രചന – ആയിഷ അക്ബർ
ആവശ്യത്തിനും അല്ലാതെയും അവളെ വഴക് പറഞ്ഞവൻ അവന്റെയുള്ളിലെ കനലിനെ കെടുത്തി കൊണ്ടിരുന്നു…..
എല്ലാവരിൽ നിന്നും വ്യത്യസ്തമായി അവളെ മാത്രം അവൻ വഴക്ക് പറയുന്നതിൽ എല്ലാവർക്കും അതിശയമായിരുന്നു…..
അവൾ തിരിച്ചൊന്നും പറയാതെ അവനിൽ നിന്നുള്ളതെല്ലാം ഏറ്റ് വാങ്ങി…
താൻ അവനോട് പറഞ്ഞതിന് ഇത്രയെങ്കിലും തനിക്ക് കിട്ടണം….
അന്നവനോട് പറഞ്ഞതിന് ഇന്ന് ഞാൻ ഖേദിക്കും പോലെ നാളെ എന്നോടിപ്പറഞ്ഞതിനു അവൻ ഖേദിക്കുമെന്ന് തനിക്കുറപ്പുണ്ട്..
അടരാൻ വെമ്പി നിൽക്കുന്ന മിഴികൾ താഴെക്കൂന്നി അവന്റെ ദേഷ്യം മുഴുവൻ അവളേറ്റ് വാങ്ങി കൊണ്ടിരുന്നു……
റാനിയുടെ പരിചിതമല്ലാത്ത ഈ പെരുമാറ്റത്തിൽ ആദിക്ക് വല്ലാത്തൊരു സംശയം തോന്നിയിരുന്നു…
പക്ഷെ ചോദിച്ചാലും അവൻ പറയില്ലെന്ന് എന്തോ അവന് സ്വയം തോന്നി യത് കൊണ്ട് തന്നെ അവൻ ആ സാഹസത്തിനു മുതിർന്നില്ല…..
പുതിയ സ്റ്റാഫിനെ സാറിനോട്ടും ഇഷ്ടമല്ല..
ജോലിക്കാർ തമ്മിലുള്ള അടക്കം പറച്ചിലുകൾ ഹിമയുടെ കാതുകളെയും തഴുകിയിരുന്നു….
തന്നെ മാത്രമേ സാറ് സ്നേഹിച്ചിട്ടുള്ളു…
എന്നോർത്തവൾ പുച്ഛത്തോടെയൊന്ന് ചിരിച്ചു…..
റാനിയോടൊന്ന് തുറന്ന് സംസാരിക്കാനുള്ള അവസരത്തിനായി അവൾ കാത്തിരുന്നു….
എന്നാൽ തന്നെ കാണുമ്പോഴേക്കും വലിഞ്ഞു മുറുകുന്ന അവന്റെ മുഖവും കടിച്ചു കീറാൻ തക്ക ശക്തിയുള്ള അവന്റെ വാക്കുകളും അവളെ നിരാശ പ്പെടുത്തി കൊണ്ടേയിരുന്നു……
എങ്കിലും അവൾ കാത്തിരുന്നു…..
അവളെ പറ്റുന്നത്ര വേദനിപ്പിച്ചു ആനന്ദം കണ്ടെത്താൻ അവനും ശ്രമിച്ചു കൊണ്ടിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഹേയ്……..
അവളെ കണ്ടതും അവൻ കുറച് ദൂരെ നിന്നായി വിളിച്ചു…..
അവിടെയിരിക്കുന്ന എല്ലാവരും അവനിലേക്ക് നോക്കി…..
ജയ് ഭാരത് കമ്പനിയായിട്ടുള്ള കഴിഞ്ഞ പത്തു വർഷത്തെ ട്രാൻസക്ഷന്റെയും കോൺട്രാക്റ്റുകളുടെയും മുഴുവൻ കണക്ക് ഇന്ന് 12 മണിക്ക് മുന്പായി എന്റെ ടേബിളിൽ ഉണ്ടാവണം…
ഹിമ മഹേശ്വരി……
അവൻ പറയുന്നത് ആരോടെന്നത് വ്യക്ത മല്ലാത്തത് കൊണ്ട് തന്നെ എല്ലാവരിലുമുണ്ടായിരുന്ന ആ ഭയം അവസാനത്തെ അവന്റെയാ വിളിയിൽ അലിഞ്ഞു പോയിരുന്നു…..
അവൾ അവനെയൊന്നു നോക്കി തല കുലുക്കി….
ചെയ്യാൻ പറഞ്ഞ കാര്യത്തെ കുറിച് തനിക്ക് അത്ര പരിചയമില്ലാത്തത് കൊണ്ട് തന്നെ ചുറ്റുമുള്ളവർ തന്നെ സഹതാപത്തോടെ നോക്കുന്നതെന്തേന്ന് അവൾക്ക് മനസ്സിലായില്ല….
എന്നാൽ ആ ജോലി ചെയ്ത് തുടങ്ങിയപ്പോഴാണ് അതെത്ര മാത്രം ബുദ്ധിമുട്ടാണെന്നത് അവളും അറിഞ് തുടങ്ങിയത്…….
നിനക്കെന്താ റാനി…. ഭ്രാന്താണോ…..
പത്തു വർഷത്തെ കണക്കുകൾ രണ്ട് മണിക്കൂറിനുള്ളിലെന്ന് പറയുമ്പോൾ എങ്ങനെ നടക്കും……
ആദി ദേഷ്യത്തോടെ റാനി യോടത് ചോദിക്കുമ്പോൾ അവൻ കേൾക്കാത്ത ഭാവത്തിലിരുന്നു……
നിന്നോടാ ചോദിച്ചത്….
ആദി ശബ്ദം കുറച്ച് അമർത്തിയാണത് ചോദിച്ചത്….
നടക്കണം….. അതിനാണല്ലോ ശമ്പളം കൊടുക്കുന്നത്…….
അവൻ വളരേ നിസാരമായി പറഞ്ഞു….
നിനക്കെന്തിനാ അതൊക്കെ ഇത്ര പെട്ടെന്ന്…
ആദി വീണ്ടും ചോദിച്ചു…..
വേണം…. എനിക്കതിപ്പോ വേണം….
അവനതും പറഞ്ഞ് അവന്റെ ജോലികളിലേക്ക് തിരിഞ്ഞപ്പോൾ ആദി പിന്നൊന്നും പറയാതെ പുറത്തേക്ക് നടന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇത് വരെ തീർന്നില്ലേ….
പിറകിൽ നിന്നുള്ള അവന്റെ അലർച്ചയിൽ അവളുടേ കയ്യിലിരുന്ന ഫയലുകൾ താഴെ വീണു പോയിരുന്നു….
അവൾ ഞെട്ടി പിറകിലേക്ക് നോക്കി….
ചുമരിൽ ഒരു കൈ വെച്ച് തന്നെ ഉറ്റ് നോക്കി നിൽക്കുന്ന ആ മിഴികളിൽ മുഴുവൻ തന്നോടുള്ള പകയാണെന്ന് അവളറിയുന്നുണ്ടായിരുന്നു…..
അവൾ വേഗം ക്ലോക്കിലേക്ക് നോക്കി..
പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു…..
ഇത്ര പെട്ടെന്നൊ…..
അവൾ ദയനീയമായി അവനെ നോക്കി…..
ഐ വാണ്ട് ദാറ്റ് നൗ…..
ഒരിക്കലും നടക്കില്ലെന്നു അറിയാമെങ്കിലും അവളെ മനപ്പൂർവം ബുദ്ധിമുട്ടിക്കുമ്പോൾ തന്റെ മനസ്സിനല്പം സ്വസ്ഥത പോലെ …
ഒരു വർഷത്തെ കണക്കുകൾ പോലും ആയിട്ടില്ലാത്തത് കൊണ്ട് തന്നെ ഇന്ന് മുഴുവൻ ഇരുന്നാലും തീരില്ലെന്ന് അവൾക്കറിയാമായിരുന്നെങ്കിലും അവൾ അവളെ കൊണ്ടാവും വിധം ശ്രമിച്ചു കൊണ്ടേയിരുന്നു…..
എല്ലാവരും ഭക്ഷണം കഴിക്കാൻ പോയപ്പോഴും അവൾ എഴുന്നേറ്റില്ല…..
അവളുടേ ശ്രദ്ധയത്രയും ചെയ്യുന്ന ജോലിയിലായിരുന്നു…..
ഓഫീസ് ടൈം കഴിഞ്ഞതും ഓരോരുത്തരായി പോകാനൊരുങ്ങി….
എല്ലാവരും തന്നെ വല്ലാത്തൊരു സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു…..
കഴിഞ്ഞോ…….
പിറകിൽ കനത്തിലുള്ള അവന്റെ ശബ്ദം കേട്ടതും അവളുടേ ഹൃദയം ശക്തിയായി മിടിച്ചു…..
ഒരു വർഷത്തെ കണക്ക് കൂടി ആയിട്ടില്ല…..
ഇത് തീരില്ലെന്ന് തനിക്കറിയില്ലായിരുന്നെങ്കിലും അവനറിയുമായിരുന്നിരിക്കും……
അത്ര മേൽ അവൻ സ്നേഹിച്ചിരുന്നെങ്കിൽ പിന്നെങ്ങനെയാണ് അവന് തന്നെ ഇത്രയേറേ വേദനിപ്പിക്കാൻ കഴിയുന്നത്…..
ഇല്ലാ…..
അവൾ താഴേക്ക് നോക്കിയാണത് പറഞ്ഞത്…..
നിന്നെ കൊണ്ടൊന്നും ഒന്നിനും പറ്റില്ലെന്ന് എനിക്കറിയാമല്ലോ…
അവളെ പരിഹസിച്ചു കൊണ്ട് അവനത് പറയുമ്പോഴും അവളൊന്നും മിണ്ടിയില്ല…..
പിന്നെയും എന്തൊക്കെയൊ അവൻ പറയുന്നുണ്ട്…..
ജോലിക്കാരോരുത്തരും നോക്കി നിൽക്കുന്നുമുണ്ട്….
അവളുടെ സങ്കടം പുറത്ത് വരാതിരിക്കാൻ അവൾ ചുണ്ടുകൾ കൂട്ടി പിടിച്ചു….
എല്ലാവരുടെയും മുമ്പിൽ അപമാന ഭാരത്താൽ അവൾക്ക് മുഖമുയർത്താൻ കഴിഞ്ഞില്ല……
മനസ്സിൽ ചിന്തകൾ തിങ്ങി ക്കൂടി……
പെട്ടെന്ന് ശര്ദിക്കാൻ വരുന്നത് പോലെയവൾക്ക് തോന്നി…..
അവളൊന്ന് മിഴികളുയർത്തി അവനെ നോക്കി……
ആ മിഴികൾ തന്നിലേക്ക് പതിച്ചപ്പോൾ തന്നെ പറഞ്ഞിരുന്ന വഴക്കവൻ പാതിക്ക് വെച്ചു നിർത്തി പോയിരുന്നു…..
അവൻ പോലുമറിയാതെ….
ആ കണ്ണുകൾ തന്നെ തളച്ചിടുന്നത് തന്റെ ഉള്ളിലെ പ്രണയം കൊണ്ട് തന്നെ യാണ്…..
അവൻ അവളെ തന്നെ നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്നവൾ കുഴഞ്ഞു വീഴുന്നത്……
അവൻ ഇരു കൈകൾ കൊണ്ടും പെട്ടെന്ന് തന്നെയവളെ താങ്ങി…..
അവന്റെ മുഖത്ത് ഭാവങ്ങൾ മിഞ്ഞി മാഞ്ഞു….
തന്റെ കയ്യിൽ ബോധമറ്റ് കിടക്കുന്നവളെ നോക്കി അവന്റെ ഉള്ളൊന്ന് പിടഞ്ഞു….
എല്ലാവരും ചുറ്റും നിന്നവരെ പരിഭ്രാന്തിയോടെ നോക്കുന്നുണ്ട്….
ആദി…. വെള്ളം കൊണ്ട് വാ……
അതും പറഞ്ഞു കൊണ്ടവൻ അവളെയും പിടിച്ചു നിലത്തേക്കൂർന്നിരുന്നു….
ഹിമാ….. കണ്ണു തുറക്ക്….
മടിയിൽ അവളെ കിടത്തി കവിളിൽ തട്ടി അവനവളെ വിളിക്കുമ്പോൾ ഉള്ളിലുള്ള ആ പഴയ റാനി യായി താൻ മാറുന്നത് പോലെയവന് തോന്നി ……
ഹിമാ…..
ആദി വെള്ളം കൊണ്ട് വരുമ്പോൾ അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു…..
നിറഞ്ഞു വന്ന തന്റെ മിഴികളെ അത്ഭുതത്തോടെ നോക്കുന്ന ആദിയെ കണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവന്റെ കയ്യിലെ വെള്ളം വാങ്ങി അവളുടേ മുഖത് തളിച്ചു….
അവനെ ആദ്യമായി ഇത്രയേറെ പരിഭ്രമത്തോടെ കാണുന്ന സ്റ്റാഫുകളെല്ലാം ഒരു അമ്പരപ്പോടെ നോക്കി നിന്നു ….
ആദ്യം അവൾ കണ്ണുകൾ തുറന്നില്ലെങ്കിലും പിന്നീട് പതിയേ അവൾ കണ്ണുകൾ വലിച്ചു തുറന്നു…
കണ്ണുകൾ തുറന്നതും മിഴികൾ തറച്ചത് അവനിലായിരുന്നു…..
പരിസര ബോധം വരാൻ അവൾക്കല്പം സമയമെടുത്തിരുന്നു…..
അവൻ അവളുടേ വെള്ളാരം കണ്ണുകളിലേക്ക് തന്നെ നോക്കിയങ്ങനെ ഇരുന്നു….
താൻ കിടക്കുന്നത് അവന്റെ മടിയിലാണെന്ന് അറിഞ്ഞതും അവൾ പെട്ടെന്ന് എഴുന്നേറ്റു…..
അവൻ ഒരു കാൽ നിലത്തു കുത്തി വെച്ചു തലക്ക് കൈ വെച്ചങ്ങനെ ഇരുന്നു…..
ആ കുട്ടി ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചിട്ടില്ല.. അതാവും…..
ആരുടെയൊക്കെയോ അടക്കം പറച്ചിലുകൾ കേൾക്കുന്നുണ്ട്….
റാനി മിഴികളുയർത്തി അവളെ നോക്കി…..
അവൾ എഴുന്നേറ്റ് വീണ്ടും അതേ ജോലി തുടർന്നപ്പോൾ റാനി പെട്ടെന്ന് നിലത്തു നിന്നെഴുന്നേറ്റു…..
ആദി.. കം ടു മൈ റൂം….
ദേഷ്യത്തോടെ അതും പറഞ് കോട്ട് വലിച്ചിട്ടു അവൻ അവിടെ നിന്നും നടന്നു…..
ഹിമക്കപ്പോഴും ക്ഷീണം മാറിയിരുന്നില്ല…..
വല്ലാതെ തളരുന്നത് പോലെ തോന്നുമ്പോഴും അവൾ ജോലികളിലേക്ക് ശ്രദ്ധിച്ചു……
ആദി ഹിമയെ ഒന്ന് നോക്കി റാനിയിലേക്ക് നടന്നു…….
അവളോട് മതി യെന്ന് പറ…..
ആദി വന്നതും റാനി ഒരു പരിഭ്രമത്തോടെയാണത് പറഞ്ഞത് ….
അല്ല… നിനക്കത് ഇന്ന് തന്നെ വേണമെന്നല്ലേ പറഞ്ഞത്…..
ചെയ്യട്ടെ…..
ആദി അത് പറയുമ്പോൾ തന്നോടുള്ള അമർഷം ആ വാക്കുകളിൽ കണ്ടിരുന്നു….
പ്ലീസ്ടാ….. നീ ഒന്ന് പറ….
റാനി നിസ്സഹായനെന്ന പോലവന്റെ കൈ പിടിച്ചു….
ആദി അവനെ ഒന്നമർത്തി നോക്കിയ ശേഷം അവളിലേക്ക് നടക്കാനൊരുങ്ങി….
പിന്നേയ്…. അവളെ എന്തെങ്കിലും കഴിപ്പിക്കണേ….
റാനി അതും കൂടി പറഞ്ഞപ്പോൾ ആദി ഒന്ന് കൂടി തുറിച്ചു നോക്കി അവിടെ നിന്നും നടന്നു……
(തുടരും)

by