23/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 06

രചന – ആയിഷ അക്ബർ

വെറുതെയിരുന്നു മുഷിഞ്ഞിട്ടാണവൻ പതിയെ പാട വരമ്പത്തു കൂടെ നടന്നു തുടങ്ങിയത്….

ഇരുവശവും വയലുകൾ കൊണ്ട് മനോഹരമായ അവയുടെ ഇടയിലൂടെ ടാറിട്ട വഴിയായിരുന്നു….

ആ വഴി അവസാനിച്ചു നിൽക്കുന്നത് മനോഹരമായ ഒരു അമ്പലത്തിലാണ്…..

പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരം ആ അമ്പലത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായിരുന്നു…..

അവൻ അവിടേക്ക് നടന്നു…. അന്യമതക്കാരനായ തനിക്ക് അവിടേക്ക് പ്രവേശനമുണ്ടോ എന്നവനൊന്ന് ആലോചിച്ചു….

പിന്നീട് പതിയെ ആ ആൽത്തറയിലേക്കിരുന്നു….

വയലുകളെ തഴുകി ഒരു തണുത്ത കാറ്റ് അവനെ പൊതിയുന്നുണ്ടായിരുന്നു…

അവൻ കൈകൾക്ക് മേൽ തല വെച്ച് അൽപ സമയം അങ്ങനെ കിടന്നു….

മനസ്സിലെ ഭാരങ്ങളൊക്കെ മറക്കാനെന്ന പോൽ……
കുറച്ചു കഴിഞ്ഞ് അവൻ തിരിച്ചു വീട്ടിലേക്ക് നടന്നു….

തറവാട്ട് മുറ്റത്തേക്കെത്തിയതും മാറ്റി പുറപ്പെട്ടു എങ്ങോട്ടോ പോകാനൊരുങ്ങുന്ന ജയദേവനെയാണവൻ കണ്ടത്…അവൻ പൊതുവെ അവർക്കാർക്കും മുഖം കൊടുക്കാറില്ല…. അവൻ തല കുനിച്ചു…..

എങ്ങോട്ടെങ്കിലും ഇറങ്ങാൻ നിൽക്കുമ്പോഴേക്കും ശകുനം മുടക്കാൻ മുന്നിൽ വന്നു നിന്നോളും….

ജയദേവൻ പറയുന്നതെന്തെന്ന് പോലും മനസ്സിലാവാതെ റാനി തല താഴ്ത്തി അല്പം പിറകിലേക്ക് നീങ്ങി നിന്നു….

ഇത് കേട്ട് കൊണ്ട് വന്ന മുത്തശ്ശിക്കു വല്ലാതെ സങ്കടം വന്നിരുന്നു….

റാനീ…. മോനെ നീയകത്തു പോ…..

പറയുന്നതോടൊപ്പം അവർ ജയദേവനെയൊന്ന് കടുപ്പിച്ചു നോക്കാനും മറന്നില്ല……
അപ്പോഴും ജനൽ വിടവിലൂടെ അവനെ തഴുകി നിൽക്കുന്ന വെള്ളാരം കണ്ണുകളിൽ സഹതാപം നിറഞ്ഞു നിന്നിരുന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മിണ്ടല്ലേ….. പതിയേ മിണ്ടാതെ എന്റെ കൂടെ വാ…

ഉമ്മറത്തിരുന്നു പുസ്തകം വായിച്ചു കൊണ്ടിരുന്ന റാനിയുടെ കൈകളിൽ പിടിച്ചു വലിച്ചു മേഘ നടന്നു….. പിറകിലായി ഒരു ചെറു പുഞ്ചിരിയോടെ റാനിയും….

മിണ്ടരുതേ……
ചുണ്ടുകൾക്ക് മേൽ ചൂണ്ടു വിരൽ ചേർത്തവൾ പറയുമ്പോൾ റാനി എന്തെന്ന ഭാവത്തിൽ നോക്കി….

വള്ളിപ്പടർപ്പുകളിക്കിടയിൽ നിറയെ ചുവപ്പും പച്ചയും നിറത്തിലുള്ള കുഞ്ഞു കായ്കൾ……

അവയിലെ ചുവന്നതിനെ ലക്ഷ്യമാക്കി അവൾ നീങ്ങുമ്പോഴാണ് അവനൊന്നു ചുമച്ചത്…..

ശ്ശെ.. അവൾ തലയിൽ കൈവെച്ചു

തെറ്റ് ചെയ്തവനെ പോലെ അവൻ നിന്നു….

അവൾ നിരാശയോടെയെങ്കിലും അവയിലൊന്ന് പറിച്ചു വായിൽ വെച്ചു….

രുചിയില്ലെന്നത് അവളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു…..

കയ്പ്പാണോ….. അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു…..

മ്മ്…. അതല്ലേ പറഞ്ഞത് ശബ്ദമുണ്ടാക്കരുതെന്ന്….

ശബ്ദം കെട്ടിട്ടാണോ കയ്പ്പായത്….
അവൻ അത്ഭുതത്തോടെ ചോദിച്ചു….

അതേല്ലോ….
ശബ്ദമുണ്ടാക്കാതെ പറിച്ചാൽ ഇതിന് മധുരമായിരിക്കും…

കൊള്ളാമല്ലോ….. ശബ്ദമുണ്ടാക്കിയാൽ പിണങ്ങുന്ന ഇയാളെ പേരെന്താ….
അവൻ കുസൃതി ചിരിയോടെ ചോദിച്ചു….

മിണ്ടാമിണ്ടിക്കായ….

അവളത് പറയുമ്പോഴേക്കും അവന് ചിരി പൊട്ടിയിരുന്നു…. എങ്കിലും അവൾക്ക് ദേഷ്യം പിടിക്കുമെന്നോർത്ത് അവനാ ചിരിയെ പിടിച്ചു കെട്ടി…..

ഇനി വരുമ്പോ നമുക്ക് മിണ്ടാതെ വന്നു മധുരത്തോടെ കഴിക്കാം…. ഇപ്രാവശ്യം പോട്ടെ….

അവനത് പറഞ്ഞു അവളെ ചേർത്ത് പിടിച്ചു നടന്നു….

അവർ നടന്നു വരുമ്പോൾ മുറ്റത്തെ പേരക്ക മരത്തിൽ തോട്ടി കൊണ്ട് കുത്തി പേരക്ക യറുക്കുന്ന ഹിമയെയാണ് കണ്ടത്….

അവൻ ഉമ്മറത്തെ തിണ്ണയിൽ കയറിയിരുന്നു പുസ്തകം വായന തുടർന്നു……

പേരക്ക കഴുകി മുറിച് ഉപ്പും മുളകും വെളിച്ചെണ്ണയും ചേർത്ത് ഒരു പാത്രത്തിലാക്കി അവൾ ഉമ്മറത്തേക്ക് വന്നു…..

മേഘ അതിൽ നിന്നുമെടുത്തു കഴിക്കാൻ തുടങ്ങിയിരുന്നു….

ദാ….. എടുത്തോ….
അവളാ പാത്രം റാനിക്ക് നേറെ നീട്ടി…. അവൻ തേല്ലോന്നമ്പാരന്നെങ്കിലും പിന്നീട് വേണ്ടായെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു….

അവളാ പാത്രവുമായി അവനിരിക്കുന്ന തിന്നയുടെ താഴെ തിണ്ണയിലായിരുന്നു കഴിച്ചു തുടങ്ങി…..

കഴിച്ചു നോക്ക് ഏട്ടാ…. നല്ല രുചിയാ….
അവൾ മുഖത്ത് പല തരം ഭാവങ്ങൾ വരുത്തി അവനിലേക്ക് നീട്ടിയ ആ പേരക്കാ കഷ്ണം വാങ്ങാതിരിക്കാൻ അവന് കഴിഞ്ഞില്ല….
അവൻ പുഞ്ചിരിച്ചു കൊണ്ടത് വാങ്ങി കഴിച്ചു…

പിന്നീടവൾ കാണിച്ചത് പോലെ മുഖത്ത് പല ഭാവങ്ങളും വരുത്താൻ അവൻ ശ്രമിച്ചപ്പോൾ അവൾ പൊട്ടിച്ചിരിച്ചിരുന്നു….

അതെന്താ മേഘാ…. ഞാൻ കൊടുത്താൽ നിന്റെ ചേട്ടൻ കഴിക്കില്ലേ….
അവരുടെ പൊട്ടിച്ചിരി കേട്ട് പിറകിലേക്ക് തിരിഞ്ഞു ഹിമയത് ചോദിക്കുമ്പോൾ റാനിയവളെ നോക്കി….
അവൾ വീണ്ടും മുന്നോട്ട് തിരിഞ്ഞതും അവൻ കുനിഞ്ഞു കൊണ്ട് അവളുടെ പാത്രത്തിലുള്ള പേരക്കയിൽ നിന്നൊരു കഷ്ണമെടുത്തു….

അവൻ അവൾക്ക് നേരെ കുനിഞ്ഞപ്പോൾ അവളുടെ പിൻകഴുത്തിൽ പതിച്ച ശ്വാസത്താൽ അവളൊന്ന് വിറച്ചു….
പെട്ടെന്നുള്ള പ്രവർത്തിയായതിനാൽ അവളുടെ ഞെട്ടൽ മുഖത്ത് പടർന്നിരുന്നു….

നമ്മള് തമ്മിലുള്ള കൂട്ടിൽ വല്ലാത്ത കുശുമ്പാ ചേച്ചിക്ക്…..
റാനി യോടായി രഹസ്യം പോൽ മേഘയത് പറയുമ്പോഴും അത്യാവശ്യം എല്ലാവർക്കും കേൾക്കാനുള്ള ശബ്ദമുണ്ടായിരുന്നു…

റാനി പതിയേ പുഞ്ചിരിച്ചു…

ഡീ….നിനക്കുള്ളത് ഞാൻ തരാം കേട്ടോ…

പറയുന്നതോടൊപ്പം ഹിമയവളെ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു…

എന്നോട് വല്ലാതെ കളിക്കേണ്ട…. മഞ്ചാടി പെറുക്കി കൂട്ടി നിന്റെ ശത്രുവിനെ ഞാൻ വന്ന വഴി തിരിച്ചയക്കും…..

അവൾ കൊഞ്ഞനം കുത്തിയത് പറയുമ്പോൾ റാനിയുടെ മുഖത്തൊരു പരിഭ്രമം മൂടി….

ഹിമ അൽപ നേരം അവനെ തന്നെ നോക്കി…

എന്റെ ശത്രു അങ്ങനെയൊന്നും എന്നെ വിട്ട് പോവില്ല …..
പറഞ്ഞു കൊണ്ടവൾ മുഖം തിരിക്കുമ്പോൾ അവളുടെ ചൊടികളിൽ വിരിഞ്ഞ പുഞ്ചിരിക്ക്‌ അർഥങ്ങൾ പലതായിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഭാഗ്യത്തെ തിരഞ്ഞാണ് റാനി ആ മുറിയിലേക്ക് നടന്നത്…..

എന്നാൽ അടഞ്ഞു കിടന്ന ആ മുറിയുടെ വാതിൽ തുറന്നതും വസ്ത്രം മാറി കൊണ്ടിരിക്കുന്ന ഹിമായെയാണ് കണ്ടത്…

പെട്ടെന്ന് വാതിൽ തുറന്നു വന്ന പരിഭ്രമത്തിൽ അവൾ നിലവിളിച്ചു….. വസ്ത്രങ്ങൾ കൊണ്ട് ശരീരം പൊതിഞ്ഞു പിടിച്ചു…..

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവും മുന്പേ നിലവിളി കേട്ട് എല്ലാവരും അങ്ങോട്ടെത്തിയിരുന്നു….

വസ്ത്രം പൊതിഞ്ഞു നിൽക്കുന്ന ഹിമയെയും ആ മുറിയിൽ നിൽക്കുന്ന റാനിയെയും കണ്ടതും ജയദേവന്റെ ദേഷ്യം ആളികത്തി…..

അയാളുടെ ദേഷ്യം മുഴുവൻ റാനിയുടെ മേൽ കരങ്ങളായി പതിയുമ്പോഴും എല്ലാവരും അയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു…..

റാനി മുറിലേക്ക് പോ…..
മുത്തശ്ശി ആഗ്ന പോലെ പറയുമ്പോഴും തന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല…

ഹിമ ജയദേവനോട് പറയാൻ ശ്രമിക്കുന്നതൊന്നും അയാൾ കേൾക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല…..

റാനി ആർക്കും മുഖം കൊടുക്കാൻ കഴിയാതെ മുറിയിലേക്ക് പോയി….
കണ്ണുകലടച്ചു കിടന്നു…..

ചെയ്യാത്ത തെറ്റിന് തല്ലുമ്പോൾ ശരീരത്തെക്കാളേറെ വേദനിച്ചത് മനസ്സായിരുന്നു…..

അവന്റെ കൺകോണിൽ നിന്നും ഇറ്റ് വീണ കണ്ണുനീർ തുള്ളി കവിളുകളെ തഴുകി താഴേക്കുകടർന്നു വീണു…..

സങ്കടം വരുമ്പോഴൊക്കെ മനസ്സു മുഴുവൻ നിറഞ്ഞു നിന്നത് ഉപ്പാന്റെ മുഖമായിരുന്നു….

എങ്ങോട്ടെങ്കിലും ഓടിപ്പോവാൻ മനസ്സ് കൊതിക്കുമ്പോഴും അവിടെ പിടിച്ചു നിർത്തിയത് അമ്മയുടെ മുഖമായിരുന്നു….

തന്റെ സന്തോഷങ്ങൾക്ക് വേണ്ടി ഒരിക്കലും അമ്മയെ സങ്കടപ്പെടുത്താൻ അവനൊരുക്കമായിരുന്നില്ല…..

(തുടരും )