25/05/2026

ശ്രീനന്ദനം :ഭാഗം 55

രചന : കണ്ണൻ്റെ മാത്രം

അഭി ആവശ്യപ്പെട്ടതുപോലെ ഹരി പിറ്റേന്ന് വക്കീൽ ഓഫീസിൽ എത്തിയിരുന്നു. അനുഷ്കയുടെ മാതാപിതാക്കൾ വന്നപ്പോൾ ഹരിയെ ആണ് കണ്ടത്. അവർ ഒന്ന് ചുറ്റും നോക്കിയിട്ടാണ് ഹരിയുടെ മുൻപിലായി ഇരുന്നത് തന്നെ. അവർ നോക്കുന്നത് അഭിയെ ആണെന്ന് തോന്നിയതും ഹരി അവനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. അഭി ഉള്ളിലേക്ക് കയറി വന്നതും ആ മാതാപിതാക്കളുടെ മുഖം തെളിയുന്നത് ഹരി അത്ഭുതത്തോടെ കണ്ടു… അവർക്ക് അഭിയെ അത്രയും വിശ്വാസം ഉണ്ടെന്ന് അയാൾക്ക് മനസിലായി….

സാർ.. ഞങ്ങളുടെ മോളുടെ കേസിന്റെ കാര്യം… ഫീസ് ഒന്നും കൊടുക്കാൻ കാശില്ലാത്തതുകൊണ്ട് ആരും ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല സാർ.. നാല് വയസ്സേ ഉണ്ടായിരുന്നുള്ളൂ സാർ എന്റെ കുഞ്ഞിന്.. ആ കുഞ്ഞിനെ ആണ് ആ ദ്രോഹി… എന്തോരം വേദനിച്ച് കാണും എന്റെ പൊന്നിന്.. ഒരു കുഞ്ഞു അടികിട്ടിയാൽ വരെ അലറികരയുന്ന കുഞ്ഞാ അവൾ… ആ അവൾ എന്തോരം എന്നെയും അവളുടെ അമ്മയെയും വിളിച്ച് കരഞ്ഞിട്ടുണ്ടാകും… ഞങ്ങൾ അറിഞ്ഞില്ലല്ലോ ഒന്നും… അയാൾ അയാളുടെ തലയിൽ തന്നെ അടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു.. അനുഷ്കയുടെ അമ്മയും സാരി തലപ്പ് വായിൽ തിരുകി കരഞ്ഞുകൊണ്ടിരുന്നു…

ഹേയ്… റിലാക്സ്… ഹരി അത് പറഞ്ഞുകൊണ്ട് അഭിയെ കണ്ണുക്കാട്ടി.. അഭി അയാളുടെ അടുത്തേക്ക് ഇരുന്ന് അയാളെ ചേർത്തുപിടിച്ച് സമാധാനിപ്പിച്ചു… അയാൾ ഒന്ന് ഓക്കേ ആയതും ഹരി പറഞ്ഞു…താൻ ഓക്കേ ആണെങ്കിൽ എന്താ ഉണ്ടായതെന്ന് തനിക്ക് അറിയുന്ന ഓരോ കാര്യവും പറയാവോ… ഹരി അയാളോട് ചോദിച്ചു…പറയാം സാർ.. എന്റെ പേര് വേണു ഇത് പത്മ.. എനിക്ക് കൂലിപ്പണിയാണ്. ഇവള് തൊഴിലുറപ്പിനു എല്ലാം പോകാറുണ്ട്.. ഞങ്ങൾക്ക് കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞിട്ടാണ് ചക്കരെയെ കിട്ടിയത്. വീട്ടിൽ എന്റെ അമ്മയും ഞാനും ഇവളും മോളും മാത്രേ ഉള്ളൂ. അന്ന് ഇവളേയും കൊണ്ട് ഹോസ്പിറ്റലിൽ പോയതാണ്. ഇവള് നാലുമാസം ഗർഭിണി ആണ്. അപ്പൊ അന്ന് ചെക്കപ്പ് പറഞ്ഞിരുന്നു.. രാവിലെ മോളെ റെഡി ആക്കി അംഗൻവാടിയിൽ വിട്ടിട്ടാണ് ഞങ്ങൾ പോയത്. മോള് വരുന്ന നേരം ആകുമ്പോഴേക്കും എത്താമല്ലോ എന്നാണ് കരുതിയത്.. പക്ഷേ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ കുറച്ച് വൈകി.. എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് അമ്മയുടെ വിളി ഫോണിൽ വരുന്നത് മോളെ അംഗൻവാടിയിൽ കാണാൻ ഇല്ല എന്നും പറഞ്ഞ്.. എങ്ങനെയാ ഞങ്ങൾ അവിടെ എത്തിയത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.. അവിടെ ചെന്നപ്പോൾ എന്റെ കുഞ്ഞിന്റെ ബാഗും മറ്റും അവിടെ ഉണ്ട്. മോളെ മാത്രം കാണുന്നില്ല. അവർക്കും അറിയില്ല കുഞ്ഞ് എങ്ങോട്ട് പോയെന്ന്…അത് പറഞ്ഞപ്പോഴേക്കും അയാൾ ഒന്ന് വിതുമ്പി…

അഭി വേഗം മേശപ്പുറത്തിരുന്ന വെള്ളം അയാൾക്ക് എടുത്ത് കൊടുത്തു. വേണു വേഗം വെള്ളം വാങ്ങി കുടിച്ചു.. കുറച്ച് കഴിഞ്ഞതും പിന്നെയും പറയാൻ തുടങ്ങി…ഞങ്ങൾ എല്ലാവരും അന്വേഷണം തുടങ്ങി.. വിവരം അറിഞ്ഞ നാട്ടുകാരും അന്വേഷണം തുടങ്ങി. കാര്യങ്ങൾ വിളിച്ചു പറഞ്ഞതനുസരിച്ചു പോലീസും സ്ഥലത്തെത്തി… എന്റെ കുഞ്ഞിന് ഒന്നും പറ്റിക്കാണില്ല.. എവിടേലും ഒളിച്ചിരിപ്പാവും എന്നാണ് ഞാൻ അപ്പോഴും കരുതിയത്. അവൾക്ക് ഉള്ളതാണ് ഈ ഒളിച്ചിരിക്കുന്ന സ്വഭാവം.. ആ എന്റെ മുന്നിലേക്ക് ആണ് എന്റെ കുഞ്ഞിന്റെ ഉടുതുണി പോലും ഇല്ലാതെ ഏതോ ഒരു നായ കടിച്ചു തുപ്പിയ പോലെ ഉള്ള ശരീരം കിട്ടുന്നത്.. സാറിന് അറിയോ.. എന്റെ കുഞ്ഞിന്റെ ശരീരത്തിൽ ഒരിടം ബാക്കി ഇല്ലാതെ കടിച്ചു മുറിച്ചിരുന്നു ആ നായ… അയാൾ വികാരവിക്ഷോപത്തോടെ പറഞ്ഞു നിർത്തി..

കേട്ടുനിന്ന അഭിയുടെയും ഹരിയുടെയും കണ്ണുകൾ നിറഞ്ഞു ആ കുഞ്ഞ് അനുഭവിച്ച യാതന ആലോചിച്ചിട്ട്. അപ്പൊ അഭി തീരുമാനിച്ചു ആ കുഞ്ഞിനെ ഇത്രയും മൃഗീയമായി പീഡിപ്പിച്ചവന് ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം എന്ന്…

അല്ല മോളെ എവിടെ നിന്നാ കിട്ടിയത് എന്ന്… ഹരി മുഴുവൻ ആക്കാതെ നിർത്തി..
അവിടെ അംഗൻവാടിയുടെ അടുത്ത് ഒരു വലിയ കെട്ടിടത്തിന്റെ പണി നടക്കുന്നുണ്ടായിരുന്നു. അതിന്റെ വേസ്റ്റ് ഒക്കെ ഇടാൻ ഒരു കുഴിപോലെ കുത്തിയിരുന്നു.. അതിനുള്ളിൽ നിന്നാണ് എന്റെ പൊന്നുമോളെ….. ആദ്യം എല്ലാവരും കരുതിയത് അവിടെ പണിക്ക് വന്ന ഏതോ അന്യസംസ്ഥാന തൊഴിലാളി ആയിരിക്കും ഇതിന് പിന്നിൽ എന്നാണ്. പിന്നെ cctv ഒക്കെ ചെക്ക് ചെയ്ത് വന്നപ്പോൾ ആണ് അവിടെ സിമന്റ് ഒക്കെ വെക്കാൻ ഉണ്ടാക്കിയിട്ടുള്ള ഷെഡ്‌ഡിലേക്ക് മോളെയും കൊണ്ട് പോകുന്നവനെ കണ്ടത്.. ആ കെട്ടിടത്തിന്റെ മുതലാളിയുടെ മോൻ ആണത്രേ അത്.. എന്തോ ലഹരിയിൽ ആയിരുന്നപോലെ ആടിയാടി ആണ് അയാൾ മോളെ കൊണ്ട് പോയത് എന്നാ അവിടത്തെ ci സാറ് പറഞ്ഞത്. എന്റെ കുഞ്ഞിന് ബോധം ഇല്ലാത്ത പോലെ തളർന്ന് കിടപ്പുണ്ടായിരുന്നു പോലും… ആ പയ്യൻ ലഹരിക്ക് അടിമ ആയിരുന്നു എന്നൊരു ശ്രുതി ആദ്യമേ ഉണ്ടായിരുന്നു… പക്ഷേ ഇത്രയും മൃഗം ആയിരുന്നു എന്നറിഞ്ഞില്ല ആരും… അവിടത്തെ ci യും si യും ഒക്കെ നല്ലവരായതുകൊണ്ട് പ്രതിയെ കിട്ടിയപ്പോൾ തന്നെ അവർ മീഡിയയിലേക്ക് അടക്കം തെളിവടക്കം കാണിച്ചു. അല്ലായിരുന്നെങ്കിൽ അവരുടെ കാശിന്റെ ബലത്തിൽ എല്ലാം തേഞ്ഞുമാഞ്ഞു പോയേനെ.. ഇപ്പൊ അവന്റെ പപ്പ ഞങ്ങളുടെ പിന്നാലെ ആണ് കേസ് പിൻവലിക്കാൻ പറഞ്ഞിട്ട്… അവർ ഞങ്ങളെ കൊന്നാലും എന്റെ കുഞ്ഞിന് നീതി വാങ്ങി കൊടുക്കുന്നതിൽ നിന്ന് ഒരടി പിന്നോട്ടില്ല സാറെ… ഞങ്ങളെ സഹായിക്കണം സാറെ.. അവർ രണ്ടാളും ഒരേപോലെ ഹരിയുടെ മുന്നിൽ കരഞ്ഞുകൊണ്ട് അപേക്ഷിച്ചു…

ഹേയ്… കരയല്ലേ… ഈ കേസ് ഞങ്ങൾ ഏറ്റെടുത്തു.. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ അവന് വാങ്ങി കൊടുക്കാൻ ഞങ്ങൾ മാക്സിമം ശ്രമിക്കും അല്ലേ അഭി…അതേ പപ്പേ… അവനെപ്പോലെ ഒരു മൃഗം ഇനിയും നാട്ടിൽ ഇറങ്ങി നടന്നാൽ ആൺ-പെൺ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും അപകടം ആണ്…ഒരുപാട് നന്ദിയുണ്ട് സാറെ… അയാൾ പോക്കെറ്റിൽ കയ്യിട്ട് കുറച്ച് നോട്ടുകൾ എടുത്തു.. എന്റെ കയ്യിൽ ഇതേ ഉള്ളൂ സാറെ.. അയാൾ അത് ഹരിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു…

ഒന്നും വേണ്ടടോ.. എന്റെ പേരകുഞ്ഞിനെ പോലെ കണ്ടാണ് ഈ കേസ് ഞങ്ങൾ ഏറ്റെടുത്തത്.. അഭിനന്ദ് അപ്പീയർ ആകും നിങ്ങൾക്ക് വേണ്ടി.. അല്ലേ അഭി…ആ പപ്പേ.. പപ്പയുടെ സപ്പോർട്ടും കൂടി ഉണ്ടെങ്കിൽ നമുക്ക് അവന് മാക്സിമം ശിക്ഷ വാങ്ങി കൊടുക്കാം… അഭി പറഞ്ഞു..എങ്കിൽ നിങ്ങൾ ഇപ്പൊ പൊക്കൊ.. നാളെ അഭി വരും നിങ്ങളുടെ അവിടേക്ക്. ആ സ്പോട് ഒക്കെ ഒന്ന് കാണാലോ.. അപ്പൊ വക്കാലത്തും കൊണ്ട് വരാം. എന്തായാലും അവനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയല്ലേ… ഹരി പറഞ്ഞു…

ശരി സാറെ.. അതും പറഞ്ഞ് അവർക്ക് നേരെ ഒന്നുകൂടി തൊഴുതുകൊണ്ട് വേണുവും പത്മയും പുറത്തേക്ക് പോയി…അഭി നാളെ പോകുമ്പോൾ മുത്തിനേയും കൂടെ കൂട്ടിക്കോ.. നമ്മുടെ ശ്രദ്ധയിൽ പെടാത്തതും അവളുടെ കണ്ണിൽപ്പെടും… ഹരി അഭിയോട് പറഞ്ഞു…ശരി പപ്പേ… അഭി സമ്മതിച്ചു…അന്ന് വൈകീട്ട് അഭി അവന്റെ വീട്ടിലേക്കാണ് പോയത്. പിയ നേരത്തെ അവിടെ എത്തിയിട്ടുണ്ടാവും എന്നവന് അറിയാം… അവൻ വീട്ടിലേക്കുള്ള ഗേറ്റ് കടന്നപ്പോളെ അവിടെ തിണ്ണയിൽ ആയി ചായയും കുടിച്ചിരിക്കുന്ന വിച്ചുവിനെ കണ്ടു. വിച്ചുവിനെ അവിടെ കണ്ടതും അഭിയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി. അവൻ വിച്ചുവിനെ കൂർപ്പിച്ചു നോക്കി…

അഭിയുടെ കൂർത്ത നോട്ടം കണ്ടതും വിച്ചു ഒന്ന് ഇളിച്ച് കാണിച്ചു…മ്മ്.. നീ എന്താ ഈ നേരത്ത് ഇവിടെ… വിച്ചുവിന്റെ ഇളി കണ്ട് ചിരി വന്നെങ്കിലും അഭി കള്ളഗൗരവത്തോടെ ചോദിച്ചു..ഞാൻ ചുമ്മാ.. ഇതിലൂടെ പോയപ്പോൾ നിന്നെ ഒന്ന് കാണാൻ വേണ്ടി കയറിയതല്ലേ… അവൻ ഒരു പരുങ്ങലോടെ പറഞ്ഞു..എന്തിന്.. നമ്മൾ ഇന്നലെ കൂടി കണ്ടതല്ലേ.. ഈ 24 മണിക്കൂറിനുള്ളിൽ നിനക്ക് എന്നെ അത്രമാത്രം മിസ്സ്‌ ചെയ്തോ… അഭി ഒറ്റപിരികം പൊക്കിക്കൊണ്ട് ചോദിച്ചു…

ഇന്നലെ കണ്ടു എന്ന് വച്ച് ഇന്ന് കാണാൻ പാടില്ല എന്ന് എവിടേലും എഴുതി വച്ചിട്ടുണ്ടോ.. എനിക്ക് നിന്നെ കാണണം എന്ന് തോന്നി.. അതിത്രയും വലിയ കുറ്റം ആയോ.. എന്നാൽ ഇനി ഞാൻ വരുന്നില്ല.. പോരെ…വിച്ചു മുഖം കയറ്റിപ്പിടിച്ച് അത്രയും പറഞ്ഞുകൊണ്ട് പോകാനായി എഴുന്നേറ്റു…ഹാ… അങ്ങനെ അങ്ങ് പോകാതെ.. അഭി പിണങ്ങി നിക്കുന്ന വിച്ചുവിന്റെ തോളിലൂടെ കയ്യിട്ടുകൊണ്ട് പറഞ്ഞു…നീ വിട്ടേ.. ഞാൻ പോട്ടെ.. അല്ലെങ്കിലും നീ വലിയ വക്കീൽ ഒക്കെ ആയപ്പോൾ നമ്മളെ ഒന്നും കണ്ണിൽ പിടിക്കില്ലല്ലോ… വിച്ചു അതും പറഞ്ഞുകൊണ്ട് അഭിയെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി…

മോനേ വിഷ്ണു മാധവാ… അഭിനയം നന്നായിരുന്നു പക്ഷെ നിന്നെ അടിമുടി അറിയുന്ന എന്റെ മുന്നിൽ അതെടുക്കണ്ട… കേട്ടല്ലോ… തോളിലൂടെ ഇട്ട കൈ അവന്റെ കഴുത്തിൽ ഒന്ന് മുറുക്കികൊണ്ട് അഭി പറഞ്ഞു…ഹീ… മനസിലാക്കി കളഞ്ഞു കൊച്ചുകള്ളൻ… വിച്ചു അഭിയുടെ കവിളിൽ ഒന്ന് മുത്തികൊണ്ട് ഒരു ഇളിയോടെ പറഞ്ഞു…
അയ്യേ.. വൃത്തികെട്ടവൻ… അഭി അവൻ മുത്തിയിടം ഒന്ന് തുടച്ചുകൊണ്ട് നീങ്ങിനിന്നു…

ഓഹ്.. നിനക്ക് മുത്തം തരാൻ വേറെ ആളെ കിട്ടിയപ്പോൾ നമ്മുടെ മുത്തം ഒക്കെ അയ്യേ ആയി അല്ലേടാ… നീ നോക്കിക്കോ എന്റെ ആമിയെ എന്റെ കയ്യിൽ ഒന്ന് കിട്ടിക്കോട്ടേ ഞാൻ അവളെ മ്മ് മ്മ്മ്…. അവൻ മുഴുവൻ ആക്കുന്നതിനു മുൻപ് അഭി അവന്റെ വായ മൂടിയിരുന്നു…എന്റെ പൊന്ന് വിച്ചു ഞാൻ അവളുടെ വല്യേട്ടൻ ആണെടാ.. അഭി ദയനീയമായി പറഞ്ഞു..ഓഹ്… വിച്ചു അതിനൊന്ന് പുച്ഛിച്ചു..

എന്താടാ നിനക്കൊരു പുച്ഛം.. ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. കുറച്ച് നാള് കൂടി അവൾക്ക് ക്ലാസ്സ്‌ ഉണ്ട്. അതും കഴിഞ്ഞ് ഇനിയും പഠിക്കണമെങ്കിൽ അതും കഴിഞ്ഞ് ഒരു ജോലി ഒക്കെ കിട്ടിയിട്ടേ എന്റെ പെങ്ങളെ ഞാൻ കെട്ടിക്കൂ.. അതുവരെ നിന്നെ ഈ പരിസരത്ത് ഞാൻ കണ്ടു പോകരുത്…എടാ.. എടാ.. കാലമാടാ… എനിക്കും നിനക്കും ഒരു വയസ്സാണെടാ.. നിന്റെ കെട്ട് കഴിഞ്ഞിട്ട് മാസം രണ്ട് കഴിഞ്ഞില്ലേ. എന്നിട്ട് നിനക്ക് എങ്ങനെ എന്നോട് ഇങ്ങനെയൊക്കെ പറയാൻ തോന്നി.. സമദ്രോഹി…വിച്ചു അഭി പറഞ്ഞതുകേട്ട് മിഴിഞ്ഞ കണ്ണോടെ പറഞ്ഞു

നിന്നോട് ഞാൻ പറഞ്ഞോ മുട്ടത്തോട് തലയിൽ നിന്ന് പോകാത്ത കുഞ്ഞിനെ പ്രേമിക്കാൻ…. അഭി പുച്ഛം വാരിവിതറിക്കൊണ്ട് പറഞ്ഞു…നീ ഇതിന് അനുഭവിക്കുമെടാ കേസില്ലാ വക്കീലേ… മത്തങ്ങാതലയൻ… വിച്ചു അഭിയെ കുറച്ച് തെറിയൊക്കെ പറഞ്ഞ് ചവിട്ടിതുള്ളി ഇറങ്ങിപ്പോയി.. അഭി അവന്റെ എണ്ണിപ്പെറുക്കിയുള്ള പോക്കുകണ്ട് പൊട്ടിച്ചിരിച്ചു…എടാ…എടാ..എന്റെ ചായ ഗ്ലാസ്‌ തന്നിട്ട് പോടാ… അഭി ഒരു ചിരിയോടെ വിളിച്ചു പറഞ്ഞു…

അപ്പോഴാണ് വിച്ചുവിന് തന്റെ കയ്യിൽ ഉള്ള ചായഗ്ലാസിന്റെ കാര്യം ഓർമ വന്നത്… ഓഹ്.. ചായ ഗ്ലാസ്‌ വരെ നമുക്ക് പണി തന്ന് തുടങ്ങി.. വിച്ചു അത്മിച്ചു…ഇന്നാ.. പുഴുങ്ങി തിന്ന് നീ… അവന്റെ ഒരു കോപ്പിലെ ചായ ഗ്ലാസ്‌.. ആ ഗ്ലാസ്‌ അഭിക്ക് നേരെ എറിഞ്ഞുകൊണ്ട് വിച്ചു പിന്നെയും തിരിഞ്ഞു പോയി…അഭി വിച്ചു എറിഞ്ഞ ചായഗ്ലാസ് ചാടിപിടിച്ച് ഒരു ചിരിയോടെ അവന്റെ പോക്കും നോക്കി നിന്നു… പിന്നെ തിരിഞ്ഞ് ഉള്ളിലേക്ക് പോയി..സത്യത്തിൽ അനുഷ്ക മോളുടെ കാര്യം കേട്ട് വല്ലാത്ത ഒരു ടെൻഷനോടെ വന്ന അഭിയുടെ മൈൻഡ് ഒന്ന് ഫ്രീ ആകാൻ വിച്ചുവിന്റെ ഈ പ്രവർത്തികൾ കാരണമായി. അല്ലെങ്കിലും അതങ്ങനെ ആണല്ലോ. നല്ല സൗഹൃദങ്ങൾ എപ്പോഴും നമുക്ക് ഒരു സ്‌ട്രെസ് ബസ്റ്റേഴ്സ് ആണല്ലോ.. അറിഞ്ഞോ അറിയാതെയോ അവർ നമ്മുടെ മൂഡ് മാറ്റും…

തുടരും…