രചന – ആയിഷ അക്ബർ
ഭാഗ്യം റാനിയുടെ വിവാഹക്കാര്യത്തിൽ അതിരില്ലാത്ത സന്തോഷത്തിലായിരുന്നു…
റാനി……
ബാൽക്കണിയിൽ തിരിഞ്ഞു നിൽക്കുകയായിരുന്ന അവനെ അവർ വിളിച്ചു..
അവൻ പതിയേ അവർക്ക് നേരെയൊന്ന് മുഖം തിരിച്ചു…
അവന്റെ മുഖത്ത് വല്ലാത്ത പ്രയാസം പരന്നരുന്നു….
ആ അഹങ്കാരി എന്ന് എന്റെ മോന്റെ ജീവിതത്തിലേക്ക് വന്നോ അന്ന് മുതൽ അവന്റെ മുഖം തെളിഞ്ഞിട്ടില്ലെന്ന് അവർ ദേഷ്യത്തോടെ ഓർത്തു…..
നീയെന്തിനാ റാനി ഇങ്ങനെ വിഷമിച്ചിരിക്കുന്നത്….
ലൈലയുടെ കാര്യത്തിൽ ഒരിക്കലും നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല…..
അന്നവിടെ വന്നപ്പോഴേ അവളെ പോലൊരു കുട്ടിയെ ഭാര്യയായി നിനക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു……
ഭാഗ്യം ആവേശത്തോടെ അത് പറയുമ്പോൾ തിരിഞ്ഞു നിന്നിരുന്ന അവൻ ദേഷ്യത്തോടെ അവരിലേക്ക് തിരിഞ്ഞു……
അമ്മയെന്താ പറയുന്നതെന്ന് ശെരിക്ക് ഓർത്ത് നോക്കുന്നുണ്ടോ….
അമ്മക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവളെ ഞാൻ താലി കെട്ടിയതാണ്….
ഞാൻ സംരക്ഷിക്കുമെന്ന ഉറപ്പിലാണ് മുത്തശ്ശി അവളെയെനിക്ക് കൈ പിടിച്ചു തന്നത്….
അതൊന്നും ഓർക്കാതെയുള്ള അമ്മയുടെ ഈ വാക്കുകൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല….
ഇനിയെന്ത് ചെയ്യും എന്നൊരു ആശങ്കയോടൊപ്പം ഈ വിവാഹക്കാര്യം എങ്ങനെയെങ്കിലും തടയാൻ അമ്മയെന്നോട് പറയുമെന്ന് ഈ നേരം വരെയും ഞാൻ പ്രതീക്ഷിച്ചു…..
എന്നാൽ ഇപ്പൊ അമ്മയെ എനിക്ക് മനസ്സിലാകുന്നേയില്ല…..
പ്രത്യേകിച്ച് അവളുടേ കാര്യത്തിൽ…..
റാനി അത്രയും പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറി പ്പോയിരുന്നു…..
ഭാഗ്യം അവന്റെ ഭാവ പ്പകർച്ചയിൽ ഒരു നിമിഷമൊന്ന് പതറി പ്പോയിരുന്നു…..
റാനി…. ഞാൻ…..
അവർ പറഞ് തുടങ്ങിയപ്പോഴേക്കും റാനി അവരിൽ നിന്നും മുഖം തിരിച്ചിരുന്നു…..
മുന്നും പിന്നും ചിന്തിക്കാതെ അവനോടങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് അവർക്ക് തോന്നി……
ഓഹ്…. അപ്പൊ എനിക്കാണ് അവളെ ഇഷ്ടമല്ലാത്തത്….
നിനക്ക് ഇഷ്ടമാണ്…. അല്ലേ…..
ഭാഗ്യം അവന്റെ വാക്കുകളെ ചുഴിഞ്ഞവനെ കുറ്റപ്പെടുത്തി അത് ചോദിച്ചതും അവൻ തിരിച്ചൊന്നും പറഞ്ഞില്ല….
ഈ ചോദ്യം താൻ തന്നെ സ്വയം ചോദിച്ചു കൊണ്ടിരിക്കുകയാണ്….
റാനി….. അവളെ ജീവിത കാലം മുഴുവൻ കൂടെ കൂട്ടാനല്ല നീ താലി കെട്ടിയത്….
അമ്മക്ക് വേണ്ടിയായിരുന്നു….
വിവാഹം വേണ്ടെന്ന് വെച്ചിരുന്ന അവളും അമ്മക്ക് വേണ്ടി തന്നെയാണ് നീയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്….
പക്ഷെ ലൈല അങ്ങനെയല്ല….
നിനക്ക് വേണ്ടി കാത്തിരുന്നവളാണ്…. ഇതൊന്നും അറിയാതെ നീയുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുന്നവളാണ്….
അത് കൊണ്ട് തന്നെ ഇപ്പൊ ഈ വിവാഹം നടക്കുന്നതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല…..
അതിനു ശേഷം അവളുമായുള്ള ഡിവോഴ്‌സിന് ലീഗലി മൂവ് ചെയ്യാമല്ലോ…..
പിരിഞ്ഞു പോകേണ്ടിയിരിക്കുന്ന ഈ ബന്ധത്തിന് വേണ്ടി എന്റെ മോന്റെ മനസ്സിലെ പ്രണയം വേണ്ടെന്ന് വെക്കേണ്ട കാര്യവുമില്ല…..
ഭാഗ്യം അത് മാത്രം പറഞ് കൊണ്ടവിടെ നിന്നും നടക്കുമ്പോൾ റാനി അതേ നിൽപ്പായിരുന്നു…..
അത്ര മേൽ അസ്വസ്തമായ മനസ്സോടെ….
അവൻ ഇരു കൈകൾ കൊണ്ട് മുഖം ഒന്ന് തടവി ….
ശേഷം പതിയേ താഴെക്കിറങ്ങി ചെന്നു….
പാതി ചാരിയ വല്യു പ്പയുടെ മുറിയുടെ വാതിൽ അവൻ പതിയേ തുറന്നു….
വലത് കയ്യിൽ മാല യും പിടിച് കണ്ണുകളടച് എന്തൊക്കെയോ ചൊല്ലുന്നുണ്ട്……
ആളനക്കം അറിഞ്ഞതും അദ്ദേഹം കണ്ണുകൾ തുറന്നു…..
വല്യു പ്പ കിടന്നോ…..
റാനി പതിയേ അത് ചോദിച്ചതും കട്ടിലിൽ കിടന്നിരുന്ന അദ്ദേഹം എഴുന്നേറ്റു….
റാനി വേഗം ചെന്ന് എഴുന്നേൽക്കാൻ ഒന്ന് സഹായിച്ചു…..
നീയെന്താ ഭക്ഷണം കഴിക്കാൻ വരാതിരുന്നത്….
ഒന്നുമില്ല…. നാളെ നോമ്പ് അല്ലേ…. അത്താഴത്തിനു എഴുന്നേൽക്കുമ്പോൾ കഴിക്കാമെന്നോർത്തു…
വല്യു പ്പ ശാസനയോടെ ചോദിച്ചതും മനസ്സിലെ പ്രയാസം പറയാൻ കഴിയാത്തത് കൊണ്ട് തന്നെ യാണ് അവനത് പറഞ്ഞോഴിഞ്ഞത്…..
വല്യു പ്പാ….
നമ്മൾ ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്ന് തിരിച്ചറിയുന്നതെങ്ങനെയാ……
റാനി ഒരു ചിരിയോടെയാണ് വല്യു പ്പയോടത് ചോദിച്ചത്…..
അദ്ദേഹം കയ്യിലുള്ള മാല അരികിലെ ടീ പോയിലേക്ക് വെച്ചു…..
എന്നിട്ട് റാനിയെ നോക്കി മനോഹരമായോന്ന് പുഞ്ചിരിച്ചു…..
ശെരി….. തെറ്റ്…..
എന്നൊന്നില്ല റാനി…..
അതിനെ നിശ്ചിതമായി പറയാനും കഴിയില്ല….
അതോരോരുത്തരുടെയും കാഴ്ചപ്പാടിനനുസരിച് മാറി കൊണ്ടിരിക്കും….
ഞാൻ ശെരിയെന്നു തോന്നി ചെയ്യുന്ന ഒരു കാര്യം മറ്റൊരാൾക്ക് തെറ്റായി തോന്നിയെക്കാം……
അത് കൊണ്ട് നമ്മുടെ ശെരിയെ പിന്തുടരുക….
പക്ഷെ നമ്മൾ തിരഞ്ഞെടുക്കുന്ന നമ്മുടെ ശെരികളിൽ മാനുഷിക മൂല്യങ്ങളെ എപ്പോഴും പരിഗണിക്കണം…..
ആരെയും വേദനിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം….
നമ്മുടെ പ്രവർത്തി മൂലം ആരെങ്കിലും വേദനിച്ചാൽ നമ്മൾ പരാജയപ്പെട്ടു എന്നതാണ് അർത്ഥം….
പിന്നെ സത്യത്തെ എപ്പോഴും മുറുകെ പിടിക്കുക……
അതും കൂടി ചേർത്തവനോട് പറയുമ്പോൾ അദ്ദേഹം ചുളിവ് വീണ വെളുത്ത കയ്യിന്നാൽ അവന്റെ മുടിയിഴകളിൽ പതിയേ തലോടിയിരുന്നു…..
അപ്പോഴും അവന്റെ മനസ്സ് തണുത്തിരുന്നില്ല….
തന്റെ ശെരി ഏത് തന്നെയായാലും ആരെയെങ്കിലും ഒരാളെ വേദനിപ്പിച്ചേ തീരു……
അവൻ മുഖത്തൊരു പുഞ്ചിരി വരുത്തി തീർക്കാൻ ശ്രമിച്ചു…..
പിന്നീടവൻ പതിയേ മുറിയിലേക്ക് നടന്നു…..
കുറച്ച് നേരം കൂടി അവിടെയിരുന്നാൽ തന്റെ വേദന വല്യു പ്പ പിടിച്ചെടുക്കുമോയെന്ന് ഭയന്നത് കൊണ്ട് തന്നെയായിരുന്നത്……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് രാത്രിയും അവൻ ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടങ്ങനെ നിന്നു….
തനിക്കാവളോടുണ്ടായിരുന്ന വെറുപ്പേവിടെ….
അത് ഇവിടെ അവളെ ജോലിക്കാരിയാക്കിയതിലൂടെ തീർന്നുവോ…..
ഇനിയൊരു പക്ഷെ….. ആദി പറയും പോലെ അതവളുടെ അപ്പോഴത്തെ സാഹചര്യമായിരുന്നോ….
അറിയില്ല…..
ഏറെ നേരം കഴിഞ്ഞാണ് ആ മുറിയിലെ ലൈറ്റ് ഒന്നണഞ്ഞത്….
അവൾ ജോലികളൊതുക്കി കിടക്കാൻ വൈകും തോറും പിടക്കുന്നത് തന്റെ ഹൃദയമാണ്…..
അതേ…. അവൾക്ക് നേരത്തെ ഉറങ്ങിയായിരുന്നു ശീലം….
അവന് വല്ലാത്ത ഭാരം തോന്നി……
കട്ടിലിലേക്ക് മലർന്നു കിടന്നു കണ്ണൊന്നു ചിമ്മിയെന്ന് തോന്നിയപ്പോഴേക്കും വാതിലിലൊരു മുട്ട് കേട്ടിരുന്നു…..
അവൻ വേഗം എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ മുമ്പിൽ നിൽക്കുന്നത് ആലിയ യാണ്…..
മുഖം കുത്തി വീർപ്പിച്ചത് പോലെ യായിട്ടുണ്ട്…..
കല്യാണക്കാര്യം അറിഞ്ഞത് കൊണ്ട് തന്നെയാവുമെന്ന് അവനൂഹിച്ചു….
അവൾ രാത്രി കരഞ്ഞിട്ടുമുണ്ടെന്ന് തോന്നുന്നു…..
കണ്ണുകൾ വല്ലാതെ വീങ്ങിയത് പോലെ അവന് തോന്നി……
അവനവളോട് വല്ലാത്തൊരു സഹതാപം തോന്നി…..
അത്താഴം കഴിക്കാൻ വരാൻ പറഞ്ഞു…..
അത്ര മാത്രം പറഞ്ഞവിടെ നിന്നവൻ നടക്കുമ്പോൾ ആ കണ്ണുകളിൽ തന്നെ എരിക്കാനുള്ള ദേഷ്യമുള്ളതായി അവൻ തിരിച്ചറിഞ്ഞു……
അവൻ വേഗം പല്ലും മുഖവും കഴുകി വൃത്തിയായി താഴേക്ക് നടന്നു……
താഴെക്കിറങ്ങുമ്പോഴേ മേശ മേൽ പാത്രം കൊണ്ട് വെക്കുന്ന അവളാണ് കണ്ണുകളിൽ പതിഞ്ഞത്….
അത് വരെയുണ്ടായിരുന്ന എല്ലാ സങ്കടങ്ങളും നീങ്ങി തന്നിൽ പുതിയൊരു ഉന്മേഷം നിറയുന്നത് അവനറിഞ്ഞു……
അവളും മിഴികളുയർത്തി അവനെയൊന്നു നോക്കി…
ഒരു പിസ്ത ഗ്രീൻ ടീ ഷർട്ട് ആണ് അവനിട്ടിരിക്കുന്നത്…..
ഓഫ് വൈറ്റിൽ ബ്ലാക്ക് ലൈനുള്ള ഒരു തുണിയും എടുത്തിട്ടുണ്ട്……
സദാ കാണുന്ന ആ വാച്ച് കയ്യിലില്ലാത്തത് ഒരു കുറവായി അവൾക്ക് തോന്നി….
എങ്കിലും വീട്ടിലെ സാധാരണ വേഷത്തിൽ അവനെ കാണാൻ അവൾക്കൊരു പുതുമ തോന്നിയിരുന്നു….
മുടി വെള്ളം കൊണ്ട് ഒന്ന് തടവിയിട്ടുണ്ടെന്ന് തോന്നുന്നു……
ഇനിയൊരു പക്ഷേ വുളു എടുത്തതാവുമെന്നും അവളുഹിച്ചു…..
ഏറെ നാൾക്ക് ശേഷം രണ്ട് പേരും ഒന്ന് മുഖത്തോട് മുഖം നോക്കി..
രണ്ട് പേരിലും അവർ പോലുമറിയാതൊരു പുഞ്ചിരി നാമ്പിട്ടിരുന്നു….
അപ്പോഴേക്കും അവന്റെ വിവാഹമാണ് എന്ന ആ ചിന്ത അവളിലേക്ക് വന്നതും അവളുടെ മുഖം പെട്ടെന്ന് മാറി…..
അവൾ മിഴികൾ അവനിൽ നിന്നും വലിച്ചൂരി അടുക്കളയിലേക്ക് നടന്നു…..
ഓരോരുത്തരായി മേശ മേലിരുന്നു…..
ഭക്ഷണം കഴിക്കുമ്പോൾ കുട്ടികളിളോരോരുത്തരും ഉറക്കം തൂങ്ങുന്നത് കണ്ട് അവൻ പുഞ്ചിരിച്ചു…..
നോമ്പ് കാലം അങ്ങനെയാണ്…..
മൂടി പുതച്ചുറങ്ങാൻ തോന്നുന്ന നേരം വന്നൊരു വിളിയുണ്ട് അത്താഴം കഴിക്കാൻ…..
എഴുന്നേറ്റ് പതിവില്ലാത്ത ആ നേരത്ത് എഴുന്നേൽക്കുമ്പോൾ തോന്നുന്നൊരു പുതുമയോടൊപ്പം കണ്ണുകളിൽ ഉറക്ക ചടവ് തൂങ്ങി നിൽപ്പുണ്ടാവും…..
ദേഹമാകെ വിറ കൊള്ളുമ്പോൾ വീണ്ടും പുതപ്പിനുള്ളിലേക്ക് തന്നെ ചുരുളാനുള്ള കൊതി കൂടി വരും…
താളിച്ച കറിയും ഉണക്ക സ്രാവും അത്താഴത്തിന്റെ ഒഴിച് കൂടാൻ പറ്റാത്ത വിഭവങ്ങളാണ്…..
അത് കഴിഞ്ഞ് പിറകിലെ പറമ്പിലേക്ക് നോക്കി നിൽക്കും…..
ചെറുതായി വെളിച്ചം വീണ് തുടങ്ങുന്ന സമയം അതിലൂടെ മയിലുകൾ നടക്കുന്നത് കാണാം……
ഭാഗ്യം ഉണ്ടെങ്കിൽ അവ നമുക്ക് വേണ്ടിയങ്ങനെ പീലി വിടർത്തും…..
പപ്പടം തിന്നല്ലെടാ….
വെള്ളത്തിനു ദാഹിക്കും….
സാബിറമ്മായി ജൗഹറിനോട് പറയുന്നത് കേട്ടാണ് റാനി ചിന്തകളിൽ നിന്നുണരുന്നത്…..
അപ്പോഴും അവനിലൊരു ചിരിയുണ്ടായിരുന്നു…..
ചായ എടുത്തില്ലേ…..
വല്യു പ്പ അത് ചോദിച്ചതും മേശയിലൂടെ എല്ലാവരുടെയും കണ്ണുകൾ നീങ്ങി…..
നൂ…..
വേണ്ടാ….
റസിയ അടുക്കളയിലേക്ക് നോക്കി വിളിക്കാൻ തുടങ്ങിയതും തടഞ്ഞത് വല്യു പ്പ തന്നെയായിരുന്നു….
ആ കുട്ടിയും കഴിക്കാവില്ലേ….
വല്യു പ്പ അത് പറഞ്ഞപ്പോഴാണ് അവളെ കുറിച് താനൊന്നാലോചിച്ചത്….
തനിക്ക് നോമ്പിനെ കുറിച്ചുള്ളത് നല്ല നല്ല ഓർമകളാണ്…
എന്നാൽ അവൾക്കോ…
അവൾക്ക് നോമ്പ് എന്താണെന്ന് പോലും അറിയില്ലായിരിക്കാം….
നാളെ അവൾക്കൊന്നും കഴിക്കാനും കിട്ടില്ല…..
റാനിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി….
ഞാൻ എടുത്ത് വരാം വല്യു പ്പാ…..
അതും പറഞ് ആരുടേയും മറുപടിക്ക് കാത്തു നിൽക്കാതെ അവൻ വേഗം അടുക്കളയിലേക്ക് നടന്നു…..
അവൻ അടുക്കളയിലേക്ക് നടക്കുമ്പോൾ ഭാഗ്യത്തിന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു……
അടുക്കളയിലെത്തിയപ്പോൾ സ്ലാബിന് മുകളിലിരുന്നു ഭക്ഷണം കഴിക്കുന്ന അവളെയാണ് കാണുന്നത്….
അവനെ കണ്ടതും അവൾ പെട്ടെന്ന് മേലെ നിന്നും താഴേക്ക് ചാടിയിറങ്ങാൻ നോക്കി….
വേണ്ടാ….
അവൻ അവൾക്ക് നേരെ ഒരു കയ്യുയർത്തി….
അവൾ അവിടെ തന്നെ ഇരുന്നു…..
അവന് അവളോടെന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയില്ലായിരുന്നു….
അവൻ സ്റ്റവിന് മേലെ വെച്ചിരുന്ന പാത്രത്തിൽ നിന്നും ചായ പകർത്താനൊരു ജഗ് തിരഞ്ഞു…..
തിരയുന്നത് കണ്ടിട്ടാവണം അവൾ വേഗം തന്റെ അടുത്തേക്ക് വന്നു…..
ജഗ്ഗ് അവൾ കയ്യിലെടുത്തു തന്റെ കയ്യിലെ ചായ പാത്രത്തിൽ പിടിച്ചപ്പോൾ അവൻ പതിയേ അതിൽ നിന്നും കയ്യയച്ചു…
അവളാ ചായ ജഗ്ഗിലേക്ക് ഒഴിക്കും വരെ അവളോട് അല്പം ചേർന്ന് നിന്നു……
നിമിഷങ്ങൾ മാത്രമേ അങ്ങനെ നിന്നുള്ളു വെങ്കിലും ഒരു യുഗം നിന്ന അനുഭൂതി തോന്നിയിരുന്നവന്…..
ജഗ്ഗ് അവന്റെ കയ്യിലേക്ക് കൊടുക്കുമ്പോൾ അവന്റെ നോട്ടത്തിലും അതിലേറെ അവന്റെ മുഖത്ത് പറ്റിപ്പിടിച്ച ആ പുഞ്ചിരിയിലും താൻ കീഴടങ്ങുമോയെന്ന ഭയത്താൽ അവൾ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല……
അവന്നല്പ നേരം കൂടി അവളെ നോക്കി പിന്നീട് അവിടെ നിന്നും നടന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അത്താഴം കഴിച് നമസ്കാരം കഴിഞ്ഞൊരു കിടത്തമുണ്ട്….
പിന്നീടെല്ലാവരും എഴുന്നേൽക്കാൻ ഒത്തിരി വൈകും….
അത് കൊണ്ട് തന്നെ അവൻ ഓഫീസിലേക്ക് പോകാൻ റെഡി ആകുമ്പോൾ ആരും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല..
അപ്പോഴും മനസ്സിൽ അവളെ കുറിച്ചുള്ള ചിന്തകൾ തന്നെയായിരുന്നു…..
അവൻ വേഗം അടുക്കളയിൽ ചെന്ന് രണ്ട് നേന്ത്രപ്പഴം എടുത്തു…..
അതും പിടിച്ചവന്റെ കാലുകൾ നീങ്ങിയത് അവളുടേ ആ മുറിയുടെ നേർക്കായിരുന്നു…..
താൻ ഇത് വരെ പോയിട്ട് പോലുമില്ല അങ്ങോട്ട്….
ആരെങ്കിലും കാണുമോയെന്ന നല്ല ഭയമുണ്ടായിരുന്നു അവന്…..
എങ്കിലും എല്ലാവരും ഉറക്കത്തിലാണെന്ന വിശ്വാസത്തിലാണ് നടന്ന് തുടങ്ങിയത്……
ആ മുറിയുടെ വാതിൽ അടുക്കള വശത്തായത് കൊണ്ട് തന്നെ അവൻ അപ്പുറത്തായുള്ള ജനലിലാണ് തട്ടിയത്..
ഉറക്കത്തിലായിരുന്ന ഹിമ ആ മുട്ട് കേട്ടതും പെട്ടെന്നെഴുന്നേറ്റ് തട്ടം തല വഴിയിട്ടു…..
അവൾ വരുന്നതും കാത്തു ജനലിന്റെ പുറത്തവൻ കാത്തു നിൽക്കുമ്പോൾ ആരെങ്കിലും കാണുന്നുണ്ടോയെന്നവൻ ചുറ്റും നോക്കി കൊണ്ടേയിരുന്നു……
(തുടരും)

by