രചന – ആയിഷ അക്ബർ
യാത്രയുടെ ക്ഷീണത്താൽ തലക്ക് നല്ല ഭാരം തോന്നിയിരുന്നെങ്കിലും അവൾക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല…..
കണ്ണു നീർ അവളുടേ കവിളുകളിലൂടെ ഒലിച്ചിറങ്ങി…..
എന്തിനായിരുന്നു വീണ്ടും അവന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നത്…..
അവൻ അത്രമേൽ തന്റെ ശ്വാസത്തിൽ അലിഞ്ഞു ചേർന്നത് കൊണ്ടല്ലേ…..
തനിക്കുള്ളിലെ പ്രണയം….
അതവന് മാത്രം അവകാശപ്പെട്ടതാണ്….
അത് കൊണ്ട് തന്നെയാണ് അവനെ തിരഞ്ഞ് ഞാനിറങ്ങിയത്….
ഹാഷിം റാനി എന്നു കാണുന്ന പേരുകളെയൊക്കെയും ഞാൻ നേരിട്ട് പോയി കണ്ടു….
ആ പേരിലെ വൈവിദ്യത്തെക്കാളേറെ തനിക്കവനോടുള്ള അടങ്ങാത്ത പ്രണയമല്ലേ തന്നെ അവനിലേക്കെത്തിച്ചത്…..
ആയിരുന്നു….
എന്നാൽ ഞാൻ പ്രണയിച്ച എന്നേ പ്രണയിച്ച ആ റാനിയെ മാത്രം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല…..
ആരുടെയൊക്കെയോ സ്വാർത്ഥത കൊണ്ടോ വാശി കൊണ്ടോ അവനെന്നെ തൊട്ട് ഒത്തിരി വിദൂരത്താണ്….
ഇനിയും അവനിലൊരു ശല്യമാവരുതെന്ന് കരുതി തിരിഞ്ഞു നടക്കാൻ തുടങ്ങിയ തന്നെ വീണ്ടും അവനിലേക്ക് തന്നെ വലിച്ചടുപ്പിച്ച വിധി തനിക്കെന്താവും കാത്തു വെച്ചിട്ടുള്ളത്…
അവന്റെ വെറുപ്പാണോ…
അത് തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്…..
അവന്റെ ഉള്ളു നിറയെ തന്നോട് വെറുപ്പ് മാത്രമാണ്…..
എന്നാൽ അന്ന് നടന്നതിന്റെ പിറകിലെ സത്യങ്ങൾ അവനറിഞ്ഞാൽ….
തകർന്ന് പോകുമായിരിക്കും….
വേണ്ടാ…. അവന്റെ മനസ്സിൽ ഞാൻ കുറ്റ ക്കാരിയായിരിക്കട്ടെ…..
അതാവും നല്ലത്…..
അവനെ ആഴത്തിൽ മുറിപ്പെടുത്തി നേടിയെടുക്കുന്നതിനേക്കാൾ സുന്ദരം വേദനിപ്പിക്കാതെ അവനിൽ നിന്നകന്നു നിൽക്കുന്നത് തന്നെയാണ്….
അതല്ലെ പ്രണയത്തിന്റെ ഏറ്റവും ഭ്രാന്തമായ തലം….
ഓർമകളിൽ നീറി അവളെപ്പോഴോ മയക്കത്തിലേക്കാണ്ടു പോയിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് രാവിലെ വാതിലിലുള്ള മുട്ട് കേട്ടാണ് ഹിമ എഴുന്നേൽക്കുന്നത്….
വേഗം കൊട്ടി പിടഞ്ഞെഴുന്നേറ്റ് വാതിൽ തുറക്കുമ്പോൾ മുന്പിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നൊരു സ്ത്രീ…..
ഉയരം കുറഞ്ഞു വെളുത്തു മെലിഞ്ഞ അവർ വളരേ ഭംഗിയോടെ തന്നെ നോക്കി ചിരിക്കുന്നു…..
അവളും അവർക്കായൊരു പുഞ്ചിരി നൽകി….
ഞാൻ ജമീല….. ഇവിടെ പണിക്ക് വരുന്നതാ…..
പുതിയ ആളൊരാൾ വന്നിട്ടുണ്ടെന്ന് പറഞ്ഞു….
ഇവിടെ എല്ലാവരും സുബ്ഹിക്ക് ണീക്കും….
മോള് സമയം പോയതറിഞ്ഞിട്ടുണ്ടാവില്ല ല്ലെ….. ഇന്നലെ ഒരുപാട് യാത്ര ചെയ്തത് കൊണ്ടാവും……
അവർ തന്റെ മുന്പിൽ നിന്ന് ചോദ്യം ചോദിക്കുന്ന സമയം തന്നെ ഉത്തരവും അവർ കണ്ടെത്തുന്നതിൽ അവൾക്കവരോടൊരു സ്നേഹം തോന്നി….
അത്രയേറെ നിഷ്കളങ്കമായായിരുന്നാ സംസാരം….
ആദ്യമായാണ് തമ്മിൽ കാണുന്നതെങ്കിൽ കൂടി മുൻപ് പരിചയമുള്ളവരെ പോലെ സംസാരിക്കുന്ന അവരോട് അവൾ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു…..
ജമീലാത്ത അടുക്കളയിലേക്ക് ചെല്ലട്ടെ…..
മോള് നിസ്കാരം കഴിഞ്ഞ് വേഗം അങ്ങ് വായോ ട്ടോ….
അതും പറഞ്ഞവർ പോകുമ്പോൾ തനിക്കുള്ള കൃത്യമായ സമയ ക്രമം ആരംഭിക്കുന്നത് അവളറിഞ്ഞു….
ജമീലത്ത ചോദിക്കാൻ വിട്ട് പോയി…
പേരെന്താ മോളേ…
നടന്നിരുന്ന അവർ തിരിഞ്ഞു നിന്നാണത് ചോദിച്ചത്…..
ന്… നൂറാ …..
അവൾ പതിയേ യൊന്നു പുഞ്ചിരിച്ചു…..
പിന്നെ വേഗം അടുക്കളയിലേക്ക് എത്താനുള്ള ധൃതിയിലായിരുന്നവൾ….
അടുക്കളയിലേക്ക് കയറി ചെല്ലുമ്പോഴേ അവിടെ ജമീലത്ത യും ഇന്നലെ കണ്ട രണ്ട് മൂന്ന് പേരുമുണ്ട്….
അവരിലൊന്നും അപ്പച്ചിയെ കാണാരുതെന്നവൾ ആഗ്രഹിച്ചു….
ആ മുഖം കാണുന്നത് പോലും തനിക്കത്ര മേൽ അരോചകമാണ്……
നൂറ പോയി മുറ്റമടിച്ചോളൂ….
ആ വിറക് പുരയുടെ പിറകിൽ ചൂലും മുറവും ഇരിപ്പുണ്ട്…..
പുറത്തേക്ക് ചൂണ്ടിയത് പറഞ്ഞത് സാബിറയായിരുന്നു….
അവൾ പുറത്തേക്ക് നടന്നു……
സൂര്യൻ ഭൂമിയിലേക്ക് പതിയേ ഇറങ്ങി വരുന്നതേയുള്ളു…..
നല്ല തണുപ്പുണ്ട്…..
ചൂലെടുത്തു ഒരു വശത്തു നിന്നും അവൾ അടിച്ചു വാരി തുടങ്ങി…..
മുറ്റം അങ്ങനെ പരന്ന് കിടക്കുകയാണെങ്കിലും ഇന്റർലോക്ക് ചെയ്തത് കൊണ്ട് തന്നെ അടിച്ചു വാരാൻ കുറച്ച് കൂടി എളുപ്പമായിരുന്നു…..
തന്റെ വീട്ടിലും ചെയ്യുന്ന ജോലി യായത് കൊണ്ട് തന്നെ അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…..
അല്ലെങ്കിലും ജോലി ചെയ്യുന്നതിനോട് തനിക്കൊരിക്കലും പരിഭവമില്ല…..
എന്നാൽ ആരുമല്ലാതാക്കിയതിലെ സങ്കടമുള്ളു…..
അച്ഛനോ അമ്മയോ മുത്തശ്ശിയോ ഇതറിഞ്ഞാൽ ഉരുകി തീരും….
അവർക്ക് കൂടി ആശ്വാസത്തിനാണല്ലോ താനീ സാഹസത്തിനു മുതിർന്നത്…..
അത് കൊണ്ട് തന്നെ എല്ലാം മനപ്പൂർവം മറക്കാൻ ശ്രമിച്ചു….
മുറ്റം മുഴുവൻ അടിച്ചു വാരി കഴിഞ്ഞ് അകത്തേക്കെത്തിയപ്പോൾ അവിടെ താൻ പുറത്തേക്ക് പോകുമ്പോഴത്തേതിലേറെ ആളുകൾ കൂടിയിട്ടുണ്ട്…
ഇന്നലെ കാണാത്ത പുതിയ ആളുകളുമുണ്ട്….
ഉമ്മാ ചായ….
അതും പറഞ് ആലിയ അടുക്കളയിലേക്ക് വരുമ്പോഴാണ് ഹിമയിൽ അവളുടേ മിഴികൾ പതിക്കുന്നത്….
അവൾ ഒരു നിമിഷം ഹിമയെ നോക്കിയങ്ങനെ നിന്നു…..
ഇന്നലെ മുതൽ എല്ലാവരും പുകഴ്ത്തുന്ന ആ സൗന്ദര്യം…. അതിവളായിരിക്കുമെന്ന് ആലിയ ഊഹിച്ചു….
എന്നാൽ അവളുടെ മനസ്സിനെ പിടിച്ചു കുലുക്കിയത് അതായിരുന്നില്ല…..
വിടർന്നു നിൽക്കുന്ന അവളുടെയാ വെള്ളാരം കണ്ണുകളായിരുന്നു…..
അതേ…..ഇത് താൻ മുൻപ് കണ്ടിട്ടുണ്ട്…..
താൻ കാണാനിഷ്ടപ്പെടാത്ത ഒരിടത്…..
ഒരിക്കൽ ഞങ്ങളെല്ലാവരും കൂടി ഇരിക്കുന്നിടക്കാണ് സ്വപ്നത്തിൽ കണ്ട ഏറ്റവും മനോഹരമായ എന്തെങ്കിലുമൊന്ന് ക്യാൻവാസിലേക്ക് പകർത്താൻ ഞങ്ങൾ ഹാഷിക്കയോട് ആവശ്യപ്പെട്ടത്…
ആദ്യം നിരസിച്ചെങ്കിലും പിന്നീട് ഞങ്ങളുടെ വാശിക്ക് മുന്പിൽ കീഴടങ്ങി അവൻ വരച്ചു തുടങ്ങി…..
ആ വര ചെന്ന് അവസാനിച്ചത് മനോഹരമായൊരു വെള്ളാരം കണ്ണുകളിലായിരുന്നു…
അത്ര മേൽ ആകര്ഷനീയമായൊരു മിഴികൾ ആർക്കെങ്കിലും ഉണ്ടാകുമോയെന്ന് വരെ അന്നവനോട് താൻ ചോദിച്ചിരുന്നു…..
അവനൊന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്…..
അങ്ങനെയൊരു മിഴികൾ തനിക്കുണ്ടായിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചിരുന്നന്നേരം….
എന്തെന്നാൽ അവൻ സ്നേഹിക്കുന്ന എല്ലാത്തിനോടും തനിക്ക് അടങ്ങാത്ത അസൂയ യാണ്…..
അതവനോട് തന്റെ മനസ്സിലുള്ള പ്രണയം കൊണ്ട് തന്നെയാണ്….
എന്നാൽ അവൻ സ്വപ്നത്തിൽ കണ്ട അതേ വെള്ളാരം കണ്ണുകൾ ഇന്ന് തന്റെ മുന്പിൽ നില്കുമ്പോൾ തനിക്ക് തോന്നുന്ന വികാരമെന്തെന്ന് അറിയുന്നില്ല….
അസൂയയോ…
കുശുമ്പോ….
അതിലേറെ മറ്റെന്തോ ഒരു വിങ്ങൽ…..
ഇതാ പെണ്ണെ ചായ….
റസിയ ആദ്യം പറഞ്ഞത് താൻ കെട്ടിട്ടില്ലെന്ന് അവരുടെ വാക്കുകളിലേ ദേഷ്യത്തിൽ നിന്നും അവളുഹിച്ചു….
അവൾ പെട്ടെന്ന് ചായ വാങ്ങി…..
അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന ആ മിഴികളിൽ നോക്കി ആലിയയുടെ ഉള്ളം നീറി പുകഞ്ഞു…..
എന്തിനെന്നറിയാതെ…..
അവൾ ചായ യുമായി മേശ മേൽ വന്നിരിക്കുമ്പോഴും മനസ്സ് അത്ര മേൽ അസ്വസ്ഥമായിരുന്നു….
അപ്പോഴാണ് കോണിപ്പടികളിറങ്ങി റാനിയും വരുന്നത്….
സാധാരണ ഹാഷിക്കയെ കാണുമ്പോൾ തന്റെ മനസ്സിൽ തോന്നുന്നൊരു സന്തോഷം ഇന്നില്ലെന്നതവൾ പ്രത്യേകം ശ്രദ്ധിച്ചു….
ഹാഷിക്ക അവളിലേക്ക് ആകർഷിക്കപ്പെടുമോയെന്നുള്ളതല്ലേ തന്റെ ഭയം….
അവൾ ടേബിളിൽ നിന്നും ഒന്നു കൂടി അടുക്കളയിലേക്ക് എത്തി നോക്കി…..
ഹിമ ഓരോരുത്തരുടെയും എച്ചിൽ പാത്രങ്ങൾ കഴുകിയെടുക്കുന്ന തിരക്കിലാണ്..
തന്റെ വീട്ടിലെ വെറുമൊരു ജോലിക്കാരിയായ അവളെ പുത്തൻ പുരക്കലേ പേരക്കുട്ടി ഭയക്കുന്നതെന്തിനാണ്….
അവളിൽ സ്വയമൊരു പുച്ഛം ഊറി നിന്നു…..
എങ്കിലും ആ കണ്ണുകൾ ഒരു കരടായി അവളുടേ മനസ്സിൽ പെട്ട് തുടങ്ങിയിരുന്നു….
അവൻ വന്നിരുന്നതും മനസ്സ് മുഴുവൻ അടുക്കളയിലുള്ള അവളിലായിരുന്നു…..
ഒന്ന് കാണാൻ അവന്റെ കണ്ണുകൾ അതിയായി ആഗ്രഹിച്ചിരുന്നു….
ഉമ്മാ….. ഹാഷിക്കാക് ചായ
അവൻ വന്നിരുന്നതും ആലിയ തന്നെയാണ് അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞത്…..
അടുക്കയിലേക്കൊന്ന് പോയി നോക്കിയാലോ എന്നവന്റെ മനസ്സ് ഉരുവിട്ട് കൊണ്ടിരുന്നു….
എന്നാൽ പതിവില്ലാത്ത കാര്യം ചെയ്‌താൽ ആർക്കെങ്കിലും സംശയം തോന്നിയാലോ….
എങ്കിലും മനസ്സ് അവളെ കാണുക എന്നതിൽ തന്നെ ഉറച്ചു നിന്നു….
അവൻ ഇരുന്നിടത് നിന്നൊന്നെഴുന്നേറ്റു….
ഹാഷിക്ക എങ്ങോട്ടാ….
അവനെഴുന്നേറ്റത്തും എന്തോ ഒരു ഭയം തോന്നിയത് പോലെ അവൾ ചോദിച്ചു…..
ഞാൻ…. ഉമ്മ….
അവൻ പെട്ടെന്നൊന്നു കിടന്നുരുണ്ടു….
താഹിറമ്മായി അവിടെയില്ല….
ഒരിക്കലും അവൻ അടുക്കളയിലേക്ക് പോകരുതെന്നു കരുതി തന്നെയാണ് അറിയില്ലെങ്കിൽ കൂടിയവളത് തീർത്തു പറഞ്ഞത് ..
അവർ തമ്മിലുള്ള കൂടി കാഴ്ചയെ അവളത്രത്തോളം ഭയക്കുന്നത് പോലെ…
റാനി അവിടെ തന്നെയിരുന്നു…
ഭക്ഷണം കൊണ്ടെങ്കിലും അവൾ വന്നാലോ എന്ന പ്രതീക്ഷയിൽ….
എന്നാൽ നിരാശയായിരുന്നു ഫലം….
പതിയെയാണ് അവൻ കഴിച്ചതെങ്കിലും അവൾ മാത്രം വന്നില്ല…..
അവൻ ഏറിയ നിരാശയോടെ എഴുന്നേറ്റു…..
ആലിയ കോളേജിലേക്ക് പോകാൻ മാറ്റിയിറങ്ങി വന്നപ്പോഴാണ് എല്ലാവരും കഴിച് കഴിഞ്ഞ ടേബിൾ അവൾ തുടക്കുന്നത് കണ്ടത്…..
എന്തോ ആ കണ്ണുകൾ കാണുമ്പോൾ തനിക്ക് ദേഷ്യം വരുന്നു….
അതേയ്…..
അവളല്പം ശബ്ദത്തോടെ വിളിച്ചതും ഹിമ പതിയേ അവളിലേക്ക് തിരിഞ്ഞു….
തട്ടത്തിനുള്ളിലുള്ള അവളുടെയാ കുഞ്ഞ് മുഖത്തേക്ക് നോക്കുമ്പോഴും പിടിച്ചു വലിക്കുന്നത് കാന്തിക ശക്തിയുള്ള ആ മിഴികളായിരുന്നു…..
ആ ഷെൽഫിൽ എന്റെ ചുവപ്പ് ഷൂ ഉണ്ട്….
അതൊന്ന് തുടച്ചെടുത്തെ….
ആലിയ ആഗ്നയോടെ അതും പറഞ് സോഫയിലേക്കമർന്നു…
ഹിമ ടേബിൾ തുടച്ചിരുന്ന തുടപ്പ് അവിടെ തന്നെ വെച്ച് ഷെൽഫിനരികിലേക്ക് നടന്നു….
ഹൃദയം എന്തിനോ വേണ്ടി മുറിപ്പെടുന്നത് അവളറിഞ്ഞിരുന്നു….
എങ്കിലും അതിലെ ചുവപ്പ് ഷൂ എടുത്ത് അവൾ ആലിയ ക്കരികിലേക്കായി നടന്നു….
മ്മ്…. തുടചോ….
ആലിയ അത് പറഞ്ഞതും ഒരു തുണിയെടുത് ഹിമ അവളുടേ ഷൂ വിലെ പൊടി കളഞ്ഞു തുടങ്ങി….
പിന്നീട് പതിയേ അവളിലേക്ക് നീട്ടി….
ഇങ്ങനെയാണോ പൊടി തുടക്കുന്നത്….
പൊടി പകുതിയും പോയിട്ടില്ലല്ലോ….
ആലിയ അതും പറഞ്ഞവളുടെ നേർക്ക് ചാടിയതും അവളക്ഷരാർത്ഥത്തിൽ ഒന്ന് ഭയന്നു പോയിരുന്നു….
തന്റെ വീട്ടിലും കൊയ്യാനും തെങ്ങിന് തടമെടുക്കാനും തേങ്ങ പൊളിക്കാനും അമ്മ എങ്ങോട്ടെങ്കിലും പോകുന്ന ദിവസം അടുക്കള പണിക്കുമൊക്കെയായി പല ജോലിക്കാരും വരാറുണ്ട്….
ഇത് വരെ അവരെ ഒരു ജോലിക്കാരായി താൻ കണ്ടിട്ടേയില്ല…..
മുഖം കറുപ്പിച്ചവരോടൊരു വാക്ക് പോലും പറഞ്ഞിട്ടില്ല…
അവൾക്കുള്ളിൽ നിന്നൊരു ഗദ് ഗദം ഉയർന്നു വന്നു….
പിന്നെയും അവളെന്തൊക്കെയോ പറയുന്നുണ്ട്….
ഹിമായൊന്നും കേൾക്കുന്നില്ലായിരുന്നു…
ചെവിയെല്ലാം കൊട്ടിയടഞ്ഞത് പോൽ….
ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം….
ഇങ്ങനെയൊരു സ്ഥാനത് താൻ വന്നു നിൽക്കുമെന്ന് സ്വപ്നം പോലും കണ്ടതല്ല…
കണ്ണുകൾ നിറഞ്ഞു വരുമോയെന്നവൾ വല്ലാതെ ഭയന്ന് പോയി….
ആലിയാ…..
ഇടി മുഴക്കം പോലുള്ള ആ ശബ്ദം കോണിപ്പടികളിൽ നിന്നായിരുന്നു…..
മുഖമുയർത്താതെ തന്നെ ആ ശബ്ദത്തിന്റെ ഉടമസ്ഥനെ ഹിമക്കറിയാമായിരുന്നു….
ദേഷ്യത്തോടെ ചുവന്ന നിൽക്കുന്ന അവനെ കണ്ടതും ആലിയ ഒരു ഭയത്തോടെ ഇരുന്നിടത് നിന്നും എഴുന്നേറ്റ് പോയിരുന്നു..
(തുടരും)

by