രചന – ആയിഷ അക്ബർ
നിന്നോടാ ചോദിച്ചത്…..
അവന്റെ സ്വരം കടുത്തു…
അത്…..
ഹിമ… ഹിമ പറഞ്ഞതാണ്….
ലൈല പെട്ടെന്നത് പറഞ്ഞതും റാനി ഞെട്ടലോടെ അവളെ നോക്കി……
ഹിമയോ…..
അവന്റെ മനസ്സിലെ ഒരായിരം സംശയങ്ങൾ ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു…..
അതേ…. അവൾ നിന്നെ അന്ന്വേഷിച്ചു ഒരു രണ്ട് വർഷം മുമ്പേ എന്റെ അടുത്ത് വന്നിരുന്നു…..
അന്ന് ഞാൻ പറഞ്ഞു കൊടുത്ത എന്റെ കോളേജിന്റെ അഡ്രെസ്സിൽ തപ്പി പിടിച്ചായിരുന്നു വന്നത്…..
ഒരിക്കലും പറയില്ലെന്ന് കരുതി മനസ്സിൽ അടക്കി വെച്ച കാര്യം പറയുന്നതിന്റെ എല്ലാ പ്രയാസവും അവളിൽ നിറഞ്ഞു നിന്നിരുന്നു..
രണ്ട് വർഷം മുന്പേ അവൾ തന്നെ അന്ന്വേഷിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ അവളെ ജോലിക്കാരിയായി ഓഫീസിലേക്ക് താൻ വരുത്തിയതല്ലാ….
അവളായി തന്നിലേക്ക് വന്നതാണെന്ന് അവനുറപ്പായിരുന്നു….
എന്നിട്ട് നീയിതെന്താ എന്നോട് നേരത്തെ പറയാതിരുന്നത്…..
റാനി അത് ചോദിക്കുമ്പോൾ ആകെ കൂടി തകർന്നൊരു അവസ്ഥയിലായിരുന്നു….
എനിക്ക്…. എനിക്ക് ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ വയ്യായിരുന്നു റാനി….
അവൾ നിന്നിൽ നിന്നകന്നെന്ന് അറിഞ്ഞത് മുതലാണ് ഞാൻ നിന്നെ അന്ന്വേഷിച്ചു തുടങ്ങിയത്…
നിന്നെ കണ്ടെത്തുക എന്നത് അവൾക്ക് ബുദ്ധിമുട്ടായിരുന്നെങ്കിലും എനിക്കെളുപ്പമായിരുന്നു….
അവസാനം നിന്നെ നേടിയെന്നു കരുതി യിടത് നിന്നും വീണ്ടും നീയവളെ നമ്മുടെ ഇടയിലേക്ക് വലിച്ചിട്ടു കൊണ്ടേയിരുന്നു…
ഇപ്പൊ വിവാഹത്തിന്റെ വക്കിലെത്തിയിട്ടും നിനക്കവളെ മതിയെന്നു പറയുമ്പോൾ പിന്നെ ഞാനെന്ത് ചെയ്യണം…..
ലൈല അത്രയും പറഞ്ഞപ്പോഴേക്കും വിങ്ങി പൊട്ടിയിരുന്നു…..
റാനി അസ്വസ്ഥമായി ആ ബെഞ്ചിലേക്കിരുന്നു….
ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ മനസ്സിനെ അടക്കി ഭരിച്ചു…..
അവൻ കൈ കൊണ്ട് മുഖമാകെ തടവി…..
ലൈലാ….. അവളെ കാണും മുന്പേ ഞാൻ നിന്നെ കണ്ടിരുന്നു….
പക്ഷെ ഹൃദയത്തിൽ പതിഞ്ഞത് അവളാണ്…..
അവൾ എന്നേ തിരഞ്ഞു വന്ന വിവരം ഞാനറിഞ്ഞിരുന്നു വെങ്കിൽ എന്നോ ഞാനവളെ തേടി അങ്ങോട്ട് പോകുമായിരുന്നു….
ആരൊക്കെ എതിർത്താലും ജീവനായി ചേർത്ത് നിർത്തുമായിരുന്നു…..
പക്ഷെ എല്ലാം മറച്ചു വെച്ചിട്ടും വിധി അവളെ എന്റെ കയ്യിലേക്ക് തന്നെ എത്തിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളുടെ പ്രണയം അത്രയേറെ ശക്തമാണ് എന്ന് തന്നെയാണ് അതിനർത്ഥം……
പിടിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും ആസ്വദിക്കാൻ പറ്റില്ല ലൈലാ…..
റാനി അവളുടേ മുഖത്തു നോക്കി അതും പറഞ് അവിടെ നിന്നും നടക്കുമ്പോൾ ലൈലയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..
അവളാ ബെഞ്ചിലിരുന്ന് അൽപ നേരം കരഞ്ഞു തീർത്തു…..
പിന്നെ ഏതോ ഓർമയിൽ നിന്നെന്ന പോലെ ഫോണെടുത്തു ഭാഗ്യത്തിന് വിളിച്ചു….
ആന്റി….. ഹിമ റാനിയെ തിരഞ്ഞു എന്റെ അടുക്കൽ വന്നിരുന്ന വിവരം എനിക്കവനോട് പറയേണ്ടി വന്നു….
അത് പറഞ്ഞു കൊണ്ട് ഒരു പൊട്ടി കരച്ചിലായിരുന്നു ലൈലയിൽ നിന്നും ഉയർന്നത്…..
ഭാഗ്യം ഒരു നിമിഷം തരിച്ചു നിന്നു……
പിന്നെ ഹിമ അന്ന് അവനോട് പറഞ്ഞ കാര്യങ്ങൾ അറിയാതെ എന്റെ നാവിൽ നിന്ന് വീണു പോയി…..
ലൈല അതും കൂടി പറഞ്ഞപ്പോൾ ഭാഗ്യം ശെരിക്കും ഭയന്നിരുന്നു….
പക്ഷെ…. ആന്റിയാണ് അത് പറഞ്ഞതെന്ന് ഞാൻ പറഞ്ഞിട്ടില്ല…..
അന്ന് വന്നപ്പോൾ ഹിമ പറഞ്ഞതാണെന്നാണ് ഞാൻ പറഞ്ഞത്……
ലൈല അത് പറഞ്ഞപ്പോഴാണ് ഭാഗ്യത്തിന്റെ ശ്വാസം നേരെ വീണത്….
പക്ഷെ…. അവനിപ്പോഴും അവളെ മതിയെന്ന് പറഞ്ഞാണ് നിൽക്കുന്നത് ആന്റി…. ആന്റി പറഞ്ഞല്ലേ ഞാൻ…..
അവളുടേ വിതുമ്പലിന്റെ ശക്തി കൂടി…..
ഭാഗ്യം അവളോട് തിരിച്ചെന്ത് പറയണമെന്നറിയാതെ ഉരുകി……
അതേ…. അവൾ പറഞ്ഞത് ശെരിയാണ്….
ഞാൻ പറഞ്ഞിട്ടായിരുന്നു അവൾ ഇതിനെല്ലാം നിന്ന് തന്നത്…..
ഹിമയെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നപ്പോൾ തന്നെ ഞാൻ ലൈലയേ കണ്ടിരുന്നു…..
കാര്യങ്ങളെല്ലാം പറഞ് എത്രയും പെട്ടെന്ന് അവളുടേ ഉപ്പയെ വിവാഹ ക്കാര്യവുമായി വീട്ടിലേക്ക് വരാൻ നിർദ്ദേശിച്ചതും ഞാനായിരുന്നു……
ഒന്നിനും സമയം ഇല്ലെന്ന പോൽ അവനെ വരിഞ്ഞു മുറുക്കി ഈ വിവാഹം നടത്തണമെന്ന് തന്നെ തീരുമാനിച്ചതാണ്….
നാളെയാണ് നിക്കാഹ്….
ഈ അവസാന നിമിഷത്തിൽ അവൻ ഇങ്ങനെയൊക്കെ പറഞ്ഞാ ഭാഗ്യത്തിന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..
അപ്പോഴാണ് അടിച്ചു വാരാനുള്ള ചൂലുമായി ഹിമയങ്ങോട്ട് വരുന്നത് കണ്ടത്…..
ഭാഗ്യം അവളെ കണ്ടതും ഇരുന്നിടത് നിന്നും ഒരൊറ്റ എഴുന്നേൽക്കലായിരുന്നു…..
ചുറ്റും ആരും ഇല്ലെന്നുറപ്പിച്ചതും അവർ ശക്തിയായി അവളുടേ കൈ പിടിച്ചൊരൊറ്റ വലിയായിരുന്നു….
അവൾ അക്ഷരാർത്ഥത്തിൽ ഭയന്ന് പോയിരുന്നു….
നീയെന്റെ മോന്റെ ജീവിതത്തിലൊരു ബാധയാണ്….
എത്ര അകറ്റിയാലും അകന്ന് പോകാതൊരു ബാധ…..
ഇത്ര വർഷം ഞാൻ നിന്നെ മരുമോളാക്കാൻ വേണ്ടി വരുമെന്ന് കരുതി കാത്തിരുന്നതെന്തിനാ….
ഞാനത് നിന്നിൽ നിന്നും അവനെ മോചിപ്പിക്കാൻ പറഞ്ഞൊരു കള്ളം മാത്രമായിരുന്നു….
ആരെയെങ്കിലും വിവാഹം ചെയ്ത് അവരോടൊപ്പം പോയിട്ടുണ്ടാകുമെന്ന ആശ്വാസത്തിലിരിക്കുകയായിരുന്നു ഞാൻ…..
ഭാഗ്യം ദേഷ്യത്തോടേ അത് പറയുമ്പോൾ ഹിമ ഒന്നും മിണ്ടിയില്ല…..
ഈ വിവാഹം ഇവിടം വരെ എത്തിക്കാമെങ്കിൽ നാളെ ഞാനിത് നടത്തുക തന്നെ ചെയ്യും…. കേട്ടോ…..
അത് വരെ നിന്റെ നിഴലു പോലും അവനിൽ പതിഞ്ഞു പോകരുത്….
അതും പറഞ്ഞവർ കയ്യിൽ അമർത്തുമ്പോൾ അവൾക്ക് കൈ വേദനയെടുക്കുന്നത് പോലെ തോന്നി….
അവർ പിന്നീടൊരു വാക്കിനിടം കൊടുക്കാതെ ദേഷ്യത്തോടെ അവിടെ നിന്നും നടന്ന് പോകുമ്പോൾ ഹിമക്കവരോടൊന്നും പറയാനുണ്ടായിരുന്നില്ല….
മനസ്സ് മുഴുവൻ ശൂന്യതയാണ്….
അവനെ കുറിച്ചുള്ള ഓർമ്മകൾ ചുട്ടു പൊള്ളിക്കുന്ന തന്റെ ഹൃദയത്തിനെ അതിലേറെ വേദനിപ്പിക്കാൻ മറ്റൊന്നുമാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ മനസ്സ് നിർവികാരതയെ പേറി…..
എന്നാൽ ഇതെല്ലാം കേട്ട് കൊണ്ട് വാതിൽ പടിയിൽ നിന്നിരുന്നവളെ അവർ രണ്ട് പേരും കണ്ടിരുന്നില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
റാനി വീട്ടിലേക്ക് കയറി വരുമ്പോൾ അവളെ കാണണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സ് നിറയെ ……
തന്നോട് കൂടെ ഇറങ്ങി വരാൻ ധൈര്യമല്ലെന്ന് പറഞ്ഞവൾ തന്നെ തേടി നടന്നതെന്തിനാണെന്ന് അവനറിയണമായിരുന്നു….
വീട്ടിൽ കല്യാണത്തിന്റെ പന്തൽ ഉയർന്നിട്ടുണ്ട്…..
മുറ്റത്തും പറമ്പിലുമായി അത്യാവശ്യം നല്ലൊരു പന്തൽ തന്നെയാണ്….
മനസ്സ് വല്ലാത്ത ഭാരത്തിലാണ്….
അവൻ പതിയേ മുറിയിലേക്ക് നടന്നു…..
ഡ്രെസ് മാറിയതും അവളെ കാണണമെന്ന ചിന്തയിൽ തന്നെയായിരുന്നു താഴെക്കിറങ്ങാനൊരുങ്ങിയത് …..
ഹാഷിക്കാ…. എനിക്കൊരു കാര്യം പറയാനുണ്ട്…..
മുറിയിൽ നിന്നിറങ്ങാൻ തുടങ്ങിയതും മുമ്പിൽ നിന്ന് ആലിയ ആണത് പറഞ്ഞത്…..
പറയാൻ പോകുന്ന കാര്യത്തിന് അത്രയേറെ ഗൗരവമുണ്ടെന്ന് അവളുടേ മുഖത്ത് നിന്നും അവനൂഹിച്ചു…..
അവർ രണ്ട് പേരും മുറിക്കകത്തേക്ക് തന്നെ
കയറി….
ജോലിക്കാരിയായി വന്ന ആ കുട്ടി ഹാഷിക്കാന്റെ ആരാ…..
അവളുടേ ചോദ്യം ആർദ്രമായിരുന്നു…..
അവനൊന്നു നിന്നു വിയർത്തു….
ആലിയാ…..
അവൻ എന്തോ പറയാൻ തുടങ്ങിയതും അവളവന് നേരെ കയ്യുയർത്തി…..
നോട്ടത്തിലും ഭാവത്തിലും പല ഭാവ മാറ്റങ്ങളും നിങ്ങളിലെനിക്ക് തോന്നിയിട്ടുണ്ട്….
ആരോടും കാണാത്തൊരിഷ്ടം ഹാഷിക്കാന്റെ കണ്ണുകളിൽ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്….
പിന്നെന്തിനായിരുന്നു ഈയൊരു വിവാഹം..
ആലിയ അത് ചോദിക്കുമ്പോൾ തിരികെ നൽകാൻ അവന്റെ കയ്യിലും ഉത്തരമുണ്ടായിരുന്നില്ല…..
അവളെ ഞാൻ സ്നേഹിച്ചത് പോലെ അവൾക്കെന്നെ സ്നേഹിക്കാൻ…..
ആര് പറഞ്ഞു അവൾ സ്നേഹിച്ചിട്ടില്ലെന്ന്…..
അവൻ ഒരു വേദനയോടെ അത് പറഞ് തുടങ്ങിയതും ആലിയ ഇടക്ക് കയറിയത് ചോദിച്ചപ്പോൾ അവനവളെ ഒന്ന് നോക്കി….
ഭാഗ്യവും ഹിമയും തമ്മിൽ സംസാരിക്കുന്നത് കേട്ടതെല്ലാം അവൾ അവനോട് പറയുമ്പോൾ അവന്റെ കണ്ണുകൾ വിടരുന്ന തോടൊപ്പം അവയിൽ നീർ തുള്ളികൾ തിളങ്ങി നിന്നു……
(തുടരും )

by