The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
ജയനൊന്ന് നിന്നേ….
ഭാഗ്യവും മുത്തശ്ശിയും ഇരിക്കുന്നതിനെ കടന്ന് ജയ ദേവൻ മുറിയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് പിറകിൽ നിന്ന് മുത്തശ്ശി വിളിച്ചത്…..
അയാൾ തിരിഞ്ഞ് നോക്കാതെ നിശ്ചലനായി….
ഇങ്ങോട്ടിരിക്ക്….. എനിക്കല്പം സംസാരിക്കാനുണ്ട്…..
ഇനി നിങ്ങളെ ഒരുമിച്ചിരുത്തി സംസാരിക്കാൻ അമ്മ ഉണ്ടായില്ലെങ്കിലോ….
അല്പം ഗൗരവത്തിൽ തന്നെ മുത്തശ്ശിയത് പറഞ്ഞതും ജയ ദേവൻ ഭാഗ്യത്തിനെതിരായി ഇരുന്നു….
റാനി യുടെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു…..
ഹിമക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…
അവൾ നിസ്സംഗതയോടെ താഴേക്ക് മിഴികളൂന്നി അങ്ങനെ നിന്നു…..
ഞാൻ പറയുന്ന കാര്യങ്ങൾ നേരെ കേട്ട് മനസ്സിലാക്കിയ ശേഷം മാത്രം പ്രതികരിക്കുക……
മുത്തശ്ശി ആമുഖം പറഞ് തുടങ്ങിയപ്പോൾ തന്നെ കാര്യം ഗൗരവമേറിയതാണെന്ന് ഭാഗ്യത്തിനും ജയ ദേവനും മനസ്സിലായിരുന്നു….
സ്വത്തിന്റെ കാര്യങ്ങളാവാം പറഞ് തുടങ്ങുന്നതെന്ന് ഭാഗ്യം കണക്ക് കൂട്ടി….
രണ്ട് പേരും ഒന്നിങ്ങു വന്നേ…….
ഭാഗ്യത്തിന് പിറകിലായി നിൽക്കുന്ന റാനിയെയും രേവതിയോട് ചേർന്ന് നിൽക്കുന്ന ഹിമയെയും മുത്തശ്ശി അടുത്തേക്ക് വിളിച്ചു…
എന്റെ കൊച്ച് മക്കളുടെ വിവാഹം ഞാനങ്ങു ഉറപ്പിച്ചു…..
ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഇവർ തമ്മിലുള്ള വിവാഹം ഞാൻ നടത്തും…..
മുത്തശ്ശി വളരേ ഉറച്ച വാക്കുകളോടെ അത് പറയുമ്പോൾ ജയ ദേവനും ഭാഗ്യവും ഒരുപോലെ ഞെട്ടി….
അമ്മ എന്താ ഈ പറയുന്നത്…..
ജയൻ ഇരുന്നിടത് നിന്നും ചാടിയെഴുന്നേറ്റു…..
നീയെന്തിനാ അലറുന്നത്….
ഞാൻ നിന്നോട് വിവാഹം കഴിക്കാനല്ലല്ലോ പറഞ്ഞത്….
അവൾക്ക് സമ്മതമാണ്…. പിന്നെന്താ…. ഇരിക്കെടാ അവിടെ….
അവൾക്ക് സമ്മതമാണെന്നോ….
ജയൻ അത്ഭുതത്തോടെ ഹിമയെ ഒന്ന് നോക്കി…
ഇത് വരെ വരുന്ന ആലോചനകൾക്കൊന്നും പിടി തരാത്ത അവളീ ബന്ധത്തിന് സമ്മതിച്ചതെങ്ങനെ യെന്ന് അയാൾക്കറിയില്ലായിരുന്നു….
അപ്പോഴും അവൾ അയാളുടെ മുഖത്തേക്ക് നോക്കുന്നില്ലായിരുന്നു….
ജയൻ പതിയേ അവിടെ തന്നെ ഇരുന്നു…..
ഭാഗ്യം ചലനമറ്റത് പോൽ അങ്ങനെ ഇരിക്കുകയാണ്…
അവർ പതിയേ റാനി യിലേക്കൊന്ന് നോക്കി….
അവന്റെ തിരിച്ചുള്ള നോട്ടത്തിന്റെ അർത്ഥ വ്യാപ്തി അവർക്ക് മനസ്സിലായില്ല…..
അത്….. അത് നടക്കില്ല അമ്മേ….
അതെന്താ നടക്കാത്തത്….
അവനു സമ്മതമാണല്ലോ….
പെട്ടെന്ന് ഭാഗ്യമത് പറഞ്ഞതും കാലിൻ മേൽ കാല് കയറ്റി വെച്ച് കൊണ്ടാണ് മുത്തശ്ശിയത് ചോദിച്ചത്…..
ഭാഗ്യം റാനി യിലേക്കൊന്നു നോക്കി…..
അവൻ തെറ്റ് ചെയ്തത് പോൽ തല കുനിച്ചു നിന്നു….
അവന്റെ ഇഷ്ടം മാത്രം നോക്കിയാൽ മതിയോ …
പിന്നെ ഞാനെന്തിനാ….
ഭാഗ്യത്തിന്റെ ശബ്ദം ഉയർന്നു…..
മുത്തശ്ശി ഒന്ന് ചിരിച്ചു….
ഓഹോ… അപ്പൊ അതെന്റെ മോൾക്കറിയാം…
എന്നിട്ടാണല്ലോ സ്വന്തം തന്തയെയും തള്ളയേയും കൂടെ പിറപ്പുകളെയും മാനം കെടുത്തി ഒരു മേത്തന്റെ കൂടെ നീ ഒളിച്ചോടിയത്……
അന്ന് ഞങ്ങളുണ്ടായിരുന്നത് നീ മറന്ന് പോയിരുന്നോ….
നീ നിന്റെ ഇഷ്ടം മാത്രമല്ലേ നോക്കിയത്…..
മുത്തശ്ശി ദേഷ്യത്തോടെ അത് പറഞ്ഞതും ഭാഗ്യം വല്ലാത്തൊരു ഭാവത്തോടെ തല കുനിച്ചു….
ജയ ദേവന്റെ മുഖം വലിഞ്ഞു മുറുകി….
ഭാഗ്യം ഒന്നോർക്കണം….
ഇന്ന് നമ്മൾ ചെയ്യുന്നതിന് ഇന്നല്ലെങ്കിൽ നാളെ നമ്മൾ കണക്ക് പറയേണ്ടി വരിക തന്നെ ചെയ്യും…..
മുത്തശ്ശി അതും കൂടി പറഞ്ഞതോടെ തല ഉയർത്താനാകാത്ത വിധം അവരുടെ തലയിൽ ഭാരം നിറഞ്ഞു…..
അവരുടെ രണ്ട് പേരുടെയും സമ്മതം കിട്ടിയ സ്ഥിതിക്ക് നിങ്ങളെ ഒന്നറിയിക്കണമെന്നുണ്ടായിരുന്നു….
അത് ഞാൻ ചെയ്തു…
ഇനി ഇതിലൊരു സംസാരം ആവശ്യമില്ല….
നാളെ തന്നെ നല്ല്ലൊരു മുഹൂർത്തം കുറിപ്പിക്കണം….
റാനിക്ക് അവിടെ ചെന്നിട്ടൊരുപാട് ജോലിയുള്ളതാകും….
മുത്തശ്ശി അത് മാത്രം പറഞ് കൊണ്ടെഴുന്നേറ്റു….
ജയനും രേവതിയും ഹിമയും അവിടെ നിന്നും ഉൾവലിഞ്ഞു…..
ഭാഗ്യം പതിയെ എഴുന്നേറ്റു….
നമുക്ക്…. നമുക്ക് ഇന്ന് രാത്രി തന്നെ പുറപ്പെടണം റാനി…..
അല്ലെങ്കിൽ അവളെ….
ഭാഗ്യം പരിഭ്രമത്തോടെ അത് പറയുമ്പോൾ റാനി അവരുടെ കയ്യിൽ പിടിച്ചു…
അമ്മേ….. അപ്പോ മുത്തശ്ശി…..
റാനി…. നീ ഞാൻ പറയുന്നത് മാത്രം കേൾക്ക്..
റാനി അത് പറഞ്ഞതും ഭാഗ്യം അവന് നേരെ കയർത്തു….
അവരുടെ മാനസികാവസ്ഥ അത്രത്തോളമായിരുന്നു….
ഞാൻ അമ്മ പറയുന്നത് മാത്രം കേൾക്കാം….
അപ്പൊ അമ്മയോ… മുത്തശ്ശി പറയുന്നത് കേൾക്കണ്ടെ….
അവനത് ചോദിച്ചതും ഭാഗ്യത്തിന്റെ ഹൃദയം ഒന്ന് പിടഞ്ഞു…..
ഭാഗ്യം ഒന്നോർക്കണം….
ഇന്ന് നമ്മൾ ചെയ്യുന്നതിന് ഇന്നല്ലെങ്കിൽ നാളെ നമ്മൾ കണക്ക് പറയേണ്ടി വരിക തന്നെ ചെയ്യും…..
അമ്മയുടെ വാക്കുകൾ അവരുടെ ചെവിയിൽ ഉയർന്നു കേട്ടു….
ശരീരമാകെ തളരുന്നത് പോലെ തോന്നി…..
ജീവിതം മുഴുവൻ അവന് വേണ്ടിയാണ്….
ആ അവനാണ് തന്നോട്…
നീയും ആ അഹങ്കാരിയെ കണ്ട് മതി മറന്നോ റാനി…
അമ്മയുടെ വാക്കുകൾ ധിക്കരിക്കാൻ മാത്രം അവള് നിന്നെ എന്ത് മന്ത്രം ചൊല്ലിയാണ് കുടുക്കിയത്…
ഭാഗ്യം വിതുമ്പി കൊണ്ടത് ചോദിക്കുമ്പോൾ അവന്റെ കോളറിൽ പിടുത്തമിട്ടിരുന്നു…..
അമ്മേ…. അമ്മയുടെ വാക്ക് ഞാൻ ധിക്കരിക്കില്ല….
അമ്മക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ടാ…..
ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് തന്നെ എന്റെ അമ്മക്ക് വേണ്ടിയാണ്…..
വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ തന്നെ മുത്തശ്ശിയുടെ അവസ്ഥ ഞാൻ കണ്ടതാണ്….
എന്റെ അമ്മ ദുഖിച്ചാൽ എനിക്ക് സങ്കടം വരുന്നത് പോലെ മുത്തശ്ശിയുടെ ദുഃഖം അമ്മയെയും വേദനിപ്പിക്കുമെന്നെ ഞാൻ കരുതിയുള്ളു….
പോകാം….. നമുക്ക് പോകാം….
റാനി അത് പറഞ്ഞതും ഭാഗ്യം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി …..
താനിന്ന് തന്റെ അമ്മയെ ധിക്കരിച്ചാൽ അത് തെറ്റല്ലെന്ന് ഞാൻ എന്റെ മകനെ പറഞ് പഠിപ്പിക്കുന്നത് പോലെ യല്ലേ….
റാനി…..
അവർ ദയനീയമായി അവനെ വിളിച്ചു….
അമ്മക്ക് അവളെയല്ലേ ഇഷ്ടമല്ലാത്തത്….
ഒരു വിവാഹം കൊണ്ട് പ്രത്യേകിച്ചൊരിഷ്ടവും തനിക്കവളോട് തോന്നില്ല….
അവളും മുത്തശ്ശിക്ക് വേണ്ടി മാത്രമാണ് ഈ വിവാഹത്തിന് സമ്മതിച്ചത്……
മുത്തശ്ശിയുടെ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞ് ഒന്ന് ഓകെ ആകുന്നത് വരെ ഈ വിവാഹം ഇങ്ങനെ പോകട്ടെ…
അത് കഴിഞ്ഞു നമുക്കെന്താന്ന് വെച്ചാൽ ചെയ്യാം……
അതല്ലാ അമ്മക് ഒട്ടും പറ്റുന്നില്ല എങ്കിൽ ഇപ്പൊ നമ്മൾ പുറപ്പെടും….
അവൻ ഉറചൊരു തീരുമാനത്തോടെ അത് പറയുമ്പോൾ ഭാഗ്യം എന്ത് ചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു …
അപ്പൊ വല്യുപ്പ…..
അത് ചോദിക്കുമ്പോൾ വീണ്ടും ആ കണ്ണുകളിൽ ആശങ്ക പടർന്നിരുന്നു..
അതിനൊരുതരം അവന്റെ കയ്യിലുമില്ലാത്തത് കൊണ്ടാവാം അവനും ഒന്ന് നിശബ്ദനായത്…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അമ്മേ….. ഈ വിവാഹം വേണോ….
അവനൊരു അന്യ മതസ്തനാണ്……
ജയൻ അമ്മയുടെ അരികിലായി ചെന്നിരുന്നത് ചോദിക്കുമ്പോൾ ആ കണ്ണുകൾ ഒന്ന് നനഞ്ഞുവോ…..
മോനേ…. അവൾ വിവാഹത്തിന് സമ്മതിച്ചു എന്നത് തന്നെ നമ്മളെ സംബന്ധിച്ചു വലിയ കാര്യമല്ലേ…..
പിന്നെ….. അവൻ…
അന്യ മതമാണെങ്കിലെന്താ….
അവനെ പോലൊരു നല്ല പയ്യനെ എവിടെ നിന്ന് കിട്ടും…..
മാത്രവുമല്ല…. ഭാഗ്യത്തിന്റെ കൂടെയല്ലേ അവളെ പറഞ്ഞയക്കുന്നത് ….
അവർ രണ്ട് പേരും ഒരേ ചോരയല്ലേ…
അവൾ നോക്കും ഹിമയെ….
അവരത് പറഞ് നിർത്തുമ്പോഴും ജയൻ ആലോചനയിൽ തന്നെയായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഹിമ തിരിഞ്ഞും മറിഞ്ഞും കിടന്നും അവൾക്ക് ഉറക്കം വരുന്നില്ലായിരുന്നു…..
നടക്കാൻ പോകുന്ന വിവാഹം അവൻ മുത്തശ്ശിക്ക് വേണ്ടി മാത്രം സമ്മതിച്ചതാണെന്ന് അവൾക്ക് വ്യക്തമായറിയാം…..
മാത്രമല്ല…. അവന് തന്നോട് വെറുപ്പാണ്….
പണ്ട് ജോലിക്ക് നിർത്തി തന്നെ വേദനിപ്പിച്ചത് പോൽ വിവാഹം കഴിച്ചും വേദനിപ്പിക്കാമെന്നവനൊരു പക്ഷെ കണക്ക് കൂട്ടുന്നുണ്ടാവും….
ഇതായിരിക്കാം ഈ ജന്മം തന്റെ വിധി……
അവൾ അടുത്ത് കിടക്കുന്ന മേഘയെ ഉണർത്താതെ പതിയേ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു….
ഫ്രിഡ്ജ് തുറന്നു കുപ്പിയിൽ നിന്നും അല്പം വെള്ളം വായയിലേക്കൊഴിച്ചു തിരിഞ്ഞതും മുന്പിൽ നിൽക്കുന്ന വനെ തുറന്ന് വെച്ച ഫ്രിഡ്ജിന്റെ അരണ്ട വെളിച്ചത്തിൽ കണ്ടപ്പോൾ വായിൽ വെള്ളമായത് കൊണ്ട് മാത്രമാണ് ഒച്ച വെക്കാതിരുന്നത് …..
ശ്…..
അവൻ ചൂണ്ടു വിരൽ അവന്റെ ചുണ്ടോട് ചേർത്തു…..
നിന്നെ വാഴിച്ചു കൊണ്ട് പോകുന്നത് എന്റെ ഭാര്യയായി സുഗിക്കാനല്ലെന്ന് നീ മനസ്സിൽ വെച്ചോ ….
ഒന്നുമില്ലാത്ത റാനിയെ വേണ്ടാത്ത നീ ഇപ്പോഴത്തെ എന്നെയും അർഹിക്കുന്നില്ല…..
എന്റെ കൂടെയുള്ള ഒരു കുടുംബ ജീവിതം ഈ ജന്മം നീ പ്രതീക്ഷിക്കേണ്ട…..
ദേഷ്യത്തോടെ ശബ്ദം കുറച്ച് അമർത്തി പിടിച്ചു അതും പറഞ് അവളുടേ കയ്യിലുള്ള കുപ്പിയും വാങ്ങി അവൻ നടന്നു….
അവൾ അതേ നിൽപ്പ് അൽപ നേരം നിന്നു….
കണ്ണുകളിൽ നിന്ന് ഒരു തുള്ളി അടർന്നു വീഴാൻ വെമ്പി നിന്നു …..
എന്തൊക്കെയോ അവനോട് പറയണമെന്നുണ്ട്….
പറഞ്ഞാലും അവൻ വിശ്വസിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാവാം വാക്കുകൾ പുറത്തേക്ക് വരാത്തത്……
അവൾ പതിയേ മുറിയിലേക്ക് നടന്നു….
അവൻ എന്തായാലും നല്ല പയ്യനല്ലേ ജയേട്ടാ…..
നല്ല സ്നേഹവും കരുതലുമുള്ളവനാ…. അവൻ ഭാഗ്യത്തെ എങ്ങനെ കൊണ്ട് നടക്കുന്നെന്നു നോക്കു….
അത് പോലെ അവൻ ഹിമയെയും സ്നേഹിക്കും….
തന്റെ വിവാഹ ചർച്ചകളിൽ അമ്മയുടെ ആശ്വാസമാവാം ആ മുറിക്കുള്ളിൽ നിന്ന് അച്ഛനോടുള്ള അടക്കം പറച്ചിലുകളായി പുറത്തേക്ക് വരുന്നത്…..
അവൾ പുച്ഛത്തോടെയൊന്നു ചിരിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
റാനി ക്ക് അധിക ദിവസം ഇവിടെ നില്കാൻ സമയമില്ലാത്തത് കൊണ്ട് തന്നെ യാണ് പിറ്റേന്ന് തന്നെ തൊട്ടടുത്ത ദിവസത്തേക്കുള്ള മുഹൂർത്തം മുത്തശ്ശി കണിയാനെ കൊണ്ട് കുറിപ്പിച്ചത് …
ഭാഗ്യം ആരോടും അധികം സംസാരിച്ചില്ല….
ഇങ്ങോട്ട് വന്നതേ തെറ്റായി പോയെന്ന് തോന്നിയിരുന്നവർക്ക്……
എന്താ മുത്തശ്ശി ഇവിടെ വിശേഷം….
അവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെങ്കിലും എന്താണെന്ന് മേഘക്ക് മനസ്സിലായിട്ടില്ലായിരുന്നു….
ഹിമചേച്ചീടെ വിവാഹം…..
മുത്തശ്ശി നിസാരമായി പറഞ്ഞു …..
ഇത്ര പെട്ടെന്നൊ…..
അവളിൽ അത്ഭുതം കൂറി….
മ്മ്……
മുത്തശ്ശിയത് പറഞ്ഞതും അവിടെ നിൽക്കുന്ന ഹിമയുടെ അടുത്തേക്കവൾ നീങ്ങി…
ആളെ ഫോട്ടോ കാണിച്ചേ ച്ചേച്ചി…. കൊള്ളാവോയേന്ന് നോക്കട്ടെ…..
അവളത് ചോദിക്കുമ്പോൾ എന്ത് പറയണമെന്ന് ഹിമ ക്കറിയില്ലായിരുന്നു….
ഇനിയെന്തിനാ ഫോട്ടോ….നാളെ ഇനി നേരിട്ട് കാണാമല്ലോ…
മുത്തശ്ശി അവളോട് പറഞ്ഞതും ആ മുഖം അവൾ കൂർപ്പിച്ചു…..
അപ്പോഴാണ് റാനി യങ്ങോട്ട് വരുന്നത്….
ഏട്ടനെ പോലൊരാളായാൽ മതിയായിരുന്നു….
അവൾ ദയനീയമായി അത് പറയുമ്പോൾ മുത്തശ്ശി യൊന്നു ചിരിച്ചു…..
റാനിയും അവളെ നോക്കി യൊന്നു പുഞ്ചിരിച്ചു….
എന്തിനാ അവനെ പോലെയാക്കുന്നത്…. അവൻ തന്നെ ആയാലോ….
മുത്തശ്ശിയത് ചോദിച്ചതും ഒരു ഞെട്ടലോടെ മേഘ മുത്തശ്ശിയിലേക്ക് തിരിഞ്ഞു…
ആ കണ്ണുകളിലേ ചോദ്യം ഭാവം അറിഞ്ഞത് കൊണ്ട് തന്നെ അതേയെന്ന അർത്ഥത്തിൽ മുത്തശ്ശി പുഞ്ചിരിയോടെ തലയാട്ടി…..
അവളോടി ചെന്നവന്റെ കഴുത്തിൽ പിടിച്ചു കവിളിൽ ചുണ്ടുകളമർത്തി….
ആ കണ്ണുകളിൽ അടങ്ങാത്തൊരു സന്തോഷം അല തല്ലിയിരുന്നു…..
റാനിയും ഒന്നു പുഞ്ചിരിച്ചു…
ആ പുഞ്ചിരി തടഞ്ഞു നിന്നത് നിർവികാരമായ അവളുടേ മിഴികളിലേക്ക് നോക്കിയപ്പോഴായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അമ്പല നടയിൽ ദൈവങ്ങളെ സാക്ഷിയാക്കി അവൻ ഒരു താലി അവളുടേ കഴുത്തിൽ കുരുക്കുമ്പോൾ അവൾ കണ്ണടച്ചെങ്കിലും ഒന്നും പ്രാർത്ഥിക്കാൻ തോന്നിയില്ല….
അല്ലെങ്കിലും ഒരു വിവാഹത്തോടെ അവൻ തനിക്കൊരിക്കലും സ്വന്തമാകുന്നില്ല…
പിന്നെന്ത് ഞാൻ പ്രാർഥിക്കും….
അവളുടേ കണ്ണുകൾ നിറഞ്ഞു….
മൂന്ന് കെട്ട് കഴുത്തിൽ മുറുക്കുമ്പോഴും അവനും അവളെ നോക്കാൻ തോന്നിയില്ല….
ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചിരുന്നതായിരുന്നെങ്കിൽ കൂടി ഇന്നത് തനിക് നൽകുന്ന അസ്വസ്ഥത അതത്രയേറെ യാണ്…..
അതിനു നിനക്കെന്തുണ്ട് റാനി…..
ആ ചോദ്യം മനസ്സിനെ അടക്കി ഭരിച്ചു…..
ദേഷ്യം അവന്റെ യുള്ളിൽ തുളുമ്പി നിന്നു….
(തുടരും)