രചന – കാർത്തിക ശ്രീ
രാവിലെ നേരത്തെ തന്നെ അഖി അമ്പലത്തിൽ പോകാനായി വാമിയുടെ വീട്ടിൽ എത്തി..
“മോൾ എന്താ ഇത്ര നേരത്തെ?? ”
“എന്റെ ജാനകി അമ്മേ.. അമ്പലത്തിൽ നേരത്തെ പോയാലല്ലേ പായസം കിട്ടു..”
“ഇങ്ങനൊരു പായസക്കൊത്തി… നാളെ ഞാൻ വെച്ചുതരാട്ടോ നിന്റെ ഇഷ്ടപ്പെട്ട അടപ്രഥവൻ ”
“എന്റെ സ്വീറ്റ് ജനുട്ടി..”
കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മയും കൊടുത്ത് അഖി വാമിയുടെ മുറിയിലേക്ക് നടന്നു…
കുളികഴിഞ്ഞു മുടി പിന്നുമ്പോഴാണ് അഖി വാമിയുടെ റൂമിലേക്ക് കയറിയത്..
“നീ ഇനിയും റെഡി ആയില്ലേ??”
“ആയല്ലോ.. എന്ന പോയാലോ???”
“ഒരു മിനിറ്റ്.. എന്താ നിനക്ക് ഇന്നലെ പറ്റിയെ?? ഇത്ര പേടിച്ചു കരയാൻ മാത്രം എന്ത് സ്വപ്നമാണ് നീ കണ്ടത്?? ”
“അതുപിന്നെ.. അല്ലെങ്കിൽ വേണ്ട.. നീ വാ.. അമ്പലത്തിൽ തൊഴുതു കഴിഞ്ഞു പറയാം.. ”
“ഉറപ്പാണല്ലോ.. എങ്കിൽ വാ ”
ഹാളിൽ എത്തുമ്പോൾ അച്ഛൻ പേപ്പർ വായിക്കുന്നുണ്ട്.. അച്ഛാ ഞങ്ങൾ പോയി വരാം എന്നും പറഞ്ഞു വാമിയും അഖിയും വീടിന്റെ അരികിൽ ഉള്ള വയലിലൂടെ നടന്നു..
“വാമി.. ആകാശേട്ടൻ വരുന്നുണ്ട് അടുത്ത മാസം ആദ്യം.. ഏട്ടന്റെ ട്രെയിനിങ് കഴിഞ്ഞു ഒരു മാസം ലീവ് ഉണ്ട്.. പോസ്റ്റിങ്ങ് എവിടെയാണെന്ന് എന്നിട്ടേ അറിയൂ..”
“അതെയോ.. കോളടിച്ചല്ലോ.. ഇനി രണ്ടു പേരുടെയും ഇടയിൽ പെട്ട് ഞാൻ ഒരു വഴിയാകുമല്ലോ ദൈവമേ…”
“ഡി വേണ്ടാട്ടോ.. ”
“അച്ചോടാ.. ഏട്ടൻ വരുന്നെന്നു പറയുമ്പോൾ പെണ്ണിന് നാണം.. നിനക്ക് ഈ ഒരു വികാരം ഉണ്ടോ??? ”
“മതി മോള് എന്നെ വാരിയത്.. ഏട്ടൻ വരട്ടെ.. അപ്പോൾ വരേണ്ട നാണം ഞാൻ ഒന്ന് പ്രാക്ടീസ് ചെയ്തതാ ”
“മ്മ്.. ഇങ്ങനെ പോയാൽ എന്തൊക്കെ ഞാൻ കാണണം??”
അമ്പലത്തിൽ എത്തിയപ്പോൾ സംസാരം നിർത്തി രണ്ടുപേരും വഴിപാട് കൗണ്ടറിന്റെ അടുത്തേക്ക് നടന്നു…
“അല്ല മോളെ ഈ പതിവ് നിനക്ക് ഇല്ലാത്തതാണല്ലോ ”
“ഇങ്ങനൊക്കെ അല്ലെ പതിവുണ്ടാകുന്നെ???”
പിന്നീട് അവൾ പറയുന്ന പേര് കേട്ട് അഖി ഒന്ന് ഞെട്ടി… റാം അന്ന് പറഞ്ഞപ്പോൾ തമാശയായി താൻ തള്ളിക്കളഞ്ഞ കാര്യം സത്യമായിരിക്കുന്നു…
തൊഴുത്തിറങ്ങി അമ്പലത്തിലെ കുളപ്പടവിൽ ഇരിക്കുമ്പോൾ എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് വാമിക്ക് ഒരു ഊഹവും ഇല്ലായിരുന്നു…
“വാമി നിനക്ക് അജുവേട്ടനെ ഇഷ്ടമാണോ?? കുറച്ചു മുൻപേ വഴിപാട് ചേട്ടന്റെ പേരിൽ കഴിപ്പിച്ചതിന്റെ അർത്ഥം???”
“എനിക്ക് അറിയില്ലെടാ.. പക്ഷേ അന്ന് ഞാൻ പാട്ട് പാടി കഴിഞ്ഞപ്പോൾ മുന്നിൽ വന്ന അർജുനേട്ടന്റെ മുഖം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് .. അന്ന് മുതൽ ഓരോ ദിവസവും ചേട്ടനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി… ഒരു വാക്ക് മിണ്ടിയില്ലെങ്കിലും കാണാതിരിക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങലാണ് … അടുത്തെവിടെയെങ്കിലും ചേട്ടൻ ഉണ്ടെങ്കിൽ, ഞാൻ അറിയാതെ തന്നെ എന്റെ നെഞ്ചിടിപ്പ് ഉയരാറുണ്ട് .. ഇതുവരെ ഞാൻ അറിയാത്ത ഒരു അനുഭൂതി എന്നിൽ നിറയാറുണ്ട്..”
ഇത്രയൊക്കെ പറയുമ്പോൾ വാമിയുടെ കണ്ണിലെ തിളക്കം.. മുഖത്തെ സന്തോഷം എല്ലാം ഒപ്പിയെടുക്കുകയായിരുന്നു അഖി…
“വാമി.. Do u love him????”
പ്രണയം അതാണോ എനിക്ക് അർജുനേട്ടനോട് ?? കണ്ട നാൾ മുതൽ മനസ്സിൽ പതിഞ്ഞ മുഖം … അറിയാതെ പോലും ഞാൻ ആഗ്രഹിക്കുന്ന സാമിപ്യം…
“ഞാൻ ഈ പറഞ്ഞതൊക്കെയാണ് പ്രണയമെങ്കിൽ അതേ ഈ വാമികയ്ക്ക് സഖാവ് അർജുനോട് പ്രണയമാണ് ”
“പക്ഷേ വാമി നീ കരുതുംപോലെ ചേട്ടൻ നിന്നെ സ്നേഹിക്കും എന്ന് തോന്നുന്നുണ്ടോ??? ഇത് അവസാനം നിനക്ക് വേദന മാത്രമേ നൽക്കൂ.. ”
“അർജുനേട്ടൻ എന്നെ സ്നേഹിക്കണം എന്ന് ഞാൻ പറയില്ലെടാ.. പക്ഷേ എനിക്ക് സ്നേഹിക്കാല്ലോ… എന്റെ പ്രണയം അതെന്നിൽ ഒതുങ്ങിക്കോട്ടെ… ഒരിക്കലും ഈ പ്രണയം പറഞ്ഞു ഞാൻ ആളുടെ മുന്നിലേക്കും പോകില്ല… പക്ഷേ എന്റെ ജീവിതാവസാനം വരെയും എന്റെ ആദ്യത്തെയും അവസാനയത്തെയും പ്രണയം അത് അർജുനേട്ടൻ ആയിരിക്കും… പിന്നെ നീ പറഞ്ഞ ആ വേദനക്ക് ഒരു സുഖമല്ലേ…”
“പക്ഷേ വാമി..ഇത് എവിടെ ചെന്ന് അവസാനിക്കും?? അർജുനേട്ടന് വേറെ ആരോടെങ്കിലും ഇഷ്ടമുണ്ടോ എന്ന് നമുക്ക് അറിയില്ലല്ലോ.. തുടക്കത്തിൽ ആയതുകൊണ്ട് നിനക്ക് ഈ ഇഷ്ടം മറക്കാൻ പറ്റും.. പിന്നെ അതിന് പറ്റിയെന്നു വരില്ല.. ”
“കൂടുതൽ നീ ഒന്നും പറയല്ലേ അഖി… മറക്കാൻ ശ്രമിച്ചിട്ടും കൂടുതൽ ഹൃദയത്തിൽ പതിഞ്ഞ മുഖമാണ് ചേട്ടന്റേത്.. ഈ പ്രണയം അത് എന്റെ മാത്രമാണ്… എന്നിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒന്ന്… ”
“നിന്നോട് ഞാൻ എന്താ പറയുക… ഞാൻ എന്നും നിനക്കൊപ്പം ഉണ്ടാകും..ഞാൻ മാത്രമല്ല നിന്റെ പ്രണയം ആദ്യം മനസിലാക്കിയ ഒരാള് കൂടി ഉണ്ട്..”
വാമിക്ക് അതൊരു ഞെട്ടലായിരുന്നു.. താൻ ഇന്ന് വരെ ആരോടും ഇത് പറഞ്ഞിട്ടില്ല… പിന്നെ അതാരാണ്???
“നീ കൂടുതൽ ആലോചിച്ചു ബുദ്ധിമുട്ടണ്ട.. തിരിഞ്ഞു നോക്ക് ആൾ അവിടെയുണ്ട് ”
അഖി പറഞ്ഞു പിന്നിലേക്ക് നോക്കിയ വാമി കാണുന്നത് തന്നെ നോക്കി നിൽക്കുന്ന റാമിനെ ആണ്…
“റാം ഞാൻ…”
” ഒന്നും പറയണ്ട… അന്ന് ചെയർമാനായി അർജുനേട്ടനെ നോക്കിയ നിന്റെ കണ്ണിൽ ഞാൻ കണ്ടിരുന്നു മറ്റൊരു ഭാവം.. പിന്നീട് നിന്നെ ശ്രദ്ധിച്ച എനിക്ക് ആ പ്രണയം മനസിലായിരുന്നു.. നിന്റെ ചെറിയ മാറ്റങ്ങൾ എനിക്കും മനസിലാകൂടോ.. അത് ഞാൻ ഇവളോട് പറഞ്ഞപ്പോൾ ഒരു തമാശയായി തള്ളിക്കളഞ്ഞു ”
റാമിന്റെ വാക്കുകൾക്ക് വാമി മറുപടി പറഞ്ഞത് അവനെ കെട്ടിപ്പിടിച്ചു കൊണ്ടായിരുന്നു…
ഡി ഞാനും എന്ന് പറഞ്ഞു അഖിയും അതിനുള്ളിൽ നുഴഞ്ഞു കയറി..
” ഈ ഒരു കാര്യം നമ്മൾ മൂന്നുപേരിൽ മാത്രം നിന്നാൽ മതി… വേറെ ആരോടും പറയരുത്… പവിയോട് ഒരിക്കൽ ഞാൻ തന്നെ പറഞ്ഞോളാം ”
” ശരി വാമി.. പക്ഷേ അതിനു മുന്നേ നീ ഇന്നലെ എന്തിനാ കരഞ്ഞേ എന്ന് പറ ???
ചോദ്യം കേട്ടപ്പോൾ വാമി അരികിലുള്ള അഖിയെ തറപ്പിച്ചു നോക്കി..
” നീ അവളെ നോക്കണ്ട.. രാവിലെ ഞാൻ അമ്മാവന്റെ വീട്ടിൽ വരുന്ന കാര്യം പറയാൻ വിളിച്ചപ്പോൾ പറഞ്ഞതാണ്.. നിന്നെ വിളിച്ചു കിട്ടിയില്ലായിരുന്നു… നീ അർജുൻ ചേട്ടന്റെ കാര്യം അവളോട് പറയുമ്പോൾ ആണ് ഞാൻ ഇവിടെ എത്തിയെ.. പറയുന്ന നീ എന്നെ കണ്ടില്ലെങ്കിലും കേൾക്കുന്ന അവൾ എന്നെ കണ്ടിരുന്നു…ഇനി പറ എന്തായിരുന്നു സ്വപ്നം?? ”
“ചോദിക്കാൻ എന്തിരിക്കുന്നു റാം അത് അർജുനേട്ടന് എന്തെങ്കിലും അപകടം വന്നതായിരിക്കും കണ്ടത്… അമ്പലത്തിൽ വഴിപാട് കക്ഷിയുടെ പേരിൽ കഴിപ്പിച്ചപ്പോഴേ എനിക്ക് മനസിലായിരുന്നു. ബാക്കി ഇവൾ പറഞ്ഞപ്പോൾ അത് ഉറപ്പായി.അല്ലെടീ??”
” മ്മ്.. അത് ആലോചിക്കുമ്പോൾ ഇപ്പോഴും എനിക്ക് കൈയും കാലും വിറക്കുവാണ്.. ”
” അതൊരു സ്വപ്നം അല്ലെ വാമി.. വിട്ടേക്ക് ഒന്നും ഇല്ലെങ്കിലും കണ്ണേട്ടനെ ഇത്രയും സ്നേഹിക്കുന്ന ഒരാളുടെ പ്രാർത്ഥന ഉള്ളപ്പോൾ എന്തു സംഭവിക്കാനാണ്.. ”
“കണ്ണേട്ടൻ????”
“ഓ… അത് പറയാൻ മറന്നു.. നാട്ടിലും വീട്ടിലും അർജുനേട്ടൻ കണ്ണൻ ആണ്… കോളേജിൽ മാത്രമാണ് അജുയെട്ടൻ..”
“കണ്ണേട്ടൻ” ആ പേര് മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു വാമി
“വാമി.. കണ്ണേട്ടൻ ചെറുപ്പം മുതൽ കഷ്ടപ്പാടിലാണ് വളർന്നത്… അതുകൊണ്ട് തന്നെ പ്രണയം ഒന്നും ചേട്ടന്റെ ജീവിതത്തിൽ ഉണ്ടാകാൻ സാധ്യത ഇല്ല..നല്ല നിലയിൽ ആയാൽ ചിലപ്പോൾ ചേട്ടന്റെ അച്ഛൻ അമ്മയും കണ്ടുപിടിക്കുന്ന പെണ്ണിനെ കല്യണം കഴിക്കുമായിരിക്കും… ഈ പ്രണയം നിനക്ക് വേദനായിരിക്കും മോളെ.. വേണോ അത്???”
“നേരത്തെ ഞാൻ അഖിയോട് പറഞ്ഞതെ എനിക്ക് പറയാനുള്ളു… ഇത് എന്റെ പ്രണയമാണ്… അതിന്റെ അവസാനം വേദനയാണെങ്കിൽ ഞാൻ നിറഞ്ഞ മനസോടെ സ്വീകരിക്കും..മറക്കാൻ മാത്രം പറയല്ലേടാ…”
ഇനിയൊന്നും വാമിയോട് പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അവർക്ക് മനസിലായി.. അത്രയും ആഴത്തിൽ അർജുവേട്ടൻ അവളിൽ നിറഞ്ഞിട്ടുണ്ട്…
ദിവസങ്ങൾ മാറി മറയുമ്പോഴും അർജുൻ അവളുടെ പ്രാണനായി മാറിയിരുന്നു …. അവൻ പോലും അറിയാതെ അവൾ പ്രണയിക്കുമ്പോൾ അഖിക്കും റാമിനും മനസിൽ നിറഞ്ഞത് അവളെ ഓർത്തുള്ള പേടിയായിരുന്നു…
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
കാത്തിരിക്കാം…

by