19/04/2026

നാട്യം : ഭാഗം 03

രചന – നന്ദിത ദാസ്

“ശ്ശോ… കപ്പ്‌ പൊട്ടിയല്ലോ… സൂക്ഷിക്കണ്ടേ വിനുവേട്ടാ… ” താഴെ വീണ ഗ്ലാസ്‌ ചില്ലുകൾ ഞാൻ പെറുക്കിയെടുക്കാൻ തുടങ്ങി… “അത് അവിടെ ഇട്ടേക്കു നന്ദു… ഞാൻ എടുത്തോളാം… വെറുതെ നിന്റെ കൈ മുറിക്കണ്ട… ” വിനുവേട്ടന്റെ മുഖത്തെ പതർച്ച കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു ലെച്ചുന്റെ കഥ ഒരിക്കലും ഞാൻ അറിയാൻ പോകുന്നില്ലന്നു… “ഞാൻ എങ്കിൽ പോകുവാ വിനുവേട്ടാ… ” “അപ്പോൾ നിനക്കു അറിയണ്ടേ നന്ദു ലെച്ചു ആരാണെന്നു? ” “എന്നോട് പറയാൻ വിരോധം ഇല്ലെങ്കിൽ അറിയണം എനിക്ക്….” ഉമ്മറത്തെ ചാരു കസേരയിലേക്ക് ചാഞ്ഞു കൊണ്ട് വിനുവേട്ടൻ ദീർഘമായ ഒന്ന് നെടുവീർപ്പെട്ടു… *** സംഗീത പാരമ്പര്യം കൊണ്ടും തറവാട് മഹിമ കൊണ്ടും പേരുകേട്ട ശങ്കരമംഗലം തറവാട്ടിലെ വിശ്വനാഥ മേനോന്റെയും പാർവതിയമ്മയുടെയും ഏക മകൻ… വിനയ ചന്ദ്ര ദേവ്…. ആ സംഗീത പാരമ്പര്യം എന്റെ രക്തത്തിലും അലിഞ്ഞു ചേർന്നിരുന്നു…

അച്ഛനും അമ്മയ്ക്കും ഒപ്പം വളരെ ചെറുപ്പത്തിൽ തന്നെ ധാരാളം കച്ചേരികൾ ചെയ്തു… സംഗീതം… അത് മാത്രം ആയിരുന്നു എന്റെ ലോകം… സ്വാതി തിരുനാൾ സംഗീത കോളജിൽ ബി എ ഇൻസ്ട്രമെന്റ് മ്യൂസിക്കിന് വയലിൻ തിരഞ്ഞെടുത്തത് തന്നെ അതിനോടുള്ള അടങ്ങാത്ത മോഹം കൊണ്ടു മാത്രമാണ്… കോളേജ് തന്നെ എനിക്കൊരു അനുഭവ സമ്പത്തായിരുന്നു… ഫ്രണ്ട്സും മാഷുമാരും എല്ലാം ചേർന്നു ഒരു സ്വപ്ന കൂടാരം… ശരിക്കും ലൈഫ് ആസ്വദിച്ചു തന്നെ ദിനങ്ങൾ കഴിച്ചു കൂട്ടി…. “ഡാ വിനു… ഒരു പൊളിപ്പൻ കൊച്ചിനെ കണ്ടടാ… നമ്മുടെ ഡിപ്പാർട്മെന്റ് അല്ല.. “വീണ “ഡിപ്പാർട്മെന്റിൽ ഉള്ളതാ… ആരൊക്കെ നോക്കിയിട്ടും വീഴുന്ന ലക്ഷണം ഒന്നും ഇല്ല… ആള് കിടു ന്നു പറഞ്ഞാൽ കിക്കിടു… ” “ആഹാ… എങ്കിൽ എനിക്കൊന്നു കാണണമല്ലോ… നീ വന്നേ… ” അവളുടെ ഡിപ്പാർട്മെന്റ് ലക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ട് നടന്നു… “ടാ… അളിയാ… ദാ… അവിടെ തൂണിൽ ചാരി ഇരിക്കുന്ന ആ കുട്ടിയാ… ” നീണ്ടു വിടർന്നു കുലപോലെ കിടക്കുന്ന അവളുടെ മുടിയിഴകളാണ് ഞാൻ ആദ്യം കാണുന്നത്…

“എന്റെ അളിയാ… എന്ത് മുടിയാടാ അവൾക്കു… മുഖം ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ… അവൾ ഒന്ന് തിരിഞ്ഞു നോക്കിയെങ്കിൽ… ” എന്റെ മനസ്സറിഞ്ഞപോലെ ആ മിഴികൾ എന്നിലേക്കു നീണ്ടു… ഒരുനിമിഷം ഞാൻ ശരിക്കും സ്തബ്ധനായി പോയി… കൂടെ വന്നവന്റെ കൈ പിടിച്ചു ഞാൻ ശക്തിയായി അമർത്തി… “ആ… ഡാ വേദനിക്കുന്നു… കൈ വിടു…” വായും പൊളിച്ചു നിൽക്കുന്ന എന്നെയും വലിച്ചുകൊണ്ട് അവൻ ക്ലാസ്സിലേക്ക് പോയി… അവൾ കണ്ണിൽ നിന്നും മറയുന്നതുവരെ ഞാൻ തിരിഞ്ഞു നോക്കികൊണ്ടേ ഇരുന്നു… “ഛെ… മോശമായി പോയി വിനു… നിന്നെയും കൊണ്ടു പോയ എന്നെ വേണം പറയാൻ… ആ കുട്ടി നിന്നെകുറിച്ച് എന്ത് വിചാരിച്ചു കാണും… എന്തൊരു വായിനോട്ടം ആയിരുന്നെടാ… ” “എന്ത്‌ ഭംഗിയുള്ള കണ്ണുകളാടാ അവളുടെ… ഹോ… ശരിക്കും ആ നോട്ടത്തിൽ ഞാൻ ആകെ പതറി പോയി… ബ്യൂട്ടിഫുൾ… എന്താ.. എന്താ അവളുടെ പേര്… ”

“പൊന്നളിയാ… കൂടുതൽ അങ്ങോട്ട്‌ ബ്യൂട്ടിഫുൾ ആക്കണ്ട… അവൾ വീഴില്ല മോനെ… പേര് ലക്ഷ്മി… ” “വെറും ലക്ഷ്മി അല്ല മഹാലക്ഷ്മിയാ… മ്മ് എന്റെ മാത്രം ലെച്ചു… ലെച്ചുസ്… ലെച്ചുട്ടി… ” “ഈശ്വര… ഇവന്റെ റിലേ പോയെന്നാണ്‌ തോന്നുന്നേ…. നീ തന്നെ തുണ… ” പിന്നീട് സംഗീതത്തേക്കാൾ എന്റെ ശ്രദ്ധ അവളിലായി… അവളെക്കുറിച്ചു കൂടുതൽ ഞാൻ അറിഞ്ഞു… ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു… അഗ്രഹാരത്തിൽ വളർന്നു വന്ന ഒരു പനിനീർപൂവ്… അപ്പാവുക്കും അമ്മാവുക്കും ചെല്ല കുട്ടി… ആളൊരുപാട് സംസാരിക്കുന്ന കൂട്ടത്തിൽ അല്ല… ഒരു തൊട്ടാവാടി… അതായിരുന്നു ലെച്ചു… വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാലെന്നു പറഞ്ഞപോലെ launguage ന്റെ ക്ലാസ്സിൽ ഞങ്ങൾ ഒരുമിച്ചു… അവളുടെ ഇരിപ്പിടത്തിനു പുറകിൽ എനിക്കുള്ള സീറ്റ്‌ തരപ്പെടുത്തുന്നതിൽ ഞാൻ വിജയിച്ചു… കാച്ചെണ്ണ മണമുള്ള അവളുടെ കാർകൂന്തലിനെ തഴുകി… ആ സുഗന്ധത്തിൽ പുളകം കൊണ്ട് ഞാൻ ഈ ക്ലാസുകൾ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു…

ചുരുക്കം പറഞ്ഞാൽ പഠിപ്പിക്കുന്ന മാഷിനെയും ചാപ്റ്ററുകളും ഒന്നും ഞാൻ കണ്ടതും ഇല്ല കേട്ടതും ഇല്ല… കണ്മുന്നിൽ ആ ഒറ്റ രൂപം മാത്രം എന്റെ ലെച്ചു… ഒരിക്കൽ ക്ലാസ്സിൽ ടെക്സ്റ്റ്‌ ബുക്ക്‌ കൊണ്ടുവരാത്തവരെ ഗെറ്റ് ഔട്ട്‌ അടിക്കുന്ന തിരക്കിലായിരുന്നു മാഷ്… ലെച്ചു ആണെങ്കിൽ വല്ലാതെ ഒരു പരവേശത്തിലും… സംഗതി എനിക്ക് പിടി കിട്ടി… കുട്ടി ബുക്ക്‌ കൊണ്ടുവന്നിട്ടില്ല… ഹീറോ ആകാൻ കിട്ടിയ ചാൻസ് ഒട്ടും പാഴാക്കാതെ തന്നെ ഞാൻ എന്റെ ടെക്സ്റ്റ്‌ അവൾക്കു കൊടുത്ത് കൂളായി ക്ലാസിനു വെളിയിൽ ഇറങ്ങി… അത് എന്തായാലും ശരിക്കും ഏറ്റു… അന്ന് ആ സംഭവത്തിനു ശേഷമാണു അവൾ എന്നോട് സംസാരിക്കാൻ തുടങ്ങിയത്… ചെറിയ രീതിയിൽ തുടങ്ങിയ സൗഹൃദം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദൃഢമാക്കാൻ എനിക്ക് സാധിച്ചു… ആ ബലത്തിന്റെ പേരിലാണ് ഇഷ്ടമാണെന്നു തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചത്… “ലെച്ചു… എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്… ”

“എന്താ വിനു ഒരു മുഖവുര… തനിക്കു എന്നോട് എന്തും സംസാരിക്കാമല്ലോ? ” “അത്… അത് പിന്നെ… . നിന്നെ എനിക്ക് വിവാഹം കഴിക്കാൻ പറ്റുമോന്ന് ഒന്നും എനിക്ക് അറിയില്ല… ഒന്നുമാത്രം അറിയാം എനിക്ക് തന്നെ ഒരുപാട് … ഒരുപാട് ഇഷ്ടം ആണ്… ഇന്ന് ഈ ലോകത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നിന്നെ മാത്രം ആണ്… ” ജ്വലിക്കുന്ന കണ്ണുകളോടെ എന്നെ തന്നെ നോക്കി നിൽക്കുകയാണവൾ… ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ടപെട്ടിട്ടില്ലാന്നു ആ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായി… മറുപടി ഒന്നും തരാതെ അവൾ തിരിഞ്ഞു നടന്നപ്പോൾ ഹൃദയം പറിഞ്ഞു പോകുന്ന വേദന ആയിരുന്നു… പിന്നീട് കാണുമ്പോളൊക്കെ ഒരുവാക്കുപോലും സംസാരിക്കാതെ അവളെന്നെ ഒഴിവാക്കികൊണ്ടേ ഇരുന്നു…. മനസികമായി ആകെ തകർന്നു പോയി ഞാൻ… ആത്മാവിൽ മുഴുവൻ അവളായിരുന്നു… അവളില്ലാതെ എന്റെ ജീവിതം പൂർണമാകുക ഇല്ലെന്ന് എന്നെ മനസ്സിലാക്കി തന്നത് ആ ദിനങ്ങൾ ആയിരുന്നു…. “നീ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കേണ്ട ലെച്ചു… പ്ലീസ്… മറക്കാൻ എനിക്ക് പറ്റുന്നില്ലടോ… ”

“വിനു… തന്നോട് എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല… പക്ഷേ… അപ്പാവോടു തെറ്റ് ചെയ്യാൻ എനിക്ക് കഴിയില്ല… അഗ്രഹാരത്തിലെ രീതികൾ തനിക്കു അറിയാഞ്ഞിട്ടാണ്… പടി അടച്ചു പിണ്ഡം വെച്ചു കഴിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ല… ” “നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്… പക്ഷേ നിന്നെ വേറെ ഒരാൾക്ക് വിട്ടു കൊടുക്കാൻ സ്വപ്നത്തിൽ പോലും എനിക്ക് ആകില്ലെടോ… ” ഒരുപാട് നാളൊന്നും ഉള്ളിലെ ഇഷ്ടം പിടിച്ചു വെക്കാൻ ലെച്ചുനും ആയില്ല… പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞു… ഞങ്ങളുടെ പ്രണയ ജീവിതം അവിടെ മൊട്ടിട്ടു…. ഒടുവിൽ അത് പൂത്തു പടർന്നു പന്തലിച്ചു… പ്രണയമെന്ന വികാരം സിരകളെ ചൂട് പിടിപ്പിച്ചു… ഞാൻ ഇല്ലാതെ അവളും അവളില്ലാതെ ഞാനും ഇല്ലെന്ന അവസ്ഥയിൽ എത്തി…. ലെച്ചു… അവൾ എനിക്ക് എന്റെ ജീവനും ജീവിതവും ആയിരുന്നു… ഒരു പാവം തൊട്ടാവാടി… അവളെപോലെ ഒരു പെണ്ണിനെ എന്റെ ജീവിതത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ലാരുന്നു… അത്രക്കു നന്മ നിറഞ്ഞവളായിരുന്നു എന്റെ ലെച്ചു… ഒരിക്കൽ ഒരു മുന്നറിയിപ്പും കൊടുക്കാതെ അഗ്രഹാരത്തിൽ അവളുടെ മുന്നിൽ ചെന്ന് നിന്നപ്പോൾ വിശ്വാസം വരാതെ കണ്ണും മിഴിച്ചു നിൽക്കുന്ന എന്റെ ലെച്ചുന്റെ രൂപം ഇപ്പോഴും ഈ മിഴികളിൽ തങ്ങി നിൽപ്പുണ്ട്…

കാൽപ്പാദം വരെ മറഞ്ഞു കിടക്കുന്ന കറുത്ത പുള്ളികൾ ഉള്ള ഒരു പാവാടയും അതിനു മാച്ച് ആയ ബ്ലൗസും ആയിരുന്നു അവളുടെ വേഷം… ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചും സുന്ദരി ആയിരുന്നു അന്ന് അവൾ… എല്ലാരുടെയും കണ്ണ് വെട്ടിച്ചു ആ ചുണ്ടുകളിൽ അമർത്തി ഒരു മുത്തം കൊടുക്കുമ്പോഴും പെണ്ണിന്റെ മുഖത്തെ അമ്പരപ്പ് മാറിയിരുന്നില്ല… പക്ഷെ ഡിഗ്രി പൂർത്തിയാക്കുന്നതിനു മുൻപ് കോളജിൽ തന്നെ ഉള്ള ആരോ അവളുടെ വീട്ടിൽ ഞങ്ങളുടെ പ്രണയ കഥ അവതരിപ്പിച്ചു… ആകെ പ്രശ്നം ആയി… എന്റെ വീട്ടിലും സംഭവങ്ങൾ അറിഞ്ഞു… രണ്ടു വീട്ടുകാരും ഒരിക്കലും ഇത് സമ്മതിച്ചു തരില്ലെന്ന വാശിയിലായിരുന്നു… ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ അവളുടെ വീട്ടുകാർ മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചു… അവളെ ഒന്ന് കാണാൻ പോലും ആരും സമ്മതിച്ചില്ല… ഒടുവിൽ എങ്ങനെയോ വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു എന്റെ അരികിലേക്ക് അവൾ ഓടിയെത്തി…. “നമുക്ക് എവിടെങ്കിലും പോയി ജീവിക്കാം വിനു… എനിക്ക് നിന്നെ കൂടാതെ ഒരു നിമിഷം പോലും പറ്റില്ല… ഉരുകി ഉരുകി തീർന്നു പോയി ഞാൻ നിന്നെ കാണാത്ത ഓരോ നിമിഷവും… ”

“എനിക്കും അതുപോലെ തന്നെയാ ലെച്ചു… നിന്നെ കാണാൻ എത്ര തവണ വന്നുന്നു അറിയുമോ… നിന്റെ നിഴലിനോടുപോലും ആരും എന്നെ അടുപ്പിച്ചില്ല… ” “അപ്പയെയും അമ്മയെയും ഓർക്കുമ്പോൾ നല്ല കുറ്റബോധം ഉണ്ട്… പക്ഷേ ഞാൻ എന്ത് ചെയ്യാനാ… മരിച്ചാൽ മതി ന്നു വരെ തോന്നുവാ വിനു… ” അവളുടെ കൈകളിൽ മുറുകെ പിടിച്ചു വീട്ടിലേക്കു കൊണ്ടുവരുമ്പോൾ അച്ഛന്റെയും അമ്മയുടെയും പ്രതികരണം എന്താകുമെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു… “ഈ കുട്ടിയെയും കൊണ്ട് അകത്തോട്ടു കയറാൻ ഞങ്ങൾ സമ്മതിക്കില്ല വിനു… തെറ്റാണു നീ ചെയ്യുന്നത്… ഇവളെ വളർത്തി വലുതാക്കിയ ആ മാതാപിതാക്കളോട് ചെയ്യുന്ന ക്രൂരത… ബ്രാഹ്മണ ശാപം കിട്ടിയാൽ ജീവിതത്തിൽ എവിടെ പോയാലും നീ ഗതി പിടിക്കില്ല… മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഈ കുട്ടിയെ നീ ഇങ്ങോട്ട് കൊണ്ടുവന്നത് ഒട്ടും ശരി ആയില്ല… ” “സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കുന്നതാണ് ദോഷം… പരസ്പരം ഒരിക്കലും പിരിയാൻ കഴിയില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ഞാൻ ഇവളെ ഇങ്ങോട്ട് കൂട്ടികൊണ്ടു വന്നത്… ”

“അതൊക്കെ ഈ പ്രായത്തിന്റെ എടുത്തു ചാട്ടം ആണ് മക്കളേ… കേവലം 21 വയസ്സ് മാത്രമേ നിങ്ങൾക്ക് രണ്ടാൾക്കും ഉള്ളു… പഠിത്തം പൂർത്തി ആയിട്ടില്ല… ഒരു ജോലി ഇല്ല… പിന്നെ എങ്ങനെ നീ ഒരു കുടുംബം പുലർത്തും… നിനക്ക് പി ജി ചെയ്യണ്ടേ… ഡോക്ടറേറ്റ് എടുക്കണ്ടേ? നീ കണ്ട ആ സ്വപ്നങ്ങളൊക്കെ പൂർത്തിയാക്കണ്ടേ? … ആലോചിക്കു രണ്ടാളും നന്നായി ആലോചിക്കൂ… എന്നിട്ടും ഒരുമിച്ചു ജീവിക്കാനാണ് തീരുമാനം എങ്കിൽ ഈ നിമിഷം ഇവളെയും കൊണ്ട് ഈ വീടിന്റെ പടി ഇറങ്ങിക്കോളണം… ” കരഞ്ഞു തളർന്ന കണ്ണുകളുമായി ലെച്ചു എന്നെ നോക്കി… അവളുടെ കൈകളിൽ മുറുകെ പിടിച്ചു ഞാൻ ആ വീടിന്റെ പടി ഇറങ്ങി…. (തുടരും )