രചന – നെച്ചു നസ്രിൻ
” വീണേ, വീണേ , നീ എവിടെയാ?. എത്ര നേരായി വിളിക്കുന്നു.”
” എന്താ അമ്മേ??ഞാൻ ഇവിടുണ്ടല്ലോ”.
” നീ ഇങ്ങനെ ഇരിക്കാതെ വേഗം റെഡിയാവാൻ നോക്ക് . ഞാൻ ഇന്നലെ രാത്രി നിന്നോട് പറഞ്ഞതല്ലേ ഇന്ന് നിശ്ചയത്തിനുള്ള ഡ്രസ്സ് എടുക്കാൻ പോകുന്ന കാര്യം”.
“അതിന് സമയം ആകുന്നെയല്ലേ ഒള്ളു. അമ്മ ഇങ്ങനെ ദൃതി പിടിക്കാതെ”.
രാവിലെ തന്നെ നിശ്ചയത്തിനുള്ള ഡ്രസ്സ് എടുക്കാൻ കടയിൽ പോകാനുള്ള തിരക്കിലാണ് രുക്‌മിണി. പീലി അപ്പോളും ജോലിയിലായിരുന്നു.
” ആഹാ ചേച്ചി ഇവിടെ നിക്കുവാണോ?. വേഗം വന്ന് റെഡി ആയി വായോ”.
“ഇല്ല വിച്ചു ഞാൻ ഇല്ല നിങ്ങളൊക്കെ പോയിട്ട് വാ”.
” അത് പറ്റില്ല ചേച്ചിക്കും ഡ്രസ്സ് എടുക്കാനുള്ളതല്ലേ. അപ്പോ പിന്നെ എങ്ങനാ . വേഗം സുന്ദരികുട്ടിയായി വന്നേ”.
വിസ്മയ് പറഞ്ഞത് കേട്ടപ്പോൾ പീലിക്കും ആഗ്രഹമായി അവരുടെ കൂടെ പോകാൻ. അവൾ വേഗം ജോലിയെല്ലാം തീർത്ത് ഉള്ളതിൽ നല്ലൊരു ചുരിദാർ എടുത്തിട്ട് ഒരുങ്ങിയിറങ്ങി. ഉമ്മറത്തേക്ക് വന്നപ്പോൾ എല്ലാവരും ഇറങ്ങാൻ തയ്യാറെടുത്ത് നിൽകുവാണ്. വീണയോട് എന്തോ പറഞ്ഞ് തിരിഞ്ഞു നോക്കിയ രുക്‌മിണി അപ്പോളാണ് പീലിയെ കണ്ടത്.
“അല്ല നീ ഇതെങ്ങോട്ടാ?”.
” അതെന്താ അമ്മേ , നമ്മൾ പോകുന്നിടത്തേക്ക് തന്നെയാ ചേച്ചിയും വരുന്നത്”.
അല്പം നീരസം കലർന്നിരുന്നു വിസ്മയുടെ വാക്കുകളിൽ.
“നീ വന്നാൽ ഇവിടെ പിന്നെ ആരാ ഉള്ളത്. വീടടച്ചിട്ട് എല്ലാരും കൂടി പോയാൽ ശെരിയാകില്ല. നീ ഇവിടെ നിന്നാൽ മതി”.
“അല്ല രുക്‌മിണി. പീലിക്കും എടുക്കണ്ടേ ഡ്രെസ് , അവൾ വന്നില്ലേൽ എങ്ങനാ ശെരിയാകുന്നെ?”.
“ആഹ് ഇത്രേം നാളും അവൾക്കുള്ളത് ഞാൻ തന്നല്ലോ പോയി മേടിക്കാറ്. എന്തേലും വ്യത്യാസം ഉണ്ടേൽ പിന്നെ നോക്കാല്ലോ”.
“പിന്നെ അമ്മ ഇതുവരെ എന്തൊക്കെയാ മേടിച് കൊടുത്തിട്ടുള്ളത്”.
വിസ്മയ് രുക്‌മിണി കേൾക്കാത്ത വിധമാണ് അത് പറഞ്ഞത്.പീലി സങ്കടത്തോടെ വിശ്വനെ നോക്കി. അയാളുടെ മുഖത്തും ദുഃഖം തളം കെട്ടി നിന്നിരുന്നു.
“നോക്കികൊണ്ട് നിൽക്കാതെ ഇറങ്ങാൻ നോക്ക്. നേരം വൈകി”.
രുക്‌മിണി ദൃതിപ്പെട്ടു വീണയേം വലിച്ചു നടന്ന് പോയി.
“ചേച്ചി”.
“സാരമില്ല മോനെ നിങ്ങൾ പോയിട്ട് വാ . അല്ലേലും വീട്ടിൽ ആരുമില്ലാതെ ശെരിയാകില്ല”.
വീണയും രുക്‌മിണിയും പറഞ്ഞ പ്രകാരം ടൗണിലെ ഏറ്റവും വലിയ തുണിക്കടയിലാണ് ഓട്ടോ ചെന്നു നിന്നത്.
“രുക്‌മിണി നമുക്ക് ഏതേലും ചെറിയ കടയിൽ കയറിയാൽ പോരെ. ഇവടൊക്കെ ഒരുപാട് പൈസ ചിലവ് വരും”.
“അതെ , നാലാൾ കൂടുന്നിടത് പെണ്ണിന് നല്ല കോലത്തിൽ തന്നെ നിർത്തണം. അല്ലേൽ ആ വീട്ടുകാർക്കാണ് നാണക്കേട്. നിങ്ങളിങ്ങൊട് വാ “.
രുക്‌മിണി അങ്ങനൊരു കട ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്. വീണയുടെ തീരുമാനം ആയിരുന്നു അത്. കടയ്ക്കുള്ളിൽ കടന്നു ഓരോരുത്തർക്കും ആവശ്യമുള്ള ഡ്രസ്സ് എടുക്കാൻ തുടങ്ങി. രുക്‌മിണിക്കുള്ള സാരീ ആണ് ആദ്യം എടുത്തത്. അത് കഴിഞ്ഞ് വീണക്കുള്ള ദാവണി എടുക്കാനായി നിന്നപ്പോളാണ് സൂരജിനെയും കുടുംബത്തെയും വീണ കാണുന്നത്. അവളുടെ കണ്ണുകൾ വിടർന്നു. അമ്മയെ അവളവരെ വിളിച്ചു കാണിച്ചു.
എന്തോ തിരക്കി നടന്നു വന്ന സുഭദ്രയും അവരെ കണ്ടു . അവർ വേഗത്തിൽ വീണക്കരികിലേക്ക് വന്നു.
“ആഹാ നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ. ഒരുപാട് നേരമായോ വന്നിട്ട്”?.
“ഏയ് ഞങ്ങൾ വന്നേ ഒള്ളു”.
“ആഹ് ഇതാ ഞങ്ങടെ മോൾ. തീർത്ഥ”.
“ആഹ് ഡോക്ടറിനു പഠിക്കുന്ന കുട്ടിയല്ലേ. എന്നാ വന്നത്”?.
“ഞാൻ വന്നിട്ട് കുറച്ചീസം ആയി ആന്റി”.
വീണ താല്പര്യമില്ലാത്ത പോലെ തീർത്ഥയെ നോക്കി ചിരിച്ചു. തീർത്ഥയ്ക്കത് മനസിലാകുകയും ചെയ്തു
“ആഹ് ഇനിയിപ്പോ ഒന്നിച്ചാകാം സെലെക്ഷൻ ഒക്കെ”.
സുഭദ്ര അത് പറഞ്ഞതും രുക്‌മിണി വെളുക്കെ ചിരിച്ച് ഒപ്പം നടന്നു . തൊട്ട് പിറകിലായി വീണയും , അതിന് പിറകിലായി വിശ്വനും പ്രഭാകരനും ഏറ്റവും പിറകിലായി സൂരജും തീർത്ഥയും വിസ്മയും നടന്നു. തീർത്ഥ വീണയെ തന്നെ സൂക്ഷമമായി നിരീക്ഷിക്കുകയായിരുന്നു. അവളുടെ ആറ്റിട്യൂട് തീർത്ഥക്ക് മതിപ്പുളവാക്കും വിധമല്ലായിരുന്നു.
വീണ അവൾക്കായി ഒരു പച്ച നിറത്തിൽ ഹെവി ഹാൻഡ് വർക്ക് ചെയ്ത ദാവണി ആണ് സെലക്ട് ചെയ്തത്. സുഭദ്ര ലൈറ്റ് പിങ്ക് കളർ ദാവണി അവളുടെ ദേഹത്തു വെച്ച് ഭംഗി നോക്കി. അതവൾക്ക് ചേരുന്നുണ്ടായിരുന്നു.
“വീണ മോളെ ഇത് മോൾക്ക് നന്നായി ചേരുന്നുണ്ട്. ഇത് എടുത്താൽ പോരെ. എനിക്കൊരുപാട് ഇഷ്ടമായി. ഇത് നന്നായിട്ടില്ലേ”?.
” ഏയ് ഇത് തീരെ കൊള്ളില്ല എനിക്ക് ഞാൻ സെലക്റ്റുചെയ്ത ആ പച്ച ദാവണി മതി”.
വീണ എടുത്തടിച്ചത് പറഞ്ഞതും സുഭദ്ര വല്ലാണ്ടായി. തീർത്ഥക്ക് അത് കൂടി കേട്ടപ്പോൾ വീണയോട് അനിഷ്ടം തോന്നി. അതവളുടെ മുഖത്ത് വ്യക്തമായിരുന്നു. സുഭദ്ര പിന്നീടൊന്നും പറയാൻ നിന്നില്ല. തീർത്ഥക്ക് സിമ്പിൾ വർക്ക് ഉള്ള ഒരു ലെഹെങ്ക ആണ് എടുത്തത്. എല്ലാവരും ഡ്രസ്സ് എടുക്കുന്ന തിരക്കിലായിരുന്നപ്പോളാണ് സുഭദ്ര പീലിയുടെ അസാന്നിധ്യം മനസിലാക്കിയത്.
“അല്ല രുക്‌മിണി പീലി മോളെ കണ്ടില്ലലോ. എന്ത് പറ്റി വന്നില്ലേ?”.
വിശ്വൻ എന്തോ പറയാനാഞ്ഞതും അതിനെ തടഞ്ഞവണ്ണം രുക്‌മിണി അതിനുള്ള മറുപടി കൊടുത്തു.
“ഏയ് അവൾക്കിങ്ങനൊന്നും വരുന്നത് ഇഷ്ടമല്ല. ഒരു പ്രേത്യേക സ്വഭാവം ആണ് അവളുടെ. ആളുകൾ കൂടുന്നിടത്തൊന്നും വരാൻ മടിയാണ്”.
സുഭദ്രയുടെ മനസിൽ നിരാശയുടെ കരിനിഴൽ വീണു. എല്ലാവർക്കുമുള്ള ഡ്രസ്സ് എടുത്ത് കഴിഞ്ഞ് തിരിച്ചിറങ്ങാൻ നേരമാണ് പീലിക്കുള്ള ഡ്രസ്സ് എടുത്തില്ലല്ലോന്ന് വിശ്വൻ ഓർമിപ്പിച്ചത്. മനപ്പൂർവം മറന്നതാണ് രുക്‌മിണിയും വീണയും.
“അയ്യോ പീലി മോൾക്ക് ഡ്രസ്സ് എടുത്തില്ലേ അപ്പൊ”?.
“ആഹ് അത് സാരമില്ല സുഭദ്രേ ഞങ്ങൾ അവിടുത്തെ ഏതേലും കടയിൽ നിന്ന് അവൾക്കുളത് വാങ്ങിച്ചോളാം”.
ആ മറുപടിയിൽ തൃപ്തരല്ലായിരുന്നു അവർ. തീർത്ഥയുടെ മുഖം സംശയത്താൽ ചുളുങ്ങി.
“ഏയ് ഇവിടെ വരെ വന്നിട്ട് ഒരാൾക്ക് മാത്രം എടുക്കാതെ പോകുമോ”?.
“ആഹ് എങ്കിൽ നിങ്ങൾ ഇവിടിരിക്കു. ഞാനും മോളും പോയി എടുത്തിട്ട് വരാം”.
അതും പറഞ്ഞു അവരെയെല്ലാം താഴെ നിർത്തി രുക്‌മിണിയും വീണയും ലിഫ്റ്റിനടുത്തേക്ക് നടന്നു .
“ആഹ് നാശം പിടിച്ചവളുടെ കാര്യം എല്ലാരും മറന്നെന്നു ആശ്വസിച്ചിരുന്നതാ. ഇത്രേം വലിയ കടയിൽ നിന്നൊന്നും അവൾക്ക് മേടിക്കേണ്ട ആവശ്യമില്ലായിരുന്നു”.
“അമ്മ വാ നമുക്ക് ഏതെലും വിലകുറഞ്ഞ ചുരിദാർ എടുക്കാം”.
ആ കടയിലെ തന്നെ എറ്റവും വില കുറഞ്ഞ കാണാൻ ഒട്ടും ഭംഗിയില്ലാത്ത ഒരു നീല ചുരിദാർ ആണ് പീലിക്ക് വേണ്ടി എടുത്തത്. ബില്ല് അടച്ചു പുറത്തേക്കിറങ്ങാൻ നേരമാണ് സുഭദ്ര ഒരു കവർ കൊണ്ട് വന്നത്. വീണക്കുള്ള എന്തേലും ആണെന്ന് രുക്‌മിണി ഓർത്തു.
“ദാ ഇത് പീലി മോൾക്കുള്ള എന്റെ ഒരു കുഞ്ഞു സമ്മാനം ആണ്. നിശ്ചയത്തിന് ഇടാനായി വാങ്ങിയതാ “.
അതും പറഞ്ഞു അവരാ കവർ നീട്ടിയതും വിസ്മയ് അത് പെട്ടെന്ന് വാങ്ങിച്ചു. അവനറിയാം അമ്മയുടെ കയ്യിൽ കിട്ടിയാൽ ചേച്ചിക്ക് അതൊരിക്കലും പിന്നീട് കിട്ടില്ലെന്ന്. പീലിക്കുള്ള സമ്മാനം എന്ന് കേട്ടതും രുക്‌മിണിയുടെയും വീണയുടെയും മുഖം കറുത്തിരുണ്ടു .
തിരികെ വീട്ടിലെത്തും വരെയും രുക്മിണിയുടെ മനസ്സിൽ അത് മാത്രമായിരുന്നു. വീട്ടിൽ വന്ന പാട് വിസ്മയ് പീലിയെ വലിച്ചു മുകളിലെ മുറിയിൽ കൊണ്ട് പോയി.
“എന്താ വിച്ചു എന്റെ കയ്യിന്ന് വിട് കാര്യമെന്താന്ന് പറയ്”.
“ഇതൊന്ന് പിടിച്ചേ”.
“ഇതെന്താ”?.
“ആദ്യം പിടിക്ക്”.
അവളാ കവർ കയ്യിൽ വാങ്ങിച്ചു.
“ഇത് സൂരജേട്ടന്റെ അമ്മ ചേച്ചിക്ക് വേണ്ടി വാങ്ങി തന്നതാ. ഒരു സമ്മാനം ആണെന്നാ പറഞ്ഞത്. നിശ്ചയത്തിന് ഇടണമെന്ന് പറഞ്ഞു. പിന്നെ അമ്മ എങ്ങാനും ചോദിച്ചാൽ കൊടുത്തേക്കരുത്”.
“അല്ല ആ അമ്മ എന്തിനാ എനിക്കിതൊക്കെ വാങ്ങി തരുന്നത്”.
“ചേച്ചിയോടുള്ള ഇഷ്ടം കൊണ്ടായിരിക്കും. ഇന്ന് വരാത്തത് എന്താന്ന് തിരക്കേം ചെയ്തു”.
“അതിന് അമ്മ എന്നെ കണ്ടിട്ടില്ലല്ലോ”?.
“അതൊന്നും എനിക്കറിഞ്ഞൂടാ”.
“പീലി ,എടീ പീലി”.
“ആഹ് അമ്മ വിളിക്കുന്നു. വാ നമുക്ക് താഴേക്ക് പോകാം”.
വിസ്മയുടെ കൂടെ താഴേക്ക് ചെന്നപ്പോൾ രുക്‌മിണി ഓരോരുത്തരുടെ ഡ്രസ്സ് എടുത്ത് വെയ്ക്കുകയാണ്. ഒരു കവർ പീലിക്ക് നേരെ നീട്ടി രുക്‌മിണി. പീലിയുടെ കണ്ണുകൾ വിടർന്നു. മേശമേൽ വീണയ്ക്കുള്ള ഡ്രസ്സ് തയ്ക്കാൻ വേണ്ടി എടുത്തു വെച്ചേക്കുന്നതവൾ കണ്ടു .
കിടക്കാനായി റൂമിലേക്ക് വന്നപ്പോളാണ് അവൾ ആ കവറുകൾ തുറന്നു നോക്കിയത്. ആദ്യം ചെറിയമ്മ തന്ന കവർ തുറന്നു നോക്കി. കണ്ടപ്പോൾ സങ്കടം തോന്നിയെങ്കിലും ഇതെങ്കിലും കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു അവൾ. അടുത്ത് തുറന്ന് നോക്കിയത് സുഭദ്ര അമ്മ വാങ്ങി കൊടുത്ത് വിട്ടതായിരുന്നു. കവർ പൊട്ടിച്ചു ഡ്രസ്സ് പുറത്തേക്കെടുത്തതും അവളുടെ കണ്ണ് തള്ളി പോയി.
ഡാർക്ക് വയലറ്റ് കളറിൽ സിമ്പിൾ ഗോൾഡൻ സ്റ്റോൺ വർക്ക് വരുന്ന ഒരു ദാവണിയായിരുന്നു അതിനുള്ളിൽ.അവൾക്കത് കണ്ടപ്പോൾ അത്ഭുതം തോന്നി. ഇത് വരെ തന്നെ കണ്ടിട്ടില്ലാത്ത ആ അമ്മയ്ക്കുള്ള സ്നേഹം പോലും ഇവിടുള്ള ആർക്കും തന്നോടില്ലല്ലോ എന്നവൾക്ക് തോന്നി. ഡ്രസ്സ് എല്ലാം ഒതുക്കി വെച്ച് മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
സുഭദ്രയുടെ മനസ്സിലപ്പോൾ താൻ വാങ്ങി കൊടുത്ത ദാവണിയുടുത്ത പീലിയുടെ രൂപം സങ്കൽപ്പിക്കുകയായിരുന്നു. സിറ്റ് ഔട്ടിൽ എന്തോ ഓർത്തോരിക്കുകയായിരുന്നു തീർത്ഥ.
“എന്താ ചിന്നു നീ ഇവിടെ ഒറ്റയ്ക്കിരിക്കുന്നെ”?.
തീർത്ഥയെ വീട്ടിൽ വിളിക്കുന്ന പേരാണ് ചിന്നു എന്ന്.
“ഏയ് വെറുതെ ഇരുന്നെയാ അമ്മേ. ഞാൻ ഒരു കാര്യം ചോദിക്കട്ടെ അമ്മേ”?.
” ഇതെന്താ മുൻകൂട്ടി ഒരു അറിയിപ്പൊക്കെ. ചോദിക്ക്”.
അവൾ അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു കിടന്നുകൊണ്ട് അവരുടെ മുഖത്തേക്ക് ഉറ്റു നോക്കി.
“അമ്മയ്ക്കെന്താ വീണയെ കുറിച്ചുള്ള അഭിപ്രായം”.
” വീണയോ. നിന്റെ ഏട്ടന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടിയാണ്. പേരൊന്നും വിളിക്കണ്ട ഏട്ടത്തീന്ന് വിളിക്കണം”.
“ഏട്ടത്തിയോ അതിന് കല്യാണം കഴിഞ്ഞില്ലല്ലോ.അതുമല്ല അവൾ എന്നേലുംപ്രായം കുറവാ. പിന്നെ എനിക്കങ്ങനത്തെ കാര്യങ്ങളോടൊന്നും താല്പര്യമില്ല”.
” ആയിക്കോട്ടെ. നീ ഇപ്പോ എന്താ അങ്ങനെ ചോദിച്ചത്. ഞങ്ങൾക്കൊക്കെ ഇഷ്ടപെട്ടത് കൊണ്ടല്ലേ നിശ്ചയം വരെ എത്തിയത്”.
” മ്മ്മ്”.
“എന്താ നിനക്ക് വല്ല ഇഷ്ടക്കേടും ഉണ്ടോ”?.
“ഉണ്ടെന്ന് പറഞ്ഞാൽ കല്യാണം വേണ്ടന്ന് വെയ്ക്കില്ലല്ലോ”?.
“ചിന്നു എന്താ മോളെ പ്രശ്നം”?.
“ഒന്നുമില്ലമ്മ എനിക്കെന്തോ ആ കുട്ടീടെ ആറ്റിട്യൂട് അങ്ങോട്ട് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല. ഒരു അഹങ്കാര ഭാവം”.
“ഏയ് നിനക്ക് വെറുതെ തോന്നുന്നയാകും”.
“തോന്നൽ ഒന്നുമല്ല. ഇന്ന് തന്നെ അമ്മ സെലക്ട് ചെയ്ത ഡ്രസ്സ് ഇഷ്ടമല്ലെന്ന് എടുത്തടിച്ച പോലല്ലേ അവൾ പറഞ്ഞത്”.
“അത് മോളെ ഇപ്പോളത്തെ കുട്ടികളൊക്കെ അങ്ങനയല്ലേ . ഇപ്പോ നീ തന്നെ എന്നോട് പറഞ്ഞില്ലേ ഏടത്തീന്ന് വിളിക്കില്ലന്ന് അത് പോലെ ആണെന്ന് വിചാരിച്ചാൽ മതി”.
തീർത്ഥ ആ മറുപടിയിൽ തൃപ്ത ആയിരുന്നില്ല. അവളുടെ മനസിലപ്പോൾ സൂരജിന്റെ ചിരിക്കുന്ന മുഖമായിരുന്നു. അപ്പോളും ആ വീടിന്റെ ബാൽക്കണിയിൽ പലതും സ്വീകരിക്കാൻ വിസമ്മതിക്കാത്ത മനസുമായി ഒരാൾ ഉറങ്ങാതിരിപ്പുണ്ടായിരുന്നു.
*************************************************
അപ്പൊ നാളെയാണ് നിശ്ചയം 😁 കാത്തിരിക്കൂ ❤️❤️❤️❤️

by