രചന – നെച്ചു നസ്രിൻ
വല്ലാത്തൊരു നിശബ്ദത അവിടമാകെ നിറഞ്ഞു നിന്നു. അടക്കിപ്പിടിച്ച തേങ്ങലുകളുടെയും ശ്വാസ നിശ്വാസങ്ങളുടെയും അലയൊലികൾ മാത്രം. സൂരജ് മുഖമുയർത്തി നോക്കി. പീലിയുടെ കണ്ണുകളിലെ വേദനയും നിസ്സഹായ ഭാവവും അവനിൽ നോവുണർത്തി. വേദന കൊണ്ട് പുളയുന്ന ജീവനെയും ആനന്ദിനെയും നോക്കിയ സൂരജ് ഒരുറച്ച തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. ഐദൻ അതേ നിൽപ്പ് തുടർന്നു. അവന്റെ കണ്ണുകളിലെ പുച്ഛം തിരിച്ചറിഞ്ഞ സൂരജ് ശ്വാസം ആഞ്ഞു വലിച്ചു അവനോടായി തുടർന്നു. “ഐദൻ ഇവരെ ഇനിയും വേദനിപ്പിക്കരുത്. നിനക്ക് ആവശ്യം എന്നെയല്ലേ അവരെ വെറുതെ വിടൂ”. “വേണ്ട സൂരജേട്ടാ എന്നെ കൊന്നോട്ടെ ഇയാൾ”. “ഓഹ് രണ്ട് പേർക്കും എന്താ സ്നേഹം. രണ്ട് കിട്ടിയപ്പോൾ നിനക്ക് ബുദ്ധിയുണർന്നല്ലോ സൂരജ്.കൊള്ളാം.അപ്പോ എങ്ങനെയാണു പോരുവല്ലേ”?. “ഞാൻ നീ പറയുന്നതെന്തും അനുസരിക്കാം. പക്ഷേ പീലിയെ ഒരു കുഴപ്പവും കൂടാതെ വീട്ടിലെത്തിക്കണം”. “വീട്ടിലെത്തിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്. നീ ഞാൻ പറയുന്നത് മാത്രം കേട്ടാൽ മതി”. “പ്ലീസ് ഐദൻ നിന്റെ കൂടെ എവിടെ വേണമെങ്കിലും ഞാൻ വരാം. എന്നെ നിനക്ക് എന്തും ചെയ്യാം. പക്ഷേ പീലി അവളൊരു പാവമാണ്.
ഒരു തെറ്റും ചെയ്തിട്ടില്ല ഇവരാരും. ഇവരെ വിട്ടേക്ക് ഐദൻ”. “ചാകാൻ കിടക്കുമ്പോളും അവന് അവളെക്കുറിച്ചാണ് ടെൻഷൻ”. “അതാണ് ഐദൻ യഥാർത്ഥ സ്നേഹം. ചങ്ങലകെട്ടുകളില്ലാതെ ഇരു മനസുകൾ പരസ്പരം പ്രണയിക്കുമ്പോൾ അവർക്ക് മുന്നിൽ മരണം പോലും തോൽവി സമ്മതിക്കും”. മുഖമടച്ചൊരു അടി കൊടുത്തു ഐദൻ. സൂരജിന്റെ കണ്ണിലെ പീലിയോടുള്ള പ്രണയം ഐദനെ ചുട്ടെരിച്ചു. അവന്റെ കണ്ണിലപ്പോൾ ജീവശവമായി കിടക്കുന്ന അന്നയുടെ രൂപമായിരുന്നു. “പ്രണയത്തെ കുറിച്ച് പറയാൻ നിനക്കെന്ത് യോഗ്യതയാണെടാ ഉള്ളത്. നീ കൂടുതൽ ചിലയ്ക്കാതെ നിന്നില്ലേൽ ചിലപ്പോ ഞാൻ എന്നെ തന്നെ മറന്ന് നിന്നെയൊക്കെ കൊന്നെന്ന് വരാം”. സൂരജ് വേദനയേറിയ കാൽ വലിച്ചിഴച്ചു കൊണ്ട് പീലിയ്‌ക്കരികിലേക്ക് ചെന്നു.
അവൾ തളർന്നു പോയിരുന്നു. അവൻ അവളുടെ കവിളിൽ മെല്ലെയൊന്നു തൊട്ടു. “സൂരജേട്ടാ”. അവളിൽ നിന്നൊരു ഗദ്ഗദമുയർന്നു. “ഈ സൂരജ് ജീവനോടെ ഉള്ളിടത്തോളം കാലം നീയായിരിക്കും എന്റെ പെണ്ണ്. ഇപ്പോ ഇതല്ലാതെ മറ്റൊരു മാർഗവും എന്റെ മുന്നിലില്ല. നിങ്ങളുടെ ജീവനാണ് എനിക്കിപ്പോൾ വലുത്. സങ്കടപ്പെടരുത്”. സൂരജിന് വാക്കുകൾ മുറിഞ്ഞു പോയി. മറ്റൊന്നും പറയാനാകാതെ അവൻ തിരികെ നടന്നു. പീലി വായ പൊത്തി കരഞ്ഞു. അവളുടെ കരച്ചിലിന്റെ ചീളുകൾ സൂരജിന്റെ കാതിലലയടിച്ചു. ഹൃദയം പറിച്ചെറിയുന്ന വേദനയിൽ സൂരജ് തിരിഞ്ഞ് പീലിയെ നോക്കി . ഐദന്റെ നിർദ്ദേശപ്രകാരം ജീവനെയും ആനന്ദിനെയും രണ്ട് മൂന്ന് പേർ ചേർന്നു ഒരു കാറിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.ഐദനൊപ്പം കാറിലേക്ക് കയറുന്നതിനിടക്ക് സൂരജ് പീലിയുടെ കാര്യം പലയാവർത്തി അവനോട് അപേക്ഷിക്കും പോലെ പറഞ്ഞു.
സൂരജിൻറെ കണ്ണിലെ യാചനാഭാവം ഐദനിൽ വല്ലാത്ത ആവേശം നിറച്ചു.ഐദന്റെ കാർ ഹോസ്പിറ്റൽ കോമ്പൗണ്ട് കടക്കുമ്പോളും അവനൊപ്പം നടക്കാൻ ആകാത്ത കാൽ വലിച്ചിഴച്ചു കൂടെ ചെല്ലുമ്പോളും സൂരജിൽ ചോദ്യഭാവം നിറഞ്ഞിരുന്നു. ഹോസ്പിറ്റൽ വരാന്തയിൽ നിന്ന് നേരെ അവർ ചെന്ന് നിന്നത് ഐ സി യു വിനു മുന്നിലാണ്. ആ വാതിൽ ഐദൻ സൂരജിന് മുന്നിൽ തുറന്നു. ഒന്ന് മടിച്ചിട്ടാണെങ്കിലും അവനുള്ളിലേക്ക് കയറി. തൊട്ട് പിറകെ ഐദനും. അതിനുള്ളിലെ തണുപ്പ് സൂരജിനെ ഒന്നാകെ വിഴുങ്ങി. ഒരുപാട് യന്ത്രങ്ങൾക്കിടയിൽ അവയുടെ സഹായത്തോടെ ശ്വാസമെടുക്കുന്ന ആ രൂപത്തിലേക്ക് സൂരജിന്റെ കണ്ണുകൾ പതിച്ചു. അത് അന്നയാണ് എന്ന് തിരിച്ചറിയാൻ അവന് കുറച്ച് സമയം വേണ്ടി വന്നു. അവൻ വീണ്ടുമവളെ നോക്കാനാകാതെ മുഖം വെട്ടിച്ചു.കൈ കാലുകൾക്ക് തളർച്ചയും വിറയലും അനുഭവപ്പെട്ടു. ആ തണുപ്പിലും സൂരജ് വെട്ടിവിയർത്തു.
“കണ്ണ് നിറച്ച് കണ്ടോടാ. നിനക്ക് ഇതായിരുന്നല്ലോ ആവശ്യം.ഇപ്പൊ സന്തോഷമായി കാണുമല്ലോ നിനക്ക്. ഇത്രയുമൊക്കെ ചെയ്ത് കൂട്ടിയ നിന്നെയെല്ലാം ഞാൻ കൊല്ലാതെ വിടണമല്ലേ. പറയ്.പറയാൻ”. “ഐദൻ ഞാൻ അറിഞ്ഞതല്ല. അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും ഞാൻ ചെയ്തിട്ടില്ല പ്ലീസ് ഒന്ന് മനസിലാക്കൂ”. “നിർത്തെടാ നാ#&*#&**# മോനെ. എന്റെ കൊച്ചിന്റെ മനസ് നീയും നിന്റെ മറ്റവളും കൂടി നോവിച്ചില്ലേ. നിനക്കറിയോ ഞങ്ങൾ എങ്ങനെയാണു അന്നയെ വളർത്തിയതെന്ന്. ഞങ്ങളുടെ മമ്മ മരിച്ചതിനു ശേഷം നഷ്ടമായിപ്പോയ എന്റെ മോളെ ഒരുപാട് കഷ്ടപ്പെട്ടിട്ട ഞങ്ങൾ തിരിച്ച് കൊണ്ട് വന്നത്. ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാക്കിയില്ലേ നീ”. “അവളുടെ കാലിലൊരു മുള്ളു കൊള്ളാൻ ഞങ്ങളാരും സമ്മതിച്ചിട്ടില്ല ഇത് വരെ. ഇപ്പോ കണ്ടില്ലേ താങ്ങാനാകാത്ത വേദനയുമായി കിടക്കുന്ന എന്റെ അന്ന കൊച്ചിനെ. നിന്നോട് പറഞ്ഞതല്ലേ ഞാൻ നിനക്ക് എത്ര പണം വേണമെങ്കിലും തരാമെന്ന്.
എന്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും ഞാൻ തന്നേനെയല്ലോ.കുഞ്ഞ് നാളിൽ ഇവൾക്കൊരു പനി വന്നാൽ ഞാനും പപ്പയും ഉറങ്ങാതെ കാവലിരിക്കും.കുന്നുമ്മേൽ ഗ്രൂപ്സിന്റെ നാഥൻ വർഗീസിനെ നിനക്കിപ്പോൾ കാണണോ. വീട്ടിലൊരു മൂലയിൽ സർവ്വം തകർന്നിരിക്കുന്നുണ്ടാകും ആ മനുഷ്യനിപ്പോൾ”. സൂരജ് എന്തോ പറയാനാഞ്ഞതും ഐദൻ കയ്യുയർത്തി വിലക്കി. ഐദന്റെ ഭാവം സൂരജിന് മനസിലാക്കാൻ കഴിഞ്ഞില്ല.ബഹളം കേട്ട് വന്ന നഴ്സിനെ ഐദൻ രൂക്ഷമായി നോക്കി. “എല്ലാത്തിനും കാരണം നീയാണ്. എല്ലാം ഇല്ലാതാക്കിയത്. എന്റെ അന്നയെ വേദനിപ്പിക്കുന്നതിനു പകരം നീ അനുഭവിക്കാൻ പോകുന്നത് ഇതൊന്നുമായിരിക്കില്ല. എണ്ണിയെണ്ണി നിന്നെ കൊണ്ട് കണക്ക് പറയിക്കും ഞാൻ”. ഐദന് അവന്റെ നിയന്ത്രണം നഷ്ടമായി. അവൻ സൂരജിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു. ഭിത്തിയോട് ചേർത്തു നിർത്തി.ശേഷമവനെ വെറുപ്പോടെ പിറകിലേക്ക് തള്ളി.
അപ്പോളേക്കും ഡോക്ടർ വാസുദേവ് അവിടേക്ക് പാഞ്ഞെത്തി. “ഐദൻ നിങ്ങളെന്തു ഭ്രാന്താണീ കാണിക്കുന്നത്. നിങ്ങളോടാരാണ് ഇങ്ങോട്ടേക്ക് കയറാൻ പറഞ്ഞത്. ഇതാരാണ്”?. “ഡോക്ടർ ഇവനാണ് അന്നയെ ഈ അവസ്ഥയിലാക്കിയത്. ഇവൻ എന്റെ കൊച്ച് അനുഭവിക്കുന്നത് കൺകുളിർക്കേ കാണണം ഡോക്ടർ”. “എന്താണ് ഐദൻ നിങ്ങൾ പറയുന്നത്. നിങ്ങളിത്ര ബുദ്ധിയില്ലാതെ ഇതൊക്കെ കാണിച്ചു കൂട്ടുമെന്ന് ഞാൻ കരുതിയില്ല. ഞാൻ നേരത്തെ തന്നോട് പറഞ്ഞതല്ലേ അന്നയുടെ ബോഡി ഒരു ഇൻഫെക്ഷന്റെ റിസ്ക് താങ്ങില്ലെന്ന്. ലുക്ക് ഹീ ഈസ് ബ്ലീഡിങ്. രണ്ട് പേരും ഇപ്പോ ഇവിടുന്ന് ഇറങ്ങിക്കോണം ഈ നിമിഷം”. ഐദൻ ഐ സി യു വിനു മുന്നിൽ തലങ്ങും വിലങ്ങും നടന്നു. സൂരജ് ആകെ തകർന്ന് വെറും തറയിലേക്കിരുന്നു. പെട്ടെന്ന് ഐദൻ നടത്തം നിർത്തി സൂരജിനരികിലേക്ക് വന്ന് അവനെ പിടിച്ചെണീപ്പിച്ചു. ശരീരത്തിലെ മുറിവുകളിലേക്ക് നീറ്റൽ പടരുമ്പോളും സൂരജ് നിർവികാരനായിരുന്നു.
മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടക്ക് നഴ്സ് അവന്റെ മുഖത്തേക്ക് നോക്കി. സൂരജിനെതിർവശം ഐദൻ ഇരിപ്പുണ്ടായിരുന്നു. അവൻ മനസ്സിൽ പലതും കണക്ക് കൂട്ടി ഉറപ്പിച്ചു. ഐദൻ വേഗത്തിൽ പുറത്തേക്കിറങ്ങി കാറിൽ കയറി എങ്ങോട്ടേക്കോ പോയി. സൂരജിന്റെ മനസ് മരവിച്ച അവസ്ഥയിലായിരുന്നു. താൻ കാരണം ദുരിതമനുഭവിക്കുന്ന രണ്ട് പെൺകുട്ടികൾ. ഒരുവളെ താൻ ജീവനെക്കാളേറെ സ്നേഹിക്കുന്നു. മറ്റൊരുവളെ അത്രത്തോളം വെറുക്കുന്നു. അവന് തല പെരുക്കും പോലെ തോന്നി. അപ്പോളും അന്നയുടെ അവസ്ഥ അവന് വിശ്വസിക്കാൻ പ്രയാസം തോന്നി. അവളുടെ കണ്ണിൽ താൻ പലപ്പോഴായി കണ്ട ഭാവം അതൊരിക്കലും എളുപ്പത്തിൽ തോൽവി സമ്മതിക്കുന്ന ഒരുവളുടേതായിരുന്നില്ല. അവൾ സ്വയം ജീവനുപേക്ഷിക്കാൻ ശ്രമിക്കുമെന്ന് അവനപ്പോഴും വിശ്വസിക്കാനായില്ല. അവൻ പ്രതീക്ഷിച്ചിരുന്നത് അന്ന ഒരുപക്ഷെ പീലിയെ അപായപ്പെടുത്താൻ ശ്രമിക്കുമെന്നോ അല്ലെങ്കിൽ തന്നെ അപായപ്പെടുത്തുമെന്നോ ആയിരുന്നു. പക്ഷേ മുന്നിൽ കണ്ട കാഴ്ച്ചയിൽ തറഞ്ഞിരിക്കുകയായിരുന്നു സൂരജ്.
അവനവളോട് സഹതാപം തോന്നി. അപ്പോളാണ് പീലിയുടെ കരയുന്ന മുഖം അവന്റെ മനസിലേക്ക് വന്നത്. ഒരു തെറ്റും ചെയ്യാതെ ശിക്ഷ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവൾ. സന്തോഷിപ്പിക്കാൻ ശ്രമിക്കുന്തോറും അവളിലേക്ക് വേദന മാത്രമാണല്ലോ നിറയുന്നതെന്നവൻ തിരിച്ചറിഞ്ഞു. ഒരു തരത്തിലും തന്റെ പെണ്ണിനെ സംരക്ഷിക്കാൻ കഴിയാത്ത കഴിവ് കെട്ട ഭർത്താവായി പോയെന്നവൻ സ്വയം പരിതപിച്ചു. ഫോൺ റിങ് ചെയ്യുന്ന ശബ്ദമാണ് സൂരജിനെ ചിന്തയിൽ നിന്നുണർത്തിയത്. വീട്ടിൽ നിന്ന് അച്ഛനാണ്. അവനാ കാൾ എടുക്കാൻ തോന്നിയില്ല. പീലിയെ കുറിച്ചൊന്നും അവനറിയാൻ കഴിഞ്ഞിരുന്നില്ല. ചോദിക്കാനായി ഐദൻ ഒപ്പമില്ലായിരുന്നു താനും. തുടരെ തുടരെ കാൾ വരുന്നതറിഞ്ഞവൻ ഒടുവിൽ കാളെടുത്തു ഫോൺ ചെവിയോട് ചേർത്തു. “മോനെ സൂരജ് നീയെവിടെയാ. പീലി മോളിപ്പോൾ വന്നു. ഞങ്ങളോടൊന്നും സംസാരിച്ചില്ല മോനെ. വന്നപാട് അമ്മയെ കെട്ടിപ്പിടിച് കുറെ കരഞ്ഞു.എന്നിട്ട് മുറിയിൽ കയറി കതകടച്ചു. ചോദിച്ചിട്ടൊന്നും പറഞ്ഞില്ല. എന്താ സംഭവിച്ചത്?. നീയെങ്കിലുമൊന്ന് പറയ്”. പീലി സുരക്ഷിതമായി വീട്ടിലെത്തി എന്നറിഞ്ഞതും സൂരജിൽ ആശ്വാസം നിറഞ്ഞു.
“അച്ഛാ കാര്യങ്ങളെല്ലാം ഞാൻ വന്നിട്ട് പറയാം. പീലി , അവൾ കുറച്ച് നേരം തനിച്ചിരുന്നോട്ടെ. അമ്മയോട് ടെൻഷൻ ആകേണ്ടെന്ന് പറയണം. ഞാനുടനെ വരാം”. വെറും നിലത്ത് കാൽ മുട്ടിൽ മുഖം ചേർത്ത് പീലിയിരുന്നു.ഇരു കണ്ണുകളും നിറഞ്ഞൊഴുകി. അവൾക് അറിഞ്ഞ പല കാര്യങ്ങളും വിശ്വസിക്കാൻ പ്രയാസം തോന്നി. ഒരുപാട് സന്തോഷിച്ച നിമിഷങ്ങളെ തോൽപ്പിച്ചു കൊണ്ട് തന്നിലേക്ക് വന്ന് ചേർന്ന ആ കറുത്ത അദ്ധ്യായത്തെ അവൾ ഭയത്തോടെ ഓർത്തു. അച്ഛനെയും അമ്മയെയും അവൾക്കാ അവസ്ഥയിൽ നേരിടാൻ കഴിഞ്ഞില്ല. അസമയത്ത് തന്നെയും കാത്ത് അവർ നിന്നിരുന്നു. രണ്ട് പേർക്കും മുഖം കൊടുക്കാതെയാണ് മുറിയിലേക്ക് വന്നത്.നിലത്തേക്ക് തന്നെ പതിയെ ചുരുണ്ടു കൂടി കിടന്നു. കണ്ണുകളിലേക്ക് മയക്കം പിടികൂടി.എന്തോ അവ്യക്തമായ സ്വപ്നം കണ്ടാണ് പീലി ഞെട്ടിയുണർന്നത്. ജനാലയിൽ കൂടി സൂര്യന്റെ പൊൻകിരണങ്ങൾ പീലിയുടെ കണ്ണിലേക്കെത്തി. ക്ഷീണം കൊണ്ട് അവൾ നന്നായുറങ്ങി പോയിരുന്നു . ബാത്‌റൂമിലെ തണുത്ത വെള്ളത്തിനു അവളുടെയുള്ളിലെ കനലിനെ അണയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് കുറച്ച് നേരം നോക്കി നിന്ന ശേഷം അവൾ അടുക്കളയിലേക്ക് നടന്നു. പ്രതീക്ഷിച്ചയാളെ അവിടെങ്ങും അവൾക് കാണാൻ കഴിഞ്ഞില്ല. മുറിയിൽ കട്ടിലിൽ തിരിഞ്ഞ് കിടക്കുന്ന സുഭദ്രയുടെ കാലിൽ അവളൊന്നു തൊട്ടു. അവളുടെ സ്പർശം തിരിച്ചറിഞ്ഞ ഭദ്ര പിടഞ്ഞെണീറ്റു. “മോളെ. എന്റെ കുട്ടിയെ കാണാതെ അമ്മ എന്ത് മാത്രം വിഷമിച്ചെന്നറിയുമോ. എന്താ എന്റെ മോൾക്ക് പറ്റിയത്. ഇന്നലെ അമ്മയോട് ഒരു വാക്ക് പോലും മിണ്ടാതെ നീ പോയില്ലേ. അമ്മയ്ക്കത് സഹിക്കാനായില്ല”. തന്റെ മുന്നിൽ വിങ്ങിപ്പൊട്ടി കരയുന്ന ആ അമ്മയെ കാണെ പീലിയിലും സങ്കടം നിറഞ്ഞു. “അമ്മ എന്നോട് ക്ഷമിക്കണം. ഇന്നലെ എനിക്ക് നിങ്ങളെ ആരെയും നേരിടാനുള്ള ശക്തി ഉണ്ടായിരുന്നില്ല. ഒന്നും പറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അമ്മേ”. “എനിക്കറിയാം എന്റെ മോളെ. ഞങ്ങൾ ആ നേരം വരെയും തീ തിന്നുകയായിരുന്നു. വിളിക്കാത്ത ദൈവങ്ങളില്ല. എന്താ മോളെ ഉണ്ടായത്”?. പീലി കാര്യങ്ങൾ ഭദ്രക്ക് വിശദീകരിച്ചു കൊടുത്തു. ചിലതൊഴികെ. എല്ലാം കേട്ട ഭദ്രയിലും പ്രഭാകരനിലും ആവിശ്വസനീയത നിറഞ്ഞു.
അവർ പീലിയെ ചേർത്ത് നിർത്തി. പീലിയെ തിരിയാനും പിരിയാനും ഭദ്ര സമ്മതിച്ചില്ല. സൂരജ് ആ നേരം വരെയും വീട്ടിൽ എത്താത്തത്തിൽ അമ്മയിലും അച്ഛനിലും ആശങ്ക നിറഞ്ഞുവെങ്കിലും ഐദനെ കുറിച് ഏകദേശ ധാരണ പീലിയ്ക്കുള്ളത് കൊണ്ട് അവൻ സൂരജിനെ ഹോസ്പിറ്റലിൽ നിന്ന് പോരാൻ അനുവദിച്ചിട്ടിണ്ടാവില്ല എന്ന് പറഞ്ഞവൾ അവരെ സമാധാനിപ്പിച്ചു. ഭദ്രയുടെ സ്നേഹത്തിൽ മനസ് നിറയുമെങ്കിലും ഇടയ്ക്ക് പീലിയുടെ മനസ് താളം തെറ്റി സഞ്ചരിക്കും. അപ്പോളൊക്കെ അവളുടെ മുഖത്ത് എല്ലാം തീരുമാനിച്ചുറപ്പിച്ച ഭാവമായിരിക്കും. ഭദ്ര ഒന്ന് രണ്ട് തവണ അതിനെ കുറിച്ച് ചോദിച്ചപ്പോൾ പീലി ഒഴിഞ്ഞ് മാറി.ഒറ്റക്കിരുന്നു മിഴി വാർത്തു കരയുമ്പോൾ അവൾ ആഗ്രഹിച്ചത് സൂരജിന്റെയും തന്നെ സ്നേഹിക്കുന്നവരുടെയും നന്മ മാത്രമായിരുന്നു. ഹോസ്പിറ്റലിൽ സൂരജിന് മടുപ്പ് തോന്നി. പീലി വീട്ടിലെത്തി എന്നറിഞ്ഞപ്പോൾ മുതൽ അവളെ കാണാൻ അവന്റെയുള്ളു തുടിക്കാൻ തുടങ്ങി. അവളുടെ സാമീപ്യം തനിക്കും തന്റെ സാമീപ്യം അവൾക്കും വേണ്ടുന്ന സമയമാണിത്. എന്ത് തന്നെ വന്നാലും തനിക്ക് പീലിയെ കണ്ടേ തീരൂന്ന് സൂരജ് തീരുമാനിച്ചുറപ്പിച്ചു.
അവൻ വീട്ടിലേക്ക് പോകാനായി ഇറങ്ങിയതും മുന്നിൽ ഐദൻ തടസം സൃഷ്ടിച്ചു. ” ഐദൻ എനിക്ക് വീട്ടിൽ പോകണം. മുന്നിൽ നിന്ന് മാറി നിൽക്കു. ഇനിയും ഞാനിവിടെ നിൽക്കേണ്ട ആവശ്യമെന്താണ്?”. ” നീ ഇനി ഇവിടുന്ന് തിരിച്ച് പോകില്ല സൂരജ്. അന്നയെ ഇത്രയുമൊക്കെ ദ്രോഹിച്ച നിന്നെ ഞാൻ വെറുതെ വിടുന്നത് എനിക്കൊന്നും ചെയ്യാൻ അറിയാഞ്ഞിട്ടല്ല. വേണ്ടെന്ന് വെച്ചിട്ടാ. നീ അവളുടെ സ്നേഹം കാണാതെ നടിച്ചിട്ടാണ് അവൾക്കീ ഗതി വന്നത്. നീ ഇവിടെ തന്നെയുണ്ടാകും. അന്ന തിരിച്ച് വരുമ്പോൾ അവൾക്ക് കൊടുക്കാനുള്ള എന്റെ സമ്മാനമാണ് നീ”. ” നിനക്ക് നാണമില്ലേ ഐദൻ ഇങ്ങനെ സംസാരിക്കാൻ. എന്റെ ഭാര്യയെ വെച്ച് നീ എന്നെ ഭീഷണിപ്പെടുത്തി ഇവിടെ വരെ കൊണ്ടെത്തിച്ചു. അതും പോരാഞ്ഞിട്ട് ഞാൻ ഇനിയും ഇവിടെ കാത്ത് കിടക്കണം എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്?”. ” നിന്റെ ഭാര്യയെ വെച്ച് എനിക്കിനിയും നിന്നെ ഭീഷണിപ്പെടുത്താം സൂരജ്. അവളെ ഞാൻ വീട്ടിലെത്തിച്ചത് , നീ ഞാൻ പറയുന്നത് പോലെയൊക്കെ ചെയ്യാമെന്ന ഉറപ്പിലാണ്. അതിൽ മാറ്റം വന്നാൽ പിന്നെ നിന്റെ അവൾ ജീവനോടെ ഉണ്ടാകില്ല.
നീ അവളെ എവിടെ ഒളിപ്പിച്ചാലും തിരഞ്ഞ് പിടിച്ച് ഇല്ലാതാക്കും ഞാൻ “. ” കഷ്ടം എന്നെ ഇങ്ങനെ ഇഷ്ടമില്ലാതെ പിടിച്ച് വെച്ചിട്ട് നിനക്ക് കിട്ടുന്ന ആനന്ദമുണ്ടല്ലോ അതൊരുപാട് നാൾ നീണ്ടു നിൽക്കില്ല ഐദൻ. പീലിയെ ഓർത്തു മാത്രമാണ് ഞാൻ നിസഹായനായി പോകുന്നത്. എനിക്കിപ്പോൾ നിന്റെ പെങ്ങളോട് സഹതാപം മാത്രമേയുള്ളൂ. ഇപ്പോളെന്നല്ല ഒരിക്കലും പീലിയുടെ സ്ഥാനത്ത് മറ്റൊരാളും അവിടേക്ക് വരില്ല.എന്റെ മരണം വരെയും “. ഐദൻ സൂരജിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. സൂരജിന്റെ കണ്ണ് തുറിച്ച് വന്നു. പക്ഷേ അപ്പോളും ആ കണ്ണുകളിൽ ഐദൻ കണ്ടത് പൂവിന്റെ നൈർമല്യമുള്ള പീലിയെ മാത്രമായിരുന്നു. അവൻ രോക്ഷത്തിൽ ചുവരിലേക്ക് കൈ ചുരുട്ടിയിടിച്ചു.സൂരജ് ഒന്ന് ചുമച്ചുകൊണ്ട് ചുവര് ചാരി നിന്നു. അവന്റെ മനസ്സിൽ പീലിയെ കാണാൻ പറ്റാത്തതിലുള്ള സങ്കടമായിരുന്നു. താൻ കാരണം അവൾക്കിനിയും വേദന ഉണ്ടാകാൻ പാടില്ലെന്നവൻ ആഗ്രഹിച്ചു. അത് കൊണ്ട് തന്നെ ഐദനെ മറികടന്ന് അവനൊന്നും ചെയ്യാൻ തുനിഞ്ഞില്ല. ഡോക്ടറിന്റെ റൂമിൽ അന്നയെ കുറിച്ച് സംസാരിക്കാനായി വന്നതാണ് ഐദൻ.
വാസുദേവ് തന്റെ കണ്ണട ഒന്നുകൂടി നേരെയാക്കി വെച്ച് ഐദനിൽ ദൃഷ്ടിയൂന്നി. ” ഐദൻ ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം. അന്നയുടെ ബ്രെയിനിൽ ഉണ്ടായിട്ടുള്ള ക്ലോട്ട് ഇപ്പോളും അങ്ങനെ തന്നെ തുടർന്ന് പോകുകയാണ്. നമ്മളെ കൊണ്ട് കഴിയും പോലെ ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്. അന്നയുടെ മെന്റൽ വിൽ പവർ കൊണ്ട് മാത്രമാണ് ഇപ്പോളും നമുക്കവളെ ഇങ്ങനെ കിട്ടുന്നത്. ഏത് സാഹചര്യത്തിലും എന്തിനും പ്രിപെയർ ആയിരിക്കണം “. ” ഡോക്ടർ പറഞ്ഞു വരുന്നത് എനിക്കെന്റെ കൊച്ചിനെ നഷ്ടമാകും എന്നാണോ?. ഇല്ല ഞാൻ അതിനു സമ്മതിക്കില്ല. എന്റെ കൊച്ചിനെ ഞാൻ അങ്ങനെ വിട്ട് കൊടുക്കില്ല. പറ്റില്ല”. ഐദൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. വാസുദേവ് പകച്ചു കൊണ്ടവനെ നോക്കി. ” ഐദൻ ടെൻഷൻ ആകേണ്ട. ഒന്നും സംഭവിക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. പിന്നെ ആരാണ് സൂരജ്?. അന്ന ഇടക്കിടക്ക് പലയാവർത്തി ആ പേര് പറയുന്നുണ്ട്”.
” അതവനാണ് ഡോക്ടർ ഇതിനെല്ലാം കാരണം അവൻ ഒറ്റ ഒരുത്തനാണ്. നോക്കിക്കോ അവനെ ഞാൻ വെറുതെ വിടാൻ പോകുന്നില്ല. കൊല്ലും ഞാനവനെ”. ” അയാൾ അന്നയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വേദനയിലും അന്ന അയാളുടെ പേര് പറയുന്നുണ്ടല്ലോ. അവൾ കോൺഷ്യസ് ആകുമ്പോൾ അവര് തമ്മിലൊന്ന് കണ്ടോട്ടെ. ചിലപ്പോൾ അതൊരു മാറ്റം ഉണ്ടാക്കിയാലോ. തിരിച്ച് വരാൻ അന്നയ്ക്കൊരു എനർജി ആണെങ്കിലോ സൂരജ്!”. ഐദനൊന്നും മിണ്ടിയില്ല.അവൻ പുറത്തേക്കിറങ്ങി വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന സൂരജിനെ നോക്കി. അവന്റെ മനസിൽ ദേഷ്യവും പകയും കുമിഞ്ഞു കൂടി. കുറച്ച് മാറി ഫോൺ എടുത്ത് ഏതോ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്ത്. സൂരജിനെ രൂക്ഷമായി നോക്കികൊണ്ട് തന്നെ അവൻ സംസാരം തുടങ്ങി. ഒടുവിൽ ഒരു വിജയ ചിരിയോടെ കാൾ അവസാനിപ്പിച്ചു. പീലിയുടെ നെഞ്ച് നീറി. കണ്ണ് നിറഞ്ഞൊഴുകി. അവൾക്ക് സമാദാനം നഷ്ടമായി കഴിഞ്ഞിരുന്നു. അന്ന് രാത്രി അവൾ ഭദ്രയുടെ മടിയിൽ തലച്ചേർത്തു കിടന്നു. ആരും കാണാതെ കണ്ണീരിനെ ഒഴുക്കി കളഞ്ഞു.
ഭദ്ര പീലിയുടെ തെളിച്ചമില്ലാത്ത മുഖം ശ്രദ്ധിച്ചു. കാര്യം ചോദിച്ചപ്പോൾ പീലി അവരെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഭദ്രയുടെ മനസ്സിൽ ആധി നിറഞ്ഞു. അവർക്കുറങ്ങാൻ കഴിഞ്ഞില്ല. പൂജാമുറിയിൽ കയറി വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു. കണ്ണടച്ചു മനസുരുകി പീലിയ്ക്കും സൂരജിനും വേണ്ടി പ്രാർത്ഥിച്ചു കണ്ണ് തുറന്നതും വിളക്കിലെ തിരി കെട്ട് പോയി. അടുത്ത ദിവസം രാവിലെ കണ്ണിൽ ഉറക്കച്ചടവോടെയാണ് ഭദ്രയുണർന്നത്. അവർ കുളിച്ച് നേരെ അടുക്കളയിലേക്ക് ചെന്നു. 8 മണിയോടടുക്കുന്നു സമയം. പീലിയെ പിന്നെയും കുറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് ഭദ്ര മുകളിലേക്ക് ചെന്നു. വാതിൽ ചാരിയിട്ടേ ഒള്ളു.മുറിയിലും ബാത്‌റൂമിലും ബാൽക്കണിയിലും പീലിയെ കണ്ടില്ല. അവർ താഴേക്ക് തിരികെ പോകാനായി വന്നപ്പോളാണ് മേശപ്പുറത്തു ഒരു പേപ്പർ ഇരിക്കുന്നത് ശ്രദ്ധിച്ചത്. അതിലെ വരികളിലൂടെ കണ്ണോടിച്ച ഭദ്ര അലമുറയിട്ട് കരഞ്ഞു പോയി. തുടരും

by