17/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 24

രചന – ആയിഷ അക്ബർ

ഭഗ്യത്തിനോട് അത്രയെങ്കിലും പറഞ്ഞതിൽ അവൾക്ക് വല്ലാത്ത സമാധാനം തോന്നിയിരുന്നു…..

അവർ ചെയ്തത് താൻ റാനി യോട് പറയാതിരിക്കുന്നത് ഒരിക്കലും അവരെ ഭയന്നല്ല….

മറിച്ചു അവനെ ഓർത്ത് തന്നെയാണ്….

അവൾ ചിന്തകളെ ചെയ്ത് കൊണ്ടിരിക്കുന്ന  ജോലിയിലേക്ക് തിരിച്ചു…..

ഈ സമയവും ഭാഗ്യത്തിന് അവളോടുള്ള ദേഷ്യം ആളി കത്തിയിരുന്നു….

വിചാരിച്ചത് പോലെ തന്നെ അവളുടേ അച്ഛന്റെ എല്ലാ സ്വഭാവ ദൂഷ്യങ്ങളും അവൾക്കുണ്ട്…..

ഇത്രയും വലിയൊരു അഹങ്കാരിയെ റാനിയിൽ നിന്നകറ്റിയത് ഏറെ നന്നായെന്ന് അവർക്ക് തോന്നി….

ഇനി ഒരിക്കലും അടുക്കാൻ സമ്മതിക്കുകയുമില്ലെന്ന് അവർ മനസ്സിൽ കുറിച്ചിട്ടിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പതിവിന് വിപരീതമായി അന്ന് റാനിക്ക് വീട്ടിലേക്കെത്താൻ വല്ലാത്തൊരു ധൃതി തോന്നി…

ഇത് വരെ അവളെ കുറിച്ചോർക്കുമ്പോൾ ദേഷ്യമായിരുന്നെങ്കിൽ ഇന്നാ സ്ഥാനത് സഹതാപമാണ്…..

അമ്മ എനിക്ക് വേണ്ടിയാണ് ഒരോന്നു ചെയ്യുന്നതെങ്കിൽ കൂടി അതവളെ എത്രത്തോളം വേദനിപ്പിക്കുമെന്ന് മാത്രമാണ് താൻ ചിന്തിക്കുന്നത്….

മനസ്സ് വല്ലാതെ അസ്വസ്ഥതമാണ്…..

അസ്വസ്തമായ അവന്റെ മുഖം കണ്ടതും ആദിത്യനിലൊരു ഭയം നാമ്പിട്ടിരുന്നു…

നീ…. നീയെങ്ങോട്ടാ..
ഓഫീസിൽ നിന്ന് റാനി യിറങ്ങുമ്പോഴാണ് ആദിത്യനത് ചോദിച്ചത്….

സാധാരണ അവന്റെ മുഖമൊന്നു മാറിയത് കണ്ടാൽ ആ പോക്ക് മിഥിലായിലേക്കാണെന്ന് ഉറപ്പിക്കാം…..
കൂടെ താനും വേണ്ടതാണ്….

വീട്ടിലേക്ക്….

റാനിയത് പറഞ്ഞതും ആദിത്യന്റെ മുഖം വല്ലാതെ വിടർന്നു….

എന്തേയ് നീ പോരണോ….
അവന്റെ മുഖത്തെ ചിരി അറിഞ്ഞെന്ന വണ്ണം റാനി ഒരു കുസൃതിയോടെ ചോദിച്ചു…..

പിന്നെ കാറിലേക്ക് കയറി….

അവന്റെ യാ മാറ്റം ആദിത്യനിൽ തീർത്ത സന്തോഷം ചെറുതായിരുന്നില്ല…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അത്രയും ജോലികൾ ചെയ്ത് ശീലമില്ലാത്തത് കൊണ്ട് തന്നെ ഹിമക്ക് വല്ലാത്ത പ്രയാസം തോന്നിയിരുന്നു….

അത്രയും വലിയ വീട്… അത്രയും ആളുകൾ…
അതിനനുസരിച്ചുള്ള ജോലികളും അവിടെയുണ്ടായിരുന്നു….

ശരീരമാകേ വേദന തോന്നിയിരുന്നു…..

ഉച്ചക്ക് ജോലികളെല്ലാം തീർത്തെങ്കിലും അൽപ നേരം മാത്രമാണ് കിടക്കാൻ സമയം കിട്ടിയത്….

അപ്പോഴേക്കും എല്ലാവർക്കും ചായക്ക് സമയമായിരുന്നു…..

വീണ്ടും അടുക്കളയിൽ…..

നേരം ഇരുട്ടി കഴിഞ്ഞ് മുകളിൽ വിരിച്ചിട്ട തുണികളെടുത് താഴേക്ക് വരാൻ നേരമാണ് അവൾക്ക് തലയൊന്ന് ചുറ്റുന്നത് പോലെ തോന്നിയത്…..

പെട്ടെന്നു കാലൊന്ന് വഴുതി……

വഴുതി വീണെന്ന് തോന്നിയ ആ നിമിഷം താഴെ സോഫയിലിരുന്ന എല്ലാവരും ഓടി വന്നിരുന്നു….

റാനി അകത്തേക്ക് കയറുമ്പോൾ എല്ലാവരും വട്ടം കൂടി നിൽക്കുന്നതാണ് കാണുന്നത്….

അവൻ വേഗം വന്നു നോക്കിയപ്പോൾ വീണിടത്തു കിടക്കുന്ന അവളെയാണ് കാണുന്നത്…

അവനെ കണ്ടതും അവൾക്കൊരു ജാള്യത തോന്നി…..

അവൾ പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു…..

എന്നാൽ കാലിന്റെ വേദന അസ്സഹനീയമായിരുന്നു….

അവൾ പതിയേ ഞൊണ്ടി പോകുന്നത് കാണുന്നുണ്ടെങ്കിലും പ്രതികരിക്കാൻ കഴിയാത്ത വിധം അവൻ നിസ്സഹായ നായിരുന്നു….

അന്നത്തെ രാത്രിയും അവനുറങ്ങാൻ കഴിഞ്ഞിരുന്നില്ല…..

ആ ജനലഴിയിൽ പിടിച്ചങ്ങനെ അവളുടേ മുറിയിലെ വെട്ടം അണയുന്നത് വരെ നിന്നു….

അവളെ ഓർത്ത് ഞെഞ്ചിലൊരു നീറ്റലാണ് എപ്പോഴും…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിറ്റേന്ന് ഓഫീസിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് മുറി തുടച് വൃത്തിയാക്കാനായി വടി തുടപ്പുമെടുത്ത് വരുന്നവളെ കാണുന്നത്….

ഒരു കാല് അപ്പോഴും അവൾ നിലത്തു കുത്താതെ വലിച്ചു നടക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നു….

അവന് ഹൃദയം വല്ലാതെ പിടക്കുന്നത് പോലെ തോന്നി….

അവൾ അവന് നേരെ മിഴികൾ പോലും ചലിപ്പിച്ചില്ല…

ഒരു ജോലിക്കാരിയായി അവനെ നോക്കാനുള്ള കഴിവ് തനിക്കില്ല എന്നതാണ് സത്യം…

അൽപ നേരം അവളെ അങ്ങനെ നോക്കി നിന്ന ശേഷം അവിടെ ആരെങ്കിലും ഉണ്ടോയെന്നവൻ തിരഞ്ഞു…

ഇല്ലാ…. എല്ലാവരും താഴെയാണ്….

കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കലും ചായ കൊടുക്കലുമൊക്കെയായി എല്ലാവരും തിരക്കിലാണ്….

അവൻ അവളുടേ കയ്യിൽ നിന്നും തുടപ്പ് ഒരൊറ്റ വാങ്ങലായിരുന്നു…..

അവൾ പെട്ടെന്ന് ഞെട്ടി പോയിരുന്നു….

ഏയ്….
അവൾ അവന് നേരെ വെപ്രാളത്തോടെ ശബ്ദമുണ്ടാക്കിയതും അവൻ ചൂണ്ടു വിരൽ ചുണ്ടിനു മുകളിൽ വെച്ച് മിണ്ടരുതെന്ന് കാണിച്ചു…..

അവനെന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കി അവളങ്ങനെ നിന്നു….

അവൻ വേഗം അവന്റെ മുറി ആ തുടപ്പ് വെച്ച് തുടച്ചെടുത്തു…..

ഇടയ്ക്കിടെ ആരെങ്കിലും വരുന്നുണ്ടോയെന്നവൻ മിഴികൾ കൊണ്ട് തിരയുന്നുണ്ടായിരുന്നു….

അവൾ നിസ്സംഗമായി അവനെ നോക്കി നിന്നു….

അവൻ അവന്റെ മുറി കഴിഞ്ഞ് ഓരോ മുറിയും വളരേ പെട്ടെന്ന് തുടച്ചെടുത്തു കൊണ്ടിരുന്നു….

അവൾ നിന്നിടത് നിന്നും അനങ്ങിയില്ല……

അവന്റെ മിഴികൾ അവളിലേക്കും താഴെ നിന്ന് ആരെങ്കിലും വരുന്നുണ്ടോയെന്നും ശ്രദ്ധിച്ചു കൊണ്ടേയിരുന്നു…..

വളരേ പെട്ടെന്നു ചെയ്ത് തീർക്കുന്നതിനാലാവണം അവൻ വല്ലാതെ വിയർത്തു പോയിരുന്നു….

ചുവന്ന അവന്റെ മുഖത്ത് വിയർപ്പിൻ തുള്ളികൾ പറ്റി പിടിച്ചു….

അവനിൽ പഴയ ആ റാനി യേ അവൾക്ക് കാണാൻ കഴിഞ്ഞിരുന്നു…..

താഴെ നിന്നും സാബിറ വരുന്നത് കണ്ടാണ് അവൻ തുടപ്പ് വേഗം അവളുടേ കയ്യിലേക്ക് കൊടുത്തത്….

അന്നേരം അവളവനെ ഒന്ന് നോക്കി….

ആ മിഴികളിലെ ഭാവം അവൾക്ക് വായിച്ചെടുക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…….

തന്നോടുള്ള സഹതാപതിലേറെ പ്രണയവും അവയിൽ കലർന്നിട്ടുണ്ടോ….

അവളവനെ ഒന്നു നോക്കി…
ചെന്നിയിലൂടെ വിയർപ്പ് ഒലിച്ചിറങ്ങുന്നുണ്ട്….

കിതക്കുമ്പോൾ അവന്റെ ആഡംസ്‌ ആപ്പിൾ ഉയർന്നു താഴുന്നുണ്ട്…..

അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കി….

വർഷങ്ങൾക്ക് ശേഷമുള്ള അവളുടെയാ നോട്ടത്തിന് വല്ലാത്തൊരു പുതുമ തോന്നിയത് കൊണ്ടാവാം അവനും അങ്ങനെ അൽപ നേരം നിന്നത്….

ഹാഷി…. നിനക്ക് പോകാനായില്ലേ…..

സാബിറ അത് ചോദിച്ചതും ഓർമകളിൽ നിന്നുണർന്നെന്ന പോൽ അവനൊന്നു തലയാട്ടി….

ഹിമ വേഗം കയ്യിലുള്ള തുടപ്പ് കൊണ്ട് നിൽക്കുന്നിടം തുടച്ചു തുടങ്ങി……

അവൻ നേരെ മുറിയിലേക്കും നടന്നു…..
അവളുടേ മനസ്സിൽ മുഴുവൻ അവനെ കുറിച്ചുള്ള ചിന്തയായിരുന്നു….

ഇന്നവനിൽ താൻ കണ്ടത് ആ പഴയ റാനിയെ ആണ്….
അത് കൊണ്ട് തന്നെയായിരിക്കാം മനസ്സ് ആവശ്യമില്ലാതെ അവനിൽ തന്നെ കുരുങ്ങി കിടക്കുന്നത്…..

റാനി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കണ്ണുകൾ പരതിയിത് അവളെ യായിരുന്നു …

അപ്പോഴും അവൾക്കായി കയ്യിൽ മുറുകെ പിടിച്ചതിനെ അവൾക്ക് നൽകണമെന്നത് മാത്രമായിരുന്നു മനസ്സിൽ….

അവൻ അസ്വസ്ഥതയോടെയാണ് ഭക്ഷണം കഴിക്കാനിരുന്നത്…..

ആലിയ അവനെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു..

അവൾ ഇങ്ങോട്ട് വരില്ലെന്നുറപ്പുള്ളത് കൊണ്ട് തന്നെ ഭക്ഷണം കഴിച് കഴിഞ്ഞ് പാത്രമെടുത്തവൻ എഴുന്നേറ്റു……

ഹാഷിക്ക പാത്രമെടുത്തെങ്ങോട്ടാ….

ആലിയ അത് ചോദിച്ചതും അവൻ കേൾക്കാത്തത് പോലെ അടുക്കളയിലേക്ക് നടന്നു…..

അവൾ തിരിഞ്ഞു നിന്ന് പാത്രങ്ങൾ കഴുകിയെടുക്കുന്ന തിരക്കിലാണ്…

ഭാഗ്യത്തിന് അടുക്കളയിൽ മാറ്റാരുമില്ല…

പാത്രങ്ങൾ കഴുകി കൊണ്ടിരുന്ന അവളുടേ പിറകിലായി അവൻ ചെന്ന് നിന്ന് കയ്യിലുള്ള സാധനം പതിയേ അവളുടേ കയ്യിലേക്ക് വെച്ചു കൊടുത്തു…..

അവൾ പെട്ടെന്നൊന്നു ഞെട്ടി പിറകിലേക്ക് തിരിഞ്ഞു….

പെട്ടെന്ന് അവളുടേ കയ്യിൽ വെച്ച് തിരിഞ്ഞു നടക്കണമെന്ന് കണക്ക് കൂട്ടിയിരുന്ന അവൻ അവളുടെയാ നോട്ടത്തിൽ ഒന്ന് പതറി പോയിരുന്നു….

അവനെ അവളോട്ടും പ്രതീക്ഷിക്കുന്നില്ലായിരുന്നു….

അത് കൊണ്ട് തന്നെ ആ മിഴികൾ ഒന്ന് കൂടി വിടർന്നിരുന്നു….

അവന്റെ കയ്യിന്റെ ചൂട് തന്റെ കയ്യിലമരുമ്പോൾ ഒരു വേള ശ്വാസം പോലും അവളെടുക്കാൻ മറന്ന് പോയിരുന്നു…..

അവന്റെ മുഖത്ത് പുഞ്ചിരിയില്ല…എങ്കിലും എവിടെയും ഒരു കണിക പോലും വെറുപ്പും കാണാൻ കഴിയുന്നില്ല….

എങ്ങനെയാണ് അവന്റെ മനസ്സിന് തന്നെ വെറുക്കാൻ സാധിക്കുക….

അവനെത്ര ശ്രമിച്ചാലും തന്നെ ആ മനസ്സിൽ നിന്ന് പറിച്ചെറിയാനും അവന് കഴിയില്ല….

കാരണം തനിക്കവനോടുള്ള പ്രണയം…. അത് മറ്റെന്തിനേക്കാളും പവിത്രമാണ്…..

അതിൽ അൽപം പോലും കളങ്കം കലർന്നിട്ടില്ല….

എന്നാൽ അവന് പിറകെ വന്ന ആലിയ വ്യക്തമായി കണ്ടിരുന്നു അവൾക്ക് തൊട്ട് പിറകിലായി നിൽക്കുന്ന റാനി യേ….

അവൾ തല പിറകിലേക്ക് ചെരിച്ചു അവനെ നോക്കി നിൽപ്പാണ്…..

ആലിയ കണ്ണുകളെ വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ ഒരു നിമിഷം അങ്ങനെ നിശ്ചലമായി….

റാനി പിറകിലേക്ക് തിരിഞ്ഞതും തങ്ങളെ ഇരുവരെയും നോക്കി നിൽക്കുന്ന ആലിയ യെയാണ് കാണുന്നത്….

അവൻ ഭാവ വ്യത്യാസങ്ങളേതുമില്ലാതെ അവൾക്കരികിലൂടെ നടന്നു പോയി…..

ഇത്ര വർഷങ്ങളായിട്ടും ഈ വീട്ടിൽ ഞങ്ങളിത്രയും പെൺകുട്ടികളുണ്ടായിട്ടും ആരോടും ഇത് വരെ കാണിക്കാത്ത അടുപ്പം അവൻ വെറുമൊരു ജോലിക്കാരിയായ ഇവളോട് കാണിക്കണമെന്നുണ്ടെങ്കിൽ അതിൽ മറ്റെന്തോ ഒന്ന് കൂടി കുരുങ്ങി കിടപ്പുണ്ടെന്ന് അവളുപ്പിച്ചിരുന്നു….

അവൾ ഹിമയേ ദേഷ്യത്തോടെ നോക്കി….

ഹിമ യിലൊരു പരിഭ്രമം കലർന്നു….

ഇപ്പൊ അവളോട് സംസാരത്തിന് നിന്നിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ ആലിയ അവിടെ നിന്ന് നടന്നു………

അവൾ പോയതും ഹിമ അവന്റെ കൈ ചൂടിനാൽ പകർന്നു തന്നതെന്തെന്ന് ഒന്ന് നിവർത്തി നോക്കി….

അതേ…. അതൊരു മരുന്നാണ്….
കാലിലെ വേദനക്ക് പുരട്ടാനാവും…

ഒരു ചെറു പുഞ്ചിരി അവളിൽ തെളിഞ്ഞു….

തനിക്ക് കാവലായി അവനെപ്പോഴും ഉണ്ടെന്ന് പറയാതെ പറയും പോൽ….