രചന – ആയിഷ അക്ബർ
അവൻ കണ്ണുകളടച്ചു കിടക്കുമ്പോഴാണ് മുറിയിലെ ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അവന്റെ മിഴികളിൽ ബുദ്ധിമുട്ടുണ്ടാക്കി വെളിച്ചം വീണത്….
അവൻ കണ്ണുകൾ തുടച്ചു എഴുന്നേറ്റു…..
അമ്മയാണ്….. തന്റെ സങ്കടം കണ്ടാൽ ആ മനസ്സ് എത്രമാത്രം വേദനിക്കുമെന്നവന് നന്നായറിയാം….
റാനീ…. വാക്കുകളിലെ നനവ് അവനെ വല്ലാതെ നൊമ്പരപ്പെടുത്തി….
കരഞ്ഞു കലങ്ങിയ അവന്റെ മിഴികൾ പതിച്ചത് അതിലേറെ കലങ്ങിയ അമ്മയുടെ കണ്ണുകളിലേക്കായിരുന്നു…
മോന് വേദനിച്ചോ….
അവന്റെ അരികിലായിരുന്നു കൊണ്ട് കവിളുകളെ തഴുകി ഭാഗ്യം ചോദിക്കുമ്പോൾ അവരുടെ മിഴികൾ വല്ലാതെ പെയ്യുന്നുണ്ടായിരുന്നു….
ഇല്ലമ്മാ…..
അവൻ മുഖത്തേക്ക് നോക്കിയില്ല….
അവന്റെ താടിയിൽ പിടിച് മുഖമുയർത്തുമ്പോൾ ആ കണ്ണുകളിലെ തിരയിളക്കം അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു…..
ഞാൻ…. ഞാനൊരു തെറ്റും…….
അവൻ പറഞ്ഞു മുഴുവനാക്കും മുന്പേ അവന്റെ ചുണ്ടുകൾക്ക് മേൽ ഭാഗ്യം കൈകൾ വെച്ചു….
നീയങ്ങനൊരു തെറ്റ് ചെയ്യില്ലെന്ന് നീ പറഞ്ഞിട്ട് വേണ്ട എനിക്കറിയാൻ….
നിന്റെ ശരീരത്തിൽ ഓടുന്നത് എന്റെ ഇമ്രാന്റെ രക്തമാണ്….
ഭാഗ്യത്തിന്റെ കണ്ണുകളിൽ തിളക്കവും വാക്കുകളിൽ വിശ്വാസവും കത്തി നിന്നു…
അവൻ അമ്മയെ കെട്ടിപ്പിടിച്ചു…. അവന്റെ മനസ്സിലെ പകുതി ഭാരം അവരുടെ വാക്കുകൾ അലിയിച്ചു കളഞ്ഞിരുന്നു….
നമുക്ക് ഇവിടെ നിന്ന് മാറണം…. എത്രയും പെട്ടെന്ന്…..
വാക്കുകളിൽ ഒട്ടും തളർച്ചയില്ലാത്തത് പോലെ തോന്നിയവന്….
വേണ്ട അമ്മാ….
അമ്മയുടെ മനസ്സിനെ വേദനിപ്പിക്കാൻ അവനൊരുക്കമായിരുന്നില്ല ….
എന്റെ കാര്യം നീ ആലോചിക്കേണ്ട….നിന്നെ വേദനിപ്പിക്കുന്ന ഒന്നും ഈ അമ്മക്ക് വേണ്ട റാനീ….
അവനെ ചേർത്ത് പിടിച് നെറുകിയിലൊരു ചുംബനം കൂടി നൽകുമ്പോൾ അവന്റെ നെറ്റിത്തടമാകെ കണ്ണുനീരിൽ കുതിരുന്നത് അവനറിഞ്ഞിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഞങ്ങൾ ഇറങ്ങാ അമ്മേ….
മുത്തശ്ശിയോടായി ഭാഗ്യമത് പറയുമ്പോൾ മുത്തശ്ശിയവരെയൊന്നു നോക്കി…..
ദൂരേക്കൊന്നും ഇനി നിന്നെ ഞാൻ വിടില്ല… വർഷങ്ങൾക്ക് ശേഷം എനിക്ക് തിരിച്ചു കിട്ടിയതാ നിന്നെ…. ഇനി നീയെന്നും ഇവിടെ തന്നെയുണ്ടാവണം….
ഭാഗ്യം മറുപടിയൊന്നും പറഞ്ഞില്ല…..
ഇവിടെ നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട….
നമ്മുടെ പറമ്പിൽ പണിയെടുക്കാൻ വന്നിരുന്ന വേലായുധനു വേണ്ടി നമ്മുടെ പാടത്തിന്റെ അറ്റത് പണിത ഒരു കൊച്ചു വീടുണ്ട്….
ഇപ്പൊ അവരെല്ലാം അവിടെ നിന്ന് പോയത് കൊണ്ട് അതൊഴിഞ്ഞു കിടക്കുകയാ….
ഇത് അതിന്റെ താകോലാണ്… നീയവിടേക്ക് മാറിക്കോളു…
സൗകര്യങ്ങളൊക്കെ കുറവാണ്….
എങ്കിലും നിന്നെയും മോനെയും തല്ലാനും കൊല്ലാനും ആരും വരില്ലങ്ങോട്ട്……
അർത്ഥം വെച്ചത് പറയുമ്പോൾ വാക്കുകളിലെ ദേഷ്യം കേട്ട് നിന്നിരുന്ന രേവതിക്കും ഹിമക്കും മനസ്സിലാവുന്നുണ്ടായിരുന്നു…..
റാനിയാർക്കും മുഖം കൊടുക്കാതെ അവിടെ നിന്നിറങ്ങുമ്പോഴും അവനെ അല്പം ഭയത്തോടെ നോക്കി നിൽക്കുന്ന മേഘ അവന്റെ മിഴികളിൽ തങ്ങി നിന്നു….
വല്ലാത്തൊരു നൊമ്പരം അവനെ വന്നു മൂടുന്നത് അവനറിഞ്ഞിരുന്നു…..
മുത്തശ്ശിയോടല്ലാതെ മാറ്റാരോടും യാത്ര ചോദിക്കാതെ അവരവിടെ നിന്നും ഇറങ്ങുന്നത് തിളങ്ങുന്ന കണ്ണുകളോടെ ഹിമ നോക്കി നിന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒരു കൊച്ചു കൂരയുടെ വാതിലായിരുന്നു അവർക്ക് മുമ്പിൽ തുറന്നത്…..
ചെറിയ വീടാണെങ്കിലും ഉൾവശം മുഴുവൻ ഒരു തണുപ്പ് നിറഞ്ഞതായി തോന്നിയിരുന്നവന്….
വീടിനെ ചുറ്റി നിൽക്കുന്ന നെൽകതിരുകൾ വിളയുന്ന വയലുകൾ അവന്റെ കണ്ണുകൾക്ക് കുളിർമയായിരുന്നു…..
അവയിൽ നിന്നും വീശുന്ന തണുത്ത കാറ്റ് അവന്റെ മനസ്സിലെ ദുഃഖങ്ങളെ തത്കാലികമായെങ്കിലും നീക്കാൻ കഴിവുള്ളതായിരുന്നു….
കാതിൽ കിടന്നിരുന്ന കുഞ്ഞു കമ്മൽ ഊരി റാനിയുടെ കൈയിലേക്ക് വെച്ചു കൊടുക്കാൻ ഭാഗ്യ ലക്ഷ്മിക്ക് മറ്റൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല……
സർവ സൗഭാഗ്യങ്ങളോട് കൂടി വളർന്ന അമ്മയെ അതിലേറെ നന്നായി നോക്കിയ ഉപ്പയായിരുന്നു അവന്റെ മനസ്സ് നിറയെ….
അടുത്ത ഊഴം തനിക്കാണെന്നറിയാമെങ്കിലും അവന്റെ കൈകൾ ശൂന്യമായിരുന്നു…..
അടുത്തുള്ള ജ്വല്ലറിയിൽ കൊണ്ട് പോയി വിറ്റു കിട്ടിയ പണത്തിനു അവൻ അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങിയിരുന്നു…..
അതിനിടയിൽ ഒരു ജോലിയും അവൻ തിരയുന്നുണ്ടായിരുന്നു….
അവന്റെ വിദ്യാഭ്യാസത്തിനും യോഗ്യതക്കും പറ്റിയൊരു ജോലി ഇവിടെ നിന്ന് കിട്ടുകയെന്നത് വളരേ പ്രയാസമുള്ള കാര്യമാണെന്ന് ഇതിനോടകം അവൻ മനസ്സിലാക്കിയിരുന്നു….
അവന്റെ മനസ്സ് എന്ത് ജോലി ചെയ്യാനും പാകപ്പെട്ടിരുന്നു….എന്നാൽ പുതുതായി നാട്ടിലേക്കെത്തിയ അവന് ഒരു ജോലി കണ്ടു പിടിക്കാൻ വളരേ പ്രയാസമായിരുന്നു….
കയ്യിലുള്ള പണം മിച്ചം പിടിച്ചും പാതി പട്ടിണി കിടന്നു അവർ ദിവസങ്ങൾ നീക്കി……
മുത്തശ്ശി തന്നിരുന്ന പണം വാങ്ങാൻ അമ്മക്ക് അഭിമാന ക്ഷതമുണ്ടായിരുന്നെങ്കിലും തന്നെ ആലോചിച്ചാണ് അത് വാങ്ങുന്നതെന്ന് അവനറിയാമായിരുന്നത് കൊണ്ട് തന്നെയാണ് അവൻ അത് സ്നേഹത്തോടെ നിരസിച്ചത്…….
അന്നാട്ടിലെ ഭൂരിഭാഗം പേരും ചെയ്തിരുന്നത് കൃഷിയായിരുന്നു…. എന്നാൽ നഗരത്തിൽ വളർന്ന അവന് കൃഷിയെ കുറിച് ഒന്നുമറിയാത്തത് കൊണ്ട് തന്നെ എന്ത് ചെയ്യണമെന്നറിയാതെ അവൻ അസ്വസ്തനായിരുന്നു…..
മനസ്സിൽ വല്ലാതെ ഭാരം തോന്നുമ്പോൾ വയൽ വരമ്പ് കഴിഞ്ഞു കാണുന്ന വായനാശാലയിൽ അൽപ നേരം പോയിരിക്കും….
അവിടെ പുസ്തകങ്ങളോട് കൂട്ടിരിക്കുമ്പോൾ മനസ്സിനെന്നും ആശ്വാസമായിരുന്നു….
വായനാശാലയുടെ എതിർ വശത്താണ് ബസ് സ്റ്റാൻഡ് എന്നുള്ളത് കൊണ്ട് തന്നെ ഹിമയെ അവൻ കാണുന്നത് പതിവായിരുന്നു….
എന്നാൽ അവൾക്ക് മുഖം കൊടുക്കാതെ അവൻ നടന്നകലുമ്പോഴും ആ വെള്ളാരം കണ്ണുകൾ അവനിൽ പതിയുന്നത് അവനറിയുന്നുണ്ടായിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അമ്പലത്തിലേക്കുള്ള പടവുകളിൽ വെച്ചാണ് ഭാഗ്യ ലക്ഷ്മി ഹിമയെ കാണുന്നത്……
ഭാഗ്യത്തിന്റെ മുഖത്ത് അല്പം ഗൗരവം കണ്ടിരുന്നെങ്കിലും ഹിമ അത്രമേൽ ദയനീയതയോടെയാണ് ഭാഗ്യത്തെ നോക്കിയത്….
എന്നാൽ തന്നെ കണ്ട ഭാവം പോലും നടിക്കാതെയുള്ള അവരുടെ പോക്കിൽ ഹിമ അവരെ പിറകിൽ നിന്നും വിളിച്ചു…..
അപ്പച്ചീ…..
ആദ്യമായി അവളുടെ വായിൽ നിന്നും വന്ന അപ്പച്ചിയെന്ന വാക്ക് ഭാഗ്യത്തിന്റെ കാലുകളെ നിശ്ചലമാക്കിയിരുന്നു….
അവർ അവൾക്ക് നേരെ തിരിഞ്ഞു….
അന്ന്….. സത്യത്തിൽ…
അവൾ പറഞ്ഞു തുടങ്ങും മുന്പേ തന്റെ കൈ ഭാഗ്യം അവൾക്ക് നേരെ ഉയർത്തി…
എന്റെ മോനെ എനിക്കറിയാം…. അവനെ വളർത്തിയത് ഞാനാണ്…
അവനങ്ങനൊരു തെറ്റ് ചെയ്യില്ലെന്ന് മാറ്റാരെക്കാൾ കൂടുതൽ എനിക്കറിയാം….
പറയുന്നതോടൊപ്പം ഭാഗ്യലക്ഷ്മി പടികൾ കയറിപ്പോയിരുന്നു…..
ഹിമയുടെ മനസ് വല്ലാതെ വേദനിച്ചിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വാതിലിൽ ആരോ മുട്ടുന്നത് കേട്ടിട്ടും പായയിൽ തന്നെ അവൻ മലർന്നു കിടന്നു….
റാനീ….. ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കു…..
വാതിൽ തുറന്ന ഭാഗ്യ ലക്ഷ്മി അവനെ നീട്ടി വിളിച്ചു…..
അവൻ എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നു….
അവനറിയാതെ തന്നെ അവന്റെ മുഖം വിടർന്നിരുന്നു……
മേഘാ…..
അവളോടി വന്നവന്റെ കാലുകളിൽ കൂട്ടിപ്പിടിച്ചു….
അവനും അവളെ ചേർത്ത് പിടിച്ചു….
അപ്പോഴും രണ്ടു പേരുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു….
ഒരു നനുത്ത പുഞ്ചിരിയോടെ ഇതെല്ലാം കണ്ടു കൊണ്ട് ഭാഗ്യം നിൽക്കുന്നുണ്ടായിരുന്നു….
അയ്യേ…. എന്തിനാ എന്റെ മഞ്ചാടി കരയുന്നത്….
അവൻ അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി….
അവൾ കണ്ണുനീരിനിടയിലും പുഞ്ചിരിക്കാൻ ശ്രമിച്ചു…
മോളിരിക്ക്…അപ്പച്ചി ചായയെടുക്കാം….
എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യം അടുക്കളയിലേക്ക് തിരിഞ്ഞു….
അച്ഛൻ പറഞ്ഞു ഏട്ടനാള് ശെരിയല്ല…. ചീത്തയാണ്….ഇനി മിണ്ടാൻ കൂടി പോകരുതെന്ന്….
അവൾ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്…..
പിന്നെന്തിനാ എന്നെ കാണാൻ നീ വന്നത്…..
അവൻ ഒരു കുസൃതി ചിരിയോടെ ചോദിക്കുമ്പോഴും ഹൃദയം നീറുന്നുണ്ടായിരുന്നു…..
ചേച്ചി പറഞ്ഞല്ലോ…. ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല… പാവമാണെന്നു……
ഹൃദയത്തിൽ പ്രത്യേകിച്ചൊരു വികാരവും അവന് തോന്നിയില്ല….
അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു….
അമ്പലത്തിലേക്കെന്ന് പറഞ്ഞാണ് ഞങ്ങൾ പോന്നത്…. അച്ഛൻ എത്തും മുന്പേ വീട്ടിലെത്തണം…. ഞാനിറങ്ങുവാ ഏട്ടാ….
അവൾ എഴുന്നേറ്റ് കൊണ്ടത് പറയുമ്പോൾ അവളുടെ പിറകെ അവനും മുറ്റത്തേക്കിറങ്ങി….
നീ ഒറ്റക്ക് പോവുമോ മേഘാ……
റാനി ആശങ്കയോടെ അത് ചോദിക്കുമ്പോൾ അവൾ കുറച്ചു ദൂരേക്ക് വിരൽ ചൂണ്ടി…..
സൂര്യ പ്രാകാശത്തിൽ തിളങ്ങുന്ന വെള്ളാരം കണ്ണുകളെ അവനവിടെ കാണുന്നുണ്ടായിരുന്നു….
അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി….
ഏട്ടന് ജോലിയൊന്നും ശെരിയായിട്ടില്ലല്ലേ….
മേഘ പോകുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നിന്നാണത് പറഞ്ഞത്….
അതൊക്കെ ശെരിയാവുമെടോ…. അവനൊന്നു പുഞ്ചിരിച്ചു…
അമ്പലപ്പറമ്പിനോട് ചേർന്നുള്ള പറമ്പിൽ നിന്നും ഏഴ് മണിക്കെടുക്കുന്ന ഒരു ബസ്സുണ്ട്… മുത്തപ്പൻ….
ചേച്ചിയുടെ കൂട്ടുകാരിയുടെ അച്ഛന്റെ ബസ്സാണത്….അതിലൊരു കണ്ടക്ടറുടെ ജോലിയുണ്ട്….
ചേച്ചി അവരോട് പറഞ്ഞു ശെരിയാകിയിട്ടുണ്ട്….
താല്പര്യമുണ്ടെങ്കിൽ നാളെ രാവിലെയങ് ചെന്നാൽ മതി…..
പറഞ്ഞു കൊണ്ടവളാ വയൽ വരമ്പിലൂടെ ഓടി….
ദൂരെ ഹിമയുടെ അടുത്തെത്തി അവർ രണ്ടു പേരും നടന്നു പോകുമ്പോൾ തിരിഞ്ഞു നിന്നവനെ നോക്കുന്ന ആ വെള്ളാരം കണ്ണുകൾ അവന് കാണുന്നുണ്ടായിരുന്നു………
(തുടരും )

by