രചന – ശരണ്യ
വീട്ടിൽ എത്തിയ ഉടൻ പാർക്കിൽ വയ്ച്ചു നടന്നത് എല്ലാം ആതിര വർഷയോട് പറഞ്ഞു… ആഹാ..അത് ഏതായാലും നന്നായി… എല്ലാത്തിനും സമാധാനപരമായ ഒരു അവസാനം ഉണ്ടായല്ലോ… അല്ല എന്നിട്ട് നമ്മുടെ ആനി മോൾ എവിടെ…?? അവൾ മേഴ്സിയാന്റിയോട് സംസാരിക്കുവാ… അവിടെ ഇരുന്ന് തന്നെ ആന്റിയെ വിളിക്കാമെന്ന് പറഞ്ഞപ്പോൾ ഞാനാ പറഞ്ഞത് വീട്ടിൽ പോയിട്ട് വിളിച്ചാൽ മതിയെന്ന്… മ്മ്… മേഴ്സിയമ്മേ… അന്റോച്ചൻ ഇന്ന് എന്നെ കാണാൻ വന്നിരുന്നു… ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിച്ചു…എന്ന് കരുതി പെട്ടെന്ന് ഒരു ദിവസം കഴിഞ്ഞത് എല്ലാം മറന്ന് അപ്പനായി കാണാൻ എന്നെ കൊണ്ട് കഴിയില്ല… വർഷങ്ങൾ പഴക്കുമുള്ള ഒരുപാട് മുറിവുകൾ ഇല്ലേ…അത് എല്ലാം പെട്ടെന്ന് ഉണങ്ങില്ലല്ലോ…. മോളെ ആനീ…നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും…
ഇത് വരെ ഇല്ലായിരുന്ന ഒന്ന് പെട്ടെന്ന് രൂപപ്പെടുത്തി എടുക്കാൻ ഞാൻ പറയില്ല മോളെ..അതിന് പറ്റില്ല.. എനിക്കറിയാം.. അതെ മേഴ്സിയമ്മേ… ഇച്ചായൻ അദ്ദേഹത്തെ വിളിക്കുന്നത് അന്റോച്ചൻ എന്ന് അല്ലേ..അത് പോലെ ഇനി മുതൽ ആന്റണി കുരിശിങ്കൽ എന്ന മനുഷ്യൻ എനിക്കും അന്റോച്ചൻ ആണ്..ഇച്ചായന്റെ ആന്റിയുടെ ഭർത്താവ്… അത് മതി…എന്നെ അതെ പറ്റൂ…അല്ലാതെ അപ്പൻ എന്ന് വിളിക്കാൻ എനിക്ക് കഴിയില്ല… മതി മോളെ… അദ്ദേഹത്തോട് ക്ഷമിക്കാനുള്ള മനസ്സ് നീ കാണിച്ചല്ലോ… അത് മതി… ഇനി രണ്ടുപേരും വഴക്ക് ഒന്നും ഉണ്ടാക്കരുത്…സംഭവിച്ചു പോയതിനെ ഓർത്ത് അന്റോച്ചന് നല്ല വിഷമമുണ്ട്…
അതിനേക്കാൾ വിഷമം മേഴ്സിയമ്മ കാണിക്കുന്ന അകൽച്ച കാരണമാണ്… അത് പോലെ മേഴ്സിയമ്മയും അന്റോച്ചനെ പറ്റി ഓർത്ത് സങ്കടപെട്ടാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത് എന്ന് എനിക്ക് അറിയാം..തെറ്റ് പറ്റാത്ത ആരാ ഉള്ളത്..?? അത് കൊണ്ട് എല്ലാം പറഞ്ഞ് തീർത്ത് രണ്ടുപേരും സന്തോഷത്തോടെ ഇരിക്കണം… ഞാൻ അവിടേക്ക് വരുമ്പോൾ കാണുന്നത് രണ്ടുപേരുടെയും ചിരിച്ച മുഖമായിരിക്കണം..കേട്ടോ… ഇനി മക്കൾ ഇല്ലെന്ന സങ്കടം വേണ്ട…ഒരു മകളായി ഞാൻ ഉണ്ടാകും…അപ്പച്ചനോട് എല്ലാം ഞാൻ പറഞ്ഞോളാം… ഇല്ലെങ്കിൽ അന്റോച്ചൻ അങ്ങോട്ട് വരുമ്പോൾ ചിലപ്പോൾ ആള് കിടന്ന് ദേഷ്യപ്പെടും.. ശരി..മോളെ.. സന്തോഷത്തോടെ ഫോൺ കട്ട് ചെയ്ത ശേഷം അവർ തന്റെ മടിയിൽ തല വയ്ച്ചു കിടക്കുന്ന എബിയെ നോക്കി ചിരിച്ചു…
എന്താ മേഴ്സിക്കുട്ടീ…സന്തോഷമായില്ലേ…? പോടാ ചെക്കാ… നീ എന്നാ മോളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരുന്നത്…ഇനിയും എന്തെങ്കിലും തടസ്സം ഉണ്ടോ…?? ഉണ്ടല്ലോ… ഞാൻ ജോലിക്ക് കയറിയിട്ട് ഇപ്പോൾ കുറച്ചു മാസമല്ലേ ആയിട്ടുള്ളൂ…ഒരു വർഷം കഴിഞ്ഞാലേ എനിക്ക് അവിടുന്ന് ഇറങ്ങാൻ പറ്റു…ട്രെയിനിങ് പിരീഡിനിടയ്ക്ക് ഞാൻ മതിയാക്കി വന്നാൽ കോംപെൻസേഷൻ കൊടുക്കേണ്ടി വരും..വെറുതെ എന്തിനാ ബുദ്ധിമുട്ടുന്നത്..ഒരു വർഷത്തെ കാര്യമല്ലേ ഉള്ളൂ..അത് മാത്രമല്ല… ആനിയ്ക്കും പെട്ടെന്ന് അവിടുത്തെ ജോലി കളഞ്ഞിട്ട് ഇങ്ങു വരാൻ പറ്റില്ല… നീ എന്താ പറഞ്ഞു വരുന്നത്…??? ഒരു വർഷത്തെ എന്റെ ട്രെയിനിങ് പിരീഡ് കഴിയുമ്പോൾ ഞാൻ അവിടുന്ന് ഇറങ്ങും… എന്റെ ഒപ്പം വേറെ ഒരാൾ കൂടി ഇല്ലേ… അവർ അവന് ജോലി കൊടുക്കട്ടെ..
നീ വീണ്ടും അപ്പച്ചന്റെ ഒപ്പം കൂടുമോ…? ഇല്ലല്ലോ… എനിക്ക് വേറെ കുറച്ചു പ്ലാൻസ് ഉണ്ട്…ഈ ഒരു വർഷം പെട്ടെന്ന് അങ്ങ് പോകില്ലേ… അത് കഴിഞ്ഞ് ഞാനും എന്റെ ആനിക്കൊച്ചും ബാംഗ്ലൂർ തന്നെ സെറ്റിൽ ആകാൻ പോകുവാ.. അവിടെ ആദർശിന്റെ കമ്പനിയിൽ ഞാനും ഇൻവെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു… വൈശാഖിനും ആദർശിനും സമ്മതമാണ്… എന്നിട്ട് ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ച് ഒരിടത്ത്..ഞാനും വൈശാഖും ആദർശും മാത്രമേ ഇപ്പോൾ അറിഞ്ഞിട്ടുള്ളൂ.. ആനിയോട് ഒന്നും പറഞ്ഞിട്ടില്ല..അവൾക്ക് ഒരു സർപ്രൈസ് ആണ്… എന്തൊക്കെയാ നീ പറയുന്നത്..??? ബാംഗ്ലൂർ സെറ്റിൽ ആകുകയോ..? ആനിയ്ക്ക് അവിടെ നിൽക്കാൻ ആണ് കൂടുതൽ താല്പര്യം..പിന്നെ ഞാൻ നോക്കിയപ്പോൾ എന്ത് കൊണ്ടും അതാണ് നല്ലത് എന്ന് തോന്നി…
എന്തൊക്കെ പറഞ്ഞാലും അവൾക്കും എല്ലാവരെയും ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകും..അത് പോലെ അവളെ ഫേസ് ചെയ്യാനും…ഞാൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു മേഴ്സിയമ്മേ..അതിന് ഒരു മാറ്റവും ഇല്ല…വൈശാഖ് താമസിക്കുന്ന അപാർട്മെന്റിൽ തന്നെ ഒരു ഫ്ലാറ്റിന് ഞാൻ അഡ്വാൻസും കൊടുത്തു.. അപ്പച്ചനോടും അമ്മച്ചിയോടും എല്ലാം പറയണം..സമയമാകട്ടെ..പറയാം… അത് വരെ നമ്മൾ രണ്ടുപേരും മാത്രം അറിഞ്ഞാൽ മതി…പിന്നെ ഇനി ഇത് ഓർത്ത് വിഷമിക്കണ്ടാ..ഞങ്ങൾ എന്നന്നേക്കുമായി ആരെയും വിട്ട് പോകുവല്ല…ഇടയ്ക്ക് ഇടയ്ക്ക് ഇവിടെയും ചെറുവയ്ക്കലിലും ഞങ്ങൾ വരും… അപ്പോൾ എല്ലാവരും ഹാപ്പിയാകും..പിന്നെ എന്നെങ്കിലും ബാംഗ്ലൂർ ലൈഫ് മടുത്തെന്ന് തോന്നിയാൽ ഞങ്ങൾ ഇവിടേക്ക് തന്നെ തിരികെ പോരും..
എന്തിനാ എബീ ഇതൊക്കെ…?? നീ പോയാൽ ഇവിടെ ആരാ…?? ഇച്ചായന് വയ്യാതെ ഇരിക്കുവല്ലേ… അയ്യട..അപ്പച്ചന് ഒരു കുഴപ്പവും ഇല്ല… പിന്നെ ഇവിടെ അന്റോച്ചൻ ഉണ്ട്…. മേഴ്സിയമ്മ ഉണ്ട്…അതൊക്കെ പോരാഞ്ഞിട്ട് പറ്റിയ ഒരാൾ കൂടെ വരുന്നുണ്ട്… ആര്…?? അത് സർപ്രൈസ്…നേരിട്ട് കാണുമ്പോൾ അറിഞ്ഞാൽ മതി… എന്നാലും അത് ആരായിരിക്കും… വെയിറ്റ് ആൻഡ് സീ… *
ആനി ജോസഫിനെ വിളിച്ച് ആന്റണിയുടെ കാര്യം സംസാരിച്ചു..തന്റെ പെങ്ങളെ വഞ്ചിച്ചുവെന്ന് പറഞ്ഞ് ആദ്യം അയാൾ കുറെ ദേഷ്യപ്പെട്ടു…പക്ഷെ പിന്നീട് ആനി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ആന്റണിയോട് വെറുപ്പും വിധ്വേഷവും കാണിക്കുന്നതിൽ കാര്യമില്ലെന്ന് അയാൾക്കും തോന്നി… മേഴ്സിയ്ക്കും ആനിയ്ക്കും അയാളോട് പൊറുക്കാൻ കഴിയുമെങ്കിൽ പിന്നെ താൻ മാത്രം എന്തിനാണ് ദേഷ്യം കാണിക്കുന്നത് എന്ന ചിന്ത ജോസഫിന്റെ ദേഷ്യത്തെ അപ്പാടെ മാറ്റി…ആന്റണി വീട്ടിലേക്ക് വന്നാൽ അയാളോട് വഴക്കിന് ഒന്നും പോകരുതെന്നും എല്ലാം പറഞ്ഞു തീർത്ത് എല്ലാവരും പഴയ പോലെ സന്തോഷത്തോടെ കഴിയണം എന്നുമുള്ള ആനിയുടെ ആവശ്യം ജോസഫ് സന്തോഷത്തോടെ അംഗീകരിച്ചു…
കാളിംഗ് ബെൽ കേട്ട് വാതിൽ തുറന്നത് മേഴ്സിയായിരുന്നു..മുന്നിൽ നിൽക്കുന്ന ആന്റണിയെ കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു…അവർ അയാളെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി…ആ കാഴ്ച്ച കണ്ടുകൊണ്ട് റൂമിന് പുറത്തേക്ക് വന്ന ജോസഫ് അവരോട് എന്തോ പറയാൻ തുടങ്ങിയതും എബി അയാളെ തടഞ്ഞു.. അപ്പച്ചാ..അവർക്ക് പറയാൻ ഉള്ളത് എല്ലാം അവർ ഭാര്യയും ഭർത്താവും പറഞ്ഞു തീർക്കട്ടെ…കുറച്ചു സമയം അവരെ ഒറ്റയ്ക്ക് വിടൂ… എബി പറഞ്ഞത് കേട്ട് ജോസഫ് തിരികെ റൂമിലേക്ക് പോയി..എബി അമ്മച്ചിയെയും കൂട്ടി കിച്ചനിലേക്കും… പിന്നീട് അവിടെ കരച്ചിലും ക്ഷമ ചോദിക്കലും ഏറ്റ് പറച്ചിലുകളുമായിരുന്നു… മേഴ്സിയോട് സംസാരിച്ച ശേഷം ജോസഫിനെ കാണാനായി ആന്റണി അയാളുടെ റൂമിലേക്ക് ചെന്നു.. രണ്ടുപേർക്കും സംസാരിക്കാൻ നല്ല മടിയായിരുന്നു…
ആദ്യത്തെ ആ സ്റ്റാർട്ടിങ് ട്രബിൾ മാറ്റാനായി എബി അവർക്ക് ഇടയിലേക്ക് ചെന്നു…പിന്നെ അങ്ങോട്ട് രണ്ട് പേരും പഴയ പോലെ അളിയനും അളിയനും ആയി മാറുകയായിരുന്നു… അങ്ങനെ ഒരു രാത്രിയിൽ നഷ്ടപ്പെട്ട ആ പഴയ സന്തോഷം പാറക്കുന്നേൽ തറവാട്ടിലേക്ക് വീണ്ടും തിരിച്ച് വന്നു… രാത്രി ആഹാരം കഴിക്കുന്നതിടയിൽ അവർ എല്ലാവരും ചേർന്ന് എബിയുടെയും ആനിയുടെയും വിവാഹക്കാര്യത്തെ പറ്റി സംസാരിച്ചു…ഉടൻ തന്നെ പള്ളിയിൽ വയ്ച്ച് ഒരാഘോഷമായി അവരുടെ വിവാഹം നടത്തണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം…ജോസഫ് അവരുടെ വിവാഹ കാര്യത്തെ പറ്റി സംസാരിക്കുവാണെങ്കിലും എബി അതൊന്നും ശ്രദ്ധിക്കാതെ ആഹാരം കഴിച്ചു കൊണ്ടേയിരുന്നു. എന്താ നീ ഒന്നും മിണ്ടാത്തത്…?? അതോ എല്ലാം ഞങ്ങൾ മുതിർന്നവർ തീരുമാനിക്കട്ടെ എന്നാണോ…?? അല്ലല്ല…നിങ്ങൾ എല്ലാം സംസാരിച്ചു കഴിഞ്ഞിട്ട് ഞാൻ സംസാരിക്കാം എന്ന് വിചാരിച്ചു…
ഞാൻ ആനിയുടെ കഴുത്തിൽ ഇപ്പോൾ തന്നെ രണ്ട് തവണ മിന്ന് ചാർത്തി…ഒരിക്കലും അവളുടെ കഴുത്തിൽ നിന്ന് കെട്ടിയ മിന്ന് അഴിച്ചെടുക്കേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല…പക്ഷെ സംഭവിച്ചു പോയി… പിന്നെ ആദ്യത്തേത് അവളുടെ എതിർപ്പിനെ വകവയ്ക്കാതെ കെട്ടിയത് ആണല്ലോ…പക്ഷെ രണ്ടാമത്തെ തവണ അവളുടെ പൂർണ സമ്മതത്തോടെയാണ് ഞാൻ അവളുടെ കഴുത്തിൽ മിന്ന് കെട്ടിയത്..ഇനി അത് അവളുടെ കഴുത്തിൽ നിന്ന് മാറില്ല…ആനി എന്റെ ഭാര്യയാണ്…അവൾ നാട്ടിൽ എത്തിയാൽ ഉടൻ ഞങ്ങൾ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യും..അത് അല്ലാതെ ഇനി ഒരിക്കൽ കൂടി എന്റെ ഭാര്യയെ എനിക്ക് വിവാഹം ചെയ്യാൻ വയ്യ…ഇത് എന്റെ മാത്രം തീരുമാനം അല്ല.. ആനിയുടെ കൂടിയാണ്… കരുണാലയത്തിലെ കുഞ്ഞുങ്ങൾക്ക് അവളെ കൊണ്ട് കഴിയുന്ന രീതിയിൽ എന്തെങ്കിലും സഹായങ്ങൾ ചെയ്യണമെന്ന് ആനി എപ്പോഴും പറയും..അപ്പച്ചൻ കരുണാലയത്തിലേക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നുണ്ട്..
അത് അറിയാം… അപ്പോൾ ഞങ്ങൾ തീരുമാനിച്ചത് എന്തെന്ന് വയ്ച്ചാൽ എല്ലാ മാസവും ഞങ്ങൾ രണ്ടുപേരുടെയും സാലറിയിൽ നിന്ന് ഒരു അമൗണ്ട് അവിടുത്തെ കുട്ടികളുടെ പഠിത്തതിന് വേണ്ടി നീക്കി വയ്ക്കുക..എൻട്രൻസിൽ നല്ല റാങ്ക് ഉണ്ടായിരുന്നിട്ടും എൻജിനീയറിങ് വേണ്ട വേറെ എന്തെങ്കിലും കോഴ്സ് ചെയ്തോളാം എന്ന് പറഞ്ഞിരുന്ന ആനിയെ അപ്പച്ചൻ സ്‌പോൺസർ ചെയ്തില്ലേ..അത് പോലെ പഠിക്കാൻ കഴിവുള്ള കുഞ്ഞുങ്ങൾക്ക് ഞങ്ങളുടെ വക ഒരു സഹായം..എന്റെ ഭാര്യയുടെ ആഗ്രഹമാണ് ഇത്..ഇപ്പോൾ എന്റെയും.. അത് കൊണ്ട്…ഈ സഭ പിരിച്ചു വിട്ടേക്ക്… പിന്നെ പെട്ടെന്ന് അവൾ എങ്ങനെ എന്റെ ഭാര്യയായി എന്ന് നാട്ടുകാർ ഒക്കെ ചോദിക്കും എന്നുള്ള പേടി കൊണ്ടാണ് എങ്കിൽ ഞങ്ങൾ ഒളിച്ചോടി പോയി കെട്ടിയെന്ന് അങ്ങ് പറഞ്ഞാൽ മതി… എബി അപ്പച്ചനെ നോക്കി കണ്ണ് ഇറുക്കിക്കൊണ്ട് എഴുന്നേറ്റ് പോയി…
ആന്റണിയും മേഴ്‌സിയും കുരിശിങ്കലേക്ക് പോയി…അവർക്കിടയിലെ പ്രശ്നങ്ങൾ അറിയുന്നത് ആകെ അവറാച്ചന് മാത്രമായിരുന്നു…അവിടെ എല്ലാവരോടുമൊപ്പം കുറച്ചു ദിവസം ചിലവഴിച്ചിട്ട് അവർ തിരികെ പാറക്കുന്നേൽ തറവാട്ടിലേക്ക് പോന്നു.. പുറത്ത് ആരുടെയോ കാർ വന്ന സൗണ്ട് കേട്ട് ജോസഫും ആന്റണിയും മുറ്റത്തേക്ക് ഇറങ്ങി…കാറിൽ നിന്ന് എബിയോടൊപ്പം പുറത്തേക്ക് വന്ന ആളെ കണ്ട് അവരുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു….. ആൽഫീ.. അയാൾ ആന്റണിയെയും ജോസഫിനെയും സ്നേഹത്തോടെ ആലിംഗനം ചെയ്തു.. ഇതെന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ…?? അല്ല എബിയെ എവിടുന്ന് കിട്ടി… ആന്റോ… അതൊക്കെ അകത്ത് ഇരുന്ന് സംസാരിക്കാം..ആദ്യം അവനെ അകത്തേക്ക് വിളിക്ക്… അതേ ആൽഫി അങ്കിൾ മാത്രമല്ല…വേറെ രണ്ടുപേർ കൂടി ഉണ്ട്… അതാരൊക്കെയാ…?? രണ്ടുപേരും ഇങ്ങ് പോരെ…ചമ്മൽ ഒന്നും വേണ്ട… കാറിൽ നിന്ന് ഇറങ്ങുന്ന ടീനയെയും മിഥുനെയും ജോസഫും ആന്റണിയും അത്ഭുതത്തോടെ നോക്കി നിന്നു…
എല്ലാം കണ്ട് കൊണ്ട് മേഴ്‌സിയും ലില്ലിയും സിറ്റ് ഔട്ടിൽ നിൽപ്പുണ്ടായിരുന്നു..ടീനയെ കണ്ടപ്പോൾ മേഴ്സിയുടെ മുഖം സന്തോഷത്താൽ വിടർന്നു.. ആൽഫീ….ഇവരെ…ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല… എല്ലാം വിശദമായി പറഞ്ഞു തരാം… ടീനയ്ക്കും മിഥുനും എല്ലാവരോടും മിണ്ടാൻ ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു…മേഴ്സി അവളെ അടുത്തേക്ക് വിളിച്ചപ്പോൾ അവൾ മടിച്ചു മടിച്ചു നിന്നു..പിന്നിട് മേഴ്സി തന്നെ അവളുടെ അടുത്തു പോയി സംസാരിച്ചപ്പോൾ അവൾ വീണ്ടും ആ പഴയ ടീനയായി… ഇനി പറയ് ആൽഫീ….. എന്ത് പറയാനാ അച്ചായാ..?? എല്ലാം ദേ എബിയുടെ പ്ലാൻ ആണ്..ഞാൻ ഇന്ന് ഉച്ചയ്ക്ക് ഇവിടെ എത്തി..നേരെ ഇങ്ങോട്ട് വരാൻ ഇരുന്നപ്പോഴാ ടീനയും മിഥുനും വരുന്നുണ്ട്..എല്ലാവർക്കും കൂടി ഒരുമിച്ച് പോകാമെന്ന് ഇവൻ വിളിച്ചു പറഞ്ഞത്.. ആഹാ..അത് ശരി..അപ്പോൾ ഇവൻ പറഞ്ഞ സർപ്രൈസ് നിങ്ങളായിരുന്നല്ലേ… എന്താ മേഴ്സീ..?? എന്ത് സർപ്രൈസ് ?? അത് ഒന്നുമില്ല…ഞങ്ങൾ തമ്മിലുള്ള ഒരു സ്വകാര്യം… മേഴ്സി എബിയെ നോക്കി ചിരിച്ചു…
ആഹ് പിന്നെ…ഇനി ഞാൻ തിരിച്ചു പോകുന്നില്ല..അവിടുത്തെ ബിസിനെസ്സ് എല്ലാം അവസാനിപ്പിച്ചു..ഇനി ഉള്ള കാലം ഇവിടെ തന്നെ കൂടാനാണ് തീരുമാനം. അത് ഏതായാലും നന്നായെടാ ആൽഫീ.. അത് മാത്രമല്ല അപ്പച്ചാ..ബാംഗ്ലൂർ ജീവിതം…ഏയ് അങ്ങനെ അല്ല.. അജ്ഞാത വാസം അവസാനിപ്പിച്ച് നമ്മുടെ നവ ദമ്പതികളായ ടീനയും മിഥുനും തിരിച്ചു വന്നിരിക്കുകയാണ്.. ഇനി അവരും ഇവിടെ ഉണ്ടാകും.. ആണോ ടീനേ…?? അതെ അങ്കിൾ…എല്ലാവരും ഞങ്ങളുടെ ബന്ധത്തെ എതിർത്തപ്പോൾ എബിയാണ് ഞങ്ങളെ ബാംഗ്ലൂർക്ക് അയച്ചത്.. ഞങ്ങളോട് ദേഷ്യം ഒന്നുമില്ലായെന്ന് തിരിച്ചു പോകും മുൻപ് തന്നെ അപ്പച്ചൻ പറഞ്ഞിരുന്നല്ലോ…അന്ന് തന്നെ ഇവൻ ഞങ്ങളോട് അത് പറഞ്ഞിരുന്നു..എങ്കിലും അപ്പച്ചനെ വിളിച്ചു സംസാരിക്കാൻ മടിയായിരുന്നു..പക്ഷേ അപ്പോഴും ടിൻസിയുമായി കോണ്ടാക്റ്റ് ഉണ്ടായിരുന്നു..ഒടുവിൽ കുറച്ചു നാൾ മുൻപ് ടിൻസി നമ്പർ കൊടുത്തിട്ട് അപ്പച്ചൻ എന്നെ വിളിച്ചു…
ആദ്യം കുറച്ചു പരാതിയും പരിഭവവും ഒക്കെ പറഞ്ഞെങ്കിലും പിന്നീട് അതൊക്കെ മാറി..പിന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുമായിരുന്നു…നാട്ടിലേക്ക് വരുന്ന കാര്യം കഴിഞ്ഞ മാസമേ അപ്പച്ചൻ ഞങ്ങളോട് പറഞ്ഞായിരുന്നു…അപ്പോൾ തന്നെ നാട്ടിലേക്ക് വരുന്നതിനെ പറ്റി ഞങ്ങളും ആലോചിച്ചു…ഇനി ആരെയും പേടിക്കണ്ടല്ലോ..പക്ഷെ ഇന്ന് തന്നെ ഞങ്ങളും ഇങ്ങോട്ട് വരുന്നുണ്ടെന്ന് അപ്പച്ചനോട് പറഞ്ഞിട്ടില്ലായിരുന്നു.. പറയണ്ടെന്ന് എബിയാ പറഞ്ഞത്.. അപ്പോൾ ഇനി എന്റെ ടീനക്കൊച്ച് ഇവിടെ ഉണ്ടാകുമോ..? അത് ഒന്നും തീരുമാനിച്ചില്ല… തിരുവനന്തപുരത്ത് നിൽക്കണോ അതോ അപ്പച്ചന്റെ കൂടെ ഇവിടെ നിൽക്കണോ.. ആകെ കൺഫ്യൂഷനിലാണ്.. ടീന മിഥുനെ നോക്കി… ഒരു ഡോക്ടർ ലീവ് ആയ പോസ്റ്റിലേക്ക് ആയിരുന്നല്ലോ ഞാൻ ജോലിക്ക് കയറിയത്..ആ ഡോക്ടർ ഉടനെ തിരിച്ചു വരും..അയാൾ വന്നാലും അവിടെ തന്നെ തുടരാമെന്ന് അവർ പറഞ്ഞതാ… നാട്ടിലേക്ക് വരാൻ പ്ലാൻ ഉണ്ടായിരുന്നത് കൊണ്ട് പിന്നെ ഞാൻ അവിടുത്തെ ജോലി വേണ്ടെന്ന് വയ്ച്ചു..ഇവിടെ ഞാൻ വർക്ക് ചെയ്തുകൊണ്ട് ഇരുന്ന ഹോസ്‌പിറ്റലിൽ നിന്ന് ലീവ് എടുത്താ ബാംഗൂർക്ക് പോയത്…
ഇനി തിരികെ ചെല്ലുമ്പോൾ ജോലി ഉണ്ടാകുമോ എന്ന് അറിയില്ല… ഇവിടെ ഒരു ക്ലിനിക് തുടങ്ങാമെന്ന് ഞാൻ ഇവനോട് പറഞ്ഞതാ അച്ചായാ.. വാടകക്കാർ ഒഴിഞ്ഞ ശേഷം ആരും തിരിഞ്ഞു പോലും നോക്കാതെ ആ വീട് ഇവിടെ കിടപ്പുണ്ട്..ഞാൻ മാത്രമല്ലേ ഉള്ളൂ..ടിൻസി ആണെങ്കിൽ ഹോസ്റ്റലിലും.. മിഥുന്റെ വീട്ടിൽ അവന്റെ ചേട്ടൻ ഉണ്ട്.. അപ്പോൾ പിന്നെ അച്ഛനും അമ്മയും ഒറ്റയ്ക്ക് ആകുമെന്ന പേടി വേണ്ട..ഇവിടെ അങ്ങ് കൂടാമെന്ന് പറഞ്ഞപ്പോൾ രണ്ടുപേർക്കും മടി..പിന്നെ ഇനി എന്താന്ന് വയ്ച്ചാൽ അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ… എന്തായാലും ഞങ്ങൾ രണ്ടു ദിവസം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നുണ്ട്.. ഹോസ്പിറ്റലിൽ കൂടി ഒന്ന് പോയി നോക്കട്ടെ..ഇനിയും ടൈം ഉണ്ടല്ലോ.. നമുക്ക് ആലോചിച്ചു തീരുമാനിക്കാം അപ്പച്ചാ… മിഥുനെ എല്ലാവർക്കും ഇഷ്ടമായി… ആന്റണിയോട് മിണ്ടാൻ അവന് ഒരല്പം പേടി തോന്നിയെങ്കിലും ആന്റണി അവനോട് സംസാരിച്ചു തുടങ്ങിയപ്പോൾ ആ പേടി അങ്ങ് മാറി…
ടീനയും മിഥുനും മേഴ്‌സിയോടും ലില്ലിയോടും സംസാരിച്ച ശേഷം മറിയാമ്മയെ കാണാൻ മുറിയിലേക്ക് ചെന്നു…ഫോണിലൂടെ സംസാരിക്കുന്ന ആളുകളെ പെട്ടെന്ന് നേരിൽ കണ്ടതിന്റെ ഷോക്കിൽ ആയിരുന്നു മറിയാമ്മ..മിഥുനും മറിയാമ്മയും മുൻ പരിചയമുള്ള ആളുകളെ പോലെ സംസാരിക്കുന്ന കണ്ടപ്പോഴാണ് അവർ ഫോണിൽ സംസാരിക്കുമായിരുന്ന കാര്യം എല്ലാവരും അറിഞ്ഞത്.. അതെ ഇച്ചായാ സന്തോഷിക്കാൻ വരട്ടെ…എബിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്..എന്തായാലും ഇപ്പോൾ ഇവിടെ എല്ലാവരും ഇല്ലേ..നീ കാര്യം പറയ്… എബി മേഴ്സിയെ നോക്കി കണ്ണ് കൊണ്ട് എന്തോ കാണിക്കുന്നത് ലില്ലി കണ്ടു.. എന്താ ഇവിടെ രണ്ടുപേരും കൂടി…?? നിനക്ക് എന്താടാ പറയാൻ ഉള്ളത്..? അത് വേറെ ഒന്നുമല്ല അമ്മച്ചീ…എന്റെയും ആനിയുടെയും കാര്യമാ. അതായിരുന്നോ…? നിന്നോട് ഞാൻ അതെ പറ്റി ചോദിക്കാൻ വരുവായിരുന്നു..
ആനി മോൾ എന്നാ ഇങ്ങോട്ട് വരുന്നത്..?? അടുത്ത മാസം അവളുടെ കസിൻ വൈശാഖിന്റെ മാര്യേജ് അല്ലേ..അതിന് രണ്ടാഴ്ച്ച മുന്നേ അവൾ വരുമെന്നാ പറഞ്ഞത്… ആണോ..അത് കഴിഞ്ഞാൽ എങ്ങനാ.. പഴയ പോലെ സ്കൂളിൽ ടീച്ചർ ആയിട്ട് കൂടുമോ…അതോ ഇനി നിന്നെ പോലെ ആനിയ്ക്കും ജോലിക്ക് പോകാനാണോ താല്പര്യം…?? അത് അപ്പച്ചാ… നാട്ടിൽ വന്നാൽ കുറച്ചു ദിവസം ഇവിടെ നിന്നിട്ട് അവളും ഞാനും ചെറുവയ്ക്കലിലേക്ക് പോകും..ഒന്ന് അല്ല രണ്ട് മാര്യേജ് ആണ്…ഒന്ന് വൈശാഖിന്റെയും മറ്റ് ഒന്ന് ആദർശിന്റെയും..ആദർശിന്റെ വിവാഹത്തിനും അവിടുന്ന് എല്ലാവരും കൂടി തന്നെ പോകാമെന്ന് വിചാരിച്ചു.. ശരി…അത് കഴിഞ്ഞാൽ ഇവിടേക്ക് പോരില്ലേ… വരും..ബട്ട് അവൾ തിരിച്ച് പോകും.. എന്താ എബീ ?? എനിക്ക് മനസ്സിലായില്ല… മേഴ്സിയോട് പറഞ്ഞത് എല്ലാം എബി ബാക്കി ഉള്ളവരോടും പറഞ്ഞു…
മേഴ്സി ചോദിച്ച പോലെ തന്നെ ചോദ്യങ്ങൾ ലില്ലിയും ആന്റണിയും അവനോട് ചോദിച്ചു….അതിനെല്ലാം മേഴ്സിയ്ക്ക് കൊടുത്ത മറുപടി തന്നെ അവൻ ആവർത്തിച്ചു..ജോസഫ് മാത്രം ഒന്നും മിണ്ടാതെ എബിയെ നോക്കിയിരുന്നു… എന്താ ഇച്ചായാ നിങ്ങൾ ഒന്നും പറയാത്തത്…?? കേട്ടില്ലേ അവൻ പറഞ്ഞത്…വല്ലപ്പോഴും വിരുന്നുകാരെ പോലെ വന്ന് പോകാമെന്ന്.. കുറച്ചു സമയത്തിന് ശേഷം ജോസഫ് സംസാരിച്ചു തുടങ്ങി.. അവന്റെ ആഗ്രഹം അതാണ് എങ്കിൽ നടക്കട്ടെ..സ്വന്തമായി ഒരു കമ്പനി സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ചെയ്യാൻ ഞാൻ പറഞ്ഞു..പക്ഷെ അവന് ഇഷ്ടം അവരുടെ കൂടെ ചേരാൻ ആണെങ്കിൽ ആയിക്കോട്ടെ…അവൻ പറഞ്ഞ പോലെ ഇവിടെ ഇപ്പോൾ ഇവരൊക്കെ ഇല്ലേ… എന്നാലും ഇച്ചായാ..ഞാൻ സമ്മതിക്കില്ല… എന്റെ ലില്ലി…ബാംഗ്ലൂർ എന്ന് പറയുന്നത് ഇവിടെ അടുത്ത് അല്ലേ..അവൻ വിദേശത്ത് ഒന്നും അല്ലല്ലോ പോകുന്നത്..
കുറച്ചു നാൾ കഴിയുമ്പോൾ ഈ ബാംഗ്ലൂർ ലൈഫ് എഞ്ചിനിയർ ജോലി ഒക്കെ മടുക്കും..അപ്പോൾ അവനും അവളും ഇവിടേക്ക് തന്നെ വരും..അല്ലേടാ.. ഇപ്പോൾ അവർ അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ… ജോസഫിൽ നിന്ന് അങ്ങനെ ഒരു മറുപടി എബി തീരെ പ്രതീക്ഷിച്ചിരുന്നില്ല…അവൻ അപ്പച്ചനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ കൊടുത്തു…
മിഥുനും ടീനയും തിരുവനന്തപുരത്തേക്ക് പോയി…അവൾ പുറമെ ഒന്നും പ്രകടിപ്പിച്ചിരുന്നിലെങ്കിലും അപ്പച്ചന്റെ ഒപ്പം നിൽക്കാൻ ആയിരുന്നു അവൾക്ക് ആഗ്രഹം….അവളുടെ ആഗ്രഹം മനസ്സിലായെങ്കിലും ഒന്നും അറിയാത്ത പോലെ മിഥുൻ അഭിനയിച്ചു.. വീട്ടുകാരോടൊപ്പം നിൽക്കാൻ ആണ് തനിക്ക് ഇഷ്ടമെന്ന് അവൻ പറഞ്ഞപ്പോൾ ടീന എതിർപ്പ് ഒന്നും പറഞ്ഞില്ല.. ഹോസ്പിറ്റലിൽ തിരികെ ജോയിൻ ചെയ്യുന്നുവെന്ന് പറഞ്ഞാണ് അവൻ വീട്ടിൽ നിന്ന് പോയത്…
പക്ഷെ അത് സത്യത്തിൽ ജോലി റിസൈൻ ചെയ്യാനായിരുന്നുവെന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിപ്പോഴാണ് അവൾ അറിഞ്ഞത്….കുറച്ചു ദിവസം അവിടെ നിന്നിട്ട് അവർ പാറക്കുന്നേൽ തറവാട്ടിലേക്ക് തിരികെ പോയി..തൊട്ട് അടുത്ത ദിവസം തന്നെ അവർ മൂന്നുപേരും അവരുടെ വീട്ടിലേക്ക് താമസം മാറി…ആൽഫി പറഞ്ഞ പോലെ സ്വന്തമായി ഒരു ക്ലിനിക് തുടങ്ങാൻ മിഥുനും ടീനയും തീരുമാനിച്ചു…പക്ഷെ എക്സാം പാസ് ആയാൽ മാത്രമേ ടീനയെ ആ ഭാഗത്തോട്ട് അടുപ്പിക്കൂ എന്ന് മിഥുൻ ആദ്യമേ അവളോട് പറഞ്ഞിരുന്നു.. എബിയും ലില്ലിയും ചെറിയൊരു പിണക്കത്തിൽ ആയിരുന്നു…അമ്മയും മകനും അല്ലേ…രണ്ട് ദിവസത്തെ ആയുസ്സ് മാത്രമേ ആ പിണക്കത്തിന് ഉണ്ടായിരുന്നുള്ളു…
വൈശാഖിന്റെ ഒപ്പം ആനി നാട്ടിലേക്ക് വന്നു…അവളെ പിക്ക് ചെയ്യാനായി എബി സ്റ്റേഷനിൽ കാത്ത് നിൽപ്പുണ്ടായിരുന്നു.. പള്ളിയുടെ മുന്നിൽ എത്തിയപ്പോൾ എബി മാതാവിന്റെ രൂപത്തിന് മുന്നിൽ കാർ നിർത്തി..ആനിയും അത് ആഗ്രഹിച്ചിരുന്നു..അവർ രണ്ടുപേരും ഒന്നിച്ച് അവിടെ മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ചു…എബിയും ആനിയും പ്രാർത്ഥിച്ചത് ഒരേ കാര്യം തന്നെയായിരുന്നു…” ഇനി ഒരിക്കലും ഞങ്ങളെ തമ്മിൽ പിരിക്കരുതെയെന്ന്…” തിരികെ കാറിൽ കയറിയപ്പോൾ എബി അവളോട് ചോദിച്ചു… ആദ്യം എങ്ങോട്ട് ആണ്…?? കരുണാലയത്തിലേക്ക് ആണോ..? തറവാട്ടിലേക്ക് ആണോ..??? കരുണാലയത്തിലേക്ക്… ആനി വരുന്ന കാര്യം മദറിനോട് പറഞ്ഞിരുന്നില്ല..പുറം തിരിഞ്ഞ് നിൽക്കുവായിരുന്ന മദറിനെ അവൾ പുറകിലൂടെ ചെന്ന് കെട്ടിപ്പിച്ചു…
പ്രതീക്ഷിക്കാതെ ആനിയെ അവിടെ കണ്ടപ്പോൾ അവർ ശരിക്കും ഞെട്ടി പോയി.. കുട്ടികൾ ആഹാരം കഴിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു..ആനിയെ കണ്ടതും എല്ലാവരും സന്തോഷത്തോടെ തുള്ളിച്ചാടി..ആനിയെ കെട്ടിപ്പിടിച്ചും മുത്തം നൽകിയുമെല്ലാം അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു..ഇത്രയും ദിവസം അവളെ കാണാതിരുന്നതിന്റെ പരാതികൾ പലരും അവളോട് പറയുന്നുണ്ടായിരുന്നു… ആ കാഴ്ച്ച കണ്ട് മദറിനും എബിക്കും സന്തോഷമായി…കുറച്ചു നിമിഷത്തേക്ക് ആനി വീണ്ടും കരുണാലയത്തിലെ ആനിയായി മാറി…അവളും എബിയും അവരുടെ കൂടെ ഇരുന്ന് ആഹാരം കഴിച്ചു….കുട്ടികൾക്കായി കൊണ്ട് വന്ന സ്വീറ്റ്‌സ് ആനി അവർക്ക് കൊടുത്തു… ഹാളിലെ മേശയ്ക്ക് ചുറ്റും ഇരുന്ന് പഴയ പോലെ വിശേഷങ്ങൾ പറഞ്ഞും കളിച്ചും ചിരിച്ചും കുറെ സമയം അവരോടൊപ്പം ചിലവഴിച്ച ശേഷമാണ് അവർ തിരികെ പോകാൻ ഇറങ്ങിയത്…. ആനി പോകാൻ ഇറങ്ങിയപ്പോൾ കുട്ടികൾക്ക് എല്ലാം സങ്കടമായി…എബിയും ആനിയും വിവാഹം കഴിച്ച കാര്യം മദർ അവരോട് പറഞ്ഞു..
മുതിർന്ന കുട്ടികൾക്ക് മാത്രം അവർ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായി..കുഞ്ഞു കുട്ടികൾ മദർ പറഞ്ഞത് എന്താണെന്ന് മനസിലാകാതെ എബിയെയും ആനിയെയും മാറി മാറി നോക്കി…ഇനി മുതൽ ആനി ചേച്ചി ചേട്ടന്റെ ഒപ്പമാണെന്ന് എബി പറഞ്ഞപ്പോൾ അവർ എബിയെ നോക്കി ചിരിച്ചു…ഇനിയെന്നും അവർക്ക് ചേച്ചി മാത്രമല്ല ചേട്ടനും ഉണ്ടാകുമെന്ന് പറഞ്ഞ് അവർ അവിടുന്ന് ഇറങ്ങി… കാറിൽ കയറിയ ശേഷം ആനി അവിടം ആകെ ഒന്ന് നോക്കി…അവളുടെ റൂമിൽ ഇപ്പോൾ മറ്റാരോ ആണ്..പഴയ റൂം കാണുന്നില്ലേയെന്ന് മദർ ചോദിച്ചപ്പോൾ ആനി വേണ്ടെന്ന് പറഞ്ഞു…അതിന്റെ കാരണം എന്താണെന്ന് എബിയ്ക്ക് മനസ്സിലായി…കരുണാലയത്തിന്റെ ഗേറ്റ് കടന്നതും ആനി പൊട്ടിക്കരഞ്ഞു പോയി… എബി ഒന്നും പറഞ്ഞില്ല..ഉള്ളിലെ സങ്കടം എല്ലാം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ കാർ സൈഡ് ആക്കി മിണ്ടാതെ ഇരുന്നു…
അല്പം കഴിഞ്ഞതും ആനി കണ്ണ് തുടയ്ച്ചുകൊണ്ട് അവനെ നോക്കി.. ഇച്ചായാ..എന്തേ കാർ നിർത്തിയത്…? നീ കരയുവല്ലേ…കരഞ്ഞു തീർത്തിട്ട് വീട്ടിലേക്ക് പോകാമെന്ന് കരുതി… എന്റെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും സാക്ഷ്യം വഹിച്ച സ്ഥലം അല്ലേ…എത്രയൊക്കെ പിടിച്ചു നിർത്താൻ നോക്കിയിട്ടും കഴിഞ്ഞില്ല… എനിക്ക് മനസ്സിലാകും ആനീ…വീട്ടിൽ നിന്ന് ഒരുപാട് വട്ടം വിളിച്ചിരുന്നു…ഇനിയും വൈകിയാൽ മിക്കവാറും അമ്മച്ചി കലിപ്പിലാകും… ആഹ് പിന്നെ നിന്നോട് ഞാൻ പറഞ്ഞത് ഒക്കെ അറിയാലോ…നമ്മൾ ബാംഗ്ലൂർ പോകുന്നതിൽ നിന്ന് എന്നെ പിൻന്തിരിപ്പിക്കാൻ കുറെ നോക്കിയതാ അമ്മച്ചി..അവിടെ ചെല്ലുമ്പോൾ മിക്കവാറും അമ്മച്ചി നിന്നോട് അതിനെ കുറിച്ചു സംസാരിക്കും…ഇന്നലെ ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് പറഞ്ഞപ്പോൾ നീ എന്നോട് ചോദിച്ചില്ലേ അത് വേണോയെന്ന്..?? എനിക്ക് അറിയാം ആനീ..നിനക്ക് എല്ലാം കൊണ്ടും കംഫർട്ടബിൾ ബാംഗ്ലൂർ ആണ്..സോ മോൾ വെറുതെ അഭിനയിക്കാൻ നിൽക്കണ്ട… അമ്മച്ചി എന്ത് പറഞ്ഞാലും ഞാൻ വീട്ടിൽ പറഞ്ഞ പോലെ ഒക്കെ തന്നെ നീയും പറഞ്ഞാൽ മതി… കുറച്ചു നാൾ… അത് കഴിഞ്ഞ് നമുക്ക് ഇങ്ങോട്ട് തന്നെ തിരികെ പോരാം.. അവൻ ആനിയെ നോക്കി ചിരിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു… തുടരും..

by