20/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 25

രചന – ആയിഷ അക്ബർ

അന്നു ഓഫീസിലേക്ക് പോകും വഴിയും അവിടെ എത്തി കഴിഞ്ഞും ചുണ്ടിൽ നിന്നൊരു പുഞ്ചിരി വിട്ട് മാറുന്നേയില്ലായിരുന്നു…

എന്താണത്….

എത്ര ശ്രമിച്ചിട്ടും ആ പ്രകാശം മുഖത്തങ്ങനെ പറ്റി പിടിച്ചിരിക്കുകയാണ്…

വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയത് പോലെ….

ആദിത്യൻ അവനെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു….

ഡാ….

ആദിത്യൻ അവനെ വിളിച്ചപ്പോൾ റാനി ഓർമകളിൽ നിന്നെന്ന പോലൊന്നു ഞെട്ടി….

എന്താടാ….
ആദിത്യൻ വീണ്ടും ചോദിച്ചു….

അവൻ ഒന്നും പറഞ്ഞില്ല…
പക്ഷെ മനോഹരമായൊന്ന് പുഞ്ചിരിച്ചു……

അവൻ തന്റെ കൈ കൊണ്ട് മുഖത്ത് കൂടി ഒന്ന് തലോടി….

അവളുടേ കയ്യിന്റെ ചൂട് അപ്പോഴും തന്റെ കൈകൾക്കുള്ളിൽ പതിഞ്ഞിരിക്കുന്നത് പോലെയവന് തോന്നിയിരുന്നു….

ആദിത്യൻ അവന്റെ കാട്ടി ക്കൂട്ടലുകൾ കണ്ട് നെടു വീർപ്പോടെ അവിടെ നിന്നും നടന്നകന്നു…….

അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്…

ഡിസ്പ്ലേയിൽ തെളിഞ്ഞ ലൈല എന്ന പേര് മനസ്സിൽ പ്രത്യേകിച്ചൊരു വികാരവും നൽകാത്തത് കൊണ്ട് തന്നെ അവൻ ഫോണെടുത്തില്ല….

വീണ്ടും വീണ്ടും റിങ് ചെയ്തപ്പോൾ സൈലന്റ് ആക്കി വെച്ചു….

തന്റെ മനസ്സിപ്പോൾ തന്റെ കൈ പിടിയിലല്ല….

വർഷങ്ങൾക്ക് ശേഷം തന്റെ ഹൃദയത്തിനുള്ളിലെ ഇരുട്ടിലേക്ക് തുളച്ചു കയറിയ വെളിച്ചത്തിന്റെ ആനന്ദത്തിലാണ്….

അന്ന് ഉച്ച വരെയേ ഓഫീസിൽ നിന്നുള്ളു….

വേഗം വീട്ടിലേക്കെത്താൻ തോന്നി…..

എങ്ങോട്ടാടാ…..

ആദിത്യൻ പിറകെ വന്നു ചോദിച്ചു…

വീട്ടിലേക്ക്…..
അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….

ആദിയും ഒന്ന് പുഞ്ചിരിച്ചു…

വീട്ടിലെന്താ വല്ല നിധിയും കിട്ടിയോ നിനക്ക്….

ആദിത്യൻ വീണ്ടുമത് ചോദിച്ചപ്പോൾ റാനി അവനെയൊന്നു നോക്കി…

മ്മ്…. കിട്ടി…. ഏറ്റവും വില പിടിപ്പുള്ളൊരു നിധി…..

അതും പറഞ്ഞവൻ കാറിന്റെ ഡോർ തുറന്നതിലേക്ക് കയറി പോയി….

ആദിത്യൻ അവനെ മനസ്സിലാകാതെ അങ്ങനെ നിന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീടിന്റെ ഗേറ്റ് കടന്ന് അവനെത്തുമ്പോൾ പരിചിതമല്ലാത്തൊരു കാറ് പോർച്ചിൽ സ്ഥാനം പിടിച്ചിരുന്നു….

അവൻ സംശയത്തോടെ ഒന്ന് നോക്കി…

പിന്നെ പതിയേ അകത്തേക്ക് കയറി….

ഹാളിലേക്ക് കടന്നപ്പോഴേ സോഫയിലിരിക്കുന്ന ആളെ കണ്ടതും അവൻ ഒന്ന് കൂടിയൊന്ന് നോക്കി….

അതേ…. ഇതവർ തന്നെയാണ്…
പ്രൊഫസർ റഹീം സർ….

സദസ്സിനെ ഭംഗിയാക്കി സലാം പറഞ് കൊണ്ടവൻ അങ്ങോട്ട് കയറി ചെന്നു….

റാനി…. എത്ര കാലമായി കണ്ടിട്ട്…..

അവർ എഴുന്നേറ്റ് നിന്നവനെ ചേർത്ത് പിടിച്ചു….

അവനും അയാളെ ചേർത്ത് പിടിക്കാൻ മറന്നില്ല…..

ഇവൻ വരയ്ക്കുന്ന ചിത്രങ്ങളിൽ നിന്ന് ജീവനുള്ളതേതാ ഇല്ലാത്തതേതാണെന്ന് എനിക്ക് കണ്ട് പിടിക്കാൻ കഴിഞ്ഞിരുന്നില്ല…..

അയാൾ അന്നത്തെ തന്നേ കുറിച് വാചാലമാക്കുമ്പോഴും താൻ ശ്രദ്ധിച്ചത് അവിടെയിരിക്കുന്ന വല്യു പ്പയുടെയും മറ്റുള്ളവരുടെയും മുഖ ഭാവമായിരുന്നു…

ആരുടെ മുഖത്തും അത്ര തെളിച്ചം പോരാ…

എല്ലാവരും അയാൾക്ക് നേരെ ചിരിച്ചെന്ന് വരുത്തുന്നത് പോലെ….

അവൻ വല്യു പ്പയെ തന്നെ നോക്കി….

ആ മുഖത്തെ തെളിച്ചക്കുറവ് തനിക്ക് പെട്ടെന്ന് മനസ്സിലാവും…

അത് തന്നെ അത്രത്തോളം മുറിപ്പെടുത്തുന്നുണ്ട്….

എന്തായിരിക്കും കാരണം….

അവനോർത്തു….

എങ്കി ഞാനിറങ്ങട്ടെ….
എല്ലാം പറഞ്ഞത് പോലെ…..

രണ്ട് ദിവസം കഴിഞ്ഞാൽ ഹജ്ജ് പെരുന്നാളല്ലേ….
അത് കഴിഞ്ഞ് നിങ്ങളെല്ലാവരും അങ്ങോട്ട് വരു…..

അത്രയും കൂട്ടി ചെർത്ത് വല്യു പ്പാനോട് സലാം പറഞ് പ്രൊഫസർ ഇറങ്ങുമ്പോൾ അവന്റെ മനസ്സിൽ എന്തോ ഒരു അപായ സൂചന തോന്നി….

ചോദ്യങ്ങൾ ഉള്ളിലൊതുക്കി അവൻ അയാളെ കാറ് വരെ അനുഗമിച്ചു…..

നിന്റെ മനസ്സിൽ ഇങ്ങനെയൊക്കെ ഉണ്ടായിരുന്നെങ്കിൽ ആദ്യമേ പറയാമായിരുന്നു….
ഇതിവിടം വരെ കൊണ്ടെത്തിക്കേണ്ടിയിരുന്നില്ല……

അവൻ അകത്തേക്ക് കയറിയതും അക്ബർ മാമന്റെ ചോദ്യമാണ് അവനെ വരവേറ്റത്…..

അവൻ എന്തെന്നു ചോദിക്കാൻ തുടങ്ങിയതും ഓരോരുത്തരായി അകത്തേക്ക് വലിയുന്നത് അവൻ കണ്ടു….

ആരുടെ മുഖത്തും തെളിച്ചമില്ല…..

അവൻ വല്യു പ്പാനെ യൊന്നു നോക്കി…..

പിന്നെ പതിയേ അദ്ദേഹത്തിനരികിലായി ചെന്നിരുന്നു..

നീ വിഷമിക്കേണ്ട…..
എല്ലാവർക്കും പെൺ മക്കളുണ്ടല്ലോ…. അവരിലാരെ യെങ്കിലും നീ നിക്കാഹ് കഴിക്കുമെന്ന് അവരും കരുതി ക്കാണും….
അതിന്റെയൊരു പരിഭവമാണ്……

തന്റെ ദയനീയമായ നോട്ടം കണ്ടിട്ടാവണം വല്യു പ്പ യത് പറഞ്ഞത്…..

അതേ…. സംശയിച്ചത് പോലെ തന്നെയാണ് കാര്യങ്ങളുടെ കിടപ്പെന്നവന് മനസ്സിലായി..

തല വല്ലാതെ പെരുക്കും പോലെ…..

എന്നാലും ആ പ്രൊഫസർ പറഞ്ഞറിയുന്നതിനു മുന്പേ എന്റെ കുട്ടി പറഞ് ഞാനിതറിയണമായിരുന്നു..
ഇതിപ്പോ…..

വല്യു പ്പ എഴുന്നേറ്റ് പോകുന്നതിനിടയിൽ തിരിഞ്ഞു നിന്നത് പറയുമ്പോൾ അതിലൊരു ദുഖത്തിന്റെ ആഴി അലയടിക്കുന്നുണ്ടായിരുന്നു…..

അത്രയേറേ സ്വാതന്ത്ര്യം തന്നിട്ടും മറ്റൊരാൾ പറഞ് തന്റെ കാര്യങ്ങൾ അറിയേണ്ടി വന്നതിന്റെ എല്ലാ പ്രയാസവും ആ മുഖത്തങ്ങനെ തെളിഞ്ഞു കിടപ്പുണ്ട്…..

അവൻ പതിയേ തല കുനിച്ചു….

അതല്ലാതെ മറ്റൊന്നും തനിക്ക് ചെയ്യാനില്ലെന്ന് അവനറിയാമായിരുന്നു……

അവൻ വേഗം ഫോണുമെടുത് പുറത്തേക്ക് നടന്നു….

മുറ്റത്തിന്റെ ഒരു കോണിൽ എത്തിയിട്ടാണ് അവൻ ലൈലയുടെ നമ്പർ ഡയൽ ചെയ്തത് …..

എത്ര നേരമായി ഞാൻ വിളിക്കുന്നു…. നീ എവിടെയായിരുന്നു റാനി….

ഫോൺ എടുത്തപ്പോഴേ ലൈലയുടെ പരിഭവത്തിന്റെ സ്വരമായിരുന്നു കേട്ടത്…..

എന്തിനാ…. എന്തിനാ സാറിനെ പറഞ്ഞയച്ചത്….

അവന്റെ ചോദ്ധ്യത്തിൽ ഗൗരവം കലർന്നിരുന്നു…

നമ്മുടെ നിക്കാഹിനേ കുറിച് നിന്റെ വീട്ടിൽ സംസാരിക്കാൻ….
അബ്ബായോട് നിന്നെ കുറിച് പറഞ്ഞപ്പോഴേ ആൾക്ക് ഓക്കേ ആയിരുന്നു….

ലൈലയത് പറയുമ്പോൾ വാക്കുകളിൽ സന്തോഷം നിറഞ്ഞു നിന്നിരുന്നു….

നീ…. നീയെന്ത് പണിയാ കാണിച്ചത്….. നിനക്കതിനു മുന്പേ എന്നോടൊന്നു പറയാമായിരുന്നില്ലേ….

അവൻ പെട്ടെന്ന് അവളോട് ദേഷ്യപ്പെട്ടു…

അതെന്താ റാനി…. നീ…. നീ സമ്മതിച്ചിട്ട് തന്നെയല്ലേ ഞാൻ….
പിന്നെ പറയാൻ വേണ്ടി വിളിച്ചപ്പോൾ നീ ഫോണും എടുത്തില്ല…..

അവളുടേ വാക്കുകൾ പെട്ടെന്ന് ദുഖത്തിന്റെ കൂട്ട് പിടിച്ചു…..

അവനൊന്നു നെടു വീർപ്പിട്ടു….
ഒന്നുറക്കെ കരയാൻ തോന്നിയിരുന്നവന്….

ലൈലാ…. എനിക്ക് നിന്നോടൊന്നു സംസാരിക്കണം….

അവൻ ദുഃഖം കടിച്ചു പിടിച്ചാണത് പറഞ്ഞത്….

പറഞ്ഞോ…..

അവളിൽ ആകാംഷ തിങ്ങി….

ഫോണിലൂടെ പറ്റില്ല…. നമുക്ക്…. നമുക്ക് നേരിട്ടൊന്ന് കാണാം….

അവൻ അത്രയേറെ പിരി മുറുക്കത്തോടെയാണ് പറഞ്ഞിരുന്നതെങ്കിലും അവന്റെ വാക്കുകൾ അവളിൽ വല്ലാത്തൊരു ആനന്ദത്തിനിടം നൽകിയിരുന്നു…..

എനിക്കും നിന്നെ കാണാൻ കൊതി തോന്നുന്നുണ്ട് റാനി….
ഞാൻ നിന്റെ അടുത്തേക്ക് ഓടി വരുമായിരുന്നു….
പക്ഷെ ഇപ്പൊ ഞാൻ യാത്രയിലാണ്…..
ഞാനും ഉമ്മയും ഉമ്മാന്റെ നാട്ടിലേക്ക് പോകുകയാ….
ഇത്തവണ അവിടെയാണ് പെരുന്നാള്……

അവളത് പറയുമ്പോൾ അവൻ നെറ്റിയിലൊന്നുഴിഞ്ഞു…

എപ്പോ തിരികേ വരും….
അവൻ പ്രതീക്ഷയോടെ യാണ് ചോദിച്ചത്….

പെരുന്നാള് കഴിഞ്ഞിട്ട്…
അത് കഴിഞ്ഞ് വന്നു…..

അവൾ വീണ്ടും എന്തൊക്കെയോ പ്രണയാധുരമായി പറയാൻ തുടങ്ങിയപ്പോഴേക്കും അവൻ വേഗം ഫോൺ കട്ട് ചെയ്തിരുന്നു……

അവന് എന്ത് ചെയ്യണമെന്നറിയാതൊരു അവസ്ഥ യായിരുന്നു…..

അന്നു ഹിമയോടുള്ള ദേഷ്യം തീർക്കാനാണ് ലൈലയുമായുള്ള വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞത്….
അത് കഴിഞ്ഞ് അവളെ പറഞ് മനസ്സിലാക്കാമെന്നാണ് കരുതിയത്….

എന്നാൽ അവളിൽ നിന്ന് ഇങ്ങനെയൊരു നീക്കം താൻ പ്രതീക്ഷിച്ചതെയല്ല….

ഹിമ ഇപ്പോൾ തന്റെ ഭാര്യ യാണെന്ന് അറിയുമ്പോൾ അവളെങ്ങനെ പ്രതികരിക്കുമെന്നെനിക്കറിയില്ലെങ്കിലും പറയാതിരിക്കാൻ തനിക്ക് പറ്റില്ല…..

അവളുടേ അബ്ബാക്ക് ഞാനാണെന്ന് പറഞ്ഞപ്പോഴേ പിടിച്ചുവത്രെ….

അവന് അയാളോട് പുച്ഛം തോന്നി….

അവിടെ യുണ്ടായിരുന്ന സമയത്ത് അവളുടേ മകൾക്ക് എന്നോടുള്ള താല്പര്യം അറിഞ് അവളിൽ നിന്നും നീ ദൂരെ പോകണമെന്ന് തന്നോട് നേരിട്ട് വന്നു പറഞ്ഞ ആളാണ്‌…..

ലൈല അതിന്നും അതറിഞ്ഞിട്ടില്ല….

തനിക്കവളോട് പ്രത്യേകിച്ചൊരു ഇഷ്ടം തോന്നാത്തത് കൊണ്ട് തന്നെ അയാള ത് പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല…

എന്നാൽ ഇന്ന് അയാൾക് തന്നെ ബോധിച്ചുവത്രെ….
അന്നത്തെ പോലെ ദരിദ്രനായ റാനി യല്ലല്ലോ ഞാനിന്ന്…..

അവർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ബന്ധമാണ് പുത്തൻ പുരക്കൽ വീട്ടിൽ സുലൈമാൻ സാഹിബുമായിട്ടുള്ളത്….ഇക്കാണുന്ന സ്വത്തിന്റെയെല്ലാം ഒരേയൊരു അവകാശിയായ ഹാഷിം റാനിയെ അയാൾക്ക് മരുമകനാക്കാൻ സമ്മതമാണത്രെ….
അവൻ പുച്ഛതാലൊന്ന് ചിരിച്ചു….

കഷ്ടം…
എല്ലാവർക്കും സ്വത്ത്‌ മതി…
അവൻ ഫോൺ എടുത്ത് വെച്ച് കൊണ്ട് അകത്തേക്ക് നടന്നു….

അപ്പോഴും.അവന്റെ മനസ്സ് അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു……

(തുടരും)