19/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 20

രചന – ആയിഷ അക്ബർ

താലി കെട്ടുമ്പോൾ അവൻ ചുറ്റും നിന്നിരുന്നവരിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചു….

എല്ലാവരിലും നിർവികാരത മാത്രം…..

എന്നാൽ മുത്തശ്ശിയുടെ മുഖത്ത് സന്തോഷം അല തല്ലുകയാണ്….

അതിന് വേണ്ടി മാത്രമായിരുന്നല്ലോ ഈ വേഷം കെട്ടലും…….

അവൻ പുച്ഛത്തോടെയൊന്ന് ചിരിച്ചു…..

അമ്മയുടെ മുഖത്തേക്ക് നോക്കാനാണ് തീരെ സാധിക്കാത്തത്……

എവിടേക്കോ നോക്കിയാണ് നിൽപ്പ്….

ഒരേയൊരു മകന്റെ വിവാഹം ഒത്തിരി പ്രതീക്ഷകൾ നൽകിയിരുന്നിരിക്കാം….

എന്നാൽ…..
അതെല്ലാം പാടേ തകർന്നതിൽ അമ്മക്ക് അത്ര യേറെ ദുഖമുണ്ടാവാം…..

അതിനേക്കാൾ മേലെ അമ്മക്ക് അവളെയൊട്ടും ഇഷ്ടമില്ല താനും…..

താലി കെട്ട് കഴിഞ്ഞതും വേഗം താൻ നീങ്ങിയത് അമ്മയുടെ അടുത്തേക്കായിരുന്നു…..

അമ്മാ….
അവൻ ദയനീയമായി വിളിച്ചു….

ഉള്ളിലെ വിങ്ങൽ കടിച്ചു പിടിച്ചെന്ന വണ്ണം അവർ അവന്റെ തോളിലൊന്നു കൈ വെക്കുക മാത്രം ചെയ്തു……

പോകാനായി
റാനി ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നതും മുത്തശ്ശിയാണ് കോ ഡ്രൈവിംഗ് സീറ്റിലേക്ക് ഹിമയെ കയറ്റിയത്…..

അവൾ ദയനീയമായി അവരെ നോക്കി…..

പിന്നെ നിസ്സഹായയാമെന്ന വിധം അവനടുത്തേക്കിരുന്നു….

അവന്റെ ഉള്ളു വല്ലാതെ പിടയുന്നുണ്ടായിരുന്നു….

അവൻ പുറത്ത് നിൽക്കുന്ന ഭാഗ്യത്തെ ഒന്ന് നോക്കി…

അവരുടെ നിർവികാരമായ ആ നിൽപ്പിൽ എത്രത്തോളം വേദന ഉണ്ടെന്ന് അറിയുന്നത് കൊണ്ട് തന്നെ അവന്റെ മുഖവും ആകെ മങ്ങി….

ഹിമ മുഖമുയർത്തി നോക്കുന്നില്ലെങ്കിൽ കൂടി അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒരു അഗ്നി കുണ്ഠത്തിന് മേൽ ഇരിക്കുന്നൊരു പ്രതീതിയോടെ അവിടെയിരുന്നു…..

അത്രയേറെ ആ സാഹചര്യം തന്നെ ചുട്ട് പൊള്ളിച്ചു കൊണ്ടിരുന്നു….

ഇത് വരെ യുള്ള തന്റെ സ്ഥാനത് കയറിയിരുന്ന അവളെ നോക്കി ഭാഗ്യം ദേഷ്യം കടിച്ചു പിടിച്ചു…

ഇത് പോലെ അവന്റെ മനസ്സിൽ നിന്നും അവൾ തന്നെ പിറകിലാക്കുമോ…

അവരുടെയുള്ളം അവളോടുള്ള ദേഷ്യത്താലും അതിലേറെ ആശങ്കകളാലും നിറഞ്ഞു തുളുമ്പി……

മുത്തശ്ശിയും അമ്മയും പിറകിൽ കയറുമ്പോൾ എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ റാനിയുടെ കൈ സ്റ്റിയറിങ്ങിൽ മുറുകി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മുത്തശ്ശി….. ഞങ്ങൾ വൈകുന്നേരം തന്നെ മടങ്ങും……

വീട്ടിലെത്തിയ ഉടനെ തന്നെ അത് പറഞ്ഞപ്പോൾ  മുത്തശ്ശിയുടെ മുഖം മങ്ങുന്നത് അറിഞ്ഞത് കൊണ്ട് തന്നെ അവനാ കൈകളിലൊന്ന് പിടിച്ചു…

ഇപ്പൊ തന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞില്ലേ….
ഇനിയും വൈകിയാൽ ശെരിയാവില്ല….
അത് കൊണ്ടാണ്….
ഞങ്ങള് മുത്തശ്ശിയെ കാണാൻ തീർച്ചയായും വരാം…..

അവൻ സൗമ്യമായി അത് പറഞ്ഞതും അവരുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു….

നിന്നെ കണ്ട് കൊതി തീർന്നില്ല റാനി …..

അവർ അവന്റെ മിനുസമുള്ള മുടിയിലൊന്ന് തലോടി…..

മുത്തശ്ശിക്ക് ഇന്നേറ്റവും സന്തോഷമുള്ള ദിവസമാണ്…..എന്തെന്നറിയാമോ എന്റെ മക്കൾ ഇനിയും അകന്ന് നിൽക്കില്ലെന്നൊരു ഉറപ്പാണ് നിങ്ങളുടെ വിവാഹത്തോടെ എനിക്ക് കിട്ടിയത്…..

നീ അവളെ സ്നേഹിക്കുന്നതും പൊന്നു പോലെ നോക്കുന്നതും കണ്ട് അവളുടേ അച്ഛനായ ജയനൊരിക്കലും ഇനിയും നിങ്ങളെ വെറുക്കാനാവില്ല…

അത് പോലെ തന്നെ ഹിമ നിന്റെ കുടുംബം കൊണ്ട് നടക്കുന്നത് കണ്ട് ഭാഗ്യത്തിനും അവളെ ഇഷ്ടപ്പെടാതിരിക്കില്ല….

അതേ….എന്റെ വിശ്വാസം അതിപ്പോഴും നിങ്ങൾ രണ്ട് പേരിലുമാണ്…..

മുത്തശ്ശി നിറഞ്ഞ കണ്ണുകളാൽ അത് പറയുമ്പോൾ ഇനിയുള്ള കാര്യങ്ങൾ എന്തെന്ന് വ്യക്തമല്ലാത്തത് കൊണ്ട് തന്നെ എന്ത് മറുപടി പറയണമെന്നറിയാതെ അവൻ നിശബ്ദനായി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അമ്മേ….. ഇന്ന് വൈകുന്നേരം തന്നെ നമുക്ക് പുറപ്പെടാം…..

ദൂരെയെങ്ങോ മിഴികൾ പായിച്ചു കൊണ്ടിരിക്കുന്ന ഭാഗത്തിനോടായി റാനി യത് പറയുമ്പോൾ അവർ കണ്ണുകൾ അവനിലേക്ക് നീക്കി…..

പോകുമ്പോൾ അവളും കൂടെയുണ്ടാവില്ലേ….

ആ വാക്കുകളിൽ ആരോടൊക്കെയോ ഉള്ളൊരു ദേഷ്യം…..

റാനി തല കുനിച്ചു…..

എന്താടാ വല്യു പ്പയോട് പറയുക…..

അവരുടെ ശബ്ദം ഇടറി……

സത്യം പറയുക തന്നെ വേണ്ടി വരും …
വല്യു പ്പ എന്ത് ശിക്ഷ തന്നാലും അത് ഏറ്റെടുക്കാൻ ഞാൻ ബാധ്യസ്തനാണ്…..

ഉറച്ച വാക്കുകളോടെ അതും പറഞ് റാനി അവിടെ നിന്ന് പോകുമ്പോൾ ഒരിക്കലും അവനെ ഇനിയും അവരിൽ നിന്നകറ്റാൻ തനിക്ക് കഴിയില്ലായിരുന്നു…

എന്തെങ്കിലും വഴി കണ്ട് പിടിച്ചേ മതിയാവു….

അവർ മനസ്സിൽ പലതും കണക്ക് കൂട്ടി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇറങ്ങാൻ നേരം മുത്തശ്ശി ഭാഗ്യത്തെ കെട്ടി പിടിച്ചു കരഞ്ഞു…..

ഇനി നീ വരുമ്പോൾ ഒരു പക്ഷെ ഞാനുണ്ടായില്ലെങ്കിലോ…

മുത്തശ്ശിയുടെ ആ വാക്കിൽ ഭാഗ്യം ശെരിക്കും കരഞ്ഞു പോയിരുന്നു….

എനിക്ക് നീ എങ്ങനെയാണോ അത് പോലെയാവണം നിനക്കിവൾ….
നിന്റെ മരുമകളല്ല…. മകളാണ്…..

മുത്തശ്ശി ഹിമയെ ചേർത്ത് പിടിച്ചു ഭാഗ്യത്തോടത് പറയുമ്പോൾ ജയൻ അവരെ തന്നെ നോക്കി നിന്നു……

എങ്കി ഞങ്ങളിറങ്ങട്ടെ…..
റാനി ആദ്യമായി ജയനോട് മിണ്ടിയത് ഭാഗ്യത്തിൽ എന്തെന്നില്ലാത്തൊരു പരിഭ്രമം സ്ഥാനം പിടിച്ചിരുന്നു..

ജയന്റെ കണ്ണുകൾ പതിയേ ഒന്ന് വിടർന്നെന്ന് തോന്നിയത് മുത്തശ്ശിയിൽ സന്തോഷത്തിനിടം നൽകി…

അവർ പോകുമ്പോൾ ഹിമയെയും റാനിയെയും മേഘ ഒരുമിച്ചു കെട്ടി പിടിച്ചു….

അയ്യേ… എന്റെ മഞ്ചാടി എന്തിനാ കരയുന്നെ….

ആ കണ്ണുകൾ നിറഞ്ഞത് റാനി പതിയേ തുടച്ചു കൊടുത്ത് കൊണ്ടാണത് പറഞ്ഞത്…..

എല്ലാവരും ദുഖത്തോടെ പരസ്പരം യാത്ര പറഞ്ഞിറങ്ങി…..

ഭാഗ്യം ആദ്യം തന്നെ കാറിന്റെ മുന്പിൽ കയറിയിരുന്നിരുന്നു..

ഹിമ പതിയേ പിറകിലേക്ക് കയറി…..

വീടകന്ന് പോകും തോറും ഹിമയുടെ ചുണ്ടുകൾ വിതുമ്പി…..

എല്ലാവരുടെയും മുഖത്ത് തന്നെ കുറിച്ചൊർത്തൊരു ആശ്വാസമാണ്….

എന്നാൽ ഭർത്താവിനോടൊപ്പം സന്തോഷത്തോടെ ജീവിക്കാനല്ല താൻ പോകുന്നതെന്ന് തനിക്കല്ലേ അറിയൂ….

അവന്റെ ദേഷ്യം മുഴുവൻ ഏറ്റ് വാങ്ങാനാണ് തന്നെ കൂടെ കൂട്ടുന്നത്……

ആ യാത്രയിൽ ആരും ഒന്നും മിണ്ടിയില്ല…..

എന്നാൽ നിറഞ്ഞു നിൽക്കുന്ന വെള്ളാരം കണ്ണുകൾ മിററിലൂടെ അവൻ കാണുന്നുണ്ടായിരുന്നു…..

തന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം…..അതവളായിരുന്നു…..

പിന്നീട് തന്റെ ഏറ്റവും ആഴത്തിലുള്ള വെറുപ്പും ഏറ്റ് വാങ്ങിയവൾ…..

ഇന്ന് തന്റെ ഭാര്യയായി കൂടെയുണ്ടവൾ…..

അവളോട് തനിക്ക് തോന്നുന്ന വികാരത്തെ മനസ്സിന് പോലും പിടി കിട്ടുന്നില്ല…..

അവൻ മനപ്പൂർവം അവളെ മറക്കാൻ ശ്രമിച്ചു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നേരം ഇരുട്ടിയാണ് ആ വലിയ വീടിന്റെ മുന്പിൽ കാറ് നിൽക്കുന്നത്….

റാനിയുടെ ഹൃദയം ശക്തിയായി മിടിച്ചു…..

ഭാഗ്യത്തിന്റെ മനസ്സിൽ അപ്പോഴും കണക്ക് കൂട്ടലുകളായിരുന്നു….

ഹിമ ആ വീടിനെ മുഴുവനായി ഒന്ന് നോക്കി….

കൊട്ടാര സദൃശ്യമായ ആ വീട് അലങ്കാര വെളിച്ചങ്ങളാൽ കത്തി നിന്നു…..

ഒരു കല്യാണ വീടിന്റെ പ്രതീതിയോടെ അവിടെ ശബ്ദങ്ങൾ നിറഞ്ഞു നിന്നിരുന്നു……

വല്ലാത്തൊരു പരിഭ്രമം അവൾക്കുള്ളിൽ നിറഞ്ഞു നിന്നു……

കാറിന്റെ ശബ്ദം കേട്ടിട്ടാവാം കുട്ടികളും കുറച്ച് സ്ത്രീകളും അടക്കം കുറച്ച് പേര് സിറ്റൗട്ടിലേക്ക് വന്നത് …..

ഇത്രയും ആളുകൾ ഈയൊരു വീട്ടിലാണോ എന്നവൾക്ക് അതിശയം തോന്നി……

ഇത്താ …. ഇതാരാ ഈ കുട്ടി……

ഇറങ്ങിയപ്പോൾ തന്നെ എല്ലാവരുടെയും കണ്ണുകൾ അവളിലേക്ക് തന്നെ നീണ്ടു പോയതിനാലാവാം ആദ്യം ആ ചോദ്യം തന്നെ വന്നത്….

ഓഹ്…… അത് അവിടെയുള്ളതാ….. എന്തെങ്കിലും ജോലി വേണമെന്നും പറഞ് കൂടെ കൂടിയതാ……
ഇവിടെയാണെങ്കിൽ അടുക്കളയിൽ ജോലിക്ക് ഒരാളുടെ ആവശ്യം കൂടിയുണ്ടല്ലോ….

ഭാഗ്യം നിസാര വത്കരിച്ചു കൊണ്ടത് പറഞ്ഞതും റാനി ഒരു ഞെട്ടലോടെ അവരിലേക്ക് നോക്കി…..

അവരുടെ വാക്കുകൾ കേൾക്കെ ഹിമ ഭൂമിയോളം താഴ്ന്നു പോയത് പോലെ അവൾക്ക് തോന്നി . .

അവൾ തലയുയർത്തിയില്ല…..
കണ്ണുകൾ നിറഞ്ഞു വരുന്നതൊരു പക്ഷെ അവർ കണ്ടാലോ….

റാനി ദയനീയമായി അവളിലേക്ക് നോക്കി….

തല കുനിച്ചു നിൽക്കുന്ന അവളെ കാൻകെ അവന്റെ ഉള്ളൊന്ന് പിടഞ്ഞു…..

ഉമ്മാ…..
അവൻ അവരെ അമർത്തി വിളിച്ചു……

നീ പോയി ഒന്ന് ഫ്രഷ് ആയി വാ റാനി….. നിനക്ക് നല്ല ക്ഷീണമുണ്ട്….

അവന്റെ ദേഷ്യത്തെ കണക്കിലെടുക്കാതെ അവരത് പറയുമ്പോൾ അവനിലേക്ക് നോക്കിയിരുന്നില്ല……

ഈ കുട്ടി മുസ്ലിമല്ലേ…..

കൂട്ടത്തിലുള്ള റസിയ യാണ് സംശയത്തോടെ അത് ചോദിച്ചത്…..

അ…തേ….
ഭാഗ്യം പതർച്ച പുറത്ത് വരാതിരിക്കാൻ ശ്രദ്ധിച്ചു…

പിന്നെന്താ തലയിൽ തട്ടമിടാത്തത്….

റസിയ വീണ്ടും ചോദിച്ചപ്പോഴാണ് ആ കാര്യങ്ങളൊക്കെ ഭാഗ്യം ശ്രദ്ധിക്കുന്നത് തന്നെ….

ശെരിയാണ്….അവളുടേ കഴുത്തിലൂടെയാണ് ഷാൾ കിടക്കുന്നത്….

ഒത്തിരി യാത്ര ചെയ്തതല്ലേ…. അപ്പൊ തലയിൽ നിന്ന് വീണതാവും…..

ഭാഗ്യം അതും കൂടി പറഞ്ഞൊപ്പിക്കുമ്പോൾ ഒന്നും കെട്ട് നിൽക്കാൻ കഴിയുന്നില്ലെന്ന പോൽ റാനി അകത്തേക്ക് കയറി പോയി…..

കുട്ടി കയറിക്കോളൂ  …..
ഒരു ജോലിക്കാരിയോടെന്ന പോലെ റസിയ തന്നെയാണത് പറഞ്ഞതും…..

ഹിമ മുഖമുയർത്തി അവരെയൊന്നു നോക്കി….

എല്ലാവരും അവളുടേ ഭംഗിയിൽ അങ്ങനെ ലയിച്ചു പോയി അൽപ നേരം……

പിന്നേയ്…. ആ തട്ടം നേരെയിട്ടോളൂ….

അവൾ കയറുന്നതിനു പിറകെ അവളെ നോക്കി നിന്നിരുന്ന സാഹിറ അതും കൂടി കൂട്ടി ചേർത്തു…..

അവൾ കഴുത്തിലൂടെ അലസമായി ഇട്ട ശാളെടുത്തു കൊണ്ട് തലയിലേക്കിട്ടു…

തന്റെ കൂട്ടുകാരി ഫാത്തിമ ഇടുന്നത് പോലെ……

അപ്പോഴും ഹൃദയം വിങ്ങലിന്റെ അവസാന ആഴവും അറിയുന്നുണ്ടായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
റാനി മുറിയിൽ പോയി ദേഷ്യത്തോടെ കതകരൊറ്റ അടക്കലായിരുന്നു….

എന്നാലും അമ്മയെന്തിനാവും അത്രയേറെ കള്ളങ്ങൾ മെനഞ്ഞെടുത്തത്…..

എന്തൊക്കെ പറഞ്ഞാലും ആത്മാഭിമാനമുള്ള ഒരു പെണ്ണല്ലേ അവളും….

അതിലേറേ താൻ…. താൻ താലി കെട്ടി കൂട്ടി കൊണ്ട് വന്നതല്ലേ…..

അവന് അമ്മയോട് വല്ലാത്തൊരു ദേഷ്യം തോന്നി…..

കണ്ണുകളെന്തോ നിറഞ്ഞു വരും പോലെ…..

അമ്മയുടെ വാക്കുകളെ മറി കടന്ന് താനെന്താണ് ഇവിടെ പറയുക…..

എന്താ ചെയ്യേണ്ടതെന്ന് പോലുമറിയാത്ത അവസ്ഥ……

അമ്മയെ കാര്യങ്ങൾ പറഞ് മനസ്സിലാക്കി എല്ലാവരോടും സത്യങ്ങൾ തുറന്ന് പറയണമെന്ന് തന്നെ അവൻ കണക്ക് കൂട്ടി….

സത്യം പറഞ്ഞതിന് ശേഷം വരുന്ന എന്തും നേരിടാം…..
അല്ലെങ്കിലും നുണ പറയാൻ കാണിക്കുന്ന അത്ര ധൈര്യം സത്യം പറയാൻ വേണ്ടല്ലോ….

ഹാഷി…
വല്യു പ്പാന്റെ വിളി കേട്ടതും അവൻ വേഗം കണ്ണുകൾ അമർത്തി തുടച് താഴെക്കിറങ്ങി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കോണിപ്പടികളിറങ്ങി ചെന്ന പാടേ വല്യു പ്പ ചേർത്ത് പിടിച്ചു…..

പതിയേ ആ ചുണ്ടുകൾ തന്റെ നെറ്റിയിലൊന്നമർന്നു……

കുറ്റബോധം കൊണ്ടോ എന്തോ ഹൃദയം വല്ലാതെ നീറി പുകഞ്ഞു……

ഉപ്പാ….നേർമയായി വിളിച്ചു കൊണ്ട് ഭാഗ്യവും അങ്ങോട്ട് കടന്ന് വന്നു….

ഹാ….. കുറെ നേരമായോ വന്നിട്ട്…..

നിഷകളങ്കമായ ആ ചോദ്യം……

ഇല്ലാ ഇപ്പൊ വന്നേയുള്ളു…..

ഭാഗ്യം പതിയേ പറഞ്ഞു ….

അവരുടെ കൂടെ ഒരാള് കൂടി വന്നിട്ടുണ്ട് ഉപ്പാ……

സാഹിറ സുലൈമാൻ സാഹിബിനെ നോക്കി അത് പറഞ്ഞതും റാനിയുടെ ഹൃദയം വീണ്ടും മിടിച്ചു തുടങ്ങി……

വാ കുട്ടീ……
സാഹിറ വാതിലിന് പിറകിലായി നിന്ന അവളെ വിളിച്ചു…..

റാനിയുടെ കണ്ണുകൾ നിലത്തേക്കൂന്നി….

ഇതേതാ താഹിറാ ഈ കുട്ടി…..

അത് ജോലി അന്ന്വേഷിച്ചത് വന്നതാണത്രേ ഉപ്പാ….. അടുക്കളയിലേക്ക് ഒരാളെ ആവശ്യമുണ്ട് താനും…..അപ്പൊ ഉപ്പാനോടൊന്ന് സൂചിപ്പിക്കാൻ വേണ്ടി…..

സുലൈമാൻ സാഹിബിന്റെ ചോദ്യത്തിന് സാഹിറയാണ് മറുപടി പറഞ്ഞത്….

ആ…. അതിനെന്താ….. ആയിക്കോട്ടെ…

വല്യു പ്പ അത് പറയുമ്പോഴും ചെയ്യുന്ന തെറ്റുകളോരൊന്നും റാനിയെ വല്ലാതെ മുറിപ്പെടുത്തി കൊണ്ടിരുന്നു…..

അവൻ അപ്പോഴും മുഖമുയർത്തിയില്ല….

എന്താ…. എന്താ മോൾടെ പേര്….

വാത്സല്യമേറിയ ആ ശബ്ദം ഹിമയിൽ അല്പം ആശ്വാസം നൽകിയെങ്കിലും ആ ചോദ്ധ്യത്തിനുള്ള ഉത്തരം അവളുടേ കയ്യിലില്ലാത്തത് കൊണ്ട് തന്നെ അവളൊന്ന് ഭയന്നു…..

പെട്ടെന്നത് ചോദിച്ചപ്പോൾ ഭാഗ്യവും ഒന്ന് വിയർത്തു……

റാനി അപ്പോഴാണ് അത്ര നേരം താഴ്ത്തിയിരുന്ന അവന്റെ മുഖം പതിയേ ഉയർത്തുന്നത്……

കണ്ണുകളിൽ ആദ്യം തടഞ്ഞു നിന്ന രൂപം തട്ടമിട്ട് നിൽക്കുന്ന അവളുടേതായിരുന്നു..

ആ തട്ടത്തിനകത്തു അവളുടേ മുഖം ഒരു പതിനാലാം രാവ്‌ ഉദിച്ചു നിൽക്കുന്നത് പോലെ അവന് തോന്നി….

അവന്റെ ഹൃദയം അൽപ നേരം ഒന്ന് നിശ്ചലമായി…..

എന്നാൽ എന്തിനോ വിറക്കുന്ന അവളുടേ ആദരങ്ങളെ അവനറിഞ്ഞത് അപ്പോഴായിരുന്നു…..

അതേ… വല്യു പ്പ പേര് ചോദിച്ചത് കൊണ്ടാവാം……

എന്താ പേരെന്നാ ചോദിച്ചത്..

നൂറാ….

ചോദ്യം അവർക്ക് വ്യക്തമായില്ലെന്ന പോൽ വല്യു പ്പ  വീണ്ടും ആവർത്തിച്ചതും റാനി അത് പറഞ്ഞതും ഒരുമിച്ചായിരുന്നു….

ഭാഗ്യം ഒരു ഞെട്ടലോടെ അവനെ നോക്കി…

ഹിമയും വല്ലാത്തൊരു ഭാവത്തോടെ അവനിലേക്ക് മിഴികൾ പതിപ്പിച്ചു….

അതേ….. ഉപ്പ പറഞ്ഞത് പോലെ തന്നിലേക്കുള്ള നൂർ അവളാണെന്ന് മനസ്സിൽ നിന്നാരോ പറയും പോലെ….

(തുടരും)