18/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 18

രചന – ആയിഷ അക്ബർ

മോനെ….. റാനി…..
ചിന്തകളിലേക്ക് ആഴ്ന്നിറങ്ങിയ അവനെ അവർ വിളിച്ചു….

അവൻ ഒരു പിടച്ചിലോടെ അവരെ നോക്കി….

ശെരിയാണ്…. അവളെ താൻ സ്നേഹിച്ചിരുന്നു….
എന്നാൽ അതിലേറെ വെറുത്ത് പോയിരുന്നു…

എന്നാൽ ഇന്നവളെ എനിക്ക് തരാൻ ആഗ്രഹിക്കുമ്പോൾ മനസ്സ് അവളിലേക്ക് ചായുന്നത് എന്ത് കൊണ്ടാണെന്ന് തനിക്കിപ്പോഴും അറിയില്ല….

താനറിയാതെ ഇപ്പോഴും ആ ഇഷ്ടം ഉള്ളിൽ ഊറി കിടക്കുന്നുണ്ടോ…..

മുത്തശ്ശി….. അത്….

അപ്പോഴേക്കും ഗ്ലാസ്‌ കൊണ്ട് വെച്ച് ഭാഗ്യമങ്ങോട്ട് കടന്ന് വന്നിരുന്നു…..

നീ വല്ലാതേ മെലിഞ്ഞല്ലോ ഭാഗ്യം……

മുത്തശ്ശി വേഗം ആ വിഷയത്തിൽ നിന്നും തെന്നി നീങ്ങിയത് റാനി യിലൊരു ആശ്വാസം നിറച്ചു……

മുത്തശ്ശിയും അമ്മയും എന്തൊക്കെയോ സംസാരത്തിലാണ്…..

അതൊന്നും താൻ കേൾക്കുന്നേയില്ല….

ചിന്തകൾ കടിഞ്ഞാണില്ലാത്തങ്ങനെ കുതിച്ചു പായുകയാണ്…

റാനി എന്നെയൊന്നു പിടിചേ നീ…..

ചിന്തകൾ തന്റെ കൈ പിടിയിലൊതുങ്ങിയത് മുത്തശ്ശി തന്നെ വിളിച്ചത് പറഞ്ഞപ്പോഴായിരുന്നു….

അമ്മയിപ്പോ എങ്ങോട്ടാ എഴുന്നേൽക്കുന്നത്….

ഭാഗ്യം പതിയേ ചോദിച്ചു….

ഉമ്മറത്തൊന്നു പോയി അല്പം കാറ്റ്‌ കൊള്ളാനാഡി….

അത് പറഞ്ഞതും ഒരു വശത്തു ഭാഗ്യം കൂടി പിടിച്ചു ഉമ്മറത്തേകിരുത്തി….

താനത് പറഞ്ഞത് മുതൽ റാനിയുടെ ചിന്തകൾ ഇവിടെ അല്ലെന്നുള്ളത് മുത്തശ്ശി ശ്രദ്ധിച്ചിരുന്നു….

നിങ്ങള് പോയി ഒന്ന് മേല് കഴുകി ക്ഷീണം മാറ്റു…
ഇനിയിപ്പോ കുറച് ദിവസം ഇവിടെ ഉണ്ടാവൂല്ലോ….

മുത്തശ്ശിയത് പറഞ്ഞതും ഭാഗ്യം വേഗം തലയുയർത്തി അവരെ നോക്കി….

അയ്യോ അമ്മേ…. ഞങ്ങൾ നാളെ രാവിലെ തിരിക്കും…

ഇവനവിടെ ഇല്ലെങ്കിൽ കാര്യങ്ങളൊന്നും നടക്കില്ല….

അവർ മൂന്ന് പേരും തിണ്ണയിലിരുന്നു സംസാരിക്കുമ്പോൾ വാതിലിനോരം ചാരി രേവതിയും നിന്നിരുന്നു…..

രേവതി….. ഹിമയെവിടെ…

മുത്തശ്ശിയത് ചോദിച്ചതും വീണ്ടും നെഞ്ചിലൊരു പിടപ്പവനറിഞ്ഞു….

ഞാനിവിടുണ്ട് മുത്തശ്ശി….

സ്നേഹത്തോടെയുള്ള അവളുടേ വാക്കുകൾ രേവതിക്ക് അടുത്ത് നിന്നും കേട്ടു….

പക്ഷെ റാനി മുഖമുയർത്തിയില്ല…..

മുത്തശ്ശിയുടെ നോട്ടം അവനിലേക്കൊന്ന് പാറി വീണു…..

അപ്പോഴാണ് മുറ്റം കടന്നോരാൾ അങ്ങോട്ട് വരുന്നത്…..

മുടി ഇരുവശത്തേക്കുമായി പിഞ്ഞി യിട്ടിട്ടുണ്ട്…..

ഉമ്മറത്തുള്ളവർ ആരാണെന്നൊരു പാളി നോട്ടത്തോടെ അവൾ അകത്തേക്ക് കയറിയതും റാനി യൊന്നു പിറകിലേക്ക് തിരിഞ്ഞു….

അവനെ കണ്ടതും അവളുടേ മുഖം വല്ലാതെ പ്രകാശിച്ചു…..

കുഞ്ഞി കണ്ണുകൾ ഒന്ന് വിടർന്നു…..

ഏട്ടാ…… ഒരൊറ്റ വിളിയോടെ അവളോടി ചെന്നവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചിരുന്നു…..

റാനിയുടെ സന്തോഷത്തിനും അതിരില്ലായിരുന്നു….

അവനും അവളെ കെട്ടിപ്പിടിച്ചു…..

ചുറ്റുമുള്ളവരെല്ലാം ഒരു ചിരിയോടെ അവരെ നോക്കിയിരുന്നു…..

അപ്പച്ചി എപ്പോ വന്നു….

റാനിയിൽ നിന്നകന്നവൾ ഭാഗ്യത്തിനടുത്തേക്ക് തിരിഞ്ഞു…..

കുറച് നേരമായി മോളേ…
എന്റെ മേഘ കുഞ് വലുതായല്ലോ…..

ഭാഗ്യം സ്നേഹത്തോടെ അവളുടേ നെറുകെയിൽ തലോടി…..

റാനി അപ്പോഴും ഒരു ചെറു ചിരിയാൽ അവളെ നോക്കി യിരിക്കുകയായിരുന്നു…..

ഇന്നെന്താ നീ നേരത്തെ….

ഇന്ന് സ്റ്റാഫ്‌ മീറ്റിംഗ് ആണ് മുത്തശ്ശി…..
അമ്മാ…. വിശക്കുന്നു….

മുത്തശ്ശിയെ നോക്കാതെ അത് പറഞ് നേരെ അടുക്കളയിലേക്കായിരുന്നു അവൾ പോയത്….

അവൾ പോയ വഴിയേ ചെറു ചിരിയോടെ ഒന്ന് നോക്കിയതും അവന്റെ കണ്ണുകൾ വാതിലിനോട് ചാരി നിൽക്കുന്ന അവളിലൊന്ന് തങ്ങി……

പെട്ടെന്ന് തന്നെ അവൻ പിടക്കുന്ന അവന്റെ മിഴികളെ പിൻ വലിച്ചു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്ന് വൈകുന്നേരം അവനൊന്നു പുറത്തേക്ക് നടക്കാനിറങ്ങിയതും മേഘയും കൂടെ കൂടി…..

പണ്ട് നടന്നിരുന്ന വഴികൾ…

അവളെ കാത്തു നിന്ന വായനശാല…. അവിടെ നിന്നുള്ള വളവിലൂടെ അവളോടൊപ്പം സംസാരിച്ചു നടന്നത്……

മുത്തപ്പൻ ബസ്സും….. അതിലും കനം തൂങ്ങിയത് അവൾക്കൊപ്പം ചെയ്ത യാത്ര കൾക്കായിരുന്നു…..

തലക്ക് വല്ലാത്തൊരു ഭാരം തോന്നിയവന്….

മനസ്സത്ര മേൽ സന്തോഷിച്ച നിമിഷങ്ങളൊക്കെയും നോവോടെയല്ലാതെ ഇന്നോർക്കാൻ കഴിയുന്നില്ല…..

ആ പാട വരമ്പിലൂടെ അവനാ പഴയ വീട് കാണാനൊന്ന് നടന്നു….

ആ സ്ഥലം നമ്മള് വിറ്റു ഏട്ടാ ….

അവിടെ കണ്ട മറ്റൊരു കെട്ടിടം തന്റെ മുഖത് നിരാശ നൽകിയത് കൊണ്ടാവാം അവൾ തന്നോടത് പറഞ്ഞത് …..

അവർ വീട്ടിലേക്ക് തിരിച്ചു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നേരം ഏറെ ഇരുട്ടിയാണ് ജയദേവൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നത്…..

ഭാഗ്യം ഉമ്മറത്തു തന്നെ ഇരുന്നിരുന്നെങ്കിലും അയാളെ കണ്ട ഭാവം നടിച്ചില്ലെന്ന് മാത്രമല്ല അവരുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു…..

തിരിച്ചു ജയ ദേവനും അവരെ കണ്ട ഭാവം നടിച്ചില്ല….

ദേഷ്യത്തോടെ അയാൾ മുഖം തിരിച്ചു അകത്തേക്ക് കയറിപ്പോയി…

മുത്തശ്ശിയുടെ മുഖത്തെ വേദന റാനിക്കറിയുന്നുണ്ടായിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

റാനി….. ഒന്നിങ്ങു വരൂ…..

മുത്തശ്ശി വിളിച്ചതും റാനി മുറിയിലേക്ക് ചെന്നു……

ഹിമാ….. നീയും ഒന്നിങ്‌ വരൂ…..

അവരെ രണ്ട് പേരെയും ഒരുമിച്ച് അമ്മ വിളിച്ചത് കേട്ടതും ഭാഗ്യം വേഗം അങ്ങോട്ട് ചെന്നു…….

റാനി മുത്തശ്ശിയുടെ കട്ടിലിനോരത്തായി ഇരിക്കുന്നുണ്ടെങ്കിലും ഹിമ വാതിലിൽ ചാരി നിൽപ്പാണ്……

ഭാഗ്യം അല്പം പരിഭ്രമത്തോടെയാണ് ഇരുവരെയും നോക്കിയത്….

ഭാഗ്യം…..നീയെനിക്കുള്ള കഞ്ഞി വിളമ്പി വരൂ..
നീ ഉണ്ടാക്കാറുള്ള ആ തേങ്ങാ ചമ്മന്തിയും കഴിക്കാനൊരു കൊതിയെനിക്കുണ്ട്…..

മുത്തശ്ശി ആ പറഞ്ഞത് ഭാഗ്യത്തെ അവിടെ നിന്ന് മാറ്റി നിർത്താനുള്ള സൂത്രമായിരുന്നെങ്കിൽ കൂടി ഭാഗ്യത്തിന്റെ നെഞ്ചിൽ വല്ലാത്തൊരു ആശങ്ക കൂട് കൂട്ടിയിരുന്നു…

അവർ ഒന്ന് കൂടി ഇരുവരെയും നോക്കി അടുക്കളയിലേക്ക് നടന്നു….

ഹിമാ….നീയാ വാതിലടച്ചിങ് അകത്തേക്ക് കയറിക്കെ…

മുത്തശ്ശിയത് പറഞ്ഞതും ഹിമ എന്തിനെന്ന ഭാവത്തിൽ അവരെ നോക്കി….

മ്മ്…. ചെല്ല്…..

മുത്തശ്ശി വീണ്ടും പറഞ്ഞപ്പോൾ അവൾ വാതിലടച്ചു….

എന്താണ് കാര്യമെന്ന് അറിയുന്നത് കൊണ്ട് തന്നെ റാനി മുഖം താഴ്ത്തി യങ്ങനെ ഇരുന്നു……

മുത്തശ്ശി പറയുന്നത് രണ്ട് പേരും ശ്രദ്ധിച്ചു കേൾക്കണം…..

മുത്തശി പറയാൻ പോകുന്നത് എന്റെ സ്വാർത്ഥതയായി നിങ്ങൾക്ക് തോന്നുമായിരിക്കാം…..

എന്നാൽ മക്കൾ തമ്മിൽ ശത്രുക്കളെ പോലെ ജീവിക്കുന്നത് കണ്ട് മരിച്ചു പോകാൻ കഴിയാത്തത് കൊണ്ടാണ് മുത്തശ്ശി ഈ പറയുന്നത്…..

നിന്റെ അച്ഛന്റെയും നിന്റെ അമ്മയുടെയും വഴക്ക് മാറാൻ ഈ മുത്തശ്ശിക്ക് വേണ്ടി നിങ്ങൾക്കൊരുമിച്ചു കൂടെ…..

മുത്തശ്ശിയത് പറഞ്ഞതും ഹിമ ഒരു ഞെട്ടലോടെ മുത്തശ്ശിയെ നോക്കി…..

റാനി നിർവികാരമായങ്ങനെ ഇരുന്നു….

നിങ്ങൾ തമ്മിൽ വിവാഹം കഴിച്ചാൽ അവർക്കിടയിലെ ബന്ധവും നില നിൽക്കും….

മുത്തശ്ശിക്ക് സ്വസ്ഥമായി ജീവിക്കാൻ വേണ്ടിയല്ല….
സ്വസ്ഥമായി മരിക്കാൻ വേണ്ടിയാണ് മക്കളെ…

അതും പറഞ്  മുത്തശ്ശി മിഴികളോപ്പുമ്പോൾ ഹിമ കണ്ണുകൾ ഒന്നനക്കുക പോലും ചെയ്യാതേ അങ്ങനെ ഇരുന്നു….

അതിനാദ്യം എനിക്കറിയേണ്ടത് നിങ്ങളുടെ സമ്മതമാണ്…..

അവർ പ്രതീക്ഷയോടെ രണ്ട് പേരെയും നോക്കി……

റാനിയും വല്ലാത്തൊരു അവസ്ഥയിലായിരുന്നു….

വർഷങ്ങൾക്ക് മുന്പാണ് ഇത് പറഞ്ഞിരുന്നതെങ്കിൽ ഈ ലോകത്ത് തന്നേക്കാൾ സന്തോഷവാൻ മറ്റൊരാളുണ്ടാവില്ലായിരുന്നു….

എന്നാൽ ഇന്നങ്ങനെയല്ല…
തനിക്കവളോട് വെറുപ്പാണ്….

മറ്റാരെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചാലും അവളാകരുതെന്ന് മാത്രമേ മനസ്സ് പറയുന്നുള്ളു….

കാരണം…. അവൾ തന്റെ പ്രണയത്തിനു വിലയിട്ടവളാണ്…..

കോടീശ്വരനായ റാനിയെ വിവാഹം കഴിക്കാൻ ഇന്ന് ഏതായാലും അവൾക്ക് സമ്മതമായിരിക്കും…..

എനിക്ക്…. എനിക്ക് പറ്റില്ല മുത്തശ്ശി…..

അതും പറഞ്ഞൊരു പൊട്ടി കരച്ചിലാണ് അവന്റെ ചിന്തകളെ തടസ്സപ്പെടുത്തിയത് ……

അവനങ്ങനൊരു പ്രതികരണം അവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല….

അവനൊരു ഞെട്ടലോടെ അവളെ നോക്കി…..

എനിക്ക്…. എനിക്ക് സമ്മതമല്ല മുത്തശ്ശി…. എന്നേ നിർബന്ധിക്കരുത്…

അവൾ അവർക്ക് നേരെ കൈ കൂപ്പി……

മുത്തശ്ശി എന്റെ മോളേ വേദനിപ്പിക്കാൻ പറഞ്ഞതല്ല…ഒന്നിനും നിർബന്ധിക്കുകയുമല്ല…

പക്ഷെ നിന്റച്ഛന്റെ മനസ്സലിയിക്കാൻ നിന്റെ വിവാഹം കൊണ്ടേ കഴിയു എന്നത് കൊണ്ട് മാത്രം പറഞ്ഞതാണ്…..

മുത്തശ്ശി വിതുമ്പുന്ന ചുണ്ടുകൾ കൂട്ടി പിടിച്ചു….

കരച്ചിലിന്റെ സ്വരം കൂടിയത് കൊണ്ടാവാം അവരുടെ ശ്വാസം വല്ലാതെ ഉയർന്നു….
കണ്ണുകൾ തുറിച്ചു വരും പോലെ….

റാനി പരിഭ്രമത്തോടെ വെള്ളമെടുത് അല്പം വായിലേ ക്കൊഴിച്ചു കൊടുത്തു….

ഹിമ അലമാരയിൽ നിന്നും ഇൻഹേലർ തിരയുന്ന തിരക്കിലായിരുന്നു….

വേഗം അവളതെടുത്തു മുത്തശ്ശിയുടെ വായിലേക്ക് സ്പ്രെ ചെയ്തു….

മൂന്ന് പഫ് ചെയ്തപ്പോൾ തന്നെ അവരുടെ ശ്വാസോച്വാസം പൂർവ സ്തിതിയിലായി…..

റാനിയുടെ മുഖത്തപ്പോഴേക്കും വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുന്നു….

എനിക്ക്…. എനിക്ക് വിവാഹത്തിന് സമ്മതമാണ് മുത്തശ്ശി…….

പെട്ടെന്ന് റാനിയത് പറഞ്ഞതും മുത്തശ്ശി അവനെ മുഖമുയർത്തി നോക്കി…..

ഹിമ ഒരു തരം ഞെട്ടലിലാണ് അവനെ നോക്കിയത്……

ലൈലയോട് പറഞ്ഞ വാക്കുകളും അവിടെ നടന്ന സംഭവങ്ങളുമ്മെല്ലാം അവളുടേ ഉള്ളിലൂടങ്ങനെ പാഞ്ഞു പോയി….

അവൻ ഒരിക്കലും സമ്മതിക്കുമെന്ന് താൻ കരുതിയതല്ല……

മുത്തശ്ശിക്ക് വേണ്ടി മാത്രമായിരിക്കും….

എങ്കിലും ഭാവിയെ കുറിച്ചുള്ള അവന്റെ ചിന്തകൾ എന്തൊക്കെയായിരിക്കും…

ഓരോ ചിന്തകൾ അവളെ വീർപ്പു മുട്ടിക്കുമ്പോഴാണ് മുത്തശ്ശി ദയനീയമായി തന്നെ നോക്കുന്നത് അവളറിഞ്ഞത്….

അതേ…. ഇനി ഊഴം തന്റെതാണ്……
തന്റെ അനുവാദം കൂടി കിട്ടിയാലേ മുത്തശ്ശിക്ക് ആശ്വസിക്കാനാവൂ എന്നവൾക്ക് നന്നായറിയാം….

മുത്തശ്ശി……
അവൾ ദയനീയമായി വിളിച്ചു……

റാനി….അവൻ നല്ലവനാണെന്ന് നിനക്കും അറിയാമല്ലോ മോളേ….
അവൻ നിന്നെ രാജ കുമാരിയെ പോലെ വാഴിക്കും…..

മുത്തശ്ശി അവളുടേ താടി തുമ്പ് പിടിച്ചുയർത്തി അത് പറയുമ്പോൾ അവൾ നിറഞ്ഞ മിഴികളോടെ അവരെ നോക്കി…..റാനിയെ നോക്കാനുള്ള ശക്തി അവൾക്കുണ്ടായിരുന്നില്ലപ്പോൾ……

എനിക്കും…… എനിക്കും സമ്മതം…..

അവളത് പറഞ്ഞതും അവന്റെ മനസ്സിൽ എന്താണെന്ന് അവന് പോലും അറിയുന്നില്ലായിരുന്നു…..

അല്ലെങ്കിലും ഇപ്പോൾ അങ്ങനെയാണ്….

അവളോട് തനിക്ക് ദേഷ്യമാണോ വെറുപ്പാണോ അതോ ഇനി ഇഷ്ടമാണോ എന്നു പോലും അറിയില്ല….

പക്ഷെ ആ രാത്രി ഓർമയിലേക്കെത്തുമ്പോൾ മാത്രം നെഞ്ചിലൊരു പിടച്ചിലാണ്……

അപ്പോൾ തനിക്ക് വ്യക്തമായറിയാം താനവളെ മറ്റെന്തിനെക്കളേറെ വെറുക്കുന്നു എന്നത്…..

അവന്റെ മുഖമാകെ മാറി….

എങ്കിലും ഹിമയും കൂടി അത് പറഞ്ഞതോടെ മുത്തശ്ശിയുടെ മുഖം സന്തോഷത്താൽ വിടർന്നതവൻ കണ്ടിരുന്നു….

ഏതായാലും തനിക്ക് ഇനി ഒരു വിവാഹ ജീവിതമൊന്നും താൻ പ്രതീക്ഷിക്കുന്നില്ല….

ഇങ്ങനെയൊരു കാര്യം കൊണ്ട് മുത്തശ്ശി സന്തോഷിക്കുമെങ്കിൽ അങ്ങനെയാവട്ടെ…..

ഏട്ടനും അനിയത്തിയും തമ്മിലുള്ള പിണക്കം മാറുമെങ്കിൽ അങ്ങനെയും…

വിവാഹം കഴിച്ചെന്നു വെച് അവളെ സ്നേഹിക്കേണ്ട കാര്യമൊന്നുമില്ലല്ലോ…..

അവളും മുത്തശ്ശിക്ക് വേണ്ടിയല്ലേ വിവാഹത്തിന് സമ്മതിച്ചത്…..

അത് കൊണ്ട് കൂടുതലൊന്നും പ്രതീക്ഷിക്കില്ല……

അവന്റെ മനസ്സൊരു തരം ശൂന്യതയെ പേറി…….

എങ്കിലും ഇത് വല്യു പ്പ അരിയുന്ന നിമിഷത്തെ ഓർത്ത് ഹൃദയം വള്ളാതെ വിറ കൊള്ളുന്നത് അവനറിഞ്ഞിരുന്നു……

(തുടരും)