രചന – ആയിഷ അക്ബർ
അന്ന് വീട്ടിലെത്തി കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും ദേഹത്തുള്ള മുറിവാകെ കൂടിയിരുന്നു……
വേദന സഹിക്കാൻ കഴിയാതെ കണ്ണുകളിൽ നിന്നും കണ്ണ് നീർ അടർന്നു വീഴുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കാനേ കഴിയു എന്നത് സഞ്ജുവിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു…….
വേദന കൊണ്ടിളകാൻ പോലും കഴിയാത്ത അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊണ്ടവൻ കൂടെയുണ്ടായിരുന്നു…..
താഴെ….. താഴെ കിടന്നാൽ മതി…….
പുതപ്പിൽ ചുരുണ്ടു കൂടിയ അവൾക്കടുത് അവൻ കിടക്കാൻ തുടങ്ങിയതും അവളത് പറഞ്ഞത് പെട്ടെന്നായിരുന്നു…..
അവനെന്തെന്ന അത്ഭുതത്തോടെ നോക്കി….
എപ്പോഴും താൻ കൂടെ വേണമെന്നുള്ളതാണ് അവളുടെ ചിന്ത …..
അവനൊന്നു കൂടി അവളെ നോക്കി……
ദേഹത്തുള്ള മുറി പ്പാടുകൾ അവൾ മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു….
അതേ…… അത് തന്നെയാവാം കാരണം….
അവളുടെ ദേഹത്തുള്ള മുറിവുകൾ കൊണ്ടാവാം അവൾ തന്നോട് അകന്ന് നിൽക്കാൻ ആവശ്യപ്പെടുന്നത്…..
അവൻ ലൈറ്റ് ഓഫ് ചെയ്തു അവൾക്കരികിലേക്ക് തന്നെ കിടന്നു……
ഇവിടെ കിടക്കേണ്ടെന്നല്ലേ പറഞ്ഞത്….
അവളുടെ വാക്കുകൾക്ക് അല്പം കനം കൂടി നിന്നു…..
അവനൊന്നും മിണ്ടാതെ അവിടെ തന്നേ കിടന്നു….
എങ്കിൽ ഞാൻ താഴേക്ക് കിടന്നോളാം….
അതും പറഞ്ഞവൾ എഴുന്നേൽക്കാൻ ശ്രമിച്ചതും അവനവളെ അരക്കെട്ടിലൂടെ ചേർത്ത് പിടിച്ചു……
അവൾ അവനിലങ്ങനെ ഒതുങ്ങി കിടക്കു മ്പോഴാണ് താനതെത്ര മാത്രം അതാഗ്രഹിക്കുന്നുണ്ടെന്ന് അവൾക്ക് തന്നെ മനസ്സിലാകുന്നത്…..
തന്റെ ദേഹത്തെ മുറിവുകളാണ് തന്നിൽ നിറയുന്ന അപകർഷതാ ബോധത്തിന് കാരണം…..
എ ന്നാൽ അവൻ തന്നെ ഓരോ നിമിഷവും തോൽപ്പിച്ചു കളയുന്നു……
ദൈവം തന്നെ വല്ലാതെ കൈ വിടുന്നു എന്ന് പലപ്പോഴും താൻ കുറ്റപ്പെടുത്തിയിട്ടുണ്ട്….
എന്നാൽ അതെല്ലാം ഈ നിധി തന്നിലേക്കേതിക്കാനുള്ള ദൈവത്തിന്റെ പരിശ്രമങ്ങളായിരുന്നു…..
കുറവുകൾ മനസ്സിലാക്കി കൂടെ നിൽക്കുന്ന അവനെക്കാൾ വലിയ എന്ത് സമ്മാനമാണ് തനിക്ക് കിട്ടാനുള്ളത്…..
ചുട്ടു നീറി കൊണ്ടിരിക്കുന്ന ശരീരത്തിന്റെ വേദനയിലും അവളവനോട് ചേർന്ന് കിടക്കുമ്പോൾ കിട്ടുന്ന ആശ്വാസം ചെറുതായിരുന്നില്ല…….
ഉച്ചക്കവൻ അവൾക്ക് കഞ്ഞി കൊടുക്കുമ്പോഴാണ് ബെഡിൽ നിറഞ്ഞു നിന്ന ഉറുമ്പുകളുടെ കൂട്ടം അവൻ ശ്രദ്ധിക്കുന്നത്….
ഒന്ന് നീങ്ങി കിടന്നേ….. ഉറുമ്പാണല്ലോ ഇവിടെ മുഴുവനും……
അവനത് പറയുമ്പോഴും അവൾ നീങ്ങിയില്ല….
എന്തോ ഒന്നു അവൾ തന്നിൽ നിന്നും മറച്ചു വെക്കാൻ ശ്രമിക്കും പോലെ അവനു തോന്നി……
അവൻ അവളെ ബലമായി തന്നെ നീക്കിയിരുത്തുമ്പോൾ ഉറുമ്പുകൾ ഉള്ളിടത് മുഴുവൻ ഒരു തരം പൊടിയവന് കാണാൻ കഴിഞ്ഞു…….
അവന്നതെന്തെന്ന അർത്ഥത്തിൽ അവൾക്ക് നേരെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു….
അവനൊന്നും അവളോട് ചോദിച്ചില്ല….
പകരം ഒന്ന് കൂടി അതിലേക്ക് സൂക്ഷിച്ചു നോക്കി അതെന്താണെന്ന് തിരിച്ചറിയാൻ ശ്രമിച്ചു…..
അതേ…. അതൊരു തൊലിയാണ്…..
അവളുടെ ദേഹത്ത് നിന്നടർന്നു വീഴുന്നതാവാനാണ് സാധ്യത…..
അത് താൻ കാണുന്നതിലുള്ള പ്രയാസം കൊണ്ടാവാം ഉറുമ്പ് കടിയേറ്റും അവൾ മിണ്ടാതെ കിടന്നത്….
അവന്റെ നെഞ്ച് വല്ലാതെ പിടച്ചു……
എങ്കിലും ഭാവ മാറ്റങ്ങളേതും കാണിക്കാതെ അവൻ അടുക്കളയിൽ പോയി ചൂലും മുറവും എടുത്ത് കൊണ്ട് വന്നു എല്ലാം അടിച്ചു വൃത്തിയാക്കി കളഞ്ഞു…..
അതൊരു ശീലമായി മാറുകയായിരുന്നു…..
ഇടയ്ക്കിടെ അടിച്ചു വൃത്തിയാക്കേണ്ട വിധത്തിൽ അവിടെ ആ തൊലിയടർന്നു വീണു കൊണ്ടിരുന്നു…..
മുറിവിന്റെ വേദനയേക്കാൾ അവൻ തന്നെ കൊണ്ട് ബുദ്ധിമുട്ടുന്നു എന്നതവളെ വല്ലാതെ വേദനിപ്പിച്ചു…..
അവൾ എപ്പോഴും ഉറങ്ങി യെന്ന ഭാവത്തിൽ അവനു മുഖം കൊടുക്കാതെ കിടന്നു……
അവളുടെ കൈകൾ അവനൊന്നു നോക്കി….
എത്ര മനോഹരമായ കൈകളായിരുന്നു…..
അതിനേക്കാൾ അവളെത്ര മാത്രം വേദനിക്കുന്നുണ്ടാവും……
അവന്റെ മനസ്സെപ്പോഴും വിങ്ങിയത് അവളെ കുറിച്ചോർത്തു മാത്രമായിരുന്നു…..
അനങ്ങാൻ പോലും വയ്യാത്ത അവൾക്ക് മരുന്ന് തേച് കൊടുക്കുന്നത് പോലും അവനായി മാറി…….
ഓഹ്….. കെട്ടിയെടുത്തത് ഒരു ദീനക്കാരിയെ ആണല്ലേ ഈശ്വരാ……
ഇനി ഇത് പകരുവോ യെന്ന് ആർക്കറിയാം…..
ചെറിയമ്മ കോണിപ്പടികൾക്ക് താഴെ വന്നു നിന്നത് പറയുന്നത് താൻ കേൾക്കാനാണെന്ന് നന്ദനക്കറിയാമായിരുന്നു…..
അവൾ വേദന മറച്ചു വെച് കേട്ടില്ലെന്നിരിക്കുമ്പോൾ അവർ നിർത്തുന്നില്ലെന്ന് കണ്ടത് കൊണ്ട് തന്നെയാണ് സഞ്ജു എഴുന്നേറ്റത്…
അങ്ങനെ പകരുകയാണെങ്കിൽ എനിക്കല്ലേ പകരു….
നിങ്ങളെ ആരെയും ഞാനവളെ നോക്കാൻ വിളിച്ചിട്ടില്ലല്ലോ…..
എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്…
എന്റെ ഭാര്യയെ നോക്കാൻ ആരുടേയും ഔദാര്യം എനിക്ക് വേണ്ടാ…..
സഞ്ജു മുകളിൽ തന്നെ നിന്ന് ബാനുമതിയോടത് പറഞ്ഞത് നന്ദ കൂടി കേൾക്കാൻ വേണ്ടി തന്നെയായിരുന്നു…..
അവളുടെ മുറിവുകൾ തന്നിലുണ്ടാക്കുന്നത് അറപ്പിനോ വെറുപ്പിനോ പകരം വേദനയാണെന് അവളറിയാൻ…..
അടർന്നു വീഴുന്ന തൊലി അടിച്ചു വാരുമ്പോൾ അതിൽ യാതൊരു പ്രയാസവും തനിക്കില്ലെന്ന് അവളെ ബോധ്യപ്പെടുത്താൻ…..
ആരുമില്ലെന്ന വിഷമം വേണ്ട…. നിനക്ക് ഞാനുണ്ടെന്നു പറയാതെ പറയാൻ……
ഭാര്യ യെന്ന ആ വാക്ക് അവളിൽ പടർന്നു പിടിച്ച സന്തോഷം ചെറുതായിരുന്നില്ല….
ഒറ്റപ്പെട്ടെന്ന് തോന്നിയിടത് അവൾ തന്റെ ഭാര്യ എന്നുറക്കെ വിളിച്ചു പറയുന്ന അവൻ തന്നെയായിരുന്നു അവളുടെ ധൈര്യം……
വേദന കൊണ്ട് പുളയുന്ന അവൾക്കരികിൽ പലപ്പോഴും അവനങ്ങനെയിരുന്നു….
ഒരു നോക്ക് കൊണ്ട് ആശ്വാസം പകർന്നെന്ന പോൽ……
മുഖത്തും തലയിലും വരെ മുറി വന്ന സമയം തല യിളക്കാൻ പോലും കഴിയാത്ത അവളുടെ മുടിയിലവൻ മരുന്ന് പുരട്ടി പതിയെ മേടഞ്ഞിട്ടു കൊടുത്തു……
മുഖത്തു വീക്കം വന്നു തുടങ്ങി…..
അവളുടെ മനോഹരമായ ആ മുഖത്തിന് കോട്ടം പറ്റിയപ്പോഴും അവന്റെ മനസ്സിൽ അവളുടെയാ പഴയ മുഖം തന്നെയായിരുന്നു…..
പ്രത്യേകിച്ചൊന്നും തോന്നിയില്ല…..
ചിരി പാടെ നീങ്ങിയ ആ അദരങ്ങളിൽ പുഞ്ചിരി പടർന്നു പിടിക്കാൻ അവൻ കാത്തിരുന്നു…….
പതിയെ അവളുടെ മുറിവുകൾ ഉണങ്ങി തുടങ്ങി…….
മുഖത്തിന്റെ കനമെല്ലാം വിട്ടു…
എനിക്ക്….. ഇപ്പോൾ കുഴപ്പമൊന്നുമില്ല….
ഇനി കടയിലേക്ക് പൊയ്ക്കോളൂ…..
നന്ദ രാത്രി കിടക്കുമ്പോൾ തന്നെ അത് പറഞ്ഞപ്പോഴാണ് സഞ്ജുവിന് ആശ്വാസം
തോന്നിയത്……..
അന്നവൻ കടയിലേക്ക് പോയി…..
തിരിച്ചു വരുമ്പോൾ കണ്ണുകൾ ആ ജനാലയിലേക്ക് നീണ്ടു….
അവിടെ വെട്ടമുണ്ട്….
എന്തോ വല്ലാത്തൊരു ആശ്വാസം……
അവൻ കോണിപ്പടികൾ കയറിയതും മുമ്പിൽ നിൽക്കുന്നവളെ കണ്ട് അവന്റെ കണ്ണുകൾ ഒരു നിമിഷം ഒന്ന് വിടർന്നു….
മഞ്ഞ ചുരിദാറിട്ട് മുടി മുന്നിലേക്ക് മേടഞ്ഞിട്ട് നിൽക്കുന്ന അവളെ കാണുന്നത് ഒത്തിരി നാളുകൾക്ക് ശേഷമാണ്…..
ആ മുഖത്ത് പഴയ പ്രസരിപ്പ് കൈ വന്നിട്ടുണ്ട്…..
അധരങ്ങൾ ഒരിളം പുഞ്ചിരിയെ പേറുന്നുണ്ട്….
കണ്ണുകൾ തന്നെ കാത്തിരിക്കുന്നെന്ന വണ്ണം വിടർന്നിട്ടുണ്ട്…..
അവനു വല്ലാത്തൊരു സന്തോഷം തോന്നി….
തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ട് അവൾ പെട്ടെന്ന് എഴുന്നേറ്റു….
വണ്ടിയുടെ ശബ്‍ദം കേട്ടില്ലല്ലോ ഞാൻ ……
ആ…… അത് ഞാനിന്ന് നടന്നാണ് വന്നത്…..
അവളത് ചോദിക്കുമ്പോൾ അവൻ പെട്ടെന്നതും പറഞ്ഞു തോർത്ത് മുണ്ടെടുത്തു……
അപ്പൊ വണ്ടിയെവിടെ…
അത് പണിക്കിട്ടിരിക്കുകയാണ്….
അവൾ വീണ്ടുമത് ചോദിക്കുമ്പോൾ സഞ്ജു അതും പറഞ്ഞു വെഗം മുറിയിൽ നിന്നും താഴേക്ക് നടന്നിരുന്നു…
മറ്റൊരു ചോദ്യത്തിനിടം കൊടുക്കുന്നില്ലെന്ന പോൽ……
രാവിലെ നേരത്തെ കടയിലേക്ക് വരാൻ പറ്റുമെങ്കിൽ ഇനി വന്നാൽ മതി…..
അതെങ്ങനെ…..നടന്നിട്ട് വേണ്ടേ എത്താൻ….
ഉള്ള വണ്ടിയോരെണ്ണം വിറ്റ് തുലച്ചില്ലേ…..
കുളി കഴിഞ്ഞിറങ്ങിയ അവനോട് ദേഷ്യത്തിൽ അച്ഛനത് പറയുമ്പോൾ അവനൊന്നും മിണ്ടിയില്ല….
അവൻ പതിയെ മുകളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് മുകളിൽ എല്ലാം കേട്ട് നിൽക്കുന്നവളെ കാണുന്നത്…..
അവൾ കണ്ണുകൾ തുടച്ചു കൊണ്ട് അകത്തേക്ക് നടന്നു……
സഞ്ജു വരുമ്പോൾ ജനലഴികളിൽ പിടിച്ചു നിൽക്കുന്ന നന്ദയെയാണ് കാണുന്നത്…..
അവനവളോട് എന്ത് പറയണമെന്നറിയില്ലായിരുന്നു……
എനിക്ക്… എനിക്ക് വേണ്ടിയാവും ബൈക്ക് വിറ്റത്….. അല്ലെ….
അവളത് ചോദിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..
അതിനെന്താടോ…. നമുക്ക് വേറെ നല്ലൊരെണ്ണം വാങ്ങാം……
അവൻ കൈ കൊണ്ട് മുടിയൊന്നോതൂക്കി പുഞ്ചിരിയോടെ അത് പറഞ്ഞു അവിടെ നിന്നും വേഗം താഴേക്ക് നടന്നിരുന്നു…..
നന്ദ പറയാൻ വെച്ചതെല്ലാം ബാക്കിയായി നിന്നു….
അപ്പോഴും മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു…..
(തുടരും)

by