20/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 12

രചന – ആയിഷ അക്ബർ

പറയാത്ത പ്രണയത്തിന്റെ ലഹരിയിൽ പൊതിഞ്ഞിരുന്ന റാനി ഇപ്പോൾ മനസ്സ് തുറന്നവളോട് തന്റെ ഇഷ്ടം പ്രകടിപ്പിച്ച സമാധാനത്തിലായിരുന്നു…

കണ്ണുകൾ സദാ സമയവും അവളെ കാണാനാണ് തുടിക്കാറുള്ളത്…..

ബസ്സിൽ കയറുന്ന ആ സമയം അവളെ നോക്കുന്നില്ലെങ്കിൽ കൂടി മനസ്സ് അവളിൽ തന്നെ കുരുങ്ങി കിടപ്പാവും…..

തിളക്കമുള്ള ആ വെള്ളാരം കണ്ണുകൾ ഏതോ ഒരു മായാ വലയത്തിലേക്ക് തന്നെ കൂട്ടി കൊണ്ട് പോകും പോലെ…..

രാവിലെ കോളേജിലെക്ക് പോകാൻ മാത്രമേ അവൾ തന്റെ ബസ്സിൽ കയറാറുള്ളു…..

എന്നാൽ നാട്ടിലേക്ക് ബസ്സ് വരുന്ന ഓരോ നിമിഷവും കണ്ണുകൾ അവളെ തിരയും……

അവളെയൊന്ന് കാണുക എന്നത് തന്നെ മറ്റെന്തിനേക്കാളും തനിക്ക് സന്തോഷം നൽകുന്ന ഒന്നായിരുന്നു…..

വായനശാലക്ക് സമീപമുള്ള ചില കൂടി കാഴ്ചകൾ…… അവളെ നോക്കി നിൽക്കുന്ന തന്റെ മുഖത്തേക്ക് നോക്കാൻ പ്രയാസപ്പെട്ട് പിടക്കുന്ന അവളുടെയാ വെള്ളാരം കണ്ണുകൾ…..

ചുരുങ്ങിയ വാക്കുകളിൽ ഒതുങ്ങുന്ന സംസാരം…..

ആരെങ്കിലും കാണുമോയെന്ന് ഭയത്തോടെയുള്ള ചുറ്റും നോക്കൽ….

ഇതിൽ മാത്രം ഒതുങ്ങുന്നതാണ് ഞങ്ങളുടെ ഇടപഴകലെങ്കിലും ഹൃദയം അത്ര മേൽ അവളെ തന്റെതാക്കി ചേർത്ത് വെച്ചിരിക്കുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

റാനി ബസ്സിൽ പോയ ഒരു ഉച്ചക്കാണ് ജയ ദേവൻ തങ്ങളുടെ വീടിനെ ലക്ഷ്യമാക്കി വരുന്നത് പുറത്തിരിക്കുകയായിരുന്ന ഭാഗ്യം കാണുന്നത്…..

അടുത്ത് വരും തോറും അവന്റെ മുഖത്തെ ദേഷ്യം എന്തിനാണെന്നൊരു ഭയം ഭാഗ്യത്തിന്റെ ഉള്ളിൽ നിറഞ്ഞു……

എന്താ ഏട്ടാ……

ഭാഗ്യം പതിയേ അത് ചോദിച്ചതും ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു തിരികെ കിട്ടിയത്….

പണ്ട് ചിത്ര കല പഠിക്കാൻ വന്ന മേത്തന്റെ കൂടെ ഇറങ്ങിപ്പോയ പോലെ അടുത്തത് ആരെയാടി കണ്ട് വെച്ചിരിക്കുന്നത്……

ജയദേവന്നത് പറഞ്ഞതും ഭാഗ്യത്തിന് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി…..

അടങ്ങിയൊതുങ്ങി ജീവിക്കാൻ പറ്റുമെങ്കിൽ മാത്രം ഇവിടെ ജീവിച്ചാൽ മതി…..

അല്ലെങ്കിൽ എങ്ങോട്ടാന്നു വെച്ചാൽ പൊയ്ക്കോ…..

ആളുകളെ കൊണ്ട് പറയിപ്പിച്ചു ഇനീം മാനക്കേടുണ്ടാക്കി വെക്കരുത്…….

അത്രയേ ഭാഗ്യം കേട്ടതുള്ളു…..

വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്..

ഒരു ഇരമ്പൽ മാത്രം….

ഈ പറഞ്ഞ വാക്കുകൾ തന്നെ അങ്ങേയറ്റം കീറി മുറിച്ചിട്ടുണ്ട്…..

മനസ്സ് കൊണ്ട് പോലും താൻ കരുത്താതൊരു കാര്യം തന്റെ കൂടെ പിറപ്പിന്റെ വായിൽ നിന്ന് കേൾക്കേണ്ടി വരുമ്പോൾ അവരോരു നിമിഷം നിശ്ചലയായി……

ഇമ്രാൻ… അവൻ തന്റെ പ്രാണനായിരുന്നു…..

അവനെ പ്രണയിച്ചത് കൊണ്ട് മാത്രം താൻ പിഴച്ചവളാകുന്നതെങ്ങനെ……

ചിന്തകൾ ഹൃദയത്തെ വിങ്ങലിലേക് കൂപ്പു കുത്തിക്കുമ്പോൾ തന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ പോയിരുന്നു…..

സ്വയം ഓരോന്ന് പറഞ്ഞുണ്ടാക്കി തന്നോട് പ്രതികാരം ചെയ്യാനുള്ള പുറപ്പാടിലാണ് അയാളെന്ന് ഭാഗ്യത്തിന് തോന്നി…..

പ്രണയിച് ഒളിച്ചോടി പോയ പെങ്ങളോടുള്ള അമർഷമായേ ഇത് വരെയും ജയേട്ടന്റെ ദേഷ്യത്തെ താൻ കണക്കാക്കിയിട്ടുള്ളു…

എന്നാൽ അയാൾക്കുള്ളിൽ ഇത്രയേറെ പക തന്നോടുണ്ടായിരുന്നോ..

ഹൃദയം തുളച്ചു കയറുന്ന അയാളുടെ വാക്കുകൾ വീണ്ടും അവരോന്നോർത്തെടുക്കാൻ ശ്രമിച്ചു……

സഹോദരനെന്ന സ്ഥാനം പോലും മനസ്സയാൾക്ക് നിഷേധിച്ചത് പോലെ….

നിറഞ്ഞു വന്ന കണ്ണുകൾ അവർ അമർത്തി തുടച്ചു….

അയാളോടുള്ള സ്നേഹവും ദേഷ്യവും കടന്നതൊരു പകയായി അവരുടെ മനസ്സിൽ കൂടു കൂട്ടി……

ഈ വാക്കുകൾക്കൊരു ശക്തമായ തിരിച്ചടി കാലം കൊണ്ടയാൾക്ക് നൽകണമെന്ന് അവർ മനസ്സിൽ കുറിച്ചിട്ടു…..

ഒരു രണ്ട് മണിക്കൂറോളം അവർ നനവുള്ള മിഴികളാലെ അതെയിരിപ്പ് തുടർന്നു……

പിന്നീട് പതിയേ എഴുന്നേറ്റു….

റാനി വരുമ്പോഴേക്കും അവനെന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കണം എന്ന ചിന്തയിൽ അവരെഴുന്നേറ്റു…….

അവനിതൊന്നും അറിയരുതെന്ന് തനിക്ക് നിർബന്ധമുണ്ട്….

എന്തെന്നാൽ അവനറിഞ്ഞാൽ അവനത് സഹിക്കാനാവില്ലെന്ന് തനിക്കുറപ്പാണ്……

ഇപ്പൊ നിൽക്കുന്ന ഈ അവസ്ഥയിൽ നിന്നും എന്റെ കുഞ്ഞോന്നു കര കയറട്ടെ എന്നാലോചിച്ചവർ ജോലികളിലേക്ക് തിരിഞ്ഞു….

ഗോതമ്പു മാവ് കുഴക്കുമ്പോഴും പരതുമ്പോഴും ചുടുമ്പോഴുമെല്ലാം അതിനേക്കാൾ കൂടുതലായി അവർക്ക് കണ്ണു നീരോപ്പണമായിരുന്നു….

ഒരു കണക്കിന് അത് തന്നെയാണ് നല്ലത്…….
അവൻ വരുമ്പോഴേക്കും കണ്ണു നേരെല്ലാം വറ്റട്ടെ….

അടുക്കള ജോലികളൊതുക്കി വെച്ചവർ അലക്കാനുള്ള തുണികളെടുക്കാൻ റാനിയുടെ മുറിയിലേക്ക് കയറി…..

തുണികളെടുത്തിറങ്ങുമ്പോഴാണ് അവിടെ യുള്ള അവന്റെ മരത്തിന്റെ ചെറിയ അലമാരയിൽ നിന്നും മടക്കി വെച്ച ഒരു കടലാസ് പാറി താഴേക്ക് വീണത്….

അതെടുത്തു തിരികെ വെക്കും മുന്പേ വെറുതെ അവരൊന്നു തുറന്ന് നോക്കി…..

കരഞ്ഞു ഉള്ളിലേക്ക് പോയ അവരുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു…..

പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ഹിമയുടെ ചിത്രമായിരുന്നത്…..

റാനി സ്വന്തം കൈ പടയിൽ വരച്ചത്…..

ആ ചിത്രത്തിൽ അവൾക്ക് ജീവനുള്ളത് പോലെ തോന്നിച്ചിരുന്നു….

ഇത്രയും ജീവനുള്ള ചിത്രങ്ങൾ അവനും അവന്റെ ഉപ്പയും വരക്കുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു…..

അവരുടെ ഹൃദയം എന്തിനോ ശക്തിയായി മിടിച്ചു……..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
റാനി വീട്ടിലെത്തുമ്പോൾ സമയം ഏഴരയോടടുത്തിരുന്നു…..

അമ്മാ….

അവൻ അതും വിളിച്ചു കൊണ്ട് അകത്തേക്ക് കടന്നതും മാറ്റി നിൽക്കുന്ന ഭാഗ്യതെയാണ് കാണുന്നത്……

അമ്മ ഈ രാത്രിയിൽ എങ്ങോട്ടാ…..

അവനത് ചോദിച്ചപ്പോഴേക്കും ചുറ്റും ഒരുക്കി വെച്ച തങ്ങളുടെ സാധനങ്ങളിലേക്ക് കണ്ണുകൾ നീണ്ടു പോയിരുന്നു…..

ഞാൻ മാത്രമല്ല…… നീയും…..

ഭാഗ്യം ഉറച്ച വാക്കൂടെ അത് പറയുമ്പോൾ റാനി അവരെയൊന്നു നോക്കി….

എങ്ങോട്ട്…..

എങ്ങോട്ടെങ്കിലും……
ഈ നിമിഷം നമുക്കിവിടം വിട്ട് പോയെ മതിയാകു…..അമ്മക്കിനിയും ഇവിടെ തുടരാനാവില്ല റാനി…….

അത്രയും പറഞ്ഞപ്പോഴേക്കും അവർ വിങ്ങി പൊട്ടിയിരുന്നു…..

ഇപ്പൊ പോകണമെന്ന് പറഞ്ഞാൽ നമ്മൾ പെട്ടെന്നെങ്ങോട്ട് പോകും….
അമ്മ യൊന്നു സമാധാനിക്കു… നമുക്ക് വഴിയുണ്ടാക്കാം….

അവൻ ഭാഗ്യത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു…..

ജയേട്ടൻ എന്നേ കുറിച് എന്തൊക്കെയോ പറഞ്ഞുണ്ടാക്കി ഈ രാത്രി ഇവിടം വിട്ട് പോകണമെന്നാണ് പറഞ്ഞത് റാനി ….
നിന്റെ ഉപ്പയെ സ്നേഹിച്ചു എന്നതാണോ ഞാൻ ചെയ്ത തെറ്റ്…..

മുമ്പിൽ നിന്ന് വിങ്ങി പൊട്ടുന്ന ഭാഗ്യത്തെ ആശ്വസിപ്പിക്കാൻ പോലും മറന്ന് റാനിയങ്ങനെ നിന്നു….

ഇവിടെ നിന്ന് പോകണമെന്ന് ആലോചിക്കുമ്പോൾ തന്നെ കണ്ണിൽ നിറയുന്നത് ആ വെള്ളാരം കണ്ണുകളാണ്…

അത് മാത്രമല്ല മോനെ….
അവളില്ലെ…. അവന്റെ തല തെറിചൊരു മോള്… ഹിമ….

അവളും നിന്നെ കുറിച്ചെന്തൊക്കെയൊ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു……

ഒന്നും മിണ്ടാത്തെ നിൽക്കുന്ന അവന്റെയുള്ളിൽ അവളാണെന്ന് തോന്നിയത് കൊണ്ട് തന്നെ നനവോടെ ഭാഗ്യം അതും കൂടി കൂട്ടിച്ചേർത്തു…..

റാനി ഒരു ഞെട്ടലോടെ ഭാഗ്യത്തെ നോക്കി…..

ഇല്ലാ… അവളങ്ങനെ പറയുമെന്ന് തനിക്ക് വിശ്വസിക്കാൻ വയ്യ..എന്നാൽ അമ്മ യുടെ വാക്കുകൾ കളവാകുന്നതെങ്ങനെ…

അമ്മാ…. ഞാനിപ്പോ വരാം….
അമ്മ പോവാൻ തയ്യാറായി നിന്നോളൂ….അതും പറഞ്ഞ് കൊണ്ട് അവനവിടെ നിന്ന് നടന്നു….

ഇരുൾ തന്റെ മൂട് പടത്താൽ അന്തരീക്ഷത്തെ മുഴുവൻ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്….

ആ ഇരുട്ടിലൂടെ അവനങ്ങനെ നടന്ന് തുടങ്ങി……

അവളെ കുറിച്ചുള്ള വാക്കുകൾ അമ്മ തെറ്റി ധരിക്കപ്പെടതാവും എന്ന് തന്നെ ഉറച്ചു വിശ്വസിച്ചു കൊണ്ട്……

താൻ പോകുന്നിടത്തേക്ക് അവളെ കൂടെ കൂട്ടാൻ….

എന്ത് തന്നെ സഹിച്ചായാലും അവളെ തന്റെ പ്രാണനോട് ചേർത്ത് നിർത്താൻ……

പറമ്പിലൂടെ കടന്ന് തൊഴുത്തിന്റെ പിറകിലൂടെ തറവാടിന്റെ പിൻ ഭാഗത്തേക്കവൻ കയറി……

കിഴക്ക് ഭാഗതായാണ് അവളുടേ മുറിയെന്നതവനോർത്തെടുത്തു…….

ആ മുറിയുടെ ജനൽ പാളി തുറന്ന് കിടന്നിരുന്നു എങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല…..

കുറച്ച് നേരം ശ്വാസം അടക്കി പിടിച്ചവൻ ജനലിന് പിറകിലായി നിന്നു…..

മനസ്സ് കലുഷിതമാണ്….

വീണ്ടും ഒരു പറിച്ചു നടൽ ….

അല്ലെങ്കിലും ഇവിടെ സ്ഥിരമെന്നു ഒരിക്കലും കരുതിയിട്ടില്ല….

ഏത് നിമിഷവും പോകേണ്ടി വരുമെന്ന് മനസ്സ് പറഞ്ഞിരുന്നു…..

ഇനിയെന്ത് എന്ന ചിന്തയേക്കാൾ അവൾ കൂടെയുണ്ടാവണം എന്നത് മാത്രമായിരുന്നു അവന്റെ മനസ്സിൽ……

അവൻ കണ്ണുകളടച്ചു ചുമരിലേക്ക് ചാരി നിന്നു…..

അകത്തു നിന്ന് ജയ ദേവന്റെ ശബ്ദം കേൾക്കാം….

അവൻ ദേഷ്യത്താൽ പല്ലിറുമ്മി……
അമ്മയുടെ കണ്ണിൽ താൻ കണ്ട നനവിന്റെ കാരണക്കാരൻ എന്നോർത്തതും അവന് രക്തം തിളച്ചു വന്നു……

അന്ന് നടന്ന സംഭവങ്ങൾ അയാൾ മുന വെച്ച് പറഞ്ഞപ്പോൾ അമ്മ ഹിമയെ തെറ്റി ധരിച്ചതാവാനെ വഴിയുള്ളു….

ഓരോന്നോർത്ത് അവൻ നിന്നതും ആ മുറിയിൽ വെട്ടം തെളിഞ്ഞു…..

അവന്റെ കണ്ണുകൾ തിളങ്ങി…

അവൾ മുറിയിലേക്ക് കയറി പതിയേ വാതിലടച്ചു…..

നീളൻ മുടി അലസമായി പരത്തിയിട്ടിട്ടുണ്ട്……

കരിമഷി ഇല്ലാത്തത് കൊണ്ടാവാം ആ കണ്ണുകളിൽ ഒരു തെളിച്ചക്കുറവ് പോലെ……

ഹിമാ….

അവൻ വിളിച്ചതും അവൾ പെട്ടെന്ന് മിഴികളുയർത്തി….

അവനെ കണ്ട മാത്രയിൽ ആ വെള്ളാരം കണ്ണുകൾ പിടക്കുന്നുണ്ടായിരുന്നു…..

റാനി ..നീയെന്താ ഈ നേരത്ത്….

വാക്കുകളിൽ പരിഭ്രാന്തി കലർന്നിരുന്നു……

ഹിമാ….. ഞങ്ങൾ ഈ നാട്ടിൽ നിന്നും പോകുകയാ….
എവിടെ പോകുകയാണെങ്കിലും എനിക്ക് നീയില്ലാതെ പറ്റില്ല……
നീ എന്റെ കൂടെ വാ…

റാനി യത് പറയുമ്പോൾ ഹിമയൊരു നിമിഷം നിശ്ചലയായി……

നീയെന്താ റാനി ഈ പറയുന്നത്…..
ഞാനെങ്ങനെ….

ഞാൻ നിന്നെ പൊന്ന് പോലെ നോക്കിക്കോളാം ഹിമാ…..വീട്ടുകാരെ ഓർത്താണെങ്കിലും നീ വരുന്നില്ലെന്ന് മാത്രം പറയരുത്…..
എനിക്ക് നീയില്ലാതെ പറ്റില്ല……

ഒരു കൊച്ച് കുഞ്ഞിനെ പോൽ വിതുമ്പുന്ന അവനെ അവളൊന്നു നോക്കി…..

എങ്ങനെ റാനി…. എങ്ങനെയാ നീയെന്നെ പൊന്ന് പോലെ നോക്കുക….
അതിനു നിന്റെ കയ്യിലെന്തുണ്ട്…….

പെട്ടെന്നവളത് ചോദിച്ചതും റാനി ക്ക് തലക്കോരടിയേറ്റത് പോലെ തോന്നി……

ഒന്നും കൂടി അവനവളെ സൂക്ഷിച്ചു നോക്കി….

അവന്റെ ഹിമയിൽ നിന്ന് അവനിങ്ങനെയൊരു വാക്കോട്ടും പ്രതീക്ഷിക്കുന്നില്ലായിരുന്നു…..

ഞാൻ….. ഞാൻ പട്ടിണി കിടന്നായാലും……

അവൻ ഇടർച്ചയോടെ അത് പറഞ് തുടങ്ങിയതും അവൾ വേണ്ടെന്ന അർത്ഥത്തിൽ തല തിരിച്ചു…..

ഇത് വരെ അവളിൽ കാണാത്ത ഭാവങ്ങൾ…

അതിനപ്പുറം….. ഇത് വരെ താൻ സ്വപ്നത്തിൽ പോലും കാണാത്ത അവളുടെയാ ഭാവം…..

ഒന്നുമില്ലാതെ തെരുവിലേക്ക് ഇറങ്ങി വരാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ട് റാനി ..

അതും കൂടി അവൾ പറഞ്ഞതും പിന്നീടൊരു വാക്കിനിടം കൊടുക്കാതെ അവൻ തിരിഞ്ഞു നടന്നു…..

നിറഞ്ഞു വന്ന മിഴികൾ അവൾ കാണാതിരിക്കാനും കൂടിയായിരുന്നത്…..

ലൈല പറഞ്ഞ വാക്കുകൾ അവന്റെ യുള്ളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു…..

ഒന്നുമില്ലായ്മയിലേക്ക് ഇറങ്ങി വരാനുള്ള എന്റെ ധൈര്യം എന്റെ പ്രണയമാണ്…..
നിനക്ക് ധൈര്യമില്ലാത്തതും നിനക്ക് പ്രണയമില്ലാത്തത് കൊണ്ടാണ്……

അതേ…. അവളായിരുന്നു ശെരി….

പോകുന്നത്തേത് നരകത്തിലേക്കായാലും അവളെ കൂടി കൂട്ടണമെന്ന തന്റെ ധൈര്യം…. അത് എന്റെയുള്ളിലെ തീവ്രമായ പ്രണയമാണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു….

എന്നാൽ തന്റെ കൂടെ പോരാനുള്ള അവളുടെ ധൈര്യക്കുറവ് അവളുടേ ഉള്ളിൽ പ്രണയമില്ലാത്തത് കൊണ്ടാണെന്ന് ഓർക്കാൻ പോലും അവന് കഴിഞ്ഞിരുന്നില്ല….

തൊണ്ടക്കുഴിയിലൊരു വിങ്ങൽ വന്നു തിങ്ങി..

ഇരുട്ടിലൂടെ അവൻ നടക്കുമ്പോൾ നിറഞ്ഞൊഴുകുന്ന മിഴികളെ അവൻ തുടച്ചില്ല…..

അവളെയോർത് ഒഴുകുന്ന കണ്ണു നീരി നോട് അത്ര പോലും ദയ അവനു തോന്നിയിരുന്നില്ല……

പ്രണയത്തിനെ സമ്പത്തു കൊണ്ടളന്ന അവളോട് അവന് വെറുപ്പ് തോന്നിയിരുന്നു….

എന്നാൽ അവൻ പോയതും അത്ര നേരം പിടിച്ചു വെച്ച ദുഖത്തെ പേമാരി കണക്കെ പെയ്തു തീർക്കുന്ന വെള്ളാരം കണ്ണുകളെ അവൻ കണ്ടിരുന്നില്ല…….

അവൾ നിലത്തേക്കൂർന്നിരുന്നു പോയിരുന്നു…..

(തുടരും)