17/04/2026

സ്പന്ദനം : ഭാഗം 3

രചന : ഗായത്രി സുരേന്ദ്രൻ

എന്തായാലും ആൾ കാണുന്നതിനും മുൻപേ എഴുന്നേറ്റു പോകാനുറച്ചു…
പതിയെ എഴുന്നേറ്റു സ്വരങ്ങൾ ഇല്ലാതെ നടക്കാൻ തുടങ്ങി.ആൾ ഷെൽഫിൽ നിന്നും എന്തൊക്കെയോ എടുത്തു വലിച്ചു പരതുകയാണ്….. ആ ഭാഗത്തേയ്ക്കു നോക്കാതെ പതിയെ പുറത്തേയ്ക്കു നടക്കുമ്പോഴാണ് പുറകിൽ നിന്നും സ്പന്ദനാ എന്ന വിളി ഉയർന്നത്….ആരെയാണോ കാണാതെ ഇരിക്കാൻ ഒഴിഞ്ഞു നടന്നത് അയാൾ തന്നെ വിളിക്കുന്നു. തിരിഞ്ഞു നോക്കുമ്പോഴേക്കും ആൾ ഇങ്ങോട്ട് നടന്നു തുടങ്ങിയിരുന്നു.

എന്തിനു വിളിക്കുന്നു എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല… ഞാനെന്തിനാണ് വെറുതേ ഇങ്ങനെ പേടിക്കുന്നത്….അവൾ മനസ്സിനോടു തന്നെ പറഞ്ഞു സമാധാനിപ്പിച്ചു നിർത്തി.ഞാൻ ഇത്രനേരം ഇവിടെ നിന്നും തന്നോട് പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല എന്ന് ഉണ്ടോ??ഡോ താൻ ഇത് ഏത് ലോകത്താണ്??!!!”അപ്പോഴാണ് വീണ്ടും മറ്റൊരു ചിന്തകളിൽ നിന്നും അവൾ ഒന്നു മാറിയത്. മുന്നിൽത്തന്നെ സാർ കൈകൾ രണ്ടും പിണച്ചു കെട്ടി കണ്ണുകളിൽ ദേഷ്യം നിറച്ച് നിൽക്കുന്നു. ആവളാകെ പതറിപ്പോയി.”സോറി സർ ഞാൻ…… കേട്ടില്ല. ഞാൻ….. അത് പെട്ടെന്ന്….. സാർ എന്താ പറഞ്ഞത്?? ഒന്നുകൂടെ പറയാമോ??”

“ക്ലാസ്സ് എടുക്കുമ്പോൾ ക്ലാസ്സിൽ ശ്രദ്ധിക്കില്ല.. നേരെ വന്നു പറഞ്ഞാലും ഒന്നും ശ്രദ്ധിക്കില്ല… ഞാൻ കരുതിയത് തനിക്ക് പഠനത്തോട് മാത്രമുള്ള വിരക്തിണെന്ന്. ഇത് അതല്ല… എടോ ശരിക്കുള്ള ഇയാളുടെ പ്രശ്നം എന്താ???!!!”സാറിൻറെ മുന്നിൽ എന്തുത്തരം പറയണമെന്നറിയാതെ വിയർത്തൊലിച്ചു പോയി. എന്താണ് താൻ പറയേണ്ടത്!!! സാറിനെ കാണുമ്പോഴേക്കും എങ്ങുനിന്നു ഇല്ലാത്ത വെപ്രാളം മനസ്സിന് തെറ്റിക്കുന്നുവെന്നോ???അങ്ങനെ പറഞ്ഞാൽ തന്നെ അയാൾ അത് ഏത് അർത്ഥത്തിൽ ആയിരിക്കും എടുക്കുക??!!!തനിക്കു ഇനി അങ്ങനെ വല്ലതുമുണ്ടോ???

ഉത്തരം പറഞ്ഞില്ല. മനസ്സിലുള്ള ചോദ്യങ്ങളെ മനസ്സിൽ തന്നെ അടക്കി വെച്ചുകൊണ്ട് തലകുനിച്ചു നിന്നു. ഉള്ളിൽ ഒരു ചോദ്യോത്തര വേള തന്നെ നടക്കുന്നുണ്ടായിരുന്നു.” എന്ത് പറഞ്ഞിട്ടും കാര്യമില്ല മിണ്ടാതെ നിന്നോളും. പിന്നെ ഒന്നും പറയണ്ടല്ലോ…
ഞാനിപ്പോ തന്നോട് പറയാൻ വന്നത് അതൊന്നുമല്ല. ഈ വർഷം കെമിസ്ട്രി പ്രോജക്ട് ഉള്ളത് അറിയാമല്ലോ നിങ്ങൾ എല്ലാവരെയും ഗ്രൂപ്പായി തിരിക്കേണ്ടത് എൻറെ ഡ്യൂട്ടി ആണ്.അപ്പോ ഉച്ചയ്ക്ക് ശേഷമുള്ള പിരിയഡ് ഡിജിറ്റൽ സെമിനാർ ഹാളിൽ നിന്നായിരിക്കും. അപ്പോ എല്ലാവരോടും അങ്ങോട്ടേക്ക് സമയത്ത് എത്തിക്കോളാൻ പറയണം.”തൻറെ മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ നടന്നുകഴിഞ്ഞിരുന്നു.

ക്ലാസിൽ ആരും എത്തിയിരുന്നില്ല. കുറച്ചുനേരം നേരം കഴിഞ്ഞപ്പോഴേക്കും ഓരോരുത്തരായി വന്നു തുടങ്ങി. എല്ലാവരോടും ഒരുവിധം കാര്യം പറഞ്ഞു ഏൽപ്പിച്ചു.എല്ലാവർക്കും നല്ല ഉത്സാഹം ഉണ്ട്. അവൾക്കും ഉള്ളിൽ ഒരു ശുഭ പ്രതീക്ഷ ഉണ്ടായിരുന്നു ഇഷ്ടമാണ് വിഷയത്തെ. ഒരുപാട് അറിയാൻ കൂടിയാണ് ഇതു തന്നെ എടുത്തു പഠിക്കുന്നത്.
അപ്പോഴേക്കും സമയം ആയി. എല്ലാവരും ഒരുമിച്ച് കോളേജിൻറെ മറ്റൊരു ഭാഗത്തു നിൽക്കുന്ന ലൈബ്രറിയോട് ചേർന്നുള്ള ബ്ലോക്കിലേക്ക് നടന്നുതുടങ്ങി ഒരു ബുക്കും പേനയും എടുത്തു അവരോടൊപ്പം നടന്നു.അകലെനിന്നേ ആളെ കാണാനായി നേരത്തെ തന്നെ ഇരിപ്പുറപ്പിച്ചു കണ്ണുകളിൽ സ്ഥായിയീഭാവമായ ഗൗരവം.
ഇയാൾക്ക് ഒന്ന് ചിരിച്ചാൽ എന്ത്? ഒട്ടൊരു സംശയം മനസ്സിൽ തോന്നാതിരുന്നില്ല…..

ചുറ്റും നോക്കി പല കണ്ണുകളിലും ആളുടെ നേർക്ക് പ്രണയാതുരമായ നോട്ടങ്ങൾ. ഇതൊന്നും ആ കണ്ണുകളുടെ അടുത്തുപോലും എത്തുന്നില്ല.
നോക്കിയാൽ ദഹിപ്പിക്കുന്നത് മാതിരി. എന്നാലും എത്രമാത്രം ആരാധനയോടെ നോക്കാൻ മാത്രം എന്താണ് ? ഓടി പോവാനാണ് തോന്നുന്നത്.
എന്തായാലും ഒരു കൊട്ട് തനിക്ക് കിട്ടും താനാണല്ലോ ഇവിടുത്തെ ചെണ്ട.അവൾക്ക് ചെറുതായി അസൂയ വരുന്നത് മനസ്സിലായി. ദൃഷ്ടി അയാളിൽനിന്നും വ്യതിചലിപ്പിച്ച് ഏറ്റവും അവസാനത്തെ ചെയറിൽ പോയി ഇരുന്നു.ആദ്യം തന്നെ പിന്നെ ആകെയുള്ള ഉള്ള ടോപ്പിക്കുകളും അവയുടെ പ്രായോഗികമായ ഉപയോഗങ്ങളെ കുറിച്ചും ഒരു വലിയ വിവരണം തന്നെ ഉണ്ടായിരുന്നു.
സാറിനെ കൂടാതെ ഇന്ദു മിസ്സും പ്രിയ മിസ്സും ഉണ്ടായിരുന്നു.

എല്ലാവരും ശ്രദ്ധയോടെ തന്നെയാണ് ഇരിക്കുന്നത്. അവളും അത് ഗൗരവപരമായി കേട്ടുതുടങ്ങി. മനോഹരമായി ക്ലാസെടുക്കുന്നു. പക്ഷേ അത് അതിൻറെ കൃത്യതയോടെയും വ്യക്തതയോടെയും കുട്ടികൾ മനസ്സിലാക്കിയിരിക്കണം എന്ന് ആൾക്ക് നിർബന്ധമാണ്.ഏകദേശം എല്ലാം കഴിഞ്ഞു കഴിഞ്ഞു ഓരോരുത്തരെയും അഞ്ചു ഗ്രൂപ്പുകളിലേക്ക് ചേർക്കാൻ തീരുമാനമായി. രസകരവും എളുപ്പമുള്ളതുമായ ടോപ്പിക്ക് അവൾ നേരത്തെ കണ്ടുപിടിച്ചു. അതിലേക്ക് തന്നെ എത്തിച്ചേർന്നാൽ പകുതി ആശ്വാസമായി. അല്ലെങ്കിലും താൻ എന്തിനാ ഇങ്ങനെ നോക്കുന്നത് പണ്ടേ ഉള്ള ശീലം ആണല്ലോ…. എല്ലാം എളുപ്പം. കൂട്ടിയും കിഴിച്ചും അങ്ങനെ ഇരുന്നു.

പിന്നെയാണ് മനസ്സിലായത് നറുക്കിട്ടു നോക്കിയിട്ടാണ് ഓരോരുത്തരേയും ഓരോ ഗ്രൂപ്പിൽ ചേർക്കുന്നത്.
അതായത് അഞ്ചു ലക്ചർമാരുടെ പേര് ഓരോ കടലാസിൽ എഴുതി ഒരു ഭാഗത്ത് വയ്ക്കും.അതുപോലെ ആകെ കുട്ടികളുടെ റോൾ നമ്പറുകളും അഞ്ചു കുട്ടികൾ വന്നു ഒരുത്തരും അതിൽനിന്ന് മേൽനോട്ടത്തിലുള്ള ഒരു ടീച്ചറുടെ പേരും അഞ്ചു കുട്ടികളേയും നറുക്കിട്ട് എടുക്കും എല്ലാം ഒരു ഭാഗ്യപരീക്ഷണം.ഓരോരുത്തരെ ആയി തിരഞ്ഞു നറുക്ക് എടുക്കാൻ വിളിച്ചു പ്രതീക്ഷിച്ചിരുന്നതുപോലെ ഒരു പേര് തന്റേതായിരുന്നു.

ടേബിളിന് അടുത്തേക്ക് അടുത്തേക്ക് നടക്കുമ്പോൾ അറിയാതെ സാറിന്റെ അനുസരണയില്ലാതെ കണ്ണുകളിലേക്ക് മിഴികൾ ചലിച്ചു.കണ്ണുകളിൽ പഴയ സ്ഥായിഭാവം. പലതവണ ആ കണ്ണുകളിൽ പുതിയ ഭാവഭേദങ്ങൾ വിരിയുന്നത് കാണാനായി കൊതിച്ചിട്ടുണ്ട്. അയാളോട് പ്രത്യേക കൗതുകം തോന്നാൻ മാത്രം മാത്രം അയാൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. പക്ഷേ ആ കണ്ണുകളിലെ കോപത്തെ. അത്രകണ്ട് ഭയമായിരുന്നു. വെറുപ്പായിരുന്നു. എന്തിനെന്നറിയാത്ത വെറുപ്പ്.
ആ വെറുപ്പ് ഒരു പക്ഷേ ആളെ ഈ കോളേജു മുഴുവൻ ആരാധനയോടെ നോക്കുന്നതിലുള്ള കുശുമ്പ് ആയിരിക്കാം…..

അധികം ആലോചിക്കാൻ നിൽക്കാതെ കൈയ്യിൽ കിട്ടിയ കുറച്ചു നറുക്കുകൾ എടുത്തു കൊടുത്തു തിരിച്ചു പോന്നു.അവസാനം ഓരോ ഗ്രൂപ്പിലും ആളു നിറഞ്ഞു തന്റെ പേരു മാത്രം വന്നില്ല. ഇതു വരെ തരംതിരിച്ചതിലെവിടെയും താനില്ല.ഒട്ടൊരു വെപ്രാളം ആയി. ആരോടെങ്കിലും പറയണമോ വേണ്ടയോ എന്നു നിശ്ചയമില്ല. പേര് ഇല്ലാത്ത സ്ഥിതിക്ക് അത് ശരിയാവില്ലല്ലോ…..മടിച്ചുമടിച്ചാണെങ്കിലും ഇന്ദുടീച്ചറുടെ അടുത്ത് പോയി കാര്യം പറഞ്ഞു. ടീച്ചർ ആളോട് സംസാരിക്കുന്നത് കണ്ടു. പഴയപടി നോട്ടം തന്നിലേക്ക് വന്നു.

“സ്പന്ദനയ്ക്കു ഗ്രൂപ്പ് കിട്ടിയില്ല അല്ലേ….. അതു കുഴപ്പമില്ല എഴുതിയപ്പോൾ വിട്ടു പോയതായിരിക്കും സാരമില്ല…ഇയാൾ എൻറെ ഗ്രൂപ്പിലേക്ക് വന്നോട്ടെ, അതിൽ ഇപ്പോ അഞ്ചാളേ ഉള്ളൂ ബാക്കി എല്ലാത്തിലും ആറുണ്ട്”അതു കേട്ടപ്പോൾ സന്തോഷിക്കണമോ സങ്കടപ്പെടണമോ എന്നു മനസ്സിലായില്ല.ആ ഗ്രൂപ്പിനാണ് കിട്ടിയതിൽ വെച്ച് ഏറ്റവും എളുപ്പമുള്ള ടോപ്പിക്ക്. എന്നാൽ എളുപ്പം ആയാലും ആളായിരിക്കും ഇൻചാർജിൽ ഉണ്ടാവുക എന്ന് ആലോചിക്കുമ്പോൾ……വെറുതെ ആലോചിച്ചു തല പുണ്ണാക്കാൻ നിന്നില്ല. അതും കൂടെ കഴിഞ്ഞപ്പോൾ അപ്പോൾ അന്നത്തെ അതെ യുദ്ധം അവിടെ തീർന്നു…കോളേജ് വിട്ടു കഴിഞ്ഞാലും കോളേജിൽ ആളനക്കം ഉണ്ടാകും… ശരിക്കും പറഞ്ഞാൽ അപ്പോഴാണ് ആണ് ക്യാമ്പസ് ഒന്നുകൂടി സജീവമാകുന്നത്.

മരച്ചുവടുകളിലും കുന്നിൻ പുറത്തും കൽബഞ്ചുകളിലും ക്ലാസ് മുറികളിലെ വട്ടമേശ സമ്മേളനത്തിലും ക്യാന്റീനിലെ മേശക്കു ചുറ്റുമായുമെല്ലാം സൗഹൃദങ്ങളും പ്രണയങ്ങളുമെല്ലാം പങ്കു വെക്കുകന്നതപ്പോഴാണ്…..ഒരു രൂപയുടെ കോലുമിട്ടായിയിൽ തുടങ്ങുന്ന പുത്തൻ സൗഹൃദങ്ങൾ…. പാർട്ടി പ്രവർത്തനങ്ങളും ഫുട്ബോളും കൊടിതോരണങ്ങളും കശപിശയും കാരംസുമെല്ലാം മറ്റൊരു ഭാഗത്ത്……ആകെക്കൂടി നോക്കിയിരിക്കാൻ തന്നെ രസകരമാണ്.
പാർക്കിങ് ഏരിയയിലും കോളേജ് ഗ്രൗണ്ടിലുമെല്ലാം അപ്പോൾ പൂരത്തിനുള്ള ആൾക്കാർ കാണും.
ഇടയ്ക്കു ചില ഇണക്കുരുവികൾ ഒരു തൂണിന്റെ അപ്പുറമിപ്പപുറം നിന്ന് അവരുടേതായ ലോകത്തിലേക്കു പോകുന്നുണ്ടാകാം…

അവർക്ക് ആ ഭൂമിയിൽ ആ ഒരു തുണ്ടു സ്ഥലം മാത്രം മതിയാകും… എന്തു തുടങ്ങണം എന്നൊന്നും നിശ്ചയമില്ലാതെ പടിഞ്ഞ ഈരടികൾ പോലെ……
കോളേജ് വിട്ടാലും ഇടയ്ക്കൊന്ന് വരാന്തയിലൂടെ നടക്കും ഈ ശബ്ദകോലാഹലങ്ങളെ ദൂരെ മാറിനിന്നു കാണുവാൻ മാത്രം…. അധികവും നടക്കാറില്ല. കോളേജു വിട്ടു നടന്നു നടന്ന് സ്റ്റോപ്പിലെത്തുമ്പോഴേക്കും നാലര കഴിയും…. അഞ്ചു മണിക്കുള്ള ബസ്സിലാണെങ്കിൽ പാറുവും ഉണ്ടാകും.ആഴ്ചയിൽ നാലു ദിവസം അവസാനത്തെ പിരിയഡ് പ്രാക്ടിക്കൽ ആയിരിക്കും. അന്ന് എന്തായാലും വൈകും. കോളേജിൽ ചുമ്മാതൊന്ന് നിൽക്കാൻ പോയിട്ട് സാവധാനം നടന്നു പോകാൻ പോലും പറ്റില്ല. നിലം തൊടാതെ ഓടണം….
എന്നാലേ ബസ്സു കിട്ടൂ അത് പോയിക്കഴിഞ്ഞാൽ പിന്നെ ഉള്ളത് ആറര ആറേമുക്കാൽ കഴിയും….

ഇന്നു കുറച്ചു നേരത്തെ ക്ലാസ് കഴിഞ്ഞതിനാൽ അല്പം സമയം മരച്ചുവട്ടിലിരിക്കാമെന്നു തോന്നി. കോളേജിലെ പിറകിലൂടെ ഉള്ള വാതിലിനപ്പുറം ആൽപം കുത്തനെയുള്ള ഇറക്കമാണ്.
നടപ്പാതയിൽ ടാർ ഇട്ടിരിക്കുന്നുവെങ്കിലും സെപ്റ്റംബർ മാസങ്ങളിൽ ആ കറുപ്പിനെ മൂടിക്കൊണ്ട് മഞ്ഞപ്പൂക്കൾ പുതിയ വീഥിയൊരുക്കും.
വഴിയുടെ ഒരു വശം കല്ലു കൊണ്ട് കെട്ടിയ ചെറിയ മതിലുണ്ട്. മറുവശത്ത് പാർക്കിംഗ് ഏരിയയിലേക്കും കാന്റീനിലേക്കും പോകാനുള്ള ഉള്ള എളുപ്പവഴി.
ഇറക്കത്തിനു ചേർന്നു ഒന്ന് രണ്ടു മരങ്ങളും അതിനു താഴെ സിമന്റിൽ തീർത്ത അത് ഇരിപ്പിടങ്ങളും…..
അങ്ങോട്ടേക്ക് നടന്നു അവിടെ ഇരിപ്പുറപ്പിച്ചു. ഇവിടെയിരുന്നാൽ താഴെക്കൂടി പോകുന്നവരെ ആകെ കാണാം….വെറുതെ കാറ്റ് കൊണ്ടിരിക്കാൻ പോലും നല്ല രസമാണ് ആണ്. ഈ കുന്നിൻ പുറത്ത് കാറ്റിന് ഒരു ദൗർലഭ്യവും ഉണ്ടാകാറില്ല…..അവിടെയിരുന്ന് മാനം നോക്കി നിൽക്കുന്ന നേരത്താണ് സാർ ഓഫീസിൽ നിന്നും ഇറങ്ങി പാർക്കിംഗ് ഏരിയയിലേക്ക് നടക്കുന്നത് കണ്ടത്.
കീ എടുത്തു ബൈക്ക് സ്റ്റാർട്ടാക്കി നേരത്തെ പോകാനുള്ള തയ്യാറെടുപ്പിലാണ്.

വെറുതെ അങ്ങനെ നോക്കിയപ്പോഴാണ് ആണ് ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകാൻ തുടങ്ങിയ സാറിനു അടുത്തേക്ക് പ്രിയ മിസ്സ് ഓടിവരുന്നത് കണ്ടത്. അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്. എന്താണെങ്കിലും സംസാരത്തിന് ഒടുവിൽ ആളിന്റെ ചുണ്ടുകൾ ഒരു ചെറു പുഞ്ചിരിക്കും ഇടം കൊടുക്കുന്നത് കണ്ടു.
താൻ ആ മുഖത്ത് കാണുന്ന ആദ്യത്തെ മന്ദസ്മിതം. അതു കണ്ടപ്പോൾ ഇതുവരെ ചിരിക്കാതെ ഇരുന്നതു ഈയൊരു മനോഹരമായ പുഞ്ചിരിയെ ആർക്കും കൊടുക്കാതെ മൂടിവെക്കാൻ ആയിരുന്നു എന്ന് തോന്നിപ്പോയി.പക്ഷേ എന്താണെന്നറിയില്ല ഒരുപക്ഷേ ദൂരത്തുനിന്നും കാണുന്നത് കൊണ്ടാകാം ആ ചുണ്ടുകളിൽ വിരിയുന്നതൊക്കെയും കണ്ണുകളിൽ ചാലിച്ചതു മാതിരി തോന്നി….

പാറു പറയാറുണ്ട് കടലോളം ദുഃഖം ഹൃദയത്തിൽ ഒളിപ്പിച്ചാലും കണ്ണുകളിൽ ഇതിൽ അതിൻറെ ഒരംശം ചാലിക്കപ്പെട്ടിരിക്കും സന്തോഷം ആണെങ്കിലും അതു കണ്ണുകൾ കാണിക്കും. അതുകൊണ്ടാണല്ലോ ആണല്ലോ കണ്ണ് മനുഷ്യന്റെ കണ്ണാടിയാണെന്ന് പറയുന്നത്…….ആദ്യമായി ആളോട് എന്തിനെന്നറിയാത്ത കൗതുകം തോന്നി. സഹാനുഭൂതിയോ അനുതാപമോ എന്തെന്നു വേർതിരിച്ചറിയാനാവാത്ത വികാരം….സാർ സംസാരിച്ചു കഴിഞ്ഞു ബൈക്കെടുത്തു മുന്നിലെ ടാറിട്ട പാതയിലൂടെ ആരേയും ശ്രദ്ധിക്കാതെ കടന്നു പോയി. അയാൾ കടന്നുപോയിട്ടും പോയ പാതയിലേക്കു നോക്കി ചിന്തകളില്ലാതെ ഏറെനേരം ഇരുന്നു.

മനസ്സിനുള്ളിൽ ഇതുവരെ സ്വരുക്കൂട്ടി വെച്ച വെറുപ്പിന്റെ ഉപ്പുതരികൾ പതിയെ അനുതാപത്തിന്റെ ചാറ്റൽമഴയിൽ അലിഞ്ഞു തീരുമോ എന്ന് അവൾ ഭയന്നു…..എപ്പൊഴാണ് തിരിച്ചു സ്റ്റോപ്പിലേക്കു നടന്നതെന്നോ വീട്ടിലെത്തിയതെന്നോ അറിയില്ല എങ്ങനെയോ ഒരു താളത്തിൽ ജീവിതനൗക ആടിയും ഇളകിയും ഒഴുകുന്നു.അന്നാദ്യമായി ആ കണ്ണുകളിൽ കണ്ട ഭാവത്തിന്റെ അർത്ഥത്തെ മനസിലാക്കണമെന്നൊരു തോന്നൽ…… പുറമേ കാണിക്കുന്ന ഈ കോപത്തിന്റെ പുറംചട്ടക്കുള്ളിൽ ഉള്ളിൽ ഉള്ള ഹൃദയത്തെ അറിയുവാൻ തോന്നി…..
മനസ്സു ചെറുതായി വ്യതിചലിക്കുന്നത് അറിയാൻകഴിഞ്ഞു. അന്നു മുതൽ ഹൃദയത്തെ മഷിയിൽ നിറച്ചു ഡയറിയുടെ താളുകളിൽ വരച്ചു തുടങ്ങി……

************ 💟 ***********💟 ***********💟 ************

എന്തിനെന്നറിയാതെ മനസ്സിലേക്ക് ഇരച്ചുകയറിയ ഓർമ്മയുടെ തിരമാലകളെ അടക്കി നിർത്തുവാൻ കഴിയാത്ത വിധം അവൾ നിസ്സഹായ ആയിരുന്നു. വേലിയേറ്റങ്ങളുടെ ഫലമായി ഇരച്ചുവന്ന കണ്ണീർതുള്ളികൾ കവിളുകളെ നനയിച്ചു.അവയുടെ ഉപ്പുരസം അവൾ ഒന്നുകൂടി അറിഞ്ഞു.
മുകളിലെ ചുവരിൽ തൂക്കിയിരിക്കുന്ന ചില്ലുഘടികാരത്തിലേക്ക് അവളുടെ കണ്ണുകൾ ചെന്നു.പത്തുമണി കഴിഞ്ഞിരിക്കുന്നു.
ഇന്നു പത്തുമണിക്കാണ് ടെസ്റ്റ് ചെയ്തു റിസൾട്ട് പറയാമെന്ന് ഡോക്ടർ ജീവാനന്ദ് പറഞ്ഞിരിക്കുന്നത്. മനസ്സുരുകി ദൈവങ്ങളോടു പ്രാർത്ഥിച്ചു കൊണ്ട് മിടിക്കുന്ന ഹൃദയത്തോടെ അക്ഷമയായി ഇരുന്നു…..

അല്പം നിമിഷങ്ങൾക്കു ശേഷം കൺസൾട്ടിങ് റൂമിന്റെ വാതിൽ തുറന്നു സിസ്റ്റർ പുറത്തിറങ്ങി. ആകാംക്ഷയോടെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
സ്പന്ദനാ സാർ വിളിക്കുന്നുണ്ട് അകത്തേയ്ക്കു ചെന്നോളൂ….”കേൾക്കേണ്ട മാത്ര അവൾ അകത്തേക്ക് പ്രവേശിച്ചു പച്ച വിരിയിട്ട കർട്ടൻ വകഞ്ഞുമാറ്റി അകത്തേക്ക് നടന്നു.
ഡോക്ടർ ഡോക്ടർ ടേബിളിന് എതിർവശത്ത് കുറച്ചു കടലാസുകളിലേക്കായി കണ്ണു നട്ടിരിക്കുന്നത് കണ്ടു….”സർ മേ ഐ??””യെസ് സിറ്റ് സിറ്റ്…..
ടെസ്റ്റ് റിസൾട്ട് കിട്ടിയിട്ടുണ്ട്…. തനിക്കു തോന്നുന്നുവോ ദൈവം തന്നെ കൈവിടില്ല എന്ന്??!!”

“അതെ ഡോക്ടർ ഇനി ആ ഒരു പ്രതീക്ഷ കൂടിയേ ബാക്കിയുള്ളൂ….ഈ വഴിയും അടഞ്ഞാൽ എനിക്കു മുട്ടാൻ എനിക്കുവേറെവാതിലുകളില്ല….ജീവിതത്തിൽ എവിടെയും തോറ്റിട്ടേ ഉള്ളൂ…. ഇവിടെ എനിക്ക് തോൽക്കാൻ മനസ്സില്ല… എനിക്കത് സാധിച്ചില്ല എങ്കിൽ……”പകുതിയിൽ ആയി അവളുടെ വാക്കുകൾ മുറിഞ്ഞു വീണു. മുഴുമിക്കാനാവാതെ അവളുടെ ഹൃദയം അടർന്നുപോകുന്നതായി തോന്നി…..”താൻ പേടിക്കണ്ട….. ഈയൊരു പരീക്ഷണത്തിൽ ഇതിൽ താൻ വിജയിച്ചിരിക്കുന്നു…. ദൈവം തന്നോടു കൂടിയുണ്ടെന്ന് വെള്ളത്തിൻറെ ഏറ്റവും വലിയൊരു തെളിവാണിത്…..ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണ്….യെസ് യു ആർ പ്രെഗ്നന്റ്…. തൻറെ നന്മയുടെ കണികകൾ കൊണ്ട് താൻ ഒരു പുതുജീവന് ജന്മം നൽകാൻ പോകുന്നു….!!!!!!!!!!!!!!”

……തുടരും………

(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)