25/05/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 16

രചന – ആയിഷ അക്ബർ

റാനി പിന്നീടൊന്നും അവളോട് പറഞ്ഞില്ല…

അവളെ കണ്ട ഭാവം നടിക്കാതെ അവൻ അവന്റെ ജോലികളിലേക്ക് തിരിയും….

അപ്പോഴും വിടർന്ന ആ വെള്ളാരം കണ്ണുകൾ തന്നെ അവളിലേക്ക് വലിച്ചടുപ്പിക്കും…..

പഴയ ഓർമകളിൽ ഒന്ന് മുങ്ങി നിവരുമ്പോഴേക്കും അവളുടെയാ ചോദ്യം മനസ്സിനെ അങ്ങേയറ്റം ദുഃഖത്തിലേക്കാഴ്ത്തും……

മനസ്സിൽ അവളോടുള്ള പക നിറഞ്ഞു തുളുമ്പും…..

എന്നാൽ അവളുടെ മിഴികൾ ഒരിക്കൽ പോലും തന്നെ തഴുകാത്തതിൽ അവന്റെ മനസ്സിനൊരു പ്രയാസം പോലെ…..

എന്തിനായിരിക്കും അവളിവിടെ ജോലിക്ക് വന്നത്….

അതിനു മാത്രം അവർക്ക് ദാരിദ്ര്യം സംഭവിച്ചോ…..

ഇത്രയും ദൂരം അവളെ എങ്ങനെ ജോലിക്കയച്ചു…

അങ്ങനെ പല വിധ ചോദ്യങ്ങളാൽ മനസ്സ് അവളെ തന്നിലേക്ക് ചേർക്കുമ്പോഴും തോറ്റു കൊടുക്കില്ലെന്ന മട്ടിൽ അവൻ ആ ചിന്തകൾക്ക് മേൽ മണ്ണിട്ട് മൂടും…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് തിരക്കേറിയ ആ ദിവസമായിരുന്നു തന്റെ കേബിന്റെ ഡോർ തുറന്നവൾ കയറി വന്നത്….

അനുവാദം ചോദിക്കാതെ തന്നിലേക്ക് ഇത്ര ധൈര്യത്തിൽ കയറി വരുന്നതാരാണെന്ന് അറിയാൻ മുഖമൊന്നുയർത്തി നോക്കിയപ്പോഴാണ് അവന്റെ കണ്ണുകളിൽ അവൾ പതിഞ്ഞത്…..

ബ്രൗൺ കളറിലുള്ള അവളുടേ മുടി തട്ടത്തിന്റെ ഇരുവശത്തുമായി പാറി കളിക്കുന്നുണ്ട്…..

ലൈല….

അവന്റെ വായിൽ നിന്നും അവൻ പോലുമറിയാതെ ആ പേരുതിർന്നു വീണു ….

ഹേയ്… നിനക്കെന്നെ ഓർമയുണ്ടല്ലോ…. അത് മതി…..

അതും പറഞ്ഞവൾ ചിരിയോടെ ചെയറിലേക്കിരുന്നു….

നീയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ…..

അവനത് ചോദിക്കുമ്പോൾ അവൾ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു…..

മീറ്റ് ചെയ്യണമെന്ന് പറഞ്ഞാൽ നീ ഫ്രീ ആയ സമയമില്ലല്ലോ…. അതാണ്‌ ഞാൻ തന്നെയിങ്ങ് പോന്നത്…..

അവൾ പരിഭവത്തോടെ അത് പറഞ്ഞതും അവനൊന്നു പുഞ്ചിരിച്ചു….

അതേ…അവളുമായി താൻ കോൺടാക്ട് ഉണ്ടെങ്കിലും ആരെയും കാണാൻ പറ്റിയ ഒരു മാനസികാവസ്ഥയില്ലല്ലോ ഞാനിപ്പോൾ…….

നീ വല്ലാതെ മാറിപ്പോയെടാ….

അവൾ അവനെ ഉറ്റു നോക്കി ഒരു ഈണത്തിലത് പറയുമ്പോൾ ടേബിളിൽ പറ്റിപ്പിടിച്ച കണ്ണുകൾ അവളിലേക്ക് നീക്കി….

ആ കണ്ണുകളിൽ ഇപ്പോഴും തന്നെയൊർത്തുള്ള വേദനകളാണെന്ന് അവന് തോന്നി..

അവൻ വെറുതെ ഒന്ന് ചിരിച്ചു…

നീയിരിക്ക്….. ഇന്ന് കുറച് ബിസി യാണ്…..

അതും പറഞ്ഞവൻ വീണ്ടും ലാപ്ടോപ്പിലേക്ക് കണ്ണുകൾ നട്ടു……

റാനി……

അവൾ അവനെ തന്നെ നോക്കിയിരിക്കുന്നതിനിടയിൽ അവൾ വിളിക്കുമ്പോൾ അവളുടേ മുഖത്തേക്ക് നോക്കാതെ അവൻ ഒന്ന് മൂളി…..

ഇനിയും ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കണോ…

അവൾ ചോദിക്കാൻ പോകുന്നത് അതാണെന്ന് അറിയാവുന്നത് പോലെ അവൻ അവളിലേക്ക് നോക്കിയില്ല…..

അവളുടേ ഉള്ളിൽ ഇപ്പോഴും തന്നോടുള്ള പ്രണയത്തിനു യാതൊരു കോട്ടവുമില്ലെന്ന് തനിക്കറിയാം….

എന്നാൽ തനിക്കവളോട് അങ്ങനെയൊരു ഇഷ്ടം തോന്നണ്ടേ….

അവളെനിക്കെന്നും നല്ലൊരു സുഹൃത്താണ്…..

അതിനേക്കാൾ തന്റെ ഹൃദയതിൽ ആദ്യമായി ഒരിടം നൽകിയത് അവൾക്കായിരുന്നു…..

അവസാനമായും…..

ആ സ്ഥാനത്തേക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും തനിക്ക് കഴിയില്ല…..

ഹിമയായി വേർപിരിഞ്ഞു എന്ന് താൻ ലൈലയോട് പറഞ്ഞതിന് ശേഷമാണു വീണ്ടും അവളിൽ നിന്നുള്ള ചോദ്യങ്ങൾ…..

മേ ഐ കം ഇൻ സാർ….

ആ ശബ്ദത്തിൽ നിന്ന് തന്നെ അതാരാണെന്ന് അവന് വ്യക്തമായിരുന്നു….

യെസ്…..

അവൻ അവളെ നോക്കിയത് പറയുമ്പോൾ റാനിയെ തന്നെ ഉറ്റ് നോക്കിയിരുന്ന ലൈലയുടെ മിഴികൾ അവളിലേക്ക് നീങ്ങി….

അവളുടേ കണ്ണുകൾ അമ്പരപ്പോടെ വിടർന്നു….

ഹിമാ…..

അവൾ അറിയാതെ തന്നെ പറഞ്ഞതല്പം ശബ്ദത്തിലായി…..

അപ്പോഴാണ് അവളുടേ മിഴികളും അങ്ങോട്ടേക്ക് നീങ്ങുന്നത്….

ലൈലാ….
അവളും പതിയേ മൊഴിഞ്ഞു…..

ഹിമ പതിയേ ഒന്ന് പുഞ്ചിരിച്ചു…അവൾക്ക് തിരികെ നൽകാനൊരു പുഞ്ചിരിക്കായി ലൈല വല്ലാതെ കഷ്ടപ്പെട്ടിരുന്നു…..

റാനിയെ ഇനിയും നഷ്ടപ്പെടുമോയെന്നൊരു ഭയതാലാവാം അത്….

രണ്ട് പേരെയും മാറി മാറി നോക്കി റാനിയങ്ങനെ ഇരുന്നു…..

എന്താണ്….

റാനിയുടെ ഗൗരവമേറിയ ശബ്ദം കേട്ടതും ഹിമയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു …..

മെയിൽ അയക്കാൻ പറഞ്ഞിരുന്നു….

അവൾ പതിയേ അവനോടായത് പറയുമ്പോൾ ലൈല അത്ഭുതത്തോടെ അവരെ ഇരുവരെയും നോക്കി….

മിഴികൾ കൊണ്ട് പ്രണയിച്ചിരുന്ന ആ റാനിയും ഹിമയും തന്നെയാണോ ഇതെന്നവൾക്ക് സംശയം തോന്നി…..

അത്രയേറെ വൈരുദ്യം ഉണ്ടായിരുന്നു അന്നത്തെയും ഇന്നത്തേയും അവരുടെ ഭാവങ്ങൾ തമ്മിൽ……

ഹിമ പറഞ്ഞതിന് അവനൊന്നും മറുപടി പറഞ്ഞില്ല…..

അവളോടുള്ള പക മനസ്സിനെ ഞെരുക്കുന്ന സമയം…
ലഹരിയിലേക്ക് ഒരിക്കലും കൂപ്പു കുത്തരുതെന്ന് പഠിപ്പിച്ച ഉപ്പാന്റെ വാക്കിനെ മറി കടന്ന് താനൊരു മുഴു കുടിയനായി മാറാൻ കാരണക്കാരിയായ അവൾക്ക് മുമ്പിൽ എത്രത്തോളം ഉയർന്നു നിന്നാലാണ് പ്രതികാരമാവുക എന്നതേ അവൻ ചിന്തിച്ചതുള്ളു…..

ലൈലാ…. നീ ചോദിച്ചില്ലേ ഇനിയും എത്ര കാത്തിരിക്കണമെന്ന്…..

റാനി പറഞ്ഞു തുടങ്ങിയപ്പോൾ ഒന്നും മനസ്സിലാവാതെ ലൈല അവനെ നോക്കി….

പറയാൻ പോകുന്നതെന്തെന്നറിയാതെ ഹിമയും അവനെ നോക്കി നിൽക്കുകയാണ്….

കാരണം അവൻ പറയുന്നത് ലൈലയോടാണെങ്കിലും തന്റെ മുഖത്ത് നോക്കിയാണത് പറയുന്നത്……

കാത്തിരിപ്പ് ഇവിടെ വെച്ച് അവസാനിപ്പിക്കാം….പുത്തൻ പുരക്കൽ ഇമ്രാൻ അലിയുടെ മകൻ ഹാഷിം റാനിക്ക് നിന്നെ വിവാഹം കഴിക്കാൻ സമ്മതമാണ്…..

ഹിമ അമ്പരപ്പോടെ അവനെ നോക്കി…..

ലൈലയും പെട്ടെന്ന് കേട്ട ആ അമ്പരപ്പിൽ തന്നെയായിരുന്നു….

ഹിമക്ക് കണ്ണുകൾ നിറഞ്ഞു വരുന്നത് പോലെ തോന്നി…..

ചുണ്ടുകൾ വിതുമ്പി പോകുന്നു…..

അവന്റെ അനുവാദത്തിനോ വാക്കിനോ കാത്തു നിൽക്കാതെ അവൾ പെട്ടെന്ന് തന്നെ അവിടെ നിന്നും പുറത്തേക്ക് നടന്നിരുന്നു……

എന്നാൽ അവളുടേ കണ്ണിൽ കണ്ട ആ തിളക്കം എന്തിനാണെന്ന ചിന്ത അവനിൽ കൂടു കൂട്ടി….

ലൈല എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട്..

എന്നാൽ തന്റെ ചിന്തകൾ അവിടെ തന്നെ ഉറച്ചു നിന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മേ ഐ കം ഇൻ…..

പിറ്റേന്ന് രാവിലെ തന്നെ ആ ശബ്ദം കേട്ടതും എന്തോ ഒരു ഊർജം അവനിൽ നിറഞ്ഞത് പോലവന് തോന്നി…

യെസ്……

അവനത് പറഞ്ഞതും അവൾ അകത്തേക്ക് കയറി വന്നു……

അവൻ അവളെ നോക്കുക പോലും ചെയ്യാതെ ഗൗരവത്തോടടെ അങ്ങനെ ഇരുന്നു……

അവൾ ഒരു പേപ്പർ അവന് നേരെ നീട്ടി….

എന്തായിത്…..

അവന്റെ ശബ്ദത്തിൽ ഒട്ടും മയമുണ്ടായിരുന്നില്ല….

അവളൊന്നും മിണ്ടിയില്ല……..

അവൻ അത് വായിച്ചു നോക്കി….

റെസിഗ്നേഷൻ ലെറ്റർ…..

വായിച്ചു കഴിഞ്ഞതും അവൻ പെട്ടെന്നവളെ നോക്കി…

എന്താ പെട്ടെന്ന് ജോലി വേണ്ടെന്ന് വെക്കാൻ…

ചോദിക്കുമ്പോൾ ശബ്ദത്തിലെ ഗൗരവം പോയി ഇടർച്ച വരരുതേ എന്നവൻ ആത്മാർത്തമായി ആഗ്രഹിച്ചിരുന്നു…

എന്റെ…. എന്റെ മുത്തശ്ശിക്ക് തീരെ വയ്യ…
കൊച്ചു മക്കളോക്കെ അടുത്ത് വേണമെന്നാ പറയുന്നത്…..

അവൾ എവിടെയോ നോക്കി ഉറച്ച ശബ്ദത്തോടെ അതും പറഞ്ഞ് കൊണ്ട് അവിടെ നിന്നും ഇറങ്ങി പ്പോയി….

അവനാ ലെറ്റർ കയ്യിൽ പിടിച്ചെങ്ങനെ ഇരുന്നു…..

മുത്തശ്ശിക്കെന്താവും സംഭവിച്ചിട്ടുണ്ടാവുക…..

അവന്റെ മനസ്സിൽ ചോദ്യങ്ങളോതിരി ഉണ്ടായിരുന്നെങ്കിലും അവളോട് ചോദിക്കാൻ മനസ്സിലെ വാശി അനുവദിച്ചിരുന്നില്ല…..

അവൾ പോയത് കുറച്ച് നാളുകളായി താനനുഭവിച്ചിരുന്ന ആ ആശ്വാസം കൊണ്ട് കൂടിയാണെന്ന് അവന് തോന്നിപ്പോയി….

അവൻ തലക്ക് കൈ കൊടുത്ത് അൽപ നേരമങ്ങനെ ഇരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അമ്മാ……

അവന്റെയാ വിളിയിൽ പതിവില്ലാത്തൊരു നൊമ്പരത്തെ അറിഞ്ഞത് കൊണ്ട് തന്നെ അവർ പെട്ടെന്ന് തിരിഞ്ഞു….

എന്താ മോനെ……

മുത്തശ്ശിക്ക്….. മുത്തശ്ശിക്കോട്ടും വയ്യ….
നമുക്കവിടം വരെയൊന്നു പോയാലോ….

റാനിയത് ചോദിക്കുമ്പോൾ ഭാഗ്യത്തിന്റെ മുഖത്ത് പരിഭ്രമം കലർന്നു.

എന്താ…എന്താ അമ്മക്ക്…..
നീയെങ്ങനെ അറിഞ്ഞു…..

ഭാഗ്യം വേവലാതിയോടെ അത് ചോദിക്കുമ്പോൾ റാനി യൊന്നു വിയർത്തു…

അത്….. അവിടുത്തെ ഒരു കൂട്ടുകാരനെ ഇവിടെ വെച്ച് കണ്ടിരുന്നു…. അങ്ങനെ…. അങ്ങനെ അറിഞ്ഞതാ  ……

അവനൊരു വിധത്തിൽ പറഞ്ഞൊപ്പിച്ചു….
അവളാണെന്ന് അമ്മ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് പോലും തനിക്കറിയില്ല…..

പോകണം…. അമ്മയെ കാണണം…. പക്ഷെ എങ്ങനെ…..
തന്റെ കുടുംബങ്ങളെ വെച്ചു പുലർത്തുന്നതൊന്നും വല്യു പ്പാക്ക് ഇഷ്ടമല്ല റാനി…
നിന്റെ വല്യുപ്പാനെ സംബന്ധിച് അവരിപ്പോഴും അന്യ മതസ്ഥരാണ്…..

അമ്മയുടെ കണ്ണുകൾ ഏറെ നനഞ്ഞു കണ്ടു……

എന്റെ പഴയ ഏതെങ്കിലും കൂട്ടുകാരന്റെ അടുത്തേക്കാണെന്ന് ഞാൻ പറഞ്ഞോളാം….. അമ്മ അതോർത്തു ടെൻഷനടിക്കേണ്ട……

അവൻ അമ്മയെ ചേർത്ത് പിടിച്ചു….

നനവുള്ള മിഴികൾ അവന്റെ നെഞ്ചിൽ ചേർത്ത് മൗനമായി അവരും തേങ്ങി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇന്നൊരു യാത്രയിലാണ്……
പണ്ടീ യാത്ര പോകുമ്പോൾ കൈ ശൂന്യമായിരുന്നു……

എന്നാൽ തിരിച്ചു വരുമ്പോൾ തനിക്ക് കിട്ടിയ നീറുന്ന ഓർമകൾ ഇന്നും തന്റെ കയ്പ്പിടിയിലുണ്ട്……

അവൻ ഭാഗ്യത്തെ യൊന്നു നോക്കി…

അവർ കണ്ണുകളടച്ചു കിടക്കുകയാണ്…..
അവൻ ശൂന്യതയിലേക്ക് നോക്കിയങ്ങനെ വണ്ടിയോടിച്ചു കൊണ്ടിരുന്നു….

(തുടരും)