രചന – ആയിഷ അക്ബർ
പറഞ്ഞാലും തീരാത്ത അമ്മയുടെ നാടിനെയും വീടിനെയും കുറിച്ചുള്ള വാക്കുകളിൽ നിറഞ്ഞു നിന്ന ഓർമകളത്രയും അവൻ നേരിട്ട് ആസ്വദിച്ചറിയുന്നുണ്ടായിരുന്നു…..
അമ്മ പറഞ്ഞു കേൾക്കുമ്പോൾ മനസ്സിൽ വരച്ചു ചേർത്ത ചിത്രങ്ങളെക്കാൾ ഒത്തിരി മനോഹരമായിരുന്നു അവയെല്ലാം…..
അതിലൊന്നായിരുന്നു തറവാട്ടു പറമ്പിലെ കുളം….
നാലുപാടും മരങ്ങളും ചെടികളും അതിനിടയിൽ നീല നിറത്തിൽ തെളിഞ്ഞ വെള്ളത്തെ തന്റെ നെഞ്ചോട് ചേർത്ത് അഭിമാനത്തോടെ നിൽക്കുന്ന കുളവും അവന് കൗതുകമായിരുന്നു…..
അവയിലേക്കുള്ള കല്പടവുകളിലൂടെ അവൻ പതിയെ ഇറങ്ങി…….
തണുത്ത വെള്ളത്തിൽ കാലുകൾ തൊട്ടതും തണുപ്പിരച്ചെത്തിയത് അവന്റെ ഹൃദയത്തിലേക്കായിരുന്നു…
ഒത്തിരി നേരം ഒരു കുഞ്ഞു മത്സ്യത്തെ പോലെ അവൻ നീന്തി തുടിച്ചു…. അവന്റെ കണ്ണുകളിൽ അപ്പോൾ നിഷ്കളങ്കത മാത്രമായിരുന്നു…..മനസ്സിലുള്ള ഭാരങ്ങളെയെല്ലാം അവൻ ആ വെള്ളത്തിന്റെ ആഴങ്ങളിൽ ഒളിപ്പിച്ചു…..
കുളി കഴിഞ്ഞു ദേഹമാകെ തോർത്തു മുണ്ടിൽ പൊതിഞ്ഞു കൊണ്ട് കല്പടവുകളിലൂടെ കയറുമ്പോഴാണ് മുമ്പിലായി ഹിമ നിൽക്കുന്നതവൻ കണ്ടത്…..
അവളുടെ കണ്ണുകളിലെ തീയവനെ പാടേ ഇല്ലാതാകുന്നത് പോലെ തോന്നിയിരുന്നവന്…..
ശെരിയാണ്… സംഭവിച്ചത് തെറ്റാണ്…. തന്റെ മനസ്സിന്റെ വീർപ്പു മുട്ടലിൽ പറ്റിപ്പോയൊരു തെറ്റ്…. എന്നാൽ അതാലോചിച്ചു താനും വിഷമിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ അവൾക്കൊരിക്കലും വിശ്വസിക്കാൻ കഴിയില്ല…. കാരണം റാനിയിവിടുത്തെ അഭയാർത്തിയാണല്ലോ….
അവന്റെ കണ്ണുകളിൽ ഒരു തരം നിസ്സംഗത നിറഞ്ഞു നിന്നു….
അവളെ കണ്ടതും ഓരോന്നാലോചിച്ചു കാലുകൾ നിശ്ചലമായത് പോലും അവനപ്പോഴാണറിഞ്ഞത്…
എന്നാൽ അവൾ അവനിലേക്ക് ഇറങ്ങി വരുമ്പോൾ അവനെന്തോ ഒരു ഭയം പോലെ തോന്നിയിരുന്നു……
അവൻ അവളുടെ മുഖത്തേക്ക് നോക്കി….
മനോഹരമായ ആ മുഖത്തെ വെള്ളാരം കണ്ണുകൾക്ക് വല്ലാത്തൊരു വശ്യത തോന്നി…
അവസാനം നീയെന്റെ കാൽക്കീഴിലേക്ക് തന്നെ വന്നു അല്ലെ….
മുഖം മനോഹരമാണെങ്കിലും അവളുടെ വാക്കുകൾ ഹൃദയത്തെ കീറി മുറിക്കാൻ കഴിവുള്ളതായിരുന്നു…..
അവനൊന്നും മിണ്ടിയില്ല….
അത്രയും ആളുകളുടെ മുമ്പിൽ വെച്ച് എന്നെ അപമാനപ്പെടുത്താൻ മാത്രം ഞാൻ ചെയ്ത തെറ്റൊന്നു പറഞ്ഞു തരണം മിസ്റ്റർ ഹാഷിം റാനി സർ…..
അക്ഷരങ്ങൾക്ക് കടുപ്പം കൂട്ടി അവളത് പറഞ്ഞു നിർത്തുമ്പോഴും തിരിച്ചൊന്നും പറയാനില്ലാത്ത പോലവൻ നിശബ്ദനായി……
അത്രയും വലിയ ഹാളിനെ നടുക്കാൻ തക്ക ശബ്ദ ഗാഭീര്യമുള്ള ഹാഷിം റാനിയുടെ ശബ്ദം എന്താണിപ്പോൾ പുറത്തേക്ക് വരാത്തത്….
അവളുടെ ചൊടികളിൽ പുച്ഛം നിറഞ്ഞു നിന്നു….
ഞാൻ…..
അവൻ പറഞ്ഞു തുടങ്ങും മുന്പേ അവൾ കയ്യുയർത്തി…..
ഈ ശബ്ദം എനിക്ക് അത്രമേൽ അസ്സഹനീയമാണ്….
വീണ്ടും കേൾക്കുമ്പോൾ ആ ദിവസത്തേക്ക് എന്നെ കൂട്ടി കൊണ്ട് പോകുന്നു….
എല്ലാവരുടെയും മുമ്പിൽ ഞാൻ അപമാനിക്കപ്പെട്ടത് വീണ്ടും വീണ്ടും ഓർത്തു പോകുന്നു…….
അവളുടെ ഉള്ളിലെ സങ്കടം മിഴികളിൽ കാണുന്നത് പോലെ തോന്നിയവന്…..
ഇതോടെ തീരുന്നില്ല ഒന്നും…. ഹിമയെ നീയറിയാൻ പോവുന്നതേയുള്ളു….
അവന് നേറെ നിന്നത് പറഞ്ഞു കൊണ്ടവൾ തിരിച്ചു നടക്കുമ്പോൾ അവളുടെ നീളൻ മുടിയിഴകൾ അവന്റെ മുഖത്തേക്ക് പാറി വീണിരുന്നു…. അവിടം വീശുന്ന കാറ്റിനു മുഴുവനപ്പോൾ ആ മുടിയിഴകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാച്ചെണ്ണയുടെ മണമായി തോന്നിയവന്…..
പിന്നീടുള്ള ദിവസങ്ങളിൽ മുഴുവൻ അവളെ കാണുമ്പോൾ അവൻ ഒഴിഞ്ഞു മാറി തന്നെ നടന്നു…..
അവളുടെ കണ്ണുകളിലെ ദേഷ്യം കാണാൻ കഴിയാനിട്ട് തന്നെയാണ് കണ്ണുകളിലേക്ക് നോട്ടം കൊടുക്കാതെ തല താഴ്ത്തി നടന്നത്…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അത്യാവശ്യം ഉയരമുള്ള ആ മരച്ചുവട്ടിൽ കുനിഞ്ഞിരുന്നു മഞ്ചാടി പെറുക്കുന്ന മേഘ അരികിലായി വന്നു നിന്ന കാലുകളുടെ അവകാശിയിലേക്ക് തലയുയർത്തി നോക്കി……
മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന റാനിക്ക് പകരം ഒരു കുഞ്ഞു പുഞ്ചിരി മാത്രം നൽകി വീണ്ടും അവൾ അവളുടെ ജോലി തുടർന്നു….
ഒരു പത്തു പന്ത്രണ്ട് വയസ്സ് കാണും അവൾക്ക്….
നീളം കുറഞ്ഞ കട്ടിയുള്ള മുടി ഭംഗിയായി മെടഞ്ഞു വെച്ചിട്ടുണ്ട്……
ചിരിക്കുമ്പോൾ ചിമ്മുന്ന കുഞ്ഞി കണ്ണുകൾ അവളുടെ ഭംഗി കൂട്ടിയിരുന്നു…..
അവൻ അവൾക്കരികിലായി കുനിഞ്ഞിരുന്നു….
അവൾ എന്തിനെന്ന വണ്ണം അവനെ നോക്കി….
ചുരുട്ടി പിടിച്ച അവന്റെ കൈകളെ അവൻ വിടർത്തിയതോടൊപ്പം അവളുടെ മുഖവും വിടർന്നിരുന്നു…..
അവന്റെ കൈകളിലെ മഞ്ചാടി മണികൾ അവൻ അവളുടെ കൈകളിലെ പാത്രത്തിലേക്കിട്ട് കൊടുക്കുമ്പോൾ അവൾ പുഞ്ചിരിച്ചു കൊണ്ടവനെ നോക്കി…..
മേഘ….. അവൾ കയ്യവന് നേറെ നീട്ടി…
റാനി….
ഏറെ സന്തോഷത്തോടെ അവളുടെ കൈകളെ അവൻ കൈപിടിയിലാക്കി…
ഇവിടെ വന്നു കിട്ടിയ ആദ്യത്തെ സൗഹൃദം പോലെ തോന്നിയവന്….
ഈ മഞ്ചാടി എന്തിനാ സൂക്ഷിച്ചു വെക്കുന്നത്….
അവളുടെ കൂടെ പെറുക്കാൻ സഹായിക്കുമ്പോഴാണ് റാനിയത് ചോദിച്ചത്…..
അവൾ പെറുക്കുന്നത് നിർത്തി കൊണ്ട് അവനെ നോക്കി….
അവളുടെ മുഖത്ത് വല്ലാത്തൊരു ഗൗരവം കടന്നു പിടിച്ചു…..
ഒരു ആഗ്രഹം മനസ്സിൽ വിചാരിച്ചു കൊണ്ട് മഞ്ചാടി ശേഖരിച്ചാൽ മുവ്വായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് മഞ്ചാടി എണ്ണം കൂടുന്നത്തിനു മുന്പേ ആ ആഗ്രഹം നിറവേറും….
കുനിഞ്ഞിരിക്കുന്ന അവനിലേക്ക് വന്നു അവനോട് ചേർന്ന് സ്വകാര്യമായി അവളത് പറയുമ്പോൾ എന്തോ വലിയൊരു കാര്യം പറഞ്ഞത് പോലൊരു ഭാവമായിരുന്നു….
അത് കണ്ടതും അവന് ചിരി പൊട്ടി…..
അവൻ മനസ്സ് തുറന്നു പൊട്ടിച്ചിരിച്ചു…..
കണ്ണുകളടച്ചു ചിരി കടിച്ചമർത്തി അവളെ നോക്കുമ്പോൾ ചുണ്ടുകൾ കൂർപ്പിച്ചു കൊണ്ട് അവളവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….
കളിയാക്കേണ്ട…. ഇത് സത്യമാണ്….. ഇത് പോലെ കളിയാക്കിയതാ എന്റെ ചേച്ചി…. ഹിമ മഹേഷ്വരി….
അവൾ പുച്ഛം കൊണ്ട് ചിറി കോട്ടി….
അവളുടെ പേര് കേട്ടതും അവന്റെ ഹൃദയത്തിൽ എന്തോ ഒരു പ്രകമ്പനം…
എന്നിട്ടിപ്പോ എന്തായി….
അവൾ അവന് നേറെ നിന്നു ചോദിച്ചു….
എന്തായി…. അവൻ കണ്ണുകൾ വിടർത്തി കണ്ണുകളിൽ അത്ഭുതം നിരത്തി വെച്ച് ഇരുന്നു…
ചേച്ചിക്കൊരു ശത്രുവുണ്ട്…. ചേച്ചി ഈ ലോകത്ത് ഏറ്റവും വെറുക്കുന്ന ഒരാൾ…. അയാളെ ചേച്ചിക്ക് മുമ്പിൽ ഒരു തവണ എത്തിച്ചു തരാൻ പറ്റുമോന്ന് ചോദിച്ചു…..
എത്തിച്ചു കൊടുത്തു എന്റെ മഞ്ചാടികൾ…..
അവളുടെ ചൊടികളിൽ വല്ലാത്തൊരു അഭിമാന തിളക്കം…..
ആരാ ചേച്ചിക്ക് ഇത്ര വലിയ ശത്രു….
അതോ….. ഞങ്ങളെ ഇവിടെ നിന്നങ്ങനെ പുറത്തോട്ടൊന്നും വിടാറില്ല…. ഒരു ദിവസം കൂട്ടുകാരികളോടൊത്ത് കറങ്ങാൻ പോവാൻ ചേച്ചി വാശി പിടിച്ചു…..
പട്ടിണി കിടന്നു പിണക്കം കാട്ടിയുമെല്ലാം ചേച്ചി അതിനുള്ള അനുവാദം വാങ്ങിയെടുത്തു…..
അത്രയേറെ സന്തോഷത്തോടെ പോയതായിരുന്നു പാവം….
അവളുടെ മുഖത്ത് സഹതാപം നിറഞ്ഞു….
അവൻ ആകാംക്ഷയോടെ ആ വാക്കുകൾക്ക് കാതോർത്തു….
ഏതോ ഒരു എക്സിബിഷനിൽ നിന്നും കൈ തട്ടി അറിയാതെ ഒരു ചിത്രം താഴെ പോയതിനു ഒരു അഹങ്കാരി ചേച്ചിയെ ഒരുപാട് വഴക്ക് പറഞ്ഞു….
അവന്റെ തൊണ്ടയിലെ വെള്ളം വറ്റുന്നത് പോലെ തോന്നി….
അവൾ തന്നെ കുറ്റപ്പെടുത്തി സംസാരിക്കുകയാണെന്നവന് തോന്നിപ്പോയി…..
അവൻ വെട്ടി വിയർക്കുന്നുണ്ടായിരുന്നു..
തിരിച്ചു വരുമ്പോൾ ചേച്ചി ആകെ സങ്കടത്തിലായിരുന്നു…. ആറ്റു നോറ്റ് കിട്ടിയ യാത്ര സങ്കടത്തിലാക്കിയ അവൻ ചേച്ചിയുടെ കൺ കണ്ട ശത്രുവായി മാറി…..
ലോകത്തിന്റെ ഏതോ കോണിൽ കിടക്കുന്ന അവനെ ഇവിടെ എത്തിക്കാൻ എന്റെ മഞ്ചാടിക്ക് കഴിയില്ലായെന്നു വിചാരിച്ചു വെല്ലുവിളിച്ചതാ എന്നെ…..
എന്നാൽ ആ ശത്രുവിനെ ചേച്ചി വീണ്ടും കണ്ടു….
അവൾ അവന്റെ മുഖത്തേക്ക് നോക്കി…..
അവൻ ദയനീയ ഭാവത്തിൽ അവളെ നോക്കി……
അത്…. അതാരായിരുന്നു…. ചോദിക്കുമ്പോൾ അവന്റെ വാക്കുകൾക്ക് വിറയൽ ബാധിച്ചിരുന്നു…..
അതറിയില്ല…. ചേച്ചി കണ്ടുവെന്ന് മാത്രം പറഞ്ഞു…..
അവന് ശ്വാസം നേറെ വീണതപ്പോഴായിരുന്നു….അവളാരോടും ഒന്നും പറഞ്ഞിട്ടില്ലെന്നത് അവനിൽ ആശ്വാസത്തിനു ജന്മം നൽകി…..
ഇപ്പൊ വിശ്വാസമായോ മഞ്ചാടിയുടെ ശക്തി….
അവൾ ഗൗരവത്തോടെ ചോദിക്കുമ്പോൾ അവന്റെ മുഖത്തൊരു തരം ദയനീയത നിറഞ്ഞു….
മഞ്ചാടിയല്ല മറിച് തന്റെ അവസ്ഥയാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് അവളോട് പറയാൻ തോന്നിയവന്……
വേറെന്താ ചേച്ചി അയാളെ പറ്റി പറഞ്ഞത്…..
അവൻ വീണ്ടും ചോദിച്ചു….
ആള് വിചാരിച്ച പോലത്ര ദുഷ്ടനോന്നുമല്ലാ…. ഒരു പാവമാന്നു പറഞ്ഞു….
അപ്പോൾ ഹൃദയത്തിൽ നിറഞ്ഞു നിന്ന ആ വികാരത്തിനുള്ള പേരവന്റെ കയ്യിലുണ്ടായിരുന്നില്ല….
എന്തെന്നറിയാത്ത…. എന്തിനെന്നറിയാത്ത ഒരു തരം സന്തോഷം…..
അവന്റെ ചൊടികളിൽ മനോഹരമായൊരു പുഞ്ചിരി തെളിഞ്ഞു….
അല്ലാ…. ചേച്ചിക്ക് ശത്രുവിനെ കിട്ടാനാ…. മേഘ മോൾക്ക് എന്ത് കിട്ടാനാ ഈ പെറുക്കി കൂട്ടുന്നത്……
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സങ്കടം വല്ലോം നിങ്ങൾക്കറിയുമോ….അവൾ നെടുവീർപ്പിട്ടു….
ഒരു പരീക്ഷക്ക് വേണ്ടി പെറുക്കി തുടങ്ങി അത് കഴിയുമ്പോഴേക്കും അടുത്ത പരീക്ഷ…..
ക്ലാസ്സിൽ എന്നെക്കാൾ മുമ്പിൽ നിൽക്കുന്ന അഖിലെന്റെ താഴെയായി വരണം അടുത്ത പരീക്ഷയിൽ അതിനാണ് ഇപ്പൊ പെറുക്കുന്നത്…..
അവൾ കണ്ണിറുക്കി കാണിച്ചു…..
അതിനീ പെറുക്കുന്ന നേരം കൂടി പഠിച്ചാൽ മതി…..
അവനവളുടെ തോളിലൂടെ കൈ ചേർത്ത് പിടിച്ചു നടന്നു……
(തുടരും )

by