20/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 11

രചന – ആയിഷ അക്ബർ

പിറ്റേന്ന് ഹിമ ബസ്സിൽ കയറിയപ്പോൾ റാനീയില്ലാത്തത് അവളിലൊരു തരം സങ്കടം നിറച്ചു…….

നിന്റെ മുറച്ചെറുക്കൻ ആ പെണ്ണിന്റെ കൂടെ കറങ്ങാൻ വേണ്ടി ലീവെടുത്തതായിരിക്കുമെടീ…..

അവനില്ലാത്തത് കൊണ്ട് വലിഞ്ഞു മുറുകിയ അവളുടെ മുഖം കണ്ട് അഞ്ജലി അവളെ കളിയാക്കിയാണത് പറഞ്ഞത്……

അവളൊന്നും മിണ്ടാത്തെ പുറത്തേക്ക് നോക്കി നിന്നു…..

വൈകുന്നേരം അവൾ ക്ലാസ് കഴിഞ്ഞു വരുമ്പോൾ വായനാശാലയുടെ അരികത്തായി തന്നെ കാത്തെന്ന പോൽ റാനി നിൽക്കുന്നുണ്ടായിരുന്നു….

അവനെ കണ്ടതും അവളുടെ മുഖം തിളങ്ങി….
അവനും പുഞ്ചിരിച്ചു….

എന്നാൽ പെട്ടെന്ന് എന്തോ ഓർമയിലെന്ന പോൽ അവളുടെ മുഖത്തെ പുഞ്ചിരി മായുന്നതും ഒരു കുഞ്ഞു ഗൗരവം നിറയുന്നതും കുസൃതി ചിരിയോടെ അവൻ നോക്കിനിന്നു…..

ലൈലാ….. വാ
അവളെടുത്തെത്താറായതും പിറകിലായി നിന്നിരുന്ന ലൈലയെ അവൻ വിളിച്ചു…..

ഹിമാ…..

അവരെ കടന്നവൾ പോകാനൊരുങ്ങുമ്പോഴാണ് അവൻ വിളിച്ചത്…

ആ വിളിയവളെ പിടിച്ചു നിർത്തി……

ഇത് ലൈലാ…. എന്റെ കൂട്ടുകാരിയാ…….

അവൻ പറയുമ്പോൾ അവൾ ലൈലയെ നോക്കിയൊന്ന് പുഞ്ചിരിച്ചു….

ലൈലയും പതിഞ്ഞൊരു പുഞ്ചിരി നൽകി….

ഇത്….. ഇത് ഹിമ…. ഞാൻ തിരിച്ചു നാട്ടിലേക്ക് വരാതിരിക്കാനുള്ള കാരണമെന്തെന്ന് നീ ചോദിച്ചില്ലേ….. ആ കാരണം ഇവളാണ്…..ഹിമ മഹേശ്വരി…. എന്റെ മുറപ്പെണ്ണ്…..

അവനത് പറയുമ്പോൾ ഹിമ ഞെട്ടിയവനെ നോക്കി…..
ഞെട്ടലിനൊപ്പം ആ വെള്ളാരം കണ്ണുകളിലെ തിളക്കം അവനറിയുന്നുണ്ടായിരുന്നു……

ലൈലയുടെ ഹൃദയത്തിൽ ഒരു കത്തി കുത്തിയിറക്കിയ പോലെ തോന്നിയിരുന്നവൾക്ക്…..

അപ്പോഴും ഹിമയുടെ നോട്ടം റാനിയിൽ തന്നെ തറഞ്ഞു നിന്നു….

അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചതും അവൾ വേഗം അവനിൽ നിന്നും കണ്ണുകൾ പറിച്ചെടുത്തു…

പിന്നീടൊരു സംസാരത്തിനിടം കൊടുക്കാതെ അവൾ നടക്കാൻ തുടങ്ങി…..

ഹിമാ….

ഉള്ളിലെ വിങ്ങൽ മറച്ചു വെച്ചു കൊണ്ട് ലൈല വിളിച്ചു…….
ഹിമ തിരിഞ്ഞു നോക്കുമ്പോഴും അവളെന്തായിരിക്കും പറയുന്നതെന്ന ചിന്തയിൽ റാനി ലൈലയെ നോക്കി…

ഞാൻ രണ്ട് ദിവസം കൂടിയേ ഇവിടെ ഉണ്ടാവു….
നാളെ ഹിമക്ക് ഒഴിവാണെങ്കിൽ എന്നെ ഇവിടെയൊക്കെ ഒന്ന് ചുറ്റി കാണിക്കാമോ……

ഹിമ അവളെ നോക്കി മനോഹരമായോന്ന് പുഞ്ചിരിച്ചു…..

ലൈലയുടെ വാക്കുകൾ റാനിയിൽ അപ്പോഴും സംശയങ്ങൾ ബാക്കിയാക്കിയിരുന്നു…

എന്തിനായിരിക്കും അവളങ്ങനെ പറഞ്ഞതെന്ന് റാനി ഓർത്തു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്തിനാ ഹിമയെ കൂടെ കൂട്ടുന്നത്……

രാത്രി ഭക്ഷണം കഴിച്ചു കാറ്റ് കൊണ്ട് പുറത്തിരിക്കുമ്പോഴാണ് റാനി ലൈലയോടത് ചോദിച്ചത്…..

ഇതവളുടെ നാടല്ലേ റാനീ…നീ കാണിച്ചു തരാത്തതും കൊണ്ട് പോകാത്തതുമായ ഒത്തിരി സ്ഥലങ്ങൾ അവൾക്കറിയുക യുണ്ടാവും….. ഇനി ഞാനെന്തായാലും ഇങ്ങോട്ട് വരില്ല…. ഏതായാലും വന്ന സ്ഥിതിക്ക് എല്ലാം ആസ്വദിച്ചിട്ട് പോകാമല്ലോ….

മനസ്സുരുകുമ്പോഴും അവൾ പറഞ്ഞു നിർത്തി…

കള്ളം….. നീ കള്ളം പറഞ്ഞാൽ എനിക്ക് മനസ്സിലാവാതിരിക്കുമോ ലൈലാ….

അവളൊന്നും മിണ്ടിയില്ല….

പിടിച്ചു നിർത്തിയിട്ടും അണ പൊട്ടിയോഴുകുന്ന അവളുടെ സങ്കടം അവനെ ഏറെ നൊമ്പരപ്പെടുത്തി……

എനിക്ക്…. എനിക്ക് നിന്റെ ഹിമയുടെ കൂടെ സമയം ചിലവഴിക്കണം റാനീ ..

നീ സ്നേഹിച്ച അവളെ എനിക്ക് അടുത്ത് കാണണം……

നീ അവളുടേതാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ…. നിന്റെ ഓർമ്മകൾ എന്നെ വേദനിപ്പിക്കുമ്പോഴൊക്കെ അവളുടെ മുഖം കൂടി എന്റെ മനസ്സിൽ പതിയാൻ….

നാളത്തെ കഴിഞ്ഞാൽ ഞാൻ പോകും….. ഇത് കൂടി നീ സമ്മതിച്ചു തരണം……

ലൈലാ…..
അവൻ ദയനീയമായി വിളിച്ചപ്പോഴേക്കും വാ പൊത്തി കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി…..

പിറ്റേന്ന് അവൻ രാവിലെ ബസ്സിൽ പോയിരുന്നു….

ഹിമ വായനാശാലയുടെ അവിടെ എത്തുമ്പോഴേക്കും അവളെ കാത്തു ലൈല അവിടെ തന്നെയുണ്ടായിരുന്നു….

അവർ മുന്പേ പരിചയമുള്ളവരെ പോലെ പെരുമാറുമ്പോഴും ലൈലയുടെ ഹൃദയത്തിലേ വിങ്ങൽ ഹിമ അറിഞ്ഞിരുന്നില്ല……

റാനി കൊണ്ട് പോവാത്ത സ്ഥലങ്ങളിലൊക്കെ ഹിമ അവളെയും കൂട്ടി പോയി….

അവളെ സന്തോഷിപ്പിക്കാൻ ഹിമയെ കൊണ്ട് കഴിയുന്നതെല്ലാം അവൾ ചെയ്യുന്നുണ്ടായിരുന്നു…..

റാനിയെ കുറിച് പറയുമ്പോൾ വിടരുന്ന ആ വെള്ളാരം കണ്ണുകൾ ലൈലയെ വേദനിപ്പിച്ചു കൊണ്ടിരുന്നു…..

റാനിയെ നീ ഇഷ്ടപ്പെടാൻ കാരണമെന്താ….

പാറക്കു മുകളിലുള്ള ഹനുമാൻ കോവിലിൽ നിന്നും പ്രസാദം വാങ്ങി ഒരു കുഞ്ഞു പാറയുടെ ഓരത്തായിരുന്നു കഴിക്കുമ്പോഴാണ് ലൈലയത് ചോദിച്ചത്…

കഴിച്ചു കൊണ്ടിരുന്ന ഹിമയോന്ന് നിശ്ചലയായി…
ശേഷം ഓർമകളിലെന്ന പോലൊന്ന് പുഞ്ചിരിച്ചു….

ആദ്യമൊക്കെ വെറുപ്പായിരുന്നു…..പിന്നെ അതൊരു ഇഷ്ടമായി മാറി…

ഇപ്പഴോ… ലൈല അല്പം ഗൗരവത്തോടെയാണത് ചോദിച്ചെങ്കിലും അതൊരു കുസൃതിയാവുമെന്ന് ഹിമ കരുതി…..

ഇപ്പോഴതിന്റെ വ്യാപതിയെനിക്കറിയില്ല…. എന്നാൽ നഷ്ടപ്പെടുത്താൻ കഴിയാത്തത്രയും അതെന്നിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് മാത്രമറിയാം….
അവൾ മനോഹരമായോന്ന് പുഞ്ചിരിച്ചു…..

ഈ ചുരുങ്ങിയ കാലയളവിൽ നിനക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ വർഷങ്ങളായി അവനെ മനസ്സിൽ കൊണ്ട് നടക്കുന്ന എന്റെ അവസ്‌ഥ നിനക്കൂഹിക്കാൻ കഴിയുമോ…..
ലൈല പുച്ഛത്തോടെന്ന് ചിരിച്ചു…..

ഹിമായൊരു നിമിഷം കേട്ടത് വിശ്വസിക്കാനാവാതെ നിന്നു…..

ഇത്…. ഇത് റാനിക്കറിയാമോ…..
അവളുടെ കവിളുകൾ ചുവന്നു…മുഖം കുനിഞ്ഞു…..

അറിയാം… എന്നാൽ അവന്റെ മനസ്സിൽ നീയല്ലേ…. അവനൊരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല….. അങ്ങനെ സ്നേഹിച്ചിരുന്നെങ്കിൽ നീയവനെ കാണുക കൂടിയില്ലായിരുന്നു…..

ഹിമയുടെ മുഖത്തെ സങ്കടം കണ്ടിട്ട് തന്നെയാണ് അവൾ പുഞ്ചിരിച്ചു കൊണ്ട് ഹിമയെ ചേർത്ത് പിടിച്ചു കൊണ്ടത് പറഞ്ഞത്…..

പറയരുതെന്ന് കരുതിയതാണ്….പക്ഷെ പറയാതിരിക്കാൻ കഴിഞ്ഞില്ല…..
സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ…. അത് കൊണ്ട് തന്നെ ഞാൻ തിരിച്ചു പോവുകയാണ്….
രണ്ടു പേരും നന്നായിരിക്കണം…..

ഹിമ ക്ക്‌ കുറച്ചു ആശ്വാസം തോന്നിയിരുന്നു…..

പിന്നേയ്…. റാനിയെ നല്ലോണം നോക്കിക്കോണേ…..

വായനാശാലയുടെ ഭാഗത്തു നിന്നും അവർ പിരിയാൻ തുടങ്ങുമ്പോഴാണ് ഹിമയത് പറഞ്ഞത്…..

ആ വാക്കുകളിലെ നൊമ്പരം അവൾക്കറിയുന്നുണ്ടായിരുന്നു…..

നോവിനിടയിലും അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു….

ഇങ്ങനൊരു ദിവസം വേണ്ടിയിരുന്നില്ലെന്നവളോർത്തു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ലൈല സാധനങ്ങളൊക്കെ പാക്ക്‌ ചെയ്യുമ്പോഴും മുഖത്തെ സങ്കടം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…..

കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ മതിയായിരുന്നില്ലേ….

അവൾ പോകുന്നതിൽ ഭാഗ്യത്തിന് നല്ല വിഷമമുണ്ടായിരുന്നു….

ഇപ്പൊ തന്നെ കുറച്ചു ദിവസമായില്ലേ ആന്റി… ഇനിയും നിന്നാൽ ശെരിയാവില്ല….
അവളൊന്ന് പുഞ്ചിരിച്ചു….

ഇനിയെപ്പഴാ മോള് വരാ….

ഇനി… ഇനി വരുമോയെന്നറിയില്ല ആന്റി…..അവളുടെ നെടുവീർപ്പിൽ ദുഃഖം തളം കെട്ടി…..

ഭാഗ്യം അവളോട് ചേർന്നു നിന്നു…..

റാനിയുടെ ഉപ്പ ഇന്നുണ്ടായിരുന്നെങ്കിൽ…. ഞങ്ങളുടെ സൗഭാഗ്യങ്ങളൊക്കെ ഞങ്ങളെ വിട്ട് പോയില്ലായിരുന്നുവേങ്കിൽ….ഞാൻ നിന്നെ എങ്ങോട്ടും വിടില്ലായിരുന്നു…. എന്റെ കൂടെ നിർത്തുമായിരുന്നു…. എന്റെ മരുമകളായി…..
അവരുടെ വാക്കുകളിൽ അവളോടുള്ള സ്നേഹവും അതിലേറെ ആത്മാർത്ഥതയും കണ്ടിരുന്നു…..

എന്നാലിപ്പോഴത്തെ അവസ്ഥയിൽ നിന്നെ ആഗ്രഹിക്കാൻ പോലും ഞങ്ങൾക്ക് അർഹതയില്ല മോളേ….. കിടക്കാൻ നല്ലൊരു കൂര പോലുമില്ലാത്ത ഈ അവസ്ഥയിൽ അതെന്റെ സ്വാർത്ഥതയായിപ്പോകും…
ആ കണ്ണുകളിൽ നിസ്സഹായത തെളിഞ്ഞു കണ്ടിരുന്നു…..

പിന്നീടൊരു വാക്കിനിടം കൊടുക്കാതെ ഭാഗ്യ അവിടം വിട്ട് പോയി…..

അവൾക്കൊന്നുറക്കെ കരയണമായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
യാത്ര പറഞ്ഞിറങ്ങുമ്പോൾ ഭാഗ്യം അവളെ ചേർത്ത് പിടിച്ചു വിതുമ്പി…

റാനി അവളെ ബസ്സ് കയറ്റി വിടാനായി കൂടെ നടന്നു….

നിനക്കെന്നോട് വെറുപ്പാണോ ലൈലാ….

അത്ര മേൽ പ്രണയിച്ച നിന്നെ ഞാനെങ്ങനെ വെറുക്കും റാനീ….
അവളുടെ വാക്കുകളിൽ നനവ് പടർന്നിരുന്നു…..

ഞാൻ നിന്റെ സൗഹൃദം എപ്പോഴും ആഗ്രഹിക്കുന്നുണ്ട്…..
അവന്റെ മുഖത്ത് അങ്ങേയറ്റം ദയനീയതായിരുന്നു….

നിന്റെ പ്രണയം ഞാൻ ആഗ്രഹിക്കുന്നതുപോലെ അല്ലെ….
അവൾ സ്വയംപുചിച്ചു കൊണ്ട് ചിരിച്ചു….

സ്നേഹം വില കൊടുത്ത് വാങ്ങാനാവില്ല റാനീ…. അതെനിക്ക് പൂർണ ബോധ്യമായി….
നിനക്കൊരിക്കലും എന്നെ പ്രണയിക്കാനും കഴിയില്ല….
ഇനി നമ്മൾ കാണുമോയെന്നറിയില്ല… നിന്റെ കൂടെയുള്ള നല്ല ഓർമകളുമായാണ് ഞാൻ പോകുന്നത്……

കണ്ണുനീരോടെ പറഞ്ഞു കൊണ്ട് ബസ് കയറി പോകുന്നവൾ റാനിയുടെ നെഞ്ചിലൊരു നീറ്റലായി ബാക്കി നിന്നു….

(തുടരും )