21/04/2026

മയിൽപ്പീലി : ഭാഗം 20

രചന – നെച്ചു നസ്രിൻ

ലൈറ്റ് ബ്ലൂ ഫുൾ സ്ലീവ് ഷർട്ട് ,‌ ഗ്രേ പാന്റ് .അതായിരുന്നു സൂരജിന്റെ വേഷം. അവൻ നേരെ വന്ന് സ്വയം പരിചയപ്പെടുത്തി. പീലിയെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി. ഉറങ്ങി തൂങ്ങിയിരിക്കാറുള്ള പെൺകുട്ടികൾ പോലും അവനെ കണ്ട മാത്രയിൽ അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്ന് പ്രസന്നരായിരുന്നു.പീലിയും രേഷ്മയും ഇവിടിപ്പോ എന്താ നടന്നതെന്ന ഭാവത്തിലിരിക്കുകയാണ്. ക്ലാസ്സ്‌ എടുത്ത് കഴിഞ്ഞ് സൂരജ് ഭാവഭേദമില്ലാതെ സ്റ്റാഫ്‌ റൂമിലേക്ക് പോയി. “ടീ , നീയും കൂടി അറിഞ്ഞിട്ടാണോടി ഇവിടിപ്പോ നടന്നതൊക്കെ. ദുഷ്ടത്തി”. സൂരജ് ഇറങ്ങി പോയതിന്റെ തൊട്ട് പിറകെ പീലിയ്ക്ക് ഒരു ഉന്ത് കൊടുത്തിട്ടാണ് രേഷ്മയത് പറഞ്ഞത്. “എന്റെ പെണ്ണെ നീയെന്തറിഞ്ഞിട്ടാ. ഞാനിതൊക്കെ നിന്നെ പോലെ ഇപ്പഴാ അറിയുന്നത്”. “ഓഹ് പിന്നെ നിന്നോട് ഒന്ന് സൂചിപ്പിച്ചിട്ട് കൂടിയില്ലെന്നോ”??. “എന്റെ കൃഷ്ണാ , നിന്നോട് മലയാളത്തിലല്ലേ പറഞ്ഞത്?. എനിക്കറിയില്ലായിരുന്നു”.

“ഹോ എന്റെ എല്ലാ മോഹങ്ങളും തകർന്നു. വായിനോക്കാനുള്ള അവസാന വഴിയും അടഞ്ഞു. ഇതിലും ഭേദം മാത്തൻ സർ ആയിരുന്നു.ആഹ് പിന്നെ നീ നിന്റെ കെട്ടിയോനെ ഒന്ന് സൂക്ഷിച്ചോ”. “അതെന്താ”?. “അല്ല ഈ ക്ലാസ്സിൽ മാത്രമല്ല കോളേജിലെ മുഴുവൻ പെൺപിള്ളേരും നിന്റെ കെട്ടിയോന്റെ പിറകിന് വരാനാണ് സാധ്യത. ആരേലും കൊത്തിക്കൊണ്ട് പോയിട്ട് ഒരു കാര്യവുമില്ലായെ”. രേഷ്മയെ നോക്കി പീലി പിണക്കം ഭാവിച്ചു. സ്റ്റാഫ്‌ റൂമിലെ മറ്റു ടീച്ചേഴ്സിനെ പരിചയപ്പെടുന്ന തിരക്കിലായിരുന്നു ജീവനും സൂരജും . തിരികെ ചെയറിലേക്കിരുന്നു പരസ്പരം നോക്കി ചിരിച്ചതിന് ശേഷം സൂരജ് ഒരു പുസ്തകമെടുത്തു തുറന്നു വായിച്ചു. ജീവൻ അപ്പോളും ക്ലാസ്സിൽ കണ്ട പീലിയുടെ മുഖം ഓർത്തെടുക്കുകയായിരുന്നു. അവൻ തല പുകഞ്ഞ് പലതുമാലോജിച്ചു .

കോളേജിന്റെ പാർക്കിംഗിലേക്ക് ഒരു ബ്ലാക്ക് ഓഡി കാർ ഒരിരമ്പലോടെ വന്ന് നിന്നു. മറ്റു കുട്ടികളെല്ലാം ആരാണ് വന്നതെന്നറിയാൻ ആകാംഷ നിറഞ്ഞു നോക്കി നിൽക്കുകയായിരുന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നൊരു പെൺകുട്ടി ഇറങ്ങി. അവൾ മുഖത്തെ സൺഗ്ലാസ് ഊരി മാറ്റി കോളേജ് മൊത്തത്തിലൊന്നു വീക്ഷിച്ചു. തോളൊപ്പം ലെയർ കട്ട് ചെയ്തിട്ടിരുന്ന മുടി അവൾ കൈ കൊണ്ട് വിടർത്തിയിട്ടു. ഡീപ് ബ്ലൂ നിറത്തിൽ മുടിയിൽ കളർ ചെയ്തിട്ടുണ്ട്. സ്ലീവ്ലസ് ബ്ലാക്ക് ടോപും ഒരു ഹാഫ് സ്‌കർട്ട്മാണ് അവളുടെ വേഷം. വലിയ ആകർഷണീയമായ കണ്ണുകൾ. അതി സുന്ദരിയായ അവളെ എല്ലാവരും അമ്പരപ്പോടെ നോക്കി. ആരെയും മൈൻഡ് ചെയ്യാതെയവൾ നേരെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് നടന്നു. “മേ ഐ കം ഇൻ സർ”?. “യെസ് പ്ലീസ്”. ” ആഹ് മിസ്സ്‌ അന്ന സൂസൻ വർഗീസ്.

ഞാൻ രാവിലെ തൊട്ട് നോക്കിയിരിക്കുവായിരുന്നു.വർഗീസ്‌ വിളിച്ചു പറഞ്ഞിരുന്നു”. ” ആഹ് ഞാൻ മമ്മ യുടെ കല്ലറയിലൊന്നു പോയിരുന്നു. അതാണ് ലേറ്റ് ആയത്”. ” ആഹ് നോർമലി ഇങ്ങനൊരു ട്രാൻസ്ഫർ ഞാൻ പ്രോവൈഡ് ചെയ്യാറില്ല. പിന്നെ കുന്നുമ്മേൽ വർഗീസ്‌ ഒരു കാര്യം പറയുമ്പോൾ എങ്ങനാണ് പറ്റില്ലെന്ന് പറയുക. എന്റെ ഒരാളുടെ ഇന്റെരെസ്റ്റ്‌ കൊണ്ടാണിത്”. “അറിയാം സർ പപ്പ പറഞ്ഞിരുന്നു എന്നോട്”. “എങ്കിൽ അങ്ങനെ ആകട്ടെ. ഞാൻ ക്ലാസ്സ്‌ ഇൻട്രോഡ്യൂസ് ചെയ്ത് തരാം . കം”. സാറിനോപ്പം അന്ന ക്ലാസ്സിലേക്ക് നടന്നു. സെക്കന്റ്‌ എം എ ഇംഗ്ലീഷ് എന്ന് ബോർഡ് എഴുതിയ ക്ലാസ്സ്‌ മുറിക്കുള്ളിലേക്ക് അവർ കയറി. “ഇത് നമ്മുടെ ന്യൂ അഡ്മിഷൻ ആണ്. സാറാ സൂസൻ വർഗീസ്‌. ട്രിവാൻഡ്രത്തെ കോളേജിൽ നിന്ന് ഇങ്ങോട്ടേക്കു ട്രാൻസ്ഫർ ആയി വന്നതാണ്”.

തൊട്ടരികിലിരുന്ന രണ്ട് പെൺകുട്ടികളോട് അന്ന പെട്ടെന്ന് കൂട്ടായി. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി അവൾക്കൊരു പ്രത്യേക ഭംഗി സമ്മാനിച്ചു. വീട്ടിലെ ഓഫീസ് മുറിയിൽ എന്തൊക്കെയോ ഫയൽസ് പരിശോധിക്കുകയായിരുന്നു വർഗീസ്‌.കുന്നുമ്മേൽ എന്ന് വലിയ അക്ഷരത്തിൽ എഴുതിയ ആ ഗേറ്റ് കടന്നു അന്നയുടെ കാർ , പോർച്ചിലേക്ക് വന്ന് നിന്നു. ബംഗ്ലാവ് എന്ന് തോന്നിക്കും വിധത്തിലാണ് ആ വീട് പണിതത്. വർഗീസ്‌ ഒരു വലിയ ബിസിനസ്‌ മാൻ ആണ്. കോടികൾ വിലമതിക്കുന്ന ബിസിനസ്‌ ആണ് ലോകത്തിന്റെ പല ഭാഗത്തായി അയാൾ നട്ടു വളർത്തിയിരിക്കുന്നത്. കുന്നുമ്മേൽ എന്ന തന്റെ സാമ്രാജ്യത്തിലെ കിരീടം വെയ്ക്കാത്ത രാജാവായി തന്നെ വർഗീസ്‌ തലയെടുപ്പോടെ ഇന്നും നിലകൊള്ളുന്നു. മൂത്ത മകൻ ഐദൻ വർഗീസ്‌ എം ബി എ കഴിഞ്ഞ് തന്റെ പപ്പയെ പോലെ ബിസിനെസ്സിലേക്ക് തിരിഞ്ഞു നേട്ടങ്ങൾ കൊയ്യുന്നു. അവൻ ജനിച്ച് 15 വർഷങ്ങൾ കഴിഞ്ഞാണ് അന്ന ജനിച്ചത്. അവളുടെ കുഞ്ഞു പ്രായത്തിൽ വർഗീസിന്റെ ഭാര്യ സൂസൻ മരിച്ചു പോയി. അമ്മ നഷ്ടമായ അന്നയെ അവളുടെ പപ്പയും ഇച്ചായനും ചേർന്നാണ് വളർത്തിയത്. അവളാണീ വീട്ടിലെ രാജകുമാരി. ചെറുപ്പം മുതൽ ലാളനയിൽ വളർന്ന അന്ന ഒരു വാശിക്കാരിയാണ്. ആഗ്രഹിക്കുന്നതെന്തും കൈപ്പിടിയിൽ വന്ന് ചേരണമെന്ന് മാത്രമാഗ്രഹിക്കുന്നവൾ. “പപ്പയുടെ അന്നകൊച്ചു വന്നോ. എങ്ങനുണ്ടാരുന്നു മോളെ ക്ലാസ്സ്‌ ഒക്കെ”.

“ആഹ് കുഴപ്പില്ലാരുന്നു പപ്പാ”. “മോളെ നാളെ തൊട്ട് ഡ്രൈവർ കൊണ്ടാക്കി തരും. തിരിച്ച് വിളിക്കാനും വരും. സെൽഫ് ഡ്രൈവിംഗ് വേണ്ട”. “പറ്റില്ല പപ്പാ. എനിക്ക് ഡ്രൈവ് ചെയ്ത് പോകാനറിയാം”. “നിന്റെ ഡ്രൈവിംഗ് ചില സമയത്ത് വല്ലാത്ത അരഗന്റ് ആണ്”. “പറ്റില്ല എനിക്ക് തന്നെ ഡ്രൈവ് ചെയ്ത് പോയാൽ മതി. അല്ലേൽ നാളെ തൊട്ട് ഞാൻ ഈ വീട്ടിന്നെങ്ങും ഇറങ്ങുന്നില്ല”. അതും പറഞ്ഞു അന്ന ചവിട്ടി തുള്ളി മുകളിലെ തന്റെ റൂമിലേക്ക് കയറി ഡോർ വലിച്ചടച്ചു.രാത്രി ആയപ്പോളാണ് ഐദൻ വീട്ടിലേക്ക് വന്നത്. സിറ്റ് ഔട്ടിൽ ഇരിക്കുന്ന പപ്പയെ കണ്ടതും അവൻ ബിസിനെസ്സ് ഡീലുകളെ കുറിച്ച് ചർച്ച ചെയ്തു . അപ്പോളാണ് അവൻ അന്നയുടെ അസാനിധ്യം മനസിലാക്കിയത്. അല്ലെങ്കിൽ കാറിന്റെ സൗണ്ട് കേൾക്കുമ്പോൾ മറ്റാരേക്കാളും മുൻപേ ഓടി വന്ന് തന്നെ നോക്കി നിറഞ്ഞു ചിരിച്ച് ഇവിടെ നിൽക്കാറുണ്ട്. അവന്റെ പുരികക്കൊടികൾ സംശയത്താൽ ചുളുങ്ങി. “അന്ന എവിടെ പപ്പാ. ഇന്നെന്താണ് പ്രശ്നം”?. “അവൾക്ക് അങ്ങനെ പ്രത്യേകിച്ച് എന്തേലും വേണോ. കോളേജിൽ നാളെ മുതൽ ഡ്രൈവർ കൊണ്ടാകും എന്ന് പറഞ്ഞു . അവൾക്ക് തനിയെ വണ്ടി ഡ്രൈവ് ചെയ്ത് പോകണമെന്ന് വാശിയാണ്”. “അതിനെന്താ പപ്പാ. അവൾ നന്നായി ഡ്രൈവ് ചെയ്യുമല്ലോ”. ” ഡ്രൈവിംഗ് ഒക്കെ നല്ലത് തന്നെയാ.

പക്ഷേ എന്തേലും ദേഷ്യമോ വാശിയോ ഉണ്ടേൽ നിനക്കറിയാല്ലോ. ഒരു നോട്ടവുമില്ലാതെയാ പോക്ക്. കോളേജിൽ എല്ലാ ദിവസവും ആരോടേലും വഴക്ക് ഉണ്ടാക്കുന്നത് പതിവാണല്ലോ. അത് കൊണ്ടല്ലേ ഈ കോളേജിലേക്ക് ഇപ്പോ വരേണ്ടി വന്നത്”. “അതൊക്കെ അവൾ നോക്കിക്കോളും പപ്പാ. എവിടെയാ റൂമിലാണോ?.ഞാൻ ഒന്ന് പോയി നോക്കട്ടെ”. “ക്ലാസ്സ്‌ കഴിഞ്ഞ് വന്ന പാട് റൂമിൽ കയറി കതകടച്ചതാ. ഇത് വരെ ഇറങ്ങിയിട്ടില്ല”. ഐദൻ അടഞ്ഞു കിടന്ന വാതിൽ മെല്ലെ തുറന്നു. റൂമിലാകെ ഇരുട്ട് മൂടികിടക്കുന്നു. അവൻ ലൈറ്റ് ഓണാക്കി ആ റൂം മൊത്തത്തിൽ ഒന്ന് നോക്കി . ചുവരിൽ അന്നയുടെ ചെറുപ്പം മുതൽ ഇത് വരെയുള്ള ഒരുപാട് ചിത്രങ്ങളുണ്ട്. നുണക്കുഴി കാട്ടി വശ്യമായ ചിരിയോടെ തിളക്കമുള്ള കണ്ണുകളുമായി അന്ന ഒരു സുന്ദരിയാണ്. അവൾക്ക് നാല് വയസുള്ളപ്പോളാണ് അത് നടന്നത്. രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങി എണീറ്റപ്പോൾ അന്നയെ വരവേറ്റത് ജീവനില്ലാത്ത മമ്മയുടെ തണുത്തുറഞ്ഞ ശരീരമായിരുന്നു. ഒരു അറ്റാക്കിന്റെ രൂപത്തിൽ ഞങ്ങടെ സന്തോഷത്തെ മുഴുവനായും കവർന്നെടുത്തു കളഞ്ഞിരുന്നു. അവൾക്ക് മമ്മയോടായിരുന്നു അടുപ്പം കൂടുതൽ. മമ്മയുടെ മരണം ആ കുഞ്ഞു മനസ്സിൽ ആഴത്തിൽ മുറിവ് കോറിയിട്ടു. അവൾ അവളല്ലാതെയായി.

ചിരിയില്ല കളിയില്ല ആരെയും മുഖത്തേക്ക് നോക്കുക കൂടി ചെയ്യാതെ അവൾ കഴിച്ച് കൂട്ടി. ആ അവസ്ഥയിൽ നിന്ന് തിരിച്ച് കൊണ്ട് വരാൻ ഞങ്ങൾക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു . ഇന്നീ കാണുന്ന അന്നയിലേക്കുള്ള യാത്ര ദുസ്സഹം നിറഞ്ഞതായിരുന്നു. അതിന് ശേഷം അവളുടെ കണ്ണ് നിറയാൻ അനുവദിച്ചിട്ടില്ല. ചില വാശികളൊക്കെ നല്ലതല്ല എന്നറിയാമായിരുന്നിട്ടും അവൾക് വേണ്ടി മാത്രം ജീവിക്കുന്ന ഞങ്ങൾക്ക് അതെല്ലാം നല്ലത് മാത്രമായിരുന്നു. ഐദൻ അവളുടെ തലയിൽ തലോടി. അവളൊന്നു ഞെരങ്ങി കണ്ണ് തുറന്നു. ശേഷം പിണക്കം ഭാവിച്ചു തിരിഞ്ഞു കിടന്നു. ഐദൻ അവളുടെ മുഖം തനിക്ക് നേരെ തിരിച്ച് വെച്ചു. “എന്റെ അന്ന കുഞ്ഞെന്തിനാ സങ്കടപെടുന്നേ. എല്ലാത്തിനും നമുക്ക് പരിഹാരം ഉണ്ടാക്കന്നെ. ഫ്രഷ് ആയി താഴേക്ക് വാ മോളെ”. “ഇച്ചാ ,പപ്പാ………” “നമുക്ക് സെറ്റ് ആക്കാം. ഇച്ഛനുള്ളപ്പോ എന്റെ കൊച്ചു ടെൻഷൻ അടിക്കേണ്ട. താഴേക്കു വാന്നെ”. ഒരു കണ്ണിറുക്കി മനോഹരമായി പുഞ്ചിരിച്ചു അവളുടെ തലമുടിയിൽ തലോടി ഐദൻ റൂം വിട്ടിറങ്ങി. അന്നയുടെ മുഖത്ത് അപ്പോളൊരു വിജയീ ഭാവമായിരുന്നു. കഴിക്കാനായി അന്ന വന്നിരുന്നപ്പോ വര്ഗീസ് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. “പപ്പാ എന്നെ നോക്കുക ഒന്നും വേണ്ട. എല്ലാത്തിനും എന്റെ ഇച്ഛൻ വേണം.

അല്ലാണ്ട് പപ്പക്ക് ഇപ്പോ എന്നോ ട് ഒരു സ്നേഹവും ഇല്ല”. “ആഹ് ഇനി അത് പറ. എന്ത് കഷ്ടപ്പെട്ടാണ് നിനക്കാ കോളേജിൽ അഡ്മിഷൻ ശെരിയാക്കിയത്. അതും നിന്റെ ഇഷ്ടത്തിന്. തിരുവനന്തപുരത്ത് പോകാൻ നിന്നപ്പോൾ ഞാൻ പറഞ്ഞതല്ലേ ഇവിടെ കോളേജിൽ ചേരാന്നു , അപ്പോ നിനക്കത് പോരാ. എന്നിട്ടിപ്പോ അവിടെ ആരോടോ വഴക്ക് കൂടി ഇങ്ങോട്ട്. എല്ലാത്തിനും കൂടെ നിൽക്കുന്ന എനിക്ക് നിന്നോട് സ്നേഹമില്ലെന്ന് അല്ലെ”?. “പപ്പാ അവൾ വെറുതെ ഇങ്ങനെ ഓരോന്ന് പറയുന്നെന്ന് വെച്ച്. അന്ന കുഞ്ഞേ , കാർ ഒക്കെ കൊണ്ട് പൊക്കോ. പക്ഷേ സൂക്ഷിച്ചു മാത്രം. എവിടേലും എന്തേലും പ്രശ്നം ഉണ്ടാക്കിയാൽ ഉറപ്പായും പിന്നെ തനിയെ പോകാൻ ഇവിടെ ആരും സമ്മതിക്കില്ല കേട്ടോ”. അന്നയുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. അവൾക്കറിയാം തന്റെ ഇച്ഛൻ തന്റെ ഏതാഗ്രഹത്തിനും കൂടെയുണ്ടാകുമെന്ന്. തന്നോട് വഴക്കുണ്ടാക്കിയ നാൻസിയെ ആ കോളേജിൽ നിന്ന് നാണം കെടുത്തി ഓടിച്ചു വിടാൻ തനിക്കൊപ്പം നിന്നതും ഇച്ഛനാണ്.

പപ്പ അറിഞ്ഞാൽ വഴക്കുണ്ടാകുമെന്ന് ഓർത്തു അറിയിച്ചിട്ടില്ല. നാൻസി , അന്നയുടെ ക്ലാസ്സിലെ ഒരു പാവം പെൺകുട്ടിയായിരുന്നു. എല്ലാവരോടും സൗമ്യതയോടെ മാത്രം ഇടപെടുന്നവൾ. അന്ന അവളെ അവളുടെ പഴയ ഡ്രെസ്സിങ്ങിന്റെ കാര്യത്തിൽ കളിയാക്കിയതിനു അവൾ എല്ലാവരുടെയും മുന്നിലിട്ട് അന്നയെ വഴക്ക് പറഞ്ഞു . പണത്തിന്റെ മുകളിൽ കിടന്ന് വളരുന്ന അന്നക് ബുദ്ധിമുട്ടുകൾ അറിയില്ലെന്നും മറ്റും. അവളുടെ അഭിമാനത്തിന് ഏറ്റ അടിയായിരുന്നു അത്. രണ്ട് ദിവസങ്ങൾക്കിപ്പുറം കോളേജ് മുഴുവൻ പരന്ന വാർത്ത നാൻസിയെ ഹോസ്റ്റൽ മുറിയിൽ നിന്നും ഒരാൺകുട്ടിയോടൊപ്പം പിടിച്ചു എന്നതായിരുന്നു. അത് അന്ന ഐദന്റെ സഹായത്തോടെ ചെയ്ത ചതിയായിരുന്നെന്ന് മറ്റാർക്കുമറിയില്ലായിരുന്നു. ഒരു തെറ്റും ചെയ്യാത്ത ഒരു പാവം പെൺകുട്ടിയുടെ ജീവിതം അങ്ങനെ തകർന്നടിയുന്നത് അന്ന ക്രൂരമായ ആനന്തത്തോടെ കണ്ട് രസിച്ചു.

വീട്ടിലേക്ക് പോകും വഴി പീലി ഓർത്തത് മുഴുവൻ സൂരജ് തന്റെ കോളേജിലേക്കാണ് വരുന്നതെന്ന കാര്യം വീട്ടിൽ ആരും തന്നോട് പറഞ്ഞില്ലല്ലോ എന്നാണ്. അവൾ വീട്ടിൽ ചെന്ന പാട് ഡ്രസ്സ്‌ പോലും മാറാതെ അടുക്കളയിൽ സുഭദ്രയ്‌ക്കരികിൽ ചെന്നു. സുഭദ്ര നോക്കിയതും പീലി പിണക്കം നടിച്ച് മറ്റെങ്ങോ നോക്കി നിൽക്കുന്നതാണ്. “എന്താ ഇന്ന് മുഖത്തിനൊരു വീക്കം. ക്ലാസ്സിൽ ആരോടേലും വഴക്കിട്ടോ. അത് പതിവില്ലാത്തതാണല്ലോ. അതോ ഇനി ആരേലും മോളെ വഴക്ക് പറഞ്ഞോ “?. “അമ്മയും കൂടെ ചേർന്നാണോ എന്നോട് ഇങ്ങനെ കാണിച്ചത്”?. “എന്ത് കാണിച്ചെന്ന്.? മോൾ തെളിച്ചു പറ”. “വേണ്ട അമ്മക്കെല്ലാം അറിയാം വെറുതെ എന്നെ പറ്റിക്കണ്ട”. “ഇല്ല പീലി. നീ എന്താണ് പറ”. “സൂരജേട്ടൻ എന്റെ കോളേജിലേക്കാണ് വരുന്നതെന്ന് അമ്മക്കറിയില്ലായിരുന്നോ. അറിഞ്ഞു വെച്ചിട്ട് എന്നോട് പറയാതിരുന്നത് അല്ലെ”. “സൂരജ് , മോൾ പഠിക്കുന്ന കോളേജിലേക്കാണോ വന്നത്.

ഈശ്വര അവനെന്നോട് ഒന്നും പറഞ്ഞില്ലല്ലോ”. “നുണ. സൂരജേട്ടൻ അമ്മയോടെന്തായാലും പറഞ്ഞിട്ടുണ്ടാകും”. “ഇല്ല പീലി അവൻ പറഞ്ഞേൽ ഞാൻ നിന്നോട് പറയില്ലേ. അമ്മയെന്തിനാ എന്റെ കുട്ടിയോട് നുണ പറയണത്’. “മം ഞാൻ സൂരജേട്ടൻ ക്ലാസ്സിലേക്ക് കയറി വന്നപ്പോൾ ഞെട്ടി പോയി”. “ആഹാ അതെന്താ അവൻ ആരോടും പറയാതിരുന്നത്. അത് പോട്ടെ എന്നിട്ട് അവൻ മോളോട് എന്തേലും ചോദിച്ചോ”?. “എന്നെ നോക്കിയിട്ട് വേണ്ടേ അമ്മേ ചോദിക്കാൻ”. പീലിയത് പറഞ്ഞതും ഭദ്രയുടെ മുഖത്ത് സങ്കടം നിറഞ്ഞു. പീലി കാണാതെ അവരാ സങ്കടത്തെ മറച്ചു ചിരിയുടെ മുഖം മൂടിയണിഞ്ഞു. “മോൾ പോയി വേഷമൊക്കെ മാറ്റി വാ . അമ്മ ഇത്രയും നേരം ഇവിടെ ബോർ അടിചിരിക്കുകയായിരുന്നു”. പീലി റൂമിലേക്ക് പോയതും ഭദ്ര ഒരു ദീർഘനിശ്വാസത്തോടെ ജോലിയിലേക്ക് തിരിഞ്ഞു. അമ്മയെ തിരക്കി അടുക്കളയിലേക്ക് വന്ന സൂരജ് പീലിയുടെയും അമ്മയുടെയും സംസാരം കേട്ടു. അവൻ വാതിലിനു മറവിൽ ഒളിച്ചു നിന്നു. പീലി നടന്നു പോകുന്നത് കണ്ടിട്ടാണ് അവൻ മാറിയത്.അവളുടെ നിതംബം മറഞ്ഞു കിടക്കുന്ന മുടിയിലേക്ക് അവന്റെ നോട്ടം പതിച്ചു.

കണ്ണുകളെ ശാസിച്ചു അവന്റെ വരുത്തിയിലാക്കി അടുക്കളയിലേക്ക് നടന്നു. “അമ്മ ഒരു ചായ കിട്ടുമോ നല്ല തലവേദന”. “മം മോൻ ഇന്ന് പീലി മോൾടെ കോളേജിലേക്കാണോ പോയത്”?. “ആഹ് അമ്മേ”. ” എന്നിട്ടെന്താ ഇവിടെ ആരോടും പറയാതിരുന്നത്”?. “അമ്മ ഓർക്കാഞ്ഞിട്ട ഞാൻ മുൻപ് പറഞ്ഞിരുന്നല്ലോ”. “പീലി മോൾ പഠിക്കുന്നിടത്തേക്കാണെന്ന് പറഞ്ഞില്ലല്ലോ. നിനക്ക് അറിയാരുന്നോ മുന്നെ ,പീലി അവിടാണ് പഠിക്കുന്നതെന്ന്”. ” മ്മ്മ്” “മോനെ , അമ്മ ഒരു കാര്യം പറയാം ജീവിതത്തിൽ നഷ്ട്ടപെട്ടു പോയാൽ തിരിച്ച് കിട്ടാത്ത പലതുമുണ്ട്. അതിന്റെ വില നമ്മൾ മനസിലാക്കി വരുമ്പോളേക്കും ഒരിക്കലും കയ്യെത്തി പിടിക്കാൻ കഴിയാത്ത ദൂരത്തിൽ അത് മാറിക്കഴിഞ്ഞിരിക്കും. അമ്മ മോനെ നിർബന്ധിക്കുവാണെന്ന് ഓർക്കരുത്. മോനെ പോലെ അത്ര വിദ്യാഭ്യാസവും അമ്മക്കില്ല. ശെരിയായിട്ടുള്ളത് മാത്രമേ എന്റെ മോൻ ചെയ്യൂന്ന് അമ്മക്കുറപ്പുണ്ട്”. റൂമിലെത്തി കണ്ണടച്ച് കിടക്കുമ്പോൾ ജീവന്റെ മുന്നിലേക്ക് ചിരിക്കുന്ന മുഖവുമായി പീലി കടന്നു വന്നു. അവൻ വേഗം കണ്ണ് തുറന്നു. ആ മുഖം ,ചിരി , കണ്ണുകൾ, എവിടെയോ കണ്ട് മറന്നത് പോലെ. പക്ഷേ എവിടെയാണെന്ന് മാത്രം മനസിലാകുന്നില്ല. അവൻ അവന്റെ ഓർമയിൽ പീലിയുടെ മുഖം തിരഞ്ഞു. ഒടുവിൽ നിരാശയോടെ കണ്ണുകളച്ചു ഉറങ്ങി.

അന്ന് അവന്റെ സ്വപ്നത്തിലും നിറഞ്ഞു നിന്നത് പീലി മാത്രമായിരുന്നു. സോഫയിൽ കണ്ണുകളച്ചു ശാന്തമായി ഉറങ്ങുന്ന പീലിയെ സൂരജ് നോക്കി നിന്നു. ജനലിലൂടെ നിലാവെളിച്ചം അരിച്ചിറങ്ങുന്നുണ്ട്. ആ വെളിച്ചത്തിൽ മുഖത്തൊരു പുഞ്ചിരിയോടെയാണ് പീലി ഉറങ്ങുന്നത്. അവന് അമ്മയുടെ വാക്കുകൾ മനസിലേക്ക് വന്നു.നഷ്ട്ടപെട്ടു പോകുമോ തനിക്ക്???. ഇല്ല ഒരിക്കലുമില്ല നഷ്ട്ടപെട്ടു പോയാൽ അല്ലെ തിരികെ കിട്ടുമോ എന്ന് ചിന്തിക്കേണ്ടതുള്ളൂ. പീലിക്ക് വേണ്ടി അവന്റെ മനസ്സിൽ എന്തൊക്കെയോ എവിടൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്. അത് പക്ഷേ ഒരിക്കലും പ്രണയമല്ല. തനിക്ക് ഇവളോട് ഇത് വരെ പ്രണയം തോന്നിയിട്ടില്ല. അവന്റെ ഉള്ളിന്റെ ഉള്ളിലെ പ്രണയത്തിന്റെ ഉറവ , പൊട്ടി പുറപ്പെടാൻ വെമ്പൽ കൊണ്ട് കിടപ്പുണ്ടായിരുന്നു. തിരക്കുള്ള ട്രാഫിക്. രാഹുൽ ഓഫീസിലേക്ക് പോകാനിറങ്ങിയതാണ്. സിഗ്നൽ തെറ്റിച്ചു കടന്നു വന്ന കാർ അവനെ തട്ടി തെറിപ്പിച്ചു കടന്നു പോയി. അവന്റെ കണ്ണുകളടയും മുൻപ് ചോരയുടെ ചുവപ്പ് തനിക്ക് ചുറ്റും വലയം വെയ്ക്കുന്നത് മാത്രം അവൻ തിരിച്ചറിഞ്ഞു. തുടരും