രചന – നെച്ചു നസ്രിൻ
വീട്ടിലേക്ക് വന്നതും രേഷ്മ വേഗത്തിൽ റൂമിലേക്ക് കയറി കതകടച്ചു.എന്താ കാര്യമെന്നു രാഹുലിനൊഴികെ മറ്റാർക്കും അറിയില്ലായിരുന്നു. എന്നാൽ റോഡിൽ വെച്ച് ആനന്ദിനെ മറ്റൊരു പെൺകുട്ടിയോടൊപ്പം കണ്ടതിനു ശേഷം രേഷ്മ ആകെ അസ്വസ്ഥയായിരുന്നു എന്ന കാര്യം അവൻ തിരിച്ചറിഞ്ഞു.
കുഞ്ഞു നാൾ മുതൽ താൻ താലോലിച്ചു വളർത്തിയ തന്റെ പെങ്ങളുടെ ഓരോ കുഞ്ഞു വ്യത്യാസങ്ങളും അവന് പെട്ടെന്ന് മനസിലാകും.അവൾക്ക് ആനന്ദിനോടുള്ള ഇഷ്ടം പലതവണ അവളുടെ കണ്ണിലൂടെ താൻ വായിച്ചെടുത്തതാണ്. രേഷ്മയുടെ അവസ്ഥയിൽ അവന് സങ്കടം ഉണ്ടായെങ്കിലും അവൾ കുറച്ച് നേരം ഒറ്റക്കിരുന്നോട്ടെ എന്നവനും ഓർത്തു.
ദേഷ്യവും നിരാശയും ഒരു പോലെ രേഷ്മയെ കീഴടക്കി . അവളുടെ കണ്ണിലപ്പോളും സാധികയോട് ചിരിച് സംസാരിക്കുന്ന ആനന്ദിന്റെ ചിത്രമായിരുന്നു നിറഞ്ഞു നിന്നത്.എപ്പോൾ മുതലാണ് താൻ ആനന്ദിനെ ശ്രദ്ധിച്ച് തുടങ്ങിയത് , അറിയില്ല.തന്റെ പൊട്ടിത്തെറിച്ച സ്വഭാവം കണ്ട് ഒരുപാട് പേർ ഇഷ്ടം പറഞ്ഞ് പിറകെ വന്നിട്ടുണ്ട് പക്ഷെ അവരോടൊന്നും തോന്നാത്ത ഒരിഷ്ട്ടം അവനോട് തോന്നിയിട്ടുണ്ട്. അത് കൊണ്ടാണ് അവനോട് അടികൂടുന്നതും പിണങ്ങുന്നതും.
അവൻ കൂടെയുള്ളപ്പോൾ താൻ സ്വയം മറന്നു അവനിൽ മാത്രം മുഴുകാറുണ്ട് .മറ്റൊരു പെണ്ണിനോട് ചേർത്ത് തനിക്കൊരിക്കലും അവനെ കാണാൻ സാധിക്കില്ല.ആ ഓർമയിൽ അവളുടെ ഇരുകണ്ണും നിറഞ്ഞൊഴുകി.തലയിണയിൽ മുഖമമർത്തി സങ്കടവും പരിഭവവും ഒഴുക്കി കളഞ്ഞു.
അന്ന് രേഷ്മ റൂമിനു പുറത്തേക്കിറങ്ങിയതേയില്ല. അമ്മ കഴിക്കാൻ വിളിച്ചെങ്കിലും വിശപ്പില്ലെന്നു പറഞ്ഞ് അവൾ ആ മുറിയിൽ തന്നെ കഴിച്ച് കൂട്ടി. ഒരുപാട് തവണ ആനന്ദ് വിളിച്ചെങ്കിലും അവൾ കാൾ എടുത്തില്ല.
രുക്‌മിണി വാ തോരാതെ സൂരജിനെയും വീട്ടുകാരെ കുറിച്ച് പറഞ്ഞ് കൊണ്ടേയിരുന്നു. വീണയുടെ മുറിയിൽ അവളുടെ ബെഡിലിരിക്കുകയാണവർ.
“ഹോ സതീശൻ പറഞ്ഞെങ്കിലും ഞാൻ ഇത്രക്കങ്ങ് പ്രതീക്ഷിച്ചില്ല.ആ ചെക്കന്റെ നടപ്പും മട്ടും ഒക്കെ നീ കണ്ടില്ലേ.വെല്യ കുടുംബക്കാരാണ്. ആ അമ്മയുടെ കയ്യിലും കഴുത്തിലുമൊക്കെ എന്തോരം സ്വർണ്ണമാണ്. ആ സാരീ തന്നെ നല്ല വില വരും”.
“ഏഹ് അമ്മ അതൊക്കെയാണോ നോക്കിയത്”?.
“പിന്നല്ലാതെ നല്ലൊരു സാരീ ഞാനുടുത്തിട്ട് എത്ര നാളായീ.ആ വീട്ടിലേക്ക് മരുമകളായി ചെന്ന് കേറാൻ പറ്റിയാൽ അത് നിന്റെ ഭാഗ്യമാണ്.അവർക്ക് ഇഷ്ട്ടപെട്ടെന്ന് സമ്മതം അറിയിച്ചാൽ മതിയായിരുന്നു”.
“അതിന് ഇഷ്ടപ്പെടാണ്ടിരിക്കാൻ മാത്രം എനിക്കെന്താ കുഴപ്പം”?.
“ഹാ എല്ലാം ഒത്തുവന്നാൽ മതിയായിരുന്നു”.
പീലി അവളുടെ മുറിയിൽ നാളെ കോളേജിലേക്കുള്ള നോട്സ് ഒക്കെ എടുത്തുവെക്കുവായിരുന്നു.അവളുടെ മനസിലപ്പോൾ വീണയുടെ വിവാഹത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു.
ഇത്രയും പെട്ടെന്ന് അച്ഛനെങ്ങനെ കല്യാണത്തിനുള്ള പൈസ ഒക്കെ റെഡി ആക്കുമെന്ന് അവളോർത്തു. ഈ വീടൊഴികെ അവളുടെ അറിവിൽ അച്ഛനു വേറെ സമ്പാദ്യങ്ങളൊന്നും തന്നെയില്ല.അച്ഛനൊരുപാട് ബുദ്ധിമുട്ടേണ്ടി വരുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.എന്നാൽ രുക്‌മിണി സൂരജിന്റെ വീട്ടുകാരെ കണ്ടതിലെ സന്തോഷത്തിലായിരുന്നു. എങ്ങനെ ഈ കല്യാണം നടത്തുമെന്നൊന്നും അവർ ചിന്തിച്ചില്ല.
“ആ കുട്ടി വലിയ കുഴപ്പമില്ല അല്ലേ ഭദ്രേ. സൂരജിന് ചേരുന്നുണ്ട്”.
എന്തോ ചിന്തയിലിരുന്ന സുഭദ്ര ഭർത്താവ് ചോദിച്ചത് കേട്ടില്ല.
“ഭദ്രേ നീ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ”?.
“ഏഹ് , എന്താ പ്രഭേട്ടാ ചോദിച്ചത്?. ഞാൻ ശ്രദ്ധിച്ചില്ല”.
“ആഹാ താൻ ഇവിടൊന്നുമല്ലേ . നമ്മളിന്ന് കണ്ട ആ മേലേടത്തെ കുട്ടി നല്ലതല്ലെന്ന്”.
“ആഹ് നല്ല കുട്ടിയാണ് ഏട്ടാ. വീട്ടുകാരും നല്ല കൂട്ടരാ “.
” അപ്പോ നാളെ വിളിച്ചു സമ്മതം അറിയിക്കാം . ജാതകപൊരുത്തം നോക്കാൻ പറയാം അല്ലെ”?.
“ആഹ് അങ്ങനെ ചെയാം ഏട്ടാ”.
” എടൊ തനിക്കിതെന്തു പറ്റി.എന്തൊക്കെയോ ചിന്തിച്ചു കൂട്ടുവണല്ലോ”.
” അത് , ഞാൻ അവിടുത്തെ മൂത്തകുട്ടിയെ കുറിച്ച് ചിന്തിക്കുവായിരുന്നു . നമ്മൾ ഒന്ന് കണ്ടില്ലല്ലോ അതിനെ. ആ പലഹാരത്തിനൊക്കെ ഒരു പ്രത്യേക സ്വാദായിരുന്നല്ലോ. നല്ല കൈപ്പുണ്യമുള്ള കുട്ടിയാ.ആ മോളെ ഒന്ന് കാണണമെന്നുണ്ടായിരുന്നു”.
“അതാണോ , നമ്മളിന്നിപ്പോ വീണ മോളെ അല്ലെ കാണാൻ ചെന്നത്. ആ കുട്ടിയെ കാണാൻ ഇനിയും സമയം ഉണ്ടല്ലോ തലപോകുന്ന കാര്യമല്ലല്ലോ. താൻ പോയി കഴിക്കാൻ എടുത്തു വെയ്ക്കു”.
ഭദ്രയുടെ മുഖം അപ്പോളും തെളിഞ്ഞിട്ടില്ലായിരുന്നു. പീലിയെ കാണാൻ അവരുടെ മനസ്സ് വല്ലാതെ കൊതിച്ചു.
അത്താഴം കഴിക്കുന്ന സമയത്ത് സൂരജിനോട് സംസ്കാരത്തിന് തുടക്കമിട്ടത് പ്രഭാകരൻ ആയിരുന്നു.
“മോനെ നിനക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടോ.മോന്റെ അഭിപ്രായം അറിഞ്ഞിട്ട് അവരെ വിളിച്ചറിയിക്കാനാണ്.ഞങ്ങൾക്ക് എന്തായാലും ഈ ബന്ധം ഇഷ്ടപ്പെട്ടു”.
” എനിക്ക് ഇഷ്ടകേടൊന്നുമില്ല അച്ഛാ. അച്ഛനും അമ്മയും ആലോചിച്ചൊരു തീരുമാനം എടുത്തോളൂ”.
സൂരജിന്റെ മറുപടിയിൽ അച്ഛനും അമ്മയും തൃപ്തരായിരുന്നു.
കഴിച്ചെണീറ്റ് റൂമിലെ ബാൽക്കണിയിലേക്ക് വന്നതായിരുന്നു സൂരജ്.അവൻ ബീൻ ബാഗിലെക്ക് അമർന്നിരുന്നു.വെറുതെ ആകാശത്തിലേക്ക് നോക്കി. നിലാവെളിച്ചം മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങി വരുന്നുണ്ട്.അവന്റെ മനസ്സ് പലവിധ ചിന്തകളാൽ കലുഷിതമായിരുന്നു.
ഒരു വിവാഹത്തിന് താനിപ്പോ മാനസികമായി തയ്യാറല്ല. പക്ഷേ അച്ഛനോടും അമ്മയോടും എതിർത്ത് പറഞ്ഞ് ശീലമില്ല.നല്ലത് മാത്രം വരാൻ അവൻ മനസുകൊണ്ട് ആഗ്രഹിച്ചു.അങ്ങനെയിരുന്നു അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്ന് രാവിലെ കോളേജിലേക്ക് ഇറങ്ങാൻ നേരമാണ് രുക്‌മിണി വലിയ സന്തോഷത്തോടെ നടന്നു വരുന്നത് പീലി കണ്ടത്. ഈയടുത്തൊന്നും ചെറിയമ്മ ഇത്ര സന്തോഷപ്പെട്ടു കണ്ടിട്ടില്ല.പീലിയെ കണ്ടതും രുക്‌മിണി പീലിയോട് തുടർന്ന്
“വീണമോളെ ഇന്നലെ കാണാൻ വന്നവർക്ക് കല്യാണത്തിന് സമ്മതമാണെന്ന് വിളിച്ചു പറഞ്ഞു. ജാതകപൊരുത്തം നോക്കാൻ പറഞ്ഞേക്കുവാ. അല്ലേലും എന്റെ മോൾ സുന്ദരിയല്ലേ അവർക്കിഷ്ടപെടാതിരിക്കുമോ”.
രുക്‌മിണിയുടെ സുന്ദരി എന്ന അഭിസംബോധനയിൽ പീലി കണ്ണ് തുറിച്ച് നോക്കി. അവൾക്കപ്പോൾ രേഷ്മയുടെ വാക്കുകളാണ് ഓർമ വന്നത്.
“പിന്നെ ചപ്പിയ മാങ്ങാണ്ടി പോലിരിക്കുന്ന അവൾക്ക് നിന്നോട് അസൂയ ആണ് പീലി”.
വന്ന ചിരി കടിച്ചമർത്തി പീലി രുക്‌മിണിയെ നോക്കി.അവർ പെട്ടെന്ന് വീണയുടെ റൂമിലേക്ക് പോയി. എന്നാൽ പീലി വീണയുടെ കാര്യം പറയാനാണേലും ചെറിയമ്മ തന്നോട് ദേഷ്യപ്പെടാതെ സംസാരിച്ചത്തിലുള്ള സന്തോഷത്തിലായിരുന്നു.
ഉമ്മറത്തേക്കിറങ്ങിയ പീലി അപ്പോളാണ് കസേരയിൽ ദൂരേക്ക് നോക്കി എന്തോ ചിന്തിച്ചിരിക്കുന്ന അച്ഛനെ കണ്ടത്. അവൾക്കറിയാമായിരുന്നു അച്ഛന്റെ മനസിൽ അപ്പോളെന്താണെന്ന്. അവൾക്ക് മാത്രമേ അറിയൂ.
കോളേജിലേക്ക് വന്നതും തന്നെയും കാത്തു ഒറ്റക്കിരിക്കുന്ന ആനന്ദിനെ കണ്ട് പീലി നടത്തതിന്റെ വേഗത കൂട്ടി.
” രേഷ്മ എവിടെ ആനന്ദ്. അവളിത് വരെ വന്നില്ലേ”?.
“ഇല്ലടീ. അവളെ കണ്ടില്ല”.
“നീ അവളെയൊന്നു വിളിച്ചു നോക്കിക്കേ”.
ആനന്ദ് രേഷ്മയുടെ നമ്പർ ഡയൽ ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.
” കിട്ടുന്നില്ല”.
“എന്നാലും ഇത് എന്ത് പറ്റി. ആഹ് വേറെ എന്തെലും കാര്യം ഉണ്ടാകും. നീ വാ നമുക്ക് ക്ലാസ്സിൽ കേറാം”.
അപ്പോളും ആനന്ദിന്റെ മനസ്സിൽ കഴിഞ്ഞ ദിവസം തന്നെയും സാധികയെയും ഒന്നിച്ചു കണ്ട രേഷ്മയുടെ മുഖമായിരുന്നു.ആനന്തിനു ക്ലാസ്സിലിരുന്നിട്ട് എന്തോ പോലെ തോന്നി. അവൻ ഇടക്കിടക്ക് പീലിക്കരികിലെ ശൂന്യമായ രേഷ്മയുടെ ഇരിപ്പിടത്തിലേക്ക് നോക്കികൊണ്ടിരുന്നു.
ഫസ്റ്റ് ഹവർ കഴിഞ്ഞപ്പോൾ അവൻ പീലിയോട് പറഞ്ഞിട്ട് പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞതും രേഷ്മ ക്ലാസ്സിലേക്ക് വന്നു. അവളുടെ തെളിച്ചമില്ലാത്ത മുഖം പീലിയിൽ സംശയം സൃഷ്ട്ടിച്ചു.
“നീ എന്താ കഴിഞ്ഞ ക്ലാസ്സ് കട്ട് ചെയ്തേ”?.
” ഏയ് എനിക്കൊരു മൂഡ് ഇല്ലായിരുന്നു”.
“എന്ത് പറ്റി, പഴയ ഉഷാർ ഇല്ലാലോ?. ഒരുമാതിരി നനഞ്ഞ കോഴിയെ പോലെ. എനിക്കീ രേഷൂനെ ഇഷ്ടമല്ലാട്ടോ”.
അവൾ ഒരു തെളിച്ചമില്ലാത്ത ചിരി നൽകി.
ക്ലാസ്സിലേക്ക് വന്ന ആനന്ദ് അപ്പോളാണ് രേഷ്മയെ കണ്ടത്. അവന് അവളെ ഫേസ് ചെയ്യാനൊരു ബുദ്ധിമുട്ട് തോന്നി. അവൻ അവൾക്ക് മുന്നിലെ ബെഞ്ചിലിരുന്നു അവളെ നോക്കി ചിരിച്ച്.അവൾ അവനെ നോക്കിയൊന്നു ചിരിച്ചെന്ന് വരുത്തി.
” എന്താ ജാൻസിറാണി താമസിച്ചേ”?.
“എനിക്ക് തലവേദനയായിരുന്നു”
അവളാ സംസാരം തുടർന്നു കൊണ്ട് പോകാൻ ആഗ്രഹിക്കാത്ത വിധം അവസാനിപ്പിച്ചു.ആനന്തിനു ആവളുടെ മൗനം അസ്സഹനീയമായി തോന്നി.എന്തോ ഒന്ന് ആരോ തന്നിൽ നിന്നും പിടിച്ച് വെയ്ക്കും പോലെ തോന്നിയവന്
പീലി രണ്ടു പേരെയും സൂക്ഷ്മമായി നോക്കി. എന്തോ ഒരു പ്രശ്നം രണ്ട് പേരെയും അലട്ടുന്നുണ്ട് എന്നവൾക്ക് മനസിലായി. എന്നാൽ ആ മുറിവുകൾ ഉണക്കാൻ അവർക്ക് പരസ്പരം മാത്രമേ കഴിയൂ. പീലി അതിൽ ഇടപെട്ടില്ല.
പിറ്റേ ദിവസവും രേഷ്മയുടെ തണുപ്പൻ മട്ട് ആനന്തിനു പിടിച്ചില്ല.എന്നാൽ രേഷ്മ ചില തിരിച്ചറിവുകൾ സ്വീകരിക്കാൻ മാനസികമായി തയ്യാറെടുക്കുകയായിരുന്നു.
ജ്യോൽസ്യൻ പറഞ്ഞ കാര്യങ്ങൾ കേട്ട സന്തോഷത്തിലായിരുന്നു രുക്‌മിണി. ഒട്ടും വൈകാതെ അവർ ജ്യോൽസ്യനെ കൊണ്ട് ജാതകപൊരുത്തം നോക്കിച്ചിരുന്നു. പത്തിൽ 8 പൊരുത്തം ആണത്രേ. നല്ല ചേർച്ചയുണ്ടെന്നാ അയാൾ പറഞ്ഞത്.
ഉടൻ തന്നെ വിശ്വനെ കൊണ്ട് പ്രഭാകരനെ വിളിച്ചറിയിപ്പിച്ചു. നല്ലൊരു മുഹൂർത്തം നോക്കി നിശ്ചയം നടത്താമെന്ന തീരുമാനത്തിലെത്തി.
തുടരും

by