രചന – ആയിഷ അക്ബർ
പിറ്റേ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ചു നമസ്കാരവും കഴിഞ്ഞ് അമ്മയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് ചൂട് കട്ടൻ ചായയും വാങ്ങി മോന്തി റാനി അമ്പലത്തിലേക്ക് നടന്നു….
അമ്പലപ്പറമ്പിൽ നിർത്തിയിട്ട മുത്തപ്പനെന്ന ബസ്സിൽ അവന്റെ മിഴികളുടക്കിയപ്പോൾ അതിനരികത്തായി നിന്നിരുന്ന ഉയരം കുറഞ്ഞ ആളുടെ അടുത്തേക്ക് അവൻ ചെന്നു…
കണ്ടക്ടറെ വേണമെന്ന് പറഞ്ഞിരുന്നു….
അവൻ പറഞ്ഞപ്പോഴേക്കും അയാളുടെ മുഖത്തെ ഗൗരവം അപ്രത്യക്ഷമായി പകരം അവനായൊരു പുഞ്ചിരി തെളിഞ്ഞു….
ഹാ…. മുതലാളി പറഞ്ഞിരുന്നു… പുതിയ ഒരാൾ വരുമെന്ന്…. എന്താ തന്റെ പേര്….
റാനി…..
ഞാൻ രമേശൻ….
ഇതാ ഐശ്വര്യമായി ജോലിക്ക് കയറിക്കോ….
അയാളുടെ കയ്യിൽ പിടിച്ചിരുന്ന ബാഗ് തന്റെ കയ്യിലേക്ക് നൽകി കൊണ്ടത് പറയുമ്പോൾ അവനൊന്നു പുഞ്ചിരിച്ചു….
പിന്നീട് ബസ്സിന്റെ ഉള്ളിലേക്ക് കയറി ഒരു കാക്കി കുപ്പായവും അവന് കൊടുത്തു….
ഇത് ബസ്സ് ചാർജിന്റെ ഷീറ്റ് ആണ്….
പറഞ്ഞു കൊണ്ടവനൊരു പേപ്പർ നീട്ടുമ്പോൾ കാക്കി കുപ്പായമിട്ട് അവൻ വരുകയായിരുന്നു…..
ജീവിതം തനിക്ക് നേരെ വേച്ചു നീട്ടിയ പുതിയൊരു വേഷമായി തോന്നിയവന്….
എങ്കിലും അവന് വല്ലാത്ത സന്തോഷം തോന്നി….
ജോലി കിട്ടാതെ അലഞ്ഞിരുന്ന അവന് മുമ്പിൽ തെളിഞ്ഞ പുതിയൊരു വഴി കൂടിയായിരുന്നു ഇത്……
ബസ്സ് ഓടി തുടങ്ങുമ്പോഴും പരിചയക്കുറവ് കാരണം ചെറിയ ബുദ്ധിമുട്ടവനു തോന്നിയെങ്കിലും പെട്ടെന്ന് തന്നെ അവനതിനോട് പൊരുത്തപ്പെട്ടു…..
ബസ്സ് ആ വഴിക്ക് രണ്ടാമത്തെ തവണ വരുമ്പോൾ വായനാശാലക്ക് മുമ്പിലുള്ള ബസ്സ്റ്റോപ്പിൽ മുത്തപ്പനെ കാത്ത് ഹിമയുമുണ്ടായിരുന്നു….
തന്നെ കാണുമ്പോൾ വിടരുന്ന വെള്ളാരം കണ്ണുകളെ അവൻ അറിയുന്നുണ്ടായിരുന്നെങ്കിലും അവളിലേക്കൊരു നോട്ടം പോലും അവൻ നൽകിയില്ല….
അവളെ നോക്കിയിരിക്കുന്ന പല ആൺകുട്ടികളും ആ ബസ്സിലുണ്ടായിരുന്നെങ്കിലും അവളുടെ മിഴികൾ അവനിൽ മാത്രം കുരുങ്ങിക്കിടന്നു……
അവന്റെ ഒരു നോട്ടത്തിനായി അവളത്ര മാത്രം ആഗ്രഹിച്ചിരുന്നു…..
വൈകീട്ട് വീട്ടിലേക്ക് പോകുമ്പോൾ അവൻ വല്ലാത്ത സന്തോഷത്തിലായിരുന്നു…
തന്റെ കയ്യിൽ കിട്ടിയ പണം അമ്മയുടെ കൈകളിലേക്ക് കൊടുക്കാൻ അവൻ അത്യധികം ആഹ്ലാദഹത്തോടെയാണ് വീട്ടിലേക്ക് പോയത്…..
പോകും വഴി വീട്ടിലേക്കു വേണ്ട സാധനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ വാങ്ങിയ കടല മിട്ടായിയോടൊപ്പം അവന്റെ കൂലി കൂടി ഭാഗ്യത്തിന് നേരെ നീട്ടുമ്പോൾ അവരുടെ മിഴികൾ അനുസരണയില്ലാതെ ഒഴുകിയിരുന്നു…..
തനിക്കേറ്റവും ഇഷ്ടമുള്ള മിട്ടായി…. ഇമ്രാൻ വരുമ്പോൾ കൈകളിൽ തനിക്കായെപ്പോഴും ഉണ്ടാവും…..
റാനി പല തവണ വാങ്ങി തന്റെ കൈകളിൽ വച്ചു തന്നിട്ടുണ്ടെങ്കിലും അതിനേക്കാൾ എത്രയോ മടങ്ങാണ് ഇതിന്റെ മൂല്യം….
ഇതിൽ അവന്റെ വിയർപ്പിന്റെ സുഗന്ധമുണ്ട്……
കഴിക്കമ്മാ…..
അവൻ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ നിറമിഴികളാലെ അവരത് കഴിച്ചു… കൂടെ അവന്റെ വായിലേക്ക് കൂടി വച്ചു കൊടുത്തപ്പോൾ എന്തിനോ അവന്റെ മിഴികളും നിറഞ്ഞു തുടങ്ങിയിരുന്നു…..
കുളിച്ചു വന്നു അമ്മയോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുമ്പോഴും കാലിനു ഭയങ്കര വേദനയവന് തോന്നുന്നുണ്ടായിരുന്നു…..
പുൽപായയിൽ ചുരുണ്ടു കൂടി കിടക്കുമ്പോഴും ശരീരത്തിന്റെ ക്ഷീണം കാരണം കണ്ണുകളടഞ്ഞു പോകുകയായിരുന്നു…
അപ്പോഴും അവന്റെ ഹൃദയത്തിന്റെ കോണിൽ ആ വെള്ളാരം കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവളെ കാണുന്നത് പിന്നീടങ്ങോട്ട് പതിവായിരുന്നെങ്കിലും അവനവൾക്ക് നേരെ ഒരിക്കൽ പോലും നോക്കിയില്ല…..
ഡീ…. ആ കണ്ടക്ടറെ നോക്ക്…. എന്തൊരു ഭംഗിയാടീ….
റാനിയെ കണ്ണിമ വെട്ടാതെ നോക്കി അഞ്ജലി അത് പറയുമ്പോൾ ഹിമക്കോട്ടും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…
അഞ്ജലി മനപ്പൂർവം കാരണങ്ങളുണ്ടാക്കി അവനോട് മിണ്ടാനും പരിചയപ്പെടാനും ശ്രമിച്ചിരുന്നു….
അവൻ വളരേ സ്വാഭാവികമായി അതിനെ കണ്ടു….
തന്റെ മുമ്പിൽ നിന്ന് അഞ്ജലിയോട് സംസാരിക്കുമ്പോൾ തനിക്ക് മേലവന്റെ ഒരു നോട്ടം പോലും പതിയാത്തത് അവളിൽ വല്ലാതെ നോവുണർത്തി…
ഉള്ളിൽ മൊട്ടിട്ടു തുടങ്ങിയ ഇഷ്ടത്താൽ എന്റെ റാനി യെന്ന് അഞ്ജലി അവനെ വിശേഷിപ്പിക്കുമ്പോൾ ഹിമക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നിയിരുന്നു…..
ഒരു ദിവസം ബസ്സിൽ നിന്നിറങ്ങുമ്പോഴാണ് ഒരു ആൺകുട്ടി അവളുടെ കൈകളിലേക്കൊരു കവർ നൽകിയത് …..
ഇത് ഇയാൾക്കുള്ളതാണെന്ന് പറഞ്ഞു കൊണ്ട് ആര് തന്നെന്നു ചോദിക്കും മുന്പേ ആ കുസൃതി ഓടി കളഞ്ഞിരുന്നു…..
അവൾ തെല്ലൊരു സംശയത്തോടെ നിന്ന ശേഷം അത് പതിയേ തുറന്നു നോക്കി….
എന്നും വേദനിപ്പിച്ചിട്ടേയുള്ളുവെങ്കിലും എന്റെ മനസ്സറിഞ്ഞു കൊണ്ട് സഹായിച്ചിട്ടേയുള്ളൂ…..
എല്ലാത്തിനും നന്ദി…..
മുഖത്ത് നോക്കി പറയണമെന്നുണ്ടെങ്കിലും ആ വെള്ളാരം കണ്ണുകളെ നേരിടാനെനിക്കാവുന്നില്ല…
…. റാനി
ചെയ്ത സഹായത്തിനു പകരമായി എന്റെ സ്വന്തം അധ്വാനത്തിൽ നിന്നും വാങ്ങിയ ഒരു സമ്മാനം കൂടി ഇതിന്റെ കൂടെ ഞാൻ ചേർക്കുന്നു…..
ഇങ്ങനെ എഴുതിയ ഒരു കടലാസിനൊപ്പം കറുപ്പ് നിറത്തിലുള്ള കുറച്ചു കുപ്പിവളകൾ കൂടി അതിന്റെ കൂടെയുണ്ടായിരുന്നു……
അവളത് വായിച്ചു കഴിഞ്ഞപ്പോഴേക്കും ബസ്സ് അവിടെ നിന്നും സ്റ്റാർട്ട് ചെയ്തിരുന്നു…..
അവൾ പെട്ടെന്ന് പിറകിലോട്ട് തിരിഞ്ഞു നോക്കി….. അവിടെ തന്റെ ഓരോ ഭാവങ്ങളും ഒപ്പിയെടുത്ത് തന്നെ മാത്രം നോക്കി നിൽക്കുന്ന റാനിയെ അവൾ കണ്ടിരുന്നു…..
എന്തെങ്കിലും പറയാൻ അവസരം ലഭിക്കും മുന്പേ ബസ്സ് അവരിൽ നിന്നും അകന്നു പോയിരുന്നു….
അവളുടെ മുഖമാകെ വിടർന്നു…..
ഇത്…. ഇത്…. എന്റെ റാനി നിനക്കെന്തിനാ ഇതൊക്കെ തരുന്നത്….
ചോദിക്കുന്നതോടൊപ്പം അഞ്‌ജലിക്ക് സങ്കടം വരുന്നുണ്ടായിരുന്നു…..
അവൻ നിന്റെ റാനിയല്ല…. എന്റെ യാണ്…. എന്റെ മുറച്ചെറുക്കൻ…..
പറയുന്നതോടൊപ്പം അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി തെളിഞ്ഞു നിന്നു….
പിറ്റേ ദിവസം അവൾ ബസ്സിൽ കയറുമ്പോൾ വെളുത്ത് മെലിഞ്ഞ കൈകളെ മനോഹരമാക്കാൻ അവൻ വാങ്ങി കൊടുത്ത കറുത്ത കുപ്പി വളകളുണ്ടായിരുന്നു….
അവനവൾകടുത്തെത്തുമ്പോഴും മുഖത്ത് നോക്കാനവന് പ്രയാസമായിരുന്നു….
അത് കൊണ്ട് തന്നെയാണ് അവനടുത്തു വന്നപ്പോൾ കയ്യിലെ കുപ്പി വളകൾ അവൾ കിലുക്കിയത്….
അതവന്റെ ശ്രദ്ധയിൽ പതിഞ്ഞതും മനോഹരമായൊരു പുഞ്ചിരി അവൾക്ക് നൽകിയവൻ പോയി….
അവളുടെ മിഴികളപ്പോൾ സന്തോഷത്താൽ തിളങ്ങുന്നുണ്ടായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്നൊരു ഒഴിവ് ദിവസമായിരുന്നു…..
ചുറ്റും പാടങ്ങൾ… അവക്ക് നടുവിലൂടെയുള്ള റോഡിലൂടെ അവൻ വായനാശാലയിലേക്ക് നടന്നു…
കയ്യിലൊരു കുട ചൂടി തനിക്കെതിർവശമായി നടന്നു വരുന്ന ഒരു പെൺകുട്ടിയെ അവൻ കാണുന്നുണ്ടെങ്കിലും അതാരെന്നത് അവനറിയില്ലായിരുന്നു….
പെട്ടെന്നാണ് അവളുടെ കയ്യിലുള്ള കുട കുറച്ചു ദൂരേക്ക് പാറിയത്….
അവളതിന്റെ പിറകെ ഓടുന്നത് അവൻ കാണുന്നുണ്ടായിരുന്നു….
കുടക്ക് പിറകെ ഓടിയ അവൾ ചെളിയിലേക്ക് വീഴുന്നത് കണ്ടവൻ ഓടിച്ചെന്നു…..
അവളെ കണ്ടതും അവന്റെ മിഴികൾ വിടർന്നു….
അപ്രതീക്ഷിതമായി അവനെ കണ്ടപ്പോൾ അവൾക്കാകെ ജാള്യത തോന്നി….
ചെളിയിലേക്ക് കാലുകൾ പോയ തന്നെ അവൾ സ്വയമൊന്ന് നോക്കി…
കയ്യിനു കുറച്ചു ദൂരെയായി കുട തന്നെ കളിയാക്കിയെന്ന പോൽ ചിരിച്ചിരിപ്പുണ്ട്…..
ഉടുത്ത വസ്ത്രതിൽ ചെളി പുരണ്ടിരിക്കുന്നു….
കാലുകൾ വലിച്ചാൽ കിട്ടുന്നില്ല…..
അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു….
അവൻ കൈകൾ അവൾക്കു നേരെ നീട്ടി….
അവൾ കൈ പിടിക്കണോ വേണ്ടയോ എന്നറിയാതെ ഒരുനിമിഷം നിന്നു…..
തനിക്കൊറ്റക്ക് ഇവിടെ നിന്ന് കയറാൻ കഴിയില്ലെന്നത് ഉറപ്പുള്ളത് കൊണ്ട് തന്നെ അവൾ അവന്റെ കൈകളിൽ പിടിച്ചു….
ആ കുട കൂടിയെടുത്തോ…. അതിനു വേണ്ടിയല്ലേ പാറിയത്…..
കളിയാക്കിയെന്ന പോൽ അവനത് പറയുമ്പോൾ അവൾ മുഖം കൂർപ്പിച്ചു അവനെയൊന്ന് നോക്കി….
പിന്നേ കൈകൾ കൊണ്ട് എത്തി വലിഞ്ഞു കുടയെടുത്തു….
മറ്റേ കയ്യിൽ പിടിച് റാനിയാവളെ വലിച്ചു കയറ്റി…..
ചെളി പുരണ്ട് മുകളിലേക്ക് കയറിയപ്പോഴും അവന്റെ മുഖത്ത് നോക്കാനുള്ള പ്രയാസം കാരണം അവൾ താഴേക്ക് മിഴികളൂന്നി നിന്നു…..
അവളെ തന്നെ നോക്കിയപ്പോഴും കുസൃതി ചിരിയോടെ അവൻ നിൽക്കുന്നുണ്ടായിരുന്നു……
(തുടരും )

by