19/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 30

രചന – ആയിഷ അക്ബർ

മൈലാഞ്ചിയുടെ ഗന്ധം അവളുടേ ഉള്ളിലേക്കും പടർന്നു…..

അവന്റെ കൈകൾക്ക് മേലെയിരിക്കുന്ന തന്റെ കയ് ആ കൈകളുടെ ചൂടിൽ പതുങ്ങിയിരിക്കുന്നത് പോലെ……

അവന്റെ വിരലിൽ കിടക്കുന്ന വെള്ളി മോതിരം തന്റെ പുറം കയ്യിനോട് തൊട്ടുരുരുമ്മി യിരിക്കുന്നുണ്ട്…..

അവൻ അത്രയേറെ ആസ്വദിച്ചായിരുന്നു അവളുടേ കയ്യിൽ മനോഹരമായ ചിത്രം വരച്ചു ചേർത്തത്…..

ഭാഗ്യത്തിന്റെ ഹൃദയം തീചൂളയിലെന്ന പോലുരുകി….

ആഹാ…. അസ്സലായിട്ടുണ്ട് ഹാഷിക്കാ…..

മൈലാഞ്ചി ഇട്ട് കഴിഞ്ഞ് അവൻ കയ്യെടുക്കാൻ നേരം ആലിയ അത് പറഞ്ഞപ്പോഴേക്കും കാണാൻ എല്ലാവരും തിടുക്കം കൂട്ടി…..

വലിയവരും ചെറിയവരും എന്ന വ്യത്യാസമില്ലാതെ എല്ലാവരും അവളുടേ കൈ നോക്കുമ്പോൾ അതത്രയേറെ നിഷ്കളങ്കമായി ഹിമക്ക് തോന്നി….

എന്നാൽ ഇവരിലൊന്നും പെടാതെ അല്പം വീട്ടിരുന്നിരുന്ന ഭാഗ്യം അവളെ നോക്കി പല്ലിറൂമുന്നുണ്ടായിരുന്നു..

ഇരിക്കുന്നത് റാനിയോട് ചേർന്നത് കൊണ്ട് തന്നെ അവൾ ഭാഗ്യത്തിനെ നോക്കി ഒന്ന് കൂടി ഞെളിഞ്ഞിരുന്നു….

പിന്നെ പുച്ഛം കലർത്തി അവരെയൊന്നു നോക്കി ചിരിച്ചിരുന്നു..

ഇഷ്ടമായില്ലേ….

ഇട്ട് കഴിഞ്ഞിട്ടും അവിടെയിരുന്നപ്പോൾ പെട്ടെന്നായിരുന്നു അവനത് ചോദിച്ചത്….

അത്രയും ആളുകളുടെ ഇടയിൽ നിന്ന് താനത് പ്രതീക്ഷിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ തേല്ലോരമ്പരപ്പോടെയാണ് അവൾ മിഴികളൊന്നുയർത്തിയത്..

അവന്റെ മിഴികളിൽ അല തല്ലുന്ന വികാരം തനിക്കത്ര മേൽ പ്രിയപ്പെട്ടതാണെങ്കിലും ചുറ്റുമുള്ളവരിലേക്ക് നോക്കിയപ്പോൾ ഒരു ഭയമായിരുന്നു……

അവൾ പിടക്കുന്ന മിഴികളോടെ തന്നെ നോക്കിയതും അവന്റെ ഹൃദയത്തിലും ഒരു തണുപ്പിരച്ചേത്തിയിരുന്നു….

അതിനു വേണ്ടി തന്നെയാണല്ലോ താനത് ചോദിച്ചതും…..

മ്മ്…..

അവൾ പതിയെയൊന്ന് മൂളി…..

ഒരു മൂളലിനു പോലും ഇത്രയേറെ വശ്യത യുണ്ടെന്ന് അവന് തോന്നിയത് അപ്പോഴായിരുന്നു…..

അവൾ പതിയേ അവിടെ നിന്നും എഴുന്നേറ്റ് അപ്പുറത്തേക്കായിരുന്നു….

അന്ന് രാത്രി ഏറെ കഴിഞ്ഞാണ് ഉറങ്ങാൻ കിടന്നത്……

മോള് വേണമെങ്കിൽ പോയി കിടന്നോ എന്ന് തന്നോട് ഇടയ്ക്കിടെ പറഞ്ഞിരുന്നെങ്കിലും എന്തോ അവിടെ നിന്ന് നടന്നകലാൻ കഴിയാത്ത വിധം തന്റെ ആത്മാവിനെ തളച്ചിട്ടിരിക്കുകയായിരുന്നില്ലേ…..

അവനുള്ള നിമിഷങ്ങളിൽ താനറിയുന്ന പ്രണയത്തിന്റെ ലഹരിയുണ്ട്…..

അതിലെല്ലാം മറന്നങ്ങനെ……

അവൾ കയ്യിലുള്ള മൈലാഞ്ചിയിലോക്കൊന്ന് നോക്കി….

രാവിലെ എടുത്താൽ മതിയെന്നാണ് പറഞ്ഞിട്ടുള്ളത്…..

അവൾ കൈകൾ ചുണ്ടോടു ചേർത്തു…..

മനസ്സിൽ നിറഞ്ഞു നിന്നത് മുഴുവൻ അവനായിരുന്നു….

അന്ന് രാത്രി കിടന്നിട്ടും റാനിക്കുറക്കം വന്നില്ല…
അവൻ എഴുന്നേറ്റ് ആ ജനലിഴികളിൽ പിടിച്ചങ്ങനെ നിന്നു…

അവിടെ….. അവളുണ്ടെന്ന ചിന്തയിൽ അവന്റെ ഹൃദയം വല്ലാത്ത ആനന്ദം കണ്ടെത്തിയിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഹിമ ഒന്ന് കണ്ണ് ചിമ്മി യെന്ന് തോന്നിയപ്പോഴേക്കും വാതിലിൽ ആരോ മുട്ടിയിരുന്നു….

പിന്നെ എഴുന്നേറ്റ് നേരെ അടുക്കളയിലേക്കാണ്….

ചെറിയ ചെറിയ വ്യത്യാസങ്ങളെ ഉള്ളുവെങ്കിലും ഉണ്ടാക്കുന്ന ഓരോരോ പലഹാരങ്ങൾക്കും ഓരോ പേരാണ്……

അവളെല്ലാത്തിനും അവിടെയുള്ളവരുടെ കൂടെ ഓടി നടന്നു……

റാനിയും എഴുന്നേറ്റ് കുളിച്ച് നല്ല വസ്ത്രം ധരിച്ചു താഴെക്കിറങ്ങി….

വല്യു പ്പ തന്നെ കാത്തെന്ന പോൽ താഴെയിരിക്കുന്നുണ്ട്…

പുത്തൻ കുപ്പായത്തിന്റെ മണമാസ്വാധിച്ചു കുട്ടികളും പള്ളിയിലേക്ക് പോകാനോരുങ്ങി നിൽക്കുക യാണ്…..

പോകാൻ നേരം അവളെയൊന്ന് കണ്ടിരുന്നെങ്കിൽ എന്ന് മനസാഗ്രഹിച്ചിരുന്നെങ്കിലും നടക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ പള്ളിയിലേക്ക് പുറപ്പെട്ടു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അടുക്കളയിലെ പണികളെല്ലാം ഒതുങ്ങി കഴിഞ്ഞപ്പോഴാണ് ഹിമ കുളിക്കാൻ പോയത്….

കുളിച് വന്നു മുടി തൂവർത്തിയപ്പോഴേക്കും അവരെല്ലാം പള്ളിയിൽ പോയി തിരിച്ചു വന്നുവെന്ന് പറഞ് ആരോ വാതിലിൽ മുട്ടിയിരുന്നു…..

അവൾ അവൻ വാങ്ങി തന്ന ആ പുതിയ ചുരിദാർ കയ്യിലെടുത്തു…..

മനസ്സിന്റെ ആനന്ദം വാക്കുകളിൽ ഒതുക്കാൻ കഴിയുന്നില്ലായിരുന്നു…

അവൻ വാങ്ങി തന്ന എല്ലാത്തിനോടും തനിക്കുള്ളത് അടക്കാനാവാത്തൊരു ഭ്രമമാണ്……

അവളാ ചുരിദാറെടുത്തിട്ടു…

സമയം പോകുന്നുവെന്ന ചിന്തയിൽ കൂടുതൽ ചമയങ്ങൾക്കൊന്നും നിന്നില്ല….

വെറുതെ മുടിയൊന്ന് പിഞ്ഞിയിട്ട് തട്ടവുമെടുത്തിട്ട് പുറത്തേക്ക് നടന്നു…..

കണ്ണാടിയിലൊന്ന് നോക്കാൻ കൂടിയുള്ള സമയം അവൾക്ക് കിട്ടിയിട്ടില്ലായിരുന്നു…..

അവൾ അടുക്കളയിലേക് തിടുക്കപ്പെട്ടു ചെന്നതും അവിടെ ആരുമുണ്ടായിരുന്നില്ല…

അവൾ പതിയേ ഹാളിലേക്ക് നടന്നു…..

ആ വലിയ ഹാളിൽ മുഴുവനായി പായ വിരിച്ചിട്ടുണ്ട്….

മുഖാമുഖം കാണാവുന്ന രീതിയിൽ എല്ലാവരും രണ്ട് വരികളിലായി ഇരുന്നിട്ടുമുണ്ട്….

അവൾക്ക് വല്ലാത്തൊരു ജാള്യത തോന്നി പിറകിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി…..

നൂറാ…..

സാബിറ യുടെ വിളി കേട്ടതും അവൾ പിറകിലേക്ക് പെട്ടെന്നൊന്നു തിരിഞ്ഞു….

റാനിയുടെ കണ്ണുകളും പെട്ടെന്നാണ് അവളിലേക്ക് പതിച്ചത്…..

മജന്ത കളർ ശാളിനുള്ളിൽ അവളുടേ മുഖം വെട്ടി തിളങ്ങുന്നത് പോലെ അവന് തോന്നി….

എല്ലാവരും ഒരു നിമിഷം അവളെയൊന്ന് നോക്കി..

യാതൊരു ചമയങ്ങളുമില്ലെങ്കിൽ കൂടി അവൾ അവിടെയിരിക്കുന്ന മറ്റെല്ലാവരെക്കാളും സുന്ദരിയായിരുന്നു…..

റാനിക്ക് അവളിൽ നിന്ന് മിഴികളെടുക്കാൻ കഴിഞ്ഞില്ല……

വാ….. ഞങ്ങളെല്ലാവരും നിനക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്…..

സാബിറ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു….

ഞാൻ… ഞാൻ അടുക്കളയിൽ ഇരുന്നോളാം…..

അവൾ മടിച്ചു മടിച്ചാണത് പറഞ്ഞത്….

അതെങ്ങനെ ശെരിയാവും…..
എല്ലാവരും ഒരുമിച്ചു കൂടുമ്പോഴല്ലേ ആഘോഷങ്ങൾ മനോഹരമാകുന്നത്….
മോളിരിക്ക്….

മനോഹരമായൊരു പുഞ്ചിരിയോടെ അത് പറഞ്ഞത് വല്യു പ്പയായിരുന്നു…

അവൾ അനുസരണയോടെ അവിടെക്കിരുന്നു….

തന്നിൽ നിന്ന് ഒരുപാട് ദൂരെയായി ഇരിക്കുന്നവളിലേക്ക് വളരേ കഷ്ടപ്പെട്ടാണ് റാനി എത്തി നോക്കിയിരുന്നത്….

താനണിഞ്ഞ മൈലാഞ്ചി അവളുടേ കയ്യിൽ ചുവന്ന ങ്ങനെ കിടപ്പുണ്ട്…..

നിലത്തിരുന്ന് കഴിക്കുന്നത് കൊണ്ട് തന്നെ തലയിൽ നിന്ന് ഇടയ്ക്കിടെ വീണു പോകുന്ന തട്ടം അവൾ തലയിലേക്ക് നീക്കിയിട്ട് കൊണ്ടിരിക്കുന്നുണ്ട്…..

അവളെ കണ്ടവന് കൊതി തീരുന്നില്ലായിരുന്നു…..

എന്നാൽ അവൾ ആർക്കും മുഖം കൊടുക്കാതെ താഴേക്ക് നോക്കിയിരുന്നാണ് കഴിച്ചത്…..

അവൾക്ക് നേരെ അവന്റെ പാളിയുള്ള നോട്ടങ്ങൾ ഭാഗ്യത്തെ അത്രമേൽ അസ്വസ്ഥയാക്കിയിരുന്നു…

അന്നേരവും അവരെന്തൊക്കെയോ കണക്ക് കൂട്ടുകയായിരുന്നു…..

ഭക്ഷണം കഴിച്ചു കഴിഞ്ഞെല്ലാവരും ഇരുന്നിടത് നിന്നും എഴുന്നേറ്റു…..

മുകളിലെ തന്റെ മുറിയിൽ പോയി റാനി കട്ടിലിലേക്ക് ചായുമ്പോഴും മനസ്സിൽ അവളുടേ മുഖമായിരുന്നു …

ഒന്ന് കൂടി അടുത്തവളെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ….

ഈ നിമിഷങ്ങളെല്ലാം ഒരു സ്വപ്നം പോലെയായിരുന്നു അവന് തോന്നിയത്…..

ആ സ്വപ്നത്തിൽ ലയിച്ചവനങ്ങനെ കിടന്നു….

പെട്ടെന്ന് വാതിലിലൊരു മുട്ട് കേട്ടതും അവൻ വേഗം എഴുന്നേറ്റ് വാതിൽ തുറന്നു….

അപ്പോഴും ചുണ്ടിൽ ഒരിളം ചിരിയുണ്ടായിരുന്നവന്റെ….

എന്നാൽ മുമ്പിൽ നിൽക്കുന്ന ആളേ കണ്ടതും അവൻ ശ്വാസം ഒന്ന് കൂടി വലിച്ചെടുത്തു….

ചുണ്ടിലെ ചിരി പെട്ടെന്ന് മാഞ്ഞു പോയി..

ലൈല..
അവനറിയാതെ തന്നെ ആ പേരവനിൽ നിന്നുതിർന്നു….

റാനി…..
അവനെ വിളിച്ചു കൊണ്ടവൾ കെട്ടിപ്പിടിച്ചു….

അവൻ പ്രതികരിക്കാൻ പോലും മറന്ന് ഒരു ശില കണക്കെ അങ്ങനെ നിന്നു…..

ലൈലാ… എനിക്കൊരു കാര്യം പറയാനുണ്ട്…..

അവൻ അവളുടേ കൈ വിടുവിച്ചു പെട്ടെന്നാണത് പറഞ്ഞത്…..

അതിനെന്താ…. പറയാനുള്ളതൊക്കെ പറയാമല്ലോ….
ഇഷ്ടം പോലെ സമയം കിടക്കുവല്ലേ…..

അവൻ പറഞ്ഞു തുടങ്ങിയപ്പോഴാണ് അതും പറഞ് കൊണ്ട് ഭാഗ്യം അങ്ങോട്ട് വരുന്നത്….

അവൻ അമ്മയെയോന്ന് നോക്കി….

ആ മുഖത്ത് അങ്ങേയറ്റം പ്രകാശം പരന്നു കാണാം….

ലൈല അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

ഇനി മോള് വാ…. താഴെ എല്ലാവരും നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ്….

ഭാഗ്യം അതും പറഞ് കൊണ്ട് ലൈലയുടെ കൈ പിടിച് താഴേക്ക് നടന്നു….

റാനി ചുമരിൽ ശക്തിയായി കൈ കൊണ്ടിടിച്ചു…
അവളോട് എല്ലാം തുറന്ന് പറയാൻ കഴിയാത്തതിലുള്ള ദേഷ്യം കെട്ടടങാനെന്ന പോൽ…..

ലൈല താഴെയെതും മുകളിലേക്ക് കയറി പോകുമ്പോൾ ശൂന്യമായിരുന്ന ഹാള് മുഴുവൻ ആളുകളാൽ തിങ്ങി നിറഞ്ഞിട്ടുണ്ട്….

എല്ലാവരും റാനി യുടെ പെണ്ണിനെ കാണാൻ കാത്തു നിൽക്കുക യാണ്….

അവളെല്ലാവരെയും ഒന്ന് നോക്കി..

തന്നെ നോക്കി നിൽക്കുന്ന അവരോടെലല്ലാം എന്തോ അവൾക്കൊരു പുച്ഛം തോന്നി….

അതൊരു പക്ഷെ റാനിക്കീ വീട്ടിലുള്ള സ്ഥാനം അറിഞ്ഞത് കൊണ്ടാവാം….

അപ്പൊ അവന്റെ ഭാര്യയുടെ സ്ഥാനവും ഇവരെക്കാളൊക്കെ മുകളിലല്ലേ….

അങ്ങനെയാണ് മനസ്സ് ചിന്തിക്കുന്നത്…

അവൾ ഉള്ളാലെ ഒന്ന് ചിരിച്ചു……

മോള് ഹാഷിക്ക് നന്നായി ചേരും…..
പേരെന്താ ന്നാ പറഞ്ഞത്…

സാബിറ സ്നേഹത്തോടെ അവളുടേ കയ്യിൽ പിടിച്ചാണത് ചോദിച്ചത് …

അവർ പിടിച്ച കൈ അവൾ ഒന്ന് തട്ടി മാറ്റി….

ലൈല….
അവരോടൊന്നും സംസാരിക്കാൻ താല്പര്യമില്ലെന്ന മട്ടിലാണ് അവളത് പറഞ്ഞത്….

അവളുടേ പെരുമാറ്റവും സംസാര രീതിയുമെല്ലാം സാബിറയെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു….

അത് കൊണ്ട് തന്നെ അവിടെയുള്ള എല്ലാവരുടെയും മുഖം ഒരു പോലെ മങ്ങി…..

അപ്പോഴും ലൈലയുടെ കണ്ണുകൾ ആ വീടിന്റെ മുക്കിലും മൂലയിലും ഓടി നടക്കുകയായിരുന്നു…..

കൊട്ടാരം പോലോത്തെ ആ വീടും പരിസരവും എല്ലാം അവളെ ഭ്രമിപ്പിച്ചിരുന്നു…..

അതിനേക്കാളേറെ അവൻ….
തന്റെ സ്വന്തമാകുന്നു എന്നോർത്തുള്ളൊരു തണുപ്പും ഹൃദയത്തെ മൂടിയിരുന്നു…..

അപ്പോഴേക്കും റാനി കോണിപ്പടികളിറങ്ങി താഴേക്ക് വരികയാണ്…

കറുപ്പ് കരയുള്ള ഒരു വെള്ള മുണ്ടും ബ്രാൻഡഡ് ആയ നല്ലൊരു വൈറ്റ് ഫുൾ സ്ലീവ് ഷർട്ടുമാണ് വേഷം…

കയ്യിൽ നല്ലൊരു വാച്ചുമുണ്ട്…..

അവന്റെ നടത്തത്തിനും ഇരുത്തത്തിനുമെല്ലാം ഒരു രാജകീയതാണ്….

ലൈല കണ്ണിമ വെട്ടാതെ അവനെ നോക്കി നിന്നു….

റാനി ലൈലയെക്കാളേറെ അവളുടേ ചുറ്റും നിൽക്കുന്ന തന്റെ കുടുംബത്തത്തിലേക്കാണ് നോക്കിയത്…..

ആരുടെ മുഖത്തും ഒരു തെളിച്ചമില്ല….

എല്ലാവരിലും എന്തോ ഒരു ദുഃഖം തളം കെട്ടിയിട്ടുണ്ട്…

എന്താ…. എന്താ എല്ലാവരും ഇങ്ങനെ നിൽക്കുന്നത്….

റാനി പെട്ടെന്നാണത്
ചോദിച്ചത് …

ഞങ്ങളെല്ലാവരും ഹാഷിക്കാന്റെ പെണ്ണിനെ പരിചയപ്പെടാൻ നിന്നതാ….
പക്ഷെ ആൾക്ക് ഞങ്ങളോട് സംസാരിക്കാനൊന്നും താല്പര്യമില്ലാത്തത് പോലെ….

ഇടക്ക് കയറി ആലിയ അത് പറഞ്ഞതും ലൈല ഒരു വെപ്രാളത്തോടെ അവളിലേക്ക് നോക്കി….

റസിയ അവളുടേ കയ്യിൽ ഒന്നു നുള്ളി…..

എന്നാൽ അവൾക്ക് യാതൊരു കൂസലുമില്ല….

പറഞ്ഞത് ശെരി തന്നെയാണ് എന്ന രീതിയിലാണ് നിൽപ്പ്….

അയ്യോ…. സംസാരിക്കാനൊക്കെ സമയം കിടക്കുവല്ലേ….
പെട്ടെന്ന് കണ്ടപ്പോഴുള്ള ഒരു മടി കൊണ്ടാണ് ട്ടോ ഞാൻ…..

റാനിയും ചോദ്യ ഭാവത്തിൽ തന്നെ നോക്കുന്നുണ്ടെന്ന് കണ്ടത് കൊണ്ട് തന്നെയാണ് ലൈല ആവുന്നത്ര പുഞ്ചിരി മുഖത്ത് വരുത്തി തീർത്തത് പറഞ്ഞത്……

അവൾ പറയുന്നത് ആത്മാർത്ഥമായ വാക്കുകളല്ലെന്ന മട്ടിൽ ആലിയ അവളിൽ നിന്നും മുഖം തിരിച്ചു…….

അതേ…. അവള് എല്ലാവരെയും കൂടി കണ്ടിട്ടാവും….

ലൈലയുടെ ഭാഗം പിടിച്ചെന്ന വണ്ണം ഭാഗ്യവും അത് കൂട്ടിച്ചേർത്തിരുന്നു….

ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ റാനി അവിടെ നിന്നും നടന്നു……
ഇന്നവളിവിടെ നിന്നും പോകുന്നതിനു മുൻപ് തന്നെ എല്ലാം അവളെ അറിയിക്കണമെന്ന തീരുമാനത്തോടെ…

(തുടരും