19/04/2026

മയിൽപ്പീലി : ഭാഗം 38&39

രചന – നെച്ചു നസ്രിൻ

പീലി വെറുതെ ഇരുന്നപ്പോൾ ഒരു ബുക്ക്‌ എടുത്ത് എന്തൊക്കെയോ വരയ്ക്കാൻ തുടങ്ങി. അവൾ പെൻസിൽ കയ്യിലെടുത്തപ്പോൾ ആദ്യം മനസിലേക്ക് വന്നത് സൂരജിന്റെ മുഖമായിരുന്നു. ഒരു പുഞ്ചിരിയോടെ തന്നെ അവനെ പകർത്തി വരയ്ക്കാൻ അവൾ ശ്രമിച്ചു.അവന്റെ നെറ്റിയിലേക്ക് വീണു കിടക്കാറുള്ള മുടിയിഴകൾ പോലും അവൾ ശ്രദ്ധയോടെ വരച്ചു. അത് വരച്ചിട്ട് ഒടുവിൽ കുറച്ച് നേരം ആ ചിത്രത്തിൽ നോക്കിയിരുന്നു. അറിയാതെ തന്നെ അവളിലൊരു നാണം വിരിഞ്ഞു. അത്രമേൽ പ്രണയത്തോടെ സൂരജിന്റെ ചിത്രത്തിലേക്ക് നോക്കി ചിരിച്ചു. മുറിയിലേക്ക് വന്ന സൂരജ് പീലി അറിയാതെ അവളുടെ പിന്നിൽ വന്ന് നിന്നു. അവളെന്താണ് ചെയ്യുന്നതെന്ന് നോക്കിയതും പീലി പെട്ടെന്ന് തിരിഞ്ഞു നോക്കി. ഇരുന്നിടത്ത് നിന്ന് ചാടിയെണീറ്റ് ബുക്ക്‌ സൂരജ് കാണാതിരിക്കാൻ മറച്ചു പിടിച്ചു.

” അതെന്താ ആ ബുക്കിൽ. ഞാൻ കാണാൻ പാടില്ലാത്തതാണോ?. നോക്കട്ടെ”. “ഏയ്‌ ഇതിലൊന്നുമില്ല. നോട്ട്സ് ആണ്”. “ആണോ എന്നാൽ ഞാനൊന്ന് കാണട്ടെ. ഇങ്ങോട്ടെടുക്ക്”. “ഇല്ലാ സാറിനു കാണാൻ വേണ്ടി ഒന്നുമില്ല. പറഞ്ഞില്ലേ നോട്ട്സ് ആണെന്ന്”. ” അല്ലല്ലോ വേറെന്തോ കള്ളത്തരമുണ്ട്. കാണിച്ചേ”. ” ഇല്ല ഒരു കള്ളത്തരവുമില്ല. ഞാൻ അമ്മ വിളിക്കുന്നോന്ന് നോക്കട്ടെ”. “അമ്മ ആരെയും വിളിക്കുന്നില്ല. മര്യാദക്ക് അതെന്താണ് എന്നെ കൂടി കാണിക്ക്. ഇല്ലേൽ എനിക്ക് കായികപരമായി നേരിടേണ്ടി വരുമെ”. പീലി അവനിൽ നിന്ന് മാറി ഓടാൻ തുടങ്ങിയതും സൂരജ് അവൾക്ക് തടസമായി മുന്നിൽ തന്നെ വന്നു. അവൻ പിറകിലെ അവളുടെ കൈ പിടിച്ച് ബുക്ക്‌ വാങ്ങാൻ ശ്രമിച്ചു. പീലി തന്നാൽ കഴിയുംവിധം പ്രതിരോധിച്ചെങ്കിലും അതെല്ലാം വിഭലമായിരുന്നു.

അവളെ തന്നോട് ചേർത്തു നിർത്തി ബലമായി തന്നെ ആ ബുക്ക്‌ അവൻ വാങ്ങി.പീലി അവനെ നോക്കാനുള്ള ചമ്മലിൽ കട്ടിലിൽ പോയിരുന്നു. സൂരജ് ബുക്കിലെ ഓരോ പേജ് മറിച്ചു നോക്കി. ആദ്യത്തേതിൽ ഒരു കൃഷ്ണന്റെ ചിത്രമായിരുന്നു. തന്റെ രാധയോടൊപ്പം നിൽക്കുന്ന കൃഷ്ണൻ. വീണ്ടും പല ചിത്രങ്ങളും അവൾ വരച്ചിട്ടുണ്ടായിരുന്നു. സൂരജ് എല്ലാം അത്ഭുതത്തോടെ നോക്കി കണ്ടു . ഒടുവിലവന്റെ കണ്ണ് പീലി വരച്ച തന്റെ ചിത്രത്തിൽ എത്തി നിന്നു. അവൻ അവളെ നോക്കി വീണ്ടും ചിത്രത്തിലേക്ക് നോക്കി. അത്രയും മനോഹരമായി അവൾ തന്നെ വരച്ച് വെച്ചിരിക്കുന്നതിൽ അവന് കൗതുകം തോന്നി. പീലി എന്ന പെൺകുട്ടി ഓരോ കാര്യത്തിലും തന്നെ ദിനംപ്രതി അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. “എടൊ താൻ ആളു കൊള്ളാല്ലോ. എന്ത് മനോഹരമായിട്ടാണ് ഓരോ ചിത്രങ്ങളും വരച്ചിട്ടുള്ളത്. ഇനി എന്തൊക്കെ തന്റെ കയ്യിലുണ്ടെടോ. യൂണിവേഴ്സിറ്റി ടോപ്പർ , ഒരുഗ്രൻ കൈപ്പുണ്യക്കാരി ദേ ഇപ്പൊ ഒരു മികച്ച ചിത്രകാരി.

ഇനിയും എന്തൊക്കെ കാണേണ്ടി വരും”?. “കളിയാക്കാതെ സൂരജേട്ടാ.” ” കളിയാക്കുന്നെന്നോ എടൊ ഞാൻ സീരിയസ് ആയി പറഞ്ഞതാ ഓരോ ചിത്രങ്ങൾക്കും ജീവനുള്ളത് പോലെയാണ് തോന്നിക്കുന്നത്. അത്രക്ക് മനോഹരമാണ്”. “അതൊക്കെ പോട്ടെ ഇതെന്താ ഒടുവിൽ എന്നെ വരച്ചു വെച്ചിരിക്കുന്നത്. അതും നന്നായിട്ടുണ്ടല്ലോ. ഓരോ കുഞ്ഞു പോയിന്റും കൃത്യമായി തന്നെ വരച്ചിട്ടുണ്ട്. താൻ അപ്പൊ എന്നെ ഇത്രയുമൊക്കെ ശ്രദ്ധിക്കാറുണ്ടല്ലേ”?. “ഏയ്‌ അങ്ങനൊന്നുമില്ല”. “അത് നുണ. എന്നെ സൂക്ഷിച് നോക്കുന്നൊരാൾക്കല്ലേ ഇത്രയും കറക്റ്റ് ആയി വരയക്കാൻ കഴിയുന്നത്”. പീലി മറുപടിയൊന്നും പറഞ്ഞില്ല. സൂരജ് അവൾക്കരികിലേക്കിരുന്നു. “താൻ എന്നെ ശ്രദ്ധിക്കാറുണ്ടല്ലേ. പേടിക്കേണ്ട ഞാൻ ഇത് ആരോടും പറയില്ല. എന്നോട് തുറന്ന് പറഞ്ഞോ”. ” പോ അവിടുന്ന്”. പീലി എഴുന്നേറ്റ് പോകാൻ ആഞ്ഞതും അവനവളെ കയ്യിൽ പിടിച്ചു ബെഡിലേക്ക് തന്നെയിരുത്തി.

“പറഞ്ഞിട്ട് പോയാൽ മതി. നീയെ ശെരിക്കുമൊരു കള്ളിയാ. ഒന്നും അങ്ങോട്ട് വിട്ട് പറയില്ല. പറയിക്കേണ്ടത് എന്റെ ആവശ്യമായി പോയില്ലേ”. “എന്ത് പറയാണോന്ന്”?. “ഞാൻ അറിയാതെ എന്നെ നോക്കാറില്ലേ. എന്നോട് ചെറുതായൊരു ഇഷ്ടമൊക്കെ അവിടവിടായി തോന്നാറില്ലേ”?. “ഞാൻ സൂരജേട്ടനെ കുറച്ച് നാളായില്ലേ കാണാൻ തുടങ്ങിയിട്ട് അത് മാത്രമല്ല ആ ഫോട്ടോയിൽ നോക്കിയാ ഞാൻ ഇത് വരച്ചത്”. ചുവരിൽ തൂക്കിയിട്ടിരുന്ന ഒരു ഫോട്ടോ ചൂണ്ടി കാണിച്ചാണ് അവളത് പറഞ്ഞത്. സൂരജിന്റെ മുഖത്ത് നിരാശ നിറഞ്ഞു. പീലി അത് ശ്രദ്ധിച്ചു. അവളിൽ കുസൃതി നിറഞ്ഞു. “ഓഹ് ആയിക്കോട്ടെ ഞാൻ ഇനി ചോദിക്കാൻ വരുന്നില്ല”. അവനെണീറ്റ് പോകുന്നത് പീലി നോക്കിയിരുന്നു.ആഹാരം കഴിക്കാനിരുന്നപ്പോളും രാത്രി കിടക്കാനായി റൂമിലേക്ക് വന്നപ്പോളും സൂരജ് പീലിയെ നോക്കിയതേയില്ല.

അവൾക്ക് ചിരി വന്നു. പീലി മുറിയിലേക്ക് വരുന്നത് കണ്ടതും സൂരജ് ബാൽക്കണിയിലേക്ക് പോയി. തൊട്ട് പിറകെ അവളും പോയി ആട്ടുകട്ടിലിൽ അവനൊപ്പം ഇരുന്നു. അവനവളെ ശ്രദ്ധിച്ചതേയില്ല. “മഴയുണ്ടെന്ന് തോന്നുന്നല്ലോ. മാനം കറുത്തിരിക്കുന്നു. അല്ലെ സൂരജേട്ടാ”?. “ആഹ് എനിക്കറിയില്ല.” “അതെ ഇതത്ര നല്ല സ്വഭാവം അല്ല കേട്ടോ”. ” എന്ത്”?. “അല്ല ഇപ്പോ എന്നോട് മുഖം വീർപ്പിക്കുന്നതെന്തിനാ”?. ” ഞാൻ ആരോടും മുഖം വീർപ്പിച്ചില്ല”. “ഉവ്വേ എനിക്കത് മനസിലാകുന്നേയില്ലല്ലോ”. ” ഒരു കോളേജിലെ അധ്യാപകനാണെന്നുള്ള വല്ല ചിന്തയും ഉണ്ടോ. നഴ്സറി പിള്ളേരെ പോലെ. ശേ മോശം”. “ഹോ ഞാനങ്ങ് സഹിച്ചു”. “ഞാൻ സമ്മതിച്ചാൽ പ്രശ്നം തീരുമോ”? അവനൊന്നും മിണ്ടിയില്ല. “ഞാൻ ഏട്ടൻ അറിയാതെ ഏട്ടനെ ശ്രദ്ധിക്കാറുണ്ട് അത് കൊണ്ടല്ലേ അത്രക്കും ഡീറ്റൈൽ ആയി. വരയ്ക്കാൻ പറ്റിയത്”. അത് പറഞ്ഞതെ പീലിക്കോർമ്മയുള്ളൂ. സൂരജ് അവളെ കയ്യിൽപിടിച്ചു വലിച്ചു അവനിരികിലേക്ക് അടുപ്പിച്ചു.

അവർ തമ്മിൽ കാറ്റ് കടന്ന് പോകാനുള്ള അകലം മാത്രം. ” ഇനി പറയ് ഞാൻ കേൾക്കട്ടെ”. ” സൂരജേട്ടാ വിട് ഞാൻ പറഞ്ഞോളാം”. ” ഇപ്പോ പറയണം. എന്റെ കണ്ണിൽ നോക്കി പറയണം. എന്നെ ഇഷ്ടമല്ലേ നിനക്കെന്ന്”. “അത് അത് പിന്നെ” സൂരജിന്റെ മുഖം അടുത്ത് വരുന്നതറിഞ്ഞതും പീലിയിലൊരു വിറയൽ വന്നു. സൂരജ് അവളെ പൊതിഞ്ഞു പിടിച്ചു. “പറയൂ ഇനി കള്ളം പറഞ്ഞു ഒഴിഞ്ഞ് പോകാൻ ഞാൻ വിടില്ല”. വീണ്ടും അവൻ അവളിലേക്ക് അടുത്ത് വന്ന നേരത്താണ് സൂരജിന്റെ ഫോൺ റിങ് ചെയ്തത്. അവർ ഞെട്ടിയടർന്നു മാറി. പീലി ദീർഘമായൊന്ന് ശ്വസിച്ചു. സൂരജ് അവളുടെ അടുത്തേക്ക് വരുമ്പോൾ പ്രതികരിക്കാൻ പോലും കഴിയാത്ത വിധം താൻ തളർന്നു പോകുന്നതവൾ തിരിച്ചറിഞ്ഞു. സൂരജ് അമർഷത്തോടെ ഫോൺ സ്ക്രീനിലേക്ക് നോക്കിയതും അഭി എന്ന് പേര് കണ്ടു.

“ഹലോ” “എന്താടാ” “ഏഹ് നീ എന്താ ഇഞ്ചി വല്ലതും കടിച്ചോ? വല്ലാത്ത ദേഷ്യം പോലെ”. “ഓഹ് നിനക്ക് ഇത്രയും നേരമൊന്നും വിളിക്കാൻ മേലാരുന്നോ ശവം”. “ആഹ് ഇപ്പോ പിടി കിട്ടി ഇഞ്ചി കടിക്കാൻ പറ്റാത്തതിന്റെ ദേഷ്യമാണെന്ന് സോ സോറി മാൻ. ഞാൻ ആ കുരിശിന്റെ കാര്യമറിയാൻ വിളിച്ചതാണ്. എന്തായി”. “ആഹ് നിന്റെ അമ്മായി അപ്പൻ പെറ്റു. വെച്ചിട്ട് പോടാ ദ്രോഹി”. ” വാവൂ നൈസ് അപ്പോ ഓക്കേ ബൈ” “ശേ. മനുഷ്യൻ കഷ്ടപ്പെട്ട് ഒന്ന് സെറ്റ് ആക്കി കൊണ്ട് വരും എങ്ങനേലും അത് കുളമായി കിട്ടും”. പീലി തിരികെ മുറിയിലേക്ക് വന്ന് സോഫയിലേക്ക് കിടക്കാനായി പോയി. സൂരജ് അവളോട് എങ്ങനെ പറയുമെന്ന് ചിന്തയിലായിരുന്നു. സോഫയിലുള്ള കിടത്തം നിർത്തണമെന്ന് കരുതിയിട്ടു കുറച്ചായി പക്ഷേ അതെങ്ങനെ നടത്തുമെന്ന് അവൻ കൂലം കശമായി ചിന്തിച്ചു.

എത്ര പക്വത എത്തിയാലും പ്രണയത്തിൽ ആയാൽ എല്ലാവരും കുറച്ച് പൈങ്കിളി ആകുമല്ലോ.പീലി കിടന്നു. റൂമിലെ ലൈറ്റ് അണഞ്ഞു. പെട്ടെന്നാണ് സൂരജ് അയ്യോ എന്ന് നിലവിളിച്ചത്. പീലി സോഫയിൽ നിന്ന് ചാടിയെണീറ്റ് ടേബിൽ ലാംബിട്ടു. “എന്താ സൂരജേട്ടാ എന്ത് പറ്റി.”? “അറിയില്ല പെട്ടെന്നൊരു നെഞ്ച് വേദന” “അയ്യോ നമുക്ക് ഹോസ്പിറ്റലിൽ പോകാം ഞാൻ അച്ഛനോട് പറയാം”. “ഏയ്‌ അത് വേണ്ട ഇത് ചിലപ്പോ മാറും”. “വേണ്ട എനിക്ക് പേടിയാകുന്നു”. ” ഇല്ലെടോ ചെറിയ വേദനയാ. താൻ ഒന്ന് തടവി തരുമോ”?. പീലി വളരെ പതിയെ അവന്റെ നെഞ്ചുഴിഞ്ഞു. സൂരജ് ഉള്ളാലെ ചിരിച്ചു. കുറച്ച് നേരം കടന്ന് പോയി. “ഇപ്പോ കുറവുണ്ടോ”?. “ആഹ് നല്ല ആശ്വാസം.വേദന മാറി”. “ഹോസ്പിറ്റലിൽ പോകണോ ഇനിയൊന്ന്”?. “വേണ്ട വേദന മാറിയല്ലോ”. ” എങ്കിൽ ഏട്ടൻ നേരെ കിടന്നോ”? അവളെണീറ്റ് പോകാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ പിടിച്ച് വെച്ചു.

“അതെ താൻ ഇനിയിപ്പോ അവിടെ പോയി കിടക്കേണ്ട. എങ്ങാനും എനിക്ക് വേദന വന്നാലോ. ഇപ്പോ കണ്ടില്ലേ താൻ തടവിയപ്പോളാ മാറിയത്”. ” ഞാൻ പിന്നെ എന്ത് ചെയ്യാനാ”. “ഇവിടെ കിടക്കാലോ. ഇത്രയും വലിയ ബെഡ് അല്ലെ”. “ഇവിടെയോ”?. ” ഞാൻ മുന്നെ പറഞ്ഞതാണ് ഒരു ബെഡിൽ കിടന്നെന്ന് വെച്ച് ഞാൻ തന്നെ പിടിച്ച് വിഴുങ്ങില്ലെന്ന്”. പീലി മടിച്ച് മടിച്ച് അവനൊപ്പം എന്നാൽ കുറച്ചകലത്തിൽ കിടന്നു. സൂരജ് അവൾക്കഭിമുഖമായി കിടന്ന് അവളെ നോക്കി. പെട്ടെന്നാണ് പീലിക്കത് മനസിലായത്. “അതെ ഏട്ടന് ശെരിക്കും വേദന വന്നിരുന്നോ”?. “അതെന്താ അങ്ങനെ ചോദിക്കുന്നെ”?. “അല്ല എനിക്കിപ്പോ തോന്നുന്നത് ഞാൻ ഇവിടെ കിടക്കാൻ വേണ്ടി ഏട്ടൻ വേദനയാണെന്ന് കള്ളം പറഞ്ഞെന്ന”. ” ഏയ്‌ അങ്ങനൊന്നുമില്ല”. ” സൂരജേട്ടാ സത്യം പറഞ്ഞോ , ഇല്ലേൽ ഞാനാ സോഫയിൽ തന്നെ പോയി കിടക്കും ” “അത് ചെറുതായിട്ട് കുഞ്ഞായിട്ട് ഒരു വേദന വന്നിരുന്നു ” “കള്ളത്തരം കാണിക്കുന്നത് ഞാനല്ല ഏട്ടനാ”.

” ആഹ് എനിക്ക് തന്നെ ആ സോഫയിൽ ഇനിയും കിടത്താൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു അതാ. ഇനി മുതൽ എന്നും നമ്മളിങ്ങനെയാ കിടക്കുന്നത് ഇനി എന്തെങ്കിലും അറിയാനുണ്ടോ”. പീലി പരിഭവത്താൽ മുഖം കൂർപ്പിച്ചു. “കണ്ണടച്ചു കിടന്ന് ഉറങ്ങെടി. ഉണ്ടക്കണ്ണും തുറന്ന് കിടക്കുവാ”. “ഞാൻ കോളേജിൽ പോയി രേഷ്മയോടൊക്കെ പറഞ്ഞു കൊടുക്കും സൂരജേട്ടൻ ഇങ്ങനൊക്കെ ആണെന്ന്”. പെട്ടെന്നാണ് സൂരജ് അവൾക്ക് മീതെ കിടന്നത്. അവളുടെ ശരീരത്തു മുട്ടാതെയാണ് അവൻ കിടന്നത്. പീലി ഞെട്ടിപ്പോയി. അവൾ ശ്വാസം പോലും വിടാതെ അവനെ നോക്കി കിടന്നു. “പീലി പ്രണയം എപ്പോളും പൈങ്കിളി ആണ്. പ്രണയത്തിലാകുമ്പോൾ അത് വരെയുള്ള രീതികളൊക്കെ വ്യത്യാസം വരും. പ്രണയത്തിന് ഒരുവനെ സഹസിക്കാനാക്കാനും കഴിവുണ്ട്”. അവളൊന്നും സംസാരിക്കാൻ അശക്തയായിരുന്നു. “എന്തായാലും രേഷ്മയോട് നീ എല്ലാം പറയില്ലേ എങ്കിലേ ഇത് കൂടി ചെന്ന് പറയ്”. അവൻ അവളിലേക്ക് ആഞ്ഞതും പീലി കണ്ണുകൾ ഇറുക്കെ അടച്ചു.

അവൻ അവളെ നോക്കി ചിരിച്ചു ശേഷം മാറി കിടന്നു. പീലി അപ്പോളും കണ്ണടച്ചു കിടക്കുകയായിരുന്നു. “അതെ കണ്ണ് തുറന്നോ ഞാൻ ഇവിടെ വന്ന് കിടന്നിട്ട് കുറച്ച് നേരമായി. ഇന്നിപ്പോ വെറുതെ വിടുവാ. ഇനിയും എന്തേലും പറഞ്ഞു എന്നെ പ്രോവൊക്ക് ചെയ്താൽ എന്റെ ഒരേയൊരു ഭാര്യയാണ് എന്നുള്ള കാര്യം ഞാനങ്ങു മറക്കും. അപ്പൊ എന്റെ ഭാര്യ കണ്ണടച്ചു ഉറങ്ങിക്കോ. ഗുഡ് നൈറ്റ്. ഉമ്മ”. ഒരു കിസ്സ് അവൾക്ക് പറത്തി വിട്ടിട്ടാണ് അവൻ കണ്ണടച്ചത്. ഇത് വരെ താൻ അറിഞ്ഞ സൂരജേട്ടൻ അല്ല ഇപ്പോ തനിക്ക് മുന്നിലുള്ളതെന്ന് അവൾ മനസിലാക്കി. തനിക്ക് പ്രണയിക്കാനും തന്നെ പ്രണയിക്കാനും ഇനിയെന്നും സൂരജ് തന്നോടൊപ്പം ഉണ്ടാകുമെന്നു ചിന്ത അവളെ കൂടുതൽ തരളിതയാക്കി. സൂരജ് രാവിലെ കുളിചിട്ട് റൂമിലേക്ക് വന്ന് ഡ്രസ്സ്‌ ചെയ്ത് നിക്കുമ്പോളാണ് പീലി അവിടേക്ക് വന്നത്. സൂരജ് അവിടെ നിൽക്കുന്നത് കണ്ട് അവനുള്ള ചായ എടുത്ത് തിരിഞ്ഞതും അവളുടെ കയ്യ് വിറച്ച് ചായ കുറച്ച് താഴെ വീണു.

കുറച്ചവളുടെ വസ്ത്രത്തിലും വീണു. അത് വൃത്തിയാക്കാനായി ബാത്‌റൂമിൽ നിന്ന് ബക്കറ്റ് എടുത്ത വഴിയിൽ സോപ്പിന്റെ വഴുക്കലിൽ തെന്നി പീലി താഴെ വീണു. വീഴാതിരിക്കാൻ പിടിച്ചത് പൈപ്പിലായതിനാൽ പാമ്പ് കടിച്ചവന്റെ തലയിൽ തേങ്ങ വീണെന്ന് പറയും പോലെ പൈപ്പ് പൊട്ടി വെള്ളം ദേഹത്തേക്ക് ചീറ്റി. സൂരജ് സൗണ്ട് കേട്ട് വന്ന് നോക്കുമ്പോൾ നനഞു കുളിച്ച് നിലത്ത് കിടക്കുന്ന പീലിയെ ആണ് കണ്ടത് . അവനവളുടെ അടുത്തേക്ക് നടന്നു. “ഇതെന്താ ?.അല്ല കിടന്ന് കുളിക്കാൻ ആഗ്രഹമുണ്ടേൽ പറഞ്ഞാൽ മതിയാരുന്നല്ലോ നമുക്കൊരു ടബ് വെക്കാമായിരുന്നു. ഇങ്ങനെ തറയിലൊക്കെ കിടക്കണോ”?. പീലിക്ക് അവന്റെ സംസാരം കേട്ട് ചെറുതായി ദേഷ്യം വന്നു. അവൾക്കരികിലേക്ക് നടന്നു വന്നതും സൂരജും തെന്നി അവളുടെ മേലേക്ക് തന്നെ വീണു. ” ഓഹോ വാങ്ങിക്കാമെന്നേറ്റ ടബ് ഇപ്പോ ഇവിടെ ആക്കിയോ”?. അവന് കാര്യം മനസിലായതും ഒരളിഞ്ഞ ചിരി പാസ്സ് ആക്കി. അവൻ പയ്യെ എണീറ്റ് അവളെ പിടിച്ചെണീപ്പിച്ചു.

പൈപ്പിൽ നിന്ന് വെള്ളം വീണ് ഇരുവരുടെ ദേഹവും നനഞ്ഞു. സൂരജിന്റെ കണ്ണ് വെള്ളത്തുള്ളികൾ പറ്റിയിരിക്കുന്ന പീലിയുടെ മുഖത്തേക്കും കഴുത്തിലേക്കും പതിഞ്ഞു. അവൾക്കും അവനെ നോക്കാൻ കഴിഞ്ഞില്ല. നനവ് പറ്റിയ നെഞ്ചിലെ ആ മാലയിലേക്ക് അവൾ ഇടക്കൊന്നു പാളി നോക്കി. സൂരജ് ഏതോ ഒരു പ്രേരണയാൽ അവളെ തന്നിലേക്ക് ചേർത്തു. നനഞ്ഞ മുടിയിഴകൾ മുഖത്ത് നിന്ന് വകഞ്ഞു മാറ്റി. അവളുടെ മുഖം പിടിച്ചുയർത്തി. അവളുടെ കണ്ണിലേക്കു നോക്കും തോറും പല വികാരങ്ങളും തന്നെ കീഴ്പ്പെടുത്തുന്നത് അവൻ അറിഞ്ഞു. അവൻ ആ വികാരങ്ങൾക്ക് കടിഞ്ഞാൺ ഇട്ടു കൊണ്ട് ഒരു പുഞ്ചിരിയോടെ അവളുടെ കണ്ണിലൊന്ന് ഊതി. ശേഷം അവൾക്ക് തുടയ്ക്കാനുള്ള ടവൽ എടുത്ത് കൊടുത്തു. പീലിയും താളം തെറ്റിയ ഹൃദയത്തെ വരുതിയിലാക്കാനുള്ള തന്ത്രപ്പാടിലായിരുന്നു. അവളുടെ പൂർണ്ണ സമ്മതമില്ലാതെ അവളെ ഒന്ന് ചുബിക്കാൻ പോലും അവന്റെ മനസ്സനുവദിച്ചില്ല.അപ്പോളും അവൻ അവളെ ആഴത്തിൽ പ്രണയിച്ചു കൊണ്ടിരുന്നു. “ജീവിക്കുന്ന ഓരോ നിമിഷങ്ങളിലും ഞാൻ നിന്നെ കുറിച്ച് ഓർക്കുന്നു അല്ലെങ്കിൽ നിന്നെ കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിൽ മാത്രം ഞാൻ ജീവിക്കുന്നു” (കടപ്പാട് : എം. ടി ) തുടരും