രചന – ആയിഷ അക്ബർ
വിട് റാനി ആരെങ്കിലും കാണും……
അതും പറഞ്ഞവൾ അവന്റെ കൈ തട്ടി മാറ്റി…..
കാണട്ടെ…. എല്ലാവരും കാണട്ടെ….
ഇനിയും മാറ്റാർക്കെങ്കിലും വേണ്ടി നിന്നെ വിട്ട് കൊടുക്കാൻ കഴിയില്ലെനിക്ക്……
അവനത് പറയുമ്പോൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളെ പിടിച്ചു നിർത്താനെന്ന വണ്ണം ചുണ്ടുകൾ കൂട്ടി പിടിച്ചിരുന്നു…..
അവനെന്താണ് മനസ്സിൽ ഉദ്ദേശിക്കുന്നതെന്ന് അവൾക്ക് വ്യക്തത യില്ലായിരുന്നു…..
അവൾ സംശയത്തോടെ അവനെ നോക്കി നിന്നു….
അമ്മയുടെ വാക്ക് കേട്ട് നീ എന്നേ അകറ്റാൻ പാടില്ലായിരുന്നു ഹിമാ…..
അവളുടേ മിഴികളിൽ നോക്കി അവനത് പറഞ്ഞതും അവൾ ഞെട്ടലോടെ അവനെ നോക്കി……
നീയില്ലാതെ എനിക് സന്തോഷമായി ജീവിക്കാൻ കഴിയില്ലെന്ന് നീ ആലോചിക്കാതിരുന്നതെന്താ ……
അവൻ അതും പറഞ്ഞവളുടെ കവിളുകൾ തന്റെ കൈ ക്കുള്ളിലാക്കി…..
അവളും വിങ്ങി പൊട്ടി…..
ഞാൻ….. നിനക്ക് വേണ്ടിയായിരുന്നു റാനി…..
അത്രയേ അവൾക്ക് പറയാൻ കഴിഞ്ഞുള്ളു….
അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു തന്റെ സങ്കടങ്ങൾ ഒഴുക്കുമ്പോൾ ഇരു കൈ കൊണ്ടും അവനവളെ ചേർത്ത് പിടിച്ചിരുന്നു…..
പെട്ടെന്നാണ് പാത്രം താഴേക്ക് വീഴുന്നൊരു ശബ്ദം കേട്ട് അവരിരുവരും പരിഭ്രമത്തോടെ വിട്ട് മാറിയത്…..
തങ്ങളെ ഉറ്റു നോക്കി നിൽക്കുന്ന ജമീലത്തയെ കണ്ടവർ ഒരുനിമിഷം ഒന്ന് ഭയന്നു….
അതേ…. ഞങ്ങളെ കണ്ട ഞെട്ടലിലാവാം അവരുടെ കയ്യിലെ പാത്രം താഴെക്കൂർന്ന് പോയത്….
റാനിക്കവരോടൊന്നും പറയാൻ കഴിഞ്ഞില്ല…
അവരൊന്നും ചോദിച്ചതുമില്ല……
അവൻ പെട്ടെന്ന് അവിടെ നിന്നും പോയിരുന്നു…
ഹിമ ജമീലത്തയോട് എന്ത് പറയുമെന്നറിയാതെ നിന്നുരുകി….
പക്ഷെ അവർ അവളോടും അതേ പറ്റി ചോദിച്ചില്ല…..
അതവളിൽ ചെറിയൊരു ആശ്വാസത്തിനിടം നൽകിയെങ്കിലും അവർ ആരോടെങ്കിലും പോയി
പറയുമോയെന്നവളുടെ മനസ്സ് ഭയന്ന് കൊണ്ടിരുന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
റാനി നേരെ പോയത് വല്യു പ്പാന്റെ മുറിയിലേക്കായിരുന്നു….
അടഞ്ഞു കിടക്കുന്ന ആ വാതിൽ അവൻ തുറന്നു….
വല്യു പ്പ ഉറങ്ങിയിട്ടുണ്ട്…..
ഇത് വരെ പണിക്കാരുടെ കൂടെ ഉണ്ടായിരുന്നു…..
ഇത് തന്റെ അവസാനത്തെ ശ്രമമാണ്…….
ഇതിലൂടെ ഒരു പക്ഷേ ഈ വീടും വീട്ടുകാരും തന്നെ വെറുക്കുമായിരിക്കാം….
എന്നാൽ അതിനേക്കാൾ മേലെ തനിക്ക് വേണ്ടി ഇത്രയും സഹിച്ചോരു പെണ്ണിനെ ഇനിയും വേദനിപ്പിക്കാനാവില്ല…..
ഇനിയെങ്കിലും സത്യങ്ങൾ വല്യു പ്പയോട് തുറന്ന് സംസാരിക്കുക തന്നെ വേണമെന്നവൻ ഉറപ്പിച്ചു….
അവൻ പതിയേ അവരുടെ കാൽ പാദം മുറുകെ പിടിച്ചു…..
കണ്ണുകളിൽ നിന്ന് ധാരയായി ഒഴുകി വന്ന
കണ്ണ് നീർ ചുളിവ് വീണ കാൽ പാദങ്ങളെ നനച്ചു….
അതറിഞ്ഞെന്ന വണ്ണം ആ ശരീരമൊന്നിളകി….
പിന്നെ പെട്ടെന്ന് എഴുന്നേറ്റു…
ഹാഷി….. എന്താ മോനെ…..
അവനെ പിടിച്ചെഴുന്നേൽപ്പിച്ചത് പറയുന്നതോടൊപ്പം ആ വാക്കുകളിൽ ആശങ്ക കലർന്നിരുന്നു….
മാപ്പ് എന്നൊരു വാക്ക് മാത്രമേ പറയാൻ ബാക്കിയുള്ളു വല്യു പ്പാ…
അവൻ അവർക്ക് മുമ്പിൽ കൈ കൂപ്പി…..
എന്തെന്ന് മനസ്സിലാകാതെ
വല്യു പ്പ അവനെ തന്നെ നോക്കി……
ഈ നിക്കാഹ്…. അത് നടക്കില്ല വല്യു പ്പാ…..
അവൻ പെട്ടെന്നത് പറഞ്ഞതും അവരവനെ തന്നെ സൂഷിച്ചു നോക്കി നിൽക്കുകയാണ്….
പക്ഷേ ഒന്നും ചോദിച്ചില്ല….
പകരം അവന് പറയാനുള്ളത് കേൾക്കാനെന്ന വണ്ണം അങ്ങനെയിരുന്നു….
അവൻ ആദ്യം മുതൽ ഒരോന്നും എണ്ണിയെന്നു തുറന്ന് പറയുമ്പോഴും അദ്ദേഹം അവന് നല്ലൊരു കേൾവിക്കാരനായി…..
അവൻ പറഞ്ഞ് കഴിഞ്ഞെന്ന് തോന്നിയതും അദ്ദേഹമൊന്ന് നെടു വീർപ്പിട്ടു…..
അപ്പൊ….. നീയും നിന്റെ ഉപ്പാന്റെ കഥ ആവർത്തിച്ചു എന്നർത്ഥം അല്ലേ….
അതും പറഞ്ഞദേഹമൊന്ന് ചിരിച്ചു……
റാനി കുറ്റബോധത്താൽ തല കുനിച്ചു……
നിനക്ക് ഇവിടെ നിൽക്കണമെങ്കിൽ നാളത്തെ നികാഹ് നടന്നെ തീരു. ഹാഷി…
അല്ലാ നിനക്ക് ഇവിടെ നിന്ന് പോകണമെങ്കിൽ പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യാം……
ഞാൻ തടയില്ല…..
അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒട്ടും മയമുണ്ടായിരുന്നില്ല…..
ഇത് വരെ കണ്ടിരുന്ന വാത്സല്യമുള്ള വല്യു പ്പയെക്കാൾ അഭിമാനം കൊണ്ട് നടക്കുന്ന പുത്തൻ പുരക്കൽ സുലൈമാൻ സാഹിബിനെ യാണ് റാനിക്ക് കാണാൻ കഴിഞ്ഞത്….
പണ്ട് നിന്റെ ഉപ്പയും ഇത് പോലെ എന്നേ നാണം കെടുത്തി ഇറങ്ങി പ്പോയതാ…..
അദ്ദേഹത്തിന്റെ മുഖം ദേഷ്യത്താൽ ചുവന്നു….
എന്നിട്ടെന്തുണ്ടായി വല്യു പ്പാ….
മരണം വരെ ആ മകന്റെ മുഖം കാണാൻ നിങ്ങൾക്ക് കഴിഞ്ഞുവോ….
ഇന്നും ആ നീറ്റൽ നിങ്ങളുടെ ഉള്ളിലുണ്ടെന്ന് മാറ്റാരെക്കാളും നന്നായി എനിക്കറിയാം…..
പിന്നെയും എന്തിനാണ്……
മനസ്സമാധാനത്തെക്കാൾ വലുതാണോ ദുരഭിമാനം….
അന്ന് അവരെ ആട്ടിയിറക്കാതെ ചേർത്ത് പിടിച്ചിരുന്നെങ്കിൽ പുത്തൻ പുരക്കൽ സുലൈമാൻ സാഹിബിന്റെ അന്തസ്സ് കൂടുകയേ ഉണ്ടായിരുന്നുള്ളു…..
മതങ്ങളുടെ വേലിക്കെട്ടുകളെക്കാൾ മനസ്സിന്റെ പൊരുതമല്ലേ നോക്കേണ്ടത്….
അത്രയും വിശാലമായി ചിന്തിക്കാൻ വല്യു പ്പാക്ക് എന്ന് കഴിയുമെന്ന് എനിക്കറിയില്ല….
അങ്ങനെ കഴിയുന്ന സമയം എന്നേ വിളിക്കണം….
ഞാൻ വരും…..
മറ്റൊരു സമ്പത്തിനും വേണ്ടിയല്ല… ഒന്നുമെനിക്ക് വേണ്ടതാനും…
നിങ്ങളുടെ സ്നേഹവും വാത്സല്യവും അനുഭവിച് മതിയായിട്ടില്ലെനിക്ക്…..
അതിനു വേണ്ടി മാത്രം……
വല്യു പ്പയല്ലേ പറയാറുള്ളത് ശെരിയെന്നത് ഓരോരുത്തരെ സംബന്ധിക്കുന്നതാണെന്ന്….
എന്റെ കണ്ണിൽ ഇപ്പൊ ഇതാണ് ശെരി…,
എനിക്ക് വേണ്ടി കാത്തിരുന്ന എനിക്ക് വേണ്ടി ജോലിക്കാരിയുടെ വേഷം വരെ അണിഞ്ഞ അവളെ ഇനിയും വേദനിപ്പിക്കാൻ കഴിയില്ലെനിക്…
അത് കൊണ്ട് ഇന്ന് രാത്രി തന്നെ ഞങ്ങളിവിടം വിട്ട് പോകും……
റാനിയത് പറയുമ്പോൾ സുലൈമാൻ സാഹിബിന്റെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു…..
നമ്മുടേ കണ്ണിലെ ശെരിക്ക് വേണ്ടി മറ്റൊരാളെയും വേദനിപ്പിക്കരുതെന്ന് കൂടി ഞാൻ നിനക്ക് പറഞ്ഞു തന്നിട്ടുണ്ട്….
നാളെ നിന്റെ മഹർ കഴുത്തിലണിയുന്നതും കാത്തിരിക്കുന്ന ആ പെണ്ണിന്റെ അവസ്ഥ നിനക്കൂഹിക്കാൻ കഴിയുമോ….
അദ്ദേഹത്തിന്റെ വാക്കുകളിൽ ഗൗരവം കത്തി നിന്നിരുന്നു….
ഈ വിവാഹം ഇവിടം വരെയെത്തുന്നതിനു മുൻപ് തന്നെ അവളെല്ലാം അറിഞ്ഞവളാണ് വല്യു പ്പാ…….
റാനി പതിയേ അത് പറയുമ്പോൾ സുലൈമാൻ സാഹിബിനു അതൊരു പുതിയ അറിവായിരുന്നു …..
ദേഷ്യം വരിഞ്ഞു മുറുക്കിയ അദ്ദേഹത്തെ പെട്ടെന്നായിരുന്നു റാനി കടന്ന് പിടിച്ചത്……
പ്രതീഷിക്കാത്ത തായത് കൊണ്ട് തന്നെ അദ്ദേഹമൊന്ന് ഞെട്ടി…..
അവനെ ചേർത്ത് പിടിക്കണമെന്നുണ്ടെങ്കിലും എന്തൊക്കെയോ ഒരു ശക്തി തന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു….
റാനി ചുറ്റിപ്പിടിച്ച കൈകൾ ഒന്ന് കൂടി മുറുക്കി….
മുഖം ആ ശരീരത്തോട് ചേർത്ത് വെച്ചു….
ഊദിന്റെ കുത്തലുണ്ടാക്കുന്ന ആ മണം അവന്റെ ശരീരത്തിലാകെ പടർന്നു…
അതേ…. അത് വല്യു പ്പാന്റെ മണമാണ്….
അൽപ നേരം കൂടി അങ്ങനെ നിന്നവൻ അകന്ന് മാറി….
ഒന്ന് കൂടി അദ്ദേഹത്തെ നോക്കി….
അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ടായിരുന്നു….
അദ്ദേഹം അപ്പോഴും ഒന്നും മിണ്ടിയില്ല…..
ഹൃദയം പറിച്ചെടുക്കുന്ന വേദനയിലും നിർവികാരമായി അവനെ നോക്കി നിന്നു….
അസ്സലാമു അലൈക്കും….
അതും പറഞ്ഞവൻ അദ്ദേഹത്തിന്റെ കൈ പിടിച്ചൊന്നു ചുണ്ടോട് ചേർത്തു..
അവന്റെ കണ്ണ് നീരിന്നാൽ കൈ പത്തി കുതിരുന്നത് അദ്ദേഹമറിയുന്നുണ്ടായിരുന്നു….
പിന്നീടൊരു വാക്കിനിടം കൊടുക്കാതെ അവൻ മുറി വിട്ടിറങ്ങി…..
അവൻ പോയതും അത് വരെ പിടിച്ചു നിന്നിരുന്ന കണ്ണ് നീർ സുലൈമാൻ സാഹിബിന്റെ കണ്ണുകളിൽ തിളങ്ങി…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേ ദിവസം നേരം പുലർന്നു….
റാനി….. നീയെഴുന്നേറ്റില്ലേ…
ഭാഗ്യം റാനി യുടേ മുറിയുടെ വാതിൽ തട്ടി വിളിച്ചു….
പക്ഷേ അനക്കമേതുമില്ലായിരുന്നു….
അവരുടെ നെഞ്ചോന്ന് ആളി….
റാനി…. വീണ്ടും അവർ വിളിച്ചു..
അപ്പോഴേക്കും അവരുടെ പരിഭ്രമത്തെ നീക്കിയെന്ന വണ്ണം ആ വാതിൽ അവർക്ക് മുമ്പിൽ തുറക്കപ്പെട്ടു…..
വെള്ള നിറത്തിലുള്ള ജുബ്ബയും പാന്റുമിട്ടു മണവാളനായി ഒരുങ്ങി നിൽക്കുന്ന അവനെ കണ്ടതും ഭാഗ്യത്തിന്റെ കണ്ണുകൾ വിടർന്നു…….
അവൻ പതിയെയൊന്ന് പുഞ്ചിരിച്ചു….
സന്തോഷത്താൽ അവരവനെയൊന്ന് കെട്ടി പിടിച്ചു….
താഴേക്ക് വാ…. എല്ലാവരും നിന്നെ കാത്തിരിക്കുകയാണ്…..
അതും പറഞ് ഭാഗ്യം ഇറങ്ങിയതിനു പിറകെ അവനും ഇറങ്ങി…..
കോണിപ്പടികളിറങ്ങി വരുന്ന അവനെ കാത്തു ഹാളിൽ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു….
സുന്ദരനായ അവനിൽ ഒരു നിമിഷം എല്ലാവരുടെയും കണ്ണുകളുടക്കി…..
വാതിലിനു മറവിലായി നിന്നിരുന്ന ഹിമയുടെ ഉള്ളം നീറി പുകഞ്ഞിരുന്നു…..
റാനിയുടെ മിഴികൾ എല്ലാവരിലും ഒന്ന് ഓടി നടന്നു…
അവളെ തിരഞാണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവൾ ഒന്ന് കൂടി വാതിലിനു മറവിലേക്ക് നീങ്ങി നിന്നു……
വലിയവരും കുട്ടികളുമായി എല്ലാവരും കൈ കൊടുത്ത് മണവാളനെ പുറപ്പെടീക്കുകയാണ്…..
ഹാഷിക്ക ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല…..
എന്ത് വില കൊടുത്തും അവളെ ചേർത്ത് പിടിക്കുമെന്ന് തന്നെ കരുതിയിരുന്നു…..
ആലിയ കൈ തന്നു കൊണ്ട് ആർക്കും കേൾക്കാത്ത വിധം തന്നോടത് പറയുമ്പോൾ അവളുടേ മുഖം വലിഞ്ഞു മുറുകിയിരുന്നു……
അത് കേട്ടില്ലെന്ന ഭാവത്തിൽ അടുത്ത ആൾക്കവൻ കൈ നീട്ടി……
മണവാളൻ ഇറങ്ങുന്ന കാഴ്ച കാണാൻ എലാവരും തിരക്ക് കൂട്ടി..
പള്ളിയിൽ വെച്ചാണ് നിക്കാഹ്….
അത് കഴിഞ്ഞവർ മഹറുമായി വരുമ്പോഴേക്കും പുതു പെണ്ണിനെ കൊണ്ട് വരണം…..
അത് കൊണ്ട് തന്നെ അവരിറങ്ങി അല്പം കഴിഞ്ഞതും ലൈലയേ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു…..
മണവാട്ടിയായി ഒരുങ്ങി നിൽക്കുന്ന അവളെ ഭാഗ്യം കെട്ടിപ്പിടിച്ചു…..
അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു….
ഹിമ അല്പം ദൂരെ നിന്ന് അവളെ നോക്കി…
ചുവന്ന നിറത്തിലുള്ള ഒരു ലഹങ്ക യാണ് വേഷം…..
അധികം ആഭരണങ്ങളൊന്നുമില്ലെങ്കിലും ഉള്ളത് തിളങ്ങുന്നുണ്ട്…..
നോക്കും തോറും ഹൃദയം നുറുങ്ങുന്നത് കൊണ്ട് തന്നെ കണ്ടില്ലെന്ന മട്ടിൽ തന്റെ ജോലികളിലേക്കവൾ ഊളിയിട്ടിരുന്നു…….
ഡീ….
എല്ലാവർക്കും വെള്ളവുമായി അവിടമാകെ ഓടി നടക്കുമ്പോഴാണ് പിറകിൽ നിന്നുള്ള വിളിയവൾ കേട്ടത്…..
ഭാഗ്യമാണ്…..
ലൈലയുടെ കയ്യിൽ പിടിച്ചു നിൽക്കുന്ന അവരെ നോക്കാൻ തന്നെ അവൾക്ക് തോന്നിയില്ല……
ഒരു യുദ്ധം ജയിച്ച അഭിമാനം അവരുടെ മുഖത്ത് തെളിയുന്നതോടൊപ്പം തന്നോടുള്ള പുച്ഛം എടുത്ത് കാണുന്നുണ്ടായിരുന്നു…..
ദേ…..
എന്റെ മരുമോൾക്കൊരു ജ്യൂസ് കൊടുത്തെ…..
അവരത് പറയുമ്പോൾ തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു….
അവൾ അതിൽ നിന്ന് ഒരു ഗ്ലാസ്സെടുത് ലൈലക്ക് നേരെ നീട്ടി….
അപ്പോഴും അവളുടേ മുഖത്തേക്ക് നോക്കാൻ ഹിമക്ക് കഴിഞ്ഞില്ല….
പള്ളിയിൽ വെച്ച് നിക്കാഹ് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ അവൾ തന്റെ റാനിയുടെ സ്വന്തമായിട്ടുണ്ടാകും….
ഹൃദയം തീ ചൂളയിലെന്ന പോൽ വെന്തുരുകി….
അവൾ വേഗം വന്ന് അടുക്കള പുറത്തെത്തി…..
അത് വരെ തടഞ്ഞു വെച്ചിരുന്ന കണ്ണ് നീരത്രയും പുറത്തെക്ക് പ്രവഹിച്ചു….
ഇനിയും ഇവിടെ നിൽക്കാൻ വയ്യ…. തിരിച്ചു വീട്ടിലേക്ക് പോകണം…..
അവൻ ഭാര്യ യോടോത്ത് ജീവിക്കുന്നത് കാണാൻ തനിക്ക് കഴിയില്ലെന്നവൾക്കുറപ്പായിരുന്നു….
സത്യങ്ങളെലാം അവനറിഞ്ഞത് കൊണ്ട് തന്നെ ഇനി അവനെന്നെ വെറുക്കില്ലായിരിക്കാം..
ആ ഒരു ആശ്വാസത്തിൽ മാത്രം ഇനിയുള്ള കാലം ഞാൻ തള്ളി നീക്കും…
അവന് ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ടായിരിക്കാം……
അവളുടേ വിതുമ്പലിന്റെ ശക്തി കൂടി…..
ദേ…. നിക്കാഹ് കഴിഞ്ഞവരെത്തി…..
ആരൊക്കെയോ പറഞ്ഞതും നെഞ്ചിലൂടെ ഒരു മിന്നൽ പിണർപ്പ് കടന്നു പോയി….
കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചവൾ വേഗം പുറത്തേക്ക് നടന്നു…….
(തുടരും)

by