രചന – നെച്ചു നസ്രിൻ
സൂരജിനെ കാണണമെന്ന് വീണ ആവശ്യപ്പെട്ടതിനെ തുടർന്ന് കോഫി ഷോപ്പിലേക്ക് വന്നതാണവൻ.കുറച്ച് നേരം കഴിഞ്ഞതും വീണ വന്നു അവന് മുൻപിലത്തെ കസേരയിലേക്ക് ഇരുന്നു . അവളവനെ നോക്കി ചിരിച്ചു.
“കല്യാണത്തിന് ഇനി രണ്ട് ദിവസം കൂടിയേ ഒള്ളു. നീ പിന്നെ ഇത്ര നിർബന്ധം പിടിച്ചു കാണണമെന്ന് പറഞ്ഞെതെന്തിനാ”?.
“അതെന്താ എനിക്ക് കണ്ടൂടെ. സൂരജേട്ടൻ ഇഷ്ടമില്ലാതെയാണോ ഇവിടെ വരെ വന്നത്”?.
“വീണേ , വീട്ടിലൊക്കെ ബന്ധുക്കൾ വന്ന് തുടങ്ങി. എല്ലാ കാര്യത്തിനും ഞാൻ വേണം അവിടെ. ഇപ്പോ തന്നെ അഭിയെ അവിടത്തെ കാര്യങ്ങൾ ഏൽപ്പിച്ച ഞാൻ ഇങ്ങോട്ട് വന്നത്”.
“ആഹ് ഇപ്പോ ഒരാൾ ഉണ്ടല്ലോ അവിടെ. പിന്നെന്താ ടെൻഷൻ”?.
ടേബിളിൽ ഇരുന്ന അവന്റെ കയ്യിലേക്ക് അവൾ കൈ ചേർത്ത് വെച്ചു. സൂരജ് പൊടുന്നനെ കൈ മാറ്റി. വീണ സൂരജിനെ ആകമാനം നോക്കി. അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന സ്വർണ്ണ ചെയിനിലാണ് അവളുടെ നോട്ടം ചെന്ന് നിന്നത്. അവൾ നോക്കുന്നത് കണ്ടതും അവനൊരു ജാള്യത തോന്നി.
“ആഹ് ഞാൻ ഇവിടെ എന്റെയൊരു ഫ്രണ്ടിനെ കാണാൻ വന്നതാ. അപ്പോ ഓർത്തു ഏട്ടനെ കൂടി കണ്ടിട്ട് പോകാമെന്നു അത്രേയുള്ളൂ”.
“ആഹ് ശെരി എങ്കിൽ നമുക്കിറങ്ങാം എനിക്ക് പോയിട്ട് ദൃതിയുണ്ട്”.
അവളുടെ മുഖത്ത് ആശിച്ച പലതും നടക്കാതെ പോയതിലുള്ള നിരാശയുണ്ടായിരുന്നു. സൂരജ് തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയിൽ ഓർത്തത് വീണയെ കുറിച്ചായിരുന്നു. കഴിഞ്ഞ ദിവസത്തെ തന്നോടുള്ള അവളുടെ സമീപനവും ഇന്നവൾ തന്നെ നോക്കിയ രീതിയുമൊക്കെ അവനിൽ അസ്വസ്ഥത സൃഷ്ട്ടിച്ചു. അവളുടെ ഭർത്താവ് ആകേണ്ടതാണ് താൻ എന്ന് അവൻ സ്വയം പഠിപ്പിച്ചു.
സൂരജ് തീർത്ഥ വരുമെന്ന് പറഞ്ഞതിനാൽ എപ്പോളത്തെയും പോലെ അവളെ വിളിക്കാനായി റെയിൽവേ സ്റ്റേഷനിൽ വന്നതാണ്. അവളുമായി തിരികെ വീട്ടിൽ ചെല്ലുമ്പോൾ കല്യാണക്ഷണം സ്വീകരിച്ചു വീട്ടിലേക്കെത്തിയ ബന്ധുക്കളെയാണ് കണ്ടത്.തീർത്ഥ റൂമിലേക്ക് കയറിയതും പിന്നിൽ നിന്നാരോ അവളുടെ കണ്ണ് പൊതി. അതാരാണെന്ന് അവൾ ഊഹിക്കുകയും ചെയ്തു. “സഞ്ജന ” രാമൻ അങ്കിളിന്റെ മകൾ. പ്രഭാകരന്റെ ഏറ്റവും അടുത്ത സുഹൃത്ത് രാമകൃഷ്ണന്റെ മകളാണ് സഞ്ജന. അവൾ എം ടെകിന് പഠിക്കുകയാണ്. തീർത്ഥ യുടെ അതെ പ്രായം .ഒരു കുടുംബം പോലെയാണവർ.
“കല്യാണ ചെക്കന്റെ ഒരേ ഒരു പെങ്ങൾ കല്യാണത്തിന് രണ്ട് ദിവസം ഉള്ളപ്പോളാണോ വരേണ്ടത്. മോശം മോശം”.
“ആഹ് ബെസ്റ്റ്. എനിക്ക് കോളേജിൽ ചെന്നു പറയാൻ ഒക്കില്ല ഒരേയൊരു ചേട്ടന്റെ കല്യാണമാണ് ലീവ് തരണമെന്ന്. ഇന്ന് തന്നെ വരാൻ പറ്റിയത് ഭാഗ്യമെന്ന് കരുതിയാൽ മതി. അല്ല നീ എപ്പോളാ വന്നത്”?.
“രാവിലെ വന്നു. ഒരു ഡോക്ടറുടെ അത്ര തിരക്കില്ലെങ്കിലും എനിക്കും ചെറിയ തിരക്കൊക്കെ ഉണ്ടെടെ.അതാ നിശ്ചയത്തിന് വരാൻ പറ്റാഞ്ഞേ. ആഹ്ട്ടെ എങ്ങനുണ്ട് നിന്റെ നാത്തൂൻ ,പൊളിയാണോ”?.
“ഈശ്വരാ ഓർമിപ്പിക്കല്ലേ. പൊളിയല്ലടീ തല്ലിപ്പൊളിയാ. ഒരു അഹങ്കാരി”.
“ഏഹ് ?എന്നിട്ട് ഭദ്ര ആന്റിക്ക് നൂറു നാവാണല്ലോ അവളെ പറ്റി പറയാൻ”.
“അതിന് അമ്മക്കെന്തറിയാം. അമ്മ പാവം അല്ലെ. ചക്ക എടുത്തിട്ട് മാങ്ങാ അല്ലേന്ന് ചോദിച്ചാൽ അതേന്ന് പറയും”.
“അവളെ കാണാൻ നിന്നേലും ലുക്ക് ആയോണ്ട് നിനക്ക് അസൂയ മൂത്ത് പറയുവൊന്നുമല്ലല്ലോ “?.
“അയ്യേ അവളോട് അസൂയ എന്ന് പറഞ്ഞു നീ എന്നെ ചീപ്പ് ആക്കല്ലേ”.
“പിന്നെന്താ ഇങ്ങനൊരു കല്യാണം?ഈ സൂരജേട്ടന് വേറെ ആരേലും പ്രേമിച്ചങ് കെട്ടിയാൽ പോരായിരുന്നോ”?.
” ആഹ് അമ്മ ഹാപ്പി , ഏട്ടൻ ഹാപ്പി , അച്ഛൻ ഹാപ്പി. ഞാനായിട്ട് ഇടംകോലിടുന്നില്ല.
നീ ഒന്ന് ഇരിക്ക് ഞാനൊന്ന് കുളിച്ചേച്ചും ഓടി വരാം. എന്നിട്ട് നമുക്കടിച്ചു പൊളിക്കാന്നെ. മറ്റന്നാൾ പെണ്ണിനെ കാണും വരെയേ ഈ പൊളിയോക്കെ ഉള്ളൂ”.
അതും പറഞ്ഞു തീർത്ഥ ബാത്‌റൂമിലേക്ക് കയറി. സഞ്ജന എന്തോ ആലോചനയിലിരുന്നു. താഴെ ഹാളിൽ അമ്മമാരൊക്കെ ചിരിച്ച് സംസാരിക്കുകയാണ്. സൂരജ് ഓരോ കാര്യങ്ങൾക്കായി ഓടി നടക്കുന്നുണ്ട് . കൂടെ അഭിയുമുണ്ട്.അപ്പോളാണ് സഞ്ജന അഭിയെ ശ്രദ്ധിക്കുന്നത്. അവൾ തീർത്ഥയെ തോണ്ടി വിളിച്ചു.
“അതാരാണ് യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ”!!.
” അത് നിനക്കറിയാൻ വഴിയില്ല. നീ ആദ്യായി കാണുവല്ലേ. ശ്രീ അപ്പച്ചിയുടെ മോനാ. അഭിലാഷ്. സൂരജേട്ടന്റെ ചങ്കും ചങ്കിടിപ്പും ഒക്കെയാണ്”.
“ആ ഭടൻ കൊള്ളാമല്ലോ. വല്ല സ്കോപ്പും ഉണ്ടോ”?.
“ആഹ് അങ്ങോട്ട് ചെന്നേച്ചാലും മതി. നിന്നെ എടുത്ത് ഭിത്തിയിൽ തേയ്‌ക്കും”.
“ഓഹ് വായിനോക്കാൻ ആരുടേയും സമ്മതം ആവശ്യമില്ലല്ലോ. ഞാൻ അന്തസായിട്ട് വായിനോക്കുമെടി”.
“നീ വായിലോ മൂക്കിലോ നോക്ക്. അവസാനം അടിയും മേടിച് വന്നേക്കരുത്”.
“ഓഹ് നീ ഇങ്ങനെ നിരുത്സാഹപ്പെടുത്താതെ”.
“ആയിക്കോട്ടെ ആയിക്കോട്ടെ”.
” അല്ല പുള്ളിക്കെന്താ ജോലി “?.
“പുള്ളി ഇവിടത്തെ ഹൈ സ്കൂൾ ടീച്ചർ ആണ്”.
“ആഹാ അത് കൊള്ളാല്ലോ. ഏതാ സബ്ജെക്ട്”?.
” മാത്‍സ്”.
“ആഹ് അപ്പോ ഞങ്ങൾ ചേരും. ഞാനൊരു എഞ്ചിനീയർ ആകുമല്ലോ.എഞ്ചിനീയറിംഗ് ഈസ് ഓൾ എബൌട്ട് മാത്‍സ് എന്നല്ലേ “.
“ആഹ് കണ്ടാ മതി “.
കോളേജിൽ രേഷ്മയ്‌ക്കൊപ്പം ഇരിക്കുകയായിരുന്നു പീലി. രേഷ്മ കയ്യിലെ ലെയ്സ് പാക്കറ്റിൽ നിന്നോരോന്ന് വായിലേക്കിടുന്നുണ്ട്. ഇടയ്ക്കേതോ പാട്ടും പാടുന്നുണ്ട്.
“രേഷു. ഞാൻ ഇനി മൂന്നാല് ദിവസത്തേക്ക് ക്ലാസ്സിൽ വരില്ല. വീണേടെ കല്യാണമല്ലേ. അപ്പോ ആ തിരക്കൊക്കെ കഴിഞ്ഞേ ഇനി വീട്ടീന്ന് ഇറങ്ങാൻ ഒക്കു. നീ നോട്സ് ഒക്കെ മര്യാദക്ക് എഴുതി എടുക്കണേ. എനിക്കത് നോക്കി വേണം എന്റെ നോട്സ് കംപ്ലീറ്റ് ചെയ്യാൻ”.
” ഏഹ് ഞാനോ. എന്നോട് ഇത്ര വലിയ ചതി വേണ്ടായിരുന്നു. വേറെന്തും ഞാൻ സഹിക്കും ബട്ട് നോട്സ് എഴുതാൻ i cant di i cant”.
“പോടീ ദുഷ്ടേ. ആഹ് പിന്നെ സൺഡേ ആണ് കല്യാണം. നീ രാവിലെ വീട്ടിൽ വരണേ. അവിടുന്ന് ഒന്നിച്ച് നമുക്ക് ഓഡിറ്റോറിയത്തിൽ പോകാം”.
“പിന്നെ നിന്റെ ആ പണ്ടാര തള്ളേടെ മുഖം കാണാൻ ഞാൻ ആ വീട്ടിലോട്ട് വരണമെന്നാണോ. എനിക്കാ തെണ്ടിടെ കല്യാണം കൂടണമെന്ന് പോലുമില്ല പിന്നെ നിന്നെ ഓർത്തിട്ടാ വരാമെന്ന് പറഞ്ഞത്. ഞാൻ അങ്ങ് ഓഡിറ്റോറിയത്തിൽ വന്നോളാം”.
പീലിയുടെ മുഖം വാടുന്നത് രേഷ്മ ശ്രദ്ധിച്ചു. അവളുടെ മൂഡ് മറ്റാനായി അവൾ പറഞ്ഞ് തുടങ്ങി.
“എന്റെ പീലിപ്പെണ്ണേ നിനക്ക് എന്നെ ഇങ്ങനെ എന്നും കാണണമെന്ന് ആണ് നിനക്ക് ആഗ്രഹമെങ്കിൽ നീ എന്നോട് വീട്ടിൽ വരാൻ പറയരുത്. ആ കുക്മിണിയെ ചിലപ്പോ ഞാൻ വല്ല പൊട്ടകിണറ്റിലും കെട്ടി താഴ്ത്തും. പിന്നെ നീ എന്നെക്കാണാൻ അങ്ങ് വിയ്യൂർ വരേണ്ടി വരും. റിസ്ക് എടുക്കണോ”?.
” പോടീ. നീ ഓഡിറ്റോറിയത്തിൽ വന്നാൽ മതി”.
“മ്മ്മ് അപ്പൊ എന്നോട് സ്നേഹമൊക്കെ ഉണ്ടല്ലേ കൊച്ചു ഗള്ളി. പിന്നെ എന്റെ മുൻപിലിട്ട് തള്ളച്ചി നിന്നെ വെല്ലോം പറഞ്ഞാ ഞാൻ നല്ലത് കൊടുക്കുമേ . എന്നെ തടയരുത്”.
“ഓഹ് ഇവളുടെയൊരു കാര്യം. നീയാരാ ഉണ്ണിയാർച്ചയോ”?.
“ഞാൻ ഉണ്ണിയാർച്ചയാണോ ജാൻസി റാണിയാണോ എന്ന് നിനക്കപ്പോ കാണാം”.
അപ്പോളാണ് സാധിക അവൾക്കരികിൽ വന്ന് നിന്നത്.ഫോണെടുത്തു ആരെയോ വിളിക്കും പോലെ ചെവിയിലേക്ക് ചേർത്ത് വെച്ചു. തങ്ങളെ കാണിക്കാനാണെന്ന് രേഷ്മക്കും പീലിക്കും മനസിലായി. അവർ പരസ്പരം നോക്കി.
“ആനന്ദേട്ടാ ഏട്ടനെവിടെയാ?.ഞാൻ എത്ര നേരമായി കാത്തിരിക്കുന്നെന്നോ. ഒന്ന് വേഗം വാ. ആഹ് ഞാൻ മിസ്സ് ചെയ്യുന്നുണ്ട്”.
പ്രേമപരവശയായി രേഷ്മയെ നോക്കിയാണവൾ അത്രയും പറഞ്ഞത്.
“ഹാച്ചീ എന്റമ്മച്ചീ എന്തൊരു തുമ്മൽ ആണ്. പീലി നമുക്കിവിടുന്ന് മാറി ഇരുന്നാലോ”?.
“അതെന്താ രേഷു”?.
“ഓഹ് ഇവിടൊരു വേട്ടാവളിയന്റെ ഭയങ്കര ശല്യം. ചുമ്മാ കിടന്നങ് മൂളൂവാ ചെവിയിൽ. കയ്യിൽ കിട്ടിയെങ്കിൽ ഈ ചെരുപ്പ് വെച്ചങ് അടിച്ചൊട്ടിക്കാരുന്നു”.
സാധിക വെച്ച നാവ് പിന്നെ ഉയർത്തിയില്ല. അവൾക് മുന്നിലൂടെ നടന്നു പോകുന്നതിനിടക്ക് രേഷ്മ പറയുന്നുണ്ടായിരുന്നു
“ആനയെ പോലും പേടിയില്ല അപ്പോളാ ആനപിണ്ടത്തെ”
സാധികയുടെ കൂടെ നിന്ന കൂട്ടുകാരികൾ പോലും അവളെ കളിയാക്കി ചിരിച്ചു. ആ അപമാനത്തിൽ അവളിലെ പകയുടെ നേരിപ്പോട് വീണ്ടും ആളികത്താൻ തുടങ്ങി. അതിനു രേഷ്മയെ മുച്ചൂടും തകർക്കാനുള്ള കഴിവുണ്ടെന്ന് ആരും അറിഞ്ഞില്ല.
തലേന്ന് വീട്ടിൽ തന്നെ ആയിരുന്നു ഫങ്ക്ഷൻ . വീണ ആവശ്യത്തിലധികം മേക്കപ്പ് ഇട്ട് ഒരു കസവിന്റെ ദാവണി അണിഞ്ഞാണ് നിന്നത്. പീലിക്ക് എപ്പോളത്തെയും പോലെ നിറം മങ്ങിയ ഒരു ചുരിദാർ ആയിരുന്നു. വീട്ടിലെ ജോലിക്കിടയിൽ ആ ചുരിദാർ തന്നെയാണ് നല്ലതെന്ന് അവൾക്കും തോന്നി. സൂരജിന്റെ അമ്മ വാങ്ങി തന്ന ദാവണി അവൾ കല്യാണത്തിനുടുക്കാൻ മാറ്റി വെച്ചു. ഓഡിറ്റോറിയത്തിൽ ആയതിനാൽ തനിക് ജോലി കുറവായിരിക്കുമെന്നവൾ ആശ്വസിച്ചു. കൂട്ടുകാർക്കൊപ്പം കളിച് ചിരിച്ചിരിക്കുന്ന വീണയുടെ പല പോസിലുള്ള ഫോട്ടോസ് ഫോട്ടോഗ്രാഫർസ് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
ആ ആൾക്കൂട്ടത്തിനിടയിൽ അജീഷ് തിരഞ്ഞത് പീലിയെ ആയിരുന്നു. അവൻ മെല്ലെ വീടിനു പുറക് വശത്തേക്ക് ചെന്നു നോക്കി. ഏതൊക്കെയോ പാത്രങ്ങളുമായി നടന്നു വരുന്ന പീലിയെ അവൻ കണ്ടു.അവളുടെ വേഷമാണ് അവൻ ആദ്യം ശ്രദ്ധിച്ചത്. ആ വേഷത്തിലും അവളുടെ സൗന്ദര്യം കത്തിജ്വലിക്കുന്നുണ്ടായിരുന്നു.
അജീഷിനെ കണ്ട പീലി ഒഴിഞ്ഞു മാറി നടക്കാൻ പോയെങ്കിലും അജീഷ് അത് തടഞ്ഞു കൊണ്ട് അവൾക്ക് മുന്നിലേക്ക് ചെന്നു നിന്നു.
“ഇതെന്ത് കോലമാണെടോ. ഇത്രയും ആളുകളുടെ കൂട്ടത്തിൽ തന്നെ മാത്രം എന്താ ഇങ്ങനെ മാറ്റി നിർത്തിയേക്കുന്നത്. താൻ ഇങ്ങനെ കിടന്ന് കഷ്ടപെടണ്ട. എന്റെ കൂടെ പോര് ഞാൻ പൊന്നു പോലെ നോക്കിക്കോളാം തന്നെ. ഒരു കുറവും വരുത്തില്ല”.
“അജീഷേട്ടാ ഞാൻ നിങ്ങളോട് അന്ന് തന്നെ പറഞ്ഞതല്ലേ എനിക്ക് അങ്ങനൊന്നും നിങ്ങളോട് തോന്നുന്നില്ലെന്ന്. ഇതൊക്കെ ചെയ്യുന്നതിലും അനുഭവിക്കുന്നതിനും എനിക്കില്ലാത്ത പ്രശ്നം ചേട്ടനും വേണ്ടല്ലോ. ദയവ് ചെയ്തു ആരേലും കാണുന്നതിന് മുൻപ് ഇവിടെ നിന്ന് പോകാമോ”?.
അജീഷ് അപ്പോളും ഒരു ചിരിയോടെ അവൾക്ക് മുൻപിൽ നിന്നതേയുള്ളു. പീലി വേഗം തിരിഞ്ഞ് അകത്തേക്ക് നടന്നു.
തിരക്കും ബഹളവുമെല്ലാം ഒതുങ്ങി ഓരോരുത്തരായി ഉറങ്ങാനായി കിടന്നു. തീർത്ഥയ്ക്കൊപ്പമാണ് സഞ്ജന കിടന്നത്. എന്തൊക്കെയോ സംസാരിച്ച് കിടന്ന സഞ്ജന നോക്കുമ്പോൾ തീർത്ഥ ഉറങ്ങി കഴിഞ്ഞിരുന്നു. യാത്രാക്ഷീണം അവളെ തോൽപിച്ചു കഴിഞ്ഞു. സഞ്ജനയ്ക്ക് കിടന്നിട്ടുറക്കം വന്നില്ല. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. കുറച്ച് നേരം ഉറങ്ങാനായി കിണഞ്ഞു പരിശ്രമിച്ചിട്ടും നിദ്രാദേവി മൈൻഡ് ചെയ്യുന്നില്ലെന്നറിഞ്ഞ അവൾ എണീറ്റു റൂമിനു പുറത്തേക്കിറങ്ങി.
ടെറസിലേക്കുള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൾ മെല്ലെ അവിടേക്ക് നടന്നു. ചെറിയ നിലാ വെട്ടം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ടെറസിലേക്ക് കടന്നു കുറച്ച് നടന്നപ്പോളേക്കും ആരോ നടന്നു പോകുന്നത് പോലെയവൾക്ക് തോന്നി. നെഞ്ചിലൂടെയൊരു മിന്നൽ കടന്നു പോയി. ചെന്നിയിലൂടെ വിയർപ്പ് ഒഴുകി കഴുത്തിലേക്ക് വന്നു. ധൈര്യം സംഭരിച്ചു അവൾ തിരിഞ്ഞു നോക്കി. ഒരു കറുത്ത രൂപം. അവളുടെ തൊണ്ടയിൽ നിന്നു ശബ്ദം പുറത്തേക്ക് വന്നില്ല. പെട്ടെന്നവൾ ശബ്ദം ഉണ്ടാക്കാനായി വാ തുറന്നതും ആ രൂപം അവളെ വാ പൊത്തി ഇടുപ്പിൽ പിടിച്ച് വലിച്ചു പൊക്കിയെടുത്തു ചുമരിലേക്ക് ചേർത്ത് നിർത്തി.
അവളുടെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി. ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ അവൾ ശപിച്ചു. അവൾ ഉമിനീരിറക്കി ആ രൂപത്തെ ഉറ്റു നോക്കി. ആ രൂപം കറുത്ത പുതപ്പ് തലയിൽ നിന്നെടുത്തു മാറ്റി. നിലാവെളിച്ചതിൽ ആ മുഖം അവൾ വ്യക്തമായി കണ്ടു .
“അഭിലാഷ്”.
അവൾ നടുങ്ങി പോയി. തന്റെ ദേഹത്തോട് ചേർന്ന് നിൽക്കുകയാണവൻ. അവന്റെ കൈ ഇപ്പോളും തന്റെ ഇടുപ്പിലാണെന്ന് തിരിച്ചറിഞ്ഞ അവൾ ഒന്ന് കുതറി. അവനവളെ ശക്തിയായി ചേർത്ത് പിടിച്ചു. അവളെന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കിയ അവൻ വായിൽ പൊത്തിപിടിച്ചിരുന്ന കൈ മാറ്റി.
“എടൊ താൻ ഇതെന്ത് പണിയാണ് കാണിച്ചത്”?.
“കിടന്ന് കാറാതെ പെണ്ണെ എല്ലാവരും ഇപ്പോ എണീറ്റ് വരും”.
“താനിപ്പോ എന്നെ കൊന്നേനെയല്ലോ”.
” അല്ല നീ ആരാ”?.
“അത് കൊള്ളാം ഈ പാതിരാത്രി എന്നെ പേടിപ്പിച്ചു കൊല്ലാൻ നോക്കിയിട്ട് ചോദിക്കാൻ പറ്റിയ ചോദ്യം”.
“നീ എന്തിനാ ഈ നേരത്തിങ്ങോട്ട് വന്നത്”?.
“ഡോർ തുറന്ന് കിടക്കുന്നത് കണ്ടിട്ടാ ഇങ്ങോട്ട് വന്നത്. അപ്പോ ഇങ്ങനൊരു കുരിശ്. താൻ ഒന്നങ്ങോട്ട് മാറിക്കെ”.
അവളവനെ തള്ളി മാറ്റിയപ്പോളാണ് ഇത്രയും നേരം താൻ അവളെ ചേർത്ത് പിടിച്ചിരുക്കകയാണെന്ന് അവൻ മനസിലാക്കിയത്.
“ആരാണെന്ന് പറഞ്ഞില്ലല്ലോ”
“സഞ്ജന. അച്ഛൻ രാമകൃഷ്ണൻ”.
“ആഹ് രാമൻ അങ്കിളിന്റെ മോൾ.അത് താനാണല്ലേ. അങ്കിൾ പറഞ്ഞിരുന്നു. എനിവേ ഞാൻ അഭിലാഷ്”
“എനിക്കറിയാം”
“എന്നെ തനിക്കെങ്ങനെ അറിയാം”?.
“തീർത്ഥ പറഞ്ഞു . അല്ല നിങ്ങളിവിടെ എന്ത് ചെയ്യുവാ”?.
“ആഹ് ഞാൻ കുറച്ച് കാറ്റ് കൊള്ളാൻ ഇറങ്ങിയതാ “.
“മൂടി പുതച്ചാണോ കാറ്റ് കൊള്ളുന്നത്?. സത്യം പറയ്. അതല്ലല്ലോ കാര്യം”.
“എന്ത് കാര്യം നീ അകത്തു പോയെ ഇവിടെ കിടന്നു കറങ്ങാതെ”.
“മര്യാദക്ക് സത്യം പറഞ്ഞോ ഇല്ലേൽ ഇപ്പൊ എല്ലാവരെയും വിളിച്ചു കൂട്ടും ഞാൻ”.
അവനോട് ചേർന്ന് നിന്നാണ് അവളത് പറഞ്ഞത്. പതർച്ച മറച്ചു വെച്ചവൻ കാര്യം പറയാൻ തുടങ്ങി.
” അതെ നീ വേറെ ആരോടും ചെന്ന് പറയാൻ നിൽക്കണ്ട”.
“അതൊക്കെ ആലോചിക്കാം ആദ്യം ഇയാൾ കാര്യം പറ”.
” അത് ഞാനൊരു സിഗരറ്റ് വലിക്കാൻ വന്നതാ”.
“ഏഹ് സിഗരറ്റോ”?.
“മ്മ്മ്”.
“എടൊ താനൊരു അദ്ധ്യാപകനല്ലേ. തനിക്കിങ്ങനൊരു കാര്യം ചെയ്യാൻ കൊള്ളാമോ.താൻ എങ്ങനാടോ പിള്ളേർക്കിതിനെ പറ്റി പറഞ്ഞു കൊടുക്കുന്നെ”?
“ഹലോ ഇതെവിടെ പോകുവാ. ഞാൻ അങ്ങനെ അഡിക്റ്റഡ് ഒന്നുമല്ല. ഇടക്കിങ്ങനെ ഒന്ന് വലിക്കുമെന്നല്ലാതെ. താനിപ്പോൾ പറഞ്ഞു പറഞ്ഞു എന്നെ ഒരു തീവണ്ടി ആക്കുമോ”.
“എന്നാലും ഇതത്ര നല്ല കാര്യമൊന്നുമല്ല.എനിക്കാണേൽ വലിക്കുന്നേം കുടിക്കുന്നെ ആളുകളെ ഇഷ്ടമേ അല്ല”.
“അല്ല നീ എന്താ ഇവിടെ”?.
“എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അതാ ഇങ്ങോട്ട് വന്നത്. അത് കൊണ്ടെന്താ എനിക്കൊരു കള്ളനെ കണ്ട് പിടിക്കാൻ പറ്റിയല്ലോ”.
“കള്ളൻ നിന്റെ……… എന്നെ കൊണ്ട് പറയിക്കല്ലേ. ആഹ് നീ എന്തായാലും വന്ന സ്ഥിതിക്ക് എനിക്കൊരു കമ്പനി തന്നിട് പോ”.
” മം ആയിക്കോട്ടെ”.
ആ രാത്രി കുറെയധിക നേരം അവരിരുവരും സംസാരിച്ചിരുന്നു.അവർ തമ്മിലൊരു സൗഹൃദം ഉടലെടുത്തു കഴിഞ്ഞു. ബെഡിൽ വന്ന് കിടക്കുമ്പോളും സഞ്ജന അഭിയെ കുറിച്ചാണ് ഓർത്തത്. അവൻ അവളെ ചേർത്ത് പിടിച്ചത് ഓർത്തതും നാണത്തിൽ കുതിർന്നൊരു പുഞ്ചിരി അവളുടെ ചൊടിയിൽ വിരിഞ്ഞു.
വെളുപ്പിന് നാലു മണിക്ക് തന്നെ ബ്യൂട്ടീഷ്യൻ വീണയെ ഒരുക്കാനായി വന്നു. എല്ലാ തയ്യാറെടുപ്പുകളും ഒരുക്കി രുക്‌മിണിയും വിശ്വനും മുന്നിൽ തന്നെയുണ്ടായിരുന്നു. ചില്ലി റെഡ് സാരിയിൽ സർവ്വാഭരണ വിഭൂഷിയായി വീണ ഒരുങ്ങി റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. രുക്‌മിണിയുടെ കണ്ണുകൾ ആ കാഴ്ച കണ്ട് തിളങ്ങുന്നുണ്ടായിരുന്നു. വിശ്വനാഥൻറെ കണ്ണുകൾ നിറഞ്ഞത് വീണയെ കണ്ട സന്തോഷത്തിൽ മാത്രമായിരുന്നില്ല. അത് പീലിയെ ഓർത്ത് കൂടിയായിരുന്നു.
കുടുംബത്തിലെ എല്ലാ മുതിർന്നവർക്കും ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങി വീണ. പീലി ജോലികളെല്ലാം കഴിഞ്ഞ് കുളിച് മുറിയിലേക്ക് വന്ന് ഒരുങ്ങാൻ തുടങ്ങി.സുഭദ്ര അമ്മ നിശ്ചയത്തിന് വാങ്ങി കൊടുത്ത ദാവണി അവൾ ഉടുത്തു. കണ്ണിൽ കണ്മഷിയെഴുതി പൊട്ടും കുത്തി അവൾ പുറത്തേക്കിറങ്ങി. ഓഡിറ്റോറിയത്തിലേക്ക് പോകാനായി എല്ലാവരും തയ്യാറായി നിൽക്കുമ്പോളാണ് പീലി വരുന്നത് രുക്‌മിണി കണ്ടത്. അവരുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു. ആ ഡാർക്ക് വയലറ്റ് കളർ ദാവണിയിൽ പീലി ഒരു അപ്സരസ് പോലെ തോന്നിച്ചു. ആളുകൾ എല്ലാം ശ്രദ്ധിക്കുന്നു എന്ന് തോന്നിയതും രുക്‌മിണി പീലിയെ ഒന്നും പറഞ്ഞില്ല.
ഓഡിറ്റോറിയത്തിലേക്ക് പോകും വഴി തൊഴാനായി അമ്പലത്തിൽ ഇറങ്ങി വീണയും രുക്‌മിണിയും വിശ്വനും. വണ്ടിയിലിരുന്ന് തന്നെ എല്ലാം മംഗളമായി നടക്കണേ എന്ന് മാത്രം മനസുരുകി പ്രാർത്ഥിച്ചു പീലി.
ഒരുപാട് പേരെ ക്ഷണിച്ചിട്ടുള്ളതിനാൽ അത്യാവശ്യം വലിയ ഓഡിറ്റോറിയം തന്നെയാണ് വിശ്വൻ കല്യാണത്തിനായി തിരഞ്ഞെടുത്തത്. ഓഡിറ്റോറിയത്തിൽ എത്തിയതും താലികെട്ടിനുള്ള കാര്യങ്ങൾ ചെയ്യാനായി രുക്‌മിണിയും വിശ്വനും പോയി. വീണയും കൂട്ടുകാരും ഡ്രസിങ് റൂമിലേക്ക് അവസാന മിനുക്ക് പണികൾക്കായി പോയി കഴിഞ്ഞിരുന്നു.
പീലിയെ കാത്തു രേഷ്മ ഹാളിൽ കാത്തിരിപ്പുണ്ടായിരുന്നു. പീലിയെ ആ വസ്ത്രത്തിൽ കണ്ടതും രേഷ്മ അത്ഭുതത്തിൽ അവളെ തന്നെ നോക്കി നിന്നു. പീലി അരികിലേക്ക് വന്നതും അവൾ പീലിയുടെ കരം കവർന്നു.
“എന്റെ മോളെ എനിക്കെന്റെ കണ്ണിനെ വിശ്വസിക്കാമോ. നീ തന്നെയാണോ ഇത്”?.
“പോടീ കളിയാക്കാതെ”.
“അല്ല പെണ്ണെ നിന്നെ കാണാൻ ഇപ്പോ ശെരിക്കും ഒരു ദേവതയെ പോലുണ്ട്. നീ ഒന്ന് ശെരിക്കും ഒരുങ്ങിയാൽ അപ്പോ എന്തായിരിക്കും”?.
അവർ സംസാരിച്ചിരിക്കുമ്പോളാണ് ഓടിപിടിച്ചു രുക്‌മിണി അങ്ങോട്ട് വന്നത്. ചിരിച്ച് കളിച്ചിരിക്കുന്ന പീലിയെ കണ്ടതും അവർക്ക് കലിയിളകി.
“ഡീ നീ ഇവിടെ എന്ത് ചെയ്യുവാ. ഇങ്ങുവന്നെ നിനക്കവിടെ കുറച്ച് ജോലിയുണ്ട്. ചുമ്മാ കിണിച്ചോണ്ടങ്ങിരിക്കുവാ”.
പീലി പേടിച് ഇരുന്നിടത്ത് നിന്നു എണീക്കാനാഞ്ഞെങ്കിലും രേഷ്മയത് തടഞ്ഞു.
“അവളിപ്പോ വരുന്നില്ല ജോലി എക്കെ വേറെ ആരെലേം കൊണ്ട് ചെയ്യിപ്പിച്ചാൽ മതി”.
“അത് പറയാൻ നീയാരാ .ഞാൻ അവളോടല്ലേ പറഞ്ഞത്”.
“ഞാൻ ആരായാലും അവളിപ്പോ വരുന്നില്ല”.
” ഡീ പെണ്ണെ എന്നോട് വഴക്കിനു വന്നാലുണ്ടല്ലോ”.
“വന്നാൽ നിങ്ങളെന്തു ചെയ്യുമെന്നെ . രണ്ട് മൂന്നു ദിവസം കൊണ്ട് ഇവളെ ഇട്ടു ആ വീട്ടിലെ ജോലിയെല്ലാം ചെയ്യിപ്പിക്കുവായിരുന്നല്ലോ. ഇനി അത് വേണ്ട”.
“ഓഹ് നിന്റെ വക്കാലത്തും കൊണ്ട് വന്നതാണല്ലേ ഇവൾ. നീ വീട്ടിലോട്ടല്ലേ വരുന്നത് ഞാൻ കാണിച്ച് തരാം”.
പീലിയെ നോക്കി രുക്‌മിണി അത് പറഞ്ഞതും രേഷ്മ അതിനുള്ള മറുപടി കൊടുത്തു കഴിഞ്ഞിരുന്നു.
“ഇവളെ നിങ്ങളിനി തൊട്ടാൽ പിന്നെ അങ്ങ് ജയിലിൽ പോയി കിടന്ന് ചപ്പാത്തി പരത്താം. എന്റെ അങ്കിൾ സർക്കിൾ ഇൻസ്‌പെക്ടർ ആണ്. ഞാൻ ചെന്ന് ഒന്ന് പറഞ്ഞാൽ നിങ്ങളെ തൂക്കിയെടുത്തോണ്ട് പോകും . ഇത്രയും വർഷം ഇവൾക്ക് കൂടി അവകാശപ്പെട്ട എല്ലാം കൈക്കലക്കി വെച്ച് നിങ്ങളിവളെ ദ്രോഹിക്കുന്നത് ഞാൻ അങ്ങ് നിർത്തും. അത് വേണോ. അതോ ഇനി മുതൽ മര്യാദക്ക് ജീവിക്കണോ. എന്ത് വേണമെന്ന് രുക്‌മിണി തമ്പുരാട്ടി ആലോചിച് തീരുമാനിക്ക്”.
രുക്‌മിണിയുടെ തൊണ്ട വറ്റി വരണ്ടു. അവർ പേടി പുറത്ത് കാണിക്കാതെb രേഷ്മയെ നോക്കി. എന്നാലവൾ അവരുടെ മുഖത്തെ ഭീതി കണ്ടാസ്വധിക്കുകയായിരുന്നു. രുക്‌മിണി ഒരക്ഷരം മിണ്ടാതെ അവിടുന്ന് പോയി.
“ശോ അങ്ങനൊന്നും പറയണ്ടായിരുന്നു”.
“ഓഹ് വേണ്ട ഞാനവരെ എന്റെ മടിയിലോട്ട് ഇരുത്തി ചാമരം വീശാമായിരുന്നു. നീ പേടിക്കണ്ട അവർ ഒതുങ്ങിക്കോളും. അതിനുള്ള ഡോസ് കൊടുത്തിട്ടുണ്ട്”.
ഡ്രസിങ് റൂമിൽ കണ്ണാടിയിൽ തന്റെ പ്രതിബിബം കണ്ടാസ്വധിക്കുകയായിരുന്നു വീണ. താൻ കാലെടുത്തു വെയ്ക്കാൻ പോകുന്ന സൗഭാഗ്യങ്ങളെ ഓർത്തു അവളുടെ മുഖത്ത് വിജയച്ചിരി നിറഞ്ഞു. കൂട്ടുകാരികൾ എല്ലാം മുറിക്ക് പുറത്തേക്കിറങ്ങിയിരുന്നു. അവളാ റൂമിൽ ഒറ്റക്കായിരുന്നു. ഫോണെടുത്തു രണ്ട് മൂന്നു സെൽഫി എടുത്ത് അത് നോക്കി അവൾ ആത്മനിർവൃതിയടഞ്ഞു. അപ്പോളും ഒരുക്കങ്ങളേതുമില്ലാതെ തന്നെ അതീവ സുന്ദരിയായി തന്റെ മുൻപിലേക്ക് വന്ന പീലിയുടെ രൂപം അവളിൽ ക്രോധം നിറച്ചു.ഫോണിൽ സൂരജിന്റെ ഫോട്ടോയിലേക്ക് അവളുടെ കണ്ണുകളെത്തി. ചുണ്ടിൽ വശ്യമായൊരു ചിരി വിരിഞ്ഞു.
“ഇന്നത്തെ രാത്രിയോടെ സൂരജ് എല്ലാ രീതിയിലും വീണയുടെ മാത്രമാകും”.
പെട്ടെന്ന് തന്നെ വീണയുടെ കണ്ണിൽ ഭയം നിറഞ്ഞു. ആ കണ്ണുകൾ തുറിച്ച് വന്നു. അവൾ കണ്ട ആ കാഴ്ച്ചയിൽ തറഞ്ഞു നിൽക്കുകയായിരുന്നു വീണ….
*********************************
തുടരും

by