19/04/2026

മാംഗല്യം : ഭാഗം 10

രചന – അയിഷ അക്ബർ

ട്ടിലിനിറുവശവുമായി ചേർന്ന് കിടക്കുമ്പോൾ രണ്ട് പേരുടെ ഹൃദയവും എന്തിനെന്നറിയാതൊരു ഭാരം പേറിയിരുന്നു…. താനിവിടം വിട്ട് പോകും വരെയുള്ള ഒരു നില നിൽപ്പ് മാത്രമായിരുന്നു അവൾക്ക് വിവി… തന്റെ ശ്വാസത്തിൽ പോലും അവനെന്ന ചിന്ത കടന്ന് വരരുതെന്നു താൻ അതിയായി ആഗ്രഹിച്ചിരുന്നു….. എന്തെന്നാൽ അവനുമായുള്ള ആ ബന്ധതെയാണ് താനെന്തിനേക്കാളും വെറുക്കുന്നത്….. അച്ഛനും അമ്മയും അകന്നു കാണാൻ അത്രയേറെ ആഗ്രഹിച്ച ഒരു മകളുടെ മനസ്സിൽ അടിഞ്ഞു കൂടിയ ഭയത്തിന്റെ ശേഷിപ്പാവാം അതൊരുപക്ഷെ…… എന്നാൽ…..പ്രണയമെന്ന വികാരം അവൾക്ക് വേണ്ടി തന്റെ മനസ്സിൽ കടന്നു കൂടിയിട്ടില്ലെങ്കിൽ കൂടി തനിക്കുള്ളിൽ അവൾക്ക് നൽകിയൊരു സ്ഥാനമുണ്ടായിരുന്നു….

തന്റെ ഭാര്യെയെന്ന സ്ഥാനം…. തന്നെ വിട്ട് അകന്നു പോകും വരെയും തന്റെ അനുവാദം കൂടാതെ ഹൃദയം അവളെ ആ സ്ഥാനത് കാത്തു വെച്ചിരിക്കുകയാണ്….. അത് കൊണ്ടായിരിക്കാം അവളുടെ ഉള്ളിൽ അടിഞ്ഞു കൂടിയ ആ പ്രണയത്തെ ഓർത്തു മനസ്സ് ഇത്രമാത്രം വേദനിക്കുന്നത്….. അവൾ സ്നേഹിച്ചവനായത് കൊണ്ട് തന്നെയായിരിക്കാം ആ വിവാഹം മുടങ്ങിയപ്പോഴുള്ള അമർഷം അവളിൽ നിറഞ്ഞു കാണുന്നത്….. ഇനീയൊരു പക്ഷെ അവൾ തന്നിൽ നിന്നകന്നു പോകുന്നതും അവനടുത്തേക്ക് തന്നെയായിരിക്കുമോ.. അവന്റെ ഹൃദയത്തിലേ നോവിനാഴം കൂടുന്നത് അവനറിഞ്ഞിരുന്നു…..

ഏട്ടത്തിക്ക് മൈലാഞ്ചി ഇടണോ …. നഖത്തിൽ ഈർക്കിൽ കൊണ്ട് കോരിയെടുത് മൈലാഞ്ചിയിട്ടു കൊണ്ടിരിക്കുമ്പോഴാണ് ദേവു മീരയോടത് ചോദിക്കുന്നത്….. മൈലാഞ്ചിയോ…. ഇതോ… അവൾ കളിയാക്കിയെന്ന വണ്ണം ചിരിച്ചു…. ഇതാണ് ശെരിക്കും മൈലാഞ്ചി….. മൈലാഞ്ചിയില അരച്ചെടുത്തതാ…. ദേവു അത് പറഞ്ഞ് കൊണ്ട് മൈലാഞ്ചിയിടുന്നതിൽ ശ്രദ്ധ കൊടുത്ത് കൊണ്ടിരുന്നു…. മീര ദേവുവിനാരികത്തായിരുന്നു….. വേണോ…. കൗതുകത്തോടെ നോക്കിയിരിക്കുന്ന മീരയോട് ദേവു വീണ്ടും ചോദിച്ചു…. മീര കൈ രണ്ടും ദേവുവിന് നേരെ നീട്ടി…… ദേവു വെറുതെ ചോദിച്ചതാണെങ്കിലും മീരയുടെ ആ പ്രതികരണം അവൾക്ക് നന്നേ ബോധിച്ചിരുന്നുവെന്ന് അവളുടെ പുഞ്ചിരിയിൽ നിന്ന് മീരക്കും തോന്നി…. വിവി താഴെക്കിറങ്ങി വരുമ്പോൾ ദേവുവിനോടൊപ്പം മൈലാഞ്ചിയിടുന്ന മീരയെ കണ്ട് അവനത്ഭുതം തോന്നി….. എങ്കിലും അവളെ കണ്ട ഭാവം നടിക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് മീര മുറിയിലേക്ക് നടന്നു…. മൈലാഞ്ചിയിട്ട വിരലുകൾ അകന്ന് പിടിച്ചു കൊണ്ട് അവൾ ഫോണെടുത്തു…. എവിടെയായിരുന്നു മീരാ…. എത്ര നേരമായി ഞാനടിക്കുന്നു…… മറു തലക്കൽ ആനിയുടെ പരിഭവം…. ഞാൻ താഴെ ദേവൂനൊപ്പം മൈലാഞ്ചിയിടുകയായിരുന്നു…. ഞാൻ ഇപ്പോഴാ കേട്ടത്….. മീര സാധാരണമായി അത് പറയുമ്പോൾ ആന്നിയൊന്നു ചിരിച്ചു…. അവൾ ചിരിക്കുകയാണെന്ന് തോന്നിയത് കൊണ്ട് തന്നെ എന്തിനെന്ന ഭാവം മീരയിൽ വന്നു….. അവൾ ഇവൾ… എന്നൊക്കെ പറഞ്ഞിരുന്ന അവരെല്ലാം നിനക്ക് സ്വന്തമായി തുടങ്ങിയോ മീരാ….. നീയും അവരുടെ ലോകത്തേക്ക് ഒതുങ്ങിപ്പോയോ….. ആന്നിയത് ചോദിക്കുമ്പോൾ മീരക്ക് വല്ലാത്തൊരു പ്രയാസം തോന്നി….. താനും അവരുടെ ലോകത്തേക്ക് ചേക്കേറുകയാണോ…. അതോ അവരെന്നിലേക്ക് ആഴ്ന്നിറങ്ങുകയോ….. അവൾക്ക് പിന്നീടൊന്നും പറയാൻ തോന്നിയില്ല….. അവൾ ഫോൺ കട്ട്‌ ചെയ്ത് കട്ടിലിലേക്ക് ചാഞ്ഞു……

അവൾ പോകുന്നവളാണെങ്കിൽ പിന്നേ നീയെന്തിനാ അവളെയോർത്തിങ്ങനെ സങ്കടപ്പെടുന്നതെന്ന് എനിക്കറിയുന്നില്ല വിവി…. ഹരി ദേഷ്യത്തോടെ പറയുമ്പോൾ അവനോടെന്ത് മറുപടി പറയണമെന്ന് വിവിക്കറിയില്ലായിരുന്നു…. ശെരിയാണ്….. അവൾക്ക് വേണ്ടി തന്റെ ഹൃദയം ഒരു നോവിനെ പേറേണ്ട ആവശ്യമില്ലെങ്കിൽ കൂടി അനുവാദം കൂടാതെ ഹൃദയം അവളെയോർത് വിങ്ങുന്നു….. നിന്റെ നാവിറങ്ങിപ്പോയൊ… അവൾക്ക് നീയെന്നത് ഒരു താൽക്കാലികമായ അഭയം മാത്രമാണ്…. ചിലപ്പോൾ അവൾ പോകുമെന്ന് പറയുന്നത് അവനോടൊപ്പമാണെങ്കിലോ….. ഹരിയത് പറയുമ്പോൾ തലക്ക് പിറകിൽ കൈ വെച്ചു പാറമേൽ കിടന്നിരുന്ന വിവി എഴുന്നേറ്റിരുന്നു….. അവന്റെ ഹൃദയം എന്തിനോ ശക്തിയിൽ മിടിച്ചു കൊണ്ടിരുന്നു…. അവൾ പോകുകയോ വരികയോ എന്ത് വേണമെങ്കിലായിക്കോട്ടെ…. നീയിനി മേലാൽ അവളെ കുറിച്ചോർത്തു സങ്കടപ്പെടുന്നത് കാണാൻ പാടില്ല…. കേട്ടല്ലോ…. അങ്ങനെയൊരാൾ നിന്റെ ഭാര്യയായി വന്നിട്ടുണ്ടെന്ന് കണക്കാകുകയേ വേണ്ട…. ഹരി ദേഷ്യത്തോടെയത് പറയുമ്പോൾ തന്നോടുള്ള സ്നേഹത്തിൽ നിന്നാണെന്ന് വിവിക്ക് വ്യകതമായറിയായിരുന്നു…

മീര താഴെക്കിറങ്ങി വരുമ്പോൾ കണ്ട കാഴ്ച നോക്കി അവൾ അവസാന പടിയിൽ തന്നെ അൽപ നേരം നിന്നു……. കയ്യിൽ മൈലാഞ്ചിയിട്ടിരിക്കുന്ന ദേവുവിന് ഭക്ഷണം വായിൽ കൊടുക്കുന്ന ജാനകി… അവളുടെ ചൊടിയിലൊരു ചെറു പുഞ്ചിരി വിരിഞ്ഞു…. ഇത്രയധികം സ്നേഹവും വാത്സല്യവും ലഭിക്കാൻ അവസരം കിട്ടിയ ദേവു എത്ര ഭാഗ്യവതിയാണെന്നവളോർത്തു…. മൈലാഞ്ചി കളഞ്ഞോ… പെട്ടെന്ന് മീരയെ കണ്ടതും ദേവു ചിരിച്ചു കൊണ്ട് ചോദിച്ചു… അവളൊരു ഓർമയിൽ നിന്നെന്ന പോലുണർന്ന് മൈലാഞ്ചി കൈകൾ അവൾക്ക് നേരെ നീട്ടിക്കാണിച്ചു…. മോള് ഭക്ഷണം കഴിച്ചായിരുന്നോ…. ജാനകിയത് ചോദിക്കുമ്പോൾ അവൾ പ്രതീക്ഷയോടെ ഇല്ലെന്ന് തലയാട്ടി….. തന്നെയും അവർ വിളിക്കുമെന്ന ഒരു പ്രതീക്ഷയോ അതോ വിളിക്കണമെന്ന ആഗ്രഹമോ എന്തോ ഒന്ന് അവളിൽ നിറഞ്ഞു നിന്നത് അവളറിയുന്നുണ്ടായിരുന്നു….. അപ്പോ കഴിച്ചു കഴിഞ്ഞല്ലെ ഇതൊക്കെ കയ്യിലാക്കുക…..

ഇനിയിതുണങ്ങി എപ്പോ കഴിക്കാനാണ്…. വാ…. ഇവിടിരിക്ക്‌….. ജാനകി ചെറു ശാസനയോടെ വിളിച്ചതും ഈ വിവാഹത്തിലൂടെ കിട്ടിയവരെയെല്ലാം വെറുക്കുന്ന മീര പോകരുതെന്ന് ഉള്ളിൽ നിന്നു പറയുമ്പോഴും ഇത് പോലെ സ്നേഹത്തോടെയുള്ള ഊട്ടലുകൾക്കും വാത്സല്യതോടെയുള്ള നോട്ടങ്ങൾക്ക് വേണ്ടി കൊതിച്ചിരുന്ന ആ കുഞ്ഞ് മീര യാന്ത്രികമായി അവളെ അവരിലേക്കെത്തിച്ചു….. അവൾ ദേവുവിനരികിലായിരുന്നു… അപ്പോഴാണ് വിവിയങ്ങോട്ട് കയറി വരുന്നത്….. അവർക്കെതിരെയുള്ള തിണ്ണയിൽ അവനുമിരുന്നു.. ജാനകി മീരക്ക് നേരെ ഭക്ഷണം നീട്ടി… അവൾ വാങ്ങില്ലെന്ന് തീർച്ചയുള്ളത് കൊണ്ട് തന്നെ അമ്മക്കതൊരു പ്രയാസാമാവില്ലേയെന്നൊരു സങ്കടം അവനിൽ തെളിഞ്ഞു….. എന്നാൽ അവനെ പാടെ ഞെട്ടിച്ചു കൊണ്ട് അവളാ ഉരുള വായിൽ വാങ്ങി…. വിവി കണ്ട കാഴ്ചയിൽ കണ്ണുകളെ വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നെങ്കിലും ദേവുവിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല….

കാരണം അവൾ മീരയെ മനസ്സിലാക്കി തുടങ്ങിയിരുന്നു….. മീരയും അമ്മയും തമ്മിലുള്ള ഇടപഴകലിൽ നിന്ന് തന്നെ അവൾക്ക് കിട്ടാതെ പോയ ഒരു മാതൃ സ്നേഹത്തിന്റെ നീറ്റൽ അവളിൽ ഒളിഞ്ഞു കിടക്കുന്നതായി അവൾക്ക് തോന്നിയിരുന്നു….. ജാനകി വായിൽ കൊടുക്കുന്ന ഭക്ഷണം മുഖ ഭാവങ്ങളെതുമില്ലാതെയാണ് അവൾ കഴിച് തീർത്തതെങ്കിലും അവളുടെ ഹൃദയം ആനന്ദത്തിന്റെ കൊടുമുടിയിലായിരുന്നു… മതി…. എന്നു പറഞ്ഞ് കഴിക്കൽ നിർത്തുമ്പോഴും ഒരിക്കലും മതിയാവാത്ത ഒരു ഭക്ഷണമായി അതിനെ അവൾക്ക് തോന്നി…. വയറിനെക്കാൾ മനസ്സിനെ നിറക്കാൻ കഴിവുള്ള ഒരു ഭക്ഷണം….. ഭക്ഷണം കഴിച്ചു കൈ കഴുകി മുകളിലേക്ക് പോകുമ്പോൾ നിറഞ്ഞ മിഴികൾ ആരും കാണാതിരിക്കാൻ പാട് പെടുന്ന അവളെ വിവി കാണുന്നുണ്ടായിരുന്നു…. അവളെ മനസ്സിലാക്കാനാകാതെ വിവി നിന്നു..

മോളേ മീരാ….. ഒന്നിങ്ങു വരൂ….. ആരാണ് വന്നിരിക്കുന്നതെന്ന് നോക്കു….. ജാനകി താഴെ നിന്നും വിളിച്ചതും അവൾ പെട്ടെന്ന് തിരിഞ്ഞപ്പോൾ ഇടിച്ചു നിന്നത് വിവിയുടെ ദേഹത്തായിരുന്നു….. അവൾ കണ്ണുകലുയർത്തി അവനെ നോക്കി…. അവന്റെ കണ്ണുകളിൽ തന്റെ മിഴികൾ കൊരുക്കുന്നത് തനിക്ക് ഭയമാണ്…. കാരണം അവന്റെ മിഴികളൊരു പക്ഷെ തന്നെ കീഴ്പ്പെടുത്തുമോയെന്ന് തനിക്ക് പേടിയുണ്ട്…. അവൾ വേഗം മിഴികൾ താഴ്ത്തി താഴേക്ക് നടന്നു…. അവിടെ കണ്ടവരെ നോക്കി അവളൊന്ന് പുഞ്ചിരി ച്ചു….. അവരെ പ്രതീക്ഷിച്ചിരുന്നെന്ന പോൽ….. (തുടരും )