17/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 09

രചന – ആയിഷ അക്ബർ

ചേറിൽ കുളിച് നിൽക്കുന്ന ഹിമയെ കാണുമ്പോൾ റാനിക്ക് ചിരി വരുന്നുണ്ടായിരുന്നു…….

കുടയുടെ ഉൾഭാഗമാകെ ചേറ് പറ്റിപ്പിടിച്ചിരുന്നു…..

റാനി ചുറ്റും നോക്കി..
അവർ നിൽക്കുന്നതിനു കുറച്ചപ്പുറത്തായി വയലിലേക്ക് വെള്ളം വരുന്ന ഒരു കൈ തോടവൻ കണ്ടിരുന്നു….

വാ…..
അവളുടെ മുഖത്ത് നോക്കിയത് പറഞ്ഞു കൊണ്ട് അവൻ ആ വെള്ളത്തെ ലക്ഷ്യമാക്കി നടക്കുമ്പോൾ അവളും കൂടെ നടന്നു തുടങ്ങി…..

വെള്ളത്തിലേക്കിറങ്ങി അവൾ വസ്ത്രങ്ങളിലെ ചളി കളയുമ്പോൾ അവൻ കുടയെടുത്ത് കഴുകുകയായിരുന്നു…..

അപ്പോഴും രണ്ട് പേരുടെ മുഖത്തും ഒരു പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു….

ഇത് വരെ പറയാത്ത…. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം വികാരം രണ്ട് പേരിലും നിറഞ്ഞു നിന്നിരുന്നു….

ചെരുപ്പും കാലുമടക്കം എല്ലാം കഴുകി വൃത്തിയാക്കി അവർ രണ്ട് പേരും നടന്നു തുടങ്ങി….

അവർക്കിടയിൽ ഒരു നിശബ്ദത കൂട്ട് പിടിച്ചു….

ഒത്തിരി വാചാലമായിരുന്ന ആ നിശബ്ദതയും അവരിലത്ര മേൽ കുളിര് നൽകുന്നുണ്ടായിരുന്നു….

അന്ന് ഞാൻ മനപ്പൂർവമല്ല….
നിശബ്ദതയെ ബേധിച്ചു കൊണ്ട് ആദ്യം സംസാരിച്ചത് റാനിയായിരുന്നു…..

കിട്ടിയ അവസരമെന്ന പോൽ അവൻ ക്ഷമാ രൂപത്തിൽ പറയുമ്പോഴും അവൾ തല കുനിച്ചു തന്നെ നടന്നു……

അറിയാം…..
പതിഞ്ഞ സ്വരത്തിലുള്ള മറുപടി അവനിലൊരാശ്വാസം നിറച്ചു….

അച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയില്ല…എന്റെ തെറ്റാ…. അല്ലെങ്കി അപ്പച്ചി ഇന്നും ആ വീട്ടിലുണ്ടാകുമായിരുന്നു…
അപ്പച്ചി പോയതിൽ മുത്തശ്ശിക്ക് വലിയ സങ്കടമുണ്ട്……

അവളത് പറയുമ്പോൾ ഒരു നോവവനിൽ പൊതിഞ്ഞു…

ഞാൻ അമ്മയോട് സംസാരിക്കാം….മുത്തശ്ശിയുടെ കൂടെ താമസിക്കാൻ പറയാം…..

അപ്പൊ ഇയാളോ….
അവന്റെ മുഖത്ത് നോക്കിയത് ചോദിക്കുമ്പോൾ അവനൊന്നു പുഞ്ചിരിച്ചു….

ഞാൻ വന്നാൽ ശെരിയാവില്ല…. അമ്മ വന്നാൽ തന്നെ മുത്തശ്ശിയുടെ സങ്കടമൊക്കെ മാറും….

മുത്തശ്ശിയുടെ സങ്കടം മാറാൻ അപ്പച്ചി വന്നാൽ മതിയാവും…. എന്നാലെന്റെ സങ്കടം മാറാൻ ഹാഷിം റാനി തന്നെ വരണം…..

കൂടെ നടന്നിരുന്നവൾ നിശ്ചലയായി അത് പറയുമ്പോൾ അവനൊന്നു പിന്തിരിഞ്ഞു നോക്കി…..

അവന്റെ മുഖത്തേക്ക് തന്നെ നോക്കി അവൾ നിന്നിരുന്നു…..

അവൻ അമ്പരപ്പോടെ അവളെ നോക്കി നിൽക്കുമ്പോഴും ആ വെള്ളാരം കണ്ണുകളെ നേരിടാനൊരു പ്രയാസം തോന്നിയിരുന്നു…..

എന്നാൽ മൗനത്തിലും വാചാലമാകുന്ന ആ മിഴികൾ തന്നോടെന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു…..

പിന്നീടൊരു വാക്കിനിടം കൊടുക്കാതെ അവൾ അവനിൽ നിന്നും തിരിഞ്ഞു നടന്നു……

കൈ തോടിനു കുറുകെയായി കെട്ടിയ സിമന്റ്‌ തിട്ടിന്മേൽ അവൻ കുറച്ചു നേരം ഇരുന്നു….

അവളോട് ഹൃദയത്തിൽ മൊട്ടിടുന്ന വികാരത്തെ പറിച്ചു കളയാൻ ശ്രമിക്കും തോറും അവൾ തന്നിലക്കൊരു പൂക്കാലമായി കടന്നു വരികയാണ്…..

തന്റെ പ്രണയം തെറ്റാണോ ശെരിയാണോ എന്ന് ചിന്തിക്കുമ്പോൾ അവളിലെ ശെരി താൻ മാത്രമാവുകയാണെന്ന് തോന്നുന്നു…..

ആ വെള്ളാരം കണ്ണുകളിലെ വികാരം മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുന്നതിനാലാവണം വാക്കുകളാൽ അവൾ തന്നെ തളച്ചിടാൻ ശ്രമിക്കുന്നത്……

തല വല്ലാതെ ചൂടായി തുടങ്ങിയപ്പോഴാണ് ആ വെയിലത്തു ഇരിക്കാൻ തുടങ്ങിയിട്ട് ഒത്തിരി നേരമായെന്നവന് തോന്നിയത്….

അവൻ പതിയേ എഴുന്നേറ്റ് വീട്ടിലേക്കു നടന്നു…..

പിന്നീടുള്ള ദിവസങ്ങളിൽ ബസ്സിലെ മുൻ ഡോറിനോട് ചാരിയുള്ള സീറ്റിൽ അവളുണ്ടായിരുന്നു…..

തന്നെ മാത്രം തഴുകിയോഴുകുന്ന വെള്ളാരം കണ്ണുകൾക്ക് പകരം നൽകാൻ അവൾക്കു മാത്രമായൊരു പുഞ്ചിരി അവന്റെ ചുണ്ടിലും തെളിഞ്ഞു നിന്നിരുന്നു….

വാക്കുകളാൽ പരസ്പരം പങ്കു വെക്കാത്ത പ്രണയത്തെ അവരുടെ മിഴികൾ ആർദ്രമായി പങ്കു വെച്ചിരുന്നു…..

അവൻ വാങ്ങിച്ച കുപ്പി വളകളുടെ എണ്ണം കുറയുന്നതിനനുസരിച്ചു അവൻ വാങ്ങി കൊണ്ടിരുന്നു……

കുപ്പി വളകൾ ഇഷ്ടമല്ലാത്തിരുന്ന അവൾക്ക് എന്തിനേക്കാളേറെ ആ വളകളോട് പ്രണയം തോന്നിയിരുന്നു…..

തന്റെ ഉപ്പ ചെയ്ത തെറ്റ് താനും ആവർത്തിക്കുകയാണെന്ന് മനസ്സിലാരോ പറയുമ്പോൾ തെറ്റിനെയും ശെരിയെയും കുറിച് ചിന്തിക്കാൻ പോലും കഴിയാനാവാത്ത വിധം അവളെന്ന ആഴിയിലേക്കവൻ ആഴ്ന്നിറങ്ങിയിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൈകീട്ട് വീട്ടിലേക്ക് നടന്നു വരും വഴി അമ്മയുടെ കൂടെയാരോ ഉള്ള പോലവന് തോന്നിയിരുന്നു….

അകലേക്ക്‌ ആളുടെ മുഖം വ്യക്തമല്ലെങ്കിലും അതൊരു പെൺകുട്ടിയാണെന്ന് തോന്നി…..

അമ്മയോട് സംസാരിക്കുന്ന അവളുടെ ഒരു വശം മാത്രമേ കാണാനുണ്ടായിരുന്നുള്ളു…..
സംസാരത്തിനിടക് രണ്ടു പേരും ചിരിക്കുന്നുണ്ടെങ്കിലും മുഖം മാത്രം കാണുന്നില്ല….

അവൻ കുറച്ചു വേഗത്തിൽ നടന്നു….

ബ്രൗൺ നിറത്തിലുള്ള മനോഹരമായ മുൻ വശത്തെ കുറച്ചു മുടികൾ അവളുടെ മുഖത്തേക്ക് പാറി വീഴുന്നുണ്ടായിരുന്നു….

ബാക്കിയുള്ള മുടികളെല്ലാം മനോഹരമായി ഒരു തട്ടത്തിനാൽ മറച്ചു വെച്ചിരുന്നു…..

ദേ…. റാനി വന്നല്ലോ…
അമ്മ തന്നെ നോക്കി അത് പറഞ്ഞതും അവൾ തന്നിലേക്ക് തിരിഞ്ഞു….

ലൈലാ…..
അവളെ കണ്ടതും താൻ പോലുമറിയാതെ വായിൽ നിന്നും ഉതിർന്നു വീണിരുന്നു…..

റാനീ….. അവളുടെ മിഴികൾ അവനെ കണ്ട സന്തോഷത്താൽ നിറഞ്ഞു തൂവിയിരുന്നു……

അവൾ എഴുന്നേറ്റ് അവനഭിമുഖമായി നിൽക്കുമ്പോഴും ഒത്തിരി പരിഭവങ്ങൾ ആ മുഖത്ത് നിന്നവന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു……

നീഎപ്പോ വന്നു…..

വൈകുന്നേരം…..

അമ്മേ… ഇവൾക്ക് കഴിക്കാനെന്തെങ്കിലും കൊടുത്തോ…..
ഒത്തിരി ചോദ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന അവളെ അവഗണിച്ചു കൊണ്ട് റാനി ഭാഗ്യത്തിലേക്ക് തിരിഞ്ഞു….

ഞങ്ങൾ ഒരുമിച്ചു ചായ കുടിച്ചു….. ഭക്ഷണം നീ വന്നിട്ട് മതിയെന്ന് പറഞ്ഞിരിക്കുകയായിരുന്നു……നീ പോയി കുളിച് വാ….
പറഞ്ഞു കൊണ്ട് ഭാഗ്യം ഉള്ളിലേക്ക് പോയി….

ഞാൻ പോയി കുളിക്കട്ടെ… നീ ഇരിക്ക്…..
അവൻ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോഴും അവളുടെ ഹൃദയത്തിലേ നീറ്റൽ അവനറിയുന്നുണ്ടായിരുന്നു…..

കുളിച്ചു വന്നു അവരോരുമിച്ചു ഭക്ഷണം കഴിക്കാനിരുന്നു….

മോള് ആ കസേരയിലേക്കിരുന്നോളൂ…

റാനി തറയിലേക്കിരിക്കുമ്പോഴാണ് ഭാഗ്യം ലൈലയോടത് പറഞ്ഞത്…..

ആ ഒരു നിമിഷം റാനിയിലവളുടെ കണ്ണുകൾ പതിച്ചു…..

ചമ്രം പടിഞ്ഞിരുന്നു ഭക്ഷണം കഴിക്കുന്ന അവനെ കാണുമ്പോൾ വിശാലമായ ഹാളിലെ ഗ്ലാസിന്റെ മേശ മേലിരുന്നു ഭക്ഷണം കഴിക്കുന്ന ആ ഹാഷിം റാനിയെ അവൾ നോവോടെ ഓർത്തു…

അവനെ തന്നെ നോക്കി നിൽക്കുന്ന ലൈലയെ നോക്കി എന്തെന്ന ഭാവത്തിൽ അവൻ പുരികമുയർത്തി….

അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി അവന്റെ അരികിലായി ഇരുന്നു…..

അവനും അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു…..

സമൃദ്ധമായ ഭക്ഷണമല്ലെങ്കിലും മിനുസമേറിയ തറയാല്ലെങ്കിലും മനോഹരമായ വീടല്ലെങ്കിലും അവന്റെ കൂടെ ആ കൂരയും അവൾക്ക് സ്വർഗമായി തോന്നി…..

വല്ലാത്തൊരു സന്തോഷം അവയിൽ നിറഞ്ഞു നിൽക്കുന്നതായി തോന്നി….

ഏയ്…. പുറത്ത് നല്ല തണുപ്പാണ്…. മഞ്ഞ് കൊണ്ട് അസുഗം വരുത്തി വെക്കേണ്ട… ഉള്ളിലേക് കയറ്…..

ഉമ്മറത്തു നിന്ന് കാറ്റ് കൊള്ളുകയായിരുന്ന ലൈലയോട് റാനിയത് പറയുമ്പോഴും അവളൊന്നും മിണ്ടിയില്ല…..

പേര് കേട്ട തറവാട്ടിലെ അനന്തരാവകാശിയാണ് അമ്മ….. അമ്മയെ കാത്തിരിക്കുന്ന കുടുംബങ്ങളുണ്ടവിടെ എന്നൊക്കെ പറഞ്ഞല്ലേ നീ അവിടെ നിന്നും പോന്നത്….

എന്നിട്ടും….ഇങ്ങനൊരാവസ്ഥയിൽ നിന്നെ കാണേണ്ടി വരുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല റാനീ…..

തിരിച്ചു വന്നു കൂടെ നാട്ടിലേക്ക്….

അവൾ അങ്ങേയറ്റം ദയനീയതയോടെ അവനിലേക്ക് നോക്കി…..

(തുടരും )