ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 39

രചന – ആയിഷ അക്ബർ

അതേയ്…. ഞങ്ങൾക്ക് അകത്തേക്ക് കയറി വരാവോ….

പാതി ചാരിയ വാതിലിൽ നിന്നും അകത്തേക്ക് തലയിട്ട് ആലിയ അത് ചോദിച്ചപ്പോഴാണ് പരസ്പരം കോർത്ത അവരുടെ മിഴികൾ ഒന്ന് പിരിഞ്ഞത്……

റാനി ആലിയയെ നോക്കിയൊന്ന് പുഞ്ചിരിച്ചു….

ഹാഷിക്കാ  ….

അതും വിളിച്ചവളോടി വന്നു മുതുകിനിട്ടൊരു അടിയായിരുന്നു……

എന്താടി …..

റാനി മുതുകിൽ കൈ വെച്ചു ചോദിക്കുമ്പോഴും ആലിയ യുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നിരുന്നു….

ഞാൻ ശെരിക്കും വിചാരിച്ചു നീയാ ഭൂതത്തെ തന്നെ കെട്ടാൻ പോകുവാന്ന്…..

ആലിയ അത് പറഞ്ഞതും വാതിൽ തുറന്ന് വന്ന പെൺ പടകളെല്ലാം കൂടി അവിടമൊരു കൂട്ട ചിരി മുഴക്കിയിരുന്നു…..

അവരുടെയെല്ലാം മിഴി ഒരു നിമിഷം ഹിമയിലേക്ക് നീങ്ങി….

അല്ലെങ്കിലും ജോലിക്കാരിയെ പോലെയൊന്നും മോളേ കണ്ടാൽ തോന്നില്ലാന്ന് ഞങ്ങളന്നേ പറഞ്ഞിരുന്നു….

സാബിറ അവളുടേ അടുത്ത് വന്നിരുന്നു അവളുടേ മുടിയിഴകളിൽ തലോടിയാണത് പറഞ്ഞത് ….

ആ…. ഇനിപ്പോ അത് പറഞ്ഞോളീം…..
ഞാനില്ലായിരുന്നെങ്കിൽ വേലക്കാരിയായി തന്നെ നിന്നേനെ…..

ആലിയ ഇടക്ക് കയറി ഗമയിലത് പറഞ്ഞതും റാനി അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു…..

നിനക്കെന്തറിയാം ….. അവൻ പുത്തൻ പുരക്കൽ ഇമ്രാന്റെ മോനാ…..
ഈ കാണുന്ന സ്വത്തുക്കളെല്ലാം ഇട്ടെറിഞ്ഞു ഭാഗ്യ ലക്ഷ്മിയുടെ കൈ പിടിച്ച ആളാണ്‌ അവന്റെ ബാപ്പ….

നീ പറഞ്ഞില്ലെങ്കിലും അവനവളെ അങ്ങനെയൊന്നും വിട്ട് കളയുമായിരുന്നില്ല….

റസി ചെറു ചിരിയോടെ അത് പറഞ്ഞതും ഹിമ ഒരു നിമിഷം റാനി യേ നോക്കി…

അവന്റെ മുഖത്ത് വല്ലാത്തൊരു പ്രകാശം പരന്ന് കാണാം…..

എങ്കിലും താങ്ക്സ് ഡീ….
ഞങ്ങൾക്കിടയിലെ മറയെ നീക്കിയതിനു…..

റാനി ആലിയയോടത് പറയുമ്പോൾ ആ വാക്കുകൾക്ക് വല്ലാത്തൊരു സന്തോഷമുണ്ടായിരുന്നു….

താങ്ക്‌സൊന്നും പോരാ…. കനത്തിലെന്തെങ്കിലും തന്നെ വേണം…..

ആലിയ അത് പറഞ്ഞതും റാനി തമ്പ്സ്‌ അപ്പ്‌ കാണിച്ചു….

ഹാഷിക്ക ഒന്ന് പുറത്തേക്ക് പോ…. ഞങ്ങൾക്ക് മണവാട്ടിയെ ഒരുക്കാനുണ്ട്…..

ആലിയ ചാടി ക്കയറി അത് പറഞ്ഞതും റാനി പതിയേ ഹിമയിലേക്കൊന്ന് നോക്കി…..

ആ വെള്ളാരം കണ്ണുകളിൽ എന്തോ ഒരു വല്ലാത്ത അനുഭൂതി അവന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു….

അവൻ പിന്നീട് പതിയേ പുറത്തേക്ക് നടന്നു…..

അവൻ താഴെക്കിറങ്ങി ചെല്ലുമ്പോൾ എല്ലാവരും ഹാളിൽ തന്നെയുണ്ട്…..

അതിഥികളെല്ലാം ഭക്ഷണം കഴിക്കാനായി മുറ്റത്തെ പന്തലിലാണ്…..

വല്യു പ്പ സോഫയിലേക്ക് ചാരി യിരിക്കുമ്പോഴും അവരെ ചുറ്റി എല്ലാവരും നിൽക്കുമ്പോഴും ആ നിന്ന നിൽപ്പിൽ നിന്ന് ഭാഗ്യം ഒന്നനങ്ങി യിട്ട് പോലുമില്ലെന്നത് റാനി ശ്രദ്ധിച്ചിരുന്നു……

റാനി താഴെക്കെത്തിയതും ഭാഗ്യത്തെ നോക്കാൻ പോലും തുനിഞ്ഞില്ല….

എന്നാൽ അവനെ കണ്ടതും അവർ അടുത്തേക്ക് വന്നു തിരിഞ്ഞു നിന്നിരുന്ന അവന്റെ കൈപിടിച്ചൊരോറ്റ വലിയായിരുന്നു..

എല്ലാവരുടെയും മുമ്പിൽ വെച്ച് നീയെന്നെ മണ്ടിയാക്കുക യായിരുന്നു അല്ലേടാ…..

അവരത് പറയുമ്പോൾ കണ്ണുകളിൽ അവനെ കത്തിയേരിക്കാനുള്ള അഗ്നി ആളി കത്തിയിരുന്നു…

ഞാനാണോ…. ഞാനാണോ മണ്ടിയാക്കിയത്…..

സ്വയം ആയതല്ലേ….
എന്തിന് വേണ്ടിയായിരുന്നു നാടകങ്ങളെല്ലാം…..

വിവാഹം കഴിഞ്ഞതിനു ശേഷം അവളെ അകറ്റിയത് ഈ വീട്ടിലെ സ്ഥാനം പോകുമെന്നാലോചിച്ചാണെന്ന് വിചാരിക്കാം….

എന്നാൽ അവളെ തിരഞ്ഞു ചെല്ലുമെന്ന കള്ളം പറഞ്ഞവളെ വർഷങ്ങൾക്ക് മുൻപ് എന്നിൽ നിന്നകറ്റാൻ നോക്കിയത് എന്തിനാണെന്ന് എനിക്കിപ്പോഴും അറിയുന്നില്ല……

ഭാഗ്യത്തിന്റെ കൈ തട്ടി മാറ്റി അവനത് പറയുമ്പോൾ അവന്റെ ശബ്ദം അവിടമാകെ മുഴങ്ങിയിരുന്നു….

ഭാഗ്യം അക്ഷരാർത്ഥത്തിൽ നടുങ്ങി പോയിരുന്നു….

റാനിയിൽ നിന്ന് ആദ്യമായാണ് ഇങ്ങനെയൊരു ഭാവ പ്പകർച്ച യെന്ന് അവരോർത്തു….

അപ്പോൾ എല്ലാം അവനറിഞ്ഞിരിക്കുന്നു….

ഇവിടെ വന്നതിനു ശേഷം ലൈലയുമൊത് കളിച്ചത് മാത്രമേ അവനറിഞ്ഞിട്ടുള്ളു എന്നാണ് വിചാരിച്ചത്…..

എന്നാൽ അല്ലാ…. അവൻ അതിനുമപ്പുറം എല്ലാം അറിഞ്ഞിട്ടുണ്ട്….

ഇനിയും തനിക്കവന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നുള്ളത് അവർക്ക് ബോധ്യമായിരുന്നു….

എന്താ പറയേണ്ടതെന്ന് അവർക്കറിയില്ലായിരുന്നു….

എങ്ങനെ എന്റെ അമ്മക്കിതിന് കഴിഞ്ഞു…

പ്രണയം എന്തെന്ന് മാറ്റാരെക്കാളും നന്നായി അമ്മക്കറിയാം…..
എന്നിട്ടാണോ അവളെ ജോലിക്കാരി യാക്കി യത്….

ഒന്നുമല്ലെങ്കിൽ അവള് അമ്മയുടെ സ്വന്തം ചോരയല്ലേ…..

അത് കൊണ്ട് തന്നെയാടാ അവളെ എനിക്കിഷ്ടമല്ലാത്തത്….

റാനി പറഞ് നിർത്തും മുന്പേ ഭാഗ്യം അവന് നേരെ അലറി…..

ഒരു നിമിഷം അവിടമാകെ നിശബ്ദമായി……

ജയ ദേവൻ ഒരു നിമിഷം ഭാഗ്യത്തെ തന്നെ നോക്കി നിന്നു……

അതേടാ….. എന്റെ ചോരയായ ഇയാളുടെ മകളായത് കൊണ്ട് തന്നെയാ എനിക്കവളെ ഇഷ്ടമല്ലാത്തത്…..

എന്റെ നല്ല സമയത്ത് അച്ഛനെയും അമ്മയെയും ഒരോന്ന് പറഞ് എന്നിൽ നിന്നകറ്റി നിർത്തിയത് ഇയാളായിരുന്നു……

ഈ ജന്മം എനിക്ക് തീർത്താൽ തീരാത്ത വെറുപ്പ് ഉള്ളതും ഇയാളോടാണ്….

അങ്ങനെയുള്ള ആളുടെ മകളെ എന്റെ മോന്റെ ഭാര്യ യാക്കാൻ ഞാനൊരുക്കമായിരുന്നില്ല….

ഭാഗ്യം ഒരൊറ്റ ശ്വാസത്തിലത് പറയുമ്പോൾ എല്ലാവരും സ്തബ്ദരായി പോയിരുന്നു…..

ജയ ദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

റാനിക്ക് ഒന്നും പറയാനില്ലാത്തത് പോലങ്ങനെ നിന്നു..

ഭാഗ്യത്തിന്റെ കണ്ണുകളും ഒരു വേള ജയ ദേവനിലൊന്ന് കുരുങ്ങി….

അവരയാളെ ദേഷ്യത്തോടെ നോക്കി…

എന്റെ പെങ്ങൾക്ക് ഇത്രയും വൈരാഗ്യം എന്നോടുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല….

അയാളുടെ ശബ്ദം മുന്പോട്ട് വന്നതും എല്ലാവരുടെയും മിഴികൾ അയാളിലേക്കൊന്ന് നീങ്ങി….
അതേ…. എനിക്ക് നിങ്ങളെ കാണുന്നത് പോലും വെറുപ്പാണ്……

ഭാഗ്യം അത് പറയുമ്പോൾ ഉള്ളിലെ ദേഷ്യം കൊണ്ടാവാം വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…..

ആകെയുണ്ടായിരുന്ന കുഞ്ഞനിയത്തി…..
ഈ കൈ വിരലുകളിൽ പിടിച് തത്തി നടന്നവൾ….
ചെറുപ്പം തൊട്ടേ എന്ത് കിട്ടിയാലും ആദ്യം മനസ്സിൽ വരുന്നത് നിന്റെ മുഖമായിരുന്നു…..

മനസ്സ് ആഗ്രഹിച്ചിരുന്നത് മുഴുവൻ എങ്ങനെയെങ്കിലും നിന്നെ സന്തോഷിപ്പിക്കാനായിരുന്നു…..
എന്നാൽ നീയോ….
നിനക്ക് ഇഷ്ടപെട്ട ആളേ കണ്ട് പിടിച്ചെന്ന് മാത്രമല്ല….

അവനോടൊപ്പം ഇറങ്ങി പോകുക കൂടി ചെയ്തു….

മേത്തന്റെ കൂടെ പെങ്ങൾ ഒളിച്ചോടി പോയി എന്ന നാണക്കേടിലുപരി നീ ഞങ്ങൾക്കിടയിൽ ഇല്ലാത്തതായിരുന്നു ഞങ്ങളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്…

ഭക്ഷണം കഴിക്കാതെ കരഞ്ഞു തീർത്ത എത്രയോ രാ പകലുകൾ….

നീ വരുമെന്ന പ്രതീക്ഷയിൽ ഉമ്മറത്തു നിന്നെ കാത്തിരുന്ന നിമിഷങ്ങൾ…

പതിയേ പതിയേ നിന്നോടുള്ള സ്നേഹമത്രയും വെറുപ്പായി മാറി……

വർഷങ്ങൾക്ക് ശേഷം നീ വന്നപ്പോഴും നീ വന്നതിലുള്ള സന്തോഷം മറച്ചു വെച്ച് ദേഷ്യത്തെയാണ് പുറമെ കാണിച്ചത്……

നീ എപ്പോഴും സുരക്ഷിതയാവണമെന്ന് കരുതിയാണ് കവലയിൽ കേട്ട ആ സംസാരത്തിന്റെ ബാക്കിയെന്നോണം ഞാൻ നിന്നോട് കയർത്തത്….

നിനക്ക് വേണ്ടി നല്ലൊരു വീട് ശെരിയാക്കി ഞാൻ അമ്മയോട് പറഞ്ഞിരുന്നു…

അപ്പോഴേക്കും നീ അവിടം വിട്ടു.

മുമ്പത്തെ പോലെ വീണ്ടും നിന്നെ തിരഞ്ഞു…..
പക്ഷെ നിരാശയായിരുന്നു ഫലം.. …
വീണ്ടും നീ വന്നപ്പോഴും എന്റെ മോളേ അന്യ മതസ്ഥൻ വിവാഹം കഴിക്കാൻ ഞാൻ സമ്മതിച്ചിട്ടുണ്ടെങ്കിൽ അതിലോരോറ്റ കാരണമേയുള്ളു…..

അവൻ…. അവൻ നിന്റെ മോനായത് കൊണ്ട് മാത്രം…

നിനക്ക് ഞാൻ  ശത്രു ആണെങ്കിലും അപ്പോഴും ഇപ്പോഴും നീ എനിക്ക് പെങ്ങളല്ലാതാവില്ലല്ലോ…

അത് പറഞ്ഞപ്പോഴേക്കും ജയ ദേവൻ കരഞ്ഞു പോയിരുന്നു…..

അത്രയും വർഷങ്ങളായി കുന്ന് കൂട്ടി വെച്ച പ്രതികാരമെല്ലാം ഭാഗ്യത്തിൽ നിന്നോലിച്ചു പോവാൻ നിമിഷ നേരം മാത്രമേ വേണ്ടി വന്നുള്ളൂ…

ഒരു തരം നിർവികാരത അവരിൽ സ്ഥാനം പിടിച്ചു..

മോളേ…. ഭാഗ്യ ലക്ഷ്മിയായ നിന്നെ താഹിറയാക്കി ഞാൻ മാറ്റുമ്പോൾ  എന്റെ കണ്ണുകളിൽ ഇരുട്ടായിരുന്നു…..

ആ ഇരുട്ട് നീങ്ങിയത് ഹാഷിയോടുള്ള സ്നേഹം കൊണ്ടാണ്….

അത് പോലെ ഇരുട്ടിന് മേൽ സ്നേഹത്തിന്റെ നൂറു ചൊരിയണം…

അത് സ്വയം വെളിച്ചം നൽകുന്നതോടൊപ്പം ചുറ്റുമുള്ളവരെ കൂടി പ്രകാശിപ്പിക്കും….

വല്യു പ്പ മുന്പോട്ട് വന്ന് ഭാഗ്യത്തിനോടായത് പറമ്പോൾ അവർക്ക് തിരിച്ചു പറയാൻ ഒന്നുമുണ്ടായിരുന്നില്ല….

ഞങ്ങൾക്ക് ഇഷ്ടമല്ലാതെ നീ വിവാഹം കഴിച്ചു….

അതേ തെറ്റ് തന്നെയാണ് കാലങ്ങൾക്കിപ്പുറം നിന്റെ മകൻ നിന്നോട് ചെയ്തിരിക്കുന്നത്…..

അതിനു നിനക്ക് വേദനയുണ്ടെങ്കിൽ നിന്റെ നഷ്ടം ഞങ്ങളെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് നീയൂഹിച്ചിട്ടുണ്ടോ…..

ജയ ദേവൻ അതും കൂടി ചോദിച്ചതും ഭാഗ്യം ആകെ അവർക്ക് മുമ്പിൽ തകർന്ന് പോയിരുന്നു…..

ബാപ്പ ജീവിച്ചിരിക്കെ മകൻ മരിച്ചാൽ സ്വത്തിൽ പേര കുട്ടികൾക്ക് അവകാശമില്ലെന്നാണ് നിയമം…..
പക്ഷേ…… എന്റെ മരണ ശേഷവും ഹാഷിക്ക് ഇവിടുത്തെ ഇല്ലാ അവകാശവും ഞാൻ എഴുതി വെച്ചിട്ടുണ്ട്…

അല്ലാതെ ഇമ്രാന്റെ സ്വത്തിൽ നിനക്കൊരു അവകാശവുമില്ല……

ഹാഷിയെ അംഗീകരിച്ചു അവന്റെ ഉമ്മയായി കഴിയുന്നിടത്തോളം നിനക്കിവിടെ സ്ഥാനവുമുണ്ട്….

വല്യു പ്പ അതും പറഞ് കൊണ്ട് അകത്തേക്ക് വലിഞ്ഞതും ഓരോരുത്തരായി ഉൾവലിഞ്ഞിരുന്നു…..

റാനി നിൽക്കുന്നിടത് നിന്നും അനങ്ങിയില്ല….

ഭാഗ്യം അവനിലേക്കൊന്ന് നോക്കി….

ഒരു സ്ത്രീയെ ബഹുമാനിക്കാൻ പഠിപ്പിച്ച അതേ അമ്മയിൽ നിന്ന് ഞാനിങ്ങനെയൊന്ന് പ്രതീക്ഷിചിട്ടില്ല…..

അമ്മക്ക് ഇവിടെ നിൽക്കണമെങ്കിൽ നിൽക്കാം….. പക്ഷെ ഞങ്ങളുടെ വിവാഹം നടന്നു എന്ന സത്യം അംഗീകരിച്ചു കൊണ്ട് മാത്രം…….

റാനി അത്രയേ പറഞ്ഞുള്ളു….

ആ വാക്കുകളിലെ ഗൗരവം തന്നെ ഭാഗ്യത്തിന് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….

താനീ വീട്ടിൽ അധിക പറ്റായി എന്ന തരത്തിലുള്ള സുലൈമാൻ സാഹിബിന്റെ വാക്കുകൾ അവരിലൊരു നീറ്റൽ തീർത് കൊണ്ടിരുന്നു….

തനിക്കീ വീട്ടിൽ പ്രത്യേകിച്ചൊരു സ്ഥാനവുമില്ലെന്നല്ലേ സ്വത്തിന്റെ കാര്യം നിരത്തി സൂചിപ്പിച്ചത്……

അവർക്ക് ഉള്ളിൽ നിന്നൊരു ഗദ് ഗദം ഉയർന്നു…..

ഒരു നിമിഷം ഇമ്രാനെ അവരോന്നോർത്തു….

ഒരു വാക്ക് പോലും മറുത്തു പറയാതെ അത്ര മേൽ തന്നെ ബഹുമാനിച്ചിരുന്ന സ്നേഹിച്ചിരുന്ന റാനിയും തന്നിൽ നിന്നകന്നിരിക്കുന്നു….

ഒന്നും…. വേണ്ടായിരുന്നുവെന്ന് തോന്നിപ്പോയി അവർക്ക്….

ആരോരുമില്ലാത്ത ഒരു പ്രത്യേക അവസ്ഥയിൽ അവരാകെ തകർന്നു പോയിരുന്നു….

ഭാഗ്യം……അപ്പോഴാണ് തോളിലൊരു കൈ പതിഞ്ഞത്….

അവരൊന്നു. തിരിഞ്ഞു….

ജയ ദേവനാണ്….

നിനക്ക് മറ്റെവിടെ സ്ഥാനമില്ലെങ്കിലും നമ്മുടെ വീട്ടിലുണ്ട്……

പട്ടിണി യാണെങ്കിലും ഒരുമിച്ച് അവിടെ കഴിയാം നമുക്ക്…

ജയ ദേവൻ ഇടറുന്ന വാക്കുകളോടെ അത് പറഞ്ഞതും ഒരു താങ് കിട്ടിയെന്ന പോൽ ഭാഗ്യം പൊട്ടി കരഞ്ഞു പോയിരുന്നു……

ജയ ദേവൻ അവരെ ചേർത്ത് പിടിച്ചു…..

വർഷങ്ങൾ നൽകിയ അകൽച്ച മുഴുവൻ ആ ഒരൊറ്റ കരച്ചിലിൽ ഒതുങ്ങി പോയിരുന്നു…..

ഈ കാഴ്ച കണ്ട് മുകളിൽ നിന്ന് സുലൈമാൻ സാഹിബും റാനിയും പരസ്പരം ഒന്ന് പുഞ്ചിരിച്ചു……

ഓഹ്… ഈ വല്യു പ്പാന്റെ ബുദ്ധി സമ്മതിക്കണം….
സ്വത്തിന്റെ കാര്യം പറഞ്ഞാൽ അവർ തമ്മിലുള്ള പിണക്കം തീരുമെന്ന് എങ്ങനെ ഊഹിച്ചു……

റാനി വല്യു പ്പാന്റെ തോളിലൂടെ കൈ ചേർത്തത് പറഞ്ഞതും അദ്ദേഹമൊന്ന് പുഞ്ചിരിച്ചു…..

ഹാഷി….. എല്ലാ മനുഷ്യരും അങ്ങനെയാണ്….
തന്റെ  ധൗർഭല്യങ്ങളിൽ ചേർത്ത് പിടിക്കുന്നവരെ മനസ്സ് പെട്ടെന്നൊന്നും മറക്കില്ല…..

നമ്മുടെ നല്ല കാലത്ത് നമ്മുടെ കൂടെയുള്ളവർ ചീത്ത കാലം വരുമ്പോൾ ഇട്ടിട്ട് പോകുന്നവരായിരിക്കാം….

പലർക്കും പലരെയും മനസ്സിലാക്കാൻ അങ്ങനെ ഒരു അവസരം കിട്ടാറില്ലെന്ന് മാത്രം…..

ഇവിടെ നമ്മളായി ഭാഗ്യത്തെ കുറ്റപ്പെടുത്തിയതും അവൾക്ക് ആശ്രയമില്ലാതെ കുഴഞ്ഞു..

അവരുടെ രക്ത ബന്ധത്തിന് മുകളിലൊന്നുമല്ലെടാ ഒരു വിദ്വേഷവും….

അത് നിന്റെ അമ്മയ്ക്കും ഇപ്പോ മനസ്സിലായിട്ടുണ്ടാകും…..

വല്യു പ്പ അത് പറയുമ്പോൾ ഭാഗ്യം, അമ്മ എന്നദ്ധേഹം പറഞ്ഞ ഒരൊ വാക്കുകളിലും റാനിയുടെ മനസ്സ് കുരുങ്ങി പോയിരുന്നു…

ആ വക വാക്കുകൾ ഉപയോഗിക്കുന്നതേ ഇഷ്ടമില്ലാത്ത ആളായിരുന്നു…

തന്നിൽ നിന്ന് പറ്റിപ്പോയ തെറ്റുകളെ മനസ്സിലാക്കി എത്ര മനോഹരമായാണ് അദ്ദേഹം തിരുത്തിയത്…..

ഇന്ന് തന്നിൽ നിറഞ്ഞു നിൽക്കുന്ന സന്തോഷത്തിനും ഉറവിടം അത് തന്നെയല്ലേ…..

അമ്മയും അമ്മാവനും പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട്…..

ഇടയ്ക്കിടെ അമ്മാവൻ അമ്മയുടെ കണ്ണുകൾ തുടച്ചു കൊടുക്കുന്നതും കാണാം…..

അങ്ങേയറ്റം മനോഹരമായൊരു കാഴ്ചയായി റാനി ക്കതിനെ തോന്നി…

കുറച്ച് ദിവസം അമ്മ അവരോടൊപ്പം ജീവിക്കട്ടെ…

മുത്തശ്ശിയോടും അമ്മാവനോടും കൂടെ ആ പഴയ ഭാഗ്യമായി….

അപ്പോഴേക്കും അല്പം തിരിച്ചറിവുകളൊക്കെ വരുമായിരിക്കാം എന്നവൻ കണക്ക് കൂട്ടി…..

(തുടരും)

Leave a Reply