു തൊട്ടു. അവൻ കരയുമെന്നായപ്പോൾ പുറത്തേക്ക് ഇറങ്ങി. എല്ലാവരിലും അവന്റെ പ്രവർത്തി വേദന നിറച്ചു. രാഹുലും പീലിയും രേഷ്മയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു. വീണ്ടും രണ്ട് ദിവസം കൂടി കഴിഞ്ഞാണ് രേഷ്മയിൽ ആ പഴയ പ്രസരിപ്പ് തിരികെ വന്നത്. ഇടയ്ക്കവൾ എന്തോ ചിന്തയിലിരിക്കുന്നത് രാഹുലും പീലിയും ശ്രദ്ധിച്ചിരുന്നു. ആ സമയം അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകും. അവൾ ആരും കാണാതെ ഉള്ളിൽ അടക്കി വെച്ചിരിക്കുന്ന സങ്കടമാണതെന്ന് അവർക്ക് അറിയാം. ചുറ്റുമുള്ളവർക്ക് വേണ്ടി കുഴപ്പമേതുമില്ലെന്ന് കാണിക്കുന്നുവെങ്കിലും അവളുടെ ഉള്ളിൽ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അവർക്കും അറിവുള്ള കാര്യമാണ്.

മുറിവുകൾ ഒരു വിധം കരിഞ്ഞു തുടങ്ങി. കാലിലെ ചെറുവിരൽ ഫ്രാക്ചർ ഉണ്ടായിരുന്നു. നടക്കാൻ ചെറിയ ബുദ്ധിമുട്ടുകൾ ഇപ്പോളുമുണ്ട്. തലയിൽ വേദന ചില സമയങ്ങളിൽ സഹിക്കാൻ ആകുന്നതിലും അപ്പുറമാണ്. അത്ര ശക്തമായി അന്ന് പവൻ മുടി വലിച്ചുലച്ചതിന്റെ പ്രത്യാഘാതങ്ങൾ. തലപൊത്തി കുറച്ച് നേരം രേഷ്മയിരിക്കുന്നത് രാഹുൽ പലപ്പോഴും കണ്ടിരുന്നു. അവൾക്ക് തിരിച്ച് വന്നേ പറ്റൂ എന്ന് അവൾ തീരുമാനിച്ചിരുന്നു. സാധികയുടെ മുഖം മനസിലേക്ക് വരും തോറും അവൾക്ക് വെറുപ്പ് കുമിഞ്ഞു കൂടി. എല്ലാം കഴിഞ്ഞ് എനിക്കവളെ ഒന്ന് കാണണം. അവസാനമായി. പലതും രേഷ്മ മനസ്സിൽ കണക്ക് കൂട്ടി. അപ്പോളാണ് പവന്റെ കയ്യിൽ നിന്നും താൻ എങ്ങനെ രക്ഷപെട്ടു എന്നുള്ള കാര്യം അവളോർത്തെടുക്കാൻ ശ്രമിച്ചത്. തലയിൽ ശക്തമായ വേദന. ആ വേദനകളെ മറികടന്നു അവൾ പലതും ഓർത്തെടുക്കാൻ ശ്രമിച്ചു. പവൻ വന്യമായ ഭാവത്തോടെ തന്നിലേക്ക് അമരാൻ വന്നത് അവൾക്കോർമ്മയുണ്ട്.

പക്ഷേ അതിന് മുൻപ് ആരോ വന്നിരുന്നു. മുഖം ഓർമ കിട്ടുന്നില്ല. ആരായിരിക്കും. രാഹുൽ മുറിയിലേക്ക് വരുമ്പോൾ രേഷ്മ ചിന്തിച്ചിരിക്കുന്നതാണ് കണ്ടത്. എല്ലാ ദിവസവും മുടങ്ങാതെ ആനന്ദ് രേഷ്മയെ മറഞ്ഞു നിന്ന് കണ്ടിട്ട് പോകും. ഇന്ന് രാഹുൽ അവനെ പോകാൻ അനുവദിച്ചില്ല. രേഷ്മയെ കണ്ടിട്ട് പോയാൽ മതിയെന്ന് നിർബന്ധം പിടിച്ചു. ആനന്ദിനും അവളെ അടുത്ത് കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവളുടെ പ്രതികരണം അവനെ അതിൽ നിന്നൊക്കെ പിന്തിരിപ്പിച്ചു. “മോളെ നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്.” ” ആരാ ഏട്ടാ”?. ” ആനന്ദ്” ആനന്ദിനെ അവിടെ കണ്ടതും രേഷ്മയുടെ മുഖം കോപത്താൽ വിറച്ചു. അവളുടെ ചുണ്ടുകൾ വിതുമ്പൽ അടക്കാൻ കഴിയാതെയായി. “ഓഹ് ചത്തോന്ന് അറിയാൻ കാമുകി പറഞ്ഞു വിട്ടതായിരിക്കും അല്ലെ. അവൾക്ക് വിവരങ്ങൾ അറിയാതെ സമാധാനം കാണില്ലല്ലോ”. ” രേഷ്മ നീ എന്തൊക്കെയാ ഈ പറയുന്നത്?. ആനന്ദ്…”. “അതെ ഏട്ടാ ആനന്ദ് തന്നെ പക്ഷേ ഇവൻ നമ്മുടെ പഴയ ആനന്ദ് അല്ല. കൊന്ന് തിന്നാനും മടിയില്ലാത്തവരുടെ കൂട്ടത്തിൽ കൂടി ഇപ്പോ ഇവനും ഇങ്ങനെ ആയി. എനിക്കറിയാം ആ സാധിക പവനോടൊത്ത് ചെയ്ത് കൂട്ടിയതിനൊന്നും പ്രതീക്ഷിച്ച ഫലം കിട്ടിയില്ലല്ലോ.

ഞാൻ ചാകണം എന്നല്ലേ ഇവനുൾപ്പെടെ എല്ലാവരുടെയും ആഗ്രഹം. അത് നടക്കാത്തതിന്റെ സങ്കടം ഉണ്ടാകും. അവസാന നിമിഷം ഞാൻ രക്ഷപെട്ടു പോകുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല”. ആനന്ദ് രേഷ്മയുടെ വാക്കുകളിൽ ഓരോ നിമിഷവും മുറിവേറ്റ് കൊണ്ടിരുന്നു. അവന് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. “രേഷു നീ പലതും അറിയാതെയാണ് സംസാരിക്കുന്നത്”. “എനിക്കെല്ലാം അറിയാം ഏട്ടാ. അവൻ എന്റെ മുഖത്ത് നോക്കി പറഞ്ഞതാണ് അവൾക്കൊപ്പം ചേർന്നാണ് എന്നെ കുരുക്കിയതെന്ന്. അവൾ അറിയുന്നതൊക്കെ ഇവനും അറിയുമല്ലോ. എന്റെ കൺമുൻപിൽ നിന്ന് പോകാൻ പറയു ഇവനോട്. എനിക്കവനെ കാണുന്നതേ ഇഷ്ടമല്ല”. അവൾക്ക് പെട്ടെന്ന് തലയിൽ എന്തോ വന്നിടിക്കും പോലെ വേദന വന്നു. തലയിൽ കൈ പൊത്തി രേഷ്മ അലറി. അവളുടെ വേദനയേറിയ മുഖം കണ്ട് ചേർത്ത് പിടിക്കാൻ തോന്നിയെങ്കിലും ആ അവസ്ഥക്ക് കാരണം താൻ ആണെന്ന ചിന്തയിൽ ആനന്ദ് റൂം വിട്ടിറങ്ങി.

അവൻ ഹോസ്പിറ്റലിന്റെ വരാന്തയിൽ നിൽക്കുകയായിരുന്നു. പീലി അടുത്തേക്ക് വന്നതും അവൻ പൊട്ടിക്കരഞ്ഞു പോയി. “പീലി .രേഷു ,അവൾക്കെന്നെ കാണണ്ടെന്ന് പറഞ്ഞു. ഞാനാണ് അവളെ കൊല്ലാൻ നോക്കിയതെന്ന് പറഞ്ഞു. എന്നെ കേൾക്കാൻ കൂടി നിന്നില്ലെടി. എനിക്ക് “. പീലി ഒന്നും മനസിലാകാതെ തരിച്ചു നിന്നു. പെട്ടെന്നാണ് ആനന്ദിന്റെ ഭാവം മാറിയത്. അവന്റെ മനസിൽ രേഷ്മ പറഞ്ഞ വാക്കുകൾ അലയടിച്ചു. വേദന കൊണ്ട് പുളയുന്ന അവളുടെ മുഖം അവനിൽ വന്യത നിറച്ചു. കാറ്റു പോലെ അവൻ പുറത്തേക്ക് പോയി. രേഷ്മയിൽ നിന്നറിഞ്ഞ സത്യങ്ങൾ പീലിയെ തകർത്തു കളഞ്ഞു. സാധികയാണോ എല്ലാത്തിനും കൂട്ട് നിന്നത്. അവൾക്കെങ്ങനെ സാധിച്ചു അത്. അതെ സമയം പീലിയിൽ നിന്നും രേഷ്മ അറിയുകയായിരുന്നു ആനന്ദ് ആരായിരുന്നുവെന്ന്. വെള്ളം പോലും കുടിക്കാതെ മുഷിഞ്ഞ വസ്ത്രവുമായി ഐ സി യുവിന് മുൻപിലിരുന്ന ആനന്ദിനെ. സംഹാര രുദ്രനെ പോലെ പവനെ കടിച്ച് കുടഞ്ഞ അവനിലെ മൃഗത്തെ. ഒടുവിൽ ഒരു ഭ്രാന്തനെ പോലെ എന്തൊക്കെയോ പുലമ്പി രേഷ്മയെ കയ്യിൽ കോരി എടുത്തു കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്ന അവനിലെ പ്രണയിതാവിനെ.

അവന്റെ ഓരോ അവസ്ഥയും പീലി ഒരു കരച്ചിലോടെയാണ് പറഞ്ഞു നിർത്തിയത്. രാഹുൽ രേഷ്മയുടെ കയ്യിൽ ചേർത്തു പിടിച്ചു. “അവനൊന്നും അറിഞ്ഞിരുന്നില്ല രേഷ്മ. അത് മറ്റാരേക്കാളും നന്നായി എനിക്കറിയാം. നീ , ഐ സി യുവിലായിരുന്ന ഓരോ സെക്കന്റും അവന് ജീവനുണ്ടെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിന്നെ തള്ളി പറഞ്ഞതിന്റെ പേരിൽ അവനൊരുപാട് അനുഭവിച്ചു. ഇപ്പൊ അതിൽ കൂടുതൽ സങ്കടത്തോടെയാണ് അവനിവിടുന്ന് പോയിരിക്കുന്നത്. നീ ഇനിയും അവനെ മനസ്സിലാക്കാതിരിക്കരുത്”. രേഷ്മ മുഖം പൊത്തി കരഞ്ഞു പോയി.അവനെ ഒരു നോക്ക് കാണാൻ അവളുടെ ഉള്ളം വെമ്പൽ കൊണ്ടു . ആ കാലിൽ വീണ് മാപ്പ് പറഞ്ഞാൽ പോലും താൻ ചെയ്ത തെറ്റിന് പരിഹാരമാകില്ലെന്നവൾ തിരിച്ചറിഞ്ഞു. മുറിയിൽ ഫോണിൽ വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോളാണ് തനിക്ക് മുന്നിൽ ആരോ വന്ന് നില്കുന്നത് സാധിക അറിഞ്ഞത്. തലയുയർത്തി നോക്കുമ്പോൾ ആനന്തായിരുന്നു.

അവന്റെ കണ്ണിലെ പേടിപ്പെടുത്തുന്ന ഭാവം അവളെ കിടിലം കൊള്ളിച്ചു. അവനെന്തെങ്കിലും അറിഞ്ഞു കാണുമോ എന്നവൾ ഭയപ്പെട്ടു. പേടിയെ മറച്ചു വെച്ചു ചിരിയോടെ അവനരികിലേക്ക് ചെന്ന അവൾ പെട്ടെന്നാണ് തെറിച്ച് നിലത്തേക്ക് വീണത്. തല ചുവരിൽ ചെന്നിടിച്ചു. നെറ്റിയിൽ നിന്നും ചുണ്ടിൽ നിന്നും ചോരയൊലിച്ചു. അവൾ വിറച്ചു കൊണ്ടവനെ നോക്കി. ചെയ്തതിൽ മതിവരാതെ നിൽക്കുകയാണ് ആനന്ദ്. അവനവളെ വലിച്ചെണീപ്പിച്ചു. “നീയൊരു പെണ്ണാണോടി?. നിനക്കെങ്ങനെ തോന്നി രേഷ്മയോട് അങ്ങനൊക്കെ ചെയ്യാൻ കൂട്ട് നിൽക്കാൻ. എനിക്കിപ്പോ നിന്നോട് അറപ്പ് തോന്നുവാ. നിന്നെ അടിക്കാനായി തൊട്ട ഈ കൈ പോലും എന്നിൽ അറപ്പുളവാക്കുന്നു. നിനക്കൊന്നും ജീവനോടിരിക്കാൻ ഒരു യോഗ്യതയുമില്ല. ഞാൻ ഒന്നും ചെയ്യാത്തത് എന്റെ കൈ കൊണ്ട് മരിക്കാൻ പോലും നിനക്ക് യോഗ്യതയില്ല എന്നുള്ളത് കൊണ്ടാണ്. നിന്റെ നിഴൽ പോലും ഇനി രേഷ്മയുടെ ദേഹത്തു വീഴാൻ പാടില്ല. ഒരുപാട് തവണ നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ. ഇനിയും അങ്ങനെ വല്ലതും ഉണ്ടായാൽ നിന്നെ കൊന്ന് കളയും ഞാൻ”. തുടരും