22/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 37

രചന – ആയിഷ അക്ബർ

ഏറ്റവും മുമ്പിലായി വന്ന ആ വെള്ള കാറിൽ നിന്നും ആദ്യം അവനായിരുന്നു ഇറങ്ങിയത്…..

ആ വീട് മുഴുവൻ അവനെ കാണാൻ തിരക്ക് കൂട്ടി….

മഹ്റെവിടെ…..

എല്ലാവരും പരസ്പരം ചോദിച്ചു….

പിറകിലായി വന്ന കാറിൽ നിന്നും ഇറങ്ങിയ സുലൈമാൻ സാഹിബിന്റെ കയ്യിൽ ആ സ്വർണ പെട്ടിയുണ്ടായിരുന്നു…..

ഹാഷി…. ഇത് നിന്റെ പെണ്ണിന്റെ കഴുത്തിലേക്കിട്ട് കൊടുത്തോ….

അദ്ദേഹം അവന് നേരെ ആ പെട്ടി നീട്ടി കൊണ്ടത് പറയുമ്പോൾ ഒരിളം പുഞ്ചിരി ആ ചുണ്ടുകളിൽ പറ്റി പ്പിടിച്ചിരുന്നു …

അത് പതിയേ റാനിയിലേക്കും ഒന്ന് പടർന്നു…..

എങ്കിലും മറ്റാരും കാണാതിരിക്കാൻ അവനതിനെ മറച്ചു വെച്ചു…

ഭാഗ്യം ലൈലയുടെ അടുത്ത് തന്നെയുണ്ട്….

വല്ലാത്തൊരു ഉത്സാഹം അവരുടെ മുഖത്ത് തിളങ്ങുന്നുണ്ട്….

ഇങ്ങോട്ട് ഇട്ട് കൊടുക്ക് റാനി….

ഭാഗ്യം സന്തോഷത്തോടെ അത് പറഞ്ഞതും അവൻ ലൈലയിലേക്കൊന്ന് നോക്കി…

ആ മുഖത്ത് അങ്ങേയറ്റം നിർവികാരത യായിരുന്നു…

അവൻ ആ പെട്ടി യിലേക്കൊന്ന് നോക്കി….

ലൈലയുടെ കഴുത്തിൽ റാനി മഹറണിയിക്കുന്നത് കാണാൻ എല്ലാവരും കാത്തിരിക്കുകയാണ്….

അവന്റെ കണ്ണുകൾ ചുറ്റും ഒന്നോടി നടന്നു…..

പിന്നെ ആളുകളെ വകഞ്ഞു മാറ്റി അവൻ അടുക്കള വശത്തേക്ക് നടന്നു….

എങ്ങോട്ടാണവൻ പോകുന്നതെന്നറിയാതെ എല്ലാവരും അവനെ നോക്കി….

റാനി…. ഭാഗ്യം ഉച്ചത്തിൽ പിറകിൽ നിന്ന് വിളിച്ചെങ്കിലും അവൻ തിരിഞ്ഞു നോക്കിയത് പോലുമില്ല….

അവിടെ നടക്കുന്ന ആ കാഴ്ച കണ്ട് നിൽക്കാൻ കഴിയില്ലെന്നുള്ളത് കൊണ്ട് തന്നെ അടുക്കള വശത്തു തന്നെ നിന്നിരുന്നു ഹിമ….

നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവൾ ഇടയ്ക്കിടെ അമർത്തി തുടക്കുന്നുമുണ്ട്…..

വല്യ വീട്ടിലെ ആമ്പിള്ളേർക്ക് അങ്ങനെ പല രസങ്ങളും ഉണ്ടാവും കുഞ്ഞേ…. ഒന്നും ഇല്ലാത്ത നമ്മളൊന്നും അതിൽ ചാടി കൊടുക്കരുത്…..
സങ്കടമേ ബാക്കിയുണ്ടാവു….

അവളുടേ കണ്ണ് നീർ കണ്ട് വന്ന ജമീലത്ത യത് പറയുമ്പോൾ അവളൊന്നും മിണ്ടിയില്ല…..

അങ്ങനെ ആരുടേയും രസത്തിനു നിന്ന് കൊടുക്കുന്നവളല്ല ഹിമാ യെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും മൗനം പാലിച്ചു…..

ഞാൻ അങ്ങോട്ട് ചെല്ലട്ടെ…
മഹറിടാൻ നേരമായിട്ടുണ്ടാകും…..

അതും പറഞ് പോകാൻ നിന്ന ജമീലത്ത യേ താൻ നോക്കിയില്ല…..

താഴേക്കു മിഴികളൂന്നി അങ്ങനെ നിന്നു…..

എന്നാൽ ജമീലത്ത രണ്ടടി വെച്ചതും കട്ടിള പടിയിൽ നിൽക്കുന്ന അവനെ കണ്ട് ഒരു നിമിഷം ഒന്ന് നിശ്ചലയായി….

അവന്റെ മിഴികൾ വല്ലാത്തൊരു ഭാവത്തോടെ അവളെ നോക്കി നിൽക്കുകയാണ്….

ജമീലത്ത അവന്റെ മിഴികൾ പതിപ്പിച്ച അവളിലേക്കൊന്ന് നോക്കി…..

ഹിമ ജമീലതക്ക് നേരെ മുഖമുയർത്തിയപ്പോഴാണ് ഒരു നിമിഷം അവൻ തന്റെ കണ്ണുകളിൽ കുരുങ്ങിയത്……

ഒരു ഞെട്ടലോടെ അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കി നിന്നു….

ആ വെള്ളാരം കണ്ണുകളിൽ കുടുങ്ങി അവനും…..

അപ്പോഴേക്കും അവനെ തിരഞ്ഞെന്ന വണ്ണം എല്ലാവരും അടുക്കളയിലേക്കെത്തിയിരുന്നു…..

റാനി…..
ഭാഗ്യത്തിന്റെ ശബ്ദം അവന് നേരെ ഉയർന്നപ്പോഴാണ് അവൻ അവളിൽ നിന്ന് മോചിപ്പിക്കപ്പെട്ടത്….
അവൻ ഭാഗ്യത്തിന് നേരെ ഒന്ന് തിരിഞ്ഞു നോക്കിയെങ്കിലും പുച്ഛത്തോടെ അവരിൽ നിന്നും മുഖം തിരിച്ചു..

അപ്പോഴേക്കും കൂടി നിന്നവരിൽ നിന്നും അടക്കം പറച്ചിലുകൾ ഉയർന്നു കേട്ടു…

അതോന്നും അവനെ ബാധിക്കുന്നതെയല്ലാത്തത് കൊണ്ടവൻ അവളുടേ അടുത്തേക്ക് നടന്നു ….

നടക്കുന്നതെന്തെന്നറിയാതെ അവൾ അവനെ തന്നെ നോക്കി നിൽക്കുക യാണ്  …..

അവൻ കയ്യിലെ ആ പെട്ടി തുറന്ന് അതിൽ നിന്നും എടുത്ത ആ മാല അവളുടേ കഴുത്തിലേക്ക് കെട്ടി കൊടുത്തത് പെട്ടെന്നായിരുന്നു….

ചിന്തിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല ആർക്കും…..

ഭാഗ്യത്തിന്റെ തലയിലൊരു ഇടിത്തീ വന്നു വീണത് പോലെ തോന്നി…..

എല്ലാവരും ഒരു പോലെ ഞെട്ടി നിന്ന ആ നിമിഷം….

ഹിമയുടെ കണ്ണുകൾ നിറഞ്ഞു വന്നു…..

അവൾ അവനെ തന്നെ നോക്കി നിൽക്കുകയാണ്….
ഒന്ന് തടയാൻ പോലും ശ്രമിക്കാതെ…..

അവന്റെ കൈ തന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്…..

അവൻ പൂശിയ ഏതോ മുന്തിയ ഇനം അത്തറിന്റെ ഗന്ധം നാസികയിലേക്ക് ഇടിച് കയറുന്നുണ്ട്…..

അവൾ കണ്ണുകൾ പതിയേ അവനിൽ നിന്നൊന്നിളക്കിയപ്പോഴാണ് അത്രയും ആളുകൾക്കിടയിൽ നിന്നും തന്റെ കണ്ണുകൾ അവരെ കണ്ട് പിടിച്ചത്….

കുറച്ചപ്പുറത്തായി വല്യു പ്പയുടെ അരികിൽ നിൽക്കുന്ന അച്ഛനെയും അമ്മയെയും….

രണ്ട് പേരുടെയും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുണ്ട്…..

അവൾ വല്ലാത്തൊരു പിടപ്പോടെ അവനെ നോക്കി…..

അവന്റെ ചുണ്ടിൽ അവൾക്കായെന്ന വണ്ണമൊരു പുഞ്ചിരി തെളിഞ്ഞു…..

എന്നാൽ വികാരങ്ങളുടെ അമിതമായ വേലിയേറ്റം കാരണമോ എന്തോ അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി….

അവൾ പെട്ടെന്നു കുഴഞ്ഞു വീണതും ഇരു കൈകൾ കൊണ്ടും റാനി അവളെ പിടിച്ചിരുന്നു….

ഒരു നിമിഷം ഓരോരുത്തരായി തങ്ങൾക്ക് ചുറ്റും വട്ടം കൂടി….

എന്നാൽ ഭാഗ്യം നിന്നിടത് നിന്ന് അനങ്ങിയില്ല…

ആകെ ശിലയായത് പോലെ യുള്ള അവസ്ഥയായിരുന്നു അവരുടേത്…….

ജമീലത്ത വേഗം വെള്ളമെടുത്തു….
റാനി അതും വാങ്ങി അവളുടേ മുഖത്തേക്ക് തെളിച്ചു……

ജയ ദേവനും രേവതിയും അപ്പോഴേക്കും ഓടി വന്നു….

അവൾ പതിയേ കണ്ണുകൾ തുറന്നു….

റാനി അവളെ ഇരു കൈകൾ കൊണ്ടും കോരിയെടുത്തു കൊണ്ട് മുറിയിലേക്ക് നടന്നു ……

അവന്റെ കൈ ചൂടിൽ ഒരു പൂച്ചകുഞ്ഞിനെ പോലൊതുങ്ങി അവൾ കിടക്കുമ്പോഴു സംഭവിക്കുന്നത് സ്വപ്നമാണോ സത്യമാണോ എന്നവൾക്ക് അറിയില്ലായിരുന്നു….

രേവതിയേയും ജയ ദേവനെയും കൂടി കണ്ടതും ഭാഗ്യം തികച്ചും അത്ഭുതപ്പെട്ടിരുന്നു….

താനറിയാതെ മറ്റെന്തൊക്കെയോ നടന്നിട്ടുണ്ടെന്ന് അവർക്കുറപ്പായിരുന്നു….

അതാണ്‌ എന്റെ പുതിയ പേര കുട്ടി……
ഹിമ മഹേഷ്വരി……

കൂടി നിന്നവരുടെ മുറു മുറുപ്പുകൾക്കവസാനമെന്നോണം വല്യു പ്പയാണ് എല്ലാവരോടുമായി പറഞ്ഞത്……

എല്ലാവരും ഒരു പോലെ ഞെട്ടി പോയിരുന്നു…..

മതത്തിനേക്കാൾ അവന്റെ മനസ്സിന്റെ ഇഷ്ടമാണ് ഞാൻ നോക്കിയത്….

സംശയത്തോടെ തന്നെ ഉറ്റ് നോക്കി നിൽക്കുന്ന എല്ലാവരോടും കൂടി തന്നെയാണ് ഒരു ചെറു ചിരി ചാലിച് സുലൈമാൻ സാഹിബ്‌ പറഞ്ഞത്….

കുട്ടിക്ക് കുഴപ്പമൊന്നുമില്ല…..എല്ലാവരും ഭക്ഷണം കഴിച്ചോളൂ….

അൻവറെ…. എല്ലാവർക്കും ഭക്ഷണത്തിനുള്ള സൗകര്യം ചെയ്ത് കൊടുക്കു…..

അതും കൂടി പറഞ് അദ്ദേഹം അകത്തേക്ക് പോയതും എല്ലാവരുടെയും സംസാരം ഏകദേശം ഒതുങ്ങിയിരുന്നു…..

എല്ലാവരും ഹിമയുടെ പിറകെ മുറിയിലേക്ക് പോകുമ്പോഴും ഭാഗ്യം അവിടെ തന്നെ നിൽക്കുകയായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അത്രയേറെ സൂക്ഷിച്ചു അവന്റെ കൈകളിൽ നിന്നും പതു പതുത്ത ആ മെത്തയിലേക്കവൻ തന്നെ കിടത്തുമ്പോഴും അവളുടേ കണ്ണുകൾ അവനിലായിരുന്നു….

അവൻ തന്നെ ഉറ്റ് നോക്കിയങ്ങനെ നിൽക്കുകയാണ്…..

അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു….

അച്ഛനും അമ്മയും ഇവിടുത്തെ കുടുംബാഗങ്ങളും എല്ലാം ഉണ്ട്…..

അവൾ പതിയെയൊന്ന് എഴുന്നേറ്റിരുന്നു….

അപ്പോഴേക്കും രേവതിയും ജയ ദേവനും എല്ലാം അടുത്ത് വന്നിരുന്നു…..

നമുക്കങ് പുറത്തേക്ക് നിൽക്കാം അവൾക്കല്പം കാറ്റ് കിട്ടട്ടെ..

ഹിമക്ക് കുഴപ്പമൊന്നുമില്ലെന്ന ആശ്വാസത്തിൽ വല്യു പ്പ അതും പറഞ് പുറത്തേക്കിറങ്ങി…..

അവർക്ക് തുറന്നു സംസാരിക്കാനുള്ള ഇടം നൽകിയതാണെന്ന് മനസ്സിലാക്കി കൊണ്ട് എല്ലാവരും പിറകെ നടക്കുമ്പോൾ റാനി കട്ടിലിൽ അവളുടേ അരികിലേക്കിരുന്നു…..

അവളൊരു നിമിഷം അവനെയൊന്ന് നോക്കി…..

അവൾക്ക് വാക്കുകളൊന്നും പുറത്തേക്ക് വരാത്തത് പോലെ…..

ഹിമാ…..
അവൻ ആർദ്രമായി വിളിച്ചു..

ആ വിളിയിൽ ഈ പ്രപഞ്ചത്തിലെ മുഴുവൻ പ്രണയവും അടങ്ങിയതായി അവൾക്ക് തോന്നി……

അവൾ അവനെ തന്നെ നോക്കി കിടന്നു…

നീ….. നീയിപ്പോ എനിക്കാരാണ്……

അവൻ ചെറു ചിരിയോടെ അത് ചോദിച്ചതും അവളുടേ കണ്ണുകൾ പെട്ടെന്ന് കഴുത്തിൽ കിടക്കുന്ന ആ മാലയിലേക്ക് ചെന്നു നിന്നു..

നല്ല ഭംഗിയുള്ള മെടച്ചിലിൽ കനം കൂടിയൊരു മാലയായിരുന്നത്…..

അതിൽ ഹാർട്ട്‌ ഷേപ്പ് ലൊരു  ലോക്കറ്റും….

അതിനകത്തു എന്തോ ഒന്നെഴുതിയിട്ടുണ്ട്…..

അറബിയിലാണെന്ന് തോന്നുന്നു…..

അവളാ മാല യിലേക്ക് തന്നെ നോക്കുന്നത് ഒരു ചിരിയോടെ അവൻ നോക്കിയിരിക്കുകയായിരുന്നു…..

അവളാ എഴുതിലേക്കൊന്ന് നോക്കി സംശയത്തോടെ അവൻറെ മുഖത്തേക്ക് നോക്കി….

എന്താണ് എഴുതിയിരിക്കുന്നത് എന്നൊരു ചോദ്ധ്യത്തോടെ…….

ഹാഷിം റാനി…….. ഇനി മുതൽ ആർക്കും അവകാശപ്പെടാനാവാത്ത വിധം നീയെന്റേത് മാത്രമായെന്ന്……..

അവൻ പ്രണയർദ്രമായി അത് പറഞ്ഞതും അവളുടേ കണ്ണുകൾ വിടർന്നു…..

അവൾ ഒരു വാക്കിനു പോലും ഇടം കൊടുക്കാതെ അവനെ ഇറുക്കെ പുണർന്നു….

ഈ ഒരു നിമിഷം അത്രയേറേ ആഗ്രഹിച്ചത് പോൽ…..

അവനും ഇരു കൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ചു……

കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും രണ്ട് പേരുടെയും മനസ്സ് സന്തോഷത്തിന്റെ കൊടുമുടി താണ്ടുന്നുണ്ടായിരുന്നു….

(തുടരും)
നിക്കാഹ് കഴിഞ്ഞു…. എല്ലാവരും ബിരിയാണി കഴിച്ചിട്ട് പോകുക…..